Friday

മുസ്ലീം.... തീവ്രവാദി...!


ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ (പര്‍ട്ടികളുടെ) ഭാഗത്തുനിന്നോ, അല്ലെങ്കില്‍ ഏകപക്ഷീയമായോ, തങ്ങളുടെ മതം മാത്രമാണ് ശരി എന്നു ചിന്തിക്കുന്നവരോ ദയവായി ഈ കുറിപ്പുകള്‍ വായിക്കരുത്‌.

കുറേക്കാലമായി ദിവസവും അഞ്ചെട്ടു തവണയെങ്കിലും കേള്‍ക്കുന്നതാണ്‌ ഭീകരവാദം... തീവ്രവാദം...! അവയൊക്കെ എന്താണെന്നും എന്തിനാണെന്നും ഇതുവരെ മനസിലായിട്ടില്ല. അറിയാവുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒന്നു പറഞ്ഞുതന്നാല്‍ തരക്കേടില്ല.! ഏതെങ്കിലും രാജ്യത്തിന്റെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റവും ആക്രമണവുമാണ്‌ ഭീകരവാദമെങ്കില്‍ ആദ്യം കൊല്ലീക്കു പിടിക്കേണ്ടിവരുന്നത്‌ അമേരിക്കയെയാണ്‌. ബിന്‍ലാദന്‍ കുറ്റക്കാരനല്ലെന്നു ഞാന്‍ പറയുന്നില്ല. മറ്റുരാജ്യക്കാര്‍ ധരിക്കുന്ന അണ്ടര്‍വെയറിന്റെ നിറം തന്റെ വീടിന്റെ അടുക്കളയില്‍നിന്നുകൊണ്ടു മനസിലാക്കുമെന്നു വീമ്പിളക്കിയവര്‍ക്ക്‌ സ്വന്തം ബിസിനസ്‌ സാമ്രാജ്യത്തിന്റെ അടിത്തറ ഇളകുന്നത്‌ കാണാന്‍ കഴിഞ്ഞില്ലല്ലോ. നാണക്കേടുമാറ്റാന്‍ ഏതെങ്കിലും സാധുക്കളുടെ മേല്‍ കുതിരകയറുമെന്ന്‌ അന്ന്‌ എല്ലാവരും മനസിലാക്കിയതുമാണ്‌.

അഫ്ഗാനിസ്താന്റെയും ഇറാക്കിന്റെയും മണ്ണില്‍ പരസ്യമായി കടന്നുകയറി ആ രാജ്യങ്ങളുടെ സന്തുലിതാവസ്ത നശിപ്പിച്ച അമേരിക്ക ഇപ്പോഴും ഭീകരരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. ഇറാക്കിന്റെയും അഫ്ഗാനിസ്താന്റെയും ഏതെങ്കിലും മലമൂട്ടില്‍ച്ചെന്നു നോക്കണം, ഭീകരത എന്താണെന്നു കാണാന്‍ കഴിയും. ഈ രാജ്യങ്ങളില്‍ അമേരിക്ക ഉണ്ടാക്കിയ നേട്ടങ്ങള്‍ നമുക്കു നേരിട്ടുകാണാം. അനാഥര്‍.., വികലാംഗര്‍.., വിധവകള്‍...,ഭവനരഹിതര്‍.., അങ്ങിനെ ദുരിതങ്ങള്‍ പേറുന്നവര്‍ എത്രയെത്ര...! മിണ്ടാനാര്‍ക്കും ധൈര്യമില്ല..! അവന്റെയൊക്കെ കോണകമലക്കുന്നതാണല്ലോ മറ്റുള്ളവരുടെ പണി. ഇതു തന്നെയാണ്‌ ആരുടെ തോളില്‍ക്കേറാനും അവര്‍ക്കു പ്രചോദനമാവുന്നതും. ആരാണു ഭീകരവാദി..? അമേരിക്കയുടെ വലംകയ്യെന്നു പറയുന്ന, വര്‍ഷങ്ങളായി ഫലസ്തീന്‍ ജനതക്കു കണ്ണീരുമാത്രം സമ്മാനം നല്‍കുന്ന ഇസ്രായേല്‍ ഭരണകൂടത്തെ എന്തു പേരു വിളിക്കണം..? ഇതൊക്കെ തെറ്റാണ്‌, ഇതൊന്നും ചെയ്യരുത്‌ എന്നു പറയാന്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കു കഴിയുന്നില്ലല്ലോ...!

ആരാണ്‌ യഥാര്‍ത്ഥത്തില്‍ ഭീകരവാദി ? അവര്‍ അങ്ങനെ ചെയ്യാന്‍ കാരണമെന്താണ്‌ ? അവര്‍ പറയുന്ന കാരണങ്ങള്‍ക്ക്‌ എന്തു പരിഹാരം കാണാന്‍ നമുക്കു സാധിക്കും ? ഇനിയെങ്കിലും ചിന്തിച്ചുതുടങ്ങണം. പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ സാധിച്ചുകൊടുക്കണം. അങ്ങിനെയെങ്കിലും ദുരിതങ്ങള്‍ക്ക്‌ അറുതിയുണ്ടാവട്ടെ... ഭരണകര്‍ത്താക്കളുടെ ഭീകരതക്ക്‌ നമുക്ക്‌ ഉദാഹരണങ്ങള്‍ നിരത്തിക്കളിക്കാം. കാശ്മീരില്‍ കൊല്ലപ്പെടുന്ന ഭീകരരില്‍ എത്രപേര്‍ ഭീകരരായുണ്ട്‌..? പദവിവിപുലീകരണത്തിനുവേണ്ടി സാധുക്കളെ കൊല്ലുന്നതല്ലേ കൂടുതലും നടക്കുന്നത്‌ ? അഥവാ അവരൊക്കെ ഭീകരന്‍മാരാണെങ്കില്‍ ഈ കാണാതാകുന്നവരെല്ലാം എവിടെയാണ്‌ ? അവരുടെയെണ്ണം ദിനം പ്രതി കൂടുന്നതെന്താണ്‌ ? കൊല്ലപ്പെടുന്നതല്ലെങ്കില്‍ അവരില്‍ ചിലരെങ്കിലും മടങ്ങിവരാത്തതെന്താണ്‌ ? അങ്ങനെ ചിന്തിക്കുമ്പോള്‍ ഇവിടെ ഇന്ത്യയില്‍ ഭീകരവാദികളെ സൃഷ്ടിക്കുന്നത്‌ നമ്മളൊക്കെത്തന്നെയല്ലേ ?

 ഇന്ത്യയിൽ നടക്കുന്ന "ഭീകരാക്രമണങ്ങൾ" എല്ലാം നുഴഞ്ഞുകയറ്റക്കാരുടെയോ മറ്റു തീവ്രവാദികളുടെയോ ആക്രമണങ്ങളായി കാണാൻ പ്രയാസമുണ്ട്. തീവ്രവാദി ആക്രമണങ്ങൾ ഉണ്ടാകുന്നില്ല എന്നല്ല ഞാൻ പറയുന്നത്. ഭരണകർത്താക്കൾക്ക് ഭരണത്തിനു ഭീഷണി നേരിടുമ്പോഴോ എന്തെങ്കിലും മറക്കപ്പെടേണ്ടി വരുമ്പോഴോ തങ്ങളുടെ ഭരണത്തിന്റെ കാവലാളുകളായ പണച്ചാക്കുകളുടെ താല്പര്യം മാനിച്ച് പലതും പ്രവർത്തിക്കേണ്ടി വരുമ്പോഴോ ഒക്കെ ഇവിടെ തീവ്രവാദ - ഭീകരാക്രമണങ്ങൾ ഉണ്ടാകുന്നുണ്ട് എന്നത് ചിലതൊക്കെ ചിന്തിക്കാൻ വക നൽകുന്നുണ്ട്. ഇത്തരം അക്രമണങ്ങളുടെ യാഥാർത്ഥ്യം അന്വേഷിക്കാൻ ഒരു ഏജൻസിയും തയ്യാറായെന്നുവരില്ല, അന്വേഷിച്ചാൽത്തന്നെ അനന്തകാലാന്വഷണമായി ശോഷിച്ച് കാലക്രമേണ വിസ്‌മൃതിയിലാണുപോകും.

"കൊടുംഭീകര"നായിരുന്ന പ്രാണേഷ്കുമാറിനെയും കുടുംബത്തെയും നശിപ്പിച്ച വീരശൂര പരാക്രമികള്‍ ഇപ്പൊ എവിടെയാണോ ആവോ... ഇവിടെ ഇന്ത്യയില്‍ തൊപ്പിയും താടിയുംവച്ചു ജൂബായും ധരിച്ചു നടക്കുന്നവരെല്ലാം തീവ്രവാദികളത്രേ..! കാശ്മീരില്‍ ത്വരീഖത്തു ക്ലാസിനു പോയ യൂസുഫും ചില്ലറക്കാരനല്ല. ലോകത്തിലെ വിശിഷ്യാ ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്നാണോ ധാരണ.. ? എങ്കില്‍ മൂന്നു ദിവസം ജമാ-അത്തിനു പൊയ്ക്കോളൂ. കഴിയുമെങ്കില്‍ മൂന്നുമാസം കാശ്മീരിലേക്കുതന്നെ തന്നെ പൊയ്ക്കോളൂ... എന്തൊക്കെയാണ്‌ പഠിപ്പിക്കുന്നതെന്നു നേരിട്ടു കാണാം. ഏതൊക്കെ തീവ്രവാദികളാണ്‌ നിങ്ങള്‍ക്കു പരിശീലനം തരുന്നതെന്നു കണ്ടുമനസിലാക്കാം. ഇന്ത്യയിലെ പ്രധാനമായും കാശ്മീരിലെ സാധുക്കളായ ജനങ്ങളെ നമുക്ക്‌ വെറുതെവിടാം. ലോകം മുഴുവന്‍ മുസ്ലിംസമൂഹത്തിനെതിരായി നടക്കുന്ന ആസൂത്രിത നീക്കത്തിനെക്കുറിച്ചുള്ള അന്വേഷണം ഇവിടെനിന്നു തുടങ്ങാം. ഭീകരരെ സൃഷ്ടിക്കുന്നതില്‍ ഭീകരവിരുദ്ധ ഭരണകര്‍ത്താക്കള്‍ക്കുള്ള പങ്ക്‌ അല്‍പം ആലോചിച്ചാല്‍ ആര്‍ക്കും മനസിലാക്കവുന്നതേ ഉള്ളൂ.

വാളുകൊണ്ടു വെട്ടുന്നവരും ഗ്രനേഡ്‌ എറിയുന്നവരും കൂട്ടക്കരുതി നടത്തുന്നവരും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. ആയിരങ്ങളെ കശാപ്പുചെയ്യാന്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ഉത്തരവിടുന്നവര്‍ സമൂഹത്തില്‍ ഉത്തമ നേതാക്കളായി വിലസുന്നു. അതേ സമയംതന്നെ ജമാ-അത്തിനു പോയ അല്‍ത്താഫും ത്വരീഖത്തുക്ലാസിനുപോയ യൂസുഫും ഭീകരരായി ക്രൂശിക്കപ്പെടുന്നു..! അവര്‍ പഠിച്ച ദീന്‍ തീവ്രവാദമാകുന്നു...! അവര്‍ പഠിച്ച പാഠശാലകള്‍ തീവ്രവാദപരിശീലനകേന്ദ്രങ്ങളാകുന്നു..! അവരുമായി ആരെങ്കിലും ബന്ധപ്പെടുന്നുണ്ടെങ്കില്‍ അവരെല്ലാം തീവ്രവാദികള്‍ക്ക്‌ ഒത്താശ ചെയ്തുകൊടുക്കുന്നവരാകുന്നു..! ഇതൊക്കെ പറയുന്ന കാരണത്താല്‍ ഞാനും നാളെ തീവ്രവാദിയായേക്കാം..!

ഏതെങ്കിലും ഒരു മതത്തിലെ വിശ്വാസികളെല്ലാം തീവ്രവാദികളാണെന്നു വരുത്തുന്ന തരത്തില്‍ ഒന്നടങ്കം ആക്ഷേപിക്കുന്നത്‌ ശരിയാണോ..? മതം നോക്കി തീവ്രവാദികളെ തിരയുകയല്ല വേണ്ടത്‌. തെമ്മാടിത്തം കാട്ടുന്നത്‌ ഏതു തീവ്രവാദിയായാലും ഏതു മതക്കാരനായാലും അവന്‌ അര്‍ഹിക്കുന്ന ശിക്ഷ കിട്ടണം. അക്കാര്യത്തില്‍ നമ്മള്‍ വലിയ അലംഭാവം കാണിക്കുന്നുണ്ട്‌.
നിരപരാധികളെ കൊന്നൊടുക്കുന്ന എവിടെയും അരക്ഷിതാവസ്ഥയുണ്ടാക്കുന്ന യഥാര്‍ത്ഥ ഭീകരതയെ എതിര്‍ക്കാന്‍ നാം ധൈര്യം കാട്ടണം. പക്ഷേ അതിന്റെ മറവില്‍ കുറേ സാധുക്കളെ ഭീകരതയുടെ നിഴലില്‍ക്കുടുക്കി ക്രൂശിച്ച്‌ രാഷ്ട്രീയലാഭം കൊയ്യാനുള്ള ചിലരുടെ വെമ്പല്‍ കാണുമ്പോഴാണ്‌ ഇങ്ങനെയൊക്കെ പറയേണ്ടിവരുന്നത്‌.

Popular Posts

Recent Posts

Blog Archive