Tuesday

നൂറ്റാണ്ടുകളുടെ ഉറക്കം.,..

ഖുര്‍‌ആന്‍ കഥകളില്‍ ഒരെണ്ണം ചുരുക്കിപ്പറയാന്‍ ശ്രമിയ്ക്കുകയാണ്. ആല്‍ത്തറയില്‍ പോസ്റ്റിയിരുന്ന ഈ കഥ ഇവിടെക്കൂടി ഒരുവാരം ഓടട്ടെ. മരിച്ചവരെ ജീവിപ്പിയ്ക്കുന്നതിനും ജീവിച്ചിരിയ്ക്കുന്നവലില്‍ തെളിവു നിരത്തുന്നതിനും ദൈവത്തിനു പ്രയാസമൊന്നുമില്ലെന്നു സ്ഥാപിയ്ക്കുന്ന ഒരു ചെറിയ കഥ.

രണ്ടാം നൂറ്റാണ്ടില്‍ നടന്ന കഥയാണ്.
ഏഷ്യാ മൈനറിന്റെ പടിഞ്ഞാറേ തീരത്തുള്ള അഫ്സോസ് നഗരം.
അക്കാലത്ത് വളരെ പ്രശസ്തിയുള്ള നഗരമായിരുന്നു.
മുന്നില്‍ കാണുന്നതെന്തിനെയും ആരാധിയ്ക്കുന്ന ഒരു ജനവിഭാഗമായിരുന്നു അവിയ്യെ വസിച്ചിരുന്നത്.
നഗരത്തിന്റെ ഭരണാധികാരിയാകട്ടെ മഹാ ധിക്കാരിയും ദൈവ വിരോധിയുമായിരുന്നു.
ഒരുദിവസം രാജാവിനും തോന്നി ഒരുത്തരവിറക്കാന്‍!
“മേലില്‍ ഞാന്‍ പറയുന്ന ദേവന്മാരെ ആരാധിച്ചോളണം!
അല്ലാത്തവരെ കശാപ്പുചെയ്യും, അതുമല്ലെങ്കില്‍ കല്ലെറിഞ്ഞു കൊല്ലും!”
ഇന്നുള്ള മന്ത്രിമാരാരെങ്കിലുമാണ് ഇതു പറഞ്ഞതെങ്കില്‍
പ്രജകള്‍ അയാളുടെ അടപ്പുവാഷര്‍ ഊരിയേനെ.
പക്ഷേ അഫ്സോസിലെ ജനസമൂഹം പക്കാ ഭീരുക്കളായിരുന്നു.
എല്ലാരുമെന്നു പറയാന്‍ വരട്ടെ
അവിടെ താമസിച്ചിരുന്നവരില്‍ ഏഴുപേര്‍ ഇതനുസരിയ്ക്കാന്‍ തയ്യാറായില്ല.
തങ്ങളെ സൃഷ്ടിച്ചിരിയ്ക്കുന്നതും പരിപാലിയ്ക്കുന്നതും ഏകദൈവമാണെന്നും
അവനാണ് യഥാര്‍ത്ഥ ഉടമയെന്നും അവനെമാത്രമേ ആരാധിയ്ക്കൂ എന്നും അവര്‍ പരസ്യമായി പ്രഖ്യാപിച്ചു.
അവനെ മാത്രമേ ആരാധിയ്ക്കാവൂ എന്ന് അവര്‍ ആഹ്വാനം ചെയ്തു.
പക്ഷേ അവരുടെ വാക്കുകള്‍ ആരും മുഖവിലയ്ക്കെടുത്തില്ലെന്നു മാത്രമല്ല പറഞ്ഞ വാക്കുകള്‍ മാറ്റിപ്പറഞ്ഞില്ലെങ്കില്‍ വിവരമറിയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
രാജാവ് അവരെ സല്‍ക്കരിയ്ക്കാനും തീരുമാനിച്ചു.
രാജാവിന്റെ സല്‍ക്കാരത്തെ ഭയന്ന് അവര്‍ അടിയന്തിരമായി യോഗം ചേര്‍ന്നു.
ഏഴുപേരില്‍ രണ്ടുപേര്‍ മന്ത്രിമാരും ഒരാള്‍ ആട്ടിടയനും മറ്റു നാലുപേര്‍ നാട്ടുകാരും.
രാത്രിയില്‍ അവര്‍ നഗരത്തിനുപുറത്തുള്ള മലഞ്ചെരുവില്‍ ഒത്തുകൂടി ആട്ടിടയന്റെ നേതൃത്വത്തില്‍ അവിടെയുള്ള ഒരു ഗുഹയില്‍ ഒളിച്ചിരുന്നു. അവരുടെ കാവലിന് ഒരു നായയുമുണ്ടായിരുന്നു. വിശപ്പും ക്ഷീണവും കാരണം അവര്‍ ഉറങ്ങിപ്പോയി, കൂടെ നായയും.
അതൊരു വല്ലാത്ത ഉറക്കമായിരുന്നു.എത്രകാലം അവര്‍ ഉറങ്ങിയെന്ന് ദൈവത്തിനു മാത്രമേ അറിയൂ..
അന്നപാനീയങ്ങള്‍ കഴിയ്ക്കാതെ കാലങ്ങളോളം നീണ്ട ഉറക്കം !
ഒരു ദീര്‍ഘനിദ്രയില്‍ അവര്‍ മരണപ്പെട്ടതുപോലെ കിടന്നു.
അന്നും പതിവുപോലെ നേരം വെളുത്തു,
നായ പതിയെ കണ്ണുതുറന്നു നോക്കി, അന്തം വിട്ടു ഒന്നൊന്നര കുരകുരച്ചു
ഗുഹാവാസികള്‍ കണ്ണൂം തിരുമ്മി എഴുന്നേറ്റു
അവര്‍ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നുപോയി
അവരിടെ താടി മീശകള്‍ വല്ലാതെ വളര്‍ന്നിരിയ്ക്കുന്നു
തലമുടി നിലത്തു പട്ടുമെത്തപോലെ പരന്നുകിടക്കുന്നു
എത്രനേരം ഉറങ്ങിയെന്ന കണ്‍ഫ്യൂഷനായിരുന്നു അവരുടെ മുഖത്ത്.
“നമ്മള്‍ എത്രനേരം ഉറങ്ങിക്കാണും...”
“ഒരുദിവസം...” ‘രണ്ടു ദിവസം...”
അതില്‍ക്കൂടുതല്‍ അവര്‍ക്കു തോന്നിയതേയില്ല !
തല്‍ക്കാലം അവര്‍ തര്‍ക്കം നിര്‍ത്തി...
വിശപ്പുകാരണം കുടലു കരിഞ്ഞു നാറുന്നു.
ഒരാള്‍ ഭക്ഷണം വാങ്ങിവരാന്‍ നഗരത്തിലേയ്ക്കു പുറപ്പെട്ടു.ആരും തിരിച്ചറിയാതിരിയ്ക്കാന്‍ ശ്രദ്ധിച്ചാണ് അയാള്‍ മുന്നോട്ടു നീങ്ങിയത്.
പടയാളികളാരെങ്കിലും കണ്ടാല്‍ തലപോയതുതന്നെ
ആരെങ്കിലും കണ്ടാല്‍ കല്ലേറില്‍ തല പൊളിയുമെന്നുറപ്പ്
ഭക്ഷണം വാങ്ങാന്‍ പോയയാള്‍ അഫ്സോസ് നഗരംകണ്ട് വടി വിഴുങ്ങിയ മാതിരി നിന്നു!
പഴയ നഗരമേയല്ല, ആകെ മാറിയിരിയ്ക്കുന്നു.
നഗരവാസികളുടെ വസ്ത്രധാരണ രീതിയിലും ആകെ മാറ്റമുണ്ട്
ആരോ കാണിച്ചുകൊടുത്ത ഹോട്ടലില്‍ നിന്ന് അയാള്‍ ഭക്ഷണം വാങ്ങി സഞ്ചിയിലിട്ടു
പോക്കറ്റില്‍നിന്ന് അയാള്‍ ഒരു നാണയമെടുത്തു കാഷ്യറെ ഏല്‍പ്പിച്ചു
നൂറ്റാണ്ടുകള്‍ പഴക്കമുള്‍ല പൌരാണിക നാണയം കണ്ട കാഷ്യര്‍ വാപൊളിച്ചുനിന്നു
അത്രയും പഴക്കം ചെന്ന നാണയം ആരുടെയും കയ്യിലില്ലായിരുന്നു
കാല ബോധം നഷ്ടപ്പെട്ട ഇടയന്‍ വലിയവായില്‍ നിലവിളിതുടങ്ങി
“ഇതു പുരാതന നാണയമൊന്നുമല്ല എന്റെ നാണയമാ‍ണ്
ഞാന്‍ ഭക്ഷണം വാങ്ങാന്‍ കൊണ്ടു വന്നതാണ്..”
ഇടയന്റെ വാക്കുകള്‍ ആരു കണക്കിലെടുത്തില്ലെന്നു മാത്രമല്ല അയാളെ കോളറിനു തൂക്കിയെടുത്ത് രാജാവിന്റെ മുമ്പില്‍ ഹജരാക്കുകയും ചെയ്തു
ആ സമയം രാജാവു മറ്റൊരു തര്‍ക്കം തീര്‍ക്കുന്ന തിരക്കിലായിരുന്നു
മരിച്ചവരെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം ദൈവം ജീവിപ്പിയ്ക്കുന്നതെങ്ങിനെ എന്നതായിരുന്നു ആ തര്‍ക്കം.
അപ്പോഴാണ് ദൈവത്തിന്റെ അതുത പ്രതിഭാസമായ ഇടയന്‍ ഹാജരാക്കപ്പെട്ടത്.
ഇടയന്റെ കഥകേട്ട രാജാവും പരിവാരങ്ങളും മറ്റ് ആറുപേരെയും കാണാന്‍ ഗുഹയിലേയ്ക്കു പുറപ്പെട്ടു
ഗുഹാവാസികളുടെ കഥ കേട്ട രാജാവ് അത്ഭുതപ്പെട്ടു. മുന്നൂറ്റിഒമ്പതു കൊല്ലം തങ്ങള്‍ ഗുഹയിലുറങ്ങിയെന്നറിഞ്ഞപ്പോള്‍ ഗുഹാ വാസികള്‍ക്ക് അമ്പരപ്പായി
പഴയ അഫ്സോസ് രാജാവിന്റെ അധ:പതനത്തെ അവരറിഞ്ഞു
ജനങ്ങള്‍ ഏകദൈവ വിശ്വാസികളായി മാറിയതില്‍ അവര്‍ സന്തോഷിച്ചു
നുറ്റാണ്ടുകള്‍ ഉറങ്ങിക്കിടന്നിട്ടും ഒന്നും സംഭവിയ്ക്കാതെ അവരെ സംരക്ഷിച്ച ദൈവത്തിന്റെ ശക്തി നേരില്‍ കണ്ടപ്പോള്‍ രാജസദസ്സിലുണ്ടായ തര്‍ക്കവും പരിഹരിയ്ക്കപ്പെട്ടു.

വിശ്വാസികള്‍ വിശ്വസിയ്ക്കുന്നവരാണെങ്കില്‍ അവര്‍ വിജയിയ്ക്കപ്പെടും അവരില്‍നിന്നു ചിലരെ തെരഞ്ഞെടുത്ത് മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയാക്കും എന്നിട്ടും രക്ഷാമാര്‍ഗ്ഗമണഞ്ഞില്ലങ്കില്‍ ഉന്മൂല നാശം ചെയ്യും. ഗുഹാവാസികള്‍ ഇതിനു ദൃഷ്ടാന്തമാണ്. ദൈവത്തില്‍ വിശ്വസിയ്ക്കുക, നല്ലതുമാത്രം പ്രവര്‍ത്തിയ്ക്കുക, മറ്റുള്ളവര്‍ക്കു നന്മകള്‍ മാത്രം ചെയ്യുക, അവനെ അനുസരിച്ചു ജീവിയ്ക്കുക- അല്ലാത്തവന് നോമ്പെന്നല്ല എന്തു ചെയ്തിട്ടും കാര്യമില്ല. നന്നാവാന്‍ വേണ്ടിമാത്രം നല്ലതു ചെയ്യാം...

Wednesday

ഇതും ചെറായിയില്‍ നിന്ന്...

ചെറായി മീറ്റില്‍നിന്ന് ഒപ്പിയെടുത്ത കുറച്ചു ചിത്രങ്ങള്‍ കൂടി...
സൌകര്യം പോലെ പുറത്തേയ്ക്കെടുക്കാമെന്നു കരുതി സൂക്ഷിച്ചു വച്ചതാ...

“ഞാന്‍ നാട്ടുകാരന്‍, മറ്റുള്ളവര്‍ എലിയെന്നു വിളിയ്ക്കുമെങ്കിലും ബ്ലോഗില്‍ ഞാന്‍ പുലിയും ബ്ലോഗിങ്ങില്‍ ഞാന്‍ പുപ്പുലിയുമാണ്” നാട്ടുകാരന്റെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്ന്....


ഞാന്‍, ജി മനു. എന്നോടു ബഹുമാനമുള്ളതുകൊണ്ട് എല്ലാരുമെന്നെ “മനൂജി” എന്നു വിളിയ്ക്കും...


രജിസ്ടേഷന്‍ ഫോറം പൂരിപ്പിയ്ക്കാനറിയാത്ത രണ്ടു മാന്യ ദേഹങ്ങള്‍... (അങ്ങനെയാണു ധാരണ)


ഇതു കഷ്ടമായിപ്പോയി, സാരമില്ല, കതിരോന്‍ നമ്മള സ്വന്തം ആളാ.... (അങ്ങിനെ സമാധാനിച്ചു)


“മൈക്ക പിടിയ്ക്കാന്‍ അറിയാത്തവരാണോ മീറ്റാന്‍ വന്നത്” ? (പെട്ടി പിടിയ്ക്കാനറിയില്ലെങ്കിലും ചോദ്യം കേട്ടില്ലേ...)


ഇരുപ്പു കണ്ടാലറിയാം താമരശ്ശേരി ചുരമിറങ്ങിത്തന്നാ വന്നത്... സംശയം തീരെയില്ല...!


കസേര ഓക്കെയല്ലേ...? പിന്നെ എന്നെക്കുറ്റം പറയരുത്, പറഞ്ഞേക്കാം...


ഞാന്‍ മീറ്റാന്‍ തന്നാ വന്നത്, ഈറ്റിയതിന്റെ ലക്ഷണം കാണുന്നില്ലല്ലോ... ചുമ്മാ ഒരു ബലൂണ്‍ വച്ചതാ...


വയററിഞ്ഞേ കൈ പായാവൂ... ഇല്ലെങ്കില്‍ ഇങ്ങനെ പായേണ്ടിവരും...


കണ്ടാല്‍ ഫാസ്റ്റു പോയിട്ട് ലോക്കലു പോലുമല്ല ! ( അസൂയ അല്ലാതെന്ത്..?)


പോണോ.. പോണ്ടെ...? (അറയ്ക്കാതെ മടിയ്ക്കാതെ കടന്നുവരൂന്നു പറയേണ്ടിവന്നു...)


ആ കസേരപ്പരിപാടി എന്തായിരുന്നു ! ( ദാ ഇങ്ങനെയാണു ചെറായിയുണ്ടായത് )

ഇതെന്താ നുണപറയുന്നതിന് വെയിലത്തു നിര്‍ത്തുന്ന പരിപാടിയല്ലായിരുന്നല്ലോ മീറ്റ്. ഇതെങ്ങനെ സംഭവിച്ചു?


നല്ല അന്തസ്സോടെ നിവര്‍ന്നു തന്നെ നില്‍ക്കുന്നതാ ഞങ്ങള്‍ക്കിഷ്ടം... (പോട്ടമെടുക്കാനാ)


എന്താ വിനയനും വേണുവും കൊട്ടാരക്കരയ്ക്കുണ്ടോ..? ( ചിരി കണ്ടാലറിയാം, വെറുതേ ചോദിച്ചതാ...)


ഇതെപ്പഴും ഇങ്ങനെയാണ്. പോട്ടം പിടിക്കാരനാണെന്നാണു വയ്പ്. (ഫിലിമില്ലെന്നു മറ്റാര്‍ക്കുമറിയില്ലല്ലോ)


ഭക്ഷണക്കാര്യത്തില്‍ പാവത്താനായിരുന്നാല്‍ ശരിയായെന്നു വരില്ല... ഇതെന്തായാലുമൊന്നു തീര്‍ക്കട്ടെ, ഇപ്പ വരാം


മനുഷ്യനെ മനസ്സമാധാനമായിട്ടു “മീറ്റാനും” സമ്മതിയ്ക്കില്ലേ... ( ദാ ഇപ്പവന്നേക്കാം...)


അങ്ങനിപ്പം എന്റെ പല്ലു കാണണ്ട.... ചുണ്ടെലീന്നു വിളിയ്ക്കാനല്ലേ...

Saturday

ഞാന്‍ ബൂലോക വഞ്ചകന്‍..!


  വിശുദ്ധ റമളാനില്‍ത്തന്നെ എന്നെ ബൂലോകത്തെ ഏറ്റവും വലിയ വിശ്വാസ വഞ്ചകനാക്കിയതില്‍ ഞാന്‍ സ്പൈഡര്‍ക്ക് ആദ്യമേ നന്ദിപറയുന്നു. വളരെ ചുരുങ്ങിയ നാളുകൊണ്ടുതന്നെ ബൂലോകത്തെ ഒരു നല്ല വിഭാഗവുമായി നല്ല ബന്ധം സ്ഥാപിയ്ക്കാന്‍ എനിയ്ക്കു കഴിഞ്ഞിട്ടുണ്ട്. അത് വലിയ തെറ്റായി ഈസമയംവരെ തോന്നിയിട്ടില്ല. കമ്പ്യൂട്ടറിന്റെയും ഇറ്റര്‍നെറ്റിന്റെയും പരിജ്ഞാനം കുറവാണെന്നതു ഞാന്‍ പലരോടും നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട്.  

 റിഫ്രെഷ് മെമ്മറി ശരിയാക്കാന്‍ ഞാന്‍ പലരെയും സമീപിച്ചിട്ടുണ്ട്. പലരും സഹായിച്ചിട്ടുമുണ്ട്. എനിയ്ക്ക് ഇപ്പോള്‍ പ്രശ്നങ്ങളുണ്ടെന്ന വിധത്തിലുള്ള പോസ്റ്റ് എന്തിനു വന്നെന്നു എനിയ്ക്കു മനസ്സിലാകുന്നില്ല. ഞാനുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിഷമങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ക്ക് ഉണ്ടായാല്‍ അതു നേരിട്ടുതന്നെ അവരുമായി സംസാരിയ്ക്കാനാണു ഞാന്‍ ശ്രദ്ധിയ്ക്കാറ്. അതിനു കാരണക്കാരായവര്‍ ആരുതന്നെയായിരുന്നാലും അവരോടെതിര്‍ക്കാനുള്ള ആമ്പിയര്‍ എനിയ്ക്കുണ്ട്. അതിനെ ബൂലോക സംഭവമാക്കുന്നതെന്തിനാണ്?  

  ഇതില്‍ പരോക്ഷമായെങ്കിലും സ്പര്‍ശിയ്ക്കുന്ന വ്യക്തിയുമായി ഞാന്‍ നേരിട്ടു സംസാരിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിനു കാര്യങ്ങള്‍ മനസ്സിലായെന്നാണ് എനിയ്ക്കു തോന്നുന്നത്. അങ്ങിനെയല്ലെങ്കില്‍ അതു പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഞാന്‍ തന്നെ ശ്രമിച്ചോളാം. ഇക്കാര്യത്തില്‍ കൊട്ടോട്ടിക്കരന്റെ നിലവിളി കേള്‍ക്കാന്‍ തല്‍ക്കാലം ബൂലോകര്‍ക്കു ഭാഗ്യമില്ല. ആരുടെയും സഹതാപവും എനിയ്ക്കാവശ്യമില്ല. കൊട്ടോട്ടിക്കാരന് ഒളിച്ചുവച്ച പ്രൊഫൈലുമില്ല. നല്ല വെണ്ടയ്ക്കാ അക്ഷരത്തില്‍ മൊബൈല്‍ നമ്പരും ചേര്‍ത്തിട്ടുണ്ട്. ആണായി സംസാരിയ്ക്കാനാണ് എനിയ്ക്കു താല്പര്യം. അതിനാലാണ് ആണത്തമില്ലാത്ത പോസ്റ്റില്‍ (അനോണി ബ്ലോഗില്‍) കമന്റേണ്ടെന്നു തീരുമാനിച്ചത്.

Wednesday

നല്ല മുന്തിരി വൈന്‍ നിങ്ങള്‍ക്കുമുണ്ടാക്കാം


അല്‍പം സമയവും ഫ്രിഡ്ജില്‍ അല്‍പം സ്ഥലവും ഉപയോഗിക്കാമെങ്കില്‍
അടിപൊളി വൈന്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം..!
ശ്രീ വര്‍ഗീസ്‌ കോയിക്കര നമുക്കു പറഞ്ഞുതന്ന
വൈന്‍ നിര്‍മ്മാണ രീതി നമുക്ക്‌ ഒന്നുകൂടി ഓര്‍മ്മിക്കാം.

കറുത്ത മുന്തിരി 3.5 കിലോഗ്രാം

പഞ്ചസാര 3.5 കിലോഗ്രാം

യീസ്റ്റ്‌ 20 ഗ്രാം

താതിരിപ്പൂവ്‌ 30 ഗ്രാം

പതിമുകം ഒരു ചെറിയ കഷണം

ഇഞ്ചി ഒരു വലിയ കഷണം

ഗ്രാമ്പൂ 15 ഗ്രാം

ജാതിപത്രി 20 ഗ്രാം

കറുകപ്പട്ട 20 ഗ്രാം

ഗോതമ്പ്‌ 200 ഗ്രാം

വെള്ളം 5.25 ലിറ്റര്‍

മുന്തിരി രണ്ടു മണിക്കൂര്‍ നേരം വെള്ളത്തില്‍ മുക്കിവയ്ക്കുക.
പതിമുകം ഇട്ടു വെള്ളം തിളപ്പിച്ചെടുക്കുക.
വെള്ളം നന്നായി തണുത്തതിനു ശേഷം പഞ്ചസാര ലയിപ്പിച്ച്‌ തുണിയില്‍ അരിച്ചെടുക്കുക.
ഇത്‌ പന്ത്രണ്ടു ലിറ്റര്‍ കപ്പാസിറ്റിയുള്ള പ്ളാസ്റ്റിക്‌ ബക്കറ്റിലേക്കു മാറ്റുക.
ശേഷം ഗോതമ്പ്‌ കുതിര്‍ത്ത്‌ കഴുകിയതും ജാതിപത്രി,ഗ്രാമ്പൂ,കറുകപ്പട്ട പൊടിച്ചതും
ഇഞ്ചി ചതച്ചതും ചേര്‍ത്ത്‌ ഇളക്കിവയ്ക്കുക.

ഒരു ഗ്ളാസ്‌ ചെറു ചൂടു വെള്ളത്തില്‍ രണ്ടു സ്പൂണ്‍ പഞ്ചസാര
ലയിപ്പിച്ച്‌ അതില്‍ യീസ്റ്റ്‌ ചേര്‍ത്തു വയ്ക്കുക.
കുറച്ചു സമയത്തിനകം രൂപപ്പെടുന്ന പത പുറത്തു പോകാതെ ശ്രദ്ധിക്കണം.

പത്തു മിനിട്ടിനു ശേഷം ഇത്‌ ബക്കറ്റിലേയ്ക്കൊഴിച്ച്‌ നന്നായി ഇളക്കുക.
കഴുകി വച്ചിരിക്കുന്ന മുന്തിരി അടര്‍ത്തിയെടുത്ത്‌ നന്നായി ഉടച്ച്‌
ബക്കറ്റിലെ ലായനിയിലേക്കു നിക്ഷേപിക്കാം.
താതിരിപ്പൂവ്‌ കഴുകി വൃത്തിയാക്കി ബക്കറ്റിലിട്ട്‌ ഇളക്കി അടച്ചുവക്കുക.

ദിവസവും രാവിലെ അഞ്ചുമിനിട്ട്‌ ഇളക്കുക.
ഒരു പരന്ന പാത്രത്തില്‍ വെള്ളമൊഴിച്ച്‌ ബക്കറ്റ്‌ അതിലിറക്കിവച്ചാല്‍
ഉറുമ്പിന്‍റെ ശല്യം ഒഴിവാക്കാം.
ഇരുപത്തൊന്നാംദിവസം വൈന്‍ ഉണങ്ങിയ തുണിയില്‍ അരിച്ചെടുക്കുക.
ബക്കറ്റ്‌ കഴുകിത്തുടച്ച്‌ അതിലൊഴിച്ചു വയ്ക്കാം.

ഒരാഴ്ച്ച കഴിഞ്ഞ്‌ ഊറ്റിയെടുക്കുക- ഇത്‌ പല ദിവസങ്ങളില്‍ ആവര്‍ത്തിക്കുക.
ഏകദേശം നാല്‍പ്പത്തൊന്നു ദിവസം കഴിഞ്ഞാല്‍ കിട്ടുന്ന തെളിഞ്ഞ വൈനില്‍
അരക്കിലോ പഞ്ചസാര കരിച്ചെടുത്ത്‌ ലയിപ്പിച്ച്‌ ഒരിയ്ക്കല്‍ക്കൂടി
അരിച്ചെടുത്ത്‌ കുപ്പികളിലാക്കി കോര്‍ക്കുകൊണ്ടടച്ച്‌ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

Thursday

ചാണക്യനെ കാണ്മാനില്ല !

പ്രശസ്ഥ ബ്ലോഗര്‍ ചാണക്യനെ കാണ്മാനില്ല. കണ്ടുമുട്ടുന്നവര്‍ രണ്ടു കൊട്ടു കൊടുത്ത് ബ്ലോഗില്‍ തിരികെയെത്തിയ്ക്കണമെന്നു താല്‍പ്പര്യപ്പെടുന്നു. ചെറായി മീറ്റിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. മീറ്റിനു ശേഷം അദ്ദേഹത്തെ കാണാതായതില്‍ ദുരൂഹതയുണ്ടെന്നു സംശയമുണ്ട്. ബൂലോകര്‍ക്കു തിരിച്ചറിയാനായി അദ്ദേഹത്തിന്റെ മീറ്റിലെ ലേറ്റസ്റ്റു ഫോട്ടോകള്‍ പ്രസിദ്ധീകരിയ്ക്കുന്നു.

വളരെയേറെ സന്തോഷവാനായിട്ടായിരുന്നു ചാണക്യന്‍ മീറ്റാനെത്തിയത്


പോട്ടപ്പെട്ടിയും തൂക്കി നില്‍ക്കുന്ന ഫീകരനെക്കണ്ടപ്പോള്‍ പേടിച്ചു നില്‍ക്കുന്ന ചാണക്യനെയാണു നിങ്ങള്‍ മുകളില്‍ കാണുന്നത്.


ടോക്കണില്ലാതെ ഭക്ഷണം കഴിയ്ക്കുന്നതിന്റെ പേരില്‍ ചാണക്യനോട് മറ്റുള്ളവര്‍ കയര്‍ക്കുന്നത് രഹസ്യ പോട്ടപ്പെട്ടി ഒപ്പിയെടുത്തപ്പോള്‍. അദ്ദേഹത്തെ ഇരുന്നു ഭക്ഷണം കഴിയ്ക്കാന്‍ അനുവദിച്ചില്ല.


ഒടുവില്‍ നിലവിളിച്ചുകൊണ്ട് പുറത്തേയ്ക്കു നടക്കുന്ന ചാണുവിനെയാണു നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്. ഇതിനു ശേഷമാണ് അദ്ദേഹത്തെ കാണാതായത്. അദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെടാന്‍ ബൂലോക മഹാസഭ തീരുമാനമെടുത്തിട്ടുണ്ട്. നടപടിയുണ്ടാകാത്തപക്ഷം. ബൂലോകം അടച്ചിട്ടു ഹര്‍ത്താലാചരിയ്ക്കാനും തീരുമാനമുണ്ട്.

Tuesday

ഒരു ഹിമകണം പോലെ അവള്‍....

റിഫ്രെഷ് മെമ്മറിയുടെ പുതിയ അദ്ധ്യായം എഴുതാന്‍ ഡയറി എടുത്തതാണ്. അതിനടുത്തുള്ള പുസ്തകം ഒന്നു മറിച്ചുനോക്കി. ഞാന്‍ വായിച്ചിട്ടുള്ള നോവലുകളില്‍ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആ പുസ്തകത്തിന് എന്നെ വേദനിപ്പിച്ച ഒരു കഥകൂടി പറയാനുണ്ട്.

1988ല്‍ പത്താം തരം കഴിഞ്ഞതിനു ശേഷം തുടര്‍ന്നു പഠിയ്ക്കാന്‍ എനിയ്ക്കു തോന്നിയില്ല. എം എ എക്കണോമിക്സും എട്ടാം ക്ലാസ്സു തോറ്റതും തൊഴില്‍ രഹിതരായ കൂട്ടുകാരായി കൂടെയുള്ളപ്പോള്‍ ഒരു കൈത്തൊഴില്‍ പഠിച്ചു ജീവിതം മെച്ചപ്പെടുത്താനാണ് എനിയ്ക്കു തോന്നിയത്. കൊട്ടോട്ടിയെന്ന എന്റെ ഗ്രാമത്തില്‍ നിന്നും ഇരുപത്തിനാലു കിലോമീറ്റര്‍ ദൂരെയുള്ള കൊട്ടാരക്കരയ്ക്കടുത്ത് ആയൂരിലുള്ള സ്മിതാ എഞ്ചിനീയറിങ് ഇന്‍ഡസ്ട്രീസില്‍ ഞാന്‍ തൊഴില്‍ പഠനം ആരംഭിച്ചു. രാവിലെ എട്ടുമണിയ്ക്കുള്ള ആനവണ്ടിയില്‍ കടയ്ക്കല്‍, നിലമേല്‍ വഴി ആയൂര്‍. വൈകിട്ട് ചടയമംഗലം വെള്ളാര്‍വട്ടം ചിങ്ങേലിവഴി തിരികെയാത്ര. വൈകിട്ടുള്ള ഗംഗ ട്രാവത്സ് എന്ന ബസ്സിലെയും സ്ഥിരം കുറ്റിയായിരുന്നു ഞാന്‍. ഡ്രൈവറുടെ ക്യാ‍ബിനിലെ നീണ്ട സീറ്റായിരുന്നു ഞാന്‍ സ്ഥിരമായി റിസര്‍വു ചെയ്തിരുന്നത്.

പതിവുപോലെ ഗംഗ ഷോപ്പിനു മുന്നില്‍ നിര്‍ത്തി, ഞാന്‍ റിസര്‍വു സീറ്റില്‍ സ്ഥാനവും പിടിച്ചു. വെള്ളാര്‍വട്ടത്തെത്തിയപ്പോള്‍ തിളങ്ങുന്ന പട്ടു പാവാടയും തൂവെള്ള കുപ്പായവുമിട്ട ഒന്‍പതു വയസ്സുകാരി സുന്ദരിക്കുട്ടിയുടെ കൈപിടിച്ചുകൊണ്ട് ഒരു മദ്ധ്യവയസ്കന്‍ ബസ്സില്‍ കയറി. സീറ്റില്‍ എന്റെ അടുത്തായി ഇരുപ്പുമുറപ്പിച്ചു. ഒരു മൂകത അദ്ദേഹത്തിന്റെ മുഖത്തു തെളിഞ്ഞിരിയ്ക്കുന്നതു ഞാന്‍ കണ്ടു. സുന്ദരിക്കുട്ടിയാകട്ടെ നിര്‍ത്താതെ സംസാരിയ്ക്കുന്നുമുണ്ട്. വല്ലാത്ത തിളക്കമായിരുന്നു ആ കണ്ണുകളില്‍. തുടര്‍ന്ന് ആഴ്ച്ചയില്‍ രണ്ടു പ്രാവശ്യം ഞാന്‍ അവരുടെ സഹയാത്രികനായി. കൂടുതല്‍ തവണ കണ്ടതിനാലാവണം അവള്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഞാനും ഒരു ചിരി പാസാക്കി.

“എന്താ മോളുടെ പേര്....?”

“ഹിമ”

“നല്ല പേരാണല്ലോ... ആരാ മോള്‍ക്ക് ഈ പേരിട്ടത്...?”

“ഇച്ചാച്ചനാ.....” അവളുടെ അച്ഛനെ അവള്‍ അങ്ങനെയാണു വിളിച്ചിരുന്നത്.

“ആട്ടെ ഇച്ചാച്ചനും മോളും കൂടി...?”

“ഇച്ചാച്ചന്‍ എനിയ്ക്കു വള വേടിച്ചു തരാമെന്നു പറഞ്ഞു. അതു വാങ്ങാന്‍ പോവുകാ...”

അന്നത്തെ സംസാരം അവിടെ അവസാനിച്ചു. എനിയ്ക്കിറങ്ങേണ്ട സ്ഥലമെത്തിയിരുന്നു. ഇനി അടുത്ത ബസ്സില്‍ നാലു കിലോമീറ്റര്‍...

തുടര്‍ന്നും ആഴ്ച്ചയില്‍ രണ്ടുപ്രാവശ്യം വീതം ഞങ്ങള്‍ കണ്ടുമുട്ടി. അവരോടൊന്നിച്ചുള്ള യാത്ര വളരെ രസകരമായിരുന്നു. അവളുടെ കൊച്ചുകൊച്ചു തമാശകളും മണ്ടത്തരങ്ങളും ഞങ്ങളുടെ യാത്ര ആനന്ദകരമാക്കി. അവള്‍ക്കുമുണ്ടായിരുന്നു അല്ലറചില്ലറ സംശയങ്ങള്‍. അതു ചോദിയ്ക്കാന്‍ അവള്‍ ഒരു മടിയും കാട്ടിയിരുന്നില്ല. വയസ്സ് ഒന്‍പതേ ആയിരുന്നുള്ളൂവെങ്കിലും അതിനേക്കാള്‍ പാകത അവളുടെ വാക്കുകള്‍ക്കുണ്ടായിരുന്നു.

അക്കാലത്ത് സോവിയറ്റു യൂണിയനുമായി എനിയ്ക്ക് ചെറിയ ബന്ധമുണ്ടായിരുന്നു. ആ കഥ മറ്റൊരവസരത്തില്‍ പറയാം. ആ ബന്ധത്തില്‍ എനിയ്ക്കു കിട്ടിയ ചിംഗീസ് ഐത്മാത്തൊവിന്റെ “മലകളുടെയും സ്റ്റെപ്പിയുടെയും കഥകള്‍” എന്ന നാലു നോവലുകളുടെ സമാഹാരം ഒരു യാത്രയില്‍ എന്റെ കയ്യിലുണ്ടായിരുന്നു. നല്ല വായനക്കാരികൂടിയായിരുന്ന നമ്മുടെ കൊച്ചു ഹിമയ്ക്ക് ഈ പുസ്തകം വായിയ്ക്കാന്‍ വേണമെന്നായി. എനിയ്ക്ക് ആ പുസ്തകം അന്നു കിട്ടിയിട്ടേ ഉള്ളൂ. പിന്നെ കൊടുക്കാമെന്നു പറഞ്ഞപ്പോല്‍ അവള്‍ സമ്മതിച്ചില്ല. ഒടുവില്‍ അടുത്ത യാത്രയില്‍ തിരികെത്തരാമെന്നു പറഞ്ഞ് പുസ്തകം അവള്‍ കൊണ്ടുപോയി. പക്ഷേ അടുത്ത കണ്ടുമുട്ടലില്‍ എനിയ്ക്കു പുസ്തകം കിട്ടിയില്ല.

“ഇച്ചാട്ടാ, നാലുകഥകളാ മൊത്തത്തില്‍. രണ്ടെണ്ണമേ വായിയ്ക്കാന്‍ പറ്റിയുള്ളൂ. ന്നി വരുമ്പൊ ഞാന്‍ കൊണ്ടു വരാം...”

ഇതിനിടയില്‍ ഞാനവള്‍ക്ക് ഇച്ചാട്ടനായിരുന്നു. പുസ്തകം കിട്ടാത്തതില്‍ നിരാശയുണ്ടായെങ്കിലും അവളുടെ നിഷ്കളങ്കമായ വാക്കുകളില്‍ അത് അലിഞ്ഞില്ലാതായി...




അടുത്ത തവണ അവള്‍ പുസ്തകം തന്നു. അതിലുണ്ടായിരുന്ന ചിത്രങ്ങള്‍ക്ക് അവള്‍ മനോഹരമായി നിറം കൊടുത്തിരിയ്ക്കുന്നു. ഓരോ ചിത്രത്തിനും അടിയില്‍ ഹിമ എന്നു രേഖപ്പെടുത്തിയിരിയ്ക്കുന്നു. എഴുത്തുകളെ ബാധിയ്ക്കാതിരുന്നതിനാല്‍ എനിയ്ക്കതില്‍ നീരസം തോന്നിയില്ല. നാലാമത്തെ നോവലായ “ചുവന്ന തൂവാലയണിഞ്ഞപോപ്ലാര്‍ തൈ” അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. അദ്ധ്യായത്തിനു മുകളില്‍ അവള്‍ എഴുതിയിരിയ്ക്കുന്നു...

“അസേല്‍... ചുവന്ന തൂവാലയണിഞ്ഞ എന്റെ പോപ്ലാര്‍ തൈ....” തുടര്‍ന്ന് രണ്ടുപ്രാവശ്യമേ തമ്മില്‍ കണ്ടുള്ളൂ.

ഏതാണ്ട് ആറുമാസം കഴിഞ്ഞുകാണും. അഞ്ചലില്‍ വന്നു മടങ്ങുന്ന വഴിയ്ക്ക് വഴിയരികില്‍ ഹിമയുടെ ഇച്ചാച്ചന്‍ നില്‍ക്കുന്നതുകണ്ടു. പെട്ടെന്നു പോയിട്ടു വലിയ തിരക്കില്ലാത്തതിനാല്‍ ഞാന്‍ അവിടെയിറങ്ങി....



“ഹ... സാബൂ... എന്തുണ്ട് വിശേഷങ്ങള്‍...?” അദ്ദേഹം എന്റെ വിളിപ്പേരു മറന്നിട്ടില്ല.

“ നല്ല വിശേഷം... താങ്കളെക്കണ്ടിട്ട് ഒരുപാടുനാളായല്ലോ... എന്താ ഹിമയുടെ വിശേഷം...?”

അതിനുത്തരം ഒരു വിങ്ങിക്കരച്ചിലായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എനിയ്ക്കാകെ വിഷമമായി, എന്തോ സംഭവിച്ചിരിയ്ക്കുന്നു... എന്തു ചോദിയ്ക്കണമെന്ന് എനിയ്ക്കറിയാതായി.

“പോയി...” നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു.

ഗുരുതരമായ ഏതോ അസുഖം ഹിമക്കുട്ടിയ്ക്കുണ്ടായിരുന്നെന്നും ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഡോക്ടറെക്കാണാനാണ് അവര്‍ സഞ്ചരിച്ചിരുന്നതെന്നും ആയാത്രയ്ക്കിടയിലായിരുന്നു ഞങ്ങളുടെ പരിചയപ്പെടലെന്നും എനിയ്ക്കു മനസ്സിലായി. എന്തായിരുന്നു അസുഖമെന്ന് ഞാന്‍ ചോദിച്ചില്ല. പിന്നെ ഇതുവരെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുമില്ല.

ഇന്നും ഞാനെടുത്തു നോക്കിയ “മലകളുടെയും സ്റ്റപ്പിയുടെയും കഥക”ളില്‍ അവള്‍ കൊടുത്ത നിറങ്ങളും അവളുടെ പേരും മായാതെ കിടക്കുന്നു.അല്‍പ്പം മങ്ങിയ നിറങ്ങള്‍ക്കുള്ളില്‍ അവളുടെ തിളങ്ങുന്ന കണ്ണുകള്‍ ഞാന്‍ കാണുന്നു. എന്നെപ്പോലെ അവളെ ഇഷ്ടപ്പെട്ടിരുന്ന ഒട്ടനവധി പേരുണ്ടാവാം.

എന്റെ കൊച്ചു സുന്ദരിക്കുട്ടിയുടെ, എന്റെ ചുവന്ന തൂവാലയണിഞ്ഞ പോപ്ലാര്‍ തൈയുടെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഇച്ചാട്ടന്റെ ഒരായിരം അശ്രുകണങ്ങള്‍....

Popular Posts

Recent Posts

Blog Archive