Sunday

മന്തുഗുളിക മന്ത്രിയ്ക്കുപോലും വേണ്ടായിരുന്നു...

സംസ്ഥാനത്ത് ഡ്രഗ് ടെസ്റ്റിംഗ് ലാബ് തുടങ്ങിയെതെന്നാണെന്ന് ഇതു വായിയ്ക്കുന്നവര്‍ക്കാര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടെങ്കില്‍ അതും കൂട്ടിച്ചേര്ത്തു വായിയ്ക്കുക. കേരളത്തിലെ ഒരുകോടിയിലധികം ജനങ്ങള്‍ക്കു തിന്നാന്‍ കൊടുത്ത മന്തുഗുളിക നാളെ മന്തുവരാനുള്ള ഗുളികയാണെന്നു കണ്ടുപിടിച്ചാല്‍ അത്ഭുതപ്പെടാനില്ല. മന്തുരോഗത്തിനു ചികിത്സിയ്ക്കാനുള്ള മരുന്നുകള്‍ക്കും ഒരുപക്ഷേ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടാവാം. ഇത്രയും ജനങ്ങളെ തീറ്റിച്ച ഗുളികയ്ക്ക് ഗുണമില്ലെന്നു മാത്രമല്ല നേരത്തേതന്നെ അവ ഉപയോഗശൂന്യവുമായിരുന്നെന്ന് സര്‍ക്കാര്‍ ലാബു കണ്ടെത്തിയിരിയ്ക്കുന്നു. വാര്‍ത്ത ഇവിടെ...

രണ്ടും മൂന്നും ഗുളികകള്‍വീതം ആല്‍ബന്റസോള്‍ മേമ്പൊടിചേര്‍ത്ത് കഴിച്ച മിയ്ക്കവര്‍ക്കും തലച്ചുറ്റും മയക്കവും വന്നകാര്യം ഓര്‍ക്കുക. ഉപയോഗശൂന്യമായി എവിടെയോകിടന്ന മരുന്നുകള്‍ ചെലവാക്കിക്കൊടുത്തതാണോയെന്നു സംശയിയ്ക്കാം. ഏതായാലും മന്തുഗുളികകള്‍ പരിശോധനയ്ക്കു മുമ്പു തീറ്റിച്ചതില്‍ പകര്‍ച്ചവ്യാധി പ്രതിരോധ സെല്ലിന് സമാധാനിയ്ക്കാം. ഇനി വീടു വീടാന്തരം അവര്‍ക്ക് ഏതെങ്കിലും ഗുളികയുമായി പോകേണ്ടി വരില്ലല്ലോ.! തമിഴ്‌നാട് ഫോര്‍ട്സ് ഇന്ത്യാ ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നു വാങ്ങിയ എസ്.0042 ബാച്ചിലെയും, ഡീപ് ഇന്‍ ഫാര്‍മസ്യൂട്ടിയ്ക്കല്‍‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നു വാങ്ങിയ 8008,8009 ബാച്ചിലെയും മരുന്നുകള്‍ക്ക് ഒരു ഗുണവുമില്ല. മാത്രമല്ല വിതരണം ചെയ്ത ഗുളികകള്‍ മിയ്ക്കവയും പൊട്ടിയും പൊടിഞ്ഞുമാണിരുന്നത്.

അരോഗ്യവകുപ്പ് നേരിട്ടുതന്നെ വാങ്ങിയതാണ് ഡൈ ഈഥൈല്‍ കാര്‍ബമസൈന്‍ സിട്രേറ്റ് ഗുളികകള്‍. ഗുണനിലവാരമില്ലാത്ത ഈ മരുന്ന് അഞ്ചുവര്‍ഷം കഴിച്ചാല്‍ മന്തുരോഗം വരില്ലെന്നാണ് പ്രചരിപ്പിച്ചിരുന്നത്. ഒരുവര്‍ഷമായപ്പോള്‍ത്തന്നെ ഇതാണു ഗതിയെങ്കില്‍ അഞ്ചുവര്‍ഷം മരുന്നുകഴിയ്ക്കാന്‍ ആളു ജീവനോടുണ്ടാവുമോന്നാണ് ഈയുള്ളവന്റെ സംശയം.

ഏതായാലും വിതരണം ചെയ്യാതെ കിടക്കുന്ന മന്തു ഗുളികകള്‍ അടിയന്തിരമായി പിന്‍‌വലിയ്ക്കാനുള്ള തീരുമാനം ഈ വാര്‍ത്തയ്ക്കു സാധൂകരണം നല്‍കുന്നുണ്ട്. വെറുതേയല്ല ആരോഗ്യമന്ത്രി പി.കെ. ശ്രീമതി മന്തുഗുളിക കഴിയ്ക്കാതിരുന്നത്. അവര്‍ക്കറിയാമായിരുന്നിരിയ്ക്കണം മരുന്നിന്റെ നിലവാരം. ഇനിയിപ്പൊ എന്തു വിശ്വസിച്ചാ പ്രതിരോധ വാക്സിനുകള്‍ പൊതുജനം സ്വീകരിയ്ക്കേണ്ടതെന്ന് ആരോഗ്യവകുപ്പ് പറഞ്ഞുതന്നാല്‍ കൊള്ളാം.

ഭീകരവാദത്തെ കച്ചവടം ചെയ്യുന്നവര്‍ (2)

ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ!
വളരെ അര്‍ത്ഥവത്തായി പലരും ചിന്തിയ്ക്കുന്ന ഈ പഴമൊഴിയില്‍നിന്ന് നാം ഏറെ മുന്നേറിയിരിയ്ക്കുന്നു. സ്ഫോടനമാണോ എങ്കില്‍ മുസ്ലിം തീവ്രവാദി തന്നെ എന്ന നിലയിലെത്തി നില്‍ക്കുന്നു. വിശിഷ്യാ ഇന്ത്യയിലെവിടെയെങ്കിലും ഒരു സ്ഫോടനം നടന്നാല്‍ അടുത്ത സെക്കന്റില്‍ത്തന്നെ ഒരു മുസ്ലിം തീവ്രവാദ സംഘടനയും കുറെ മുസ്ലിം ചെറുപ്പക്കാരും കഥാപാത്രങ്ങളാവും. അല്ലെങ്കില്‍ അങ്ങനെ കല്‍പ്പിച്ചുകൊടുക്കും. നമ്മുടെ മുഖ്യധാരാമാധ്യമങ്ങള്‍ സര്‍വ്വ പിന്തുണയും അതിനു നല്‍കും. വേണമെങ്കില്‍ അവര്‍ തന്നെ പോലീസിന്റെ പണിചെയ്യും, അത്യാവശ്യം കോടതിയുടെയും. പക്ഷെ ആരോപിയ്ക്കപ്പെടുന്ന ഭീകര സംഘടനകള്‍ ഒന്നുംതന്നെ ഇതു സ്വീകരിയ്ക്കാറില്ല. സംഘപരിവാറിനും RSSനും രാഷ്ട്രീയമായും സാമൂഹികമായും ക്ഷീണം തട്ടിയിട്ടുള്ള സന്ദര്‍ഭങ്ങളിലെല്ലാം, അന്വേഷണത്തിന്റെ വിരല്‍ തങ്ങള്‍ക്കു നേരെ നീണ്ട സന്ദര്‍ഭങ്ങളിലെല്ലാം ഇവിടെ സ്ഫോടനങ്ങള്‍ നടക്കുന്നു. അതിനു ശേഷം പൂര്‍വ്വാധികം ശക്തിയോടെ ജനശ്രദ്ധ തിരിയുന്ന സന്ദര്‍ഭം മുതലാക്കി അവര്‍ തിരിച്ചുവരവ് ആഘോഷിയ്ക്കുന്നു. ഇന്ത്യയില്‍ നടന്ന രണ്ടു സ്ഫോടങ്ങളുടെ സാഹചര്യം പരിശോധിയ്ക്കാനാണ് ഇവിടെ ശ്രമിയ്ക്കുന്നത്.

ഇന്ത്യന്‍ പാര്‍‌ലിമെന്റ് ആക്രമണം


ഇന്ത്യകണ്ട ഏറ്റവും വൃത്തികെട്ട, കാര്‍ഗില്‍ ശവപ്പെട്ടി അഴിമതിയില്‍ കുളിച്ച് ബി.ജെ.പി. മുങ്ങിത്താഴുന്ന സന്ദര്‍ഭത്തില്‍ നടന്ന ഒരു ആസൂത്രിത നാടകമാണ് പാര്‍ലിമെന്റ് ആക്രമണം. അതുമാത്രമല്ല, ഇന്ത്യയിലെ ദളിത് മുസ്ലിം വിഭാഗങ്ങളെ ഏറ്റവും ബാധിയ്ക്കുന്ന വിധത്തില്‍ വലിച്ചു പിരിച്ച് പാര്‍ലിമെന്റില്‍ പോട്ടാനിയമം അവതരിപ്പിയ്ക്കാനുള്ള അദ്വാനിയുടെ ശ്രമം എന്‍.ഡി.എ. സഖ്യകക്ഷികളില്‍ ഭൂരിഭാഗവും എതിര്‍ത്തിരുന്ന സമയത്താണ് പാര്‍ലിമെന്റ് ആക്രമണം. ഈ ആക്രമണത്തോടെ സംഘപരിവാറിന്റെയും RSSന്റെയും മുഖത്തിനു ശോഭകൂടിയത് ശ്രദ്ധിച്ചാല്‍ മനസ്സിലാവും. പോലീസും മാധ്യമങ്ങളും പ്രചരിപ്പിയ്ക്കുന്നതില്‍ നിന്ന് വിപരീദമായി ചിന്തിച്ചുകൊണ്ട് ഇന്ത്യയിലെ പേരെടുത്ത രണ്ടു സാമൂഹ്യ പ്രവര്‍ത്തകര്‍ അവരുടെ പുസ്തകങ്ങളിലൂടെ വളരെ പ്രസക്തിയുള്ള ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് മുന്നോട്ടു വന്നിരിയ്ക്കുന്നു.

ഇന്ദിരാ ഗാന്ധിയുടെ അടുത്ത അനുയായിയായ പി.എ. ഹക്സറിന്റെ മകള്‍ നന്ദിതാ ഹക്സറാണ് ഒരാള്‍. ലോകം അറിയുന്ന സാമൂഹ്യപ്രവര്‍ത്തക. പാര്‍ലിമെന്റ് ആക്രമണത്തെക്കുറിച്ച് പോലീസും മാധ്യമങ്ങളുമെല്ലാം പറഞ്ഞതു നുണയാണെന്നും ഇന്റലിജന്‍സ് ബ്യൂറോ നടത്തിയ നാടകമാണതെന്നും ഫ്രൈമിംഗ് ഗീലാനിയില്‍ അവര്‍പറയുന്നു. അതുപോലെ അരുന്ധതിറോയ് സമാഹരിച്ച് പെന്‍‌ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിച്ച ദി സ്ടെയ്ഞ്ച് കേയ്സ് ഓഫ് ദി അറ്റാക്ക് ഓണ്‍ ദി ഇന്‍ഡ്യന്‍ പാര്‍ലിമെന്റ് എന്ന പുസ്തകത്തില്‍ പാര്‍ലിമെന്റ് ആക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണങ്ങളെ പുച്ഛിച്ചു തള്ളുന്നു. പ്രസക്തിയുള്ള ഒട്ടനവധി ചോദ്യങ്ങള്‍ അവര്‍ ചോദിയ്ക്കുന്നു.

പാര്‍ലിമെന്റ് ആക്രമണത്തില്‍ പകെടുത്തവരുടെ പേര് ?
അവരുടെ മേല്‍‌വിലാസം?

ഫോട്ടോ?

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍?

അവരാരാണ്, എവിടെനിന്നു വന്നു?

അവരുടെ ശരീരം എവിടെ മറവുചെയ്തു?


ഇത്രയും നാള്‍ കഴിഞ്ഞിട്ടും ഈ വിവരങ്ങള്‍ പുറത്തു വിടാത്തതിന്റെ കാരണം എന്താണെന്നുള്ള ചോദ്യത്തിനു പ്രസക്തിയില്ലെന്നാണോ? ഉത്തരവാദപ്പെട്ടവരും മാധ്യമങ്ങളും ഈ ചോദ്യങ്ങളെ മന:പൂര്‍വ്വം അവഗണിയ്ക്കുന്നു. വധശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട് പിന്നീടു വിട്ടയയ്ക്കപ്പെട്ട ഗീലാനിയ്ക്കു ശേഷം മറ്റൊരാള്‍ ശിക്ഷയും കാത്തു കഴിയുന്നു. പാര്‍ലിമെന്റ് ആക്രമണത്തില്‍ പങ്കെടുത്തെന്ന് ആരോപിയ്ക്കുന്ന മുഹമ്മദ് യാസീന്‍ എന്നയാളെ കാശ്മീരില്‍‌നിന്ന് ഡല്‍ഹിയിലെത്തിച്ചു എന്ന കുറ്റം പേറുന്ന അഫ്സല്‍ ഗുരുവാണ് ആ ഹതഭാഗ്യന്‍. അയാളാകട്ടെ ആ കുറ്റം നിഷേധിയ്ക്കുന്നില്ലെന്നു മാത്രമല്ല യാസീനെ ഡല്‍ഹിയിലെത്തിച്ചത് താനാണെന്ന് ആണയിട്ടു പറയുന്നു. പക്ഷേ മുഹമ്മദ് യാസിനെ ഡല്‍ഹിയിലെത്തിയ്ക്കാന്‍ തന്നെ ഏല്‍പ്പിച്ചത് കാശ്മീരിലെ ഒരു പട്ടാള ജനറലായ ദവീന്ദര്‍സിംഗാണെന്നും അദ്ദേഹം ചേര്‍ത്തു പറയുന്നുണ്ട്. ആ വര്‍ത്തമാനം പക്ഷേ ആരും ചെവിക്കൊണ്ടില്ല. പാര്‍ലിമെന്റ് ആക്രമണത്തിന് ഒരുവര്‍ഷം മുമ്പ് ബോബെ താനെ പോലീസ് പിടിച്ച് കാശ്മീര്‍ പോലീസിനു കൈമാറിയ മുഹമ്മദ് യാസീന്‍ എന്നയാള്‍ എങ്ങനെ ദവീന്ദര്‍‌സിംഗിന്റെ പക്കലെത്തിയെന്നും എന്തിനാണ് അയാളെ ഡല്‍ഹിയിലെത്തിയ്ക്കാന്‍ അഫ്സല്‍ഗുരുവിനെ ഏല്‍പ്പിച്ചതെന്നും ആരും അന്വേഷിച്ചില്ല. ദവീന്ദര്‍‌സിംഗിനെതിരേ ആരും ശബ്ദിച്ചുകണ്ടില്ല.

മുംബൈ ആക്രമണം

രാജ്യത്തെ നടുക്കുന്ന സംഭവ വികാസങ്ങളെ അന്വേഷിയ്ക്കാന്‍ നിയോഗിയ്ക്കപ്പെട്ട സത്യസന്ധനായ പോലീസ് ഓഫീസര്‍ ഹേമന്ദ് കാര്‍ക്കറെയെ ലക്ഷ്യം വച്ചുനടത്തിയതാണ് ബോംബേ ആക്രമണം. സംഝോതാ എക്സ്പ്രസ്, മലേഗാവ് തുടങ്ങിരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്ഫോടനങ്ങളുടെ യഥാര്‍ത്ഥ ഉത്തരവാദികള്‍ RSSഉം സംഘപരിവാറുമാണെന്നു ചൂണ്ടിക്കാണിയ്ക്കപ്പെടുന്ന സ്ഥിതി വന്നപ്പോള്‍ പെട്ടെന്നുണ്ടായതാണ് ബോംബെ അക്രമണം. അതിന്റെ ആദ്യത്തെ ഇരതന്നെ കാര്‍ക്കറെയും കൂട്ടരുമായതില്‍ അത്ഭുതപ്പെടാനില്ല. കാരണം അവരെ ലക്ഷ്യം വച്ചു സൃഷ്ടിച്ചതായിരുന്നു ബോംബെ അക്രമണം.

മഹാരാഷ്ട്ര കര്‍ണ്ണാടക സര്‍ക്കാരുകളെ വിറപ്പിച്ച, രാജ്യത്തിനുതന്നെ അപമാനമായ കോടിക്കണക്കിനു രൂപയുടെ വ്യാജ മുദ്രപ്പത്രക്കേസായ അബ്ദുല്‍ കരിം തെല്‍ഗി കേസ് വെളിച്ചത്തു കൊണ്ടുവന്ന ഐ.ജി. റാങ്കില്‍ മഹാരാഷ്ട്രയില്‍ നിന്നു റിട്ടയര്‍ ചെയ്ത എസ്.എം.മുഷ്‌രിഫ് എഴുതിയ കാര്‍ക്കറയെ കൊന്നതാര് (ഹു കില്‍ഡ് കാര്‍ക്കറെ) എന്ന പുതകത്തില്‍ ഇന്റലിജന്‍സ് ബ്യൂറോവിലുള്ള സവര്‍ണ്ണ താല്‍പ്പര്യക്കാരാണ് കാര്‍ക്കറെയെ കൊന്നതെന്നു പറയുന്നു. കാര്‍ക്കറെയ്ക്കൊപ്പം കൊല്ലപ്പെട്ട അഷോക് കാംതെയുടെ വിധവ എഴുതിയ ടു ദി ലാസ്റ്റ് ബുള്ളറ്റ് എന്നപുസ്തകത്തിലും ഈ വിവരം വിളിച്ചു പറയുന്നു.

ഒരുസമൂഹത്തെ ആകമാനം നശിപ്പിയ്ക്കാന്‍ പോന്നവിധത്തില്‍ പ്രചരണങ്ങളും അക്രമങ്ങളും അഴിച്ചുവിടാന്‍ ഒരു വിഭാഗം ഒരുങ്ങി നില്‍ക്കുമ്പോള്‍ അതു മനസ്സിലാക്കാനെങ്കിലും ശ്രമിയ്ക്കണമെന്ന് ആഗ്രഹിച്ചു പോകുന്നു. തെറ്റുചെയ്യുന്നവര്‍ ആരായാലും ശിക്ഷിയ്ക്കപ്പെടണം. പക്ഷേ അതു മതം നോക്കിയാവുമ്പോള്‍ കഷ്ടം തന്നെയാണ്.

(ഭാഗം 1 ഇവിടെ)      (ഭാഗം 3 ഇവിടെ)

Thursday

ഭീകരവാദത്തെ കച്ചവടം ചെയ്യുന്നവര്‍ (1)


ലോകമാസകലം ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും സ്ഫോടനങ്ങളുടെയും അതുമൂലമുണ്ടാകുന്ന ജീവഹാനികളുടെയും വാര്‍ത്തകള്‍ ദിനം‌പ്രതി കൂടിക്കൂടിവരികയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതു കൂടുതല്‍ അനുഭവപ്പെടുന്നു. ഇന്ത്യയില്‍ തീവ്രവാദ സംഘടനകള്‍ സ്ഫോടനങ്ങള്‍ക്കാണു മുന്‍‌ഗണന കൊടുക്കുന്നത്. അതുകൊണ്ടുതന്നെ സ്ഫോടനങ്ങളും അതുമായി ബന്ധപ്പെട്ട കലാപങ്ങളും ജീവ - മാനഹാനികളും കൂടുതല്‍ വാര്‍ത്തകളാകുന്നു.

പക്ഷേ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ നടന്ന സ്ഫോടനങ്ങളും അതുമായി ബന്ധപ്പെട്ട കലാപങ്ങളും പരിശോധിച്ചാല്‍ ചില പ്രത്യേക സംഘടനകള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ആവശ്യമായ സന്ദര്‍ഭത്തില്‍ ആരൊക്കെയോ ചേര്‍ന്ന് കല്‍പ്പിച്ചുകൂട്ടി ഉണ്ടാക്കിയതാണെന്നു കാണാം. ഓരോന്നായി എടുത്തു പരിശോധിച്ചാല്‍ ആരൊക്കെയാണ് അവ നടത്തിയതെന്നും ആര്‍ക്കൊക്കെയാണ് അവ ഉപകാരപ്പെട്ടതെന്നും എന്തിനു വേണ്ടിയാണതൊക്കെ ചെയ്തതെന്നും വ്യക്തമായി മനസ്സിലാക്കാം. അതൊന്നും കാണാതെ എന്തെങ്കിലും സംഭവിച്ച ഉടന്‍ അതിന്റെ ഉത്തരവാദിത്വം ഏതെങ്കിലും തീവ്രവാദ സംഘടനയുടെ ചുമലില്‍ വച്ചുകെട്ടി വളരെപ്പെട്ടെന്ന് വലിയ ശുഷ്കാന്തിയോടെ ആരെയെങ്കിലുമൊക്കെ അറസ്റ്റുചെയ്ത് വാര്‍ത്തകള്‍ പടച്ചുവിട്ട് ആഘോഷിയ്ക്കുന്നത് ഇന്നു സര്‍വ്വ സാധാരണമാണ്.

സ്വന്തം രാജ്യത്തിനോ സംഘടനയ്ക്കോ ലാഭം കൊയ്യാന്‍ വേണ്ടി തീവ്രവാദത്തെയും ഭീകരതയെയും കച്ചവടവല്‍ക്കരിയ്ക്കാന്‍ അഹോരാത്രം യത്നിയ്ക്കുന്നവരെ നമ്മള്‍ തിരിച്ചറിയാന്‍ ശ്രമിയ്ക്കുന്നില്ല എന്നതാണ് അത്യന്തം ഖേദകരം. ഭീകരതയെ കച്ചവടവല്‍ക്കരിയ്ക്കുന്ന രാജ്യങ്ങള്‍ അതിനാവശ്യമായ പ്രൊഡക്റ്റായ ശത്രുവിനെ സൃഷ്ടിയ്ക്കുന്ന ജോലി വര്‍ഷങ്ങള്‍ക്കുമുമ്പു തുടങ്ങിയിരിയ്ക്കും. അമേരിയ്ക്കയുടെ ഇറാഖ് അധിനിവേശം തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. ലോകത്തെയാകെ നശിപ്പിയ്ക്കാന്‍ പോന്ന വിധത്തിലുള്ള കൂട്ട നശീകരണായുധങ്ങള്‍ ഇറാഖിന്റെ പക്കല്‍ കൂടിക്കിടക്കുന്നു എന്ന വാര്‍ത്ത അമേരിയ്ക്ക പ്രചരിപ്പിച്ചത് നമ്മള്‍ കണ്ടതാണ്. BBC, CNN, ന്യൂയോര്‍ക്ക്ടൈംസ്, വാഷിങ്ടണ്‍പോസ്റ്റ് മുതലായ മുഖ്യധാരാ മാധ്യമങ്ങളും അവയെ പിന്‍‌തുടര്‍ന്ന് ലോകത്തിലെ മറ്റു നല്ലൊരുശതമാനം മാധ്യമങ്ങളും ഇക്കാര്യത്തില്‍ അധികലാഭം കൊയ്തിട്ടുണ്ട്. തല്‍ഫലമായി ഇറാഖിനെ സംശയദൃഷ്ട്യാ നോക്കാന്‍ ആ രാജ്യത്തെ മോശമായി കണക്കാക്കാന്‍ ഒട്ടുമിയ്ക്ക രാജ്യങ്ങളും തയ്യാറാവുകയും ചെയ്തു. അനന്തരം അമേരിയ്ക്ക ഇറാഖിനെ അക്രമിച്ചു. ഇവിടെ അമേരിയ്ക്കക്ക് ഇറാഖിന്റെമേല്‍ കടന്നുകയറാനുള്ള കച്ചവടതന്ത്രം മാത്രമായിരുന്നു കൂട്ട നശീകരണായുധങ്ങള്‍ ഉണ്ടെന്നുള്ള പ്രചരണം.

ഇന്ത്യയിലും ഇതിനു സമാനമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണു നടക്കുന്നത്. രാജ്യത്തിനുള്ളില്‍ നിന്നായതിനാല്‍ അല്ലറചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടെന്നു മാത്രം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്ഫോടനങ്ങളും മറ്റും ആര്‍ക്കാണ് ഏറ്റവും ഗുണം ചെയ്തത് എന്നു പരിശോധിച്ചാല്‍, ആരാണ് ലാഭം വാരിക്കൂട്ടിയതെന്നു പരിശോധിച്ചാല്‍ അതു സംഘപരിവാറിനും RSSനുമാണെന്നുകാണാം. ഇന്ത്യയിലെ ബഹുഭുരിപക്ഷം മാധ്യമങ്ങളും അവരുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിയ്ക്കുന്നു. സ്ഫോടനങ്ങള്‍ നടത്തുകയും അതു നടന്നയുടന്‍ ഏതെങ്കിലും മുസ്ലിം പേരുള്ള തീവ്രവാദ സംഘടനയുടെ പേര് നിമിഷാര്‍ദ്ധം‌കൊണ്ട് വിളിച്ചു പറയുകയും അതിന്റെ പേരില്‍ കുറച്ചുപേരെ പീഢിപ്പിയ്ക്കുകയും ചെയ്യുന്നു. ഇതു മിയ്ക്കവാറും കരകൌശല വസ്തുക്കള്‍ വ്യാപാരം ചെയ്യുന്ന സാധുക്കളായ കാശ്മീരികളൊ കുമളിയില്‍ താമസിയ്ക്കുന്ന കാശ്മീരിയുവാവായ അല്‍ത്താഫ് എന്ന കച്ചവടക്കാരനോ ഒക്കെയാവാം.

സായുധ പ്രവര്‍ത്തനം നടത്തുന്ന ഭീകര സംഘടനകള്‍ക്ക് ഇതിന്റെയൊന്നും പങ്ക് അവകാശപ്പെടേണ്ട ആവശ്യമില്ല. ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനമൊ സ്ഫോടനമോ നടത്തിയാല്‍ അടുത്തനിമിഷം തന്നെ അവര്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസ്താവനയിറക്കും. ആരൊക്കെയാണ് അതില്‍ പങ്കെടുത്തതെന്നു വെളിപ്പെടുത്തും. എന്തിനുവേണ്ടിയായിരുന്നെന്നു വിളിച്ചുപറയും. അതിനു വേണ്ടി ഒരു അന്വേഷണക്കമ്മീഷനെയും വയ്ക്കേണ്ടതായി വരുന്നില്ല. അങ്ങനെയാണെങ്കില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ സംഭവിയ്ക്കുന്ന കലാപങ്ങളുടെയും സ്ഫോടനങ്ങളുടെയും യഥാര്‍ത്ഥ ഉത്തരവാദി ആരാണ്? ആരാണ് ഈ കച്ചവടത്തിന്റെ ലാഭം അനുഭവിയ്ക്കുന്നത്? എന്താണ് അതിന്റെയൊക്കെ ഉദ്ദേശലക്ഷ്യം?

RSSനും സംഘപരിവാറിനുമാണ് ഇതിന്റെ ഗുണം കിട്ടുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നടക്കുന്ന സ്ഫോടനങ്ങളുടെ ഉത്തരവാദിത്വവും അവര്‍ക്കാണ്.

(ഭാഗം 2 ഇവിടെ)

Sunday

ഒരു ബ്ലോഗുവായനയുടെ ബാക്കിപത്രം

സഹസ്രയോഗ വിധിപ്രകാരം പുളിയില ഇടിച്ചുപിഴിഞ്ഞ ചാറില്‍ കൊട്ടംചുക്കാദി തൈലത്തിന്റെ കല്‍ക്കം ചേര്‍ത്ത് കടുകെണ്ണ ഇലിപ്പയെണ്ണ എള്ളെണ്ണ ആവണക്കെണ്ണ മുതലായ എണ്ണകള്‍ ചേര്‍ത്ത് കാച്ചിയരിച്ചെടുത്ത് യൂക്കാലിതൈലം പച്ചക്കര്‍പ്പൂരം പുല്‍‌ത്തൈലം മുതലായവ ചേര്‍ത്ത് തയ്യാറാക്കിയെടുക്കുന്നതാണ് സ്പെഷല്‍ കൊട്ടം ചുക്കാദി തൈലം. ഈ തൈലം ഒരു സര്‍വ്വ രോഗസംഹാരിയാണ് എന്ന് അവകാശപ്പെടുന്നില്ല. വേദനയ്ക്ക് വളരെ നല്ലതാണ്.

വാതവേദന, വാതപ്പെരുപ്പ്, കാല്‍‌മുട്ടുവേദന, കൈമുട്ടുവേദന, കൈകാല്‍ കടച്ചില്‍, കോച്ച്, കൊളുത്ത്, ഉളുക്ക്, മിന്നല്‍, നടുവേദന, നട്ടെല്ലുവേദന, തലവേദന, പല്ലുവേദന തുടങ്ങിയവയ്ക്കെല്ലാം സിദ്ധൌഷധമാണിത്. പല്ലുവേദനയുണ്ടെങ്കില്‍ ലേശം തൈലം പഞ്ഞിയില്‍‌മുക്കി പല്ലിന്റെ പോടുള്ള ഭാഗത്തുവച്ചാല്‍ വേദന മാറിക്കിട്ടും.

തലവേദനയുണ്ടെങ്കില്‍ ലേശം തൈലം പഞ്ഞിയില്‍‌മുക്കി തലയുടെ പോടുള്ള ഭാഗത്തുവച്ചാല്‍ തലവേദന മാറിക്കിട്ടും! ഹല്ലപിന്നെ....

കൊട്ടോട്ടിക്കാരനും കൊട്ടംചുക്കാദിയും തമ്മില്‍ ബന്ധമൊന്നുമില്ല. കൊട്ടം ചുക്കാതി തൈലത്തിന്റെ നിര്‍മ്മാണവും വിതരണവും കൊട്ടോട്ടിക്കാരന്‍ ഏറ്റെടുത്തിട്ടുമില്ല. എന്നാലും ബൂലോകത്തെ പ്രിയ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ വായിയ്ക്കുന്ന ആളെന്ന നിലയ്ക്ക് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു മുന്നറിയിപ്പും പ്രതിവിധിയും പറഞ്ഞില്ലെങ്കില്‍ മോശമാവുമെന്നു കരുതി ഒന്നു കുറിയ്ക്കുന്നുവെന്നു മാത്രം.

ഈയിടെയായി ബൂലോക സുഹൃത്തുക്കളില്‍ ചിലരുടെ പോസ്റ്റുകള്‍ വായിച്ചാല്‍ ധനനഷ്ടം മാനഹാനി ഇവയിലുപരി കലശലായ വേദനയും സമ്മാനമായി കിട്ടുന്ന വിവരം പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ടാവും. എന്റെ ഒരു സുഹൃത്തിന്റെ ഒരു പോസ്റ്റു വായിച്ച കാ‍രണത്താല്‍ ഊരയുളുക്കിക്കിടക്കാനുള്ള ഭാഗ്യം ഈയുള്ളവനുണ്ടായി. ഇപ്പോള്‍ ജോലിക്കാരുടെ ക്ഷാമം രൂക്ഷമായ സമയത്ത് ഞാനും കൂടിയാണ് എന്റെ ഷോപ്പില്‍ ജോലിചെയ്യുന്നത്. കിടപ്പിലായ കാരണത്താല്‍ ചില വര്‍ക്കുകള്‍ സമയത്തു തീര്‍ത്തു കൊടുക്കാന്‍ കഴിയാത്തതിനാല്‍ കസ്റ്റമര്‍വക കിട്ടിയ തെറി മാനഹാനിയായും, തൈലത്തിനും ഉഴിച്ചില്‍‌ക്കാരന്റെ ഫീസും മുതലായ വകയില്‍ ചെലവായ തുക ധനനഷ്ടമായും, അതിലുപരി ഞാനനുഭവിച്ച തരക്കേടില്ലാത്ത വേദന ബ്ലോഗുപീഢനമായും ഞാന്‍ കണക്കാക്കുന്നു. പക്ഷേ ഇതിനൊക്കെ കാരണക്കാരനായ പ്രസ്തുത ബ്ലോഗര്‍ ഈ കാരണംതന്നെ പറഞ്ഞ് എന്നെ കളിയാക്കിയതില്‍ ഞാന്‍ പ്രതിഷേധിയ്ക്കുന്നു.

ഏതായാലും ഈ മഹാന്മാരുടെ പോസ്റ്റുകള്‍ വായിയ്ക്കുന്ന പാവം വായനക്കാര്‍ മേല്‍ സൂചിപ്പിച്ച തൈലമോ അതുപോലുള്ളവയോ കരുതുന്നതു നന്നായിരിയ്ക്കും.

Popular Posts

Recent Posts

Blog Archive