Sunday

കേരളവികസനം ഒരു മോഹസ്വപ്നമോ

  പത്രവായനയും ചാനൽ വാർത്തകൾ കേൾക്കുന്നതും ന്യൂസ് അവറുകൾ ഫോളോചെയ്യുന്നതും ഇപ്പോൾ തീരെക്കുറച്ചു. ആവശ്യമായ ഒരു വാർത്തയും ഒരിടത്തും കാണാനാവാത്തതുതന്നെയാണു കാരണം. കേരളത്തിന്റെ സാമ്പത്തികവും സാംസ്കാരികവും പാരിസ്ഥിതികവുമായ വളർച്ചയ്ക്കാവശ്യമായ യാതൊന്നും തന്നെ മാധ്യമങ്ങളിൽ കാണുന്നില്ല. രാഷ്ട്രീയ നേതാക്കന്മാരുടെ പൊതു സമ്മേളനപരിപാടികളും രാഷ്ട്രീയ കൊലപാതകങ്ങളും അതുസംബന്ധിച്ച അനാവശ്യ വാർത്തകളും ചർച്ചകളും വിഴുപ്പലക്കലുകളും പങ്കുവയ്ക്കാനാണു മാധ്യമങ്ങൾക്കു താല്പര്യം. അറിയുകയോ അറിയിക്കുകയോ വേണ്ടെന്നല്ല, വാർത്തകൾ അറിയാൻ വേണ്ടിയുള്ളതാണെന്നതു മറന്ന് അതു വിൽക്കാനുള്ളതാണെന്നും അതുകൊണ്ടുതന്നെ വാർത്തകൾ സൃഷ്ടിക്കേണ്ടത് മാധ്യമങ്ങളുടെ അത്യാവശ്യങ്ങളിൽ ഒന്നാണെന്നും വരുമ്പോഴാണു അതു തിരിച്ചറിയാതെ ജനം പോഴന്മാരാവുന്നത്. നമുക്ക് ആവശ്യമുള്ളതല്ലെങ്കിലും നാമവ വായിച്ചുതള്ളുന്നു, കേട്ടു കണ്ണുമിഴിക്കുന്നു. ഒരു ഫലവും കിട്ടില്ലെന്നറിഞ്ഞുകൊണ്ടുതന്നെ പരസ്പരം തർക്കിക്കുന്നു. നമ്മുടെ നേതാക്കന്മാർ ചമയുന്നവർക്കും അവരെ താങ്ങിനിർത്തുന്ന സാമ്പത്തിക ശക്തികൾക്കുമാണ് ഇതിന്റെയെല്ലാം ഗുണം ഏതെങ്കിലുമൊക്കെ തരത്തിൽ വന്നു ചേരുന്നതെന്നും നമുക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും മനസ്സിലാക്കിയോ അല്ലാതെയോ നേതാക്കൾക്കു സിന്ദാബാദ് വിളിക്കുന്നവർ ആ നേതാക്കൾ തന്റെ രാജ്യപുരോഗതിക്കു വേണ്ടി ഏതുതരത്തിൽ പ്രവർത്തിക്കുന്നുവെന്നു നോക്കിക്കാണുന്നതു നന്നായിരിക്കും. കുഞ്ഞു നേതാക്കന്മാരായി വളർന്നുവരുന്ന ചെറുപ്പക്കാർ 40-45വയസ്സാവുമ്പോഴേക്ക് മൾടിമീഡിയണൽസ് ആവുന്നതെങ്ങനെയെന്ന് നാം ഇനിയെങ്കിലും ആലോചിക്കുന്നതു നന്നായിരിക്കും. അവർക്കെന്താണു വരുമാനം, എന്തു ജോലിയാണ് അവർ ചെയ്യുന്നത്? ഇവർക്കൊക്കെ വേണ്ടി ഇലക്ഷനു ചെലവഴിക്കുന്ന കോടിക്കണക്കിനു രൂപ എവിടുന്നു ലഭിക്കുന്നു?

   രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാനോ രാജ്യത്തിന്റെ തനതു സംസ്കാരവും പൈതൃകവും സംരക്ഷിക്കാനോ ആധുനികകാല നേട്ടങ്ങൾ യഥാകാലം കൈവരിക്കാനോ അല്ല നമ്മുടെ ഭരണാധികാരികൾ ഭരണത്തിലേറുന്നതെന്ന് അവരുടെ പ്രവൃത്തികളിൽ നിന്നു തന്നെ വ്യക്തമാണ്. വെള്ളക്കാർ പോയി കൊള്ളക്കാർ വന്നുവെന്നാണ് ഇന്ത്യക്കു പുറത്ത് അധിവസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യയെക്കുറിച്ച് പരിതപിക്കുന്നത്. എണ്ണമില്ലാത്ത പാവങ്ങൾ തങ്ങളുടെ ജീവനും ജീവിതവും കൊടുത്ത് സ്വാതന്ത്ര്യം നേടിയത് അവർ ചെയ്ത മഹാ പാതകമായി തോന്നിപ്പോകുന്നു. വെള്ളക്കാർ കശാപ്പുചെയ്തതിനേക്കാൾ ക്രൂരമായാണ് ഈ കൊള്ളക്കാർ രാജ്യത്തോടു പെരുമാറുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് വെള്ളക്കാർ ഇവിടെ നടപ്പിലാക്കിയ സാങ്കേതിക മികവുകളിൽ ഭൂരിഭാഗവും നശിപ്പിക്കപ്പെടാനാവാതെ ഇവിടെ നിലനിൽക്കുമ്പോൾ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ പ്രാവർത്തികമാക്കിയവയിൽ അഴിമതിയും സ്വജനപക്ഷപാതവും പിടിച്ചുപറിയും കൊള്ളയും ഭരണകൂട ഭീകരതയുടെ അവിഭാജ്യഘടകമായ നീതി നിഷേധങ്ങളും കൊലകളും കഴിഞ്ഞാൽ മറ്റെന്താണ് നമുക്ക് എടുത്ത് കാട്ടാനുള്ളത്?

   രാജ്യദ്രോഹിയായതുകൊണ്ടോ രാജ്യത്തോടു സ്നേഹമില്ലാത്തതുകൊണ്ടോ പറയുന്നതല്ല. സ്വാതന്ത്ര്യാനന്തരം അർഹതയുള്ള കരങ്ങളിലല്ല ഇതുവരെ ഭരണം കിട്ടിയതെന്നു പറയാതിരിക്കാൻ വയ്യ. ഇവർക്കൊക്കെ ഇങ്ങനെ കുട്ടിച്ചോറാക്കാൻ വേണ്ടി മാത്രമാണ് ഇന്ത്യയെ സ്വതന്ത്രയാക്കിയതെന്നു തോന്നിപ്പോവുന്നു. ജനങ്ങളെ ചൂഷണം ചെയ്ത് സുഖ സുഷുപ്തിയിലാറാടാൻ മാത്രമാണ് നമ്മുടെ ഭരണകർത്താക്കളുടെ ശ്രമം. 1947നു മുമ്പുള്ള അമ്പതു കൊല്ലവും സ്വാതന്ത്ര്യത്തിനു ശേഷമുള്ള അറുപത്തഞ്ചുകൊല്ലവും ചേർത്തു നോക്കിയാൽ സമയബന്ധിതമായി സാങ്കേതികത്തികവോടെ സായിപ്പു കൊണ്ടുവന്ന നിർമ്മാണ-പരിഷ്കാരങ്ങളുടെ 25%പോലും ആധുനിക സാങ്കേതിക വിദ്യകൾ ലഭ്യമാകുന്ന ഇക്കാലത്ത് നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നു കാണാൻ കഴിയും. നടപ്പിലായ സംഗതികളാവട്ടെ യാതൊരു സമയനിഷ്ഠയും പാലിക്കാതെ അനാവശ്യമായി രാജ്യസമ്പത്ത് ചെലവഴിക്കപ്പെട്ട് കൊട്ടിഘോഷിച്ചു വിളംബരം ചെയ്തറിയിച്ച ഗുണമേന്മയുടെ ഏഴയലത്തുപോലും ചെല്ലാത്തവിധം തട്ടിക്കൂട്ടിയതുമായിരിക്കും.

   കൊല്ലത്തിനടുത്തു പുനലൂരിലുള്ള തൂക്കുപാലം ഇതിന് കേരളത്തിലെ ഒരുദാഹരണമാണ്. നമ്മുടെ സമ്പത്തുകൊള്ളയടിക്കാൻ നിർമ്മിച്ചതാണെന്ന് നാം വാ തോരാതെ ആക്ഷേപിക്കുമ്പോഴും അതിന്റെ ഒരു ലോക്കുപോലും തുറക്കാൻ നമ്മുടെ ആധുനിക സാങ്കേതിക വിദ്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നത് നാം സൗകര്യപൂർവ്വം മറക്കുന്നു. അശാസ്ത്രീയമായി സർക്കാർ സ്ഥാപിച്ച ഭാരം കൂടിയ പൈപ്പുലൈൻ ആ പാലത്തിന്റെ പലകകളെ തകർത്തുകളഞ്ഞിരുന്നില്ലെങ്കിൽ ഇപ്പോഴും അതു ഗതാഗതയോഗ്യമായിരുന്നേനെ.  1877ൽ പണിപൂർത്തിയാക്കിയ ഈ പാലത്തിൽ അന്നു പാകിയ പലകകളെ പൈപ്പിൽനിന്നൊഴുകിയ ക്ലോറിൻ ജലം അടുത്തകാലത്താണു നശിപ്പിച്ചുകളഞ്ഞത്. നിരന്തര പ്രതിഷേധപ്രക്ഷോഭങ്ങളുടെ ഭാഗമായി സർക്കാർ പകരം സ്ഥാപിച്ച മരപ്പലകകൾ ആറുമാസം കൊണ്ട് പൊളിഞ്ഞുതുടങ്ങി മൂന്നുവർഷം കൊണ്ട് ആയുസ്സൊടുങ്ങിയെന്നിടത്താണ് നമ്മുടെ സാങ്കേതികത്തികവിനെയും ആത്മാർത്ഥതയെയും അളക്കേണ്ടത്. ഇത്രയും കാലം കേടുകൂടാതിരിക്കാൻ എന്തു ടെക്നോളജിയാണ് ആ പലകകളിൽ സായിപ്പുപയോഗിച്ചിരുന്നതെന്ന് ആരും അന്വേഷിക്കുന്നില്ല. പിന്നെയല്ലേ ഈ കാലഘട്ടത്തിലെ ടെക്നോളജി പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതികളെപ്പറ്റി ആലോചിക്കുന്നത്!

                  പുനലൂർ തൂക്കുപാലം പലകപാകി മിനുക്കിയപ്പോൾ (ഫോട്ടോ അരുൺ പുനലൂർ)

                                     സായിപ്പിന്റെ കരവിരുത്, തെമ്മല റെയിൽ പാലം (അരുൺ പുനലൂർ)

   ഇതുപോലെതന്നെയാണ് മുമ്പു കമ്പ്യൂട്ടർ വന്നപ്പോഴും നമ്മൾ പ്രതികരിച്ചത്. കമ്പ്യൂട്ടർ എന്നാലെന്താണെന്നോ എങ്ങനെയാണ് അതു പ്രവർത്തിക്കുന്നതെന്നോ നാം അന്വേഷിച്ചില്ല. അതുകൊണ്ടുതന്നെ അതു തൊഴിൽ സംരംഭം വർദ്ധിപ്പിക്കുമെന്നോ ജനങ്ങളുടെ വിദ്യാഭ്യാസ-ജീവിത-സാമ്പത്തിക നിലവാരം തത്ഫലമായി ഉയരുമെന്നോ യഥാസമയം നമുക്കറിയാൻ കഴിഞ്ഞില്ല. ഏതു ടെക്നോളജി വന്നാലും നാം അതിനെക്കുറിച്ചു പഠിക്കാനോ നല്ലതെങ്കിൽ അംഗീകരിക്കാനോ നാം തയ്യാറാകുന്നില്ല. സാധാരണ നാട്ടുമ്പുറത്തെ പ്രേമത്തോട് വീട്ടുകാർക്കുള്ള നിലപാടുപോലെയാണിത്. തമ്മിൽ ചേർച്ചയുണ്ടോ ഒരുമിച്ചാൽ കുഴപ്പമുണ്ടോ തങ്ങളുടെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും നിരക്കുന്നതാണോ എന്നൊന്നും നോക്കാറില്ല. കേട്ടാൽ ആദ്യപടിതന്നെ എതിർക്കുക എന്നതാണ് പൊതുവേയുള്ള നയം. ഒരു ഗുണവുമില്ലെങ്കിൽ എതിർത്താൽപ്പോരേയെന്നു ചോദിക്കരുത്. അവകാശങ്ങളെ പിടിച്ചുവാങ്ങാനും അതിനുവേണ്ടി ഏതറ്റം വരെ എതിർക്കാനും ചെറുത്തു തോൽപ്പിക്കാനും മാത്രമാണ് നേതാക്കന്മാർ നമ്മളെ പഠിപ്പിക്കുന്നത്. കടമകളും കർത്യവ്യങ്ങളും സാമൂഹ്യപ്രതിബദ്ധതയോടെ സമൂഹത്തിൽ നടപ്പാക്കാൻ ആരും പഠിപ്പിക്കുന്നില്ല. അത്തരത്തിൽ ബോധം വികസിച്ച സമൂഹത്തിൽ ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് സ്ഥാനമുണ്ടാവില്ലെന്ന് അറിയേണ്ടവർക്കു നന്നായറിയാം. അതുകൊണ്ടാണ് സ്വാതന്ത്ര്യം നേടിയത് ഇവന്മാർക്ക് കട്ടുമുടിക്കാൻ മാത്രമേ ഉപകരിച്ചുള്ളൂവെന്നും അങ്ങനെ സംഭവിച്ചിരുന്നില്ലെങ്കിൽ ഈ രാജ്യവും ഇവിടത്തെ ജനസമൂഹവും ഇതിനെക്കാൾ എത്രയോ ഉയർന്ന നിലവാരത്തിൽ മെച്ചപ്പെട്ട സൗകര്യത്തോടെ കഴിയുമായിരുന്നുവെന്നും തോന്നിപ്പോകുന്നത്.

   അഭ്യസ്ഥവിദ്യരുടെ പർവ്വതശിഖരികൾ നിരന്തരം മുളച്ചുപൊങ്ങുന്ന നമ്മുടെ നാട്ടിൽ യഥാർത്ഥ വിദ്യാഭ്യാസം ആരും നേടുന്നില്ലെന്നതാണു വാസ്തവം ഇന്ത്യക്കാർ ഒരിക്കലും വിദ്യാഭ്യാസപരമായി നന്നാവുന്നത് ആർക്കൊക്കെയോ പ്രശ്നമുണ്ടാക്കുമെന്നു തോന്നുന്നു. ഇംഗ്ലീഷ് ബിരുദങ്ങൾ ഉയർന്നമാർക്കിൽ വിജയിച്ചവനും ഇംഗ്ലീഷിൽ സംസാരിക്കാൻ തപ്പിത്തടയുന്നവിധത്തിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ വികലീകരിച്ചു ക്രമപ്പെടുത്തിയിരിക്കുന്നതിനെപ്പറ്റി ആരും സംസാരിച്ചുകാണുന്നില്ല. സാംസ്കാരികമായ വിദ്യാഭ്യാസത്തിനുപകരം സംസ്കാരമില്ലാത്ത വിദ്യാഭ്യാസമാണു വലിയവിലകൊടുത്ത് നേടിയെടുക്കുന്നത്. ഇത്തരം തലതിരിഞ്ഞ കേവലം ഒരു ജോലിയെന്ന ലക്ഷ്യം മാത്രം പേറുന്ന വിദ്യാഭ്യാസം എല്ലാത്തരക്കാർക്കും നേടിക്കൊടുക്കുന്നതിൽ മാത്രം ശ്രദ്ധകാട്ടുന്ന കാശിന് ആർത്തിമൂത്ത കുത്തക മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഭരണാധികാരികളും സാമാന്യമനസ്സുകളെ മാസികമായും സാമുദായികമായും ഭിന്നിപ്പിച്ചു നിർത്താൻ കൂടി മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസമുള്ള "ഭീകരന്മാർ" കഴുത്തറുത്തു തുടങ്ങുന്നത് അങ്ങനെയാണ്. എന്തൊക്കെ അഴിമതിയും വൃത്തികേടും നടത്തിയാലും ഉദ്യോഗസ്ഥരെ താങ്ങിനിർത്തുന്ന ശാപയൂണിയനുകൾ കൂടിയാകുമ്പോൾ ചിത്രം ഏകദേശം പൂർത്തിയാവുന്നു. തൊഴിലെടുപ്പിക്കുന്നതിലല്ല തൊഴിൽ മുടക്കുന്നതിലാണ് ഇത്തരക്കാർക്കു കൂടുതൽ താൽപ്പര്യം.

   രാജ്യത്തിന്റെ പുരോഗതിയും നിലവിലെ സംവിധാനങ്ങളുടെ വികസനവും സ്വപ്നം പോലും കാണാത്ത ഭരണാധികളോട് ഇനിയുള്ള കാര്യങ്ങൾ ഇപ്പോൾ പറഞ്ഞാൽ എത്രകണ്ട് കാര്യമുണ്ടാവുമെന്ന് സംശയമുണ്ട്. ഭാഗ്യമെന്നു പറയട്ടെ കേരളത്തിലെ രണ്ടു മന്ത്രിമാർ ഇക്കാര്യങ്ങൾ കേൾക്കാനും അതിൽത്തന്നെ ഒരാൾ ഏതാണ്ട് പതിനഞ്ചു മിനിട്ടോളം സംസാരിക്കാനും തയ്യാറായി. ജനസമ്മതനായ അല്ലെങ്കിൽ അങ്ങനെ സ്വയം അവകാശപ്പെടുന്ന ഒരു മന്ത്രിയാവട്ടെ തിരക്കാണെന്നു പറഞ്ഞൊഴിഞ്ഞു. ഈ കാര്യങ്ങൾ ഇപ്പോൾ സംസാരിച്ചാൽ ശരിയാവില്ലെന്നു കരുതിക്കാണും. ശരിയാണ്, ഒരമ്പതുകൊല്ലം കഴിഞ്ഞ് പറയുന്നതാവും നല്ലത്.

   കന്യാകുമാരിമുതൽ മംഗലാപുരം വരെ നീണ്ടുകിടക്കുന്ന എട്ടുവരിപ്പാതയും മെട്രോറെയിലും സർക്കാർഖജനാവിൽനിന്ന് ഒരുരൂപാപോലും ചെലവഴിക്കാതെ പൊതുജനങ്ങളിൽ നിന്ന് ഒറ്റരൂപാ ടോൾപിരിക്കാതെ, ഒരാളുടെപോലും എതിർപ്പു നേരിടാതെ, ശ്രമിച്ചാൽ മൂന്നു വർഷത്തിനുള്ളിൽ നടപ്പിലാക്കാൻ കഴിയുമെന്ന് ഇപ്പോൾപ്പറഞ്ഞാൽ ചിലരെങ്കിലും ഭ്രാന്തനെന്നു വിളിച്ചേക്കാം. പക്ഷേ ലോകമെന്നാൽ കേരളം മാത്രമല്ലെന്ന് തിരിച്ചറിയുന്നവർക്കു പക്ഷേ വിശ്വസിക്കാൻ പ്രയാസമുണ്ടാവില്ല. റോഡുമാത്രമല്ല നഷ്ടത്തിലെന്ന് നമ്മൾ അവകാശപ്പെടുന്ന കെ.എസ്.ഇ.ബി.യും കെ എസ് ആർ ടി സി.യും എല്ലാം ലാഭകരമായി മാറ്റാൻ, ഇന്ത്യൻ രൂപയുടെ മൂല്യം അനുദിനം തകരുന്നതിൽ നിന്ന്  മൂല്യവളർച്ച നിഷ്പ്രയാസം നേടാൻ, അങ്ങനെ എല്ലാറ്റിനും ഒറ്റമൂലിയുള്ള നമ്മുടെ നാട്ടിൽ ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ഉണ്ടായാൽ മാത്രം മതി. ഒരുപകാരവുമില്ലാതെ ശകുനംമുടക്കിയായി നിൽക്കുന്ന ചില അനാവശ്യ നിയമങ്ങളിൽ ഭേദഗതി വരുത്തുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. അത്തരം ചില നിയമങ്ങൾ ഇത്തരം പദ്ധതികളെ ഗർഭത്തിൽത്തന്നെ കൊന്നുകളയുന്നുണ്ട്.

   സൗദി-ബഹറൈൻ പാലമുൾപ്പടെ (ആ പാലത്തിലൂടെ സഞ്ചരിച്ചിട്ടുള്ളവർക്ക് അതിലെ സൗകര്യങ്ങളെ കൂടുതൽ വിശദീകരിക്കാനാവും, കേവലം പതിട്ടുമാസം മാത്രമാണ് അതിന്റെ ഇലക്ട്രിക്കൽ ലേയൗട്ട് വർക്കുകളുൾപ്പടെ ആവശ്യമായി വന്നതെന്നുകൂടി ചേർത്തു വായിക്കുക) ഇരുപതോളം രാജ്യങ്ങളിലെ വൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ച ടി.കെ. രവിനാഥൻപിള്ള കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന കൈരളിനെറ്റ് എന്ന വാർത്താമാസികയിൽ ഇതേക്കുറിച്ച് വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. കന്യാകുമാരി മുതൽ മംഗലാപുരം വരെയുള്ള എട്ടുവരി കോൺക്രീറ്റുപാത നിർമ്മിക്കുക. അടുത്ത നൂറു വർഷത്തേക്ക് മെയിന്റനൻസ് ആവശ്യമുണ്ടാവില്ലെന്നു മാത്രമല്ല  നാലുവരികളെ വേർതിരിച്ചുകൊണ്ട് രണ്ടുവരി മെട്രോ റയിൽ പദ്ധതിയും നടപ്പിലാവും. അതതു ദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിന് ഇതു സഹായകമാകും. ഇതര ഗതാഗത, വ്യാപാര, ജീവിത സമ്പ്രദായങ്ങൾ പരസ്പരം ബന്ധിക്കപ്പെടും. ടയർ മൈലേജ് 50% കൂടും, വാഹനത്തിന്റെ കേടുപാടുകൾ കുറയും, ടയർബ്ലാസ്റ്റ് മൂലമുണ്ടാവുന്ന അപകടങ്ങൾ ഗണ്യമായി കുറയുകയും ചെയ്യും. ഹൈടെക് റോഡിൽ സ്ഥാപിക്കുന്ന 20000ത്തിലധികം വരുന്ന എൽ.ഇ.ഡി പരസ്യബോർഡുകൾ റോഡുനിർമ്മാണത്തിനാവശ്യമായ തുക സംഘടിപ്പിച്ചുതരും. അവയ്ക്കാവശ്യമായ വൈദ്യുതി സൗരോർജ്ജമുപയോഗിച്ച് ഉൽപ്പാദിപ്പിക്കും.

  പ്രധാനമായും ഇതിനൊക്കെ തടസ്സമാകുന്നത് സർക്കാരുകൾ കാലാകാലം ജനങ്ങൾക്കു നൽകിയ പാഴ്‌വാഗ്ദാനങ്ങളും ഉറപ്പുകളുമാണ്. ഓരോ പദ്ധതികളും നടപ്പിലാവുമ്പോൾ ഒഴിച്ചുമാറ്റപ്പെടുന്നവരുടെ അവസ്ഥ മനസ്സിലാക്കാതെ കണ്ണടക്കുന്ന ഭരണ സംവിധാനങ്ങൾ ശാപം തന്നെയാണ്. അതുകൊണ്ടുതന്നെ ആദ്യം നടപ്പിലാവേണ്ടതും തീരദേശത്തുള്ളവരുടെ പുനരധിവാസമാണ്. തീരത്തു നിന്ന് ഒരുകിലോമീറ്ററിനുള്ളിൽ ഹൈടെക് ഗ്രാമങ്ങൾ നിർമ്മിക്കണം. പൊളിഞ്ഞകൂരകളിൽ അന്തിയുറങ്ങുന്ന തൊഴിലാളികൾ ആ ഫ്ലാറ്റുകളിൽ സുരക്ഷിതരായിരിക്കും. അവരുടെ വള്ളവും വലയും മറ്റെല്ലാ സംവിധാനങ്ങളും റഡാർ സംവിധാനത്തിൽ സംരക്ഷിക്കപ്പെടും. കൂട്ടത്തിൽ കടലിൽ നിന്നുള്ള തീവ്രവാദ പ്രവർത്തനങ്ങളും തടയപ്പെടും. ഈ  താമസ സംവിധാനം ആദ്യംതന്നെ നടപ്പിലാക്കിയാൽ ഒരൊഴിപ്പിക്കലിന്റെ ആവശ്യം സ്വപ്നം മാത്രമാവും. പാത വികസനത്തിനായി തെക്കുവടക്ക് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾക്കുപയോഗിക്കുന്ന തുകയുടെ ചെറിയൊരു ശതമാനം മതി ഈ ഭവനപദ്ധതി നടപ്പിലാക്കാൻ.

  അൻപതു വർഷമെങ്കിലും പിന്നിൽ ജീവിക്കുന്ന നമ്മുടെ ഭരണാധികാരികൾക്ക് ഇതു സങ്കൽപ്പിക്കാൻ പോലും പ്രയാസം കാണും. പക്ഷേ വികസിത രാജ്യങ്ങൾ സമയബന്ധിതമായി ഇത്തരം ഹൈടെക് വിദ്യകൾ ഉദ്ദേശിക്കുന്ന തുകയിൽ തീരുമാനിച്ച വിധത്തിൽ പൂർത്തീകരിക്കുമ്പോൾ അവയിലെല്ലാം തന്നെ തലയുള്ള ഒരു മലയാളിമണമെങ്കിലും ഉണ്ടാവുമെന്നത് നാം ഓർക്കുന്നതു നന്നാവും.

Popular Posts

Recent Posts

Blog Archive