Sunday

സരിതയും ആർ. വി. ജി. മേനോനും പിന്നെ മനോരമയുടെ മണ്ടത്തരവും


 എല്ലാ ശാസ്ത്രങ്ങളുടെയും അടിസ്ഥാനം സാമ്പത്തിക ശാസ്ത്രമാണ്. ഇതിന് വിധേയമല്ലാത്തമൊരു ശാസ്ത്രവും സാമ്പത്തിക പിൻബലമില്ലാത്തതുകൊണ്ട് ദീർഘകാലം നിലനിൽക്കില്ല. ഏതൊക്കെ മേഖലകളിലായാലും ഈ പരമാർത്ഥം ആർക്കും നിഷേധിക്കാനും പറ്റില്ല.

  വിദേശരാജ്യങ്ങളിലെ ന്യൂക്ലിയർ വൈദ്യുതനിലയങ്ങളിലെ മിച്ച വൈദ്യുതിയും ചൈനയിലെ ഏറ്റവും വിലകുറഞ്ഞ ജല വൈദ്യുതിയും ഉപയോഗിച്ച് മൂന്ന് അമേരിക്കൻ കുത്തകക്കമ്പനികൾ നിർമ്മിക്കുന്ന സോളാർ വൈദ്യുത മോഡ്യൂളുകൾ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിൽ വിറ്റ് അതേ കുത്തകകൾ സഹസ്രകോടികൾ കൊള്ളയടിക്കുകയാണ്. അവരാരും മറ്റുള്ള വൈദ്യുതോല്പാദന മേഖലകൾ ഉപേക്ഷിച്ച് “ലഭകരമായ” സോളാർ വൈദ്യുതി വിൽപ്പനക്കുവേണ്ടി വ്യാവസായികമായി ഉല്പാദിപ്പിക്കുന്നില്ല  എന്നത് മനഃപൂർവ്വം മൂടിവെക്കുകയാണ്.

   വൻകിട വിദേശ കുത്തൾക്കുമാത്രം അനേകകോടികൾ ലാഭമുണ്ടാക്കികൊടുത്ത് അതിൽനിന്നു ലഭിക്കുന്ന കോടികളുടെ കമ്മീഷൻ കീശയിലാക്കാൻ മാത്രം പടച്ചുണ്ടാക്കിയതാണ് ഇപ്പോഴത്തെ സോളാർ പാനൽ നിർബ്ബന്ധമാക്കിയ സർക്കാർ പരിപാടി. ലോകത്തൊരിടത്തും സാധാരണക്കാരൻ ലാഭകരമായി സോളാർ വൈദ്യുതി നഗരങ്ങളിൽ ഗർഹികാവശ്യത്തിന് ഉപയോഗിക്കുന്നില്ല. ഉല്പാദന മേഖല ലാഭകരമല്ലെന്നതുതന്നെ കാരണം. ഇപ്പോഴത്തെ നിരക്കനുസരിച്ച് സോളാർ വൈദ്യുതിക്ക് യൂണിറ്റിന് 19 രൂപയോളം വിലവരുമ്പോൾ ഗാർഹികാവശ്യത്തിനുള്ള യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാൻ രണ്ടുലക്ഷത്തിലധികം രൂപ മുടക്കേണ്ടിയും വരുന്നു. കെ എസ് ഇ ബി യുടെ വൈദ്യുതി നാലുരൂപക്കാണ് കിട്ടുന്നതെന്ന് ഓർക്കുക.

  2012 മാർച്ച് ആദ്യവാരം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ആർ വി ജി മേനോന്റെയും സരിതയുടേയും വിദേശ കുത്തകളുടേയും നേതൃത്വത്തിൽ സോളാർ വൈദ്യുതിയെക്കുറിച്ച് ഒരു ബഡാ സെമിനാർ നടക്കുകയുണ്ടായി.  മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്ത സെമിനാറിൽ വകുപ്പുതല മേധാവികളും ഇതര ഉന്നത ഉദ്യോഗസ്ഥന്മാരും സംബന്ധിച്ചിരുന്നു.

തുടർന്ന് മാർച്ച് 24ന് മനോരമയിൽ ആർ വി ജി മേനോന്റെ കാഴ്ചപ്പാട് ലേഖനം കേരളത്തിൽ തങ്കസൂര്യോദയമുണർത്തി വെണ്ടക്കാ നിരത്തി!  ഇടുക്കി റിസർവോയറിൽ സോളാർ പാനലുകൾ നിരത്തിവച്ചുണ്ടാക്കുന്ന വൈദ്യുതി ഉപയോഗിച്ച് മഹാത്ഭുതം സൃഷ്ടിക്കാമെന്ന് ആർ വി ജി വിളമ്പി. റിസർവോയറിന് 800 മീറ്റർ താഴെ വൈദ്യുതോല്പാദനം കഴിഞ്ഞ് പുറത്തു വരുന്ന ജലം സോളാർ വൈദ്യുതി ഉപയോഗിച്ച് തിരിക ഡാമിലെത്തിക്കാമെന്ന മണ്ടൻ വിശദീകരണം അപ്പടി നിരത്തി മനോരമയെന്ന പത്രം മണ്ടത്തരമെഴുന്നള്ളിക്കുന്നതിൽ ഒന്നാമതായി. ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അഞ്ചിരട്ടിയിലധികം വേണം ഈ കർമ്മം നടപ്പിലാക്കാൻ എന്നത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിപോലുമില്ലാത്ത പത്രമായി മനോരമ മാറി.

   നിലവിൽ ഇടുക്കിയിലെ ആകെയുള്ള ആറു ജനറേറ്ററുകൾ ഉല്പാദിപ്പിക്കുന്ന 770 മെഗാവാട്ട് വൈദ്യുതി മുഴുവനായി ഉപയോഗിച്ചാൽ പോലും രണ്ടു ജനറേറ്ററിൽ വൈദ്യുതി ഉല്പാദിപ്പിച്ച് പുറന്തള്ളുന്ന ജലം പോലും തിരികെ ഡാമിലെത്തിക്കാൻ കഴിയില്ലെന്നതാണു വാസ്തവം.  മുഴുവൻ ജലവും സംഭരണിയിലെത്തിക്കാൻ ആവശ്യമായ വൈദ്യുതി സോളാറുപയോഗിച്ച് ഉല്പാദിപ്പിക്കാമെങ്കിൽ അത് അഞ്ചിലൊന്നു വൈദ്യുതി ഉല്പാദിപ്പിക്കാൻ പാഴാക്കാതെ നേരേ വിതരണത്തിന് ഉപയോഗിച്ചുകൂടേ? മനോരമയിൽത്തന്നെ ജോലിചെയ്യുന്ന മെക്കാനിക്കൽ ഇലക്ട്രിക്കൽ ബിരുദമുള്ള ആരോടെങ്കിലും അഭിപ്രായമാരാഞ്ഞിരുന്നെങ്കിൽ ഈ അബദ്ധം അവർക്ക് ഒഴിവാക്കാമായിരുന്നു. വായനക്കാരോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ സാമ്പത്തിക ശാസ്ത്രത്തിന്റെ യാതൊരു പിന്തുണയുമില്ലാത്ത ആർ. വി. ജി. യുടെ ലേഖനം പ്രസിദ്ധീകരിച്ചത് അബദ്ധമായിപ്പോയെന്ന് മനോരമ ഇനിയെങ്കിലും സമ്മതിക്കണം.

     ഏപ്രിൽ 14ന് ആർ വിജിയുടെ വീട്ടിൽ സോളാർ സ്ഥാപിച്ചു എന്നാണു വിവരം. കേന്ദ്രഗവർമെന്റ് ഏജൻസികൾ വിദേശത്തുനിന്ന് രണ്ടുലക്ഷം രൂപയിലധികം മുടക്കി വാങ്ങിയ സൗരോർജ്ജപാനൽ അദ്ദേഹത്തിന് ഒരു ലക്ഷത്തിനാണ് ലഭിച്ചത്. സരിതയാണ് അവിടെ അതു സ്ഥാപിച്ചു കൊടുത്തതെന്നാണ് പിന്നാമ്പുറ വർത്താനം. കൺട്രോൾ പാനലിന്റെ അരലക്ഷവും നാലു ബാറ്ററികൾക്കു വേണ്ടിയുള്ള അരലക്ഷവും ചേർത്ത് രണ്ടുലക്ഷമാണ് ചെലവ്. പാനലുകൾക്ക് പത്തുവർഷം വരെയും ബാറ്ററികൾക്ക് നാലുവർഷം വരെയാണ് പരമാവധി ആയുസ്സ്. പത്തുവർഷം തികച്ച് ഉപയോഗിക്കാൻ 75000 രൂപയുടെ ബാറ്ററികൂടി വേറേ വാങ്ങേണ്ടിയും വരും. അപ്പോൾ ചെലവ് പത്തുവർഷത്തേക്ക് 275000 രൂപ. പ്രതിദിനം 5 യൂണിറ്റ് വൈദ്യുതിവച്ച് 18250 യൂണിറ്റ് വൈദ്യുതിയാണ് ഇക്കാലയളവിൽ പരമാവധി ഉല്പാദിപ്പിക്കാൻ കഴിയുന്നത്. അതായത് യൂണിറ്റൊന്നിന് 15.06 രൂപ. കേന്ദ്രകവർമെന്റിന്റെ പാനൽ വിഹിതമായ ഒരുലക്ഷം കൂടി ചേർത്താണെങ്കിൽ ഇത് 20.54 രൂപയാകും. ഉപയോഗശൂന്യമാകുന്ന ബാറ്ററികളിലെ ലെഡ് ആസിഡും ഫോട്ടോഓൾട്ടിക് സെല്ലുകളിലെ . കാഡ്മിയം ഓക്സൈഡുകളും സൃഷ്ടിക്കുന്ന മാലിന്യം ശുദ്ധീകരിക്കാൻ വേണ്ടിവരുന്ന ചെലവുകൂടി ഉൾപ്പെടുത്തിയാൽ ഒരു യൂണിറ്റ് സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് അൻപതു രൂപയിലധികം ചെലവുവരും. ഇതാണ് സോളാർ വിഷയത്തിൽ സരിതയുടേയും ആർ വി ജി മേനോന്റെയും ലാഭസാമ്പത്തിക ശാസ്ത്രം!

  ലോകത്തെവിടെയെങ്കിലും 10HPയുടെ സ്ക്വരൾഗേജ് ഇൻഡക്ഷൻ മോട്ടോർ സോളാർ വൈദ്യുതി ഉപയോഗിച്ച് സാമ്പത്തികമായി ലാഭത്തിൽ പ്രവർത്തിക്കുന്നതായി ആർ വി ജി മേനോനോ സോളാറിൽ സൂര്യോദയമൊരുക്കുന്ന മറ്റാർക്കെങ്കിലുമോ തെളിയിക്കാൻ സാധിക്കില്ല.

  കൂടം കുളത്ത് ആണവ നിലയത്തിനും അമേരിക്കൻ കുത്തകൾക്കും എതിരേ സമരം ചെയ്യുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതാക്കൾക്ക് അതേ കുത്തകകളുടെ ആണവ വൈദ്യുതിയുടെ ഉപോൽപ്പന്നമായ സോളാർ പാനലുകൾ ഉപയോഗിക്കുന്നതിന് ഒരുളുപ്പുമില്ല. സമരം ചെയ്യുന്നവരുടെ നേതാക്കൾക്ക് സമരം തൊഴിലാണ്. അതുകൊണ്ടുതന്നെ സമരങ്ങൾക്ക് പരിഹാരമുണ്ടാവാനോ അത് ആത്മാർത്ഥതയോടെയാകാനോ അവർ ശ്രമിക്കാറുമില്ല. കുത്തകൾക്ക് കാശുണ്ടാക്കിക്കൊടുക്കുന്നതിൽ ഇക്കൂട്ടർക്കുള്ള പങ്ക് ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. വിദേശരാജ്യങ്ങളിൽ ഭൂരിഭാഗം വീടുകളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്നുണ്ട് എന്ന ആർ വി ജി യുടെയും മനോരമയുടേയും “കണ്ടെത്തൽ” കൂടി ഇതിനോട് ചേർത്ത് വായിക്കുക.

Wednesday

അരീക്കോടൻ മാഷിന് നാഷണൽ അവാർഡ്

 
നാഷണൽ സർവീസ് സ്കീമിന്റെ ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ഇന്ദിരാഗാന്ധി എൻ.എസ്.എസ് ദേശീയ പുരസ്കാരം രാജ്യത്തെ പ്രഗത്ഭരായ പത്തുപേർക്ക് സമ്മാനിച്ച വിവരം ഇതിനകം നമ്മൾ അറിഞ്ഞതാണ്. തെരഞ്ഞെടുത്ത ആ പത്തുപേരിൽ ഒരാൾ നമ്മുടെ സഹചാരിയും സുഹൃത്തും ബ്ലോഗ്‌ലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരനുമായ ആബിദ് അരീക്കോട് എന്ന അരീക്കോടൻ ആയിരുന്നു എന്നത് അധികം ആരും അറിഞ്ഞുകാണില്ല.
  
               അദ്ദേഹം അവാർഡ് ഏറ്റുവാങ്ങുന്നതിന്റെ മനോഹര ദൃശ്യങ്ങൾ താഴെ NSSന്റെ കേരളത്തിന്റെ പുരസ്കാരം ഇക്കഴിഞ്ഞ രണ്ടുപ്രാവശ്യവും അരീക്കോടൻ മാഷിനായിരുന്നു ലഭിച്ചിരുന്നത് എന്നത് നമുക്ക് ഏറെ സന്തോഷം പകർന്നിരുന്നല്ലോ. ഇപ്പോൾ രാജ്യത്തെ ഏറ്റവും പ്രഗത്ഭനുള്ള  എൻ എസ് എസ്  പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചിരിക്കുകയാണ്. ഇന്ദ്രപ്രസ്ഥത്തിന്റെ പ്രൌഢിയായ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ നവമ്പർ 19ന് നടന്ന ചടങ്ങിൽ  ഇന്ത്യൻ പ്രസിഡണ്ട് ശ്രീ പ്രണബ്‌മുഖർജിയിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. മലയാളികളായ നമുക്കേവർക്കും നമ്മുടെ കൂട്ടത്തിലൊരാൾ നേടിയെടുത്ത ഈ അഭിമാനമോർത്ത് സന്തോഷിക്കാം. ആബിദ് അരീക്കോട് എന്ന ബ്ലോഗർ അരീക്കോടനെ നമുക്ക് അഭിനന്ദിക്കാം.

Monday

കാതികൂടം - പ്രശ്നവും പരിഹാരവും


 കാതികൂടം നിറ്റാ ജലാറ്റിന്‍ കമ്പനിയും അതുണ്ടാക്കുന്ന മാലിന്യ പ്രശ്‌നങ്ങളും കമ്പനിക്കെതിരേയുള്ള സമരങ്ങളും വാര്‍ത്താക്കച്ചവടത്തിന് വിഭവമൊരുക്കുകയാണിപ്പോൾ. മാലിന്യോല്‍പാദനത്തിന്റെ യഥാര്‍ത്ഥ കാരണവും അതിനുള്ള പ്രതിവിധിയും ചര്‍ച്ച ചെയ്യാന്‍ ന്യൂസ്അവറുകളില്‍ പെറ്റുകിടക്കുന്ന തല്‍സമയ ചര്‍ച്ചക്കാരും അതെല്ലാം വിറ്റ് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമ സമൂഹവും തെല്ലും ശ്രമിക്കുന്നില്ല എതാണു വാസ്തവം.

 മുന്‍കാലങ്ങളില്‍ ശാസ്ത്രീയമെന്നു വിശേഷിപ്പിക്കപ്പെട്ട് നടപ്പിലാക്കിയതാണ് നമ്മുടെ എല്ലാ സംവിധാനങ്ങളും. അക്കാലത്ത് അത് നൂതനം തയൊയിരുന്നു. അവ കാലം കഴിയുന്തോറും കാലഹരണപ്പെട്ടതോ പുതിയ ടെക്‌നോളജി വരുമ്പോള്‍ അപരിഷ്‌കൃതമെന്നു തെളിയിക്കപ്പെട്ടതോ ആയി പരിണമിക്കുന്നത് സ്വാഭാവികമാണ്. അന്നത്തെ കാഴ്ചപ്പാടുതന്നെ ഏറെ പുരോഗമിച്ച ഇക്കാലത്തും വ്യക്തമായ പാളിച്ചകളും വികലതകളും കണ്ടില്ലെന്നു നടിച്ച് പിന്തുടരണമെന്നു വാശിപിടിക്കുത് അതിനൂതന ഗതാഗത സംവിധാനങ്ങളുള്ള ഇക്കാലത്തും ആദ്യകാല വാഹനമായ കാളവണ്ടിയിലേ സഞ്ചരിക്കൂ എന്നു വാശിപിടിക്കുന്നതു പോലെയാണ്.


 നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഇപ്പോഴത്തെ പ്രശ്‌നം യഥാര്‍ത്ഥത്തില്‍ പൊലൂഷന്‍ കൺട്രോള്‍ ബോര്‍ഡിലെ പ്രായോഗിക പരിചയമില്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ തന്നെയാണ്. കമ്പനിയെ നിലവിലുള്ള സ്ഥിതിയില്‍ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ കഴിയില്ല. മാലിന്യവുമായി ബന്ധപ്പെട്ട എല്ലായിടത്തും ഇന്ന് പ്രായോഗിക പരിചയമല്ല കൈക്കൂലിക്കാണ് പ്രാധാന്യം. ശുചിത്വമിഷന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്ന ജോര്‍ജ്ജ് ചാക്കശ്ശേരിയുടെ പ്രായോഗിക പരിചയം ഹുമാനിറ്റീസില്‍ ഡോക്ട്രേറ്റ് ബിരുദവും ഇപ്പോഴത്തെ എക്‌സിക്യുട്ടീവ് ഡയറക്ടറായ ദിലീപ്കുമാറിന്റേത് സിവില്‍ എന്‍ജിനീയറിംഗുമാണ്. വകുപ്പു കൈകാര്യം ചെയ്യാന്‍ ഏതുതരത്തിലുള്ള പരിചയമാണ് ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ സ്വീകരിക്കുന്നതെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തവുമാണ്.

 ഓസ്സീനിന്റെ നിര്‍മ്മാണത്തിന് എല്ലുകഷണങ്ങള്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായി നാലു ശതമാനം വീര്യമുള്ള ഹൈഡ്രോക്ലോറിക് ആസിഡില്‍ അവ വാഷ് ചെയ്യുന്നുണ്ട്. 'ഉപയോഗശൂന്യ'മായ ഈ വെള്ളത്തിന്റെ പി എച്ച് കുമ്മായമുപയോഗിച്ച് ന്യൂട്രലാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ബയോസോളിഡ് നിറഞ്ഞ ഈ ആസിഡ്‌വാട്ടര്‍ പ്യൂരിഫൈ ചെയ്‌തെന്നു വരുത്തി പുഴയിലേക്ക് ഒഴുക്കിവിടുന്നു. ഇത് വാട്ടര്‍ ആക്ടിന്റെ പരിധിയിലാക്കാന്‍ വേണ്ടി പ്യൂരിഫിക്കേഷന്‍ ടൈമില്‍ ധാരാളം വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നു. എന്നിട്ടാണ് പുഴയിലൊഴുക്കുന്നത്. അപ്പോഴും ജലത്തിലെ ബയോസോളിഡുകള്‍ക്ക് കുറവു സംഭവിക്കുന്നില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകൃത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ഈ രീതിയാണ് കാതികൂടത്ത് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുത്.

 പുറത്തേക്കൊഴുക്കുന്ന ജലത്തില്‍ മാലിന്യത്തിന്റെ കാഠിന്യം കുറവാണെന്നു ബോധ്യപ്പെടുത്താന്‍ കൂടുതല്‍ ജലം ചേര്‍ത്ത് നേര്‍പ്പിച്ചു പുഴയിലൊഴുക്കുമ്പോഴും പുഴയില്‍ ചേരുന്ന മാലിന്യത്തിന്റെ അളവ് കുറയുന്നില്ല. ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്ന ജലം ഒഴിവാക്കിയാലും തുല്യ അളവിലേ മാലിന്യം പുഴയില്‍ ചേരുന്നുള്ളൂ. അങ്ങിനെയെങ്കില്‍ ഗാഢത കുറക്കാന്‍ ചേര്‍ക്കുന്ന ജലം മറ്റ് ആവശ്യങ്ങള്‍ക്കായി സംരക്ഷിച്ചുകൂടേ…?

 വാഷിംഗിനു ശേഷം പുറത്തുവരുന്ന ബയോസോളീഡ് അടങ്ങിയ ആസിഡ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കാണു ഇപ്പോള്‍ പോകുന്നത്. അതിനു പകരം ആവശ്യമായ യന്ത്രങ്ങള്‍ സ്ഥാപിച്ച് ടാങ്കില്‍നിന്ന് പുറത്തേക്കെടുക്കുന്ന സമയം തന്നെ ഓൺലൈനായി ഫില്‍ട്ടര്‍ ചെയ്ത് വെള്ളത്തിലെ ജൈവഖരവസ്തുക്കളെ വേര്‍തിരിച്ചെടുക്കാം. ശേഷമുള്ള ആസിഡ്‌വെള്ളംതന്നെ ആവശ്യത്തിന് ആസിഡ് ചേര്‍ത്ത് അടുത്ത പ്രോസസിംഗിനും ഉപയോഗിക്കാം. അങ്ങനെ വരുമ്പോള്‍ ജലത്തിന്റെ ഉപയോഗം ഗണ്യമായി കുറയുകയും ചെയ്യും. ഇങ്ങനെയുള്ള നൂതന സംവിധാനങ്ങളുടെ പ്രായോഗികതയെക്കുറിച്ച് ആലോചിക്കുന്നതിനു പകരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇപ്പോൾ നിഷ്‌കര്‍ഷിക്കുന്ന പഴഞ്ചന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുതുകൊണ്ടാണ് കാതികൂടത്തെ മലിനീകരണത്തിന്റെ തോത് ഇത്രകണ്ട് ഉയരുത്.

 ആസിഡ്‌വെള്ളത്തില്‍ ബയോസോളിഡുകള്‍ക്ക് ഡീഗ്രേഡേഷന്‍ സംഭവിക്കാന്‍ ചുരുങ്ങിയത് ഒന്നര മണിക്കൂറെങ്കിലും വേണമെന്നിരിക്കേ ആ സമയത്തിനുള്ളില്‍ അവ ഓലൈനില്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ നിഷ്‌പ്രയാസം സാധിക്കും. വേര്‍തിരിക്കപ്പെടുന്ന വെള്ളം കലര്‍ന്ന ഖരമാലിന്യങ്ങള്‍ യൂറോസ്റ്റാന്‍ഡേര്‍ഡ് ബയോഗ്യാസ് പ്ലാന്റിലെത്തിച്ച് ബയോഗ്യാസ് ഉല്പാദിപ്പിച്ച് ശേഷം ലഭിക്കുന്ന സ്ലഡ്ജും ലിക്വിഡ് മാന്വറും ഒന്നാംതരം ജൈവവളമാക്കി മാറ്റി കൃഷിക്കും മറ്റും ഉപയോഗിക്കാം. മാംസാവശിഷ്ടങ്ങളും ചോരയും നീക്കം ചെയ്ത എല്ലു വാങ്ങാന്‍ കമ്പനി ശ്രദ്ധിച്ചാല്‍ മലിന്യോല്പാദനത്തിന്റെ തോത് വീണ്ടും കുറക്കാം.

 ഈ സംവിധാനം നടപ്പിലാക്കാന്‍ വിവരമില്ലാത്ത മലിനീകരണ നിയന്ത്രണ ബോര്‍ഡിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് അറിവില്ലാത്ത ഉദ്യോഗസ്ഥര്‍ക്കും എങ്ങനെ സാധിക്കും എന്നതിലാണു സംശയം. അവര്‍ക്കു ബോധമുണ്ടായിരുങ്കെില്‍ നിറ്റാ ജലാറ്റിന്‍ കമ്പനിയ്‌ക്കെന്നല്ല കേരളത്തിലെ ഒട്ടുമിക്ക കമ്പനികളുടേയും മാലിന്യ പ്രശ്‌നങ്ങള്‍ക്ക് എന്നേ പരിഹാരമായേനെ. ഒപ്പം കേരളം അനുഭവിക്കുന്ന രൂക്ഷമായ ഇതര മാലിന്യ പ്രശ്‌നങ്ങള്‍ക്കും. വൈകിയ വേളയിലെങ്കിലും ഇവര്‍ക്ക് ബോധോദയമുണ്ടവാന്‍ പ്രാര്‍ത്ഥിക്കുകയല്ലാതെ നിലവില്‍ മറ്റു വഴിയില്ല.

Sunday

മല മുലയേക്കാൾ പ്രധാനം


  കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിൽ കേരളത്തിലെ ചില പ്രത്യേക വിഭാഗക്കാരിൽ കണ്ടുവരുന്ന ചികിത്സയില്ലാത്തതെന്നു വിശേഷിപ്പിക്കാവുന്ന പ്രവൃത്തികൾ കാണുമ്പോൾ ചെറിയ സംശയങ്ങൾ തോന്നിപ്പോവുകയാണ്. മാനവ പ്രവൃത്തികൾ മനുഷ്യനുൾപ്പെട്ട ജീവിവർഗ്ഗത്തിന്റെ അതിജീവനത്തിനും സമുദ്ധാരണത്തിനും വേണ്ടിയുള്ളതാണോ, അതോ അകാലത്തിൽ ചത്തൊടുങ്ങാനാണോ എന്നുള്ളതാണു പ്രധാന സംശയം.

 കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഭീകര താണ്ഡവങ്ങളിൽ നശിപ്പിക്കപ്പെട്ടത് കോടികളുടെ പൊതുമുതലാണ്. ഈ സംഭവങ്ങളൊക്കെ അക്രമമാണോ മറ്റെന്തെങ്കിലുമാണോ എന്നൊക്കെ പറയുന്നതിനു മുമ്പ് ഒന്നു ചോദിക്കാനുണ്ട്. കസ്തൂരിരംഗൻ റിപ്പോർട്ടിലും തൊട്ടുമുമ്പുള്ള മാധവഗാഡ്‌ഗിൽ റിപ്പോർട്ടിലും സംസ്ഥാനത്തെ പാവങ്ങളെ ബാധിക്കുന്ന എന്തു കാര്യമാണ് ഉള്ളത്? ഇതിൽ കസ്തൂരിരംഗൻ റിപ്പോർട്ട് പരിശോധിച്ചാൽ കേരളത്തിൽ 124 ദുർബ്ബല പാരിസ്ഥിതിക മേഖലകളുണ്ട് എന്നും അത് കൊല്ലം ജില്ല മുതൽ പടർന്ന് പല മേഖലകളിലായി കിടക്കുന്നു എന്നും അതിലേറ്റവും കൂടുതലുള്ളത് പാലക്കാട് ജില്ലയിലാണ് എന്നുമാണ് മനസ്സിലാക്കാൻ കഴിയുന്നത്.

 പടിഞ്ഞാറേ ഘട്ടത്തിന്റെ സംരക്ഷണത്തിനു വേണ്ടി ഇത്തരം മേഖലകളിൽ മണൽ, പാറ മുതലായവ ഖനനം ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. പാറയും മണലും ഖനനം ചെയ്യുന്നത് നിരോധിക്കുമ്പോൾ സ്വാഭാവികമായും നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങാനുള്ള സാധ്യതയുള്ളതുകൊണ്ട് ആ വിഷയത്തിൽ എന്തെങ്കിലും പരിമിതമായ മറ്റം വരുത്തി റേഷൻ സംവിധാനം വല്ലതും വെക്കണമെന്നുള്ള കാര്യത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

 പിന്നെപ്പറയുന്നത് 50 ഹെക്ടറിൽ കൂടുതൽ ടൗൺഷിപ്പ് ഈ മേഖലകളിൽ വികസിപ്പിക്കാൻ പാടില്ല എന്നാണ്. നിലവിലുള്ള റെഡ് പട്ടികയിലേതുപോലെയുള്ള വ്യവസായങ്ങൾ, പുഴകൾ മലിനമാക്കുകയും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുകയും ചെയ്യുന്ന ഒരു വ്യവസായവും തുടങ്ങാൻ പുതുതായി അനുമതി നൽകരുത് എന്നാണ്. ഇക്കഴിഞ്ഞ ഏപ്രിൽ 17 വരെ അപ്പീലും കേസുകളുമായിക്കിടക്കുന്ന കുറേ വ്യവസായ സ്ഥാപനങ്ങളുണ്ട്. അതിനെ മാറ്റി നിർത്തിക്കൊണ്ടാണ് ഈ റിപ്പോർട്ട് നടപ്പിലാക്കേണ്ടത്. അതിന് ഉചിതമായ തീരുമാനമെടുക്കാം. അത് ഇതിന്റെ പരിധിയിൽ വരുന്നില്ല. ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനു വേണ്ടി വനഭൂമിയുടെ ഒരിഞ്ചുപോലും സ്വകാര്യ വ്യക്തികൾ തട്ടിയെടുക്കാൻ പാടില്ല. ഇത്തരം കാര്യങ്ങളാണ് കസ്തൂരിരംഗൻ റിപ്പോർട്ടിലുള്ളത്. ഇതിനെയാണ് കർഷക ദ്രോഹമെന്നു പറയുന്നത്!

 പാറയും മണലും ഖനനം ചെയ്തത് കർഷകരാണോ..? എന്തിന്റെ പേരിലാണ് ഇപ്പോൾ കേരളത്തിൽ കലപമുണ്ടാക്കിയത്? അതാണ് ആദ്യമന്വേഷിക്കേണ്ടത്. അതിന്റെ കാരണക്കാരെയാണു തുറുങ്കിലടക്കേണ്ടത്. ഇവിടെ ക്രൈസ്തവ ഭീകരതയുടെ ഗൂഢാലോചനയാണു നടക്കുന്നത്. കെ. എം. മാണിയെ മുഖ്യമന്ത്രിയാക്കുന്നതിന് മാണിതന്നെയാണോ ഇതിനു നേതൃത്വം കൊടുക്കുന്നത് എന്നു പോലും സംശയിച്ചുപോകുന്നു.

 കേരളത്തിലെ വനഭൂമികളിൽ ഭൂരിഭാഗവും ഇവർക്ക് പതിച്ചു കൊടുത്തിരിക്കുകയല്ലേ ബ്രിട്ടീഷുകാർ പോയകാലം മുതൽ? ആ പരമ്പരകളാണ് മലയോര കോൺഗ്രസായി ഇന്ന് വളർന്ന് നിൽക്കുന്നത്. അവരുടെ നേതൃത്വത്തിലാണു കലാപം നടക്കുന്നത്. അവരാണ് സമാധാനത്തിന്റെ അരുമക്കുഞ്ഞുങ്ങളായി വാഴ്ത്തപ്പെടുന്നത്. ഈ അരുമകളുടെ നേതൃത്വത്തിലാണ് വാടകഗുണ്ടകളെ ഇറക്കി പോലീസ് വാനും ബസ്സുകളും കത്തിക്കുകയും വനപാലകരെ അക്രമിക്കുകയുമൊക്കെ ചെയ്തിരിക്കുന്നത്.

 ഇതിനെതിരേ കേസെടുക്കരുതെന്നു പറയുന്നവനെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്, അത് ആരെഴുതിക്കൊടുത്താലും. കേസെടുക്കരുതെന്നാണ് തീരുമാനമെങ്കിൽ അവരെ തുറുങ്കിലടക്കണം, അങ്ങനെ തീരുമാനിക്കുന്നതും കേസെടുക്കില്ല എന്നു പറയുന്നതും രാജ്യദ്രോഹമാണ്.

 ഒരുനേരത്തെ ആഹാരത്തിനു വകയില്ലാത്ത, ശവമടക്കാൻ ഭൂമിയില്ലാത്ത ആദിവാസികൾ ഇവിടെ യാതന അനുഭവിക്കുന്നുണ്ട്. അരിപ്പയിൽ അവർ എത്രയോ ദിവസങ്ങളായി സമരം നടത്തുന്നു. ആ സമരം പൊളിക്കാൻ സിപിഎമ്മും സിപിഐയും അവിടെ ബദൽ സമരം സംഘടിപ്പിക്കുന്നു. ആ സാധുക്കൾക്ക് അർഹതപ്പെട്ട കൃഷിഭൂമി കൊടുക്കാൻ തയ്യാറല്ല. അച്ചായന്മാരുടെ കയ്യിലിരിക്കുന്നത് എത്രയേക്കർ ഭൂമിയാണെന്ന് വല്ല നിശ്ചയവുമുണ്ടോ..? അത് ആരെങ്കിലും അളക്കുന്നുണ്ടോ?

 ഈ സമരം വെറും കാപട്യം മാത്രമാണ്, ഇത് രാജ്യത്തെ അട്ടിമറിക്കാനുള്ള അക്രമമാണ്. പാറ, മണൽ എന്നിവ ഖനനം ചെയ്യുന്നത് ആശാസ്യമായ വിധം മാത്രം നില നിർത്തുക, അതിനുള്ള സംവിധാനങ്ങൾ ദുർബ്ബല പാരിസ്ഥിതിക മേഖലകളിൽ ഒരുക്കുക, ഇത് അത്യാവശ്യമാണ്. നമുക്ക് ഇനി അവശേഷിക്കുന്നത് 5994 ചതുരശ്ര കിലോമീറ്റർ വനഭൂമി മാത്രമാണ്. അതായത് 37%. അതുകൂടി അച്ചായന്മാർക്ക് തീറെഴുതി കൊടുത്തുകഴിഞ്ഞാലേ ഇവിടെ സമത്വം പൂർണ്ണമാകൂ എന്നാവും ഈ സമരത്തിന്റെ അർത്ഥം! കുടിയേറ്റക്കാരായി കടന്നുകൂടി വനഭൂമി മുഴുവൻ നശിപ്പിച്ചത് ഇക്കൂട്ടരാണ്. കേരളത്തിലെ ചെറുതും വലുതുമായ എസ്റ്റേറ്റുകൾ ആരുടെ കൈയിലാ ഇരിക്കുന്നതെന്ന് കണക്കെടുക്കട്ടെ.

 പുരോഹിതന്മാരെ മറയാക്കി ഇവിടെ സമരം നടത്തുകയാണ്. പണ്ട് ലൗ ജിഹാദിന്റെ സമയത്തും ഈ പുരോഹിതന്മാർ തന്നെയാണ് ബഹളം വച്ചത്. അതൊന്നും ആരും ചോദ്യം ചെയ്തുപോകരുത്. ഒരുപാടുതവണ ചോദിച്ചു പഴകിയതാണ് കളമശ്ശേരി. അതു ഭീകരത എന്ന് ആരോപിക്കുന്നവർ ഇത് കേസെടുക്കേണ്ടാന്നു പറയുമ്പോൾ അവരെപ്പിടിച്ച് അകത്തിടണം. ഒരു കളമശേരിയുമായി മാത്രം താരതമ്യപ്പെടുത്തേണ്ട കേസല്ല ഇതെന്ന് നന്നായറിയാം. എങ്കിലും രണ്ടു പ്രവൃത്തിയും ഒന്നായിരിക്കേ, കളമശ്ശേരിയേക്കാൾ എത്രയോ ഇരട്ടി “ഭീകരത” ഈ അക്രമത്തിൽ ഉണ്ടയിരിക്കെ ഇതിനെതിരേ അധികാരിവർഗ്ഗം സ്വീകരിച്ചിട്ടുള്ള നിലപാടുകളാണ് അപലപനീയം.

 ഈ നാട് നന്നാവുമെന്നുള്ള പദ്ധതിയൊന്നും മനസ്സിൽ വെക്കണ്ട. മണ്ണും വെള്ളവും ശുദ്ധവായുവുമൊക്കെ വരും തലമുറകൾക്കും വേണ്ടി ഉള്ളതാണെന്ന് ആരും വ്യാമോഹിക്കണ്ട. തലമുറകൾ ഇനി വരാനുണ്ടെന്ന് ആലോചിക്കുക പോലുമരുത്! ഇപ്പോൾ നമ്മൾ മാങ്ങാ പറിച്ചു തിന്നുന്നത് നമ്മൾ നട്ട മാവിൽ നിന്നാണോ? നമുക്കുമുമ്പ് മറഞ്ഞുപോയവർ വെച്ചുതന്നതു കൊണ്ടല്ലേ നമ്മൾ പറിച്ചു കഴിക്കുന്നത്? അടുത്ത തലമുറക്ക് ഒന്നും വിട്ടുകൊടുക്കില്ലെന്നു പറഞ്ഞാൽ അതു തെമ്മാടിത്തരമല്ലേ?

 എങ്ങാനും ഒരു മല തലയുയർത്തി നിന്നാൽ അതിനെ ഇടിച്ചു നിരത്തി വിറ്റ് അവിടെ മൈതാനമാക്കി പിന്നെ റിസോർട്ടു കെട്ടിപ്പൊക്കാം. അതിനെ വികസനമെന്നു വിളിച്ചുപറഞ്ഞ് അഭിമാനിക്കാം. മലയെ മുലയെക്കാൾ സംരക്ഷിക്കണമെന്നത് സൗകര്യപൂർവ്വം വിസ്മരിക്കാം. അങ്ങിനെ ദാഹജലവും ശുദ്ധവായുവുമില്ലാതെ ചത്തൊടുങ്ങുന്ന മാനവരാശിയെ അതിവേഗം ബഹുദൂരത്തിൽ നിന്ന് സ്വാഗതം ചെയ്യാം…

Thursday

കൊടുങ്ങല്ലൂരിനു പുറത്തും മലയാളികളുണ്ട്.


    കേരളത്തിലെ മാലിന്യ പ്രശ്നം ശാശ്വതമായി പരിഹാരിച്ചുകൊടുക്കാമെന്നും പൊതുജനങ്ങൾക്കും മണ്ണിനും പരിസരത്തിനും കുടിവെള്ളത്തിനും അന്തരീക്ഷത്തിനും ഒന്നിനും ഏതുതരത്തിലുള്ള ദോഷവും ഇല്ലാത്തതിനാൽ അതിന് ഒരു തടസ്സവും ആരും ഉണ്ടാക്കില്ലെന്നും മാലിന്യ സംസ്കരണത്തിന് നിലവിൽ ചെലവാക്കി(അതോ ചില വായിലേക്കോ)ക്കൊണ്ടിരിക്കുന്ന തുകയിൽ വളരെക്കുറച്ചു മാത്രം ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കാമെന്നും. വകുപ്പു മന്ത്രിയോട് നേരിട്ടു സംസാരിച്ചതാണ്. പദ്ധതിയുടെ തുക കുറഞ്ഞതുകൊണ്ടാണോ ആവോ പുതിയ വേറേ പദ്ധതികൾ കൊണ്ടുവരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഏതു പദ്ധതി കൊണ്ടുവന്നാലും അതിന്റെ ഗതി എങ്ങനെയായിരിക്കുമെന്ന് ഞങ്ങൾക്ക് മന്ത്രിയെത്തേടിയുള്ള ഒറ്റപ്പോക്കിൽ മനസ്സിലായി.

  ഞങ്ങൾ അവിടെയിരിക്കുന്ന സമയത്ത് ഒരു വിദ്വാൻ കൊണ്ടുവന്ന് മന്ത്രിയെ കാണിച്ച എൽ ഇ ഡി തെരുവു വിളക്കുകൾ വൈകാതെ തിളങ്ങുന്നതു കാണാനായി. കേരളം മുഴുവൻ തിളങ്ങുന്ന പദ്ധതി ഇരുളുമൂടിയും പോയി. അതിവേഗം ബഹുദൂരം മുഖ്യമന്ത്രിയുടെ കൈപിടിച്ച് മുന്നോട്ടു പോകുമ്പോൾ എങ്ങനെ പോണമെന്നുകൂടി ഈ വൈകിയ വേളയിലെങ്കിലും ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.

 അന്ന് ഞങ്ങൾ അദ്ദേഹത്തോടു പറഞ്ഞ പദ്ധതിയിലെ ചെറിയൊരു ഭാഗം തലയിൽ ആൾതമസമുള്ളവർ പ്രാവർത്തികമാക്കിയത് ഫോട്ടോയിൽ വായിക്കൂ. ഈ വാർത്ത കൊടുങ്ങല്ലൂരിനു പുറത്തു പോയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഫോട്ടോയിൽ ക്ലിക്കു ചെയ്താൽ വലുതായി വരും.


കൊടുങ്ങൂരിലെ ജനങ്ങളെയും ലേഖകന്മരെയും മാത്രം സുഖിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഈ വാർത്ത മറ്റുള്ളവരും അറിയേണ്ടതാണെന്ന് മനഃപൂർവ്വം മനോരമ മറന്നുപോകുന്നു.

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive