Sunday

"കേരളത്തിലെ സൗരോർജ്ജ സാധ്യത"യുടെ സാമ്പത്തിക ശസ്ത്രം


 ഗ്രാമമൂലയിലെ വൃത്തിഹീനമായ അഴുക്കുചാൽ മുതൽ സെക്രട്ടേറിയേറ്റുവരെ നീണ്ടുകിടക്കുന്ന സാമ്പത്തികാഴിമതി ജനാധിപത്യ വിശ്വസികൾക്ക് ഇന്ന് ചിരപരിചിതമാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടി അഴിമതി ജനകീയമാക്കിയെന്ന നാട്ടുഭാഷാ പ്രയോഗം എന്നോ നിലവിൽ വന്നു. സാമ്പത്തികാഴിമതിക്കാരനയ രാഷ്ട്രീയക്കാരനെ അടുത്ത ഇലക്ഷനിൽ പുറത്താക്കുക എന്ന ദൗത്യം എല്ലാ തെരഞ്ഞെടുപ്പുകളിലും ജനാധിപത്യ വിശ്വാസികൾ മുടങ്ങാതെ ചെയ്തുപോരുന്നു.

  ഇരുപതു വർഷം കഴിഞ്ഞിട്ടുപോലും മുഖ്യമന്ത്രിയായ ജയലളിതയെ ജയിലിലേക്കയക്കാൻ ഇന്ത്യൻ ജനധിപത്യ സംവിധാനം ധൈര്യം കാണിച്ചു. മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരും ശിക്ഷ കാത്ത് ഉറക്കം വരതെ കിടക്കുകയണിപ്പോൾ. അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെടാതെ പോകുന്ന പ്രധാനികളാണ് ഇന്റലക്ഷ്വൽ കറപ്റ്റേഴ്സ് ആയ അക്കാഡമിഷ്യൻസ് എന്ന ബുദ്ധിജീവികൾ.

  ശ്രീ ആർ വി ജി മേനോൻ 2012 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ മലയാള മനോരമയിലും 2013 ആഗസ്റ്റ് മാസത്തിൽ ശാസ്ത്രഗതിയിലും സൗരോർജ്ജ വൈദ്യുതി വളരെ ലാഭകരമാണെന്ന വിധത്തിൽ ലേഖനമെഴുതി ജനശ്രദ്ധ ആകർഷിച്ചിരുന്നു. കേരളത്തിലെ വൈദ്യുതോത്പാദനം സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാമെന്ന രൂപത്തിൽ തയ്യാറാക്കിയ സൗരോർജ്ജ വൈദ്യുത പദ്ധതിയുടെ വിശദാംശങ്ങൾ 2014 സെപ്തംബർ മാസത്തിൽ പുറത്തിറങ്ങിയ പരിസ്ഥിതി മാഗസിനായ കൂടിൽ ആർ. വി. ജി യുടേതായി പ്രസിദ്ധീകരിച്ച പദ്ധതിയെ ഒന്നു വിശദീകരിക്കാൻ ശ്രമിക്കുകയാണ്. ഇതിൽ പ്രസ്ഥാവിക്കുന്ന കണക്കുകൾ കൂട് മാഗസിനിലെ അദ്ദേഹത്തിന്റെ ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

  ഇടുക്കി അണക്കെട്ടിന്റെ സംഭരണപ്രദേശം ഉപയോഗപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ സാമ്പത്തിക ശാസ്ത്രം ഒന്നു നോക്കാം. ഒരു കിലോവാട്ടിന്റെ സോളാർ പാനലിന്റെ വില - 1,50,000 രൂപ. ഒരു കിലോവാട്ട് സോളാർ പാനൽ സ്ഥാപിക്കാനുള്ള 10 സ്ക്വയർ മീറ്റർ സ്റ്റെയിൻലെസ് സ്റ്റീൽ ചങ്ങാടത്തിന്റെ ചെലവ് 1,20,000 രൂപ. ആകെ 2,70,000 രൂപ. 2000 മെഗാ വാട്ട് എന്ന 20ലക്ഷം കിലോവാട്ട് വൈദ്യുതിക്കുള്ള ചെലവ് 20 ലക്ഷം X 2,70,000 = 54,000 കോടി രൂപ.

  ഒരു കിലോവാട്ടിന്റെ (270000 രൂപയുടെ) പാനലിൽ നിന്ന് നല്ല സൂര്യപ്രകാശമുള്ളപ്പോൾ കിട്ടുന്ന വൈദ്യുതി ഡിപ്പാർട്ട്മെന്റ് കണക്കു പ്രകാരം മൂന്നു യൂണിറ്റ്. അപ്പോൾ 20 ലക്ഷം കിലോവാട്ടിന്റെ പാനലിൽ നിന്നും പ്രതിദിനം 60 ലക്ഷം യൂണിറ്റിന്റെ ഉത്പാദനം. ഇത് യൂണിറ്റിന് ഏഴു രൂപാ നിരക്കിൽ വിറ്റാൽ പ്രതിദിനം നാലുകോടി ഇരുപതു ലക്ഷം രൂപ ലഭിക്കും.

  54000 കോടി എന്നത് നമുക്ക് ഇന്ന് അപ്രാപ്യമായ മുടക്കുമുതലാണ്. അപ്പോൾ ഈ പദ്ധതി നടപ്പിലാക്കാൻ കടം വാങ്ങേണ്ടിവരും. ഇതിന് അഞ്ചു ശതമാനമെങ്കിലും പലിശ കൂട്ടിയാൽ 2700 കോടി പ്രതിവർഷം പലിശയിനത്തിൽ വരുമാനത്തിൽ നിന്ന് മാറ്റിവെക്കേണ്ടിയും വരും. 365 ദിവസവും മുടങ്ങാതെ വൈദ്യുതി ലഭിച്ചാൽ തന്നെ ദിവസം നാലുകോടി ഇരുപതു ലക്ഷം രൂപ വച്ച് പ്രതിവർഷ വരുമാനം 1533 കോടി മാത്രമാണ്. പലിശ കൊടുക്കാൻ 1167 കോടിവീതം വർഷംതോറും വീണ്ടും കടം വാങ്ങേണ്ടി വരും. മുതലിന്റെ കാര്യം വേറേ. പാനലിന് എത്രത്തോളം കാലാവധി കിട്ടിയാലും കഥ മാറുന്നില്ലല്ലോ.

  കൊടുങ്ങല്ലൂരിലെ ആരുഷ് കമ്പനിയുടെ കൺട്രോൾ സിസ്റ്റം ഉപയോഗിച്ചാൽ ആറു യൂണിറ്റ് വൈദ്യുതി ഒരു കിലോവാട്ടിന്റെ പാനലിൽ നിന്ന് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അത് ഇവിടെ പ്രയോഗിച്ചാൽത്തന്നെ 3066 കോടിയാണ് പ്രതിവർഷം ലഭിക്കുക. ഇതിൽ നിന്ന് പലിശകഴിച്ചു ബാക്കിവരുന്ന തുക മുതലിൽ ചേർക്കുമോ മെയിന്റനൻസ്, ശമ്പള ആവശ്യത്തിനെടുക്കുമോ. വർഷത്തിൽ 255 ദിവസത്തോളമാണ് നേരാംവണ്ണം ഉല്പാദനം സാധ്യമാകുക. അപ്പോൾ പ്രതിവർഷ വരുമാനം 2142 കോടിയാണ്. ഈ തുകയും പലിശകൊടുക്കാൻ തികയുന്നില്ല.

  ഈ പദ്ധതി നടപ്പിലായാൽ ഉദ്യോഗസ്ഥർക്കും മറ്റു തൊഴിലാളികൾക്കുമുള്ള ശമ്പളത്തിനു പുറമേ മെയിന്റനൻസ് വർക്കുകൾക്കും ഓഫീസിനുമൊക്കെയുള്ള തുകയും കണ്ടെത്തേണ്ടതുണ്ട്. ഇതും കൂടിയാവുമ്പോൾ ചിത്രം ഏതാണ്ടു പൂർത്തിയാവും. മുകളിൽ പറഞ്ഞിട്ടുള്ള വിധമാണ് വസ്തുതയെങ്കിൽ ഈ പദ്ധതി നടപ്പിലാക്കുമ്പോൾ അതിന്റെ ഗുണം ആർക്കാണു ലഭിക്കുകയെന്ന സംശയത്തിനുകൂടി ഉത്തരം കണ്ടെത്താൻ നാം ശ്രമിക്കേണ്ടതുണ്ട്. 

വാല്:- കാലാവധി കഴിയുന്ന കോടിക്കണക്കിനു വരുന്ന സോളാർ പാനലുകൾ (രണ്ടുകോടി സ്ക്വയർ മീറ്റർ) എവിടെ നിക്ഷേപിക്കുമെന്നത് ഒരു വലിയ ചോദ്യചിഹ്നമായി നിൽക്കുന്നു, അതിന് എത്ര കോടികൾ ചെലവു വരുമെന്നും....


Monday

പിണറായിയിലെ ശുചിത്വവൃത്താന്തം


  മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളും ഭൂമിയിൽ സ്വാഭാവികമായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഭൂമിക്ക് താങ്ങാൻ കഴിയുന്നതാണ്.  ഭൂമിക്ക് താങ്ങാൻ കഴിയുന്ന പ്രവർത്തനങ്ങളെയാണ് എക്കോ ഫ്രണ്ട്‌ലി എന്നു വിളിക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തനവും എക്കോഫ്രണ്ട്‌ലി ആയാൽ മാത്രമേ ആ പ്രവർത്തനത്തെ ശാസ്ത്രീയം എന്നു വിശേഷിപ്പിക്കാവൂ.

കേരളത്തിന്റെ ശുചിത്വപരിപാലനത്തിനാണ്  14 കൊല്ലം മുമ്പ് സർക്കാർ ശുചിത്വമിഷന് രൂപം കൊടുത്തത്. ഇക്കാലമത്രയും അതിന്റെ തലപ്പത്തിരുന്നത് പരിഷത്തിന്റെ നോമിനികളായിരുന്നു. ഇപ്പോളാണ് കെ വാസുകി  IAS എന്ന  ഒരു ഓഫീസർ ചാർജ്ജെടുക്കുന്നത്. കേരളത്തിലെ കുടിവെള്ളം 90% ശതമാനം കുടിവെള്ളവും നശിച്ചുകഴിഞ്ഞെന്ന് അവർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. അപ്പോൾ കഴിഞ്ഞ 14 കൊല്ലക്കാലം ശുചിത്വമിഷനും പരിഷത്തും എന്തെടുക്കുകയായിരുന്നു എന്ന് ആരെങ്കിലും ചോദിച്ചതായി അറിയില്ല, അതുതന്നെയാണ് കുഴപ്പവും.


ആലപ്പുഴയിൽ പരിഷത്തിന്റെ വിഭാവനയിൽ നടന്നുകൊണ്ടിരിക്കുന്ന മാലിന്യത്തിന്റെ അവസ്ഥാഭേദം വരുത്തൽ പ്രക്രിയയുടെ നേതൃത്വം ഇപ്പോൾ ശ്രീ പിണറായി വിജയൻ ഏറ്റെടുത്തിരിക്കുകയാണ്. ആലപ്പുഴയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഖരരൂപത്തിലുള്ള ജൈവമാലിന്യം ദ്രാവകാവസ്ഥയിലേക്ക് മാറ്റുന്ന പ്രക്രിയയാണ്. മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ ദ്രവമാലിന്യം ആലപ്പുഴയിലെ കുടിവെള്ളത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ  സെപ്റ്റിക് ടാങ്കുകൾ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ കുടിവെള്ളം ഈ ആലപ്പുഴ പദ്ധതിയുടെ വ്യാപനം കൂടിയാകുമ്പോൾ ഏതവസ്ഥയിലാകും...? ശ്രീ പിണറായി വിജയൻ ഏറ്റെടുത്ത ഈ പദ്ധതിയുടെ ശാസ്ത്രീയത എങ്ങനെയൊക്കെ ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.


വാല്: കേരളത്തിലെ പൊതു ടാപ്പുകൾ അടച്ചുപൂട്ടി കുടിവെള്ളം ഉൽപ്പന്നമാക്കണമെന്ന എ ഡി ബിയുടെ 2006ലെ വ്യവസ്ഥ പാലിക്കാനുള്ള കുറുക്കുവഴിയാണ് ഈ പദ്ധതിയെന്ന് ആരും സംശയിക്കരുത്....

Popular Posts

Recent Posts

Blog Archive