Wednesday

ചാണ്ടിച്ചാണ്ടി ഇനി നൂറു ദിനങ്ങൾ..!!


 ഉമ്മൻചാണ്ടി സർക്കാർ അധികാരമേൽക്കുമ്പോൾ പ്രഖ്യാപിച്ച നൂറുദിന കർമ്മ പദ്ധതിയിൽ വിവരാവകാശ നിയമം സംബന്ധിച്ച് ഒരു വാഗ്ദാനമുണ്ടായിരുന്നു, വിവരാവകാശ ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ കഴിഞ്ഞ ഗവൺമെന്റ് കൊണ്ടുവന്ന വലയ്ക്കുന്ന വ്യവസ്ഥകൾ ഉപേക്ഷിക്കുമെന്നാണ് അന്ന് പറഞ്ഞത്. കേരളത്തിൽ സർക്കാർ ഇതര വകുപ്പുകളിലും സ്ഥാപനങ്ങളിലും വിവരങ്ങൾ ലഭ്യമാക്കാൻ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നേരിട്ട് ഫീസ് അടയ്ക്കണം. അല്ലെങ്കിൽ ഡിമാൻറ് ഡ്രാഫ്റ്റ് (ഡി.ഡി) വഴി പണം അടയ്ക്കണം. പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഈ നിയമത്തിൽ ഇളവ് വരുത്തുമെന്നാണ് യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. നാലര വർഷം കഴിഞ്ഞു, സർക്കാർ അധികാരമൊഴിയാൻ ഇനി ഏതാണ്ട് നൂറുദിനം മാത്രം. പക്ഷേ, ഈ വാഗ്ദാനം കടലാസിൽ ഉറങ്ങുകയാണ്.

  കേരള വിവരാവകാശ ഫീസ് ചട്ടങ്ങളിൽ 2007 ൽ ഇടതു സർക്കാർ കൊണ്ടുവന്ന ഭേദഗതിയാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഭേദഗതി പ്രകാരം കേരളത്തിൽ സർക്കാർ ഇതര വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഫീസടയ്ക്കാൻ മണിഓർഡർ, പോസ്റ്റൽ ഓർഡർ, ചലാൻ, കോർട്ട്ഫീ സ്റ്റാമ്പ് എന്നിവ സ്വീകാര്യമല്ല. പകരം വിവരങ്ങൾ ലഭ്യമാക്കാൻ പണം സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നേരിട്ട് ചെന്ന് അടക്കണം. അല്ലെങ്കിൽ ഡിമാന്റ് ഡ്രാഫ്ട് (ഡി.ഡി) വഴി ഫീസ് അടച്ച് അപേക്ഷിക്കാം. ദൂരെയുള്ള ഓഫീസുകളിൽ നേരിട്ട് ചെന്ന് പണമടക്കുക സാധാരണക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു. അല്ലെങ്കിൽ, ചെറിയ ഫീസിന് പോലും ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കണം. 40 രൂപയോളം ഡി.ഡി കമ്മിഷനും പുറമെ തപാൽ ചിലവും നൽകണം. സാധാരണക്കാർക്കും വിവരാവകാശ പ്രവർത്തകർക്കുമാണ് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.

   സർക്കാർ ഇതര വകുപ്പുകളിലും സ്ഥാപനങ്ങളിലും വിവരാവകാശ അപേക്ഷകൾ നിരുത്സാഹപ്പെടുത്താൻ വേണ്ടിയാണ് ഇത്തരത്തിൽ നിയമം കൊണ്ടുവന്നത്. പലരും 10 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് ഒട്ടിച്ച് സാധാരണപോലെ അപേക്ഷ നൽകും. പക്ഷേ, നിരസിക്കപ്പെട്ട അപേക്ഷ തിരികെ ലഭിക്കുമ്പോഴാണ് നേരിട്ടോ, ഡി.ഡിയായോ പണം അടക്കണമെന്ന് അറിയുക. സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിൽ വിവരാവകാശ ഫീസ് മണിഓർഡറായും പോസ്റ്റൽ ഓർഡറായും സ്വീകരിക്കുവാനും ഇതുവരെ നടപടിയില്ല. എല്ലാ ഓഫീസുകളിലും വിവരാവകാശ ഫീസ് മണി ഓർഡറായും പോസ്റ്റൽ ഓർഡറായും സ്വീകരിക്കുവാൻ നടപടിയെടുക്കുമെന്നത് ഈ സർക്കാറിന്റെ നൂറുദിന പരിപാടിയിലെ മറ്റൊരു വാഗ്ദാനമായിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ക്രമക്കേടുകൾക്ക് വഴിവെക്കുമെന്ന കാരണം പറഞ്ഞ് ഇത് നടപ്പാക്കിയില്ല. അതേസമയം, കേന്ദ്ര സർക്കാർ വകുപ്പുകളിലും കേന്ദ്ര സ്ഥാപനങ്ങളിലും പോസ്റ്റൽ ഓർഡർ സ്വീകരിക്കുന്നുണ്ട്.

   സംസ്ഥാന ഹൈകോടതിയിൽ അപ്പീലിന് 50രൂപ ഫീസ് ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് 2012ൽ അത് പിൻവലിച്ചിരുന്നു. ഫീസടക്കുന്നതിന്റെ പേരിൽ അപേക്ഷകരെ പീഡിപ്പിക്കരുതെന്നും സംസ്ഥാനങ്ങളിൽ വിവരാവകാശ ഫീസ് അടക്കുന്നതിൽ ഏകീകരണം ഉണ്ടാക്കണമെന്നും നിർദ്ദേശിച്ച് കേന്ദ്രം ഏപ്രിലിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു. ഇതിന് കേരള വിവരാവകാശ നിയമം ഫീസടക്കൽ ചട്ടത്തിൽ ഭേദഗതി വരുത്തിയാൽ മതിയായിരുന്നു. എന്നാൽ വിവരം തേടുന്നവർക്ക് സഹായകരമാകുമായിരുന്ന ഇക്കാര്യത്തിലും നടപടിയുണ്ടായില്ല.

  സർക്കാറും ഉദ്യോഗസ്ഥരും വിവരാവകാശ നിയമത്തെ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് നിയമം ദുർബലപ്പെടുത്തുന്നതിന് പുതിയ ഭേദഗതികൾ കൊണ്ടുവരുന്നത്. സാധാരണക്കാർക്ക് വിവരാവകാശനിയമത്തിലെ ഭേദഗതി സംബന്ധിച്ച് കൃത്യമായ ബോധവൽക്കരണം നൽകുന്നതിലും സർക്കാർ സംവിധാനങ്ങൾ പരാജയമാണ്. കഴി‌ഞ്ഞ രണ്ട് സർക്കാരുകൾ ഭരിച്ച കാലത്തും ആർ.ടി.ഐ പ്രവർത്തകർ ഇത് സംബന്ധിച്ച് ഇടപെടൽ നടത്തിയിരുന്നു. നിയമം ദുർബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബി.പി.എൽ വിഭാഗത്തിന് സൗജന്യമായി ലഭിച്ചിരുന്ന വിവരം പരമാവധി 20 പേജ് വരെയായി നിജപ്പെടുത്തിയത്. 2015 ജനുവരിയിലാണ് ഈ നിയന്ത്രണം കൊണ്ടുവന്നത്. വിവരം ലഭ്യമാക്കുന്നതിനോട് അധികൃതർക്കുള്ള വിമുഖതയാണെന്നും ചൂണ്ടിക്കാണിക്കുന്നു. വിവരാവകാശ ഫീസ് ഓൺലൈൻ വഴി അടക്കാൻ 2014 ഡിസംബറിൽ ചട്ടത്തിൽ ഭേദഗതി വരുത്തിയെങ്കിലും പലവകുപ്പുകളിലും അതിനനുസരിച്ച് സംവിധാനം ഒരുക്കിയിട്ടില്ല.

Popular Posts

Recent Posts

Blog Archive