Saturday

ആരോമൽമാരും കണ്ണൂരിന്റെ കൊലപാതക രാഷ്ട്രീയവും

കലിമൂത്ത അങ്കങ്ങളിലെ പെറുക്കിക്കൂട്ടലുകാരെ നാണിപ്പിക്കും വിധം കേരളജനതയെ പാർശ്വവൽക്കരിപ്പിച്ചും കളിയാക്കിയും കടത്തനാടും കോലത്തുനാടും വീണ്ടും വീണ്ടും പുന:സൃഷ്ടി നടത്തുന്ന വികലരാഷ്ട്രീയത്തിലെ വർത്തമാനകാല കാപാലികർ അങ്കവെറിയിൽക്കുളിച്ച ആരോമൽ‌മാരെക്കൂടി കവച്ചുവെക്കുന്ന രീതിയിലാണു കാര്യങ്ങൾ നടപ്പിലാക്കുന്നത്. "തന്തപറത്തെയ്യ"ത്തിൽ കെ. പി. രാമനുണ്ണി വരച്ചുകാട്ടിയിരിക്കുന്ന ചരിത്രം കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണെന്നതിൽ തർക്കിച്ചിട്ടു കാര്യമില്ല. പരസ്പരം കടിച്ചുകീറിയും കൊലവിളിനടത്തിയും തലകൊയ്ത്തുമത്സരം സംഘടിപ്പിച്ചും മാത്രം വാണിരുന്ന നെറികെട്ടവരെ പിൽക്കാലത്ത് വാഴ്ത്തപ്പെട്ട വീരപുരുഷന്മായി വാഴ്ത്തപ്പെടുന്നതു മാതൃകയാക്കിയാവണം ടി.പി. ചന്ദ്രശേഖരനെയും അരിയിൽ ഷുക്കൂറിനേയും അങ്ങനെ അനേകരേയും കൊത്തിയരിഞ്ഞത്. ആരോമൽച്ചേകവരുടെ കുടുംബത്തിനു ചന്തുവിനോടുള്ള അതേ പക തന്നെയാണു നൂറ്റാണ്ടുകൾ കഴിഞ്ഞും കണ്ണൂരിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഥാപാത്രങ്ങൾക്കു മാറ്റമുണ്ടാകുന്നുവെന്നതല്ലാതെ കഥയിലും തിരക്കഥയിലും യാതൊരു വ്യത്യാസവും കാണുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയപ്പാർട്ടികളുടെ കൊടികളുടെ നിറമാറ്റം ഒഴുകുന്ന ചോരയ്ക്കു കാണാനാകുന്നില്ലെന്നത് ആരും കാണുന്നില്ലെന്നതും അഥവാ കണ്ടാൽത്തന്നെ കണ്ടില്ലെന്നു നടിക്കുകയാണെന്നതും അത്ഭുതത്തിന്റെ നേരിയ ലാഞ്ചനാസ്പർശം‌പോലുമേൽക്കുന്നില്ല.
ആസ്ഥാന റൗഡികളായിരുന്ന ആരോമൽച്ചേകവന്മാർ ഇന്നു വീരപുരുഷന്മാരായി വാഴ്ത്തപ്പെടുമ്പോൾ ഇന്നത്തെ ആരോമൽമാരും നാളെ വാഴ്ത്തപ്പെടുന്നവരായേക്കാം. പരസ്പരം തലകൊയ്തെറിയാന്മാത്രം കൊലവെറിപൂണ്ട ഒരു കാലഘട്ടത്തിലെ കശാപ്പുവീരമാരുടെ പാതയിൽത്തന്നെ ഇന്നത്തെ തലമുറയും വ്യതിചലനമില്ലാതെ കടന്നുപോകുമ്പോൾ അരുതെന്നു പറയാൻ ആർക്കും നാവുപൊന്തുകയില്ല. കൊല്ലപ്പെട്ടവന്റെ ബാക്കിപത്രങ്ങൾ കൊലനടത്തിയവന്റെ തലയറുക്കാൻ കാത്തിരുന്നുകൊള്ളും. ഈ അങ്കക്കലിതന്നെയാണു കണ്ണൂരിലെ ചേകവന്മാർ ഒരു മാറ്റവും കൂടാതെ ഇന്നുവരെ പരിപാലിച്ചുപോരുന്നത്. പുനർവിചിന്തനം പുതിയ തലമുറയ്ക്കെങ്കിലും ഉണ്ടായി വടിവാൾ സംസ്കാരമുപേക്ഷിക്കാൻ തയ്യാറാവുന്ന കാലത്ത് സാധാരണക്കാർക്ക് സമാധാനത്തോടെ ഉറങ്ങാൻ പറ്റുമായിരിക്കും. അങ്കക്കലിയുടെ വളിച്ച വീരഗാഥകൾ എന്നുപേക്ഷിക്കുന്നുവോ അന്നേ ഈ നാടു നന്നാവൂ. അതാവട്ടെ വിദൂര ഭാവിയിലെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷിക്കാവുന്നതുമല്ല. ഏതായാലും പാരമ്പര്യം നന്നായിത്തന്നെ സംരക്ഷിക്കപ്പെടുന്നുണ്ടല്ലോ....!!

Popular Posts

Recent Posts

Blog Archive