Tuesday

ചൈനയിൽ കണ്ടെത്തിയ ആ മനുഷ്യൻ ആരാണ് ?

 ലോകത്തെ ഏറ്റവും നീളം കൂടിയ നദി 6,690 കിലോമീറ്റർ നീളമുള്ള നൈൽ നദിയാണെന്ന് നമുക്കെല്ലാം അറിയാം. പക്ഷേ പത്താമത്തെ സ്ഥാനം ഏതിനാണ് എന്നത് വലിയ പ്രാധാന്യം കൊടുത്തു കാണാറില്ല. റഷ്യ, ചൈന എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന 2824 കിലോമീറ്റർ നീളമുള്ള അമൂർ എന്ന നദിയാണ് ലോകത്തെ ഏറ്റവും നീളം കൂടിയ പത്താമത്തെ നദി. ഈ നദിയെ ബ്ലാക്ക് ഡ്രാഗൺ എന്നും വിളിക്കാറുണ്ട്.

 ചൈനയുടെ വടക്കുകിഴക്കൻ മേഖലയിൽ അമൂർ നദിയുടെ തീരത്തുള്ള ഒരു പ്രധാന പട്ടണമാണ് ഹാർബിൻ. ജപ്പാന്റെ ചൈനാ അധിനിവേശക്കാലഘട്ടത്തിലാണ് കഥയുടെ ആദ്യഭാഗം നടക്കുന്നത്. അക്കാലത്ത് ഹാർബിനിൽ ആപ്രദേശത്തെ തൊഴിലാളികൾ ഒരു പാലം നിർമ്മിക്കാൻ തീരുമാനിച്ചു. വളരെ ഉത്സാഹത്തോടെ പണി പുരോഗമിക്കുന്നതിനിടയിൽ ചളിയിൽ പുതഞ്ഞ നിലയിൽ അവർക്ക് ഒരു വിശിഷ്ട സമ്മാനം കിട്ടി.

 സാധാരണ മനുഷ്യരുടേതിനേക്കാൾ അധികം വലുപ്പ മുള്ള ഒരു തലയോട്ടിയായിരുന്നു അത്. ജപ്പാന്റെ അധിനിവേശക്കാലമായിരുന്നു അക്കാലം എന്നു പറഞ്ഞുവല്ലോ. അബദ്ധവിശ്വാസങ്ങളുടെ കാലത്ത് അവർക്കു ലഭിച്ച ആ സമ്മാനത്തിന് വളരെ പ്രത്യേകതയുണ്ടെന്ന് അവർക്കു തോന്നി. അതുകൊണ്ടുതന്നെ ജപ്പാൻ പട്ടാളക്കാരുടെ കണ്ണിൽപ്പെടാതെ അതു സൂക്ഷിക്കുന്നതിന് അവർ തീരുമാനിച്ചു. കൂട്ടത്തിലൊരാളെ അതിനു ചുമതലപ്പെടുത്തി. തലയോട്ടിയുമായി വീട്ടിലെത്തിയ തൊഴിലാളി ആ തലയോട്ടി തന്റെ ആഴമേറിയ കിണറ്റിലേക്കിട്ടു. അസാമാന്യ വലുപ്പമുള്ള ആ തലയോട്ടി എവിടെയെന്ന കാര്യം കാര്യം മറച്ചു വെക്കുകയും ചെയ്തു. ഏകദേശം എൺപതു വർഷക്കാലം ആരുമറിയാതെ ആ വിവരം മറഞ്ഞുകിടന്നു.

 പിന്നീട് കാലങ്ങൾ കഴിഞ്ഞു ജപ്പാൻ ചൈനയിൽ നിന്നു പിൻവാങ്ങി. കമ്യൂണിസ്റ്റ് വിപ്ലവത്തെത്തുടർന്ന് മാവോ സെതൂങ്ങിന്റെ നേതൃത്വത്തിൽ ചൈനയിൽ ഭരണസംവിധാനം നിലവിൽ വന്നു. അധികം വൈകാതെ ചൈന ലോകത്തെ നിർണ്ണായക ശക്തികളിൽ ഒന്നായി മാറുകയും ചെയ്തു. അത്ഭുത തലയോട്ടിയുടെ രഹസ്യം അറിയാമായിരുന്ന ആ ചെറുപ്പക്കാരനും പ്രായാധിക്യം കൊണ്ട് രോഗശയ്യയിലായി. തന്റെ മരണത്തോടെ മറഞ്ഞുപോകുമായിരുന്ന ആ രഹസ്യം അദ്ദേഹം തന്റെ കൊച്ചുമകനോടു പറഞ്ഞു. വീടിനു പിന്നിലെ ആഴമേറിയ കിണറ്റിൽ മുക്കാൽ നൂറ്റാണ്ടിലേറെ കാലമായി ആ അത്ഭുത തലയോട്ടി വിശ്രമിക്കുന്ന രഹസ്യം.

 കാലങ്ങൾക്കപ്പുറത്തു നിന്ന് ഒരു മനുഷ്യൻ

 ആ കൊച്ചുമകനും ബന്ധുക്കളും ചേർന്ന് കിണറ്റിൽ നിന്നും തലയോട്ടി വീണ്ടെടുത്തു. മനുഷ്യചരിത്രത്തിന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ സാധിക്കുമെന്നു മനസ്സിലാക്കി ആ തലയോട്ടി അവർ ചൈനീസ് നരവംശശാസ്ത്രജ്ഞരുടെ കൈകളിലെത്തിച്ചു. ഒന്നരലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ ഫോസിലായിരുന്നു ആ തലയോട്ടി ഫോസിലെന്ന് ശാസ്ത്രജ്ഞർ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. തുടർന്ന് ചൈനാ അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ ആ തലയോട്ടി ഫോസിലിൽ ശ്രദ്ധയോടെ പഠനങ്ങൾ നടത്തി. ബ്ലാക്ക് ഡ്രാഗൺ നദീതീരത്തു നിന്നു കിട്ടിയ ആ ഫോസിലിനെ അവർ ഡ്രാഗൺമാൻ എന്നു വിളിച്ചു. അത്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് ആ തലയോട്ടി ഗവേഷകർക്കു നൽകിയത്. ഹോമോ സാപിയൻസ് എന്ന ആധുനിക മനുഷ്യനും മുൻപ് ഭൂമിയിൽ അധിവസിച്ചിരുന്ന തികച്ചും വ്യത്യസ്ഥ സ്പീഷീസിൽപ്പെട്ട ഒരു ആദിമ മനുഷ്യന്റെ തലയോട്ടിയായിരുന്നു അത്. മനുഷ്യകുലത്തിന്റെ ആദിമകുലജാതരായ നിലവിലെ മനുഷ്യവംശവുമായി ഏറെ സാമ്യതയുള്ള ഈ വേറിട്ട സ്പീഷീസിന് അവർ ഹോമോ ലോംഗി എന്നു പേരിട്ടു.

 നിർണായകമായ വഴിത്തിരിവിലൂടെ

 ഒന്നരലക്ഷം വർഷം മുൻപ് കിഴക്കൻ ഏഷ്യയിൽ അധിവസിച്ചിരുന്ന വംശമാണ് ഹോമോ ലോഗികൾ. ഡ്രാൺമാന്റെ തലയോട്ടിക്ക് ആധുനികമനുഷ്യന്റെ തലയോട്ടിയേക്കാൾ വലുപ്പമുണ്ടെങ്കിലും തലച്ചോറിന് ആധുനിക മനുഷ്യന്റെ തലച്ചോറിന്റെ വലുമ്മം തന്നെയായിരുന്നു.. പഠനങ്ങൾ തുടരുകയാണ്. നമ്മുടെ പൂർവികരെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകാൻ ഡ്രാഗൺമാൻ ഫോസിലിനു കഴിയുമെന്ന് പ്രതീക്ഷിക്കാം.

Popular Posts

Recent Posts

Blog Archive