Monday

കേരള ജനതയെ കൂട്ടക്കൊല ചെയ്യരുത്

 


ഒരാറുമാസം കഴിയുമ്പോൾ നമ്മുടെ നാട്ടിലെ സാധാരണക്കാർ കൂട്ടമായി ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞാൽ ഒരുപക്ഷേ എന്നെ കളിയാക്കുമായിരിക്കും. പക്ഷേ അതാണു സംഭവിക്കാൻ പോകുന്നത്.

അൽപ്പം പോലും ദീർഘവീക്ഷണമോ സ്വന്തം ആലോചനാ ശേഷിയോ ഉപയോഗപ്പെടുത്താതെ സമൂഹത്തിലെ ആരോഗ്യ സാമൂഹ്യ വിചക്ഷണന്മാർ ചൊല്ലിക്കൊടുക്കുന്ന മന്ത്രങ്ങൾ അപ്പടി നടപ്പിലാക്കുമ്പോൾ അത് സമൂഹത്തെ എങ്ങനെയാണു സ്വാധീനിച്ചും സമൂഹം അനുഭവിച്ചും കൊണ്ടിരിക്കുന്നതുകൂടി നടപ്പിലാക്കുന്നവർ മനസ്സിലാക്കേണ്ടതുണ്ട്.

മറ്റുള്ളവരുടെ ബിൽഡിംഗുകളോ അല്ലെങ്കിൽ അവയിൽ ഏതാനും കടമുറികളോ അല്ലെങ്കിൽ ഒന്നോരണ്ടോ റൂമുകളെങ്കിലും വാടകക്കെടുത്തുകൊണ്ട് ലോണെടുക്കുകയോ പണയം വെക്കുകയോ പലിശക്കു കടം വാങ്ങിയോ ഒക്കെ ഉപജീവനത്തിനു മാർഗ്ഗം തേടിയവരാണ് സാധാരണക്കാർ.

എന്തിന്റെ പേരിലായാലും ആ മാർഗ്ഗങ്ങൾ മാസങ്ങൾ അടഞ്ഞുകിടക്കുമ്പോൾ സ്വന്തം വരുമാനം നിലക്കുക മാത്രമല്ല ചെയ്യുന്നത്. ഭീമമായ വാടകക്കുടിശ്ശിഖ എന്ന ബാധ്യതക്കുപുറമേ ഇതര ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള ബാധ്യതകൂടി പിന്നീട് പരിഹരിക്കാൻ കഴിയാത്ത വിധം പെരുകിവരുന്നുണ്ട്. ബിൽഡിംഗ് ഓണറെ സംബന്ധിച്ചിടത്തോളം വാടക ആവശ്യമാണ്. കച്ചവടക്കാരന്റെ സൗകര്യവും സാഹചര്യവും നോക്കിയല്ല ഇവിടുത്തെ വാടക സംവിധാനം നിലനിൽക്കുന്നത്. വാടക മുടങ്ങുമ്പോൾ സ്വാഭാവികമായും സ്ഥാപനം ഒഴിഞ്ഞുകൊടുക്കാൻ അവർ ആവശ്യപ്പെടും.

കൂടുതൽ വാടകൊടുത്തെടുക്കാൻ ആൾക്കാർ ക്യൂ നിൽക്കുന്നുണ്ട്. അവയെല്ലാം തുടങ്ങി എത്രകാലം നിലനിൽക്കുന്നു എന്നത് വേറേകാര്യം. ചെറിയ ആശ്വാസമെന്നു തോന്നിപ്പിക്കുന്ന താൽക്കാലിക നിലപാടുകൾക്കൊന്നും ഈ പ്രതിസന്ധി യെ പരിഹരിക്കാൻ സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. അങ്ങനെ ഒഴിയേണ്ട സാഹചര്യം ഉണ്ടാവുമ്പോൾ വീണ്ടും പലിശക്കെടുത്തോ ലോണെടുത്തോ കുടിശ്ശിഖ തീർത്ത് സ്ഥാപനം നിലനിർത്താൻ ശ്രമിക്കും. കാരണം അത്രത്തോള ചെലവാക്കിയായിരിക്കും തന്റെ വ്യാപാര സ്ഥാപനം ഓരോരുത്തരും സ്ഥാപിച്ചിട്ടുണ്ടാവുക.

മാത്രമല്ല തന്റെ ഭീമമായ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനുള്ള സാധ്യതയായി ഓരോ കച്ചവടക്കാരനും കരുതുന്നത് തന്റെ പ്രതീക്ഷയായ വ്യാപാര സ്ഥാപനത്തെത്തന്നെയാണ്. അത് വലുതായാലും ചെറുതായാലും. ബാധ്യതകൾ അതിനൊപ്പിച്ച അളവുകളിലായിരിക്കുമെന്നു മാത്രം. സമൂഹത്തിലെ സാമ്പത്തിക സുരക്ഷിതത്വം അനുഭവിക്കുന്നവരും സർക്കാർ ജോലിക്കാരും രാഷ്ട്രീയ നേതാക്കളുമെല്ലാം ഇത്തരം പ്രതിസന്ധികൾ തീരെയോ അല്ലെങ്കിൽ വേണ്ടത്രയോ അനുഭവിക്കുന്നവരല്ല.

അന്നന്നു ജോലിചെയ്തു വിശപ്പടക്കുന്നവർക്കും അവർക്കു കിട്ടുന്ന സഹായങ്ങളോ സൗജന്യ റേഷനോ ഒക്കെ കൊണ്ട് ഈ സാഹചരത്തെ അതിജീവിക്കാൻ പറ്റും. കാരണം നേരത്തേ പറഞ്ഞ ബാധ്യത അവരെ ബാധിക്കുന്നില്ല. പക്ഷേ സാധാരണക്കാരുടെയും കച്ചവടക്കാരായ ഇടത്തട്ടുകാരുടെയും സ്ഥിതി അതല്ല. എങ്ങനെ ഈ പ്രതിസന്ധിയെ അതിജീവിക്കും എന്ന അങ്കലാപ്പിലാണ് അവർ ജീവിക്കുന്നത്. കച്ചവടരംഗത്ത് വലിയ പ്രതിസന്ധികൂടിയാണു വരാൻ പോകുന്നത്. ഇപ്പോഴത്തെ എല്ലാ സാഹചരങ്ങളും ഓൺലൈൻ കുത്തകകളെ മാത്രമേ സഹായിക്കുന്നുള്ളൂ.

ജപ്തിനോട്ടീസായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സ്ഥാപനം ഒഴിവാകാനായി ബിൽഡിംഗ് ഓണർമാരിൽ നിന്നും ഭീഷണി വരുമ്പോൾ ജീവിതം വഴിമുട്ടുമെന്നറിയുന്ന ഏതൊരു സാധാരണക്കാരനും പകച്ചുപോകും. മുന്നിൽ തന്റെ കുടുംബത്തെ സംരക്ഷിക്കാൻ കഴിയാതെ വരുന്ന സാഹചര്യമുണ്ടാകുമ്പോൾ കൂട്ടത്തോടെ കയറെടുക്കുന്ന സാഹചര്യം വരും.

 ഒന്നാം ലോക്ഡൗൺ കാലത്തിനു ശേഷം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ കണ്ടതാണ് കടയുടമ കനിഞ്ഞാലും മേൽവാടകക്കാരൻ കനിയാത്തതുകൊണ്ട് കടയൊഴിയേണ്ടി വന്നതും ഉള്ള കിടപ്പാടം വിറ്റ് കടം തീർത്ത് വാടക വീട്ടിലേക്കു മാറേണ്ടി വന്നതുമെല്ലാം നാം കണ്ട ജീവിത യാഥാർത്ഥ്യങ്ങളാണ്. നമ്മുടെ ഭരണകൂടങ്ങളും അവർ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ വിഭാഗവും ഈ അവസ്ഥ മനസ്സിലാക്കേണ്ടതുണ്ട്. 

അടിയന്തിരമായി എല്ലാ രീതിയിലും ലോക്ഡൗൺ നിർത്തി ജനജീവിതം സാധാരണ നിലയിൽ കൊണ്ടുവരാൻ ശ്രമിക്കേണ്ടതുണ്ട്. മാസ്കും സാനിറ്റൈസറും സാമൂഹ്യ അകലവും ഇപ്പോഴത്തെ സാഹചര്യം പോലെ തുടരുകയും, ആവശ്യത്തിനല്ലാതെ പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരേ കർശന നടപടികളെടുക്കുകയും ചെയ്താൽ ഇപ്പോൾ ഉദ്ദേശിക്കുന്നതുപോലെ തന്നെ കൊറോണയെ പിടിച്ചുകെട്ടാൻ സാധിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ ഇനി വരാൻ പോകുന്ന ദുരന്തത്തെ നമുക്ക് മറികടക്കാനും സാധിക്കും.

അശാസ്ത്രീയ ലോക്ഡൗണുകളും സ്ഥാപനങ്ങൾ തുറക്കുന്ന സമയക്കുറവും നിയന്ത്രണങ്ങളും സ്ഥാപനങ്ങളുടെ മുമ്പിൽ വലിയ ജനക്കൂട്ടത്തെ സൃഷ്ടിക്കുകയാണിപ്പോൾ. ദിവസം മുഴുവൻ തുറന്നിരുന്നാൽ അല്ലെങ്കിൽ കൂടുതൽ സമയം തുറന്നിരുന്നാൽ എല്ലായിടത്തും തിരക്ക് ഒഴിവാവുകയായിരിക്കും ചെയ്യുക.

 ഇത്രയും കാലം ലോക്ഡൗൺ ഏർപ്പെടുത്തിയിട്ട് എന്തു സംഭവിച്ചു എന്നു ചിന്തിക്കാനും മനസ്സിലാക്കാനും ഭരണകൂടവും ഉദ്യോഗസ്ഥ വിഭാഗവും ആലോചിച്ചേ മതിയാവൂ. അതല്ല ഉള്ള അവസരം മുതലെടുത്തുകൊണ്ട് സാധാരണക്കാരുടെ ഉള്ളകാശും കൂടി പിടിച്ചു പറിച്ച് കൊള്ളയടിച്ച് ഖജനാവു നിറക്കാനാണ് ഇപ്പോഴത്തെ ഈ നടപടികളെങ്കിൽ കഷ്ടമെന്നേ പറയാനുള്ളൂ. ഇവിടെ ജീവിക്കേണ്ടി വരുന്ന സാധാരണക്കാരന്റെ ഗതികേട്.

വ്യാപാരികൾ ഇപ്പോൾ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് ലോക്ഡൗൺ വിജയിപ്പിക്കുന്നത്, ഗതികേടുകൊണ്ടാണെന്നും ഉദ്യോഗസ്ഥ നിയമ വിഭാഗങ്ങൾ ചുമത്താൻ സാധ്യതയുള്ള വൻ സാമ്പത്തിക ഭാരവും അപമാനവും താങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണെന്നുകൂടി മനസ്സിലാക്കുന്നതു നല്ലത്. കാരണം ഇപ്പോൾ കൊറോണയെക്കാൾ അത്രത്തോളം ഭീകരമാണ് സാധാരണക്കാരന്റെ ജീവിത സാഹചര്യം.

ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്. ചിന്തിക്കുന്നവനു മാത്രം....


0 comments:

Post a Comment

Popular Posts

Recent Posts

Blog Archive