Tuesday

പിണറായി യുഗത്തിന് അന്ത്യം കുറിച്ച ജനവിധി

 പത്തുവർഷം നീണ്ടുനിന്ന എൽ.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് കേരളത്തിൽ യു.ഡി.എഫ് വൻ വിജയം കൈവരിച്ചിരിക്കുകയാണ്. വികസനത്തുടർച്ചയും ക്ഷേമപദ്ധതികളും ഉയർത്തിക്കാട്ടി ഭരണത്തുടർച്ച ലക്ഷ്യമിട്ട പിണറായി വിജയനും ഇടതുപക്ഷത്തിനും ഈ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതവും കനത്തതുമായ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തിപരമായി നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചുവെങ്കിലും, സർക്കാരിന്റെ പതനം പൂർണ്ണമായിരുന്നു.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായത് സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളിൽ ഉണ്ടായ വിള്ളലുകളാണ്. കാലങ്ങളായി എൽ.ഡി.എഫിനെ തുണച്ചിരുന്ന മണ്ഡലങ്ങൾ കൂട്ടത്തോടെ യു.ഡി.എഫിനൊപ്പം നിന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തുണ്ടായ കനത്ത അഴിമതി ആരോപണങ്ങളും ഖജനാവ് ശൂന്യമായിരിക്കുമ്പോഴും തുടർന്ന ധൂർത്തും ജനങ്ങളിൽ വലിയ അമർഷമുണ്ടാക്കിയിരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങളെക്കാൾ പ്രമുഖർക്കും ബന്ധുക്കൾക്കും നൽകിയ വഴിവിട്ട സഹായങ്ങളും, നികുതി വർദ്ധനവും ജനവിധി സർക്കാരിന് എതിരാക്കാൻ കാരണമായി. പത്തുവർഷത്തെ ഭരണം കൊണ്ട് ജനക്ഷേമത്തേക്കാൾ ഉപരിയായി അഴിമതിക്കും ധൂർത്തിനുമാണ് പ്രാധാന്യം നൽകിയതെന്ന യു.ഡി.എഫ് പ്രചാരണം ജനങ്ങൾ ഏറ്റെടുത്തു.

മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയും പെരുമാറ്റവും പലപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. "കടക്ക് പുറത്ത്" എന്നും "വീട്ടിൽ പോയി ചോദിച്ചാൽ മതി" എന്നുമുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ ജനങ്ങളോടും മാധ്യമങ്ങളോടും കാണിച്ച ധാർഷ്ട്യമായാണ് വിലയിരുത്തപ്പെട്ടത്. ഭരണാധികാരി എന്ന നിലയിൽ പുലർത്തേണ്ട വിനയത്തിന് പകരം അണികളോടും ജനത്തോടും കാണിച്ച ഈ സമീപനം ബാലറ്റിലൂടെ ജനം തിരിച്ചടിച്ചു. പിണറായി വിജയൻ പറഞ്ഞതുപോലെ തന്നെ, ഇനി അദ്ദേഹത്തിന് "വീട്ടിൽ പോയി വിശ്രമിക്കാനുള്ള" സമയമാണ് ജനങ്ങൾ അനുവദിച്ചിരിക്കുന്നത്.

ജനാധിപത്യത്തിൽ അധികാരം ശാശ്വതമല്ലെന്ന ഓർമ്മപ്പെടുത്തലാണ് ഈ ജനവിധി. അഴിമതിക്കും ധൂർത്തിനുമെതിരെ ജനം അണിനിരന്നപ്പോൾ കേരളം പുതിയൊരു രാഷ്ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. കേരളത്തിന്റെ വികസനവും സമാധാനവും പുനഃസ്ഥാപിക്കാൻ പുതിയ സർക്കാർ പ്രാധാന്യം നൽകുമെന്ന പ്രതീക്ഷയിലാണ് പ്രബുദ്ധരായ വോട്ടർമാർ.

Popular Posts

Recent Posts

Blog Archive