ട്രമ്പിന്റെ കളി ഇറാനോടു നടക്കാത്തതിന്റെ കാരണം...
ഇറാനെപ്പോലെ ആത്മാഭിമാനം ആർക്കും പണയം വെക്കാത്ത ഒരു രാജ്യം അമേരിക്കയുടെ സ്വാർത്ഥ താല്പര്യങ്ങൾക്കു താഴെ തലവെച്ചു കൊടുക്കില്ലാ എന്നത് നേരത്തേതന്നെ മനസ്സിലാക്കേണ്ടതായിരുന്നു. മാത്രമല്ല ട്രമ്പിന്റെ വാക്കുകൾ വിശ്വസിക്കാൻ കൊള്ളില്ലായെന്ന് ഇറാൻ നേരത്തേ തിരിച്ചറിഞ്ഞതുമാണ്. ചർച്ച പരാജയപ്പെടാനുണ്ടായ കാരണം വേറേ അന്വേഷിക്കേണ്ടതില്ല. സമാധാന ചർച്ചകൾ ഒരു വശത്ത് നടക്കുമ്പോൾ തന്നെ അമേരിക്ക കൂടുതൽ സൈന്യത്തെ മിഡിൽ ഈസ്റ്റിലേക്ക് അയക്കുന്നത് ഇറാനെ പ്രകോപിപ്പിക്കുന്നുണ്ട്. സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ എന്തിനാണ് ഇത്രയധികം സൈന്യത്തെ വിന്യസിക്കുന്നത് എന്ന് ഇറാൻ ചോദിക്കുന്നു.
ഇറാന്റെ ആണവ പദ്ധതി സമാധാനപരമായ
ആവശ്യങ്ങൾക്കും വൈദ്യുതി ഉൽപ്പാദനത്തിനും വേണ്ടിയുള്ളതാണ്. ആണവായുധം
നിർമ്മിക്കുന്നത് തങ്ങളുടെ മതപരമായ വിശ്വാസത്തിന് എതിരാണെന്ന് ഇറാൻ ആവർത്തിച്ചു
വ്യക്തമാക്കുന്നു. അത് അമേരിക്കക്കുമറിയാം. പക്ഷേ ഇറാനെ എങ്ങനെയെങ്കിലും
ദുർബലപ്പെടുത്താൻ അമേരിക്ക ആണവ വിഷയം ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന് ഇറാൻ തിരിച്ചറിയുന്നുണ്ട്.
അമേരിക്കയുടെ ഭീഷണികൾക്കും
ഉപരോധങ്ങൾക്കും മറുപടിയായി തങ്ങളുടെ പക്കലുള്ള ഏക 'ട്രംപ് കാർഡ്' ഹോർമുസ് കടലിടുക്കാണെന്ന് ഇറാൻ
പക്ഷത്തുള്ളവർ വിശ്വസിക്കുന്നു. ഇതിലൂടെയുള്ള എണ്ണ വിതരണം തടഞ്ഞുകൊണ്ട്
അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങളെ നേരിടാൻ ഇറാൻ ശ്രമിക്കുന്നത് അതുകൊണ്ടാണ്. ഹിസ്ബുള്ളയെ
ഇറാൻ സഹായിക്കുന്നത് തങ്ങളുടെ സുരക്ഷയ്ക്കും മേഖലയിലെ പ്രതിരോധത്തിനും
വേണ്ടിയാണെന്നാണ് ഇറാൻ്റെ നിലപാട്. ലെബനൻ സർക്കാരിൻ്റെ ഭാഗമായ ഹിസ്ബുള്ളയെ
ഉപേക്ഷിക്കാൻ ഇറാൻ തയ്യാറല്ല.
യുദ്ധത്തിനിടെ വിദ്യാലയങ്ങൾക്കും
സാധാരണക്കാർക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ ഇറാൻ ശക്തമായി അപലപിക്കുന്നു.
കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി അന്താരാഷ്ട്ര സമൂഹത്തിൻ്റെ
ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരാൻ ഇറാൻ ശ്രമിക്കുന്നുണ്ട്. ചർച്ചക്ക് ഇറാൻ പ്രതിനിധികളെത്തിയ
വിമാനവും വിമാനത്തിലെ ഒഴിഞ്ഞ സീറ്റുകളിൽ നിരത്തിയിരുന്ന, അമേരിക്ക കൊലപ്പെടുത്തിയ
ഇറാനിലെ കുരുന്നുകളുടെ ബാഗുകളും ഷൂസുകളും ചിത്രങ്ങളും അതിന്റെ ഭാഗമായായിരുന്നു.
പാകിസ്ഥാനിൽ വെച്ച് നടന്ന ചർച്ചകൾ ഫലം
കാണാതെ പോയതിന് കാരണം അമേരിക്കയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ്. തങ്ങളുടെ
ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ ഏതൊരു ഉടമ്പടിക്കും ഇറാൻ
തയ്യാറാവുകയുള്ളൂ. ഇറാന്റെ ദേശീയതക്ക് അമേരിക്കയും ഇസ്രയേലും പുല്ലുവിലപോലും കൊടുക്കുന്നുമില്ല.
പിന്നെങ്ങനെ സമാധാന ചർച്ച മുന്നോട്ടുപോകും..?

0 comments:
Post a Comment