Monday

ദൈവത്തെ കൊന്നവരെ കൊന്നുതള്ളിയതാര്..?


 ലോകചരിത്രം പരിശോധിച്ചാൽ ജൂതസമൂഹം നേരിട്ട ഏറ്റവും വലിയ കൂട്ടക്കൊലകൾക്കും പീഡനങ്ങൾക്കും പിന്നിൽ ക്രൈസ്തവ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ ഭരണാധികാരികളായിരുന്നു എന്നത് ഒരു ചരിത്രവസ്തുതയാണ്. നൂറ്റാണ്ടുകളോളം യൂറോപ്പിലെ ക്രൈസ്തവ സഭകൾ ജൂതന്മാരെ "ദൈവത്തെ കൊന്നവർ" (Deicides) ആയിട്ടാണ് ചിത്രീകരിച്ചിരുന്നത്. യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിന് ഉത്തരവാദികൾ ജൂതന്മാരാണെന്ന വിശ്വാസം സാധാരണ ജനങ്ങൾക്കിടയിൽ ജൂതവിരുദ്ധത (Anti-Semitism) വളർത്തി. ഇത് പലപ്പോഴും വലിയ തോതിലുള്ള അക്രമങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം മൂടിവെക്കാൻ ഇക്കാലത്ത് പാശ്ചാത്യലോകം ശ്രദ്ധിക്കുന്നുണ്ട്.

വിശുദ്ധ നാട് പിടിച്ചെടുക്കാൻ പോയ കുരിശുയുദ്ധ സേനാനികൾ യൂറോപ്പിലെമ്പാടുമുള്ള ആയിരക്കണക്കിന് ജൂതന്മാരെ കൊന്നൊടുക്കി. പതിനഞ്ചാം നൂറ്റാണ്ടിൽ സ്പെയിനിലെ ക്രൈസ്തവ ഭരണാധികാരികൾ ജൂതന്മാരെ ഒന്നുകിൽ മതം മാറാൻ അല്ലെങ്കിൽ നാടുവിടാൻ നിർബന്ധിച്ചു. വിസമ്മതിച്ചവർ ക്രൂരമായി കൊല്ലപ്പെട്ടു. ക്രൈസ്തവ കുട്ടികളെ ജൂതന്മാർ തട്ടിക്കൊണ്ടുപോയി അവരുടെ രക്തം മതപരമായ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നു എന്ന വ്യാജപ്രചാരണം യൂറോപ്പിൽ വ്യാപകമായിരുന്നു. ഇത് വലിയ കൂട്ടക്കൊലകൾക്ക് കാരണമായി. ഇക്കാലത്ത് പാശ്ചാത്യലോകം പൂഴ്തിവെക്കുന്ന ചരിത്രങ്ങളിൽ ഈ ചരിത്രവും പെടും..

മദ്ധ്യകാല യൂറോപ്പിൽ ജൂതന്മാർക്ക് ഭൂമി വാങ്ങാനോ പല തൊഴിലുകൾ ചെയ്യാനോ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ക്രിസ്ത്യാനികൾക്ക് പലിശയ്ക്ക് പണം കടം കൊടുക്കുന്നത് മതപരമായി നിഷിദ്ധമായിരുന്നതിനാൽ, ജൂതന്മാർ ആ മേഖലയിലേക്ക് തിരിഞ്ഞു. ഇത് പിൽക്കാലത്ത് "ജൂതന്മാർ ചൂഷകരാണ്" എന്ന തെറ്റായ ധാരണ പടരാനും ഭരണാധികാരികൾക്ക് അവരെ വേട്ടയാടാനും എളുപ്പമാക്കി. അന്ധമായ മുസ്ലിം വിരോധത്താൽ പുതിയ ചരിത്രം സൃഷ്ടിക്കുന്നവർ ഇക്കാര്യങ്ങൾ കൂടി അറിയുന്നതു നന്നാവും.

ജൂതചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യ നടന്നത് രണ്ടാം ലോകമഹായുദ്ധകാലത്ത് അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിലാണ്. ഹിറ്റ്‌ലർ ഒരു മതവിശ്വാസിയായിരുന്നില്ലെങ്കിലും, ജർമ്മനിയിലെ ക്രൈസ്തവ ഭൂരിപക്ഷ സമൂഹത്തിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജൂതവിരുദ്ധ വികാരം അദ്ദേഹം തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചു. ഏകദേശം 60 ലക്ഷം ജൂതന്മാരെ ഹിറ്റ്ലർ പീഡിപ്പിച്ചു കൊന്നുതള്ളിയിട്ടുണ്ട്

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും റഷ്യയിലും കിഴക്കൻ യൂറോപ്പിലും (ഭൂരിഭാഗവും ക്രൈസ്തവ രാജ്യങ്ങൾ) ജൂതന്മാർക്കെതിരെ ആസൂത്രിതമായ അക്രമങ്ങൾ (Pogroms) നടന്നു. ലക്ഷക്കണക്കിന് ജൂതന്മാർ അന്ന് കൊല്ലപ്പെടുകയോ പാലായനം ചെയ്യുകയോ ചെയ്തു. ഇറാനെ ആക്ഷേപിക്കാൻ മാത്രം പശ്ചിമേഷ്യൻ യുദ്ധത്തെ വളച്ചൊടിച്ച് പുതിയ കഥ വിളമ്പുന്നവർ യഥാർത്ഥ ലോക ചരിത്രം പറയില്ലെങ്കിലും അറിഞ്ഞിരിക്കണം.

0 comments:

Post a Comment

Popular Posts

Recent Posts

Blog Archive