മലയാളി മാതാപിതാക്കളുടെ 'അഭിമാന' പ്രവാസവും നഷ്ടമാകുന്ന യുവത്വവും...
ഇന്ന് കേരളീയ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് 'യൂത്ത് ഡ്രെയിൻ' അഥവാ യുവാക്കളുടെ കൂട്ടത്തോടെയുള്ള വിദേശപലായനമാണ്. നാളെ നമ്മുടെ നാടിനെയും രാഷ്ട്രീയപ്പാർട്ടികളെയും നയിക്കേണ്ട, മികച്ച ബുദ്ധിശക്തിയുള്ള (Brain) യുവതലമുറയാണ് വിദേശരാജ്യങ്ങളിൽ വെറും ഡെലിവറി ബോയ്‌സ് ആയും കെ.എഫ്.സി പോലുള്ള സ്ഥാപനങ്ങളിൽ പാത്രം കഴുകുന്നവരായും (Utensils washing) തങ്ങളുടെ ജീവിതം ഹോമിക്കുന്നത്. അവർ അവിടെ ജീവിക്കുന്നുണ്ടാകാം, എന്നാൽ സ്വന്തം നാട്ടിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമായിരുന്ന പ്രതിഭകളെയാണ് നമുക്ക് ഇതിലൂടെ നഷ്ടപ്പെടുന്നത്.
കാനഡയിലും മറ്റ് വിദേശരാജ്യങ്ങളിലും
പോയി നോക്കിയാൽ നാട്ടിൽ ഡോക്ടർമാരും എൻജിനീയർമാരുമായിരുന്ന പലരും ടാക്സി ഓടിച്ചും
സാധാരണ ജോലികൾ ചെയ്തും ജീവിക്കുന്നത് കാണാം. വിദേശത്തെ
നല്ല കാലാവസ്ഥയും കോട്ടുമൊക്കെയിട്ട് നിൽക്കുന്ന അവരുടെ ചിത്രങ്ങളും കാണുമ്പോൾ
ബാഹ്യമായി വലിയ ഭംഗി തോന്നാമെങ്കിലും യഥാർത്ഥ ജീവിതം മറ്റൊന്നാണ്.
നാടിന്റെ സാധ്യതകളും പബ്ലിക് ട്രാൻസ്‌പോർട്ടും
വിദേശരാജ്യങ്ങളിലേക്ക് പോകുന്ന പലരും
നമ്മുടെ നാട്ടിലെ സൗകര്യങ്ങളെ വിസ്മരിക്കുകയാണ് ചെയ്യുന്നത്.
കേരളത്തിലുള്ളതുപോലെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ (Public
Transport) ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയില്ല. രാത്രി വൈകിയും വളരെ കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് യാത്ര ചെയ്യാൻ
കഴിയുന്ന ബസ് സർവീസുകൾ നമ്മുടെ നാട്ടിലുണ്ട്. വിദേശങ്ങളിൽ
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പോയാൽ ഇത്തരമൊരു സൗകര്യം സ്വപ്നം കാണാൻ പോലും കഴിയില്ല.
നമ്മുടെ നാടിന്റെ സുരക്ഷിതത്വത്തെക്കുറിച്ചോ ഇവിടുത്തെ വലിയ
സാധ്യതകളെക്കുറിച്ചോ പുതിയ തലമുറയ്ക്ക് മാതാപിതാക്കൾ പറഞ്ഞു കൊടുക്കുന്നില്ല
എന്നതാണ് ഏറ്റവും വലിയ പോരായ്മ.
മാതാപിതാക്കളുടെ 'അഭിമാന പ്രശ്നം'
50-ഉം 60-ഉം
വയസ്സായ മലയാളി മാതാപിതാക്കളുടെ ഒരു വലിയ അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്
മക്കളുടെ വിദേശവാസം. "മോൻ അയർലൻഡിലാണ്",
"മോൾ യുകെയിലാണ്" എന്ന് മറ്റുള്ളവരോട് പറയുന്നത്
അവർക്കൊരു അന്തസ്സാണ്. എന്നാൽ ഈ മക്കളുടെ നാട്ടിലെ അവസ്ഥ
എന്താണ്? നാട്ടിൽ രണ്ടോ മൂന്നോ ഏക്കർ സ്ഥലം
സ്വന്തമായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികളാണ് വിദേശത്തേക്ക് പോകുന്നത്. ലണ്ടനിലോ അയർലൻഡിലോ പോയി ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടാൽ പോലും സ്വന്തമായി
വാങ്ങാൻ കഴിയാത്തത്ര മൂല്യമുള്ള സ്വത്തുക്കൾ നാട്ടിലിട്ടുട്ടാണ് അവർ അന്യനാട്ടിൽ
പോയി അടിമപ്പണി ചെയ്യുന്നത്.
ഈ ഒരു പ്രവണത മാറേണ്ടതുണ്ട്. വിദേശത്തെ
തിളക്കമുള്ള ജീവിതസാഹചര്യങ്ങൾ കണ്ട് കൺകെട്ടിലാകുന്നതിന് മുൻപ്, സ്വന്തം നാടിന്റെ സാധ്യതകളെ തിരിച്ചറിയാനും ഇവിടെത്തന്നെ
മികച്ച രീതിയിൽ ജീവിക്കാനും നമ്മുടെ യുവാക്കൾക്ക് കഴിയണം. അതിനായി മാതാപിതാക്കളുടെ
മനോഭാവത്തിലും മാറ്റം വരേണ്ടതുണ്ട്.

0 comments:
Post a Comment