Tuesday

എന്റെ നീതി

എന്തൊരു രുചിയാണ്
നിന്റെ നിണം കുടിയ്ക്കുന്നത്

എന്തൊരു രസമാണ്
നിന്റെ മാംസം ഭുജിയ്ക്കുന്നത്

എന്തൊരു ഹരമാണ്
നിന്റെ വേദന കാണുന്നത്

എന്തൊരാനന്ദമാണ്
നിന്റെ നാശം കേള്‍ക്കുന്നത്

നിന്റെ വ്രണത്തില്‍ കുത്തല്‍
എനിയ്ക്കനുഭൂതി പകരുന്നു

നിന്റെ കുടുംബം കുളംതോണ്ടിയാല്‍
എനിയ്ക്കു നഷ്ടമില്ലല്ലോ

നിനക്കു നഷ്ടപ്പെടുന്നതൊന്നും
എനിയ്ക്കു ബാധകമല്ലല്ലോ

നീയൊരു മനുഷ്യനെന്നത്
ഞാനോര്‍ക്കേണ്ടതില്ലല്ലോ

നിന്റെ മക്കള്‍ അനാഥരായാല്‍
എനിയ്ക്കെന്താണു നഷ്ടം

നിന്റെ പത്നി വിധവയായാല്‍
ഞാനെന്തിനു ഖേദിയ്ക്കണം

നിന്റെ സുരക്ഷിതത്വം
എന്റെ ബാധ്യതയല്ലല്ലോ

നിന്റെ ജീവിതംതകരുന്നതുകണ്ട്
ഞാനാനന്ദനൃത്തം ചവിട്ടും

നിന്റെ ജീവന്‍ നശിയ്ക്കുന്നതുകണ്ട്
ഉന്മാദാഘോഷം നടത്തും

നിന്റെ രക്തവും മാംസവും കഴിഞ്ഞ്
എല്ലുകള്‍ ബാക്കിയായാല്‍

തന്നിടാം നിനക്കൊരുഹാരം
നഷ്ടപരിഹാരമായിത്തന്നെ

വേണമെങ്കിലെനിയ്ക്കന്നതൊരു
കുമ്പസാരവുമായിക്കാണാം

Saturday

മോഹപ്പക്ഷി

കണ്ണൂര്‍ നഗരം ഇതുവരെക്കാണാത്തത്ര പ്രൌഢ ഗംഭീരമായ ചടങ്ങില്‍‌വച്ച് ബൂലോകത്തെ അനുഗൃഹീത കവയിത്രി ശാന്ത കാവുമ്പായിയുടെ പ്രഥമ കവിതാസമാഹാരമായ മോഹപ്പക്ഷി ശ്രീ മണമ്പൂര്‍ രാജന്‍ബാബുവിന്റെ മഹനീയ കരങ്ങളാല്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിയ്ക്കപ്പെട്ടു.

ഈ മംഗളകര്‍മ്മം നിര്‍വ്വഹിയ്ക്കപ്പെട്ട വേദി


പുസ്തകപ്രകാശനച്ചടങ്ങ്


ചാരിതാര്‍ത്ഥ്യത്തോടെ ശാന്ത കാവുമ്പായി


നമ്മുടെ പ്രിയപ്പെട്ട ബ്ലോഗര്‍ ഒരു നുറുങ്ങ് വേദിയുടെ മുന്‍‌നിരയില്‍


നിറഞ്ഞുകവിഞ്ഞ വേദി.

കാവുമ്പായിച്ചേച്ചിയുടെ ബ്ലോഗ് ഇവിടെ

കുമാരന് ഒരു തണല്‍ അഥവാ കുമാരന്‍ ഒരു പാ‍ര

എന്തോകണ്ട് തരിച്ചു നില്‍ക്കുകയാണു കുമാരന്‍ (സത്യത്തില്‍ ഉള്ളില്‍ ചിരിയ്ക്കുകയായിരുന്നുവെന്ന് കുമാരന്‍ പിന്നെ സ്വകാര്യമായി പറഞ്ഞു)



കുമാരന്റെ കാറില്‍നിന്നടിച്ചുമാറ്റിയ തോര്‍ത്തുമുണ്ടുകൊണ്ട് തണല്‍ എന്തോ ചെയ്യുന്നുണ്ട്. ചിത്രത്തില്‍ അതു വ്യക്തമായി കാണാം. അതുകണ്ടിട്ടാണ് കുമാരന്‍ ഉള്ളില്‍ ചിരിയ്ക്കുന്നത്. എന്താണ് സംഭവമെന്ന് പറയാമോ..?

Monday

Sunday

എറണാകുളം ബ്ലോഗേഴ്സ് മീറ്റ്

ഇത് എന്റെ രണ്ടാം ബ്ലോഗുമീറ്റ്.

വെളുപ്പിനു നാലുമണിയ്ക്കു തന്നെ ഉണര്‍ന്നു. ഇരുപതുമിനിട്ടുകൊണ്ട് കുളിയും തേവാ‍രവും കഴിച്ച് ബൈക്കില്‍ തിരൂരിലേയ്ക്ക്. ആറുമണിയ്ക്കുള്ള തീവണ്ടിയായിരുന്നു ലക്ഷ്യം. സ്റ്റേഷനില്‍ അല്‍പ്പസമയമേ നില്‍ക്കേണ്ടിവന്നുള്ളൂ, അപ്പോഴേയ്ക്കും ഇസ്മായില്‍‌കുറുംപടി എത്തി. തീവണ്ടി എട്ടുമണിയ്ക്കേ ഉള്ളുവെന്നറിഞ്ഞപ്പൊ ഞങ്ങളില്‍ അല്‍പ്പം നിരാശ പടര്‍ന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ശകടത്തില്‍ മുക്കിയും മൂളിയും ഒരുവിധത്തില്‍ എറണാകുളം ഇടപ്പള്ളിയിലെത്തി. തബാറക് റഹ്മാന്റെ ഫോണ്‍കോള്‍ അറ്റന്‍ഡുചെയ്ത് നേരേ ഹൈവേയ്ക്ക്. മീറ്റിനുള്ള ചിട്ടവട്ടങ്ങള്‍ തയ്യാറാകുന്നതേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍.

ചെറായിയില്‍ പരിചയപ്പെട്ട മുഖങ്ങളില്‍ കുറച്ചുപേരോട് പരിചയം പുതുക്കി പുതിയ മുഖങ്ങളുടെ അടുത്തേയ്ക്കു നടന്നു. അപ്പോഴേയ്ക്കും മീറ്റു തുടങ്ങി. ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തുമ്പോള്‍ നമ്മുടെ ബൂലോകത്തിലൂടെ തത്സമയ സം‌പ്രേക്ഷണം നടക്കുന്നുണ്ടായിരുന്നു. വിശദമായ പരിചയപ്പെടുത്തലുകള്‍ക്കു ശേഷം മുറുകന്‍ കാ‍ട്ടാക്കടയുടെ ഒരു കവിത അദ്ദേഹം തന്നെ ആലപിച്ചു. അനന്തരം സ്വകാര്യ പരിചയപ്പെടലുകള്‍ നടക്കുമ്പോള്‍ ചൂടുഭക്ഷണം മാടിവിളിയ്ക്കുന്നുണ്ടായിരുന്നു. അതിനെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്നുകരുതി സംഗതി കുശാലാക്കി.

കുറേയധികം ബ്ലോഗര്‍മാരെക്കൂടി പരിചയപ്പെടാനും കാപ്പിലാന്‍, തബാറക് റഹ്മാന്‍, സജിം തട്ടത്തുമല തുടങ്ങിയ നേരിട്ടു ഫോണിലും ചാറ്റിലും മാത്രം സംവദിച്ചിരുന്ന മറ്റു ചിലരെ നേരിട്ടു കാണാനും കഴിഞ്ഞതില്‍ അതിയായ സന്തോഷം തോന്നുന്നു. മീറ്റ് എറണാകുളത്തേയ്ക്കു പറിച്ചു നടേണ്ടിവന്ന സാഹചര്യത്തില്‍ വളരെ തിരക്കുപിടിച്ച് അനുയോജ്യമായ പുതിയ സ്ഥലം കണ്ടെത്തുകയും വളരെ ഭംഗിയായി ബ്ലേഴ്സ് മീറ്റ് നടക്കാന്‍ വളരെ പണിപ്പെട്ട, ഹരീഷ് തൊടുപുഴ, പാവപ്പെട്ടവന്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്, യൂസുഫ്പ എന്നിവര്‍ക്ക് എന്റെ പ്രത്യേക നന്ദി അറിയിയ്ക്കുന്നു. ഒപ്പം മറ്റുള്ളവര്‍ക്ക് ആശംസകളും....







ബൂലോകത്തെ ആദ്യ പത്രമായ ബൂലോകം ഓണ്‍‌ലൈന്റെ വിതരണവും ഉണ്ടാ‍യിരുന്നു കുമാരന്റെ കുമാരസംഭവങ്ങള്‍ കാപ്പിലാന്റെ നിഴല്‍ ചിത്രങ്ങള്‍ എന്നീ പുസ്തകങ്ങളുടെ വിതരണവും ഉണ്ടായിരുന്നു. എല്ലാംകൊണ്ടും വളരെ മനോഹരമായി പര്യവസാനിച്ച ഒന്നായാണ് എറണാകുളം മീറ്റ് എനിയ്ക്കനുഭവപ്പെട്ടത്. മീറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരിയ്ക്കല്‍ക്കൂടി ആശംസകള്‍ നേരുന്നു.

Friday

യാത്രാമൊഴി...










ഒരിക്കല്‍ മണ്ണായി തീരാന്‍ മാത്രം...
മണ്ണാകുവാന്‍ തന്നെ തുടക്കം
മണ്ണിലേയ്ക്കു തന്നെ മടക്കം

സ്വപ്നങ്ങള്‍ പോലെ
ചിന്തകള്‍ക്കു വിരാമമിട്ട്
ഓര്‍മ്മകള്‍ക്കു മഞ്ചല്‍ പണിത്

കിളിക്കൊഞ്ചല്‍ തലോടിയ
തേന്മൊഴികള്‍ ഓര്‍ത്തെടുക്കുന്നു
കാതുകള്‍ മര്‍മ്മരം പോലെ

ആത്മവിശ്വാസത്തിന്റെ സൂത്രങ്ങള്‍
ഏറ്റുവാങ്ങിയവേളയിലവളില്‍
പൊന്തിവന്ന സന്തോഷം
ഞാനുമേറ്റുവാങ്ങി, ഇന്നോര്‍മ്മയില്‍
വിങ്ങലും തേങ്ങലും ബാക്കി - ഞങ്ങളെ
മൂക നിശ്വാസത്തില്‍ മുക്കി

ഇനി, നീയൊരു മിന്നാമിനുങ്ങായ്
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്
ഞങ്ങളിലേയ്ക്കു പറന്നു വരൂ

മതില്‍ക്കെട്ടുകളില്ലാത്ത
മനക്കോട്ടകളില്ലാത്ത നന്മയുടെ
നക്ഷത്രലോകത്തുനിന്നും

അറിഞ്ഞുതന്നെ കുറിച്ച വാക്കുകള്‍
ദ്രുതം വൃദ്ധി നേടുമ്പോള്‍
രണ്ടിറ്റു കണ്ണുനീര്‍ത്തുള്ളികള്‍ തരാം

മറവിയുടെ മാറാപ്പിലേയ്ക്കു
മൌനങ്ങളെ മാറ്റിവയ്ക്കാന്‍ മറക്കാന്‍
രണ്ടുവരി തന്നിട്ടുണ്ടല്ലോ...

“വരുമൊരിക്കല്‍,
എന്‍റെയാ നിദ്ര നിശബ്ദമായി...
മണ്ണായി തീരാന്‍ മാത്രം....”

Popular Posts

Recent Posts

Blog Archive