Wednesday

നീസാമോള്‍ക്കു വേണ്ടി

പ്രിയ സുഹൃത്തുക്കളെ,

ബൂലോകത്ത് പലവിധത്തില്‍, കഴിയാവുന്നതരത്തില്‍ പല സഹജീവികളേയും അകമഴിഞ്ഞു സഹായിച്ചിട്ടുള്ള നിങ്ങളോട് ഒരു സഹജീവന്‍ നിലനിര്‍ത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഇതു കുറിയ്ക്കുന്നത്. ഏറെക്കാലമായി നമ്മുടെയൊക്കെ ബ്ലോഗുകള്‍ വായിയ്ക്കുന്ന, എന്നാല്‍ ബ്ലോഗ് എഴുതുന്നത് എങ്ങനെയെന്നറിയാത്തതിനാല്‍ ബൂലോകത്തു വരാന്‍ വൈകിയ മലപ്പുറം പൂക്കോട്ടൂര്‍ PKMIC സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നീസ വെള്ളൂര്‍ എന്ന കുട്ടി ബ്ളഡ് ക്യാന്‍സര്‍ ബാധിച്ച് കോഴിക്കോട് മെഡിയ്ക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രക്തത്തില്‍ പ്ളേറ്റ്ലറ്റുകളുടെ ഗുരുതര അഭാവം നേരിട്ടുകൊണ്ടിരിയ്ക്കുന്ന ഈ കുട്ടിയുടെ സാമ്പത്തികശേഷി പരിതാപകരവുമാണ്. ഭാരിച്ച ചികിത്സാ ചെലവു താങ്ങാന്‍ കഴിവില്ലാത്ത കുടുംബത്തിന് ഈ കുട്ടിയ്ക്ക് മെച്ചപ്പെട്ട ചികിത്സനല്‍കാന്‍ കഴിയുന്നില്ല. വളരെ പ്രതീക്ഷ നല്‍കുന്നതാണ് ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍, പക്ഷേ അതിനുള്ള സാമ്പത്തികം കണ്ടെത്താന്‍ കഴിയാതെ അവര്‍ വിഷമിയ്ക്കുകയാണ്.

ബൂലോകത്തിന് അകത്തും പുറത്തുമായി അനവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രിയപ്പെട്ട ബ്ലോഗര്‍സമൂഹത്തിനു മുന്നില്‍ ഞാന് ഈ പ്രശ്നം വയ്ക്കുകയാണ്. എത്രയും പെട്ടെന്ന് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ നമുക്കു സഹായിയ്ക്കാം.

PKMIC സ്കൂളില്‍ സംഘടിപ്പിച്ച കലാമത്സരങ്ങളില്‍ രണ്ടാംക്ളാസ്സില്‍ പഠിയ്ക്കുന്ന എന്റെ രണ്ടാമത്തെ മകന്റെ മത്സരങ്ങളും ഉള്‍പ്പെട്ടിരുന്നു. അതില്‍ പങ്കടുക്കാന്‍ ചെന്നപ്പോള്‍ റഹ്‌മത്തുന്നീസ എന്ന ഈ കുട്ടിയുടെ കവിത കേള്‍ക്കാനിടയായി. തുടര്‍ന്നുള്ള പരിചയപ്പെടലിലാണ് അവളുടെ ബ്ലോഗു വായനയെക്കുറിച്ചറിഞ്ഞത്. ഗൂഗിളിന്റെ സൌജന്യ സേവനമാണെന്ന് അവള്‍ക്കു മനസ്സിലാക്കി കൊടുത്തതും ഞാന്‍ തന്നെയാണ്. തുടര്‍ന്ന് അവളുടെ ആവശ്യാര്‍ത്ഥം ഒരും ബ്ലോഗും തുടങ്ങാന്‍ സഹായിച്ചു.

കൃതി പബ്ളിക്കേഷന്‍സ് അടുത്തു പുറത്തിറക്കുന്ന കവിതാ സമാഹാരത്തില്‍ നീസാ വെള്ളൂരിന്റെ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ നല്ല കവിതകള്‍ അവള്‍ എഴുതിയിട്ടുണ്ട്. ചിലതെല്ലാം എന്റെ കയ്യിലുമുണ്ട്. ബൂലോകത്ത് നമുക്ക് ഒരുപാടു പ്രതീക്ഷിയ്ക്കാവുന്ന അവള്‍ ഇനി ഭൂലോകത്തു തുടരണമോയെന്നു തീരുമാനിയ്ക്കേണ്ടത് നമ്മളൊക്കെത്തന്നെയാണ്. ഭീമമായ ചികിത്സാചെലവു തരണംചെയ്യാന്‍ ബൂലോകവാസികള്‍ സഹായിയ്ക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം. ബൂലോകത്ത് അവള്‍ അവസാനമിട്ട കവിത അറംപറ്റാതിരിയ്ക്കാന്‍ നമുക്കു ശ്രമിയ്ക്കാം.

പൂക്കോട്ടൂരിനടുത്ത് വെള്ളൂര്‍ പാലേങ്ങല്‍ വീട്ടില്‍ അബ്ദുസ്സലാമിന്റെ മകളാണ് നീസ. അവളുടെ ബ്ലോഗ് ഇവിടെയുണ്ട് താഴെക്കാണുന്ന അക്കൌണ്ടില്‍ സഹായം എത്തിയ്ക്കാവുന്നതാണ്. Account No 31110163200 - Navas. SBI Malappuram (IFSC - SBIN0008659).
സഹായം അയയ്ക്കുന്നവര്‍ sabukottotty@gmail.com എന്ന വിലാസത്തില്‍ ആ വിവരം അറിയിച്ചാല്‍ ഉപകാരമാവും.

Sunday

ഒരു ബ്ലോഗറുടെ ആത്മഹത്യാ കുറിപ്പ്

സ്വനലേഖയോടു ക്ഷമ പറയും ഞാന്‍
സ്നേഹിച്ചു തുടങ്ങിയ നാളുകള്‍
അധികമായില്ലായിരുന്നു

വരമൊഴിക്കവധികൊടുത്ത്
കീമാന്റെ കൈയുംപിടിച്ച്
ബൂലോകം കറങ്ങിഞാന്‍

തലതാഴ്ത്തി പമ്മിയിരിക്കുന്നതെന്താവാം
ചോദിച്ചില്ലാരും
മരുന്നു തീര്‍ന്നെന്നു തോന്നിക്കാണും

കമന്റുഭരണി കാലിയായി
ഹിറ്റ്‌കൌണ്ടറുകള്‍ ഹാന്‍ഡ് ബ്രേക്കിട്ടു
അഗ്രികള്‍ക്കും മറവിബാധിച്ചു

എന്തെങ്കിലും എഴുതിവിടണ്ടേ
എവിടെയെങ്കിലും പോയി നോക്കണ്ടേ
എന്തെങ്കിലും മിണ്ടേംവേണ്ടേ..?

ന്യായമായ ചോദ്യങ്ങള്‍
ന്യായ വിധിക്കു കാത്തു നില്‍ക്കുന്നു
ന്യായം മാത്രം കണ്ടെത്തിയില്ല

വിണ്ടു വരണ്ട മനസ്സും
വരണ്ട കണ്‍കോണുകളും
വറ്റിവരണ്ട പേനയും ബാക്കിയാവാം

പാതിമുറിഞ്ഞ മനസ്സുകളില്‍
പാഴ്‌മുള്ളുകളും കളകളും
പാലരുവികള്‍ സ്വപ്നമായ് മാറി

വെള്ളമാണു ചുറ്റും, അലിവിന്റെ
വെറും തുള്ളിമാത്രം തേടി
വെറും വ്യാമോഹം ബാക്കി

ഒരിറ്റു ദാഹനീര്
ഒരിക്കല്‍ക്കൂടിയേറ്റുവാങ്ങാന്‍
ഒരുമോഹം വ്യഥാ

കലുഷിതമായ മനസ്സിലേക്ക്
കലക്കവെള്ളമായ്
കവിതവരുമെന്നറിയുന്നു ഞാന്‍

കനിവുവറ്റിയ മനമാണു ചുറ്റും
കാണുന്നതു ഞാനെന്റെ
കാവ്യാംശുവില്‍പോലും

ഹൃദയത്തിലെ കനല്‍ കെടുത്താന്‍
ഹൃദയംഗമായൊരുവാക്ക്, ഏതെങ്കിലും
ഹൃത്തടം തുറന്നിരുന്നെങ്കില്‍

പ്രതീക്ഷകള്‍ തുരുമ്പെടുത്തു
മതിഭ്രമം ബാധിക്കുംവരേയും
സതീര്‍ത്ഥ്യനെക്കാത്തിരുന്നേക്കാം

കാലത്തിന്നു മുമ്പേ ചരിക്കുവോര്‍
കാത്തവഴികളില്‍
കത്തും കാരിരുമ്പാവാതിരിക്കാം

വിടപറയുംമുമ്പേ വീണ്ടും
വിരഹഗാനം പാടാം ചിലര്‍ക്ക്
വിധിവിലക്കില്ലായിരിക്കാം

അക്ഷരങ്ങള്‍ക്കു വിരാമം കുറിക്കാം
ആശ്രയമറ്റവനത്താണിയില്ലെങ്കില്‍
ആത്മഹത്യ പാപപായിരിക്കില്ല

മാരിയത്തെന്ന മരതകമുത്ത്

സംഭവബഹുലമായ പല പ്രശ്നങ്ങളിലും കൂടി ഏതാണ്ട് അവിയലു പരുവത്തില്‍ കുഴഞ്ഞുമറിഞ്ഞു നടത്തം തുടങ്ങിയിട്ട് കുറേ നാളുകളായി. ഒരാഴ്ചമുമ്പ് എന്റെ ലാപ്ടോപ്പും ആത്മഹത്യ ചെയ്തു. തുഞ്ചന്‍പറമ്പിലെ മീറ്റിനെക്കുറിച്ചും സോവനീറിനെക്കുറിച്ചും ഈമെയില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുമ്പോള്‍ കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും അഭാവം വല്ലാതെ ഉലച്ചു. വിവരാവകാശപ്രവര്‍ത്തകനെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്ന വേളയില്‍ അവിചാരിതമായി ഞങ്ങളില്‍ വന്നുപെട്ട ഒരു പ്രശ്നത്തിനു പരിഹാരം തേടി ഷെരീഫ് കൊട്ടാരക്കരയെ വിളിയ്ക്കുമ്പോഴാണ് ആ സന്തോഷ വര്‍ത്തമാനം ഞാനറിഞ്ഞത്. ബൂലോകത്തും ഭൂലോകത്തും തന്റെ സ്വതസിദ്ധമായ കഴിവുകളില്‍ ചാലിച്ച കഥകളും ചിത്രങ്ങളുമൊക്കെ നിറഞ്ഞപുഞ്ചിരിയോടെ നമുക്കു സമ്മാനിയ്ക്കുന്ന ബ്ലോഗിണിയും എഴുത്തുകാരിയുമായ മാരിയത്തിന്റെ പ്രിയചിത്രങ്ങള്‍ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിയ്ക്കുന്നു! ഫെബ്രുവരി 5, 6, 7, 8 തീയതികളില്‍ നടന്ന ആ സന്തോഷത്തില്‍ പങ്കെടുക്കാന്‍ ആ വാര്‍ത്ത എന്നെ സഹായിച്ചു.


മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ തന്റെ ചിത്രങ്ങള്‍ക്കൊപ്പം ബ്ലോഗര്‍ മാരിയത്ത്


ജീവന്റെയും ജീവിതത്തിന്റെയും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും പ്രതിഷേധത്തിന്റെയും എന്തൊക്കെ വികാരവിചിന്തനങ്ങള്‍ നമുക്കുണ്ടാവുമോ അതെല്ലാം തൊട്ടുപറയുന്ന കടലിരമ്പവും മാരുതമര്‍മ്മരവും അനുഭവമാക്കുന്ന സന്ദര്‍ഭങ്ങള്‍ വിളിച്ചോതുന്ന ഒരു കൂട്ടം കലാസൃഷ്ടികളുടെ മനോഹരകാഴ്ച കാണാന്‍ ഭാഗ്യമുണ്ടായതില്‍ ഞാന്‍ സന്തോഷിയ്ക്കുന്നു. അതു പകര്‍ന്നുതന്നത് നമ്മുടെ കൂട്ടത്തില്‍ ഒരാളായതില്‍ അഭിമാനിയ്ക്കുകയും ചെയ്യുന്നു. കോട്ടക്കുന്നിലെ ആര്‍ട്ട് ഗ്യാലറിയില്‍ മാരിയത്തിന്റെ ചിത്ര പ്രദര്‍ശനം കാണാന്‍ ദിനേന വന്നുപോയ നൂറുകണക്കിനുള്ള സഹജീവികളുടെ അഭിപ്രായവും മറ്റൊന്നാവാന്‍ തരമില്ല. ആര്‍ട്ട് ഗ്യാലറിയില്‍ ഫോട്ടോയെടുപ്പ് അനുവദനീയമല്ല. അതിനാല്‍ വര്‍ണ്ണങ്ങള്‍കൊണ്ടു പറഞ്ഞ മഹാസത്യങ്ങളെ ഇവിടെ അവതരിപ്പിയ്ക്കാന്‍ കഴിയുന്നില്ല. ആരും കാണാതെ എന്റെ പൊട്ട മൊബൈലിലെടുത്ത ഒരു ചിത്രം ഞാന്‍ ഇതോടൊന്നിച്ചു വയ്ക്കുന്നുണ്ട്. മാരിയത്തിന്റെ ചിത്രങ്ങളെ മൊബൈലിലാക്കുന്നതില്‍ എനിയ്ക്കു താല്പര്യം തോന്നിയില്ല. ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ചിത്രങ്ങളെ വികലമാക്കാനേ അതുതകൂ എന്നു ഞാന്‍ മനസ്സിലാക്കുന്നു. പോക്ക് ആര്‍ട്ട്‌ഗ്യാലറിയിലേയ്ക്കായതിനാല്‍ ക്യാമറ കരുതിയതുമില്ല.

മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറി

2010 മെയ് മുതല്‍ നാലു ലക്കങ്ങളിലായി മഹിളാചന്ദ്രികയില്‍ വന്ന “നിഴലറിയാതെ നിലാവു പെയ്യുന്നു” എന്ന കഥയാണ് മാരിയത്തിനെ എനിയ്ക്കു പരിചയമാക്കിത്തന്നത്. താമസിയാതെ മാരിയത്തിന്റെ ബ്ലോഗിലുമെത്തി. ആ കഥ ഇവിടെ പതിച്ചതും കണ്ടു. വിവിധവര്‍ണ്ണങ്ങള്‍ അവള്‍ ബ്ലോഗിലും ചാലിച്ചിരിയ്ക്കുന്നു. ആ ബ്ലോഗുകളിലൂടെ സഞ്ചരിയ്ക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. മാരിയത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആ ബ്ലോഗുകളിലൂടെ സഞ്ചരിയ്ക്കുന്നവര്‍ക്ക് എളുപ്പത്തില്‍ കിട്ടുമെന്നതിനാല്‍ ഇവിടെ വിശദീകരിയ്ക്കുന്നില്ല. ബൂലോകത്തിനും ഭൂലോകത്തിനും ഇനിയുമിനിയും സംഭാവനകള്‍ നല്കാന്‍ കഴിയാന്‍ മാരിയത്തിനു കഴിയട്ടെയെന്ന് നമുക്കാശംസിയ്ക്കാം.

Tuesday

തിരൂര്‍ തുഞ്ചന്‍‌പറമ്പിലെ ചില പടംസ്










കൂടുതല്‍ പടംസ് ഇവിടെ കാണാം, അല്‍പ്പം വിശേഷങ്ങളും...
ബ്ലോഗേഴ്‌സ് മീറ്റിന്റെ തിയതി തീരുമാനിച്ചു

തുഞ്ചന്‍‌പറമ്പിലെ തുണ്ടുല്പാദനം....

മലബാര്‍ ബ്ലോഗേഴ്സ് മീറ്റിനു ഹാള്‍ ബുക്കിങ്ങിനു വേണ്ടി തിരൂര്‍ തുഞ്ചന്‍‌പറമ്പിലെത്തിയതാണു ഞാനും ഡോക്ടറും നന്ദുവും. ചുറ്റിനടന്നു കാണുന്നതിനിടയില്‍ ഒരിയ്ക്കലും ഞങ്ങള്‍ അവിടെ പ്രതീക്ഷിയ്ക്കാത്ത സംഭവം കണ്ടു. അടുത്തുനടക്കുന്ന പരീക്ഷയ്ക്ക് ആവശ്യമായ “തുണ്ടു”കള്‍ വളരെ ആധികാരികമായിത്തന്നെ തയ്യാറാക്കുകയാണ് ഒരു വിദ്വാന്‍. ഗൈഡുകളും ഇതര ടെക്സ്റ്റുബുക്കുകളും മറ്റുമായി വിപുലമായ ശേഖരം തന്നെ സമീപം ഒരുക്കിയിരിയ്ക്കുന്നു. തരക്കേടില്ലാത്ത വലിപ്പത്തിലുള്ള ഫെവികോള്‍ ടിന്നില്‍ പച്ച ഈര്‍ക്കിലി സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാള ഭാഷയുടെ കാവല്‍പ്പുരയെന്നു വിശേഷിപ്പിയ്ക്കാവുന്ന തുഞ്ചന്‍‌പറമ്പു തന്നെയാവണം തുണ്ടു നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കാന്‍ ഏറ്റവും ഉത്തമം. ഒരു ജാള്യതയാര്‍ന്ന ചിരി മുഖത്തു വന്നുവെന്നതിലുപരി മറ്റു ഭാവ വ്യത്യാസങ്ങളൊന്നും മൂപ്പരില്‍ കണ്ടില്ല.



തുണ്ടുതയ്യാറാക്കാന്‍ തുഞ്ചന്‍ പറമ്പുതന്നെയാണ് ഏറ്റവും ഉത്തമമെന്നു തെളിയിച്ചുകൊണ്ട് തിരൂരിന്റെ മാനസ പുത്രന്‍ വളരെ ആധികാരികമായിത്തന്നെ തുണ്ടൊട്ടിയ്ക്കലില്‍ മുന്നേറുന്നു. മടിയിലിരിയ്ക്കുന്ന കടലാസിലേയ്ക്ക് മറ്റിടങ്ങളില്‍ നിന്നും വെട്ടി ഒട്ടിയ്ക്കുന്ന മഹാകര്‍മ്മമാണു ചിത്രത്തില്‍ കാണുന്നത്. ഏതായാലും ഒരു പഴംചൊല്ലുകൂടി മലയാളത്തിനു സ്വന്തം....!
തുണ്ടെഴുതാന്‍ തുഞ്ചന്‍‌പറമ്പില്‍ത്തന്നെ പോണം...

മീറ്റിന്റെ തീയതിയും സ്ഥലവും ഇവിടെ, ഹാജരു വചോളൂ....

Monday

അങ്കിളിന് ആദരാഞ്ജലികള്‍



സര്‍ക്കാര്‍ കാര്യം, ഉപഭോക്താവ് എന്നീ ബ്ലോഗുകളിലൂടെ നാടിന്റെ സാര്‍വത്രിക വികസനത്തിന് പ്രയത്നിയ്ക്കുകയും അഴിമതിയ്ക്കെതിരേ നിരന്തരം പോരാടുകയും ചെയ്തുകൊണ്ടിരുന്ന നമ്മുടെ പ്രിയപ്പെട്ട അങ്കിള്‍ നമ്മെ വിട്ടുപിരിഞ്ഞിരിയ്ക്കുന്നു.

ചെറായി ബ്ലോഗേഴ്‌സ് മീറ്റില്‍ വച്ചാണ് അദ്ദേഹത്തെ നേരില്‍ പരിചയപ്പെടുന്നത്. തുടര്‍ന്നങ്ങോട്ട് നിരന്തരം ബന്ധപ്പെടാനും സാമൂഹിക സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം തേടാനും ഞങ്ങള്‍ക്ക് അത്താണിയായിരുന്നു അങ്കിള്‍. ഞങ്ങളുടെ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് സഹായകമാവും വിധത്തില്‍ വിവരാവകാശ മനുഷ്യാവകാശ കൂട്ടായ്‌മ എന്ന പേരില്‍വിവരാവകാശത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന കൂട്ടായ്മ രൂപപ്പെടുത്താന്‍ ഞങ്ങള്‍ക്കു പ്രചോദനമായതും അതിനു ഞങ്ങളെ സഹായിച്ചു കൊണ്ടിരുന്നതും അങ്കിളായിരുന്നു. ഈമെയില്‍ കൂട്ടായ്മയിലൂടെ നടന്ന ചര്‍ച്ചകള്‍ക്ക് ഇന്ന് നാഥനില്ലാതെയായിരിയ്ക്കുന്നു. പകരം വയ്ക്കാനില്ലാത്ത നികത്താന്‍ കഴിയാത്ത ആ നഷ്ടത്തിനുമുന്നില്‍ ഞങ്ങള്‍ ശിരസ്സു നമിയ്ക്കുന്നു...

ബൂലോകരുടെ ഹൃദയങ്ങളില്‍ അങ്കിളിന്റെ ഓര്‍മ്മകള്‍ എക്കാലവും മരിയ്ക്കാതെ നിലനില്‍ക്കും...
അങ്കിളിന് ആദരാഞ്ജലികള്‍...

Popular Posts

Recent Posts

Blog Archive