Monday

തുഞ്ചന്‍പറമ്പ് ബൂലോകമീറ്റില്‍ ചെയ്തതും ചെയ്യേണ്ടിയിരുന്നതും

പ്രിയ ബൂലോക സുഹൃത്തുക്കളെ,

പത്രങ്ങളും ചാനലുകളും പ്രിയ ബൂലോകരും മീറ്റ് വിജയമെന്നു പറയുമ്പോള്‍ സ്വാഭാവികമായും പ്രസ്തുത മീറ്റിന്റെ സംഘാടകരില്‍ ഒരാളെന്ന നിലയില്‍ ഉള്ളറിഞ്ഞു സന്തോഷിക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്. പക്ഷേ ഇത്രധികം ബൂലോക-ഇതരലോക സുഹൃത്തുക്കളെ പങ്കെടുപ്പിച്ചു നടത്തിയ മീറ്റ് തികഞ്ഞ പരാജയമായിരുന്നു എന്ന് തുറന്നു സമ്മതിക്കാതെ വയ്യ. തുടര്‍ന്നു വായിക്കുംപോള്‍ അതു ശരിയായിരുന്നെന്ന് നിങ്ങള്‍ക്കു മനസ്സിലാവും.

ആദ്യമായി മീറ്റില്‍ നടക്കേണ്ടതായിട്ടുള്ള പരിപാടികളുടെ സമയക്രമങ്ങള്‍ വിശദീകരിയ്ക്കാം.
10 മണിമുതല്‍ 12 മണിവരെ ബ്ലോഗര്‍മാരുടെ പരിചയപ്പെടല്‍
12 മണിമുതല്‍ 1 മണിവരെ വിക്കി ക്ലാസ്സ്
2:15 മുതല്‍ താമസിച്ചെത്തിയവരെ പരിചയപ്പെടുത്തല്‍
ശേഷം ബ്ലോഗ് തുടങ്ങുന്നതെങ്ങനെയെന്ന് ഒരു ലഘു വിശദീകരണം
4 മണിയോടെ ഔദ്യോഗികമായ വിടവാങ്ങല്‍

ഇങ്ങനെയാണ് ചാര്‍ട്ട് ചെയ്തിരുന്നത്. ബ്ലോഗ് ശില്പശാല തുടങ്ങുന്നതിനുമുമ്പ് ആ വിവരം അനൌണ്‍സ് ചെയ്യാനും തീരുമാനിച്ചിരുന്നു. ബൂലോകര്‍ക്ക് ബ്ലോഗു നിര്‍മ്മാണ വിവരങ്ങള്‍ അറിയാവുന്നതാകയാല്‍ ശില്പുശാലയോടെ താല്പര്യമുള്ളവര്‍ക്കുമാത്രമായി അതു നടത്താനും മറ്റുള്ളവര്‍ക്ക് തുഞ്ചന്‍പറമ്പിന്റെ വിശാലതകളിലേക്ക് വിഹരിക്കാനും ബൂലോകസൌഹൃദം പുതുക്കാനും പരിചയപ്പെടാനും സൌകര്യപ്പെടാന്‍ വേണ്ടിയായിരുന്നു അത്. ഉച്ച ഭക്ഷണം കഴിഞ്ഞ് ബൂലോകരെല്ലാം മീറ്റ്ഹാളില്‍ കയറിയതിനു ശേഷം സംഘാടകരായ ഞങ്ങള്‍ ഭക്ഷണത്തിനിരുന്നു. പരിചയേപ്പെടാന്‍ ബാക്കിയുള്ളവരെ പരിചയപ്പെടാന്‍ ക്ഷണിക്കാനും തുടര്‍ന്ന് ശില്പശാലയായതിനാല്‍ താല്പര്യമില്ലാത്തവര്‍ക്ക് പുറത്തിറങ്ങാമെന്ന് അറിയിക്കാനും ബൂലോകരില്‍ ചിലരോട് ചട്ടം കെട്ടി ഉറപ്പുവാങ്ങിയാണ് ഞാന്‍ അവസാനക്കാരനായി ഊട്ടുപുരയിലെത്തിയത്. ഭക്ഷണശേഷം എത്തുമ്പോള്‍ ശില്പശാലനടക്കുന്നതാണു കണ്ടത്. പരിചയപ്പെടുത്തലും അറിയിപ്പും നടന്നുകാണുമെന്നുതന്നെ ഞാന്‍ വിശ്വസിച്ചു.

ഇന്ന് ഒരു ബ്ലോഗറെന്നതിലുപരി ഞാന്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മാന്യദേഹത്തെ ഫോണ്‍ ചെയ്തപ്പോഴാണ് ലഞ്ചിനു ശേഷം നേരിട്ട് ബ്ലോഗ്‌ക്ലാസ് നടക്കുകയായിരുന്നെന്ന് അറിഞ്ഞത്. പരിചയപ്പെടാന്‍ സാധിക്കാതിരുന്നതിലുള്ള വിഷമം എന്നെ അറിയിക്കുകയും ചെയ്തു. സംഘാടകരായ ഞങ്ങളുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയായി ഞങ്ങള്‍ ഇതിനെ മനസ്സിലാക്കുന്നു. വളരെ നല്ലനിലയില്‍ നടത്താമായിരുന്ന മീറ്റ് കേവലം ശില്പശാലയിലൊതുങ്ങിപ്പോയതില്‍ ക്ഷമചോദിക്കുന്നു. ഡോക്ടര്‍ക്കും നന്ദുവിനും ഇത് ആദ്യമീറ്റാണ്. മറ്റുള്ള മീറ്റുകളില്‍ പങ്കെടുത്ത് പരിചയം കൂടുതലുള്ളയാളെന്ന നിലയില്‍ ഈ മീറ്റ് പരജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഞാന്‍ സ്വയം ഏറ്റെടുക്കുന്നു.

എല്ലാരും എന്നോട് ക്ഷമിക്കുക.

സ്നേഹപൂര്‍വ്വം കൊട്ടോട്ടിക്കാരന്‍

Wednesday

ന്നാ പിന്നെ അങ്ങനാകട്ടെ....

ലോകമാകെയും ലോകൈകരെയാകെയും അടക്കിപ്പിടിയ്ക്കാനും അധിപനാകാനും ആനന്ദിയ്ക്കാനും ആഗ്രഹിയ്ക്കുന്ന മനുഷ്യന് കിട്ടിയിട്ടുള്ള ഏറ്റവും വലിയ ഭാഗ്യമായി എനിയ്ക്കു തോന്നിയിട്ടുള്ളത് മറവിയെയാണ്. മറവി എന്ന മഹാസംഭവം മനുഷ്യന് കിട്ടിയിട്ടില്ലായിരുന്നെങ്കില്‍ അതായിരിയ്ക്കും ഒരുപക്ഷേ മനുഷ്യന്‍ അനുഭവിയ്ക്കുമായിരുന്ന ഏറ്റവും വലിയ ദുരിതവും. ഈ മറവിതന്നെ പലപ്പോഴും പലര്‍ക്കും തീരാദുരിതങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നുള്ളതും ഒരു യാഥാര്‍ത്ഥ്യമാണ്. ഏതായാലും അതിനെ നമുക്കുകിട്ടിയ അനുഗ്രഹങ്ങളില്‍ ഒന്നായി കാണുന്നതിനോടാണ് എനിയ്ക്കു താല്‍പര്യം.

സാധാരണ മാര്‍ച്ച് അവസാനം വല്യ തിരക്കൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടാവാറില്ല. എന്നാല്‍ 2011 മാര്‍ച്ച് എന്നത് ഒരു മഹാ സംഭമായി ഏറ്റവും തിരക്കുപിടിച്ച മാസമായി ഞാനനുഭവിച്ചു. തുഞ്ചന്‍പറമ്പില് 17നു നടക്കുന്ന ബ്ളോഗേഴ്‌സ് മീറ്റിന്റെ രജിസ്ട്രേഷനും പോസ്റ്റ് അപ്ഡേറ്റു ചെയ്യലിലും മാത്രമായി ബൂലോക സഞ്ചാരം ഒതുങ്ങി. രണ്ടുവര്‍ഷത്തിലധികം ബൂലോകത്തുകറങ്ങിനടന്ന് ഒന്നു ബ്ളോഗിത്തുടങ്ങാന്‍ ശ്രമിച്ച് പലവുരു പരാജയപ്പെട്ട് അവസാനം പേരിന് ഒരുബ്ളോഗറാകാനും ബൂലോകരുമായി സൌഹൃദം സ്ഥാപിയ്ക്കാനും കഴിഞ്ഞപ്പോള്‍ അതു തുടങ്ങിവച്ച ദിനം മറന്നുപോയത് മുമ്പ് പറഞ്ഞിരുന്നല്ലോ. കുറുന്തോട്ടിയ്ക്കും വാതം എന്നു പറഞ്ഞതുപോലെ മറവിയുടെ മരുന്നുവില്‍ക്കുന്ന എനിയ്ക്ക് അതു സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

സ്ഥാനത്തും അസ്ഥാനത്തും മറവി അനുഭവിയ്ക്കുകയും ചിലപ്പോഴൊക്കെ വളരെ ഫലപ്രദമായി സമര്‍ത്ഥമായിത്തന്നെ അഭിനയിയ്ക്കുകയും ചെയ്യുന്നതുകൊണ്ട് എന്റെ ബൂലോക ജന്മദിനം ഏപ്രില്‍ 1 തന്നെയാണ് ഏറ്റവും അനുയോജ്യം. ബൂലോകത്ത് രണ്ടുകൊല്ലം നുണകള്‍ പടച്ച് പൂര്‍ത്തിയാക്കിയതും ഞാന്‍ മറന്നുപോയിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞതവണ നിങ്ങള്‍ക്കു തന്നതുപോലെ ഒരു ചെറു സദ്യയൊരുക്കാന്‍ സാധിയ്ക്കാതെ വന്നതില്‍ സങ്കടിയ്ക്കുന്നു. അടുത്തവര്‍ഷമെങ്കിലും തരക്കേടില്ലാത്ത ഒരു സദ്യയൊരുക്കാന്‍ ശ്രമിയ്ക്കാം, അതും മറന്നുപോയില്ലെങ്കില്‍.

ഈ പോസ്റ്റ് ഇപ്പോഴിടാനും കാരണമുണ്ട്. തുഞ്ചന്‍പറമ്പില് നടക്കുന്ന മീറ്റില്‍ വയ്ക്കാനുള്ള ഫ്ളെക്സ്‌ബോര്‍ഡിന്റെ ഡിസൈന്‍ മെയില്‍ ചെയ്തിട്ടുണ്ടെന്ന് ബ്ളോഗര്‍ നന്ദു ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു. ഇന്നലെ അതു നോക്കാനും സാധിച്ചില്ല. ഇപ്പൊ അതു നോക്കാമെന്നു വിചാരിച്ച് കമ്പ്യൂട്ടര്‍ ഓണാക്കിയതാ. അപ്പോഴാണ് ഏപ്രില്‍ 17ന് ഞങ്ങളുടെ ഇളയമകന്റെ ജന്മദിനംകൂടിയാണെന്ന ഓര്‍മ്മപ്പെടുത്തലുമായി ശ്രീമതിയുടെ വരവ്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ മഹാസംഭവം നടന്ന തീയതി മറന്നുപോയതും അപ്പോഴാണ് ഓര്‍ത്തത്. മാര്‍ച്ച് 26നാണ് ജീവിതത്തിലാദ്യമായി ഞാനൊരു കല്യാണം കഴിച്ചത്. കൃത്യമായിപ്പറഞ്ഞാല്‍ 1995 മാര്‍ച്ച് 26ന്. കെട്ടിയത് പെണ്ണിനെയായതുകൊണ്ട് പിന്നീടൊരു കല്യാണം ഇതുവരെ ആലോചിയ്ക്കേണ്ടിവന്നിട്ടില്ല. അപ്പൊ പറഞ്ഞുവന്നത് മറ്റൊന്നുമല്ല, ഏപ്രില്‍ ഒന്ന് എന്റെ ബൂലോക ജന്മദിനമായിരുന്നു. പന്ത്രണ്ടു ദിവസം വൈകിയെങ്കിലും അതൊന്ന് അനൌണ്‍സു ചെയ്തില്ലെങ്കില്‍ എന്തു സുഖം...

ബൂലോകത്ത് നിങ്ങളെല്ലാരും എന്നോടുകാണിച്ചുകൊണ്ടിരിയ്ക്കുന്ന സൌഹൃദത്തിന് ഞാന്‍ നന്ദിപറയുന്നു. നിങ്ങളുടെ ഈ സഹകരണമാണ് ഒരു ബ്ലോഗ്‌‌മീറ്റ് ആസൂത്രണം ചെയ്യാന്‍ എനിയ്ക്കു ധൈര്യം തന്നതും അതിന് എന്നെ പ്രേരിപ്പിച്ചതും. ബൂലോകത്തിന് ഒരു മുതല്‍ക്കൂട്ടായി ഈ മീറ്റ് മാറണമെന്ന് ഞാന്‍ ആഗ്രഹിയ്ക്കുന്നു. എല്ലാവരുടേയും സഹായത്താല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ വളരെ ഭംഗിയായിപ്പോകുന്നുണ്ട്. ഭാവിയിലേയ്ക്കു പ്രയോജനപ്പെടുന്നവിധത്തില്‍ എന്തെലുമൊക്കെ ഒരുക്കാന്‍ ഈ മീറ്റില്‍ ശ്രമിയ്ക്കുമെന്നുറപ്പുതരുന്നു. തുഞ്ചന്‍പറമ്പില്‍ എല്ലാരെയും കാണാമെന്ന പ്രതീക്ഷയോടെ, തുഞ്ചന്‍ പറമ്പിലേയ്ക്ക് ഏവരേയും സാദരം ക്ഷണിച്ചുകൊണ്ട്..

സ്‌നേഹപൂര്‍വ്വം..
സാബു കൊട്ടോട്ടി

Sunday

സ്‌ത്രീസംരക്ഷണത്താല്‍ കൈവരുന്നത്

"പര്‍വ്വതങ്ങളെ ഈ ഭൂമിയുടെ ആണികളാക്കി നാം വച്ചിരിയ്ക്കുന്നു".

നമ്മുടെ മാറിയ ചിന്താ വ്യവസ്ഥിതിയില്‍ ഈ വചനത്തെ ശ്രദ്ധിച്ചാല്‍ നമ്മുടെ കുടുംബ-സമൂഹത്തിലും സമാന വാചകം അതു നമുക്കറിയാവുന്നതായിരുന്നിട്ടു കൂടി ഒന്നുംകൂടി ഓര്‍ക്കേണ്ടിയിരിയ്ക്കുന്നു.

"കുടുംബങ്ങളെ സമൂഹത്തിന്റെ ആണിക്കല്ലുകളായി നാം തീരുമാനിയ്ക്കണം".

പക്ഷേ നമ്മുടെ കുടുംബങ്ങളില്‍ അസ്വാരസ്യത്തിന്റെയും അസഹിഷ്ണുതയുടേയും ബദ്ധവൈരത്തിന്റെയും പര്യായങ്ങളയി നമ്മുടെ കുടുംബ ബന്ധങ്ങള്‍ മാറിക്കൊണ്ടിരിയ്ക്കുന്നു. പുരോഗതിയുടെ പാതയില്‍ അതിദ്രുതം മുന്നേറിക്കൊണ്ടിരിയ്ക്കുന്ന നാമോരോരുത്തരുടേയും കുടുംബങ്ങളിലെ ബന്ധ ശൈഥില്യവും ഒപ്പം വളരുന്നുണ്ടെന്ന് നമുക്ക് കാണാന്‍ കഴിയും.

ഇത് ഒരു സ്ത്രീപക്ഷ കുറിപ്പായി കാണരുതെന്നാണ് എന്റെ ആഗ്രഹം. പക്ഷം പിടിയ്ക്കുന്നതു തന്നെയാണു സ്ത്രീസമൂഹത്തിന്റെ പ്രധാന പ്രശ്നവും. സമൂഹത്തിലെ ഓരോ വ്യക്തികള്‍ക്കും തുല്യ പരിഗണന ലഭിയ്ക്കണം. അതു പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള വ്യത്യാസത്തോടെ ആവരുത്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനു കനിഞ്ഞു നല്‍കുന്ന ഔദാര്യം പോലെയാണ് പലപ്പോഴും പലതിനേയും നമുക്ക് അനുഭവപ്പെടുന്നത്. സംവരണംപോലെയുള്ള സംഗതികള്‍ അതില്‍നിന്നും ഉടലെടുത്തതാണെന്നാണ് എനിയ്ക്കു തോന്നുന്നത്. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട വിധത്തില്‍ അല്ലെങ്കില്‍ പുരുഷന്റെ ആജ്ഞാനുവര്‍ത്തിയായി കഴിയേണ്ടവളാണു താനെന്ന മനോഭാവത്തില്‍ കഴിഞ്ഞുവന്ന ഒരു തലമുറയുടെ ഉപബോധ വിചിന്തനങ്ങളാവണം ഇപ്പോഴും ഈ അസ്ഥിരതയ്ക്കു കാരണം. പാരമ്പര്യമായി നമുക്കു കൈവരുന്നവയില്‍ നമ്മുടെ ഉപബോധ മനസ്സും ഉള്‍പ്പെടുന്നുണ്ടെന്നു ഞാന്‍ കരുതുന്നു. പഴയ തലമുറയില്‍ കുടുംബത്തിന്റെ അകത്തളങ്ങളില്‍ കൊട്ടിയടയ്ക്കപ്പെട്ട് പുരുഷന്മാരുടെ ആജ്ഞാനുവര്‍ത്തികളായും ആഗ്രഹപൂര്‍ത്തീകണ ഉപകരണമായും കഴിഞ്ഞുപോന്ന, അങ്ങനെമാത്രം ജീവിയ്ക്കുന്നതാണു സ്ത്രീസംസ്കാരമെന്നു വിശ്വസിച്ചിരുന്ന സ്ത്രീസമൂഹത്തിന്റെ ഉപബോധമനസ്സുകളില്‍ ഉണ്ടാക്കിയ പ്രോഗ്രാമുകള്‍ അനന്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. ഇന്നത്തെ കുടുംബങ്ങളിലെ അവരുടെ സ്വന്തം സ്ഥാനാവസ്ഥയുടെ കാരണങ്ങളും കുഴപ്പങ്ങളുമായി അവ പരിണമിയ്ക്കുന്നു.

സ്ത്രീസംരക്ഷണ നിയമം എന്ന പ്രായോഗം തന്നെ തെറ്റാണ്. സമൂഹത്തില്‍ സ്ത്രീയ്ക്കു മാത്രമായി ഒരു നിയമത്തിന്റെ ആവശ്യകത എനിയ്ക്കു മനസ്സിലാവുന്നില്ല. പുരുഷനും സ്ത്രീയുമില്ലാതെ എന്തു സമൂഹം ? സ്ത്രീസംരക്ഷണമെന്നു പറയുന്നതിലൂടെ സ്ത്രീകള്‍ സമൂഹത്തില്‍ അശരണരും ആലംബമറ്റവരും പുരുഷന്റെ സഹായംകൊണ്ടു മാത്രം ജീവിയ്ക്കേണ്ടവളുമാണെന്ന ഒരു സന്ദേശം പ്രചരിപ്പിയ്ക്കപ്പെടുന്നുണ്ട്. സ്ത്രീയും പുരുഷനും തുല്യരല്ലെന്ന വിധത്തിലുള്ള സംസാരവും സംസ്‌കാരവും പ്രവൃത്തിയും മാറാനാണ് ഇവിടെ നിയമം വരേണ്ടത്. അല്ലാതെ സ്ത്രീയെ സംരക്ഷിയ്ക്കാനെന്ന വിധത്തില്‍ അവള്‍ പുരുഷനെക്കാള്‍ താഴേക്കിടയിലുള്ളവരാണെന്ന് പ്രചരിപ്പിയ്ക്കാനല്ല. സ്ത്രീയുടെ സംരക്ഷകരായി ചമയുന്നവര്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്. അവളുടെ അനന്ത തലമുറയില്‍ പുരുഷന്മാരുണ്ടാവും, യാത്ര ആ സ്ത്രീയില്‍ അവസാനിയ്ക്കുന്നില്ല. സമൂഹത്തിന്റെ മുഖ്യധാരകളിലേയ്ക്ക് സ്ത്രീകള്‍ എത്താന്‍ പ്രയാസപ്പെടുന്നതിന്റെയും എത്താതിരിയ്ക്കുന്നതിന്റെയും കാരണവും ഇതൊക്കെത്തന്നെയാണ്. പുരുഷന്മാരുടെ അധീനതയില്‍ മാത്രം ജീവീയ്ക്കേണ്ടവളാണെന്ന അവളുടെ വിശ്വാസവും അങ്ങനെതന്നെയാണു ജീവിയ്ക്കേണ്ടതെന്ന പുരുഷന്റെ ആഗ്രഹവും ഇതിന്റെ കാരണമായി നിലകൊള്ളുന്നു. ആ നിലയ്ക്കാണെങ്കില്‍ ഈ നിയമം ഉപയോഗപ്പെടുത്താമെന്നു മാത്രം.

ഒരു കുഞ്ഞിനു കളിപ്പാട്ടം വാങ്ങുന്നതു മുതല്‍ സ്ത്രീപുരുഷ വിവേചനം പ്രത്യക്ഷത്തില്‍ ആരംഭിയ്ക്കുന്നു. ഇതാവട്ടെ പരമ്പഗാതമായി നാം കണ്ടുവരുന്നതാണ്. കാറ്, തോക്ക് മുതലായ കളിപ്പാട്ടങ്ങള്‍ ആണ്‍കുട്ടികള്‍ക്കു വേണ്ടി നാം തെരഞ്ഞെടുക്കുമ്പോള്‍ പാചക സാമഗ്രികളും പാവക്കുട്ടിയും പെണ്‍കുഞ്ഞിനു നാം സമ്മാനിയ്ക്കുന്നു. സമൂഹത്തില്‍ സ്ത്രീയും പുരുഷനും തുല്യരല്ലെന്നും അങ്ങനെ ആവേണ്ടതില്ലെന്നും നമ്മുടെയൊക്കെ മനസ്സുകളില്‍ ആദ്യാക്ഷരി കുറിയ്ക്കുന്നതും അവിടെനിന്നുതന്നെ. അടുക്കളയും പരിസരങ്ങളും മാത്രം അവളുടെ മനസ്സില്‍ കുത്തി നിറയ്ക്കപ്പെടുമ്പോള്‍ വിശാലമായ ലോകമാണ് അവന്റെ മനസ്സില്‍ നിറയുന്നത്. ഈ വ്യത്യാസം ഒഴിവാക്കിയാല്‍ത്തന്നെ നമ്മുടെ സമൂഹത്തിന്റെ സ്വഭാവത്തില്‍ കാതലായ മാറ്റം വരും. കാരണം ഉപബോധ മനസ്സുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന പ്രോഗ്രാമുകളാണ് പില്‍ക്കാല ജീവിതത്തിനാധാരം.

അവളുടെ വളര്‍ച്ചാഘട്ടങ്ങള്‍ നോക്കൂ.., ഭീതിയുടെ നിഴലിലാണ് അവള്‍ വളരുന്നത്. " നീയൊരു പെണ്ണാ, അതോര്‍മ്മവേണം.." എന്നു പറയുമ്പോള്‍ത്തന്നെ പെണ്ണ് എന്നത് ഏതുനിമിഷവും അപകടം സംഭവിയ്ക്കാവുന്ന എന്തോ ഒന്നാണെന്ന, പുരുഷന്റേയും അവന്റെ സമൂഹത്തിന്റേയും കീഴില്‍മാത്രം കാലം നീക്കേണ്ടവളാണെന്ന ചിന്തകള്‍ വളര്‍ത്തുന്ന പ്രോഗ്രാമുകള്‍ക്ക് ഫലപ്രാപ്തിയുണ്ടാക്കുന്നു. ഫലമോ, പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു വിഭാഗമായി അവര്‍ വളര്‍ന്നു വരുന്നു. പുരുഷനു മാത്രം കഴിയുന്നവ സ്ത്രീകള്‍ മാത്രം ചെയ്യേണ്ടവ എന്നിങ്ങനെ വേര്‍തിരിച്ച് അവരുടെ പ്രവൃത്തികള്‍ മാറ്റപ്പെടുന്നു.

സാമൂഹിക സദസ്സുകളില്‍ പുരുഷനും സ്ത്രീയും ഒരുമിച്ചിരിയ്ക്കുന്നത് ഒരു മഹാപരാധമായി നാം കാണുന്നു. ഒരുമിച്ചൊരു ബസ്സില്‍ യാത്രചെയ്യേണ്ടിവരുമ്പോള്‍ സ്ത്രീയും പുരുഷനും പെരുമാറുന്നതെങ്ങനെയെന്ന് നാം നിത്യേന കാണുന്നതാണ്. ഒരേപദവിയില്‍ ജോലിചെയ്യുന്ന പുരുഷനും സ്ത്രീയും ഒരുമിച്ചൊരു വിവാഹത്തിനു ചെന്നാല്‍ പുരുഷന് ഉമ്മറത്ത് ഇരിപ്പിടം ലഭിയ്ക്കും. സ്ത്രീയോട് അകത്തേയ്ക്കു പോയ്‌ക്കൊള്ളാന്‍ അനുഭാവപൂര്‍വ്വം പറയും, കാരണം അവളുടെ സ്ഥാനം അടുക്കളയാണല്ലോ ! ഒരേ ക്ഷണം കിട്ടി ഒരേസ്ഥലത്തു വന്നവര്‍ക്ക് രണ്ടു സ്ഥാനം കല്‍പ്പിച്ചുകൊടുക്കുന്നതിലെ ഉദാത്തന്യായമെന്താണെന്ന് എനിയ്ക്കു മനസ്സിലാവുന്നില്ല. അവള്‍ ഉമ്മറത്തിരുന്നാല്‍ എന്താണു സംഭവിയ്ക്കുക? ഈ വിവേചനം അറിയാതെയെങ്കിലും സ്ത്രീസമൂഹത്തിന്റെ ഘാതകരാവുന്നുണ്ടെന്ന് ആലോചിച്ചാല്‍ മനസ്സിലാവും. കാണുന്നിടെത്തെല്ലാം സ്ത്രീ പീഡിപ്പിയ്ക്കപെടുന്നത് ഈ വിവേചനം വികലമനസ്സുകളിലുണ്ടാക്കിയ വിശ്വാസങ്ങള്‍ കാരണമാണ്. വെറും ലൈംഗികോപകരണം മാത്രമായി സ്ത്രീയെ മനസ്സിലാക്കുന്നതിലെ ഗുരുതരമായ പരിണിത ഫലങ്ങളാണ്. സംസാരത്തിലും സ്വഭാവത്തിലുമെല്ലാം നമ്മള്‍, വ്യത്യസ്ഥ പ്രോഗ്രാമുകള്‍ നിറച്ചു വളര്‍ത്തിവരുന്ന സമൂഹമാണിവിടെ പ്രവര്‍ത്തിയ്ക്കുന്നതെന്ന് നമുക്കു മനസ്സിലാക്കാം.

തെറ്റുചെയ്യപ്പെടുന്ന സമൂഹത്തില്‍ പുരുഷനും സ്ത്രീയും തുല്യ പങ്കാളികളാണെന്നിരിക്കെ സ്ത്രീയ്‌ക്കുമാത്രം കന്യകാത്വവും പവിത്രതയും സൂക്ഷിക്കാനുള്ള ബാധ്യത കല്പിച്ചുകൊടുത്തതും വിചിത്രമായ സംഗതിയാണ്. പുരുഷന്റെ സത്യസന്ധത അളക്കാന്‍ അളവുകോകില്ലാത്തത് അവരുടെ ഭാഗ്യമായി പുരുഷന്മാര്‍ കരുതുന്നു. ഗര്‍ഭം എന്നത് സ്ത്രീയുടെ അവകാശമായതും അത് സ്ത്രീയില്‍ മാത്രം സംഭവിക്കുന്നതും മാത്രമാണ് ഇന്ന് സ്ത്രീയുടെ മുഖ്യ പ്രശ്നമായി കാണുന്നത്. പുരുഷന്‍ തെറ്റു ചെയ്താലും അതിന്റെ ശിഷ്ടം പേറേണ്ടിവരുന്നത് സ്ത്രീ തന്നെയാണ് എന്നതാണ് പുരുഷന്മാരെ സ്ത്രീകളുടെ അധിപന്മാരായി ചിത്രീകരിയ്ക്കാന്‍ കാരണമായി ഇവിടെ കണ്ടെത്താന്‍ കഴിയുന്നത്. സമൂഹം പുരുഷന്റെ തെറ്റിനെ കശാപ്പുചെയ്യുന്നതു കാണാന്‍ ഒരുപാട് അലയേണ്ടി വരും, ചിലപ്പോഴെങ്കിലും അതു കാണാനും കഴിഞ്ഞെന്നു വരില്ല.

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേയുമൊക്കെ കൊടുക്കല്‍-വാങ്ങലാണു ജീവിതം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കടം കൊടുക്കലും വാങ്ങലുമാണ് യഥാര്‍ത്ഥ ജീവിതം. മക്കള്‍, മാതാപിതാക്കള്‍, മറ്റുള്ളവര്‍ തുടങ്ങി കൊടുക്കല്‍ വാങ്ങല്‍ നടത്തുന്ന കുടുംബങ്ങളില്‍ ശാന്തി വിളയും. സ്ത്രീയും പുരുഷനും ഒരേചിറകില്‍ പറക്കുമ്പോള്‍ ആ കുടുംബം സന്തുഷ്ടികൊണ്ടു നിറയും. സ്ത്രീ-പുരുഷ വിവേചനം നടക്കുന്ന കുടുംബങ്ങളിലാണ് അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നതും അതു കുടുംബത്തെ തകര്‍ത്തുകളയുന്നതും. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ വളര്‍ന്നു ജീവിച്ചു ചിന്തിച്ചു പ്രവര്‍ത്തിയ്ക്കുന്ന ഒരു സമൂഹത്തിലേ സൌമ്യമാര്‍ക്കു രക്ഷയുള്ളൂ. അങ്ങനെയുള്ള സമൂഹത്തില്‍ സൌമ്യമാര്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാന് കഴിയും.

Popular Posts

Recent Posts

Blog Archive