Friday

അവളെ ഇനിയും നമുക്ക് വേണം...

പ്രിയപ്പെട്ട ബൂലോക സുഹൃത്തുക്കളെ,

ഇനിപ്പറയുന്നത് അവിവേകമായിപ്പോയെങ്കിൽ സദയം എന്നോട് ക്ഷമിക്കുക. എനിക്കിത് പറയാതെ വയ്യ. മുമ്പ് പലവുരു ഒളിഞ്ഞും തെളിഞ്ഞും നിങ്ങളോട് പറഞ്ഞിരുന്നതാണെങ്കിലും വീണ്ടും നിങ്ങളുടെ മുമ്പിൽ സമർപ്പിയ്ക്കുകയാണ്.

ബൂലോകത്തെ ഏറെ സ്നേഹിയ്ക്കുകയും ബൂലോകരെ ഏറ്റവും ആദരിയ്ക്കുകയും തന്റെ മനസ്സിൽ തോന്നുന്ന കുഞ്ഞുവരികൾ നമുക്കു സമ്മാനിയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നീസ വെള്ളൂർ എന്ന കുട്ടി വീണ്ടും മെഡിയ്ക്കൽകോളേജിൽ അഡ്മിറ്റായിരിയ്ക്കുന്നു. ഈ പോസ്റ്റിലും ഈ പോസ്റ്റിലും അവളെക്കുറിച്ച് പറയുകയും നല്ലവരായ ഏതാനും സുഹൃത്തുക്കളുടെ സ്നേഹസഹായത്താൽ ചെറുതെങ്കിലും ഒരു സഹായം നമുക്ക് എത്തിയ്ക്കാൻ കഴിയുകയും ചെയ്തിരുന്നു. ലുക്കീമിയ ബാധിച്ച് അവശതയനുഭവിയ്ക്കുമ്പോഴും കടലാസുകളിൽ അവൾ വരികൾ കോറിക്കൊണ്ടേയിരിയ്ക്കുന്നു.അവളുടെ ഈ എഴുത്ത് ഒരു ഉത്തമ വേദനസംഹാരിയായി പ്രവർത്തിയ്ക്കുന്നുണ്ടെന്നാണ് എന്നോട് പറഞ്ഞത്. ബൂലോകർക്ക് സമ്മാനിയ്ക്കാൻ ഏതാനും ചില കവിതകൾ അവൾ എന്നെ ഏൽപ്പിച്ചു. ബ്ലോഗിൽ പോസ്റ്റണമെന്നു പ്രത്യേകം പറഞ്ഞു. ആ കവിതകൾ അവിടെ പോസ്റ്റുന്നതിനുമുമ്പ് ഈ കുറിപ്പ് ഇവിടെ കുറിയ്ക്കണമെന്നു തോന്നി.

ഈ അവശനിലയിലും തുടരുന്ന അവളുടെ ബൂലോകസ്നേഹം നമ്മൾ കണ്ടില്ലെന്നു നടിയ്ക്കരുതെന്ന് അപേക്ഷിയ്ക്കാനാണ് ഈ പോസ്റ്റ് എഴുതുന്നത്. അത്യാവശ്യമായി ഒരു ഓപ്പറേഷൻ ചെയ്യേണ്ടതുണ്ട്. അതിനുള്ള ആരോഗ്യസ്ഥിതി അവൾ ആർജ്ജിച്ചുവരുന്നുണ്ട്. നേരത്തേ ഇവിടെ കുറിച്ചിരുന്ന പോസ്റ്റിൽ വാഗ്ദാനങ്ങൾ ധാരാളം വന്നിരുന്നു. വന്ന സാമ്പത്തികം വളരെക്കുറവായിരുന്നു. ഒരുപക്ഷേ ഒരു നല്ല സഹായം നൽകാൻ നമുക്കു കഴിഞ്ഞിരുന്നെങ്കിൽ അവൾക്ക് ഇന്നത്തെ അവസ്ഥ വരുമായിരുന്നില്ലെന്നാണ് എനിയ്ക്കു തോന്നുന്നത്. അതിനാൽ ചെറുതെങ്കിലും നിങ്ങളാൽ കഴിയുന്ന സഹായം എത്രയും പെട്ടെന്ന് താഴെക്കാണുന്ന അക്കൗണ്ടിൽ എത്തിയ്ക്കണമെന്ന് അറിയിയ്ക്കുകയാണ്. രണ്ടുലക്ഷത്തിലധികം രൂപയുടെ അടിയന്തിര ആവശ്യമാണ് ഇപ്പോഴുള്ളത്. ചികിത്സയ്ക്ക് ഒരു പരിധിവരെ സഹായം മെഡിയ്ക്കൽ കോളേജിൽ നിന്ന് കിട്ടുന്നുണ്ട്. ബ്ലോഗിലുള്ളവരും അല്ലാത്തവരുമായ നല്ലവരായ ഏതാനും സുഹൃത്തുക്കൾ അവൾക്കാവശ്യമായ ബ്ലഡ് യഥാസമയം ലഭ്യമാക്കുന്നുണ്ട്. ആവശ്യമായതിൽ ഏതാണ്ട് അമ്പതിനായിരത്തിലധികം രൂപയുടെ സഹായം ഇതുവരെ സമാഹരിയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. അധികം വരുന്ന തുകയാണ് ഇനി കണ്ടെത്തേണ്ടത്. കടമായി നല്ലൊരു തുക ഇപ്പൊത്തന്നെ നിലവിലുണ്ട്.

മെച്ചപ്പെട്ട ചികിത്സ അവളെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പുണ്ട്. അതിന് നമ്മളാലാവുന്നവിധം ഒന്നു സഹായിച്ചാൽ വിലപ്പെട്ട ഒരുജീവനെ നമുക്കു സംരക്ഷിയ്ക്കാം. നേരത്തേ ചെയ്തിരുന്നതുപോലെ വാഗ്ദാനങ്ങളും പ്രാർത്ഥനകളും മാത്രമാണ് നൽകുന്നതെങ്കിൽ നമുക്ക് അവളെ എന്നേയ്ക്കുമായി നഷ്ടപ്പെട്ടേക്കാം. ജീവിതത്തിന്റെ വഴികളിൽ നാം ധാരാളിത്തത്തിനും വിനോദത്തിനും ചെലവഴിയ്ക്കുന്നതിൽ നിന്ന് ഒരു വിഹിതം നമുക്ക് എത്തിച്ചുകൊടുക്കാം. നമ്മുടെകുട്ടികൾ കുസൃതികാട്ടി പാഞ്ഞുനടക്കുമ്പോൾ അവൾ വേദനതിന്ന് നമുക്കുവേണ്ടി എഴുതുകയാണ്. സുഖമായി തിരിച്ചുവരുമ്പോൾ ബ്ലോഗിൽ കവിതകൾ കൊണ്ട് നിറയ്ക്കാൻ അവളുടെ ഭാവനകളും വേദനകളും അവൾ കുറിച്ചികൂട്ടുകയാണ്. ആ ശുഭപ്രതീക്ഷയെ നമുക്ക് കണ്ടില്ലെന്നു നടിയ്ക്കാനാവില്ലല്ലോ.

അവളുടെ ബ്ലോഗ് ഇവിടെയുണ്ട്.
താഴെക്കാണുന്ന അക്കൌണ്ടില്‍ സഹായം എത്തിയ്ക്കാവുന്നതാണ്.

Account No 31110163200 - Navas.
SBI Malappuram (IFSC - SBIN0008659).

സഹായം അയയ്ക്കുന്നവര്‍ sabukottotty@gmail.com എന്ന വിലാസത്തില്‍ വിശദവിവരങ്ങൾ അറിയിച്ചാല്‍ ഉപകാരമാവും.

തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ്മീറ്റിൽ കവിതചൊല്ലുന്ന നീസ

Sunday

നവജീവനം - സാധുക്കൾക്ക് അതിജീവനം.

അതിജീവനത്തിന്റെ പാത അശരണർക്കായി തുറന്നുകൊടുക്കുന്ന മഹത്തായ കർമ്മത്തിനു സാക്ഷ്യം വഹിയ്ക്കാനുള്ള ഭാഗ്യം ഇന്നുണ്ടായി. ഏതാണ്ട് ആറാഴ്ചത്തെ കൂട്ടായ ശ്രമത്തിന്റെ ഫലം പ്രാഥമികമായി അഞ്ചു കുടുംബങ്ങൾക്കു പകർന്നുകൊടുത്തുകൊണ്ട് മഞ്ചേരി എം എൽ എ യുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ തുടക്കം കുറിച്ചു. സാമൂഹിക സഹകരണരംഗത്തെ പ്രമുഖർ പങ്കെടുത്ത പ്രസ്തുത ചടങ്ങിലൂടെ പ്രത്യാശയുടെ ഒരു ചെറുകിരണം മലപ്പുറം ജില്ലാവാസികൾക്കു പകർന്നുകൊടുക്കാൻ സാധിച്ചതിൽ, അതിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.


ശ്രീ സത്യസായി ട്രസ്റ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ നിർദ്ധനരായ വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സാധ്യമാകുന്നതിനു വേണ്ടി പ്രവർത്തനമാരംഭിച്ച നവജീവനം സൗജന്യ ഡയാലിസിസ് സെന്ററിന്റെ മലപ്പുറം ജില്ലാ പ്രവർത്തനോദ്ഘാടനമാണ് ഇന്ന് നടന്നത്. നവജീവനം പ്രവർത്തകർ കണ്ടെത്തിയ സാധുക്കളായ വൃക്കരോഗികളിൽ ഏറ്റവും അത്യാവശ്യമെന്നു കണ്ടെത്തിയവർക്കുള്ള സേവനമാണ് ഇന്നു നൽകിയത്. തുടർന്നും അർഹതയുള്ളവർക്കെല്ലാം സൗജന്യ ഡയാലിസിസ് ലഭ്യമാക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ നടന്നുവരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഡയാലിസിസ് മുടങ്ങിയിട്ടുള്ള മലപ്പുറം ജില്ലക്കാർ ജില്ലയിലെ പ്രവർത്തകരുമായോ മലപ്പുറം മഞ്ചേരിയിലെ ഓഫീസുമായോ ബന്ധപ്പെടണമെന്ന് അറിയിയ്ക്കട്ടെ. ഈ പോസ്റ്റുവായിയ്ക്കുന്ന പ്രിയ സുഹൃത്തുക്കൾ തങ്ങൾക്കറിയാവുന്ന ഡയാലിസിസ് മുടങ്ങിയവരെ ഈ വിവിവരം അറിയിയ്ക്കണമെന്നും പറഞ്ഞുകൊള്ളട്ടെ. കേരളത്തിൽ 13 സ്ഥലങ്ങളിൽ ഇപ്പോൾ നവജീവനം സൗജന്യ ഡയാലിസിസ് സെന്ററുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. സെന്ററുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിയ്ക്കുന്നതിന് പ്രദേശവാസികളായ സന്നദ്ധപ്രവർത്തകർ മുൻകൈയെടുക്കണമെന്നും അറിയിയ്ക്കട്ടെ.








Thursday

Wednesday

ഒരു കൊലപാതകം ലൈവ്

  അല്ലറ ചില്ലറ പ്രശ്നങ്ങളുമായി മുന്നോട്ടു നടക്കുന്ന തിരക്കിൽപ്പെട്ട് വല്ലാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞ കുറേ നാളുകൾ. രണ്ടാമത്തെ മകന്റെ സ്കൂളിൽ ഒന്നു പോകാമെന്നു വച്ചു. ഫീസ് കുടിശ്ശിക ആറുമാസത്തോളമായി വളർന്നിരിയ്ക്കുന്നു. അതൊന്നങ്ങട്ട് കൊടുത്താൽ അത്രകണ്ട് സമാധാനമാവുമല്ലോ. നാട്ടിൽ സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളിലെല്ലാം അംഗമായ എനിയ്ക്ക് ഒരിക്കലും യോജിക്കാൻ കഴിയാത്ത പ്രവൃത്തിയുടെ വേദനിപ്പിയ്ക്കുന്ന ദൃശ്യവുമായാണ് സ്കൂൾ എന്നെ സ്വാഗതം ചെയ്തത്. സ്കൂൾ സ്ഥാപനത്തിന്റെ സ്ഥപനത്തിനു മുന്നേ ആരോ നട്ടു പരിപാലിച്ചിരുന്ന വളരെ പ്രായം ചെന്ന നെല്ലിമരം വേരുപോലും ബാക്കിയാക്കാതെ വെട്ടി ഒഴിവാക്കുന്ന ആ കാഴ്ച നിങ്ങളെയും വേദനിപ്പിയ്ക്കാതിരിയ്ക്കില്ല.




മുറ്റത്തൊരു നെല്ലിമരം എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. അതിന്റെ ആനന്ദം പറഞ്ഞറിയിയ്ക്കാൻ കഴിയുന്നതുമല്ല. പലർക്കും മുറ്റത്തുപോയിട്ട് പറമ്പിൽത്തന്നെ ഒരു നെല്ലിത്തൈ പോലുമില്ല. അങ്ങനെയുള്ളപ്പോഴാണ് നറുകണക്കിനു കുരുന്നുകൾക്ക് ആനന്ദം പകർന്നിരുന്ന സ്കൂൾമുറ്റത്തെ അത്യാവശ്യം പ്രായമുള്ള നെല്ലിമരം സ്കൂൾ അധികൃതർ മുറിച്ചുമാറ്റിയത്. ഈ മരത്തെ വട്ടം ചുറ്റി കുട്ടികൾ ഓടിക്കളിയ്ക്കുന്നത് ഒരുപാടുതവണ ഞാൻ നോക്കി നിന്നിട്ടുണ്ട്. ഉണങ്ങിയ കൊമ്പോ കേടുവന്ന് അപകടം വരുത്താവുന്ന സാഹചര്യമോ ഈ മരത്തെ സംബന്ധിച്ച് ഇല്ലായിരുന്നു. മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂളിലെ കുട്ടികളെ ബോധവൽക്കരിച്ചിട്ട് മാസം തികഞ്ഞിരുന്നില്ല. മുറിക്കുന്നതിന്റെ അനൗചിത്യത്തെക്കുറിച്ച് വാതോരാതെ എല്ലാരും പ്രസംഗിച്ചു. വിദ്യാഭ്യാസത്തിൽ സ്കൂൾ പരിസരം വഹിയ്ക്കുന്ന മഹത്തായ പങ്കിനെക്കുറിച്ച് ഒരു ചർച്ചതന്നെ നടന്നു. എന്നിട്ടും സ്കൂൾ മുറ്റത്തെ നെല്ലിമരം മുറിയ്ക്കുന്നതിനെതിരേ ആരും ഒന്നും പറഞ്ഞതായി അറിഞ്ഞില്ല.  കുട്ടികളുടെ മനസ്സിൽ ആ മരത്തിന് ഏറെ പ്രസക്തിയുണ്ടായിരുന്നെന്ന് എനിയ്ക്ക് നന്നായറിയാം. ആ മരം വീഴുന്നതു നോക്കി കുട്ടികൾ വിഷാദവദനരാകുന്നത് ഞാൻ കണ്ടു.

വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള ഷെഡ് നിർമ്മിയ്ക്കാനാണു മുറിച്ചതെന്നാണ് എന്നോടു പറഞ്ഞത്. ഇതിലും അനുയോജ്യമായ വേറേ സ്ഥലമുണ്ടായിരുന്നല്ലോ എന്നു ചൂണ്ടിക്കാണിച്ചപ്പൊ മറുപടിയുണ്ടായില്ല. പത്രത്തിൽ കൊടുക്കരുതെന്ന് പ്രത്യേകം പറയാൻ പക്ഷേ അവർ മറന്നില്ല.

Tuesday

ബൂലോകരോട് നന്ദിപൂർവ്വം

പ്രിയപ്പെട്ടവരെ

     നീസ വെള്ളൂർ എന്ന കുട്ടിയുടെ അസുഖാവസ്ഥ അറിയിച്ചുകൊണ്ട് അവൾക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ എത്തുച്ചുകൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എഴുതിയിരുന്ന കഴിഞ്ഞപോസ്റ്റിന് വളരെയേറെ സുഹൃത്തുക്കൾ പ്രതികരിച്ചുകണ്ടതിൽ എനിയ്ക്കുള്ള സന്തോഷം ആദ്യമേതന്നെ അറിയിയ്ക്കട്ടെ. നമ്മുടെയൊക്കെ പ്രാർത്ഥനയുടേയും പ്രയത്നത്തിന്റേയും ഫലമായി അവൾക്കു അസുഖത്തിന് കാര്യമായ കുറവുണ്ടായി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്ജായി വീട്ടിലെത്തിയ വിവരം എല്ലാരെയും അറിയിയ്ക്കട്ടെ.

     ബൂലോകത്ത് നന്മകൾമാത്രമാണ് നിറഞ്ഞുനിൽക്കുന്നതെന്നതും ആ നന്മയ്ക്ക് ഒരുപാടുകാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടെന്നതും വളരെ ഫലപ്രദമായിത്തന്നെ ആ കടമകൾ ബൂലോകത്ത് നിർവ്വഹിയ്ക്കപ്പെടുന്നുണ്ടെന്നതും   അഭിമാനപൂർവ്വം ഭൂലോകത്തോടു വിളിച്ചുപറയാൻ നമുക്ക് ശങ്കിയ്ക്കേണ്ട ആവശ്യമില്ല. നീസയെന്ന പാവം കുട്ടിയ്ക്ക് ആവശ്യമായ രക്തം കൃത്യസമയങ്ങളിൽ ആവശ്യമായ അളവിൽ കൊടുക്കാൻ കഴിഞ്ഞതൊന്നുകൊണ്ടു മാത്രമാണ് ഇത്രപെട്ടെന്ന് അവൾക്ക് സുഖം പ്രാപിയ്ക്കാൻ കഴിഞ്ഞത്. നൂറിലേറെ ആൾക്കാർ നീസയുടെ പിതാവുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് എനിയ്ക്കറിയാൻ കഴിഞ്ഞത്. ബ്ലോഗിൽനിന്നു മാത്രമല്ല ഫേസ്ബുക്ക്, ബസ്സ് തുടങ്ങിയ മറ്റു നെറ്റുവർക്കുകളിൽ നിന്നുള്ളവരും ഈ ജീവൻരക്ഷാ പരിശ്രമത്തിൽ പങ്കാളികളായിരുന്നു. അവരുടെയെല്ലാം പേരുകൾ കുറിച്ച ഡയറി അവർ തികഞ്ഞ ബഹുമാനത്തോടെ സൂക്ഷിയ്ക്കുന്നുമുണ്ട്.

   മെഡിയ്ക്കൽകോളേജിൽ നീസയുടെ ചുറ്റും കിടന്നവരിൽ മിയ്ക്കവരും മരണം വരിയ്ക്കുന്നതുകണ്ട് അവൾ നിരാശയിലാണ്ടു കഴിയുന്ന വേളയിലാണ് ബൂലോകത്തിന്റെ ഇടപെടൽ ഉണ്ടായത്. അവരുമായി ഫോണിലും അല്ലാതെയും ബന്ധപ്പെട്ടവരെല്ലാം പകർന്നുനൽകിയ കരുത്തിന്റെയും സ്നേഹത്തിന്റെയും മരുന്ന് ഫലപ്രദമായി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്നു. നമ്മൾ പകർന്നു നൽകിയ ആത്മവിശ്വാസത്തിന്റെ ആ തിളക്കം എനിയ്ക്ക് ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞു. അവരുമായി ബന്ധപ്പെട്ടവരെല്ലാം ആ തിളക്കം ഇപ്പോൾ അനുഭവിയ്ക്കുന്നുണ്ടാവണം.

   ലുക്കീമിയ എന്ന രോഗമാണ് അവൾക്കു പിടിപെട്ടിരിയ്ക്കുന്നത്. ഇടയ്ക്കു പനി വരുമ്പോളാണ് അവളുടെ അസുഖം വർദ്ധിയ്ക്കുന്നത്. പെട്ടെന്ന് കൗണ്ടു കുറയുകയും പേറ്റ്‌ലറ്റുകളുടെ ഗുരുതരമായ അഭാവമുള്ള അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നതാണു പ്രശ്നം. പ്ലേറ്റ്‌ലറ്റുകൾ വർദ്ധിയ്ക്കാനുതകുന്ന ഭക്ഷണ രീതിയെക്കുറിച്ചും ആശ്വാസകരവും ഫലപ്രദവുമായ ചികിത്സകളെക്കുറിച്ചും അറിയാവുന്നവർ ആ വിവരം ഇവിടെ കമന്റായോ sabukottotty@gmail.com എന്ന മെയിലിലോ അറിയിക്കാൻ അറിയിയ്ക്കട്ടെ. നീസയുടെ പിതാവിന്റെ മൊബൈൽ കേടുവന്നതിനാൽ അവരെ തൽക്കാലം വിളിച്ചാൽ കിട്ടുകയില്ല. അധികം വൈകാതെതന്നെ  അദ്ദേഹവുമായി ബന്ധപ്പെടുവാൻ കഴിയും.

   ബൂലോകത്ത്  അർത്ഥസംപുഷ്ടിയുള്ള കവിതകൾക്കു ജീവൻ കൊടുക്കാൻ അവൾക്കു കഴിയട്ടെയെന്ന് നമുക്കാശംസിയ്ക്കാം. ജീവന്റെ സംരക്ഷണത്തിന്നായി നമ്മളുയർത്തുന്ന കൈത്താങ്ങിന് ബലക്ഷയം സംഭവിയ്ക്കാതിരിയ്ക്കാൻ നമുക്കു ശ്രമിയ്ക്കാം. മറ്റെങ്ങും കാണാത്ത ഈ ഒരുമ തന്നെയാണ് നമ്മുടെ അഭിമാനം. ഇനിയുള്ള മീറ്റുകള്‍ നന്മയുടെ സന്ദേശം നിറഞ്ഞതാവട്ടെ. ഓരോ മീറ്റുകളിലും ഇത്തരം കാര്യങ്ങൾ വിശകലനം ചെയ്യപ്പെടണം.

എല്ലാവർക്കും റംസാൻ ആശംസകൾ

Popular Posts

Recent Posts

Blog Archive