ഇ. എ. സജിം തട്ടത്തുമലയുടെ ബ്ലോഗിലെ മാന്ദ്യത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇങ്ങനെയൊരു പോസ്റ്റെഴുതുന്നതിനു കാരണം. ബൂലോകം ബ്ലോഗർമാരുടെ മാത്രം ലോകമാണെന്നും വായനക്കാർ ബ്ലോഗർമാർ മാത്രമാണെന്നും ബ്ലോഗർമാർക്കു തോന്നുന്നതുകൊണ്ടാണ് ബ്ലോഗലിനു മാന്ദ്യം സംഭവിക്കുന്നതായി നമുക്കു തോന്നുന്നതെന്നാണ് എനിക്കു തോന്നുന്നത്. കഴിഞ്ഞ മൂന്നുനാലു വർഷങ്ങളിലായി ബൂലോകത്തു സജീവമായി നിലനിന്ന കുറേയധികമാളുകൾ ഇപ്പോൾ ബൂലോകത്തു നിന്നും അപ്രത്യക്ഷമായിരിക്കുന്നു എന്നതു സത്യം തന്നെയാണ്. പക്ഷേ അതിനു വ്യക്തമായ കാരണങ്ങളുണ്ടെന്നുള്ളത് നമ്മൾ കാണാതെ പോകുന്നതു ശരിയല്ല. ഞാൻ ബ്ലോഗിൽ വരുന്ന സമയത്ത് അതിശക്തമായി ബ്ലോഗെഴുതുകയും ചർച്ചകൾ ഉണ്ടാവുകയും ചെയ്തിരുന്നു. പക്ഷേ ഞാൻ മനസ്സിലാക്കിയിടത്തോളം കേരള രാഷ്ട്രീയത്തിലുള്ളതിനേക്കാൾ ഭീകരമായ ഗ്രൂപ്പുകളുയും തെറിവിളികളും കൂടി അതിനനുബന്ധമായുണ്ടായിരുന്നു എന്നതാണു വാസ്തവം.
ബ്ലോഗിൽ നല്ലൊരു വിഭാഗവുമായി നേരിട്ടു സംസാരിക്കുകയും നല്ലൊരു സുഹൃദ്ബന്ധം സ്ഥാപിച്ചെടുക്കുകയും അതു നിലനിർത്തിപ്പോരുകയും ചെയ്യുന്നയാളെന്ന നിലക്ക് ഒന്നും മിണ്ടാതെ പോകാൻ സാധിക്കുന്നില്ല.
ചാണക്യൻ,
കാപ്പിലാൻ,
ഹരീഷ് തൊടുപുഴ,
നന്ദകുമാർ,
ജോ,
നാട്ടുകാരൻ,
വാഴക്കോടൻ,
ജി. മനു,
മാണിക്യം,
ഡോക്ടർ നാസ്,
അനിൽ@ബ്ലോഗ്,
എഴുത്തുകാരി തുടങ്ങിയ നല്ലൊരു നിര ബ്ലോഗെഴുത്തുകാർ ബൂലോകം അടക്കിവാണിരുന്ന നാളുകളിലാണ് ഞാനും ബൂലോകത്തേക്കു വന്നത്. ഇവരിൽ ഭൂരിഭാഗവും ഇപ്പോഴും ബൂലോകത്ത് തുടരുന്നുമുണ്ട്. പക്ഷേ ഞാനടക്കമുള്ള ബ്ലോഗാസ്വാദർ ബ്ലോഗിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടു ജീവിക്കുന്നവരല്ല എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ട ആദ്യത്തെ ഒന്ന്. പ്രവാസികളായ ബ്ലോഗർമാരെ പ്രധാനമായും ഉദ്ദേശിച്ചാണ് ഇതു പറയുന്നത്. വാഴക്കോടൻ,
ഹംസ തുടങ്ങിയവരെ ഉദാഹരണത്തിനു നിരത്തുന്നു. ഇവർ പ്രവാസ ജീവിതത്തിന്റെ വിശ്രമവേളകൾ നാടും നാട്ടുകാരും സ്മരണയിൽ നിൽക്കാൻ, അകലങ്ങളിൽ ഒറ്റപ്പെടലിന്റെ വേദനമാറ്റാൻ, ഒരു തൽക്കാല ആശ്വാസം കിട്ടാൻ തങ്ങളുടെ ഭാവനകളെ ബ്ലോഗിലെത്തിച്ചിരുന്നു എന്നു പറയുന്നതാവും ശരി. സീരിയസ്സായി ബ്ലോഗെഴുത്ത് നടത്തുകയായിരുന്നു എന്നു പറയുക വയ്യ, അത് അവർക്ക് ഒരുതരത്തിൽ ആശ്വാസം നൽകിയിരുന്നു എന്നു പറയുന്നതാവും ശരി. അതുകൊണ്ടാണ് കൂടും കുടുംബവും കൂടെയുണ്ടായപ്പോൾ അറിയാതെയെങ്കിലും ബ്ലോഗിനെ ശ്രദ്ധിക്കാതാവുന്നത്. ഒരു ആശ്വാസത്തിനായി ബ്ലോഗെഴുതിയിരുന്ന അത്തരക്കാർ ബ്ലോഗെഴുത്തു നിർത്തിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം അകലങ്ങളിലെ ആശ്വാസം മാത്രമായിരുന്നു അവർക്കു ബ്ലോഗെഴുത്ത്. ഇന്ന് നാട്ടിൽ സെറ്റിലായി ഓരോ സംരംഭങ്ങൾ നടത്തുന്ന ഇക്കൂട്ടർ അവരുടെ വരുമാന മാർഗ്ഗങ്ങൾ സംരക്ഷിക്കാൻ പാടുപെടുന്നതിനിടയിൽ സമയം കണ്ടെത്താൻ കഴിയുന്നില്ല എന്നതു കൂട്ടി വായിക്കാം.
രണ്ടാമത്തെ കൊഴിഞ്ഞുപോക്കിനു കാരണമായി പറയാവുന്നത് രാഷ്ട്രീയത്തെക്കാൾ നാറിയ ചില ഗ്രൂപ്പുകളികളും തെറിവിളിയും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ആ സമയങ്ങളിൽ നിലനിന്നിരുന്നു എന്നതാണ്. ഒരുകൂട്ടർ എഴുതുന്നതിലെ തമാശ പോലും പ്രശ്നമായിക്കാണാൻ മാത്രം മറ്റൊരു കൂട്ടർ ശ്രമിക്കുകയും പ്രസ്തുത പോസ്റ്റുകളിലെയും കമന്റുകളിലെയും ആന്തരിക നർമ്മത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്തതിന്റെ പേരിൽ, തങ്ങളുടെ സ്നേഹിതരായിരുന്നവരിൽ നിന്നുണ്ടായ വേദനാപൂർവ്വമായ സാഹചര്യങ്ങളിൽ മനം മടുത്ത് ഒരു കൂട്ടർ ബ്ലോഗെഴുത്തിൽ നിന്ന് പിൻവലിഞ്ഞു. അതോടുകൂടി എതിർ ഗ്രൂപ്പുകളും ബ്ലോഗെഴുത്തിൽ ഭംഗം വരുത്തി. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇക്കൂട്ടരുടെ തല്ലും ബഹളവുമാണ് അക്കാലത്ത് മലയാള ബ്ലോഗിനെ സജീവമായി നിലനിർത്തിയിരുന്നത്. തമാശയ്ക്കു ഞാനും കാപ്പിലാനും തല്ലുകൂടിയിട്ടുണ്ട്. അതിനെച്ചൊല്ലി ചില്ലറ തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും അതുമായി ബന്ധപ്പെട്ടവരെയെല്ലാം നല്ല സുഹൃത്തുക്കളായി നിലനിർത്താൻ കഴിഞ്ഞു എന്നതാണ് എന്റെ വിജയം. അതായത് ബ്ലോഗെഴുത്തിൽ വ്യക്തിപരമായി ആരെയും ശത്രുക്കളായി കാണാൻ പാടില്ലെന്നു സാരം. അങ്ങിനെ ആരെയെങ്കിലും കണ്ടാൽ അതു നമ്മുടെ ബ്ലോഗെഴുത്തിനെത്തന്നെയാവും ബാധിക്കുക. പല ഗ്രൂപ്പുകളായി നിന്നു തല്ലിയവരാരും ഇന്ന് ബ്ലോഗിൽ സജീവമായി നിലകിൽക്കുന്നില്ല എന്നത് ഇതിന്റെ യാഥാർത്ഥ്യമായി കാണാം.
കമന്റുകളിലെ എണ്ണക്കുറവുകണ്ടു നിരാശരായി വായനക്കാരില്ലെന്നു കരുതി ബ്ലോഗെഴുത്തു നിർത്തിയ ഒരു ചെറിയ വിഭാഗത്തെയും എനിക്കറിയാം. ബ്ലോഗെഴുത്തിന്റെയും വായനയുടെയും ആധുനിക സാഹചര്യങ്ങൾ മുതലെടുക്കാൻ, അതേക്കുറിച്ചു തിരിച്ചറിഞ്ഞു മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞില്ലെന്നതാണവരുടെ പരാജയം. മുമ്പ് എപ്പോഴെങ്കിലും കമ്പ്യൂട്ടറിനു മുമ്പിൽ വന്ന് പോസ്റ്റുകൾ വായിച്ചു കമന്റിയിടത്തു നിന്ന് യാത്രാ വേളകളിലും മറ്റും മൊബൈലിൽ ഒപേരയിൽ ബ്ലോഗുവായിക്കുന്നതിലാണു കൂടുതലാൾക്കാരും സമയം ക്രമപ്പെടുത്തുന്നത് എന്നതിനാൽ പോസ്റ്റുകളിൽ കമന്റിന്റെ എണ്ണം കുറഞ്ഞു വന്നു.
അരുൺ കായംകുളത്തിന്റെ പഴ പോസ്റ്റുകളിലും പുതിയപോസ്റ്റുകളിലും വന്നിട്ടുള്ള കമന്റുകളുടെ എണ്ണം നോക്കിയാൽ കുറേയൊക്കെ മനസ്സിലാവും. അതിനർത്ഥം ബ്ലോഗുവായന കുറഞ്ഞുവെന്നല്ല. വായന കൂടുതലും മൊബൈലിൽക്കൂടിയാക്കി എന്നതാണ്. മാത്രമല്ല ബ്ലോഗർമാർ മാത്രമല്ല നമ്മുടെ ബ്ലോഗുകൾ വയിക്കുന്നത്. സ്വന്തമായി ബ്ലോഗില്ലാത്ത, സ്വന്തമായി ബ്ലോഗുണ്ടാക്കാൻ കഴിയുമെന്നുപോലുമറിയാത്ത നല്ലൊരു കൂട്ടം നമ്മുടെ ബ്ലോഗുകൾ വായിക്കുന്നുണ്ട്. 2011 ഏപ്രിൽ 11ന് തുഞ്ചൻ പറമ്പിൽ നടന്ന
ബ്ലോഗേഴ്സ് മീറ്റിൽ അറുപതിനു മുകളിൽ ബ്ലോഗെഴുതാത്ത വായനക്കാരായി മാത്രം നിലനിൽക്കുന്നവർ പങ്കെടുത്തു. തങ്ങൾ വായിക്കുന്നവരെ ഒന്നു കാണാൻ മാത്രം വന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരക്കാർ ഇവിടെ ഉള്ളിടത്തോളം അതു തിരിച്ചറിഞ്ഞ് എല്ലാവരും എഴുതണമെന്നാണ് എന്റെ അഭിപ്രായം.
ചാണക്യനെപ്പോലെയുള്ള ചിലർ ബ്ലോഗെഴുത്തു നിർത്തിയതെതിനെന്നു മാത്രം ഇതുവരെ പിടികിട്ടിയിട്ടില്ല.
തോന്ന്യാസി എഴുതാത്തത് തല്ലുകൊള്ളാത്തതിന്റെ കുഴപ്പമായിട്ടാണ് എനിക്കു തോന്നുന്നത്. എന്നിരുന്നാലും ബൂലോകത്തു നടക്കുന്ന മീറ്റുകളിലെല്ലാം തന്റെ സാന്നിദ്ധ്യമറിയിച്ചും കുറേയൊക്കെ വായിച്ചും ഇങ്ങനെ ചിലർ ഇവിടെയൊക്കെയുണ്ടെന്നതും കാണാതെ പോകാൻ വയ്യ.
ബ്ലോഗെഴുത്തിന്റെ സാധ്യതകളെ മുതലെടുക്കാനും തങ്ങളുടെ സൃഷ്ടികളെ മറ്റുള്ളവരിലെത്തിക്കാനും ഏതു തിരക്കിനിടയിലും അൽപ്പം സമയം കണ്ടെത്തുന്ന നല്ലൊരു ശതമാനം ബ്ലോഗർമാരുണ്ട്.
അരീക്കോടൻ,
ഷെരീഫ് കൊട്ടാരക്കര മുതലായവർ ഇതിനുദാഹരണങ്ങളാണ്. ബ്ലോഗെഴുതാൻ ആഗ്രഹിക്കുന്ന ബ്ലോഗർമാർ സ്ഥിരമായി എഴുതിക്കൊണ്ടിരിക്കും. അല്ലാത്തവർ വന്നും പോയുമിരിക്കും, ഒരുകൂട്ടർ കൊഴിഞ്ഞുപോകുമ്പോൾ പുതിയൊരു കൂട്ടർ വരുന്നുണ്ട്. അവരെ തങ്ങളുടെ കൂടെ കൂട്ടാനും അവരെ പ്രോത്സാഹിപ്പിക്കാതും നാം ശ്രമിക്കുന്നുണ്ടോ എന്നാണ് ആലോചിക്കേണ്ടത്. സ്വന്തം പരിചയത്തിൽപ്പെടുന്നവരുടെ പോസ്റ്റുകൾ മാത്രം വായിച്ചു പോകുന്നവർക്കു ബൂലോക പോസ്റ്റു മാന്ദ്യം കൂടുതൽ അനുഭവപ്പെട്ടേക്കാം. താൽക്കാലികമായി വരുന്നവരെ അവർ നിൽക്കുന്നിടത്തോളം വായിക്കാം. അവർ എഴുത്തു നിർത്തിയാൽ നമ്മൾ വായന നിറുത്തേണ്ടതില്ലല്ലോ. നമുക്കു വായിക്കാനും നമ്മളെ വായിക്കാനും ധാരാളം പേർ ബാക്കിയുണ്ട്. ജാലകം, ചിന്ത തുടങ്ങിയ അഗ്രിഗേറ്ററുകളിൽ മിനുട്ടുവച്ചു പോസ്റ്റുകൾ അപ്ഡേറ്റു ചെയ്യപ്പെടുന്നുണ്ട്. അപ്പോൾ എവിടെയാണു പോസ്റ്റുകൾക്കു മാന്ദ്യം? നിലവിൽ ഇവിടെ നിൽക്കുന്നവർക്ക് ഏതാനും പേരിലേക്ക് ചുരുങ്ങാതെ കഴിയുന്നത്ര ബ്ലോഗുകളിലേക്ക് വികസിക്കാൻ കഴിഞ്ഞാൽ ഇവിടെ മാന്ദ്യം അനുഭവപ്പെടില്ല. ജനനവും മരണവും സത്യവും അനിവാര്യവുമാണെന്നിരിക്കെ അതേക്കുറിച്ച് വേവലാതിപ്പെടാതെ എഴുതാൻ ശ്രമിക്കൂ. മറ്റുള്ളവർ എഴുതുന്നുണ്ടോ എന്നുള്ളതിലല്ല നമ്മൾ എഴുതുന്നുണ്ടോ എന്നതിലാണു നമുക്കു കാര്യം, അതുപോലെതന്നെ വായനയിലും.
ഇത്രയൊക്കെ വായിച്ചു തളർന്ന നിലക്ക് വാഴക്കോടൻ പാടിയ ഈ പാട്ടു കേട്ടു അൽപ്പം ക്ഷീണം തീർത്തോളൂ...