Saturday

ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും


  ന്ത്യയിലെ പതിനഞ്ചു ശതമാനത്തിൽ തഴെവരുന്ന വിശേഷണങ്ങൾക്കതീതമായ സമ്പന്നന്മാരായ ഭരണകർത്താക്കളുൾപ്പടെയുള്ളവർക്കു വേണ്ടി ബാക്കി എൺപത്തഞ്ചിലധികം ശതമാനം ജനങ്ങളെ കുരുതികൊടുക്കാനുള്ള തീരുമാനമെടുത്ത് നടപ്പിലാക്കിത്തുടങ്ങിയിട്ടും ഇരകളായ എൺപത്തഞ്ചു ശതമാനത്തിന്റെയും സംരക്ഷകരെന്നു നടിക്കുന്ന (നായ്ക്കളെന്നു വിളിച്ചാൽ നായകൾക്കു നാണക്കേടാവുമെന്നതിനാൽ അങ്ങനെ വിളിക്കുന്നില്ല) ഇന്ത്യയിലെ രാഷ്ട്രീയ മുതലാളിമാർ പേരിനെങ്കിലും ഒറ്റപ്പെട്ട ഒരു പ്രതിഷേധം ആത്മാർത്ഥമായി നടത്താതിരിക്കുന്നതു കാണുമ്പോൾ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയത് ഏറ്റവും വലിയ കൊടും വിപത്തായി ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ "വികസിക്കാത്ത" മനസ്സുകളിൽ തോന്നിത്തുടങ്ങിയാൽ ഒരുതരത്തിലും അവരെ കുറ്റപ്പെടുത്താൻ പറ്റുമെന്നു തോന്നുന്നില്ല.


  ഇന്ത്യൻഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയവുമുൾപ്പടെയുള്ള  ഇന്ത്യയിലെ "എണ്ണക്കമ്പനികൾ"ക്ക് നാളിതുവരെയും ഒരു നഷ്ടവും സഹിക്കേണ്ടിവന്നിട്ടില്ലെന്നു മാത്രമല്ല അനിയന്ത്രിതമായ അമിതലാഭത്തിലാണു പ്രവർത്തിക്കുന്നതെന്ന് രാജ്യത്തെ ചിന്തിക്കുന്ന ഏതൊരുത്തനും മനസ്സിലാവും. വർഷങ്ങളായി നഷ്ടത്തിലെന്നു പറയുന്നതുതന്നെ അവരുടെ ലാഭക്കണക്കുകളെ അവരുടെ നിലനില്പുതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏതു കമ്പനിക്കാണ് നഷ്ടം സഹിച്ച് മുന്നോട്ടു പോകാൻ കഴിയുക? ഒന്നോരണ്ടോ മാസം ചിലപ്പോൾ കടം വാങ്ങി മുന്നോട്ടു പോകാൻ കഴിഞ്ഞേക്കും. അതിനു ശേഷവും കമ്പനി നിലനിൽക്കുന്നുണ്ടെങ്കിൽ ലാഭമില്ലാതെയല്ലെന്നു മാത്രമേ കരുതാൻ കഴിയൂ. വർഷങ്ങളായി നഷ്ടക്കണക്കുകൾ പറയുന്നവരുടെ ദൈനംദിന ചെലവുകളുടെ തുക എവീടുന്നാണു കണ്ടെത്തിയതെന്നുകൂടി വെളിപ്പെടുത്തുന്നതു നന്നാവും. ഇത്തരക്കാരുടെ സമ്പാദ്യങ്ങളുടെ വളർച്ചാ നിരക്ക് ഏവരേയും അത്ഭുതപ്പെടുത്തും വിധമാണ്. അതുതന്നെയാണ് അവർ ലാഭത്തിൽത്തന്നെയാണ് പ്രവർത്തിച്ചു വരുന്നതെന്നതിനു പ്രത്യക്ഷമായ ഒരു തെളിവ്. എന്നിട്ടും നഷ്ടങ്ങളുടെ പെരും നുണക്കണക്കുകൾ എഴുന്നള്ളിച്ചു വിട്ട് അനുദിനം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.

  പെട്രോളിന്റെയും ഡീസലിന്റെയും വിലകൾ അടിക്കടി വർദ്ധിപ്പിക്കുമ്പോൾ അനുബന്ധമായുണ്ടാകുന്ന ഭീമമായ വിലക്കയറ്റം രാജ്യത്തെ സാധാരണക്കാരുടെ കൊരവള്ളിയിലെ കുരുക്കു മുറുക്കുമ്പോൾ കണ്ണടച്ചിരുട്ടാക്കി വിചിത്ര വാഗ്ധോരണികൾ എഴുന്നള്ളിച്ചുവിടുന്ന ഭരണ നേതൃത്വവും അവർക്ക് ഓശാന പാടിക്കൊടുക്കുന്ന ഒരു വിഭാഗവുമാണ് ഇന്ന് നമ്മുടെ ശാപം.

  കോടിക്കണക്കിനു കോടി രൂപയാണ് ഭരണസാരഥികളുടേയും അവരുടെ ശിങ്കിടികളുടേയും അഴിമതിക്കണക്കുകളിൽ തെളിഞ്ഞു കണ്ടുകൊണ്ടിരിക്കുന്നത്. കാലാകാലങ്ങളിൽ ഈ അഴിമതിക്കെതിരേ (കപട)കലാപങ്ങളും നിയമ നടപടികളും നടക്കുന്നുണ്ടെങ്കിലും നാളിതുവരെയും ഒറ്റപ്പൈസപോലും സർക്കാർ ഖജനാവിലേക്ക് തിരിച്ചുപിടിച്ചതായി അറിവിലില്ല. ഈ അന്വേഷണവും ബഹളവുമൊക്കെ വെറും പ്രഹസനം മാത്രമാണെന്നാണ് ഇതു തെളിയിക്കുന്നത്. ഈ അഴിമതിക്കഥകളിൽ എല്ലാർക്കും തുല്യ പങ്കാളിത്തമാണുള്ളത്. അതുകൊണ്ടാണ് പ്രതികരണങ്ങൾ നാളികൾക്കുള്ളിൽ അപ്രത്യക്ഷമാകുന്നത്. ഇന്ത്യയിലെ സാധാരണക്കാർക്ക് അടുത്ത ഇരുപതു വർഷക്കാലം ഉണ്ണാനും ഉടുക്കാനും അവരുടെ അത്യാവശ്യകാര്യങ്ങൾ നടത്താനുമുള്ള തുക ടൂജി സ്പെക്ട്രം എന്ന ഒറ്റ അഴിമതിയിലൂടെ കൊള്ളയടിക്കപ്പെട്ടു. എണ്ണിയാലൊടുങ്ങാത്ത അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സമാന സംഭവങ്ങളിലൂടെ കൊള്ളയടിക്കപ്പെട്ട തുകയുടെ ചെറിയ ഒരു ഭാഗം പിടിച്ചെടുത്ത് ഖജനാവിലേക്കെത്തിച്ചാൽ ഇന്ന് ഇന്ത്യയിലുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഇല്ലാതാവും. അതിനു നട്ടെല്ലും കഴിവും പ്രാപ്തിയുമുള്ള അപ്പക്കാണുന്നവനെ അപ്പാന്നു വിളിക്കാത്ത ഭരണകർത്താക്കൾ ഇനി ജനിച്ചു വരേണ്ടിയിരിക്കുന്നു.

  അമേരിക്കൻ താല്പര്യം സംരക്ഷിക്കാൻ മാത്രം രാജ്യം ഭരിക്കുന്ന മന്മോഹൻമന്ത്രിസഭയിൽ നിന്നും ഇനിയും കൂടുതൽ പ്രതീക്ഷിക്കാമെന്നു ഉറപ്പു  വരുന്നു. ഇറാൻ വാതക പൈപ്പുലൈൻ യാഥാർത്ഥ്യമാക്കാതെ ഒളിച്ചുകളിച്ച് കലമിട്ടുടച്ച സംഭവം തന്നെ ഈ ഓശാനക്കുദാഹരണമാണ്. അമേരിക്കൻ താല്പര്യമനുസരിച്ച് ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടപ്പോൾ ഇന്ത്യക്കാരന് നഷ്ടപ്പെട്ടത് ഒരു പ്രതീക്ഷകൂടിയാണ്. ഇന്ന് പാചക വാതകത്തിന്റെ നിയന്ത്രണവും വിലവർദ്ധനയും സാധാരണക്കാരന്റെ ജീവിതത്തിന്റെ സ്വൈര്യത കെടുത്തുമ്പോൾ ഇതിന്റെ ഉദ്ദേശ ലക്ഷ്യം വെളിവാകുന്നുണ്ട്. സ്വന്തമായി വീടില്ലാതെ വാടകവീട്ടിൽ കഴിയുന്ന പാവങ്ങൾ ഇനി ഭക്ഷണം കഴിക്കേണ്ടതില്ലെന്നു തീരുമാനിച്ച കേന്ദ്ര സർക്കാർ എന്തായാലും പ്രശംസഹർഹിക്കുന്നുണ്ട്! ഒരു മരം നട്ടു വളർന്നു മരമായി വിറകിനുപയോഗിക്കുന്നതു വരെ ജനം എങ്ങനെ ഭക്ഷണം പാകം ചെയ്യുമെന്ന് മനോവികലൻ പറഞ്ഞുതരുന്നില്ല. ഒരു സെന്റു ഭൂമിപോലും സ്വന്തമായില്ലാത്തവർക്ക് വിറകിനു മരം നടാനുള്ള സ്ഥലം സർക്കാർ കൊടുക്കുമായിരിക്കും. നിലവിൽ വാടക കൊടുക്കാൻ വിഷമിക്കുന്ന ഇക്കൂട്ടരുടെ ഗ്യാസ് കണക്ഷനുകൾ റദ്ദാക്കുന്നതുവഴി അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാവും. അതിനും പുറമേയാണ് പുതിയ കണക്ഷനെടുക്കുന്നവരുടെ മേൽ ചുമത്തിയ അധിക ബാധ്യത.

  നേരം വെളുക്കാത്ത രാഷ്ട്രീയവും നാഷ്ട്രീയ നേതാക്കളുമാണു നമ്മുടെ ശാപം. കാലഹരണപ്പെട്ട പദ്ധതികളും മാർഗ്ഗ രേഖകളും അതിനെ ശരിവക്കുന്നു. കാലം മാറുന്നത് ഇക്കൂട്ടർ അറിയുന്നില്ല. ലോകത്തിന്റെ വളർച്ചക്കനുസരിച്ച് നൂതന സാങ്കേതിക വിദ്യകൾ കൈവരിച്ച്  സമൂഹത്തെ കൈപിടിച്ചു നടത്തിക്കുന്നതിനു പകരം അവരെ കാളവണ്ടിയുഗത്തിലേക്കു തള്ളിവിടുന്ന തലതിരിഞ്ഞ പരിഷ്കാരം ഈ രാജ്യത്തു മാത്രമേ കാണൂ. ഓരോ രാഷ്ട്രീയപ്പാർട്ടികളിലും മുതലാളുന്ന തീരെച്ചെറിയ വിഭാഗത്തിന്റെ രാഷ്ട്രീയ കച്ചവടത്തിനും കയ്യിട്ടുവാരലിനും അറിയാതെയെങ്കിലും കൂട്ടുനിന്ന് അവർക്കു സിന്ദാബാദ് വിളിക്കുന്നതിനും മാത്രം തയ്യാറായി താറുടുത്തുനടക്കുന്ന പൊതുജനമെന്ന വിവരദോഷികൾക്ക് ഇനിയെങ്കിലും ബോധം വെക്കേണ്ടതുണ്ട്. ഇവനൊക്കെ ജയിച്ചു ചെന്ന് എന്താണു ചെയ്യുന്നതെന്നു ചോദിക്കാത്തിടത്തോളം ഇതൊക്കെ ആവർത്തിച്ചുകൊണ്ടിരിക്കും. ജയിപ്പിച്ചു വിടുന്നവർ തന്നെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

  കെ. എസ്. ഇ. ബി യുടെ തലതിരിഞ്ഞ തീരുമാനങ്ങളാണ് സഹിക്കാൻ പറ്റാത്ത മറ്റൊന്ന്. കോടിക്കണക്കിനു രൂപ വിദ്യുച്ഛക്തിവകുപ്പിനു കൊടുക്കാനുള്ള കുത്തകമുതലാളിമാരുടെ കടബാധ്യതക്കു നേരേ കണ്ണടച്ച് പാവങ്ങളുടെ കുത്തിനു പിടിക്കുന്ന ഏർപ്പാട് അപലപനീയമാണ്. ഗ്യാസ് കണക്ഷനിലുള്ള നിയന്ത്രണത്തിൽ പൊറുതിമുട്ടുന്ന ജനത്തിന് അൽപ്പമെങ്കിലും ആശ്വാസമായിരുന്നു ഇൻഡക്ഷൻ കുക്കറുകൾ. ഇപ്പൊ അതുകൂടി നിരോധിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ജനങ്ങളെ സംരക്ഷിക്കാനല്ലെങ്കിൽ പിന്നെ വലിക്കാനാണോ ഇവനെയൊക്കെ ഭരണത്തിലേറ്റിയത്..? ഈ സാധാരണക്കാർക്ക് വംശനാശം സംഭവിച്ചുകഴിഞ്ഞാൽ പിന്നെ ഈ മുതലാളിമാർക്കും നിലനിൽപ്പുണ്ടാവില്ലെന്നു മറക്കാതിരുന്നാൽ നന്ന്.

  കേന്ദ്രമായാലും കേരളമായാലും ഏതു പാർട്ടിയുടെ മുതലാളിമാർ ഭരിച്ചാലും ഈ രാജ്യത്തെ എൺപത്തഞ്ചു ശതമാനത്തിലധികം വരുന്ന സാധാരണക്കാർ എങ്ങനെ അവരുടെ ജീവിതം തള്ളിനീക്കുമെന്ന് ഇനിയെങ്കിലും ആലോചിക്കണം. ഭരണ നേതൃത്വവും അവരുടെ പിണിയാളുകളും കയ്യിട്ടുവാരുന്ന അഴിമതിക്കോടികൾക്ക് ഈ പാവങ്ങളെക്കൊണ്ട് സമാധാനം പറയിക്കുന്ന രീതി നിർത്തിയില്ലെങ്കിൽ ഇന്ത്യയിൽ ഒരു യഥാർത്ഥ സ്വാതന്ത്ര്യ സമരം ഉണ്ടാകും. അതുമല്ലെങ്കിൽ ഇന്ത്യയിലെ സാധാരണക്കാർക്ക് ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും കാണുന്നതുപോലെ പെരുമാറേണ്ടിവരും.

  വോട്ടുചെയ്ത് ജയിപ്പിച്ചവരുടെ നേരേ കുനിഞ്ഞുനിന്ന് മുണ്ടുപൊക്കി ആസനം കാണിക്കുന്ന ഏർപ്പാട് ഭരണത്തിലേറുന്നവർ ഇനിയെങ്കിലും നിറുത്തിയാൽ നന്ന്. ഇല്ലെങ്കിൽ പഴഞ്ചൊല്ലിൽ പറയുന്നതു ചെയ്യേണ്ടിവരും....

ഓരോ കോലമേ...

ഉപ്പേരിയുണ്ടാക്കാനെടുത്തതാ ഒരു ഉരുളക്കിഴങ്ങ്... അപ്പഴാ ഈ രൂപം ശ്രദ്ധയിൽപ്പെട്ടത്. ലോക്കൽ മൊബൈലൊരെണ്ണം കൈയിലുണ്ടായിരുന്നതുകൊണ്ട് ഇങ്ങനെ പകർത്തി വച്ചു.




Thursday

നാം പുരോഗതിയിലേക്കു മുന്നേറുന്നുണ്ടോ..?

  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സാമാന്യ വിവരം പോലുമില്ലാത്ത ഒരു ഭരണകൂടത്തിന്റെയും അതിന്റെ ഭാഗമായ നീതി നിർവ്വഹണ സംവിധാനത്തിന്റെയും നേരം വെളുക്കാത്ത വിവരം കെട്ട തീരുമാനങ്ങൾ കൊണ്ട് അന്തംവിട്ടിരിക്കുന്ന പൗരജനങ്ങളുടെ നിസ്സഹായാവസ്ഥയാണ് കുറേ നാളുകളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. കാലാനുസൃതമായി കുറ്റമറ്റ ആധുനിക വളർച്ചകൾ കൈവരിച്ച് അതതു മേഖലകളിലെ സേവനസംവിധാനങ്ങളും ഭരണ സംവിധാനവും സമകാലത്തിൽ ലോകത്തിന്റെ ഇതരഭാഗങ്ങളുടൊപ്പം എല്ലാ മേഖലകളുടേയും വളർച്ചയ്ക്കൊത്ത് ഉയരാൻ ശ്രമിക്കാതെ പഴകിപ്പൊളിഞ്ഞ നിയമനിർവ്വഹണ വ്യവസ്ഥിതിയും ഭരണ നിർവ്വഹകണവും നീതിപാലനവുമെല്ലാം സാമാന്യജനസമൂഹങ്ങളുടെ തലയിൽ അടിച്ചിറക്കി അവരുടെ മണ്ടപൊളിക്കുന്ന വർത്തമാനകാല രീതി അങ്ങേയറ്റം അപമാനവും ഏറ്റവും വലിയ വിവരക്കേടും അല്ലാതെന്താണ്!

പ്രീപെയ്ഡുകാർ വിദേശത്തേക്കു വിളിച്ചാൽ ആകാശമിടിയും

  ലോട്ടറിതട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച വിചിത്രമായ ഉത്തരവാണ് ആദ്യം ഓർമ്മയിൽ വരുന്നത്. അന്താരാഷ്ട്ര ലോട്ടറി തട്ടിപ്പുകാർ ഐ. എസ്. ഡി. കോളുകളാണ് വിളിക്കുന്നത് അതുകൊണ്ട് ഇന്ത്യയിൽ ഇനിമുതൽ പ്രീപെയ്ഡിൽ പ്രസ്തുത വിളികൾ പാടില്ലെന്നു തീരുമാനിക്കുന്ന നടപടി വിവരക്കേടല്ലാതെ മറ്റെന്താണ്? ആവശ്യക്കാർക്ക് ആവശ്യപ്പെട്ടാൽ പ്രസ്തുത സംവിധാനം പുന:സ്ഥാപിച്ചു കൊടുക്കും എന്നുള്ളതുകൊണ്ടുതന്നെ ഈ നിരോധനം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ലെന്നു വ്യക്തമാണ്. തട്ടിപ്പു നടത്തുന്നവർക്കും അനുമതി ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ. ഇന്ത്യൻ സമൂഹത്തിലെ തീരെച്ചെറിയതെന്നുപോലും അവകാശപ്പെടാനാവാത്തത്ര എണ്ണമില്ലാത്ത ഒരു വിഭാഗം നടത്തുന്ന കുറ്റകൃത്യങ്ങളെ തടയാനും അത്തരക്കാരെ കണ്ടുപിടിച്ച് ശിക്ഷ നടപ്പാക്കാനുമുള്ള പ്രാപ്തിനേടാൻ ഇന്ത്യയിലെ കുറ്റാന്വേഷണ വിഭാഗങ്ങളെ പ്രാപ്തരാക്കുന്നതിനു പകരം ലോകം നൂതന സാങ്കേതിക വിദ്യകളെ ഉള്ളം കൈയിലൊതുക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക സംവിധാനങ്ങളെ അപ്പാടെ ഉള്ളം കൈയിലാക്കുന്ന അഴിമതി വീരന്മാരിൽ നിന്ന് ഇത്തരത്തിലുള്ള മണ്ടത്തരങ്ങളല്ലാതെ എന്തെങ്കിലും പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തരമാണ്.

  പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് നിലവിൽ ഐ. എസ്. ഡി. അന്യമാണ്. അഥവാ ആർക്കെങ്കിലും അത് ആവശ്യമുണ്ടെങ്കിൽ അവർ വലിയൊരു തുക ഡിപ്പോസിറ്റു ചെയ്യേണ്ട അവസ്ഥയുമാണ്. അതുകൊണ്ടുതന്നെ എണ്ണത്തിൽ കൂടുതലുള്ള പ്രീപെയ്ഡ് ഉപയോക്താക്കൾ ആവശ്യമുള്ളപ്പോൾ മാത്രം ആവശ്യമായ സംഖ്യ റീചാർജ്ജു ചെയ്ത് ഐ.എസ്.ഡി ഉപയോഗിക്കുകയാണു ചെയ്യാറ്. തീരെച്ചെറിയ തുകയ്ക്ക് പ്രതിമാസം സംസാരസമയം ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഉപഭോക്താക്കൾ പോസ്റ്റ്പെയ്ഡിലേക്കു മാറുമ്പോൾ താളം തെറ്റുന്നത് അവരുടെ കുടുംബ ബജറ്റു കൂടിയാണ്. ഒരു നിശ്ചിത സംഖ്യ അവർക്കു നീക്കിവക്കേണ്ടിവരും. പരമാവധി അൻപതു രൂപവരെ ചെലവാക്കുന്ന ഇക്കൂട്ടർക്ക് ഇരുന്നൂറിനു മുകളിൽ വരുന്ന തുക വാടകയിനത്തിൽ മാത്രം ഒടുക്കേണ്ടിവരും. കോൾ നിരക്കുകളിൽ വരുന്ന സ്ഥിരമായ വ്യത്യാസമാണ് മറ്റൊന്ന്. അതിനും പുറമേയാണ് അപൂർവ്വം അവസരങ്ങളിൽ മാത്രം ഉപയോഗിക്കുന്ന വിദേശ വിളികൾക്കുവേണ്ടി വലിയൊരു സംഖ്യ ഡിപ്പോസിറ്റ് ചെയ്യേണ്ടി വരുന്നത്.

ഇന്ത്യയിൽ യൂടൂബ് വീഡിയോകൾ കാണുന്നതും കുറ്റം

   ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയുടെ വ്യാജ വീഡിയോ യൂടൂബില്‍ അപ്‌ലോലോഡ് ചെയ്തവര്‍ക്കെതിരേയും അത് ഡൌണ്‍ ലോഡ് ചെയ്തവര്‍ക്കും അതു കണ്ടവർക്കെതിരേയും പോലീസ് കേസെടുക്കുന്നു എന്ന വാർത്തയാണു മറ്റൊന്ന്. സിനിമയുടേതെന്നല്ല യാതൊന്നിന്റെയും വീഡിയോകളുടേയും വ്യാജ നിക്ഷേപങ്ങൾ യൂടൂബിലും മറ്റെവിടെയും നടത്തരുതെന്ന പക്ഷക്കാരാണു ഭൂരിഭാഗവും. യൂടൂബിൽ വീഡിയോ കാണാത്തവരായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ ആരും തന്നെ ഉണ്ടാവില്ല. മേല്‍പ്പറഞ്ഞ ചിത്രത്തിന്റെ തന്നെ ട്രയലറുകളും പാട്ടുകളും ഇതിന്റെ നിർമ്മാതാക്കളുടെ അനുമതിയോടെ നമുക്ക് കാണാമെന്നിരിക്കേ വീഡിയോകൾ കാണുന്നവർക്കെതിരേ കേസെടുക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. വ്യാജനോ ഒർജിനലോ എന്ന് പ്ലേബട്ടണിൽ ക്ലിക്കാതെ അറിയാൻ കഴിയുമോ..? 

  യൂ ടൂബില്‍ നല്‍കിയിരിക്കുന്ന ഒരു വീഡിയോ വ്യാജനാണൊ അല്ലയോ എന്ന്‍ നമ്മള്‍ എങ്ങിനെ തിരിച്ചറിയും? ഇതരനാമങ്ങളും വിശേഷണങ്ങളും കൊടുക്കുകയോ പഴയ വീഡിയോകളുടെയൊക്കെ പേരു കൊടുക്കുകയോ ചെയ്ത് ഏവർക്കും യൂടൂബിൽ അപ്‌ലോഡുചെയ്യാം. അനുവദിച്ചിട്ടുള്ള മറ്റേതെങ്കിലും വീഡിയോകളുടെ ഭാഗങ്ങൾ ആദ്യം ഉൾപ്പെടുത്തിയും അപ്‌ലോഡു ചെയ്യാം. ഇവയെല്ലാം കാണുമ്പോൾ മാത്രമാണ് നമുക്കു തിരിച്ചറിയാൻ കഴിയുന്നത്. ഇതൊന്നും ചിന്തിക്കാതെ ഒർജിനലോ വ്യാജനോ എന്നറിയാതെ പടം ഒന്നു ക്ലിക്കിപ്പോയ നിരപരാധികളെ വരെ കുടുക്കാന്‍ ഉള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നിത്യവും നമ്മൾ ക്ലിക്കിപ്പോകുന്ന വീഡിയോകളിൽ ഏതെങ്കിലുമൊക്കെ വ്യാജനുണ്ടാവും. അവയിൽ ക്ലിക്കിപ്പോയി എന്ന കാരണത്താൽ കേസെടുകാൻ തുടങ്ങിയാൽ യൂടൂബിൽ വീഡിയോകാണാൻ ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആരും ബാക്കിയുണ്ടാവില്ല. ഒർജിനലിനെയും വ്യാജനേയും തിരിച്ചറിയുന്ന വഴികൾ ഈ "വിദ്യാസമ്പന്നർ" നമുക്കു പറഞ്ഞുതരുന്നില്ല. അനധികൃതമായി അപ്‌ലോഡു ചെയ്യുന്നവരെ കണ്ടെത്തി അർഹമായി ശിക്ഷിക്കുന്നതിനു മെനക്കെടാതെ അതിനുള്ള സംവിധാനങ്ങൾ നമ്മുടെ നിയമപരിപാലകവൃന്ദം കൈവരിച്ചിട്ടില്ലെന്നതു മറച്ചുവച്ച് കാണുന്നവരെക്കൂടി കുറ്റവാളികളാക്കുന്ന പ്രവണ തുടർന്നാൽ ഇന്ത്യൻ കോടതികളിൽ സാക്ഷിപറയേണ്ട സാഹചര്യമുള്ളവരെല്ലാം പ്രതിസ്ഥാനത്തു നിൽക്കേണ്ടി വരുമെന്നതുകൂടി ഓർക്കേണ്ടതുണ്ട്. ഭാവിയിൽ ഒരു കൊലപാതകമോ അപകടമോ മറ്റോ കണ്ടാൽക്കൂടി നമ്മൾ പ്രതിയായേക്കാം.

നീതിയും നിയമവും പലർക്കും പലവിധത്തിൽ

   നിയമ-നീതി സംവിധാനങ്ങളും നിയമപാലകരും ഇന്ത്യയിലെ ഓരോ പൗരനും വ്യത്യസ്ഥമായ തലത്തിലും രൂപത്തിലും നടപ്പിലാക്കുന്നുവെന്ന ഭരണഘടനാ വിരുദ്ധമായ പ്രവൃത്തിയാണു എതിർക്കപ്പെടേണ്ട മറ്റൊന്ന്. ഇതാവട്ടെ കാലങ്ങളായി ഇന്ത്യയിൽ നടപ്പിലുണ്ടുതാനും. ഐബിയും നീതിന്യായ വ്യവസ്ഥയുടെ ബഹുഭൂരിഭാഗവും ഈ അനീതിയുടെ കൂടെയാണ് നിലകൊള്ളുന്നതെന്ന് നിത്യവും നാം അനുഭവിച്ചറിയുന്നുമുണ്ട്. പാര്‍ലിമെന്റ് ആക്രമണത്തില്‍ പങ്കെടുത്തെന്ന് ആരോപിയ്ക്കുന്ന മുഹമ്മദ് യാസീന്‍ എന്നയാളെ കാശ്മീരില്‍‌നിന്ന് ഡല്‍ഹിയിലെത്തിച്ചു എന്ന കുറ്റം പേറുന്ന അഫ്സല്‍ ഗുരു ഉൾപ്പെട്ട "ഫീകരർ" മുതൽ (അയാളാകട്ടെ ആ കുറ്റം നിഷേധിയ്ക്കുന്നില്ലെന്നു മാത്രമല്ല യാസീനെ ഡല്‍ഹിയിലെത്തിച്ചത് താനാണെന്ന് ആണയിട്ടു പറയുന്നു. പക്ഷേ മുഹമ്മദ് യാസിനെ ഡല്‍ഹിയിലെത്തിയ്ക്കാന്‍ പോലീസിന്റെ ഇഫോർമറായിരുന്ന തന്നെ ഏല്‍പ്പിച്ചത് കാശ്മീരിലെ ഒരു പട്ടാള ജനറലായ ദവീന്ദര്‍സിംഗാണെന്നും അദ്ദേഹം ചേര്‍ത്തു പറയുന്നുണ്ട്. അതിനെക്കുറിച്ച് മിണ്ടാട്ടമില്ല, അന്വേഷണവുമില്ല!) അശോകസ്തംഭം അച്ചടിച്ച ലറ്റർപാഡുപയോഗിച്ച് രാജ്യത്തെ വിൽക്കുകയും കട്ടുമുടിക്കുകയും ചെയ്യുന്ന ഭരണാധികളെന്ന രാജ്യദ്രോഹികൾക്കെതിരേ പ്രതികരിച്ചതിന് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ അസിം ത്രിവേദിവരെയുള്ളവർ ഇതിനുദാഹരണങ്ങളാണ്. 

  എണ്ണിപ്പറയാൻ നിരനിരയായി എണ്ണമറ്റ വിഷയങ്ങളുണ്ട്. നമുക്കു വേണ്ടത് ഇച്ഛാശക്തിയുള്ള രാജ്യപുരോഗതി ആഗ്രഹിക്കുന്ന ഒരു ഭരണ സംവിധാനമാണ്. ഇന്ന് വിദൂര സാധ്യതയിൽപ്പോലും നമുക്ക് അവകാശപ്പെടാനില്ലാത്തതും അതുതന്നെ. ലോകം അത്യന്താധുനിക സാങ്കേതിക വിദ്യകൾ കൈപ്പിടിയിലൊതുക്കി അവരുടെ പൗരന്മാരെ അതതു കാലഘട്ടങ്ങളിൽ ജീവിക്കാൻ പ്രാപ്തരാക്കുമ്പോൾ അതു കണ്ടു നിൽക്കാൻ പോലുമുള്ള മാനസിക വളർച്ച നേടാത്ത നമ്മുടെ ഭരണാധികാരികൾക്കെതിരെ പ്രതികരിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണ്. 

  അടിസ്ഥാന സൗകര്യങ്ങളും വിശപ്പടങ്ങാനുള്ള ഭക്ഷണവും സ്വപ്നം കാണുന്ന രാജ്യത്തെ ബഹുകോടികളെ മെച്ചപ്പെട്ട ജീവിത നിലവാരത്തിലെത്തിച്ചുകൊണ്ടാവണം എമർജിംഗ് കേരള അടക്കമുള്ളവ പൂർത്തീകരിക്കേണ്ടത്. അല്ലാതെ വാഗ്ദാനങ്ങൾ ബാക്കിയാക്കി അവരെ നിഷ്കരുണം ആട്ടിയോടിച്ചിട്ടല്ല, മാതൃരാജ്യത്തെ വിൽക്കാൻ മാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നവർ അറിയാൻ ശ്രമിക്കാത്തതും ഇതൊക്കെത്തന്നെയാണ്. ആരുടെയും അടിമയാകാതെയും ആരെയും ആട്ടിയോടിക്കാതെയും നമുക്കും എല്ലാമേഖലകളിലും പുരോഗമിക്കാമെന്നതും ഈ രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുമാറ്റാൻ കഴിയുമെന്നതും അതു സാധ്യമാക്കാനുള്ള കഴിവും പ്രാപ്തിയും ഇച്ഛാശക്തിയുമുള്ളവർ നമ്മുടെ രാജ്യത്തുതന്നെ ഉണ്ടെന്നതും മന:പൂർവ്വമാണ് അധികാരികൾ സ്വപ്നത്തിൽ പോലും കാണാത്തത്. സംസ്കാരസമ്പന്നരും വിവേകശാലികളും വിദ്യാസമ്പന്നരുമായ ഒരു വിഭാഗം വളർന്ന് ഈ സമൂഹം ഭൂരിപക്ഷമായി വികസിച്ചാൽ ഇവരുടെ കപടവിലാസങ്ങൾക്ക് അന്ത്യമാവുമെന്നത് അവർ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ ആജ്ഞാനുവർത്തികളും അനുയായികളുമായി നിലനിർത്താൻ നിരക്ഷരകുക്ഷികളും വംശീയ വാദികളുമാക്കി അവരുടെ ഉന്നമനം തടഞ്ഞുകൊണ്ടേയിരിക്കുന്നു. ഫലമോ, വംശീയ കലാപങ്ങളും ഭീകരപ്രവർത്തനങ്ങളും കൊണ്ട് നമ്മുടെ നമ്മുടെ രാജ്യം സമ്പന്നമാകുന്നു. മറ്റുള്ളവർ വലിച്ചെറിയുന്ന വിഴുപ്പുകൾ വിലകൊടുത്തു വാങ്ങാനും രാജ്യത്തെ ജനങ്ങളെ ഗിനിപ്പന്നികളാക്കി പരീക്ഷണത്തിനു വിട്ടുകൊടുക്കാനും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പട്ടിണിപ്പാവങ്ങളുടേയും മറ്റ് ന്യൂനപക്ഷ പിന്നാക്കക്കാരുടേയും ഉറക്കം കെടുത്താനും സർവ്വോപരി ഇന്ത്യാ മഹാരാജ്യം സാ‌മ്രാജ്യത്വ ശക്തികളുടെ മുന്നിൽ അടിയറവുവെക്കാനും പണയപ്പെടുത്താനും വിൽക്കാനും ഇടതടവില്ലാതെ അവർ ശ്രദ്ധിക്കുന്നുണ്ട്, അതുമാത്രമാണ് അവർ ശ്രദ്ധിക്കുന്നതും.അത്തരക്കാരെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകൾ നമ്മൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു.

  ആധുനിക സാങ്കേതിക വിദ്യകൾ അന്യമാക്കിയതിന്റെ ഒരു ഉദാഹരണമാണ് കണ്ണൂരിലെ ടാങ്കർ ദുരന്തത്തിന്റെ ഇരകൾ. ജീവന് അപകടമെന്നുറപ്പാകുന്ന സന്ദർഭത്തിലും എന്തു ചെയ്യണമെന്നു മനസ്സിലാവാതെ പകച്ചു നിൽക്കുന്ന സാങ്കേതിക വിദ്യയാണു നമ്മുടേത്. നവീന സാങ്കേതിക വിദ്യകളും സംരക്ഷണോപാധികളും കൊണ്ട് സമ്പന്നമായ ഒരു രാജ്യം നമുക്ക് സ്വപ്നം മാത്രമാണ്. കാലത്തിനനുസരിച്ച് മെച്ചപ്പെട്ട ജീവനോപാധികളും ഗതാഗത സൗകര്യവും പരിരക്ഷയും ഉറപ്പുവരുത്തേണ്ടവർ അതിനെതിരേ മുഖം തിരിച്ചു നിൽക്കുന്നു. ലോകം പുരോഗമിച്ചുകൊണ്ടിരിക്കുന്നത് അവർ അറിയുന്നതേയില്ല. കാരണം കണ്ടെത്തി കാരണക്കാരെ ശിക്ഷിക്കുന്നതിനു പകരം കാടടച്ചു വെടിവെക്കുന്നു. ആരെങ്കിലും എസ്.എം.എസ് അയച്ചാലോ മറ്റുസൗകര്യങ്ങൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ ചെയ്താലോ ആ സംവിധാനത്തെ അപ്പാടെ ഒഴിവാക്കുന്ന രീതി പ്രാകൃതമാണ്. നാണവും മാനവും ഉള്ളവരാണ് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾ. അതുകൊണ്ടുതന്നെ ധരിച്ചിരിക്കുന്ന വസ്ത്രമുപയോഗിച്ച് ആരെങ്കിലും കുറ്റകൃത്യത്തിലേർപ്പെടുന്നത് നമ്മുടെ ഭരണ സംവിധായകർ അറിയരുതേയെന്ന്  നമുക്ക് പ്രാർത്ഥിച്ചുകൊണ്ടേയിരിക്കാം...

Wednesday

അവർക്ക് ലക്ഷ്യബോധമുണ്ട്. നമ്മൾക്കാണതില്ലാത്തത്.

   നിയമങ്ങൾ ലംഘിക്കപ്പെടാനും കോടതിവിധികൾ കേവലം ചടങ്ങുകളായി മാറ്റപ്പെടാനും നീതി നിഷേധിക്കപ്പെടാനുമുള്ളതാണ് എന്നുള്ളത് ഒരു നിർബ്ബന്ധ ശീലമാക്കി അതനുസരിക്കുകയാണ് ഇന്ന് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ബഹുഭൂരിപക്ഷ ജനസമൂഹവും ഭരണകൂടവും നീതിപീഠങ്ങളും. ഒരു ഭാഗത്ത് സർക്കാർ തന്നെ പ്രതിപക്ഷ പിന്തുണയോടെ  കോടതി വിധികളും നിയമങ്ങളും കാറ്റിൽ പറത്തി ഭരണം നടത്തുമ്പോൾ മറുവശത്ത് പൊതുജനങ്ങൾ വിധിനിയമലംഘനങ്ങൾ സാർവത്രികമായി അനുസരിച്ചു വരുന്നു. സാമൂഹ്യനീതി നടപ്പിലാക്കേണ്ട നിയമപാലകർ തന്നെ സാമാന്യ ജനങ്ങളുടെ അന്തകരാകുന്നു. തെളിവു കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കാനുള്ള സാഹചര്യമൊരുക്കേണ്ടവർ തെളിവു നശിപ്പിച്ചു ക്രിമിനലുകളെ സംരക്ഷിക്കുകയും സ്വയം ക്രിമിനലുകളായി മാറുകയും ചെയ്യുന്നു. പരസ്പരം ചേരിതിരിഞ്ഞുള്ള കലാപരിപാടികളും കൂടിയാകുമ്പോൾ ചിത്രം ഏതാണ്ടു പൂർത്തിയാകുന്നു. സാധാരണക്കാരായ പാവങ്ങൾ എങ്ങനെ ജീവിക്കണമെന്നോ  അവർക്ക് ആരു നീതി നടപ്പിലാക്കുമെന്നോ അവരുടെ ജീവനും സ്വത്തിനും ആര് സംരക്ഷണം ചെയ്യുമെന്നോ മാത്രം ഒരെത്തുംപിടിയുമില്ല.

പാതയോര യോഗ നിരോധനം.


   പൊതു നിരത്തുകൾ സഞ്ചരിക്കാനുള്ളതാണെന്നും അതു യോഗം കൂടാനുള്ളതല്ലെന്നും കാണിച്ച് പാതയോര യോഗ നിരോധനത്തിന് ഹൈക്കോടതി വിധിച്ചപ്പോൾ അതിനെ മറികടക്കാൻ നിയമം കൊണ്ടുവന്ന സർക്കാരാണു നമ്മുടേത്. അവരുടെ നിർഭാഗ്യവശാൽ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരിക്കുന്നു. ഇതുപക്ഷേ ഒരു സ്ഥായിയായ ഒരു വിധിയാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്തെങ്കിലുമൊക്കെ സാഹചര്യങ്ങളൊരുക്കി അനുകൂല വിധി അവർ നേടിയെടുത്തുകൊള്ളും. കാരണം നേതാക്കൾക്കു ഭരിക്കാനും സമ്പാദിക്കാനുമുള്ളതാണു രാഷ്ട്രീയം, അതിന് അനുയായികളോട് പ്രതിബദ്ധത വേണമെന്നില്ല.

   പൊതു നിരത്തുകളിൽ സഞ്ചാരതടസ്സം നടപ്പിലാക്കുന്നതിൽ രാഷ്ട്രീയക്കാർ മാത്രമല്ല സാമ്പത്തിക കുത്തകകളും ആത്മീയ കുത്തകകളും ഇതിനു പ്രധാനമായ പങ്കു വഹിക്കുന്നുണ്ട്. പ്രമുഖ ജൂവലറിയുടേയോ തുണിക്കടയുടേയോ ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന സഞ്ചാര നിരോധനത്തിന് നിയമപാലകരും ഭരണകൂടവും ഒത്താശ ചെയ്തു കൊടുക്കുന്നത് നിത്യവും നാം കാണുന്നതാണ്. സാധാരണക്കാരെ അവരുടെ വഴിമുടക്കി കഷ്ടപ്പെടുത്തുന്നവർ ഇങ്ങനെ ദുരിതമനുഭവിക്കുന്നവരെ പ്രചരണായുധമാക്കുകയാണു ചെയ്യുന്നത്. ഏതുനിലക്കും ലാഭമാണവർക്ക്. തടസ്സപ്പെടുത്തുന്നവനും തടസ്സപ്പെടുന്നവനും ഒരുപോലെ പ്രചരണം നടത്തിക്കൊള്ളും.  അതുപോലെ തന്നെയാണ് ആത്മീയ കച്ചവടസമ്മേളനങ്ങളും. ജാതിമത ഭേദമന്യേ ഈ വഴിമുടക്കലുകൾക്ക് മുടക്കം വരാതിരിക്കാൻ അവർ ശ്രദ്ധിക്കാറുണ്ട്. മലപ്പുറം കൊണ്ടോട്ടി പാതയിൽ വഴിമുടക്കാൻ മാത്രം ഉതകുന്ന ആത്മീയകച്ചവട സമ്മേളനങ്ങൾ നടത്തുന്ന ഒരു പ്രമുഖ ഗ്രൂപ്പുതന്നെയുണ്ട്. സ്വലാത്തുസമ്മേളനം നടത്തുന്ന ഇക്കൂട്ടർ അതു നടക്കുന്ന ആവശ്യത്തിനു സ്ഥലമുള്ള വേദിയിൽ ഇരുന്ന് പ്രസ്തുത പരിപാടിയി പങ്കെടുക്കാതെ നല്ലൊരു വിഭാഗം റോഡിൽ നിരന്നുനിന്ന് പോലീസിന്റെ ഒത്താശയോടെ ഗതാഗതതടസ്സം സൃഷ്ടിക്കാനാണു പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ജന ബാഹുല്യം കാരണം ഗതാഗതം മുടങ്ങി എന്നു പേരുണ്ടാക്കാനുള്ള എളുപ്പവഴി.

   ടയ്ക്കിടയ്ക്കുള്ള ബന്ദാണ് മറ്റൊരു ശാപം. പേരു മാറ്റി വിളിച്ചിട്ടു കാര്യമില്ല, എങ്ങനെ വിളിച്ചാലും ബന്ദ് ബന്ദുതന്നെ. ആരന്റമ്മക്കു പ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേലാണെന്ന ഭാവമാണിക്കൂട്ടർക്ക്. അന്യന്റെ മുതൽ നശിപ്പിക്കാൻ നടത്തുന്ന ഈ ഉത്സാഹം തന്നെയാണ് നമ്മുടെ ശാപവും. ഒരാൾ മരണപ്പെട്ടതിന്റെ ആദരസൂചകമായി നടത്തപ്പെടുന്ന ഹർത്താലിൽക്കൂടി അക്രമ പരമ്പര നടത്താൻ അനുകൂലികൾ പ്രത്യേകം ശ്രദ്ധിക്കുമ്പോൾ അവരുടെ യഥാർത്ഥ ഉദ്ദേശം ജനങ്ങൾക്കു മനസ്സിലാകാറുണ്ട്. ഭയപ്പെടുത്തി നേടുന്ന വിജയമാഘോഷിക്കാൻൊരുളുപ്പുമില്ല ഇക്കൂട്ടർക്ക്. സുപ്രീംകോടതി പറഞ്ഞപോലെ ഇത്തരത്തിൽ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി സമ്മേളനങ്ങളും സമരങ്ങളും  അനുസ്മരണങ്ങളും അനുഭാവങ്ങളും കാട്ടുന്ന ഏക രാജ്യം ഇന്ത്യയായിരിക്കും. സ്വന്തം ബുദ്ധിമുട്ടിനെ പ്രതിരോധിക്കുവാൻ മറ്റുള്ളവരുടെ സഹായം തേടി പരിഹാരം കണ്ടെത്തുന്നതിനു പകരം മറ്റുള്ളവരെക്കൂടി ബുദ്ധിമുട്ടിക്കുന്നത് ഒരു സാധാരണ പ്രവണതയായി മാറിക്കഴിഞ്ഞു. ലോകത്ത് ഏറെ പ്രബുദ്ധരെന്നും വിദ്യാസമ്പന്നരെന്നും സംസ്കാരമുള്ളവരെന്നും നടിക്കുന്ന നമ്മുടെ സമൂഹത്തിലാണ് ഇതു കൂടുതലെന്നുള്ളത് നാണക്കേടല്ലാതെ മറ്റെന്താണ്? പരിഹാരത്തെക്കാൾ പ്രതികാരമാണു പ്രധാനമെന്നു കരുതുന്ന നാണമെന്തെന്നു നോക്കിയാൽ കുനിഞ്ഞു നോക്കുകയും മാനമെന്തെന്നു ചോദിച്ചാൽ മലർക്കു നോക്കുകയും ചെയ്യുന്ന മനസ്സു മുരടിച്ച സമൂഹത്തോടെന്തു പറയാൻ!

സാമൂഹ്യ നീതി നിർവ്വഹണം

    കോടതികളിലാണ് നീതി നിഷേധങ്ങളും നീതി വൈകി മാത്രം ലഭിക്കുന്നതും ഏറ്റവും കൂടുതൽ നടക്കുന്നതെന്നു പറയാതിരിക്കാൻ വയ്യ. ഏറെ നീളുന്ന അന്വേഷണ കാലാവധികളും അതിനെക്കാൾ അനന്തമായി നീളുന്ന വിചാരണയും നമ്മുടെ സാമൂഹിക വ്യവസ്ഥകൾക്കും മൂല്യങ്ങൾക്കും സാംസ്കാരികപരമായും സാമ്പത്തികപരമായും സാമൂഹ്യപരമായും ഏറെ അരാജകത്വം സമ്മാനിക്കുന്നുണ്ട്. നമ്മുടെ ഭരണ സംവിധാനവും കോടതികളും ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. കേവലം നോക്കുകുത്തികളായി മാത്രം നിലനിർത്തിയിരിക്കുന്ന കേരളാ ലീഗൽസർവ്വീസ് അതോറിറ്റി പ്രവർത്തകരേയും പാരാലീഗൽ വാളന്റിയർമാരെയും ഫലപ്രദമായി ഉപയോഗിച്ചാൽത്തന്നെ നമ്മുടെ കോടതികളിൽ നിന്ന് നല്ലൊരു ശതമാനം ഭാരം ഇറക്കിവയ്ക്കാൻ സാധിക്കും. മറ്റുള്ള കേസുകൾ തീർപ്പാക്കാനുള്ള കാലതാമസം ഒഴിവാക്കുന്നതിന് ഇത് സഹായിക്കുമെന്നതിൽ തർക്കമുണ്ടാവില്ല. കേസുകൾ ഉണ്ടാവാതെ നോക്കുന്നതിന് ഉപയോഗിക്കുന്നതിനു പകരം കേവലം ടി.എ.യും മറ്റും അടിച്ചുമാറ്റാൻ മാത്രമായാണ് പാരാലീഗൽ വാളന്റിയർമാരെ ഇപ്പോൾ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 


   നീണ്ട മുപ്പത്തഞ്ചു കൊല്ലം വേണ്ടിവന്നു സ്വന്തം ഭൂമിക്കി വേണ്ടി വനം വകുപ്പിനെതിരേ ഫയൽ ചെയ്ത ഒരു കേസിൽ പാലക്കാടു ജില്ലയിലെ പാലങ്കര കണ്ണനെന്ന പാവം കർഷകനു നീതി ലഭിക്കാൻ. ഇക്കാലത്തിനകത്തു അനുഭവിച്ച വ്യഥകൾക്കും സാമ്പത്തിക നഷ്ടത്തിനും പരിഹാരമാകുന്ന വിധത്തിലുള്ള ഒരു വിധിയാണു വന്നതെന്ന അഭിപ്രായം എനിക്കില്ല. പക്ഷേ ഇത്രയും കാലം നിയമയുദ്ധം നീണ്ടു എന്നത് നിയമപരിപാലനത്തിന്റെയും നിർവ്വഹണത്തിന്റെയും പരാജയം തന്നെയാണ്. വിധി നടപ്പിലാക്കാതെ മേൽക്കോടതികളിലേക്ക് അപ്പീൽ പോകാനാണ് വനം വകുപ്പിന്റെ തീരുമാനമെങ്കിൽ ഈ ജീവിത കാലത്ത് ഒരു പരിഹാരം കണ്ണൻ പ്രതീക്ഷിക്കേണ്ടതുമില്ല. അബ്ദുന്നാസർ മദനിയുടെ കേസാണ് മറ്റൊരുദാഹരണം. നീണ്ട ഒമ്പതര വർഷം ജയിലിൽ ജാമ്യം പോലുമില്ലാതെ കിടക്കേണ്ടിവന്നു നിരപരാധിയെന്നു കോടതിക്കു തിരിച്ചറിയാൻ. അതുമായി ബന്ധപ്പെട്ട് സമാധാനകാംഷി ചമഞ്ഞ് തന്നെ ഇരുമ്പഴിക്കുള്ളിലാക്കിയവർക്കെതിരേ നിയമ നടപടി ആവശ്യപ്പെടാത്തതിന്റെ ഫലമായി അനന്തമായ ജയിൽവാസത്തിന്റെ രണ്ടാം പർവ്വം സമ്മാനമായി അദ്ദേഹത്തിനു ലഭിച്ചുവെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം. രണ്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെ വിചാരണപോലും തുടങ്ങിയിട്ടില്ല.

   ഇക്കാര്യത്തിൽ കേരളത്തിന്റെ ഭരണകർത്താക്കൾ ഷണ്ഡരായിരിക്കുന്നതിന്റെ കാരണമെന്താണെന്നു മാത്രം എനിക്കു മനസ്സിലാവുന്നില്ല. മദനി കോയമ്പത്തൂരിൽ നിന്നു പുറത്തുവന്ന് ബംഗളുരു ജയിലിൽ പോകുന്നതുവരെ കേരളാപോലീസിന്റെ സംരക്ഷണയിലായിരുന്നത് വിളിച്ചു പറയാൻ അവർക്കു മടിയാണ്. ഇടവും വലവും കാവൽ നിന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് കുടകിലെത്തി ഗൂഢാലോചനയിൽ പങ്കെടുത്തുവെങ്കിൽ അതു കേരളാ പോലീസിന്റെ കഴിവുകേടെന്നല്ലാതെ എന്തു പറയാൻ. അങ്ങനെയൊരു കറാമത്തു കാണിക്കാനുള്ള കഴിവ് മദനിക്കുണ്ടെന്ന് തോന്നുന്നില്ല. ഒന്നുകിൽ കേരള സർക്കാർ തങ്ങളുടെ പോലീസിനു പിഴവുപറ്റിയെന്നു സമ്മതിക്കണം. അല്ലെങ്കിൽ മദനി കുടകിൽ പോയിട്ടില്ലെന്നു പറയണം, അദ്ദേഹത്തെ ബംഗളുരുവിൽ നിന്ന് രക്ഷിക്കാൻ വേണ്ടതു ചെയ്യണം. ഒന്നും മിണ്ടാതെ ഇനിയും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതു നല്ലതല്ല, അത് ഇടതായാലും വലതായാലും. നീതി വ്യവഹാരത്തിലകപ്പെട്ട് നട്ടം തിരിയുന്നവർ ഇവർ രണ്ടുപേർ മാത്രമാണെന്നു കരുതരുത്. ഒരുപക്ഷേ നീതി നിർവ്വഹകണത്തിന്റെ നിസ്സഹായ ഇരകളായവർ ഏറ്റവും കൂടുതലുള്ള രാജ്യമായിരിക്കും നമ്മുടേത്.

   അതിവേഗം കേസുകൾ തീർപ്പാക്കി, രക്ഷയായാലും ശിക്ഷയായാലും തീരുമാനിച്ചു നടപ്പിലാക്കാത്തിടത്തോളം, നമ്മുടെ നിയമ സംവിധാനങ്ങൾ അത്തരത്തിൽ ക്രമീകരിക്കപ്പെടാത്തിടത്തോളം ഇന്ത്യയിൽ ഒരു പൗരനും രക്ഷയുണ്ടാവില്ല. ആരുടെയൊക്കെയോ താല്പര്യമനുസരിച്ച് ഓരോ കേസന്വേഷണവും കോടതി നടപടികളും അനന്തമായി നീളുന്ന സാഹചര്യങ്ങൾ വർദ്ധിച്ചു വരുന്ന പ്രവണതയാണ് ഇന്നു കണ്ടു വരുന്നത്. ഇത്തരത്തിൽ കേസുകളും അന്വേഷണങ്ങളും നീളുന്നതുകൊണ്ട് ആർക്കാണ് ഗുണമെന്ന് ഓരോ കേസിനെയും കുറിച്ച് ഒന്നന്വേഷിക്കാൻ തയ്യാറായാൽത്തന്നെ പല വസ്തുതകളും പുറത്തു വരും. നിർഭാഗ്യവശാൽ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഒരു ഭരണ സംവിധാനം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇനിയും നടപ്പിലായിട്ടില്ല എന്നത് അത്യന്തം ഖേദകരമായി അവശേഷിക്കുന്നു. ഏതാനും വ്യക്തികളുടെ താല്പര്യം നടത്താനും അവർക്ക് കൈയിട്ടു വാരാനുമുള്ള ചക്കരക്കലം മാത്രമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിലകൊള്ളുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഏറ്റവും വലിയ അബദ്ധമായി കാണേണ്ടി വരുന്നു. വെള്ളക്കാർ നമ്മുടെ സമ്പത്തിന്റെ ഒരു ഭാഗം കൊള്ളയടിച്ചപ്പോൾ ഇന്നത്തെ നമ്മുടെ ഭരണകർത്താക്കളായ കൊള്ളക്കാർ ഇന്ത്യയെ അപ്പാടെതന്നെ വിഴുങ്ങുന്നു. അതിന് ആവശ്യമായ നിയമങ്ങളും കരാറുകളും എഴുതിയുണ്ടാക്കുന്നു. ഭരണഘടനയെ നോക്കുകുത്തിയായി മാത്രം കാണുന്നു.

ഗതാഗത സാഹചര്യം.


  ലോകത്ത് ഒരു പക്ഷേ ഇത്രയ്ക്ക് വൃത്തികെട്ട ഗതാഗത സാഹചര്യം ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിലേ കാണാനുണ്ടാവൂ. ഗതാഗത നിയമങ്ങൾ കേവലം ലേണിംഗ് ടെസ്റ്റിനു മാത്രമായി മാറുന്നതു തന്നെയാണ് ഒരു ശാപം. മറ്റൊന്ന് അവ ഫലപ്രദമായി നടപ്പിലാക്കാൻ നമ്മുടെ ഭരണകർത്താക്കൾക്കോ നിയമപാലകർക്കോ താല്പര്യമില്ലാത്തതാണ്.  ട്രാഫിക് നിയമങ്ങൾ അനുസരിച്ച് വാഹനമോടിക്കാൻ ആരെയും നിർബ്ബന്ധിക്കുന്നില്ല. വിട്ടു വീഴ്ചയില്ലാത്ത നടപടികളും കർശനമായ ശിക്ഷാവിധികളും കുറ്റക്കാരായ ഡ്രൈവർമാർക്കും  നിയമം ശ്രദ്ധിക്കാത്ത പൊതുജനങ്ങൾക്കും ഒരുപോലെ ലഭ്യമായാൽത്തന്നെ നന്നാക്കാവുന്നതേ ഉള്ളൂ ഈ മേഖല. അതു മാത്രമാണ് ഇവിടെ നടപ്പിലാകാത്തതും.

    യാതൊരുവിധ വേർതിരിവുകളില്ലാതെ ഏതൊരു ഇന്ത്യൻ പൗരനും രാജ്യത്തെ പൊതുനിരത്തുകളിലൂടെ നിർബാധം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തിന്റെ ഭരണഘടനയിലൂടെ അനുവദിച്ചു തരുമ്പോൾ അതു നിഷേധിക്കുന്ന സംഗതികളും ഇവിടുണ്ടെന്നുള്ളത് ഒരു വിരോധാഭാസമാണ്. ചുങ്കപ്പാതകൾ വേണ്ടെന്നല്ല. ചുങ്കം കൊടുത്താണെങ്കിലും നല്ലറോഡുണ്ടാക്കി സഞ്ചരിക്കുന്നതു നല്ലതുതന്നെ.  പക്ഷേ ചുങ്കം കൊടുക്കാനില്ലാത്തവനും യാത്രചെയ്യാൻ കഴിയണം. ചുങ്കപ്പാതകളെക്കൂടാതെ അതേ റൂട്ടിൽ സാധാരണ പാതയുമുണ്ടാവണം. അല്ലാത്തപക്ഷം ഭരണഘടനയെ ധിക്കരിക്കുന്നതായി കണക്കാക്കേണ്ടിവരും. കാരണം കാശുകൊടുത്തില്ലെങ്കിൽ സഞ്ചരിക്കാൻ പറ്റില്ലെന്നതുതന്നെ.

നിയമപാലകരുടെ നിയമം

   ങ്ങളുടെ അധികാര പരിധിയിൽ പ്രതിമാസം ഉണ്ടായിരിക്കേണ്ട കേസുകളുടെ എണ്ണം കണക്കാക്കി ഓരോ സ്റ്റേഷനും വീതിച്ചു നൽകുന്ന സർക്കാരും അതിനനുസരിച്ച കേസുകൾ ചമയ്ക്കുന്ന പോലീസും ഒരു പക്ഷേ ഇവിടെയേ കാണൂ. നിശ്ചിത കേസുകൾ തങ്ങളുടെ സ്റ്റേഷൻ പരിധിയിൽ സൃഷ്ടിക്കേണ്ടത് പോലീസിന്റെ പ്രാഥമിക ലക്ഷ്യമായി പതിച്ചു നൽകിയിരിക്കുന്നു. സ്റ്റേഷന്റെയും അതിലെ നിയമപാലകരുടേയും നിലനിൽപ്പിന് ഇങ്ങനെ ക്രിമിനലുകളുടെ ഉല്പാദനം അനിവാര്യമാകുന്നു. ഫലത്തിൽ പോലീസിനെ ക്രിമിനലുകളാകാൻ തലതിരിഞ്ഞ നമ്മുടെ ഭരണ സംവിധാനം നിരന്തരം നിർബ്ബന്ധിച്ചുകൊണ്ടിരിക്കുന്നു എന്നു പറയാം. ഇത്തരത്തിലാണെങ്കിൽ, എല്ലാ ഗ്രാമപഞ്ചായത്തുകളിലും പോലീസ്റ്റേഷൻ നടപ്പിലാക്കുമെന്നു നമ്മുടെ ഭരണാധികാരികൾ വാഗ്ദാനം ചെയ്യുമ്പോൾ എല്ലാ പഞ്ചായത്തിലും ക്രിമിനലുകളുടെ സമൂഹത്തെ സൃഷ്ടിക്കാനും അവരെ സംരക്ഷിക്കാനുമുള്ള സംവിധാനമാണു നമുക്കു സമ്മാനിക്കുന്നതെന്നു കൂടി നാം മനസ്സിലാക്കണം. പൊതു ജനത്തോട് സഭ്യമായി സംസാരിക്കാനും നന്നായി പെരുമാറാനും അറിയാത്ത വിഭാഗമായി ഇവരിൽ ചിലരെങ്കിലും മാറുന്നത് ഇതിന്റെ അധിക സമ്പാദ്യമായി ഇപ്പോൾത്തന്നെയുണ്ട്. കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ മാത്രമുള്ളതാണ് പോലീസെന്ന വികലമായ ധാരണയാണ് ഇതിനു കാരണമായി എനിക്കു തോന്നുന്നത്. പോലീസിന് മറ്റെന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കും!  അതൊന്നും ചിന്തിക്കാതെ സമൂഹത്തെ ക്രിമിനൽവൽകരിക്കാൻ ക്വാട്ട വീതിച്ചു നൽകുകയാണ്. കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെയാണെങ്കിൽ ഉള്ള പോലീസ് സ്റ്റേഷനുകൾ ഇല്ലാതാവാനല്ലേ നാം യത്നിക്കേണ്ടത്?

  നേരം വെളുത്ത ഒരു ജനതയുടെ ഉദയം സാധ്യമാവാതെ ഇതിനൊക്കെ ഒരു പരിഹാരമുണ്ടാവുമെന്നു പ്രതീക്ഷിക്കവേണ്ട. ഭരണത്തിലേറുന്നവരും അവരുടെ കീഴിലെ ഉദ്യോഗസ്ഥ വൃന്ദങ്ങളും കേവലം ജനസേവകർ മാത്രമാണെന്ന് നാം തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടതുമുണ്ട്. അനാവശ്യമായി നാം ചെലവഴിക്കുന്ന ഊർജ്ജം അൽപ്പം ചിന്തിക്കാൻ കൂടി ഉപയോഗിച്ചാൽ നമ്മുടെ ഭരണാധികാരികളെ നന്നാക്കാൻ കഴിയും. അവരുടെ കീഴിൽ കേവലം പിണിയാളുകളായി മാത്രം  നിലകൊള്ളുന്ന നിലവിലെ രീതി മാറേണ്ടതുണ്ട്. അങ്ങനെ വരുന്ന തലമുറയിലെങ്കിലും രാഷ്ട്രത്തിന്റെയും അതിന്റെറ അടിത്തറയുടേയും സാമ്പത്തിക സുരക്ഷയുടേയും ലക്ഷ്യവാഹകരെ സൃഷ്ടിക്കാനുള്ള വഴിതെളിക്കാൻ ഇനിയും വൈകിക്കൂടാ...

Friday

എല്ലാർക്കും ഹാർദ്ദമായ സ്വാഗതം

2012 ഡിസംബർ 30 ഞായറാഴ്ച തെന്മലയിലെ പ്രകൃതി രമണിയമായ വനസീമയിൽ വെച്ച് പ്രകൃതിയോട് രമിച്ചും, മതിച്ചും ഈ എഴുത്ത് മേഖലയിലെ സമാനമാനസർ ഒത്തുചേരുന്നു. പ്രകൃതിയെ സംരക്ഷിക്കുകയാണു ഏറ്റവുംവലിയ ജീവകാരുണ്യപ്രവർത്തനം എന്ന മഹത്തായ സന്ദേശമാണ് ഈ ഒത്തുചേരലിലൂടെ പ്രചരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്. ഈ ഒത്തുചേരലിലേക്ക് ഇ-എഴുത്തുമേഖലയിലെ എല്ലാസുമനസ്സുകൾക്കും ഹാർദ്ദമായ സ്വാഗതം.

കേരളത്തിലെ ഏറ്റവും സുന്ദരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ടൂറിസ്റ്റു കേന്ദ്രമാണു തെന്മല. സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്ന കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണിത് . ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ്‌ ഇത് . സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും കുളിമ്മയുള്ള അന്തരീക്ഷവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.



  ചിത്രത്തിൽ ക്ലിക്കിയാൽ തെന്മലയെക്കുറിച്ചുള്ള ഏകദേശ ധാരണ കിട്ടും


ചിത്രശലഭങ്ങളുടെ വൈവിദ്ധ്യമാർന്ന കൂട്ടങ്ങളോടൊത്ത് കൂട്ടുകൂടി പ്രകൃതിയുടെ ശീതളസ്പർശമേറ്റ് വൻവൃക്ഷങ്ങളുടെ തളിർ നാമ്പുകളെത്തലോടി ആകാശത്തെത്തൊട്ടുരുമ്മി മേഘങ്ങളോടു സല്ലപിച്ചു നടക്കാം... അങ്ങനെയങ്ങനെ ബ്ലോഗുലോകത്തിന് പുത്തൻ ഉണർവ്വും ഒരുമയും ഒരിക്കൽക്കൂടി പങ്കുവയ്ക്കാം. അകലങ്ങളിൽ അക്ഷരലോകത്തുകൂടി മാത്രം സംവദിക്കുന്ന സ്നേഹസമ്പന്നരുടെ ഒരുമ ഭൂലോകസമക്ഷം പങ്കുവയ്ക്കാം. നവ എഴുത്തുകാരെ അക്ഷരലോകത്തേക്കു കൈപിടിച്ചുയർത്തുന്ന പ്രചോദനമാവാം. വിനോദത്തിനും വിജ്ഞാനത്തിനും സർവ്വോപരി ബൂലോകർക്ക് ഉന്മേഷപൂർവ്വം ഒരുമിക്കാൻ 2012 ഡിസംബർ 30 ഞായറാഴ്ച പ്രിയ ബൂലോക സുഹൃത്തുക്കളെ തെന്മലയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

ബൂലോകത്തെ ഏറ്റവും മനോഹരമായ ബ്ലോഗേഴ്സ് മീറ്റിൽ പങ്കെടുക്കാൻ ഇതുവഴി പോകാം.

Wednesday

ബ്ലോഗ് പോസ്റ്റുകൾക്ക് മാന്ദ്യമോ..!

  ഇ. എ. സജിം തട്ടത്തുമലയുടെ ബ്ലോഗിലെ മാന്ദ്യത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇങ്ങനെയൊരു പോസ്റ്റെഴുതുന്നതിനു കാരണം. ബൂലോകം ബ്ലോഗർമാരുടെ മാത്രം ലോകമാണെന്നും വായനക്കാർ ബ്ലോഗർമാർ മാത്രമാണെന്നും ബ്ലോഗർമാർക്കു തോന്നുന്നതുകൊണ്ടാണ് ബ്ലോഗലിനു മാന്ദ്യം സംഭവിക്കുന്നതായി നമുക്കു തോന്നുന്നതെന്നാണ് എനിക്കു തോന്നുന്നത്. കഴിഞ്ഞ മൂന്നുനാലു വർഷങ്ങളിലായി ബൂലോകത്തു സജീവമായി നിലനിന്ന കുറേയധികമാളുകൾ ഇപ്പോൾ ബൂലോകത്തു നിന്നും അപ്രത്യക്ഷമായിരിക്കുന്നു എന്നതു സത്യം തന്നെയാണ്. പക്ഷേ അതിനു വ്യക്തമായ കാരണങ്ങളുണ്ടെന്നുള്ളത് നമ്മൾ കാണാതെ പോകുന്നതു ശരിയല്ല.  ഞാൻ ബ്ലോഗിൽ വരുന്ന സമയത്ത് അതിശക്തമായി ബ്ലോഗെഴുതുകയും ചർച്ചകൾ ഉണ്ടാവുകയും ചെയ്തിരുന്നു. പക്ഷേ ഞാൻ മനസ്സിലാക്കിയിടത്തോളം കേരള രാഷ്ട്രീയത്തിലുള്ളതിനേക്കാൾ ഭീകരമായ ഗ്രൂപ്പുകളുയും തെറിവിളികളും കൂടി അതിനനുബന്ധമായുണ്ടായിരുന്നു എന്നതാണു വാസ്തവം.

 ബ്ലോഗിൽ നല്ലൊരു വിഭാഗവുമായി നേരിട്ടു സംസാരിക്കുകയും നല്ലൊരു സുഹൃദ്ബന്ധം സ്ഥാപിച്ചെടുക്കുകയും അതു നിലനിർത്തിപ്പോരുകയും ചെയ്യുന്നയാളെന്ന നിലക്ക് ഒന്നും മിണ്ടാതെ  പോകാൻ സാധിക്കുന്നില്ല. ചാണക്യൻ, കാപ്പിലാൻ, ഹരീഷ് തൊടുപുഴ, നന്ദകുമാർ, ജോ, നാട്ടുകാരൻ, വാഴക്കോടൻ, ജി. മനു, മാണിക്യം, ഡോക്ടർ നാസ്, അനിൽ@ബ്ലോഗ്, എഴുത്തുകാരി തുടങ്ങിയ നല്ലൊരു നിര ബ്ലോഗെഴുത്തുകാർ ബൂലോകം അടക്കിവാണിരുന്ന നാളുകളിലാണ് ഞാനും ബൂലോകത്തേക്കു വന്നത്. ഇവരിൽ ഭൂരിഭാഗവും ഇപ്പോഴും ബൂലോകത്ത് തുടരുന്നുമുണ്ട്. പക്ഷേ ഞാനടക്കമുള്ള ബ്ലോഗാസ്വാദർ ബ്ലോഗിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടു ജീവിക്കുന്നവരല്ല എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ട ആദ്യത്തെ ഒന്ന്. പ്രവാസികളായ ബ്ലോഗർമാരെ പ്രധാനമായും ഉദ്ദേശിച്ചാണ് ഇതു പറയുന്നത്. വാഴക്കോടൻ, ഹംസ തുടങ്ങിയവരെ ഉദാഹരണത്തിനു നിരത്തുന്നു. ഇവർ പ്രവാസ ജീവിതത്തിന്റെ വിശ്രമവേളകൾ നാടും നാട്ടുകാരും സ്മരണയിൽ നിൽക്കാൻ, അകലങ്ങളിൽ ഒറ്റപ്പെടലിന്റെ വേദനമാറ്റാൻ, ഒരു തൽക്കാല ആശ്വാസം കിട്ടാൻ തങ്ങളുടെ ഭാവനകളെ ബ്ലോഗിലെത്തിച്ചിരുന്നു എന്നു പറയുന്നതാവും ശരി. സീരിയസ്സായി ബ്ലോഗെഴുത്ത് നടത്തുകയായിരുന്നു എന്നു പറയുക വയ്യ, അത് അവർക്ക് ഒരുതരത്തിൽ ആശ്വാസം നൽകിയിരുന്നു എന്നു പറയുന്നതാവും ശരി. അതുകൊണ്ടാണ് കൂടും കുടുംബവും കൂടെയുണ്ടായപ്പോൾ അറിയാതെയെങ്കിലും ബ്ലോഗിനെ ശ്രദ്ധിക്കാതാവുന്നത്. ഒരു ആശ്വാസത്തിനായി ബ്ലോഗെഴുതിയിരുന്ന അത്തരക്കാർ ബ്ലോഗെഴുത്തു നിർത്തിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം അകലങ്ങളിലെ ആശ്വാസം മാത്രമായിരുന്നു അവർക്കു ബ്ലോഗെഴുത്ത്. ഇന്ന് നാട്ടിൽ സെറ്റിലായി ഓരോ സംരംഭങ്ങൾ നടത്തുന്ന ഇക്കൂട്ടർ അവരുടെ വരുമാന മാർഗ്ഗങ്ങൾ സംരക്ഷിക്കാൻ പാടുപെടുന്നതിനിടയിൽ സമയം കണ്ടെത്താൻ കഴിയുന്നില്ല എന്നതു കൂട്ടി വായിക്കാം.

 രണ്ടാമത്തെ കൊഴിഞ്ഞുപോക്കിനു കാരണമായി പറയാവുന്നത് രാഷ്ട്രീയത്തെക്കാൾ നാറിയ ചില ഗ്രൂപ്പുകളികളും തെറിവിളിയും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ആ സമയങ്ങളിൽ നിലനിന്നിരുന്നു എന്നതാണ്. ഒരുകൂട്ടർ എഴുതുന്നതിലെ തമാശ പോലും പ്രശ്നമായിക്കാണാൻ മാത്രം മറ്റൊരു കൂട്ടർ ശ്രമിക്കുകയും പ്രസ്തുത പോസ്റ്റുകളിലെയും കമന്റുകളിലെയും ആന്തരിക നർമ്മത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്തതിന്റെ പേരിൽ, തങ്ങളുടെ സ്നേഹിതരായിരുന്നവരിൽ നിന്നുണ്ടായ വേദനാപൂർവ്വമായ സാഹചര്യങ്ങളിൽ മനം മടുത്ത് ഒരു കൂട്ടർ ബ്ലോഗെഴുത്തിൽ നിന്ന് പിൻവലിഞ്ഞു. അതോടുകൂടി എതിർ ഗ്രൂപ്പുകളും ബ്ലോഗെഴുത്തിൽ ഭംഗം വരുത്തി. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇക്കൂട്ടരുടെ തല്ലും ബഹളവുമാണ് അക്കാലത്ത് മലയാള ബ്ലോഗിനെ സജീവമായി നിലനിർത്തിയിരുന്നത്. തമാശയ്ക്കു ഞാനും കാപ്പിലാനും തല്ലുകൂടിയിട്ടുണ്ട്. അതിനെച്ചൊല്ലി ചില്ലറ തർക്കങ്ങളും  ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും അതുമായി ബന്ധപ്പെട്ടവരെയെല്ലാം നല്ല സുഹൃത്തുക്കളായി നിലനിർത്താൻ കഴിഞ്ഞു എന്നതാണ് എന്റെ വിജയം. അതായത് ബ്ലോഗെഴുത്തിൽ വ്യക്തിപരമായി ആരെയും ശത്രുക്കളായി കാണാൻ പാടില്ലെന്നു സാരം. അങ്ങിനെ ആരെയെങ്കിലും കണ്ടാൽ അതു നമ്മുടെ ബ്ലോഗെഴുത്തിനെത്തന്നെയാവും ബാധിക്കുക. പല ഗ്രൂപ്പുകളായി നിന്നു തല്ലിയവരാരും ഇന്ന് ബ്ലോഗിൽ സജീവമായി നിലകിൽക്കുന്നില്ല എന്നത് ഇതിന്റെ യാഥാർത്ഥ്യമായി കാണാം.

കമന്റുകളിലെ എണ്ണക്കുറവുകണ്ടു നിരാശരായി വായനക്കാരില്ലെന്നു കരുതി ബ്ലോഗെഴുത്തു നിർത്തിയ ഒരു ചെറിയ വിഭാഗത്തെയും എനിക്കറിയാം. ബ്ലോഗെഴുത്തിന്റെയും വായനയുടെയും ആധുനിക സാഹചര്യങ്ങൾ മുതലെടുക്കാൻ, അതേക്കുറിച്ചു തിരിച്ചറിഞ്ഞു മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞില്ലെന്നതാണവരുടെ പരാജയം. മുമ്പ് എപ്പോഴെങ്കിലും കമ്പ്യൂട്ടറിനു മുമ്പിൽ വന്ന് പോസ്റ്റുകൾ വായിച്ചു കമന്റിയിടത്തു നിന്ന് യാത്രാ വേളകളിലും മറ്റും മൊബൈലിൽ ഒപേരയിൽ ബ്ലോഗുവായിക്കുന്നതിലാണു കൂടുതലാൾക്കാരും സമയം ക്രമപ്പെടുത്തുന്നത് എന്നതിനാൽ പോസ്റ്റുകളിൽ കമന്റിന്റെ എണ്ണം കുറഞ്ഞു വന്നു. അരുൺ കായംകുളത്തിന്റെ പഴ പോസ്റ്റുകളിലും പുതിയപോസ്റ്റുകളിലും വന്നിട്ടുള്ള കമന്റുകളുടെ എണ്ണം നോക്കിയാൽ കുറേയൊക്കെ മനസ്സിലാവും. അതിനർത്ഥം ബ്ലോഗുവായന കുറഞ്ഞുവെന്നല്ല. വായന കൂടുതലും മൊബൈലിൽക്കൂടിയാക്കി എന്നതാണ്. മാത്രമല്ല ബ്ലോഗർമാർ മാത്രമല്ല നമ്മുടെ ബ്ലോഗുകൾ വയിക്കുന്നത്. സ്വന്തമായി ബ്ലോഗില്ലാത്ത, സ്വന്തമായി ബ്ലോഗുണ്ടാക്കാൻ കഴിയുമെന്നുപോലുമറിയാത്ത നല്ലൊരു കൂട്ടം നമ്മുടെ ബ്ലോഗുകൾ വായിക്കുന്നുണ്ട്. 2011 ഏപ്രിൽ 11ന് തുഞ്ചൻ പറമ്പിൽ നടന്ന ബ്ലോഗേഴ്സ് മീറ്റിൽ അറുപതിനു മുകളിൽ ബ്ലോഗെഴുതാത്ത വായനക്കാരായി മാത്രം നിലനിൽക്കുന്നവർ പങ്കെടുത്തു. തങ്ങൾ വായിക്കുന്നവരെ ഒന്നു കാണാൻ മാത്രം വന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരക്കാർ ഇവിടെ ഉള്ളിടത്തോളം അതു തിരിച്ചറിഞ്ഞ് എല്ലാവരും എഴുതണമെന്നാണ് എന്റെ അഭിപ്രായം.

ചാണക്യനെപ്പോലെയുള്ള ചിലർ ബ്ലോഗെഴുത്തു നിർത്തിയതെതിനെന്നു മാത്രം ഇതുവരെ പിടികിട്ടിയിട്ടില്ല. തോന്ന്യാസി എഴുതാത്തത് തല്ലുകൊള്ളാത്തതിന്റെ കുഴപ്പമായിട്ടാണ് എനിക്കു തോന്നുന്നത്. എന്നിരുന്നാലും ബൂലോകത്തു നടക്കുന്ന മീറ്റുകളിലെല്ലാം തന്റെ സാന്നിദ്ധ്യമറിയിച്ചും കുറേയൊക്കെ വായിച്ചും ഇങ്ങനെ ചിലർ ഇവിടെയൊക്കെയുണ്ടെന്നതും കാണാതെ പോകാൻ വയ്യ.

ബ്ലോഗെഴുത്തിന്റെ സാധ്യതകളെ മുതലെടുക്കാനും തങ്ങളുടെ സൃഷ്ടികളെ മറ്റുള്ളവരിലെത്തിക്കാനും ഏതു തിരക്കിനിടയിലും അൽപ്പം സമയം കണ്ടെത്തുന്ന നല്ലൊരു ശതമാനം ബ്ലോഗർമാരുണ്ട്. അരീക്കോടൻ, ഷെരീഫ് കൊട്ടാരക്കര മുതലായവർ ഇതിനുദാഹരണങ്ങളാണ്. ബ്ലോഗെഴുതാൻ ആഗ്രഹിക്കുന്ന ബ്ലോഗർമാർ സ്ഥിരമായി എഴുതിക്കൊണ്ടിരിക്കും. അല്ലാത്തവർ വന്നും പോയുമിരിക്കും, ഒരുകൂട്ടർ കൊഴിഞ്ഞുപോകുമ്പോൾ പുതിയൊരു കൂട്ടർ വരുന്നുണ്ട്. അവരെ തങ്ങളുടെ കൂടെ കൂട്ടാനും അവരെ പ്രോത്സാഹിപ്പിക്കാതും നാം ശ്രമിക്കുന്നുണ്ടോ എന്നാണ് ആലോചിക്കേണ്ടത്. സ്വന്തം പരിചയത്തിൽപ്പെടുന്നവരുടെ പോസ്റ്റുകൾ മാത്രം വായിച്ചു പോകുന്നവർക്കു ബൂലോക പോസ്റ്റു മാന്ദ്യം കൂടുതൽ അനുഭവപ്പെട്ടേക്കാം. താൽക്കാലികമായി വരുന്നവരെ അവർ നിൽക്കുന്നിടത്തോളം വായിക്കാം. അവർ എഴുത്തു നിർത്തിയാൽ നമ്മൾ വായന നിറുത്തേണ്ടതില്ലല്ലോ. നമുക്കു വായിക്കാനും നമ്മളെ വായിക്കാനും ധാരാളം പേർ ബാക്കിയുണ്ട്. ജാലകം, ചിന്ത തുടങ്ങിയ അഗ്രിഗേറ്ററുകളിൽ മിനുട്ടുവച്ചു പോസ്റ്റുകൾ അപ്ഡേറ്റു ചെയ്യപ്പെടുന്നുണ്ട്. അപ്പോൾ എവിടെയാണു പോസ്റ്റുകൾക്കു മാന്ദ്യം? നിലവിൽ ഇവിടെ നിൽക്കുന്നവർക്ക് ഏതാനും പേരിലേക്ക് ചുരുങ്ങാതെ  കഴിയുന്നത്ര ബ്ലോഗുകളിലേക്ക് വികസിക്കാൻ കഴിഞ്ഞാൽ ഇവിടെ മാന്ദ്യം അനുഭവപ്പെടില്ല. ജനനവും മരണവും സത്യവും അനിവാര്യവുമാണെന്നിരിക്കെ അതേക്കുറിച്ച് വേവലാതിപ്പെടാതെ എഴുതാൻ ശ്രമിക്കൂ. മറ്റുള്ളവർ എഴുതുന്നുണ്ടോ എന്നുള്ളതിലല്ല നമ്മൾ എഴുതുന്നുണ്ടോ എന്നതിലാണു നമുക്കു കാര്യം, അതുപോലെതന്നെ വായനയിലും.

ഇത്രയൊക്കെ വായിച്ചു തളർന്ന നിലക്ക് വാഴക്കോടൻ പാടിയ ഈ പാട്ടു കേട്ടു അൽപ്പം ക്ഷീണം തീർത്തോളൂ...


Popular Posts

Recent Posts

Blog Archive