Saturday

ജ്യോനവന്‍ പോയിട്ട് ഒരു വര്‍ഷം...



ബൂലോകത്ത് ഏറെചിന്തിപ്പിയ്ക്കുന്ന ചെറുതും വലുതുമായ കവിതകള്‍ സമ്മാനിച്ച് നമ്മളെ സന്തോഷിപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ചങ്ങാതിയും യുവകവിയുമായ ജ്യോനവന്‍ നമുക്കാസ്വദിയ്ക്കാന്‍ ഒരു പൊട്ടക്കലം ബാക്കിവച്ചു നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാവുന്നു. അകാലത്തില്‍ നമ്മെ വിട്ടുപോയ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഒരായിരം അശ്രുകണങ്ങള്‍....

Sunday

ആനമൂടും വെള്ളം കുടിയും

ഇന്നും (?) അന്നും എന്നും ഗംഗാ ട്രാവത്സ് ആറുമണിയ്ക്കു തന്നാ ആയൂരിലെത്തുന്നത്. ഗംഗാട്രാവത്സിനെ ഓര്‍മ്മയില്ലേ..? ഹിമക്കുട്ടിയുടെ പോസ്റ്റില്‍ പറഞ്ഞിരുന്ന ഗംഗതന്നെയാണ് കഥയിലെ പാത്രം. ചില്ലറ തമാശകളും മഹാ സംഭവങ്ങളും നടക്കുന്ന പ്രസ്തുത ഗംഗയില്‍ പതിവായി നടന്നിരുന്ന ഒന്നു രണ്ടു സംഗതികളിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം.

ആയൂര്‍ - ചടയമംഗലം ‌- വെള്ളാര്‍‌വട്ടം - അമ്പലം മുക്ക് വഴി കടയ്ക്കല്‍. പുനലൂരുനിന്നു കടയ്ക്കലിലേയ്ക്കുള്ള ഗംഗാ ട്രാവത്സിന്റെ സഞ്ചാര പഥത്തില്‍ മേല്‍ പ്രസ്താവിച്ച സ്ഥലങ്ങള്‍ക്ക് തങ്ങളുടേതായ കഥകള്‍ പറയാനുണ്ട്.

ആയൂര്‍ - ചടയമംഗലം.

ബസ്സിലിരുന്ന് നേരേ തെക്കോട്ടു നോക്കിയാല്‍ ഭീമാകാരനായ ഒരാനയുടെ രൂപസാദൃശ്യത്തില്‍ ആകാശത്തെ തഴുകി നില്‍ക്കുന്ന ഒരു പാറമല കണാം. ഈ കാഴ്ച ചടയമംഗലം വരെ കണ്ടുകൊണ്ടിരിയ്ക്കാം. ആനയുടെ രൂപം പൂണ്ട പ്രധാന ഭാഗം മുഴുവന്‍ ഒറ്റപ്പാറയാണ്‍. പണ്ട് രാമായണകാലത്ത് രാവണന്‍ചേട്ടന്‍ സീതാദേവിയെയും അടിച്ചുമാറ്റി ലങ്കയിലേയ്ക്കു പറക്കുന്ന സമയത്ത് പക്ഷിശ്രേഷ്ഠനായ ജഡായു യാത്രയുടെ മാര്‍ഗ്ഗ തടസ്സമായി നിലകൊണ്ടത് ഇവിടെയായിരുന്നു. രാവണന്റെ വെട്ടേറ്റ് ചിറകറ്റ ജഡായു വീണു കിടന്നത് ഈ പാറപ്പുറത്താണെന്നാണ് ഐതിഹ്യം. നല്ലപാതിയെത്തേടിവന്ന ശ്രീരാമന്‍ ഈ പാറപ്പുറത്തു വച്ചാണു ജഡായുവിനെ കണ്ടുമുട്ടിയതത്രെ. ശ്രീരാമന്റെ കാലടി പതിഞ്ഞുവെന്നു കരുതപ്പെടുന്ന ഈ പാറയുടെ ഒരു ഭാഗത്തുള്ള വറ്റാത്ത കുളം മല കയറിവരുന്നവരുടെ ദാഹം ശമിപ്പിയ്ക്കുന്നു. പാറമലയുടെ മുകളില്‍ വളരെ വലിയ ഒരു ശ്രീരാമ പ്രതിമയുണ്ട്. ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നാല്‍ ഈ പാറയും ശ്രീരാമ വിഗ്രഹവും വ്യക്തമായി കാണാം. ജഡായു വീണ സ്ഥലമായതിനാല്‍ ജഡായുമംഗലമെന്നും തുടര്‍ന്ന് ചടയമംഗലമെന്നും ഈ സ്ഥലം അറിയപ്പെട്ടു എന്നാണു കരുതുന്നത്. ഏതായലും ചടയമംഗലം പാറ ഒരൊന്നൊന്നര പാറ തന്നെയാണ്.

ചടയമംഗലം - വെള്ളാര്‍‌വട്ടം

ഈ റൂട്ടിലേയ്ക്കു കടന്നാല്‍ മറ്റൊരു ലോകമാണ്. ഇരു വശവും റോഡിനോടു ചേര്‍ന്നിരിയ്ക്കുന്ന വീടുകള്‍. കാറ്റുകൊള്ളാന്‍ പുറത്തിറങ്ങിയിരിയ്ക്കുന്ന തരുണീമണികളെയും തല്ലുകൊള്ളാന്‍ കാത്തിരിയ്ക്കുന്ന ശ്രീമതിമാരായ മഹിളാമണികളെയും നോക്കി മിഴികള്‍ കറക്കിയുള്ള യാത്ര. മരണവീട്ടില്‍ “നാളെമുതല്‍ എനിയ്ക്കാരോ..” എന്നു വിലപിയ്ക്കുന്ന ശ്രീമതിമാരുടെ ഭാവമായിരുന്നവര്‍ക്ക്. ഇപ്പൊത്തന്നെ “എനിയ്ക്കാരോ” എന്നു ചോദിയ്ക്കാന്‍ വെമ്പിനില്‍ക്കുന്നതായും ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ചത്തതിനൊക്കുമേ ജീവിച്ചിരിയ്ക്കിലുമെന്നതാണ് ഈ ദുരവസ്ഥയ്ക്കു കാരണമായി എനിയ്ക്കു തോന്നിയത്. മഹിളകളുടെ ഈ അവസ്ഥയ്ക്കുള്ള കാരണത്തിന്റെ പ്രഭവകേന്ദ്രം വെള്ളാര്‍‌വട്ടം എന്ന മഹാനഗരമാണ്, വഴിയേ മനസ്സിലാവും. ഈ ആസ്വാദനത്തിന്റെ സുഖം ആവോളം നുകരാന്‍ തന്നെയാവണം ഞാന്‍ പതിവായി ഗംഗാട്രാവത്സ് തന്നെ യാത്രയ്ക്കു തെരഞ്ഞെടുത്തത്. അത്യാവശ്യം നല്ല തിരക്കുണ്ടായിരിയ്ക്കും. ഈ തിരക്കിലേയ്ക്കാണു നാലാളുടെ ഇടം കവരുന്ന മൂടിന്നധിപതിയായ ആനമൂടി രമണിച്ചേച്ചിയും ചേരുന്നത്. ഒപ്പം ആനമൂടിന്റെ ആരാധകരും ചില്ലറ ഉപയോക്താക്കളുമായ ഒരുപറ്റവും സ്ഥിരമായുണ്ടാവുമായിരുന്നു.ആനമൂട്ടില്‍ പിച്ചലും നുള്ളലും അവരുടെ ഹോബിയായിരുന്നു, രമണിച്ചേച്ചിയ്ക്ക് ചില്ലറ ആനന്ദവും. ഒരിയ്ക്കല്‍ ആനമൂടും കടന്ന് മൂത്തുപാകമായ മാതളനാരങ്ങയില്‍ ആരോ ഒന്നു സാമ്പ്ലി. കളി മൂടിനോടു മതി നാരങ്ങ വില്‍ക്കാനല്ലെന്ന് ആനമൂടി തുറന്നടിച്ചു.

“നിനക്കൊന്നും അമ്മേം പെങ്ങന്മാരും ഇല്ലേഡാ......?”

സംഭവം എനിക്കു മനസ്സിലായില്ല. ആനമൂടും മാതളനാരങ്ങയും തമ്മില്‍ ബന്ധമില്ലെന്നാണോ..! അതോ ആനമൂട് ചേച്ചീടേതല്ലെന്നോ...!!

വെള്ളാര്‍വട്ടത്തെമ്പോള്‍ ആനമൂടിന്റെ ക്ലൈമാക്സാവും.

വെള്ളാര്‍‌വട്ടം - അമ്പലം‌മുക്ക്

ഗുണവും മണവും രുചിയുമൊക്കെ വിരാചിയ്ക്കുന്ന മൂന്നാംഭാഗമാണ് ഞാന്‍ കൂടുതല്‍ ആസ്വദിച്ചിരുന്നത്. വിലയിലും അളവിലും മായം കലരാത്ത തൊള്ളായിരത്തിപ്പതിനാറിന്റെ പരിശുദ്ധിയുള്ള നാടന്‍ പട്ടച്ചാരായം യഥേഷ്ടം ലഭിയ്ക്കുന്ന സ്ഥലമായിരുന്നു വെള്ളാര്‍‌വട്ടം. യഥാര്‍ത്ഥത്തില്‍ ജനകോടികളായ കുടിയന്മാരുടെ വിശ്വസ്ഥ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മഹാനാട്. അന്തിയായാല്‍ ജനകോടികള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തിയിരുന്നതു വെറുതെയല്ലെന്ന് അക്കാലത്ത് അതുവഴി സഞ്ചരിച്ചിരുന്നവര്‍ സാക്ഷ്യപ്പെടുത്തും.

വെള്ളാര്‍‌വട്ടത്തെത്തുമ്പോള്‍ ബസ്സ് ഏതാണ്ടു കാലിയാവും. ഒന്നു നടു നിവര്‍ത്താമെന്നു കരുതുന്നവരുടെ അത്യാഗ്രഹങ്ങളുടെ മേല്‍ മിന്നലും ഇടിയും ഒരുമിച്ചു പ്രയോഗിച്ചുകൊണ്ട് വന്നതിനേക്കാള്‍ ഇരട്ടി മഹാജനം ഉള്ളിലേയ്ക്കു തള്ളിക്കയറും. പട്ടച്ചാരായത്തിന്റെ മനോഹര ഗന്ധം ആസ്വദിച്ചുകൊണ്ട് തുടര്‍യാത്ര ചെയ്യാം. മനസ്സുകൊണ്ട് ആടാന്‍ തയ്യാറെടുത്തവരും ആടിത്തുടങ്ങിയവരും പകുതി ആടിയവരും ഷെഡ്ഡിലൊതുങ്ങാന്‍ തയ്യാറെടുത്തവരുമൊക്കെ ഗംഗയുടെ സ്ഥിരം കുറ്റികള്‍. വാള്‍ വാള്‍ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഗംഗയില്‍ ആ‍രും വാളുവച്ചതായി കാണാന്‍ കഴിഞ്ഞിട്ടില്ല.

വളവുകളെയും തിരിവുകളെയും പിന്തള്ളി ഗംഗ പായും. ഈ പാച്ചിലില്‍ അമ്പലം‌മുക്ക് കവലയിലെത്തുമ്പോഴാണ് വെള്ളാര്‍‌വട്ടം ഷോയുടെ ക്ലൈമാക്സ്. കവലയില്‍ റോഡിന് തരക്കേടില്ലാത്ത ഒരു വളവുണ്ട്. വളവു തുടങ്ങുന്നിടത്തും തീരുന്നിടത്തും അത്യാവശ്യം പോന്ന ഓരോ ഹമ്പും നാട്ടുകാരുടെ സംഭാവനയായുണ്ടായിരുന്നു. സാമാന്യം വേഗത്തില്‍ വരുന്ന ഗംഗ വളവുതിരിയുന്നതോടെ ബസ്സില്‍ ആട്ടക്കലാശം നടത്തുന്ന കലാകാരന്മാരുടെ കണ്ട്രോളു പോകും. ഹമ്പിലെ ചാട്ടം കൂടിയാവുമ്പോള്‍ അരയില്‍ തിരുകിയിരുന്ന കുപ്പികള്‍ ഒന്നൊന്നായി താഴേയ്ക്കു ചാടും. പാവം ഗംഗ പ്രളയവാഹിനിയായി മാറും. നല്ല ശുദ്ധമായ വെള്ളം വിലക്കുറവില്‍ സുലഭമായി കിട്ടുന്നതു കൊണ്ടാവണം അവിടം വെള്ളാര്‍‌വട്ടമെന്ന് അറിയപ്പെട്ടത്.

(എന്റെ പ്രിയപ്പെട്ട വെള്ളാര്‍വട്ടംകാരേ എന്നോട് ഷെമിക്കേണമേ...)

Wednesday

ബൂലോകത്തുള്ള എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍....
കൂടെ വൈകിയാണെങ്കിലും ഒരു ചെറിയ ഓണ സദ്യയും... സ്വീകരിച്ചാലും...





Tuesday

Sunday

ഭീകരവാദത്തെ കച്ചവടം ചെയ്യുന്നവര്‍ (4)

കലാപം വിട്ട് സ്ഫോടനങ്ങളിലേയ്ക്ക്

സ്വാമിനി പ്രജ്ഞാസിംഗ്, അസിമാനന്ദ സ്വാമികള്‍, സ്വാമി ദയാനന്ദ് പാണ്ഡെ തുടങ്ങിയ പുലിക്കുട്ടികളുടെ തനിനിറം പുറത്തുവന്നതിനു ശേഷം കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് അവധിയുണ്ടായിരിയ്ക്കുന്നു എന്നത് നമുക്ക് ആശ്വാസം നല്‍ക്കുന്നു. ഭീകരവാദത്തിന്റെ സൃഷ്ടക്കളായി സംഘപരിവാരത്തെ അറിയപ്പെടാന്‍ തുടങ്ങിയ കാലത്തുതന്നെ അബ്ദുന്നാസര്‍ മദനിയുടെ കട്ടേംപടവും മടങ്ങിയിരുന്നു. മാധ്യമങ്ങള്‍ക്ക് ചിരപരിചിതമായ വ്യക്തിത്വത്തെ ഭീകരനെന്നു മുദ്രകുത്തി സമൂഹമദ്ധ്യത്തിലേയ്ക്കിട്ടുകൊടുത്താല്‍ സംഘപരിവാരത്തിന്റെ മുഖത്തിനേറ്റ മങ്ങലിന് തല്‍ക്കാല ശാന്തിയെങ്കിലും കിട്ടുമെന്നവര്‍ക്കറിയാം. അതിനു വേണ്ടുന്ന വിധത്തില്‍ തെളിവുകളും സാക്ഷികളും നിര്‍മ്മിയ്കപ്പെട്ടതിനു ശേഷമാണ് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടിരിയ്ക്കുന്നത്.

മക്കാ‍ മസ്ജിദ്, മാലേഗാവ്, സംഝോത എക്സ്പ്രസ്, ഹൈദരാബാദ് മുതലായവയാണല്ലോ ആര്‍ എസ് എസ്, സംഘപരിവാരങ്ങള്‍ക്ക് അവകാശം തീറെഴുതിക്കൊടുത്ത സ്ഫോടനങ്ങള്‍. ഇപ്പോള്‍ മഹ്‌റോളി സ്ഫോടനവും അവര്‍ക്കവകാശപ്പെട്ടതാകുന്നുവെന്നാണ് അവസാനമായി കേള്‍ക്കുന്നത്. പഹാഡ് ഗഞ്ച്, മുംബൈ ട്രയിന്‍, സരോജിനി നഗര്‍ മുതലായവ മുസ്ലിം തീവ്രവാദികളുടേതായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അന്വേഷണം ശരിയായ വിധത്തില്‍ മുന്നോട്ടുപോയാല്‍ അവകാശികള്‍ മാറാനും സാധ്യതയുണ്ട്. തെളിവുകള്‍ അവശേഷിപ്പിയ്കാതെ സൂക്ഷിയ്ക്കാന്‍ ഇപ്പോള്‍ പരിവാരങ്ങള്‍ അങ്ങേയറ്റം ശ്രദ്ധിയ്ക്കുന്നുണ്ട്. തെളിവു നശിപ്പിയ്ക്കലിന്റെ ഭാഗമായി സുനില്‍ ജോഷിയെന്ന ഭീകരനെ ആര്‍ എസ് എസ്സുതന്നെ തട്ടിക്കളഞ്ഞ കേസ് ഇപ്പോള്‍ എന്‍ ഐ എ അന്വേഷിയ്ക്കുന്നുണ്ട്. ഐ എസ് ഐയില്‍നിന്ന് കോടിക്കണക്കിനു രൂപ കൈപ്പറ്റിയ ആര്‍ എസ് എസ് നേതാവായ ഇന്ദ്രേഷ് കുമാറിനെപ്പറ്റി ഇപ്പോള്‍ വിവരമില്ല. അയാളും തെളിവു നശിപ്പിയ്ക്കലിന്റെ ഭാഗമായി നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ടാവാം.

ബി ജെ പിയും അനുബന്ധ സംഘടനകളും ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിലെ പ്രത്യേക ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്ക് ഇടയ്ക്കിടെ എഫ് ബി ഐ പരിശീലനങ്ങള്‍ കൊടുക്കുന്നുണ്ട്. ഇസ്രായേലിലേയ്ക്ക് കൊല്ലം തോറും പരിശീലനത്തിനു പോകുന്ന ഉദ്യോഗസ്ഥര്‍ വേറെ. പക്ഷേ ഇവയെല്ലാം എന്തിനു വേണ്ടിയണു പ്രയോജനപ്പെടുന്നതെന്ന് ചിന്തിയ്ക്കേണ്ട സമയം കഴിഞ്ഞെന്നാണ് എനിയ്ക്കു തോന്നുന്നത്. ഇത്തരം പരിശീലനങ്ങള്‍ നേടിയ ഈ ഉദ്യോഗ വൃന്ദങ്ങള്‍ എത്ര ഭീകരക്രമണങ്ങളെ മുന്‍‌കൂട്ടിക്കണ്ടു പരാജയപ്പെടുത്തിയെന്നു ചോദിയ്ക്കരുത്. ഇവയെല്ലാം ഭരണതലങ്ങളില്‍ വിലസി നടക്കുന്ന മറ്റു രാഷ്ട്രീയ മേലാളന്മാരും അറിഞ്ഞുതന്നെ കളിയ്ക്കുന്നതാണ്. ആണവബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ബി ജെ പി ധാരണ വന്നതോടെ ഇതു സ്ഥിരീകരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. മോഡിയെ കേസില്‍നിന്നൊഴിവാക്കിയാല്‍ ബില്ലിനെ പിന്‍‌തുണയ്ക്കാമെന്ന മോഹന വാഗ്ദാനത്തില്‍ മുങ്ങി കോണ്‍ഗ്രസ്സും ഭീകരവാദത്തെ തുണയ്ക്കുന്ന കാര്യത്തില്‍ തങ്ങളുടേതായ കഴിവ് ഒന്നുകൂടി തെളിയിച്ചിരിയ്ക്കുന്നു. ബാബരി മസ്ജിദ് തകര്‍ക്കുന്ന കാര്യത്തില്‍ ഒരു കൂട്ടുകെട്ട് മുമ്പുണ്ടായത് ഇത്തരുണത്തില്‍ ഓര്‍ക്കുക.

ഇന്റലിജന്‍സ് ബ്യൂറോയും ഇക്കാര്യത്തില്‍ മുഖ്യപങ്കു വഹിയ്ക്കുന്നുണ്ട്. ഒരിരയെ സൃഷ്ടിച്ച് ആ ഇരയ്ക്ക് സര്‍വ്വവിധത്തിലുള്ള ഭീകര രൂപഭാവങ്ങളും കല്‍പ്പിച്ചു കൊടുത്ത് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ആ ഇരയുടെ മേല്‍ ജനങ്ങളുടെ വെറുപ്പും വിദ്വേഷവും ഉണ്ടാക്കി ലാഭം കൊയ്യാനുള്ള ആസൂത്രിത നീക്കം നടത്തുന്നതില്‍ അവര്‍ വിജയം കാണുന്നുണ്ട്.

മുമ്പ് കലാപങ്ങളായിരുന്നു പരിവാരത്തിന്റെ ഫാഷന്‍. വംശീയ ഉല്‍മൂലനം തന്നെയായിരുന്നു ഉദ്ദേശലക്ഷ്യം. ഒരു പ്രത്യേക സമൂഹത്തെ പ്രത്യേക മേഖലയില്‍നിന്ന് നിഷ്കാസനം ചെയ്യാനുള്ള കലാപങ്ങള്‍. ബീവണ്ഡി, അലീഗഡ്, ജംഷഡ് പൂര്‍, മീററ്റ്, ഭഗത്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആയിരങ്ങളുടെ ജീവന്‍ നശിപ്പിച്ച് അവര്‍ ഇതു നടപ്പിലാക്കിക്കാണിച്ചിട്ടുണ്ട്. ഇവയില്‍ അവസാനത്തേതായിരുന്നു ഗുജറാത്ത് കലാപം. ഇത്തരത്തിലുള്ള കലാപങ്ങള്‍ ഈ കലാപത്തിനു ശേഷം ഉണ്ടായിട്ടില്ല. ഇതിനെ ചാനലുകളുടെ അതിപ്രസരങ്ങള്‍ ഉണ്ടായതിനു ശേഷമുണ്ടായ ആദ്യത്തെ കലാപമെന്നു പറയാം. ഗുജറാത്ത് കലാപത്തിന്റെ ദൃശ്യങ്ങളും അനന്തര ഫലങ്ങളും ചാനലുകളിലൂടെ ലോക സമൂഹം കണ്ടപ്പോള്‍ സംഘപരിവാറിന്റെയും ആര്‍ എസ്സ് എസ്സിന്റെയും മുഖച്ഛായയ്ക്ക് തെല്ലൊന്നുമല്ല ഇടിവു വന്നത്. അതുകൊണ്ടാവണം കലാപങ്ങള്‍ വിട്ട് ആസൂത്രിത സ്ഫോടനങ്ങള്‍ തെരഞ്ഞെടുക്കുന്നത്.

ഒരു നിരപരാധി രക്ഷപ്പെട്ടു.

കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് നാടുവിട്ട് കുമളിയിലെത്തി കരകൌശല വ്യാപാര സ്ഥാപനത്തില്‍ ജോലിയെടുത്തു കഴിഞ്ഞിരുന്ന അല്‍ത്താഫ് അഹമ്മദ് ഖാന്‍ എന്ന മുപ്പത്തെട്ടുകാരന് ഒടുവില്‍ നീതി ലഭിച്ചിരിയ്ക്കുന്നു. ഹിസ്ബുള്‍ മുജാഹിദീന്റെ പ്രവര്‍ത്തകനായി ചിത്രീകരിച്ച് കുമളിയില്‍ ഒളിവില്‍ കഴിയുകയാണെന്ന കള്ളക്കഥയുണ്ടാക്കി ഇല്ലാത്ത കുറ്റങ്ങള്‍ ചാര്‍ജ്ജുഷീറ്റില്‍ നിറച്ച് അദ്ദേഹത്തെ പൊലീസ് സല്‍ക്കരിച്ചു. അല്‍ത്താഫിനെ തീവ്രവദിയായി ചിത്രീകരിയ്ക്കാന്‍ മലയാളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങളും ഉത്സാഹിച്ചിരുന്നു. അല്‍ത്താഫ് ബാംഗ്ലൂരിലെത്തി തന്റെ മുഖം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപം മാറ്റിയെന്നുവരെ അവര്‍ പ്രചരിപ്പിച്ചു. കാശ്മീരികള്‍ മുഴുവന്‍ തീവ്രവാദികളാണെന്ന കാഴ്ചപ്പാടിന് മാറ്റമുണ്ടായില്ലെങ്കില്‍ ഇനിയും പുതിയ അല്‍ത്താഫുമാര്‍ ഉണ്ടായിക്കൊണ്ടേയിരിയ്ക്കും.

(ഭാഗം 3 ഇവിടെ)   (ഭാഗം 5 ഇവിടെ)

Tuesday

എന്റെ നീതി

എന്തൊരു രുചിയാണ്
നിന്റെ നിണം കുടിയ്ക്കുന്നത്

എന്തൊരു രസമാണ്
നിന്റെ മാംസം ഭുജിയ്ക്കുന്നത്

എന്തൊരു ഹരമാണ്
നിന്റെ വേദന കാണുന്നത്

എന്തൊരാനന്ദമാണ്
നിന്റെ നാശം കേള്‍ക്കുന്നത്

നിന്റെ വ്രണത്തില്‍ കുത്തല്‍
എനിയ്ക്കനുഭൂതി പകരുന്നു

നിന്റെ കുടുംബം കുളംതോണ്ടിയാല്‍
എനിയ്ക്കു നഷ്ടമില്ലല്ലോ

നിനക്കു നഷ്ടപ്പെടുന്നതൊന്നും
എനിയ്ക്കു ബാധകമല്ലല്ലോ

നീയൊരു മനുഷ്യനെന്നത്
ഞാനോര്‍ക്കേണ്ടതില്ലല്ലോ

നിന്റെ മക്കള്‍ അനാഥരായാല്‍
എനിയ്ക്കെന്താണു നഷ്ടം

നിന്റെ പത്നി വിധവയായാല്‍
ഞാനെന്തിനു ഖേദിയ്ക്കണം

നിന്റെ സുരക്ഷിതത്വം
എന്റെ ബാധ്യതയല്ലല്ലോ

നിന്റെ ജീവിതംതകരുന്നതുകണ്ട്
ഞാനാനന്ദനൃത്തം ചവിട്ടും

നിന്റെ ജീവന്‍ നശിയ്ക്കുന്നതുകണ്ട്
ഉന്മാദാഘോഷം നടത്തും

നിന്റെ രക്തവും മാംസവും കഴിഞ്ഞ്
എല്ലുകള്‍ ബാക്കിയായാല്‍

തന്നിടാം നിനക്കൊരുഹാരം
നഷ്ടപരിഹാരമായിത്തന്നെ

വേണമെങ്കിലെനിയ്ക്കന്നതൊരു
കുമ്പസാരവുമായിക്കാണാം

Popular Posts

Recent Posts

Blog Archive