Tuesday

ശ്രീശാന്ത് കുറ്റക്കാരനല്ല


 ലയാളികളായ ചെറുപ്പക്കാരെ കള്ളക്കേസിൽ കുടുക്കി ഭീകര നിയമങ്ങൾ ചാർത്തി ജാമ്യമില്ലാതെ ജയിലിലടക്കുന്ന പ്രവണതയുടെ അവസാന ഉദാഹരണമാണ് ശ്രീശാന്ത്. ഇതുവരെ ഒരു പ്രത്യേക വിഭാഗത്തെ മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെങ്കിൽ ശ്രീശാന്തിന്റെ അറസ്റ്റോടെ അതിനു പുതിയൊരു മുഖം വന്നെന്നു മാത്രം.

  ശ്രീശാന്തിനെ ജീവനോടെ കുഴിച്ചുമൂടാൻ മാത്രം മലയാളത്തിലെ മാധ്യമങ്ങളോട് എന്തു പരാക്രമമാണ് അയാൾ കാട്ടിയതെന്നുമാത്രം മനസ്സിലായില്ല. കളിക്കളത്തിൽ കാണിക്കുന്ന ശൗര്യത്തിന്റെ അളവുകോലാണെങ്കിൽ അതു നിയന്ത്രിക്കാനും പിഴയിടാനുമൊക്കെ അവിടെത്തന്നെ ആളുണ്ടല്ലോ. കേരളത്തിന്റെ ക്രിക്കറ്റു മുതലാളിമാരും ഒരു നല്ല വാക്ക് ആശ്വാസമായി പറഞ്ഞു കേട്ടില്ല. ആപത്തിൽ സത്യമറിയാതെ ക്രൂശിക്കാൻ മലയാളിസമൂഹം മത്സരിച്ചു മുന്നേറുന്ന കാഴ്ച കാണാൻ അത്രക്കു സുഖമില്ലായിരുന്നുവെന്നു പറയാതെ വയ്യ.

 ശ്രീശാന്തിനെതിരേ  ഡൽഹി പോലീസും മലയാള മാധ്യമങ്ങളടക്കമുള്ള സംസ്കാരം വിളമ്പുന്ന സമൂഹവും പടച്ചുവിട്ട നുണക്കഥകൾ ഒന്നൊന്നായി ഉടഞ്ഞു വീഴുന്ന കാഴ്ചകളാണു പിന്നീടുകണ്ടത്. ശ്രീശാന്തിനെ അറസ്റ്റു ചെയ്യുമ്പോൾ കൂടെ കാറിലുണ്ടായിരുന്നുവെന്ന് പറഞ്ഞ പെണ്ണുങ്ങൾ ആദ്യമായി ആവിയായിപ്പോയി. ശ്രീ കൈപ്പറ്റിയ നാൽപ്പതുലക്ഷത്തിൽ മുപ്പതുലക്ഷം തുടർന്ന് ആവിയായി. പിന്നീടുള്ള പത്തിൽ അഞ്ചും പോയി. ബാക്കി അഞ്ചാവട്ടെ എവിടെയാണെന്നതിന് ഒരെത്തുംപിടിയും കിട്ടുന്നുംഇല്ല. ലോകമപ്പാടെ നശിപ്പിക്കാൻ കഴിവുള്ള മൂന്നു കൂട്ട നശീകരണയുധങ്ങളായ ലാപ്ടോപ്പും മൊബൈലും ഐപാഡും അരിച്ചു പീറുക്കിയിട്ടും പോലീസിന് ഒന്നും കിട്ടിയില്ല. പുതുതായി കണ്ടുപിടിച്ച മൊബൈൽ ഫോണിനെക്കുറിച്ചും ഇപ്പോൾ വിവരമില്ല.

 ഇന്ത്യകണ്ട മഹാത്ഭുതമായ പി.ടി. ഉഷയെ തമസ്കരിക്കാൻ മടികാണിക്കാതിരുന്ന മലയാളി മാമന്മാരുടെ വിഖ്യാത സ്വഭാവഗുണത്തിന് ശ്രീശാന്തും ഇപ്പോൾ ഉദാഹരണമായി. ശ്രീക്കു വേണ്ടി ഇപ്പോൾ മുതലക്കണ്ണിരൊഴുക്കുന്നവർ കപടസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാരാണെന്നേ പറയാനുള്ളൂ.

ഇന്ത്യയിലെ മർദ്ദിത വിഭാഗങ്ങളെ അടിച്ചമർത്താൻ നിർമ്മിക്കപ്പെട്ട കാടൻ നിയമങ്ങളിൽ ഒരെണ്ണത്തിനെക്കൂടി ജനസാമാന്യത്തിനു മനസ്സിലാക്കിക്കൊടുക്കാൻ ഈ സംഭവം നിമിത്തമായെന്നതാണ് ഡൽഹിപോലീസിനു പറ്റിയ തിരക്കഥയിലെ പിഴവ്. അതെന്തുതന്നെയായാലും അവരുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും തൽക്കാലത്തേക്കെങ്കിലും തലയൂരാൻ അവർക്കു സാധിച്ചുവെന്നുതന്നെ കരുതണം.

 നിരപരാധിത്വം തെളിയിച്ച് ശ്രീശാന്ത് തിരികെയെത്തുമെന്നുതന്നെ കരുതുന്നു. കെട്ടിച്ചമയ്ക്കപ്പെട്ട കള്ളത്തെളിവുകൾക്ക് ഭീകര നിയമത്തിന്റെ പിൻബലം ചർത്തിക്കൊടുത്തിട്ടും ശ്രീശന്തിന് ജാമ്യം കിട്ടിയെന്ന യാഥാർത്ഥ്യം അതാണു തെളിയിക്കുന്നത്. ഭീകര നിയമത്തിന്റെ ബലിയാടുകളാക്കി ജയിലിലടക്കപ്പെട്ട നിരപരാധികൾക്ക് നിതി ഇപ്പോഴും അകലെയാണ്. വർഷങ്ങളുടെ നീതി നിഷേധങ്ങളിലെങ്കിലും മൗനം വെടിയാൻ നമ്മുടെ മാധ്യമ സമൂഹം ഇനിയും തയ്യാറവുമെന്നു കരുതുന്നില്ല. അതുകൊണ്ടുതന്നെ പുതിയ "ഭീകരവാദി"കൾ കേരളത്തിൽ നിന്ന് ഉണ്ടായിക്കൊണ്ടേയിരിക്കും...

(ശ്രീശാന്ത്, നഷ്ടം ആർക്ക്)

Monday

ജനമൈത്രി പോലീസ്


 മാന്ത്രികനായ മാൻഡ്രേക്കിന്റെ കഥയിലെ "ർതലോ"യെയും "ക്ക്ഡ്രേൻമാ"യെയും വെല്ലുന്ന ക്രിമിനലുകളായി നമ്മുടെ പോലീസുകാർ മാറിക്കൊണ്ടിരിക്കുന്ന കഥകളാണ് ഇപ്പോൾ കൂടുതലും കേൾക്കുന്നത്. സമൂഹത്തിലെ മാന്യന്മാരായ ക്രിമിനലുകലായി പോലീസുകാർ മാറുന്നതിന്റെ കാരണം കണ്ടെത്താൻ ഹിമാലയം താണ്ടേണ്ടി വരില്ല.

  മാധ്യമപ്രവർത്തകരെ വളഞ്ഞിട്ടു തല്ലുന്ന പ്രവണത അടുത്തകാലത്തായി കൂടിവരുന്നു. കഴിഞ്ഞ ദിവസവും ക്രൂരമായ ആക്രമണം നടന്നു. തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് മൂന്നുവലത്തു കറങ്ങി മർദ്ദനപാലനം നടത്താൻ കൂടി അവർ പ്രത്യേകം ശ്രദ്ധിച്ചു. സമൂഹത്തിലെ ഏറ്റവും ഭീകരരയ ഗുണ്ടാ സമൂഹമായി ജനമൈത്രി പോലീസ് മാറിക്കൊണ്ടിരിക്കുന്നതിന്റെ ഒരുദാഹരണം മാത്രം.

പ്രകോപനം സൃഷ്ടിച്ച് പൊതുസമൂഹത്തെ ക്രിനലുകളാക്കുകയാണ് മിക്കപ്പോഴും ഇവർ ചെയ്യുന്നത്. സത്യസന്ധരായ നിയമപാലകർ ഇലെന്നല്ല, അത്തരക്കാർ തുലോം കുറവാണ്. കസ്റ്റഡിയിലെടുക്കുന്നവരോടോ ചോദ്യം ചെയ്യപ്പെടുന്നവരോടോ സഭ്യമായി സംസാരിക്കുന്നില്ലെന്നതു കൂടാതെ വാഹന പരിശോധനയിൽ പിടിടിക്കപ്പെടുന്നവരോടുപോലും പൂവും കായും പ്രയോഗിക്കാതെ ഇവർക്കു പറ്റില്ലെന്നായിരിക്കുന്നു. ഏറ്റവും വലിയ നിയമ നിഷേധികളും പോലീസുകാർ തന്നെയെന്ന് പറയേണ്ടിയിരിക്കുന്നു.

 കഴിഞ്ഞദിവസം എന്റെ വീടിനടുത്തു നടന്ന വാഹന പരിശോധനയിൽ മത്സ്യം വങ്ങാൻ അങ്ങടിയിലെത്തിയ ഞാനും കുടുങ്ങി. ഹെൽമറ്റുതന്നെ വില്ലൻ. അസഭ്യ വർഷം സഹിക്കാനാവാതെ ചെവി പൊത്തിപ്പോയി. അവസാനം നല്ലൊരുപദേശം കിട്ടി, "ഇനി ചെക്കിങ്ങുള്ളിടത്ത് ഹെൽമെറ്റില്ലാതെ വരരുത്"! ഹെൽമെറ്റില്ലാതെ യാത്ര ചെയ്യരുതെന്നല്ല!! മുമ്പ് സുൽത്താൻ ബത്തേരിയിൽ നിന്ന് പുൽപ്പള്ളിയിലേക്കുള്ള വഴി ചോദിച്ച എനിക്ക് മൈസൂർ റോഡു കാണിച്ചുതന്നതും കേരളാ പോലീസുതന്നെയാണ്. അൻപതു കിലോമീറ്ററാണ് അന്ന് എനിക്ക് അധികം സഞ്ചരിക്കേണ്ടിവന്നത്.

 ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രതിമാസം നിശ്ചിത ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കണമെന്ന വൃത്തികെട്ട വ്യവസ്ഥിതി ഇവിടെ ക്രിമിനൽ വൽക്കരണമാണു നടപ്പിലാക്കുന്നത്. കുറ്റകൃത്യങ്ങൾ നടക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഇതിനർത്ഥം. അതായത് കുറ്റകൃത്യങ്ങളും കുറ്റവാളികളുമില്ലാത്ത ഒരു സമൂഹത്തെ സ്വപ്നം കാണാൻ പോലും നിയമപാലക വിഭാഗം തയ്യാറല്ല. ഒരിക്കൽ തെറ്റു ചെയ്തുപോയെന്ന കാരണത്താൽ ഒരു വിഭാഗത്തെ കാലാകാലം കുറ്റവാളികളാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടരുടെ വ്യഗ്രത പ്രത്യേകം ഓർക്കേണ്ടതാണ്.


Friday

പീഢിപ്പിക്കുന്നതിൽ മാധ്യമങ്ങളാണു കേമന്മാർ..


 നീതിയെ തുറന്നു കാണിക്കുകയും അതിനെതിരേ ഉറക്കെ ശബ്ദിക്കുകയും അതിനു വേണ്ടി മാത്രം നിലകൊള്ളുകയും ചെയ്യുകയും വാർത്തകൾ മായം ചേർക്കാതെ വിളിച്ചുപറയുകയും ചെയ്യുന്നു എന്നാണ് എല്ലാ മാധ്യമങ്ങളും വീമ്പിളക്കിക്കൊണ്ടിരിക്കുന്നത്. അവസാനമായി സംപ്രേക്ഷണമാരംഭിച്ച ചാനലിന്റെ സ്വപ്നനഗരിയിലെ വീമ്പിളക്കലും വ്യത്യസ്ഥമായിരുന്നില്ല. ഗീലാനിയുമായി ടെലിഫോണിൽ അഭിമുഖം ലൈവായി കൊടുത്ത് വിപ്ലവകരമായ വാർത്താ വിതരണത്തിനു തുടക്കം കുറിച്ചപ്പോൾ അൽപ്പം സമാധാനം തോന്നി. പക്ഷേ ആ സമാധാനത്തിന് ഇടിമിന്നലിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും പതിവു മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമായ യാതൊന്നും അവരിൽ നിന്നും പ്രതീക്ഷിക്കേണ്ടെന്നും തുടർന്ന് മനസ്സിലായി.

 ഇന്ത്യയിലെ മുസ്ലിം, ദലിത്, പിന്നോക്ക വിഭാഗക്കാർക്കെതിരേ പ്രയോഗിക്കാനും അനീതിയും അക്രമവും കാണിക്കുന്നവരെ തിരിച്ചറിയുകയും അതു വിളിച്ചു പറയുകയും ചെയ്യുന്ന ദേശാഭിമാനം മരവിച്ചിട്ടില്ലാത്ത മനുഷ്യസ്നേഹി‌കളെ ചതച്ചൊതുക്കാനും മാത്രം ഉരുക്കിയെടുത്ത കാടൻ നിയമങ്ങൾക്കെതിരേ പ്രതികരിക്കുമ്പോഴും ഇന്ത്യയിലെ മാധ്യമങ്ങൾക്ക് ഒരേ സ്വരമാണ്.

 അബ്ദുന്നാസർ മദനിയും സക്കറിയയുമുൾപ്പടെ കേരളത്തിൽ നിന്ന് നല്ലൊരു കൂട്ടം നിരപരാധികൾ ബംഗളുരുവിൽ ജാമ്യമില്ലാതെ തടവനുഭവിച്ചുകൊണ്ടിരിക്കുന്നു. അവരുടെയൊക്കെ ആയുസ്സൊടുങ്ങുന്നതിനു മുമ്പ് വിചാരണ തുടങ്ങാനോ പൂർത്തിയാകാനോ ശ്രമിക്കാതിരിക്കാൻ യഥാർത്ഥ ഭീകരവാദികൾ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. തീവ്രവാദക്കേസുകളിൽ യു.എ.പി.എ. ചുമത്തി അകത്താക്കിയിക്കുന്നവർക്കെതിരേ പടച്ചിറക്കിയ തെളിവുകൾ ഒന്നൊന്നായി കളവാണെന്നു ബോധ്യമായിക്കൊണ്ടിരിക്കുന്നു. പകരം പടച്ചിറക്കുന്ന ജാരത്തെളിവുകൾക്കു പുറമേയാണ് മാധ്യമങ്ങളുടെ അപ്പനില്ലാത്ത വിചാരണകളും!

 അസിമാനന്ദ കുറ്റസമ്മതം നടത്തുന്നതിന് മുമ്പുതന്നെ അസിമാനന്ദയടക്കമുള്ള സംഘപരിവാരങ്ങളാണ് ഇന്ത്യയിലെ സ്ഫോടനങ്ങൾക്ക് ഉത്തരവാദികളെന്ന് ഈ ബ്ലോഗിൽത്തന്നെ വിശദീകരിച്ചിരുന്നതാണ്. ഇന്ന് അസിമാനന്ദ കുറ്റസമ്മതം നടത്തിയിട്ടും നിരപരാധികളും അഭ്യസ്തവിദ്യരുമായ മുസ്ലിം ചെറുപ്പക്കാരിൽ ഭൂരിഭാഗവും ഇപ്പോഴും ജയിലിൽത്തന്നെ കഴിയുന്നു. "രാഷ്ട്രീയപ്പാർട്ടി"കളുടെ 1990നു ശേഷമുള്ള ലീലാവിലാസങ്ങളിൽ ചീഞ്ഞുനാറിത്തുടങ്ങിയ ഈ ഇന്ത്യൻചരിത്രത്തിന്  മാധ്യമങ്ങളും തുല്യ പങ്കാളികളാണ്.

 തെറ്റുകൾ ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ പറയുന്നതാരെന്നു നോക്കി വർത്തകളുടെ നിറവും മണവും സ്വഭാവവും മാറ്റിമറിക്കാനും വേണമെങ്കിൽ തമസ്കരിക്കാനും നമ്മുടെ മാധ്യമങ്ങൾക്ക് ഒരേ മനസ്സാണ്. ഇന്ത്യയിലെ വലിയൊരുവിഭാഗം സാധുക്കളുടെ കൂട്ടക്കുരുതിക്കെതിരേ പ്രതികരിക്കാൻ പോപ്പുലർഫ്രണ്ടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനടന്ന പ്രതിഷേധ സമ്മേളനം മലയാളത്തിലെ ഒരു ചാനലുകളും കാണാതെ പോയതും അതിന്റെ ഭാഗം തന്നെയാണ്. ആർക്കുവേണ്ടി, എന്തിനു വേണ്ടിയായിരുന്നു അതെന്ന് എല്ലാവരും തമസ്കരിച്ചു. ഇന്ത്യയിലെ അന്യം നിന്നുപോയ നീതിവ്യവസ്ഥയുടേയും സംഘപരിവാര ശക്തികളുടേയും വർഗ്ഗീയവൽക്കരിക്കപ്പെട്ട നിയമ സംരക്ഷരുടേയും വംശദുരീകരണ സിദ്ധാന്തത്തിന് ഓശാനപാടുന്ന ഈ രാജ്യത്തെ മാധ്യമങ്ങളുടെ അജണ്ടയിൽനിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലെ മാധ്യമങ്ങളും ഒട്ടും പിറകിലല്ലെന്നു തെളിയിച്ചു.

 തങ്ങൾ പറയുന്നതുമാത്രം കേട്ടാൽ മതി എന്നു ധിക്കാരപൂർവ്വം കുരച്ചുവിടുന്ന മാധ്യമ സംസ്കാരം അറിയാനാഗ്രഹിച്ചു പണം മുടക്കുന്ന പൗരബോധമുള്ള കാഴ്ചക്കാരന് അരോചകം തന്നെയാണ്. പക്ഷം ചേർന്നു പറയുന്നത് ഒഴിവാക്കാനാവില്ലെങ്കിലും അപ്പാടെയുള്ള തമസ്കരണം അധികകാലം ജനം സഹിച്ചുകൊള്ളണമെന്നില്ല.

 കൂട്ടിക്കൊടുപ്പുരാഷ്ട്രീയ കളിക്കുന്ന രാഷ്ട്രീയത്തമ്പുരാക്കന്മാരുടെയും അച്ചിമാരുടേയും  അടിവസ്ത്രത്തെ ന്യൂസ്അവറിൽ ലൈവാക്കുന്ന വാർത്താ വിതരണ സംസ്കാരത്തിന് ഇനി അധികം ആയുസ്സുണ്ടാവില്ല. ഈ രാജ്യത്തെ പീഢിത വിഭാഗക്കാരുടെ സംരക്ഷരായി വാണരുളുന്ന തമ്പുരാക്കന്മാരുടെ കപടസ്നേഹം വൈകാതെ കുഴിച്ചുമൂടപ്പെടും. അവശരും നിരാലംബരുമായ സമൂഹം അവരുടെ ശക്തി തിരിച്ചറിയും.  അതുവരെ മാധ്യമനീതിയും സത്യസന്ധതയും നമുക്ക് അന്യം തന്നെയായിരിക്കും.

 ഒരു പെണ്ണിനെ ആരെങ്കിലും പീഢിപ്പിച്ചാൽ തുടർന്ന് മാധ്യമങ്ങളുടെ വക കൂട്ടപീഢനപരമ്പരയുണ്ടാകും. ഒരു സമൂഹം ഒന്നാകെ പീഡിപ്പിക്കപ്പെടുമ്പോൾ കണ്ടില്ലെന്നു നടിച്ച് മിണ്ടാൻ പേടിച്ചിരിക്കുന്നതും പീഢനം തന്നെയാണ്...

ശ്രീശാന്ത്... നഷ്ടം ആർക്ക് ?


നാണക്കേടിന്റെ ശ്രീ...
വീണുടഞ്ഞ മുഖശ്രീ...
കേരളം നടുങ്ങി...
കേരള ക്രിക്കറ്റിനു വൻവീഴ്ച...
വൻ ഒത്തുകളി...
ശ്രീശാന്ത് അറസ്റ്റിൽ...

ഇന്നത്തെ പ്രമുഖ പത്രങ്ങളിൽ ചിലതിന്റെ വെണ്ടക്കാ വാർത്തകളുടെ തലക്കെട്ടുകളിൽ ചിലതാണു മുകളിൽ ചേർത്തത്.

ഒരു ദിനപത്രമാകട്ടെ ശ്രീശാന്ത് കളിതുടങ്ങിയ അന്നുമുതൽ വിവാദങ്ങളേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന മട്ടിൽ സ്പോർട്സ് പേജ് നിറച്ചു. മറ്റൊന്നിലെ ഗതിയും ഏതാണ്ട് ഇതേപോലെയൊക്കെത്തന്നെ.

എത്രപെട്ടെന്നാണ് ഒരാൾ ഒരു വിഭാഗത്തിന് അനഭിമതനാകുന്നത്!

ശ്രീശാന്ത് ഒത്തുകളിച്ചെന്നോ ഇല്ലെന്നോ ഞാൻ പറയുന്നില്ല. അയാളുടെ നേരേ ഇപ്പോൾ നടക്കുന്ന വിചാരണ മാധ്യമങ്ങളുടെ കച്ചവടച്ചരക്കു മാത്രമാണെന്നു പറയാനേ മാർഗ്ഗമുള്ളൂ. ഈ വാർത്തകൾ കൊണ്ട് ആർക്ക് എന്തു നേട്ടമാണുള്ളത്? ഫ്ലക്സടിച്ച് സ്വയം പ്രസിദ്ധിയുണ്ടാക്കാതെ ആരുമറിയാതെ സ്വന്തം വകുപ്പിന്റെ മുഖച്ഛായതന്നെ മാറ്റി ഏറ്റവും നല്ല ഭരണം നടത്തിയ ഗണേഷ്‌കുമാറിന്റെ കുടുംബജീവിതത്തെ കശാപ്പു ചെയ്ത് കാശുണ്ടാക്കിയ കൂട്ടർ ഇപ്പോൾ ശ്രീശാന്തിനു പിന്നാലെയാണ്.

ശ്രീശാന്തോ ഇന്ത്യയിൽ മറ്റേതെങ്കിലും കളിക്കാരനോ ഇന്ത്യയ്ക്കുവേണ്ടിയോ അതല്ല ഐ.പി.എൽ.ലോ കളിക്കുന്നതുകൊണ്ട് ഏതെങ്കിലും ഇന്ത്യക്കാരന് ഏതെങ്കിലും തരത്തിൽ ഗുണമുണ്ടോ? ഇന്ത്യൻ ക്രിക്കറ്റ് കമ്പനി അടക്കമുള്ള ഇന്ത്യയിലെ വൻകുത്തകകൾക്ക് കോടികൾ കുമിഞ്ഞു കൂടുമെന്നതിലുപരി മറ്റു നേട്ടമൊന്നും കണുന്നില്ല. പൊട്ടന്മാരായ കാണികൾക്കാണു നഷ്ടം.

ശ്രീശാന്ത് കളിക്കാതിരിക്കുന്നതുകൊണ്ട് ഏതെങ്കിലും ഒരു ഇന്ത്യൻ പൗരന് എന്തെങ്കിലും നഷ്ടം ഉണ്ടാകുന്നതായി അറിവില്ല. ആ നിലക്ക് അദ്ദേഹത്തെ ഇങ്ങനെ താറടിച്ചു കാണിക്കാൻ നമുക്ക് എന്തിനാണിത്ര ആവേശം?

ഇനി ശ്രീശാന്ത് കോടികൾ കോഴ വാങ്ങി ഒത്തുകളിച്ചു എന്നു വെച്ചാൽത്തന്നെ ഞാനുൾപ്പെടുന്ന ഒറ്റ ഇന്ത്യക്കാരനേയും അതു ബാധിക്കുന്നില്ല. അപ്പോഴും ഏറ്റവും വലിയ ചൂതാട്ടം കാഴ്ചവെക്കുന്ന കുത്തക ഭീമന്മാർക്കാണു നഷ്ടം!

പ്രമുഖരായ രണ്ടു ഇന്ത്യൻ മന്ത്രിമാർ ഇന്ത്യക്കാരുടെ ധനമപഹരിച്ചു ഭരണം നഷ്ടപ്പോൾ കാണിക്കാത്ത ആവേശമാണ് ശ്രീശാന്തിന്റെയും മറ്റു രണ്ടുപേരുടേയും മേൽ മാധ്യമങ്ങൾ കാണിക്കുന്നത്. ഈ ആവേശത്തിൽ ഭരണകർത്തക്കളുടെ അഴിമതിക്കഥകൾ ഒലിച്ചു പോകുമെന്ന് ആർക്കറിയില്ലെങ്കിലും കുത്തകളുടെ കാശുപറ്റി വാർത്ത പടക്കുന്ന മാധ്യമ സമൂഹത്തിനറിയാം. അവരെ സംരക്ഷിക്കേണ്ട ബാധ്യത മറ്റാർക്കാണ്?

 ഇവിടെ അനാവശ്യമായി സമയം പാഴാക്കുന്ന നമുക്കു മാത്രമണു നഷ്ടം. ജീവിക്കാനുള്ള വക ശ്രീശാന്തുണ്ടാക്കിയിട്ടുണ്ട്. ഇനി കളിച്ചിലെങ്കിലും അദ്ദേഹത്തിന്റെ കാര്യം നടന്നുകൊള്ളും. ഇന്ത്യൻ ക്രിക്കറ്റിൽ ഇനി ശ്രീശാന്തിനു കളിക്കാൻ പറ്റിയില്ലെങ്കിൽ അതിന്റെ നഷ്ടം അദ്ദേഹത്തിനു മാത്രമാണ്, നമുക്കെന്തിനാ ബേജാറ്?

ശ്രീശാന്തിന്റെ ക്രിക്കറ്റിലെ ഭാവിയല്ല എന്നെയും നിങ്ങളേയും ജീവിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അതു നമ്മുടെ വിഷയവുമല്ല. അയാൾക്ക് നീതിയോ ജീവിതസാഹചര്യങ്ങളോ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ഇടപെടുക എന്നതാണു നമ്മുടെ കർത്തവ്യം. അയാളെ കുറ്റവാളിയാക്കലല്ല. കോഴവാങ്ങിയിട്ടുണ്ടെങ്കിൽ  അതിന്റെ കാര്യം കൊടുത്തവനും വാങ്ങിയവനും പങ്കു കിട്ടാത്തവനും നോക്കിക്കൊള്ളും... ഇന്ത്യയിൽ ഓരോരുത്തരേയും ബാധിക്കുന്ന നൂറുനൂറു പ്രശ്നങ്ങൾ ബാക്കികിടക്കുന്നു, അതേക്കുറിച്ച് ആരെങ്കിലും സംസാരിച്ചാൽ അതാവും നന്നാവുക.
 
മറക്കരുത്.. കോഴവാങ്ങിയെന്നു പറഞ്ഞ് മുമ്പ് നാം ശിക്ഷിച്ച ഒരാളുണ്ട്. പേര് ഹാൻസി ക്രോണിയെ. അയാളുടെ ഭാവി തുലച്ച് കൊലക്കു കൊടുത്തപ്പൊ എല്ലാർക്കും സമാധാനമായിരുന്നു. ഇപ്പോൾ അയാൾ നിരപരാധിയാണ്. ആർക്ക്ആ ലാഭം, ആർക്കാ നഷ്ടം...? ടിനുയോഹന്നാനെ മുക്കിയ കഥയും നാം മറക്കരുത്.

ഇവിടെ ഡൽഹി പോലീസ് തൽക്കാലം രക്ഷപെട്ടു എന്നേ കരുതാനാവൂ.. അവർക്ക് കിട്ടിയ പിടിവള്ളിയാണു ശ്രീശാന്ത്. ഇതിന്റെ ആരവം അണഞ്ഞുവരുന്നതുവരെ സമാധാനമുണ്ടല്ലോ!

തന്റെ ആഗമനത്തിലൂടെ കേരളമെന്ന കൊച്ചു സംസ്ഥാനത്തെ ലോക കായിക ഭൂപടത്തിൽ സ്ഥാനം ഒന്നു കൂടി  നന്നായി അടയാളപ്പെടുത്താൻ സഹായിച്ചു എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ശിക്ഷിക്കപ്പെടട്ടെ, അ ശിക്ഷ നമ്മൾ കൊടുക്കണ്ടെന്നേ പറഞ്ഞുള്ളൂ.

(ശ്രീശാന്ത് കുറ്റക്കാരനല്ല)

Wednesday

വിദ്യയുടെ പൂക്കാലമോ... പിടിച്ചു പറിക്കാരുടെ ചാകരയോ?



  ഷ്ടപ്പെട്ടാണ് കോത്താഴം നാട്ടിൽ ആ മഹാൻ പള്ളിക്കൂടങ്ങളും കോളേജുകളുമൊക്കെ ആരംഭിച്ചത്. അപ്പൂപ്പന്മാരുടെ കാലം മുതൽ നിഷകാമ കർമം ആയി നൽകിയിരുന്ന വിദ്യയുടെ വിളമ്പൽ രീതിയിൽ ചില മാറ്റങ്ങളൊക്കെ വരുത്തിയാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. സൗകര്യമുള്ളവർ മാത്രം പാത്രം നീട്ടിയാൽ മതി.

   കഞ്ഞിപ്പുരയിൽ കല്ലടുപ്പിലെ വക്കു ചളുങ്ങിയ പാത്രത്തിൽ തിളച്ചു മറിയുന്ന ഉച്ചക്കഞ്ഞി സ്വപ്നം കാണുന്ന പിള്ളേർക്കെല്ലാം വംശനാശം വരുന്നു. അത്യാവശ്യം പത്തു പുത്തനും ചെലവു കൂടിയ പൊങ്ങച്ച വിദ്യാഭ്യാസവും നാട്ടിൽ പരക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. എന്നാൽ പിന്നെ കാറ്ററിഞ്ഞു തൂറ്റാം എന്ന ലളിത സമവാക്യത്തിൽ ഊന്നിയാണ് എല്ലാ തൊഴിലും മാറ്റി വച്ച് വിദ്യാഭ്യാസത്തെ ഉദ്ധരിക്കാൻ കഥാനായകൻ ഇറങ്ങിയത്.

   കാര്യങ്ങൾ പച്ച പിടിച്ചപ്പോൾ കണക്കു പറയാൻ ഒരു സെക്രട്ടറിയൊക്കെ ആകാമെന്നു വച്ചു. പക്ഷേ ഒരു നിബന്ധന. നമ്മുടെ ആളുകളെ വിട്ടൊരു കളി വേണ്ട. വല്ലതും ഉടുക്കാനും കഴിക്കാനും 'വഹ' യുള്ളവരോട് സമുദായ സ്നേഹമൊക്കെ മതി, അല്ലെങ്കിൽ പിന്നെ ചങ്ങാതിയുടെ കാര്യം 'കട്ടപ്പൊഹ'യാവുമെന്ന് ഈവന്റ് മാനേജ്മെന്റുകാർ ഉപദേശിച്ചു . അതിൽ ചില സംഗതികളൊക്കെ ഉണ്ടെന്ന് മഹാനും ശിങ്കിടികൾക്കും തോന്നിയതിനാൽ കാര്യങ്ങൾ നേരേചൊവ്വേ ആക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. വെറും നിർദ്ദേശമല്ല... അല്പം കർശനം.

   കുറുക്കന്റെ ബുദ്ധിയും ഏതോ ഒരു ജീവിയുടെ തൊലിക്കട്ടിയുമുള്ള സെക്രട്ടറി ഓഫീസിൽ വന്നാലുടൻ ഗോഡ്ഫാദർ സിനിമയിൽ ആനയുടെ ചെവിയിൽ തിരുകിയ മാതിരി പഞ്ഞി ഇരു കർണങ്ങളിലേക്കും കുത്തിക്കയറ്റും. കാരണം നിസ്സാരം... ദരിദ്രവാസികൾ കനം കുറഞ്ഞ പൊതികളുമായി സങ്കടം പറയാനെത്തുമ്പോൾ അത് കേൾക്കാതിരിക്കാനുള്ള സൂത്രവിദ്യ തന്നെ.

  പുത്തൻ കൂറ്റുകാരായ എം.ബി.എ പിള്ളേർക്കു പോലും മഹാന്റെ 'മറ്റൊരു നമ്പർ' അറിയില്ല.. നഗരത്തിലെ ഒരു കൊച്ചു പാരലൽ കോളേജിന്റെ നടത്തിപ്പുകാരൻ ആണ് മഹാന്റെ ഫൈനൽ ഇടപാടുകൾ ഉറപ്പിക്കുന്ന ബിനാമി (വിദ്യാഭ്യാസം ഇല്ലാത്തതിനാൽ ഇയാൾ പ്രിൻസിപ്പാൾ ആയില്ല). ലക്ഷങ്ങളുടെ പൊതി അവിടെ എത്തി എന്ന റിപ്പോർട്ട് മഹാന്റെ സെക്രട്ടറിയുടെ സമക്ഷത്തിൽ എത്തിയാലുടൻ അഡ്മിഷൻ ഓകെ. അവന്റെ സമുദായവും മണ്ണാങ്കട്ടയും എല്ലാം പണത്തിന്റെ മുന്നിൽ ശൂ...

   അങ്ങനെ കടം കൊണ്ടും കൊടുത്തും പട്ടിണി കിടന്ന് അധ്യാപകർക്ക് ശമ്പളം കൊടുത്തും ഒരു കോടിയുടെ കാറിൽ സഞ്ചരിക്കുന്നത് അത്ര പരിഷ്കാരം അല്ലെന്ന് ഈവന്റ് മാനേജ്മെന്റു കാരൻ പറഞ്ഞപ്പോൾ അതു ഷെഡ്ഡിലിട്ടു അല്പം കൂടി വിലമതിക്കുന്ന മറ്റൊന്നു വാങ്ങിയും ഈ മനുഷ്യൻ ആകെ ബുദ്ധിമുട്ടുകയാണ്. ഈ പാവത്തിനെ ആരെങ്കിലും സഹായിക്കാനുണ്ടോ?

   ഉള്ള വയലെല്ലാം വിലയ്ക്കു വാങ്ങി, മണ്ണിട്ടു മൂടി പണ്ടാറടങ്ങിയപ്പോഴാണ് ചില വിപ്ലവ സംഘടനകളുടെ യുവകോമള നേതാക്കൾ കൊടി കുത്തിയത്. പിന്നെ നോക്കി നിന്നില്ല... അവരുടെ വിഹിതം മാന്യമായി നൽകി പഴയ വയലെല്ലാം ഒടുക്കത്തെ വിലയ്ക്ക് മറിച്ചു വിറ്റു. ചിലവയിൽ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വമ്പൻ കെട്ടിടങ്ങൾ പണിതു കൂട്ടി.
വാർഷിക കണക്കുകൾ പരിശോധിച്ചപ്പോൾ പത്തഞ്ഞൂറു കോടിയുടെ ആസ്തിയേ ഉള്ളത്രെ. അതു പറ്റില്ല... ലോകത്തിലെ ആദ്യത്തെ പത്തു സമ്പന്നരുടെ പട്ടികയിൽ കടന്നു കയറിയില്ലെങ്കിൽ അപ്പൂപ്പൻ കുഴിയിൽ കിടന്ന് തെറി വിളിക്കുമത്രെ!

   മരുഭൂമിയിൽ നട്ടെല്ല് ഒടിച്ച് കയ്യിലെടുത്ത് പണിയെടുക്കുന്ന പ്രവാസിയിലാണ് ഇദ്ദേഹത്തിന്റെ സർവ പ്രതീക്ഷയും. ഒരു ജീവിതകാലം മുഴുവനും ഗൾഫ് രാജ്യങ്ങളിൽ കഷ്ടപ്പെട്ട് അകാല വാർദ്ധക്യവും രോഗങ്ങളുടെ ഭാണ്ഡവുമായി വരുന്ന എന്റെ പ്രവാസീ... നിങ്ങളുടെ നാണയത്തുട്ടുകളിൽ സാമ്രാജ്യം പണിതുയർത്തുന്ന ഇത്തരം മുതലാളിമാർ ധാരാളമുണ്ട്. തെങ്ങിൻ ചുവടെടുത്തും വട്ടിപ്പലിശയ്ക്ക് പണം നൽകിയും കാലം കഴിച്ചിരുന്ന ഇവർ തടിച്ചു കൊഴുക്കട്ടെ...അതിനു വേണ്ടി നമുക്ക് ഉരുകിത്തീരുന്ന മെഴുകുതിരികളാകാം.

  എന്റെ മക്കൾ പഠിക്കാൻ ഞാൻ കരിന്തിരിയോ കരിക്കട്ടയോ ആകുന്നതിൽ ആർക്കാണ് ചേതമെന്ന് ഫേസ് ബുക്കിലൊ മറ്റോ ഒരു പോസ്റ്റിട്ട് ആനന്ദിക്കൂ... വേണമെങ്കിൽ തെറി പറഞ്ഞോളൂ... നാടോടുമ്പോൾ നടുവേ ഓടാൻ വണ്ടിക്കൂലി വേണമത്രെ.... ഒരു പാട് ഗാന്ധിത്തലകൾ അതിൽ ഉണ്ടായിരിക്കണം പോലും...!

വാല്: വായനക്കാർക്ക് തോന്നും ; ലിത് ലവനയല്ലേ ലുദ്ദേശിച്ചത്. പക്ഷേ ലവന്മാർ ധാരാളം ഉള്ളതിനാൽ ലിത് ലെല്ലാവരെയും ചേർത്താണ് പറയുന്നത്. ആരും ഒറ്റയ്ക്ക് ചൊറിയണ്ട. കൂട്ടമായിരുന്ന് ആത്മ വിമർശനം നടത്തുവാൻ ലെല്ലാ മഹാന്മാരോടും ആജ്ഞാപിക്കുന്നു.

Thursday

ന്യൂനപക്ഷ പീഢനം ബി.ജെ.പി.ക്ക് ഏറ്റ തിരിച്ചടി


ജനാധിപത്യത്തിന്റെ മജ്ജയായ ഭാഗം വളരെ നിഷ്കരുണം ബി ജെ പിയെ തള്ളിക്കളഞ്ഞു എന്നുള്ളതാണ് കണ്ണാടകത്തിലെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. ഇന്ത്യൻ ജനാധിപത്യം വിഭാവനം ചെയ്യുന്നിടത്ത് സഹവർത്തിത്വത്തിലൂന്നി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൈകളിലേ തുടർഭരണം വിശ്വസനീയമായി ജനങ്ങൾ ഏൽപ്പിക്കുകയുള്ളൂ. കർണ്ണാടകയിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം നടന്നത് ഭരണമായിരുന്നില്ല. ഭരണ ആഭാസമായിരുന്നു. ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കേണ്ട ഒരു സർക്കാർ ധിക്കാരപൂർവ്വം ഭരണഘടനയെപ്പോലും വെല്ലുവിളിച്ചുകൊണ്ട് നടത്തിയ ഒരു ഭരണമാണ് അവിടെ നടമാടിയിരുന്നത്.

മതേതര കാഴ്ചപ്പാടുകളേയും മതേതര സ്ഥാപനങ്ങളേയുമൊക്കെ അവർ വർഗ്ഗീയവത്കരിച്ചു. ആശയപരമായി ഒന്നുംതന്നെ ഇല്ലാതിരുന്നതുകൊണ്ട്. സ്വന്തം ജനതയുടെയിടയിൽത്തന്നെ കൊച്ചുകൊച്ചു സ്ഫോടനങ്ങൾ അവർതന്നെ സ്പോൺസർ ചെയ്ത് അതിലെ പ്രതികളായി ന്യൂനപക്ഷവിഭാഗങ്ങളിലെയും മുസ്ലിം വിഭാഗങ്ങളിലെയും ചെറുപ്പക്കാരെ അന്യായമയി അറസ്റ്റു ചെയ്ത് സുപ്രിം കോടതിയെയും നിലവിലുള്ള നിയമവ്യവസ്ഥകളേയും വെല്ലുവിളിച്ചുകൊണ്ട് ഇപ്പോഴും തടങ്കലിലടച്ചിരിക്കുകയാണ്. അവിടത്തെ ജയിലുകളും കോടതികളും കഴിഞ്ഞ അഞ്ചുവർഷക്കാലം കൊണ്ട് വർഗ്ഗീയവത്കരിച്ചു ഏറ്റവും അപകടകരമായ അവസ്ഥയിലെത്തിച്ചു. കേരളത്തിൽനിന്ന് അറസ്റ്റു ചെയ്യപ്പെട്ട അബ്ദുന്നാസർ മദനി ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ചെയർമാനാണ്. പത്തുവർഷത്തോളം അന്യായതടവനുഭവിച്ചയാളുമാണ്. ഒറ്റക്കു സഞ്ചരിക്കാനാവാതെ ഭരണകൂടത്തിന്റെ കാവലിൽ ബി കാറ്റഗറി സുരക്ഷയിൽ ജീവിച്ചിരുന്ന ഒരാളെ സുപ്രീംകോടതിയുടെ മുൻകൂർ ജാമ്യം എത്തുന്നതു കാത്തുനിൽക്കാതെ അറസ്റ്റുചെയ്ത് ജയിലിലടച്ചിരിക്കുന്നു.

എന്തിനാണ് ഇത്തരം ഒരന്തരീക്ഷം സൃഷ്ടിച്ചത്? ഞങ്ങളിതാ ഒരു വലിയ മുസ്ലിം കൊടും ഭീകരനെ അറസ്റ്റു ചെയ്തിട്ടിരിക്കുന്നു, ഇത് ഞങ്ങളെക്കൊണ്ടു മാത്രമേ സാധിക്കൂ എന്നൊക്കെപ്പറഞ്ഞ് വീണ്ടുമൊരു ഭരണം ബി. ജെ. പി ഉദ്ദേശിച്ച രീതിയിൽ നേടാമെന്നു കരുതിയായിരുന്നോ? ഹൂബ്ലി അടക്കമുള്ള മേഖലകളിൽ പാകിസ്ഥാൻ പതാക ഉയർത്തിയെന്നു പറഞ്ഞ് ശ്രീരാമസേനക്കാരെയും ബി.ജെ.പി.ക്കാരെയും ബജ്രംഗ് ദളിന്റെ പ്രവർത്തകരെയും ഉപയോഗിച്ച് നടത്തിക്കൂട്ടിയ വർഗ്ഗീയ കലാപങ്ങൾ, ബാംഗ്ലൂരിലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു നടന്ന സ്ഫോടനങ്ങൾ മുതലായവ സൂചിപ്പിക്കുന്നത് ഞങ്ങൾക്ക് ആശയം പറഞ്ഞോ ഭരണപരമായ എന്തെങ്കിലും പുരോഗതി പറഞ്ഞോ നയങ്ങൾ പറഞ്ഞോ തെരഞ്ഞെടുപ്പിനെ നേരിടുവാനില്ല, ഈ രാജ്യത്തു ജനിച്ചു വളർന്ന ഒരു ജനവിഭാഗം അവർ തീവ്രവാദികളും ഭീകരവാദികളും ആണ് എന്ന് നിരന്തരം പറഞ്ഞു പ്രചരിപ്പിച്ച് ഒരു ഹിന്ദുത്വരാജ്യം സ്വപ്നം കണ്ടാണ് അവർ കഴിഞ്ഞത് എന്നാണ്.

മദനി താമസിക്കുന്ന പരപ്പന അഗ്രഹാര ജയിൽ സന്ദർശിക്കുന്ന ആർക്കും ഒരു വസ്തുത കാണാൻ കഴിയും. എല്ലാ ഹൈന്ദവ ദൈവങ്ങളുടേയും ചിത്രങ്ങൾ അവിടുത്തെ ഓരോ മുറിയേയും അലങ്കരിച്ചിരിക്കുകയാണ്. പ്രധാന കവാടം മുതൽ ഹൈന്ദവ ദേവീദേവന്മാരുടെ മാർബിളിൽ പതിപ്പിച്ച രൂപങ്ങൾ പതിപ്പിച്ചിരിക്കുന്നു. മുഹൂർത്തം നോക്കിയുള്ള ഓഫീസ് പ്രവർത്തനങ്ങളെയും പഠന സമ്പ്രദായങ്ങളേയും ക്രമീകരിച്ചിരിക്കുന്നു. വിദ്യാഭ്യാസ സംവിധാനത്തിലാവട്ടെ വളരെ പച്ചയായ വർഗ്ഗീഗ വത്കരണമാണു നടത്തിയിരിക്കുന്നത്. മുഴുവൻ സിലബസിലും കാവിവത്കരണം അടിച്ചേൽപ്പിച്ചിരിക്കുന്നു. സൂര്യനമസ്കരം മുതലുള്ള ആരാധനകൾ സിലബസ്സിൽ നിർബ്ബന്ധമാക്കിയിരിക്കുന്നു.

കർണ്ണാടകയുടെ കഴിഞ്ഞകാല ചരിത്രം മുഴുവൻ മായ്ച്ച് അവർ പുതുക്കിയെഴുതി. വികാരവായ്പോടുകൂടി മാത്രം കാണാൻ കഴിയുന്ന മുസ്ലിം ഭരണാധികാരികളുടെ സർവ്വ അടയാളങ്ങളും അവർ മായ്ചുകളഞ്ഞു. ടിപ്പുസുൽത്താനെക്കുറിച്ച് ബ്രിട്ടീഷുകാർ പ്രചരിപ്പിച്ച, യഥാർത്ഥ ചരിത്രവുമായി പുലബന്ധമില്ലാത്ത കള്ളക്കഥകൾക്ക് വമ്പിച്ച പ്രാധാന്യം നൽകിക്കൊണ്ട്. അവർ ടിപ്പുവിനെ ചരിത്രത്തിൽ നിന്ന് തുടച്ചുമാറ്റി. അവിടുത്തെ വാർത്താ വിനിമയ സംവിധാനങ്ങളെ സംഘ്പരിവാറിന്റെ കരങ്ങളിലൊതുക്കി.

 ഇങ്ങനെയൊക്കെയാണെങ്കിലും ദൈവീകമായ ഒരു പരിരക്ഷ ഇന്ത്യയിലെ സമാധാനകാംക്ഷികളായ ജനങ്ങൾക്കു നൽകുന്ന തരത്തിൽ കർണ്ണാടകയിൽ ഇടപെട്ടു എന്നുതന്നെ കരുതണം. അത്തരം ഒരു ഫലമാണു പുറത്തു വന്നിരിക്കുന്നത്. സ്വന്തം പാർട്ടി പടനീക്കം നടത്തിയിട്ടാണ് ബി.ജെ.പി. ഗവർമെന്റ് ദുർബലമായത് എന്നതാണ് അതിനു തെളിവ്. പുറത്തുനിന്ന് ഒരു ശക്തി വന്നിട്ടില്ല. യദിയൂരപ്പ എന്ന ഭരണാധികാരിയെ അഴിമതി ചെയ്തതിന്റെ പേരിലാണ് പാർട്ടി ശിക്ഷിച്ചത്. റെഡ്ഡി സഹോദരന്മാർ നടത്തിയിട്ടുള്ള കോടിക്കണക്കിനു രൂപയുടെ അഴിമതി വേറെ. അഴിമതിക്കെതിരേ സംസാരിക്കാനുള്ള ശക്തി പാർട്ടിക്ക് അവിടെ നഷ്ടപ്പെട്ടു.

 ഈ ഭരണം എങ്ങനെയെങ്കിലും ഒന്ന് അവസാനിച്ചു കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ച പീഢിത സമൂഹത്തിന്റെ ആഗ്രഹം സഫലീകരിക്കപ്പെട്ടു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത. പീഡിത സമൂഹത്തിനുവേണ്ടി നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന മദനിയെ അവിടെ കൊണ്ടുചെന്ന സമയം മുതൽ അവരുടെ ഭരണചക്രത്തിന്റെ ആണിക്കല്ല് ഇളകാൻ തുടങ്ങി. അതുവരെ വളരെ പ്രബലരായിരുന്ന അവിടുത്തെ ഭരണകർത്താക്കൾക്ക് അപ്പോൾ മുതൽ കഷ്ട്കലം തുടങ്ങി. വളരെ അച്ചടക്കത്തോടുകൂടി, കേഡർ സ്വഭാവത്തോടുകൂടി ചിട്ടയായി അവരുടെ വർഗ്ഗീയ അജണ്ടകൾ മാത്രം നടപ്പിലാക്കിക്കൊണ്ടിരുന്ന സംവിധാനത്തിന് പെട്ടെന്നു വിള്ളൽ വന്നു.  മദനിയെ ബന്ധിപ്പിച്ചുകൊണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്തു നടന്ന സ്ഫോടനത്തെക്കുറിച്ചു പറഞ്ഞ ആഭ്യന്തരമന്ത്രി പിന്നീട് ആ സ്ഥാനത്തു നിന്ന് നീക്കപ്പെടുകയും അകാല ചരമം പ്രാപിക്കുകയും ചെയ്തു. യദിയൂരപ്പ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ് ഉണ്ടാക്കിയ പുതിയ പാർട്ടിയും ഇവിടെ ദയനീയമായി പരാജയപ്പെട്ടു. കള്ളക്കേസു ചുമത്തി മദനിയെ കിടത്തിയിരിക്കുന്ന അതേ ജയിലിൽ തൊട്ടടുത്ത സെല്ലിൽപ്പോയി യദിയൂരപ്പക്കു കിടക്കേണ്ടിവന്നു.

 നിരപരാധികളുടെ രക്തത്തിൽ ഉണ്ടാക്കിയെടുക്കുന്ന സഹതാപത്തിൽ നിന്നുണ്ടാകുന്ന പ്രാർത്ഥന ദൈവം സ്വീകരിച്ചു എന്നുള്ളതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പു നൽകുന്ന പാഠം. ഇൻഫർമേഷൻ ടെക്നോളജിയുടെ ഏറ്റവും ഉന്നതമായ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന സിലിക്കോൺ സിറ്റിയെന്നറിയപ്പെടുന്ന ബാംഗ്ലൂർ ഉൾപ്പടെയുള്ള പട്ടണങ്ങളുള്ള കർണാടകയിൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അന്ധവിശ്വാസത്തിനു വിധേയമായി ഒരു മുഖ്യമന്ത്രി പൂർണ്ണ നഗ്നനായി വീട്ടിൽ താമസിക്കണമെന്ന് ജ്യോത്സ്യൻ പറഞ്ഞതനുസരിച്ച് പ്രവർത്തിച്ച കഥ ഇന്ത്യൻ ജനാധിപത്യത്തിനു നാണക്കേടാണ്. എത്രയോ പ്രഗത്ഭരായ വ്യക്തിത്വങ്ങൾ പല ഘട്ടങ്ങളിലായി സംസ്ഥാനത്തും കേന്ദ്രത്തിലും മാറിമാറി ഭരിച്ച് അവരുടെ അവരുടെ ഭരണം ജനം കണ്ടുകൊണ്ടിരിക്കവേ ഇത്തരം അന്ധവിശ്വാസം വച്ചുപുലർത്തുന്ന മുഖ്യമന്ത്രിയെ ഇന്ത്യയുടെ രാഷ്ടീയ ചരിത്രത്തിന് അപമാനമായേ കാണാൻ കഴിയൂ.

കോൺഗ്രസിന്റെ പ്രവർത്തനങ്ങളും വിഭിന്നമല്ല, ജനദ്രോഹപരമായ ഒരു ഭരണമാണവർ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും ഇന്ത്യയിൽ ബി.ജെ.പി. കഴിഞ്ഞാൽ ഇപ്പോൾ ജനങ്ങൾ കാണുന്ന ഒരു ബദൽ സംവിധാനം കോൺഗ്രസ്സാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്ന ഫലമാണ് പുറത്തു വന്നിട്ടുള്ളത്. നരേന്ദ്രമോഡിയെ എവറസ്റ്റ് പർവ്വതത്തിനു തുല്യമാണെന്നമട്ടിൽ ഉയർത്തിക്കാട്ടി വംശഹത്യയുടെ പേരുപറഞ്ഞ് വികസനത്തിന്റെ കള്ളക്കഥകളും വിളമ്പി വളരെ സുശക്തമായ ഭരണം ഇന്ത്യയിലുണ്ടാക്കും എന്നു പറഞ്ഞു പ്രചരിപ്പിക്കുന്ന ബി.ജെ.പി.യുടെ പ്രചരണതന്ത്രം പരാജയപ്പെട്ടത് മോഡി നേരിട്ടുവന്നു പ്രചരണം നടത്തിയ സ്ഥലങ്ങളിലാണെന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മോഡി ഇവിടെ ആരുമല്ല, ജനങ്ങൾ ഇവിടെ പ്രതീക്ഷ അർപ്പിക്കുന്നത് മതേതര കക്ഷികളിലാണ് എന്ന് ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിച്ചിരുന്നതും അതുതന്നെയാണ്. ഇവിടെ അടിസ്ഥാനപരമയി നാം വളരെ ഗൗരവകരമായി മനസ്സിലാക്കേണ്ട വസ്തുത ഇനി ബീ.ജെ.പി.യെപ്പോലുള്ള ഒരു രാഷ്ട്രീയപ്പാർട്ടിക്ക് ഹിന്ദുരാജ്യമോ ബാബരീമസ്ജിദോ പറഞ്ഞുകൊണ്ടോ മുസ്ലിം ജനവിഭാഗത്തിന് പാകിസ്ഥാനിലേക്കുള്ള വഴി കാണിച്ചുകൊടുത്തുകൊണ്ടോ അവരെ വംശഹത്യ ചെയ്തതുകൊണ്ടോ ഒന്നും നിലനിൽക്കാൻ സാധിക്കുകയില്ല എന്നതാണ്. ഇത് കലത്തിനനുസരിച്ച് ബി.ജെ.പി. തിരിച്ചറിയണം.

ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ കോൺഗ്രസ്സിന്റെ ബദലായി നിൽക്കുകയും ജനകീയ വിഷയങ്ങൾ പറയുകയും എല്ലാ ജനങ്ങളേയും തുല്യമായിക്കാണുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു കാലം വരുമെങ്കിൽ അങ്ങനുള്ള ഒരു നയം അവർ ഉണ്ടാക്കുമെങ്കിൽ തീർച്ചയായും ഒരു ബദൽ സംവിധാനമായി അവർക്കു വരാൻ സാധിച്ചേക്കും. പക്ഷേ അവരിൽ ജനങ്ങൾക്കു വിശ്വാസമുണ്ടാവുകയില്ല. അവരുടെ ഉള്ളിൽ അന്തർലീനമായിരിക്കുന്ന വർഗ്ഗീയത ഉപേക്ഷിക്കാൻ അവർക്ക് സാധിക്കില്ല എന്നതുതന്നെ കാര്യം. അവരുതന്നെ കെട്ടിപ്പൊക്കിയ കപട ചരിത്രത്തിലൂടെ മാത്രം അവർ ഇന്ത്യയെ നോക്കിക്കാണുന്നു. ഇന്ത്യയുടെ സംസ്കാരത്തിലേക്ക് കടന്നുചെന്നുകൊണ്ട് നമ്മുടെ നാനാത്വം തിരിച്ചറിയാൻ അവർക്ക് സാധിക്കുന്നില്ല.

ലാൽ ബഹദൂർ ശാസ്ത്രിയും നെഹ്രുവും ഇന്ദിരാഗന്ധിയും വി.പി. സിംഗുമെല്ലാം ഇരുന്ന കസേരകളിലാണ് അവരും ഇരുന്നു ഭരിച്ചത്. ഇന്ത്യയിൽ ഒരു ധ്രുവീകരണം നടത്തി ഉദ്യോഗസ്ഥ തലങ്ങളിലേക്ക് വർഗ്ഗീയതയെ പറിച്ചു നട്ടു. കേരളത്തിൽ മോഡിയെപ്പുകഴ്ത്തി ഒരു ഉയർന്ന ഉദ്യോഗസ്ഥൻ എഴുതുകയുണ്ടായി. ഉദ്യോഗതലങ്ങളിൽ കൊണ്ടുവരുന്ന വർഗ്ഗീയതയിലൂടെ ഇവിടെ എന്തെങ്കിലുമൊക്കെ ചെയ്തുകളയാമെന്നത് ഇവരുടെ തെറ്റിദ്ധാരണയാണ്. ബി.ജെ.പി.യുടെ ഈ കാഴ്ചപ്പാടും അവരുടെ ദയനീയ പരാജയത്തിനു കാരണമാണ്.

ഇപ്പോൾ പന്ത് കോൺഗ്രസ്സിന്റെ കോർട്ടിലാണ്. മദനിയും സക്കറിയയുമുൾപ്പടെയുള്ള നിരപരാധികളുടെ വിഷയത്തിൽ കോൺഗ്രസ് എന്തു നിലപാടെടുക്കുമെന്നത് ഇനി കണ്ടറിയാം. ഇനി ഒഴിഞ്ഞുമാറാൻ പറ്റില്ല., കേന്ദ്രവും കേരളവും കൂടി അവരാണ് ഭരിക്കുന്നത്. അതുകൊണ്ടു കാര്യമില്ലെങ്കിൽ വളർന്നുവരുന്ന നവരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അധികാരം കിട്ടുന്നതുവരെ കാത്തിരിക്കുകയല്ലാതെ ഇന്ത്യയിലെ ന്യൂനപക്ഷവിഭാഗങ്ങൾക്കു മറ്റു മാർഗ്ഗങ്ങളില്ല.

Popular Posts

Recent Posts

Blog Archive