Sunday

കേരളവികസനം ഒരു മോഹസ്വപ്നമോ

  പത്രവായനയും ചാനൽ വാർത്തകൾ കേൾക്കുന്നതും ന്യൂസ് അവറുകൾ ഫോളോചെയ്യുന്നതും ഇപ്പോൾ തീരെക്കുറച്ചു. ആവശ്യമായ ഒരു വാർത്തയും ഒരിടത്തും കാണാനാവാത്തതുതന്നെയാണു കാരണം. കേരളത്തിന്റെ സാമ്പത്തികവും സാംസ്കാരികവും പാരിസ്ഥിതികവുമായ വളർച്ചയ്ക്കാവശ്യമായ യാതൊന്നും തന്നെ മാധ്യമങ്ങളിൽ കാണുന്നില്ല. രാഷ്ട്രീയ നേതാക്കന്മാരുടെ പൊതു സമ്മേളനപരിപാടികളും രാഷ്ട്രീയ കൊലപാതകങ്ങളും അതുസംബന്ധിച്ച അനാവശ്യ വാർത്തകളും ചർച്ചകളും വിഴുപ്പലക്കലുകളും പങ്കുവയ്ക്കാനാണു മാധ്യമങ്ങൾക്കു താല്പര്യം. അറിയുകയോ അറിയിക്കുകയോ വേണ്ടെന്നല്ല, വാർത്തകൾ അറിയാൻ വേണ്ടിയുള്ളതാണെന്നതു മറന്ന് അതു വിൽക്കാനുള്ളതാണെന്നും അതുകൊണ്ടുതന്നെ വാർത്തകൾ സൃഷ്ടിക്കേണ്ടത് മാധ്യമങ്ങളുടെ അത്യാവശ്യങ്ങളിൽ ഒന്നാണെന്നും വരുമ്പോഴാണു അതു തിരിച്ചറിയാതെ ജനം പോഴന്മാരാവുന്നത്. നമുക്ക് ആവശ്യമുള്ളതല്ലെങ്കിലും നാമവ വായിച്ചുതള്ളുന്നു, കേട്ടു കണ്ണുമിഴിക്കുന്നു. ഒരു ഫലവും കിട്ടില്ലെന്നറിഞ്ഞുകൊണ്ടുതന്നെ പരസ്പരം തർക്കിക്കുന്നു. നമ്മുടെ നേതാക്കന്മാർ ചമയുന്നവർക്കും അവരെ താങ്ങിനിർത്തുന്ന സാമ്പത്തിക ശക്തികൾക്കുമാണ് ഇതിന്റെയെല്ലാം ഗുണം ഏതെങ്കിലുമൊക്കെ തരത്തിൽ വന്നു ചേരുന്നതെന്നും നമുക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും മനസ്സിലാക്കിയോ അല്ലാതെയോ നേതാക്കൾക്കു സിന്ദാബാദ് വിളിക്കുന്നവർ ആ നേതാക്കൾ തന്റെ രാജ്യപുരോഗതിക്കു വേണ്ടി ഏതുതരത്തിൽ പ്രവർത്തിക്കുന്നുവെന്നു നോക്കിക്കാണുന്നതു നന്നായിരിക്കും. കുഞ്ഞു നേതാക്കന്മാരായി വളർന്നുവരുന്ന ചെറുപ്പക്കാർ 40-45വയസ്സാവുമ്പോഴേക്ക് മൾടിമീഡിയണൽസ് ആവുന്നതെങ്ങനെയെന്ന് നാം ഇനിയെങ്കിലും ആലോചിക്കുന്നതു നന്നായിരിക്കും. അവർക്കെന്താണു വരുമാനം, എന്തു ജോലിയാണ് അവർ ചെയ്യുന്നത്? ഇവർക്കൊക്കെ വേണ്ടി ഇലക്ഷനു ചെലവഴിക്കുന്ന കോടിക്കണക്കിനു രൂപ എവിടുന്നു ലഭിക്കുന്നു?

   രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാനോ രാജ്യത്തിന്റെ തനതു സംസ്കാരവും പൈതൃകവും സംരക്ഷിക്കാനോ ആധുനികകാല നേട്ടങ്ങൾ യഥാകാലം കൈവരിക്കാനോ അല്ല നമ്മുടെ ഭരണാധികാരികൾ ഭരണത്തിലേറുന്നതെന്ന് അവരുടെ പ്രവൃത്തികളിൽ നിന്നു തന്നെ വ്യക്തമാണ്. വെള്ളക്കാർ പോയി കൊള്ളക്കാർ വന്നുവെന്നാണ് ഇന്ത്യക്കു പുറത്ത് അധിവസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യയെക്കുറിച്ച് പരിതപിക്കുന്നത്. എണ്ണമില്ലാത്ത പാവങ്ങൾ തങ്ങളുടെ ജീവനും ജീവിതവും കൊടുത്ത് സ്വാതന്ത്ര്യം നേടിയത് അവർ ചെയ്ത മഹാ പാതകമായി തോന്നിപ്പോകുന്നു. വെള്ളക്കാർ കശാപ്പുചെയ്തതിനേക്കാൾ ക്രൂരമായാണ് ഈ കൊള്ളക്കാർ രാജ്യത്തോടു പെരുമാറുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് വെള്ളക്കാർ ഇവിടെ നടപ്പിലാക്കിയ സാങ്കേതിക മികവുകളിൽ ഭൂരിഭാഗവും നശിപ്പിക്കപ്പെടാനാവാതെ ഇവിടെ നിലനിൽക്കുമ്പോൾ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ പ്രാവർത്തികമാക്കിയവയിൽ അഴിമതിയും സ്വജനപക്ഷപാതവും പിടിച്ചുപറിയും കൊള്ളയും ഭരണകൂട ഭീകരതയുടെ അവിഭാജ്യഘടകമായ നീതി നിഷേധങ്ങളും കൊലകളും കഴിഞ്ഞാൽ മറ്റെന്താണ് നമുക്ക് എടുത്ത് കാട്ടാനുള്ളത്?

   രാജ്യദ്രോഹിയായതുകൊണ്ടോ രാജ്യത്തോടു സ്നേഹമില്ലാത്തതുകൊണ്ടോ പറയുന്നതല്ല. സ്വാതന്ത്ര്യാനന്തരം അർഹതയുള്ള കരങ്ങളിലല്ല ഇതുവരെ ഭരണം കിട്ടിയതെന്നു പറയാതിരിക്കാൻ വയ്യ. ഇവർക്കൊക്കെ ഇങ്ങനെ കുട്ടിച്ചോറാക്കാൻ വേണ്ടി മാത്രമാണ് ഇന്ത്യയെ സ്വതന്ത്രയാക്കിയതെന്നു തോന്നിപ്പോവുന്നു. ജനങ്ങളെ ചൂഷണം ചെയ്ത് സുഖ സുഷുപ്തിയിലാറാടാൻ മാത്രമാണ് നമ്മുടെ ഭരണകർത്താക്കളുടെ ശ്രമം. 1947നു മുമ്പുള്ള അമ്പതു കൊല്ലവും സ്വാതന്ത്ര്യത്തിനു ശേഷമുള്ള അറുപത്തഞ്ചുകൊല്ലവും ചേർത്തു നോക്കിയാൽ സമയബന്ധിതമായി സാങ്കേതികത്തികവോടെ സായിപ്പു കൊണ്ടുവന്ന നിർമ്മാണ-പരിഷ്കാരങ്ങളുടെ 25%പോലും ആധുനിക സാങ്കേതിക വിദ്യകൾ ലഭ്യമാകുന്ന ഇക്കാലത്ത് നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നു കാണാൻ കഴിയും. നടപ്പിലായ സംഗതികളാവട്ടെ യാതൊരു സമയനിഷ്ഠയും പാലിക്കാതെ അനാവശ്യമായി രാജ്യസമ്പത്ത് ചെലവഴിക്കപ്പെട്ട് കൊട്ടിഘോഷിച്ചു വിളംബരം ചെയ്തറിയിച്ച ഗുണമേന്മയുടെ ഏഴയലത്തുപോലും ചെല്ലാത്തവിധം തട്ടിക്കൂട്ടിയതുമായിരിക്കും.

   കൊല്ലത്തിനടുത്തു പുനലൂരിലുള്ള തൂക്കുപാലം ഇതിന് കേരളത്തിലെ ഒരുദാഹരണമാണ്. നമ്മുടെ സമ്പത്തുകൊള്ളയടിക്കാൻ നിർമ്മിച്ചതാണെന്ന് നാം വാ തോരാതെ ആക്ഷേപിക്കുമ്പോഴും അതിന്റെ ഒരു ലോക്കുപോലും തുറക്കാൻ നമ്മുടെ ആധുനിക സാങ്കേതിക വിദ്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നത് നാം സൗകര്യപൂർവ്വം മറക്കുന്നു. അശാസ്ത്രീയമായി സർക്കാർ സ്ഥാപിച്ച ഭാരം കൂടിയ പൈപ്പുലൈൻ ആ പാലത്തിന്റെ പലകകളെ തകർത്തുകളഞ്ഞിരുന്നില്ലെങ്കിൽ ഇപ്പോഴും അതു ഗതാഗതയോഗ്യമായിരുന്നേനെ.  1877ൽ പണിപൂർത്തിയാക്കിയ ഈ പാലത്തിൽ അന്നു പാകിയ പലകകളെ പൈപ്പിൽനിന്നൊഴുകിയ ക്ലോറിൻ ജലം അടുത്തകാലത്താണു നശിപ്പിച്ചുകളഞ്ഞത്. നിരന്തര പ്രതിഷേധപ്രക്ഷോഭങ്ങളുടെ ഭാഗമായി സർക്കാർ പകരം സ്ഥാപിച്ച മരപ്പലകകൾ ആറുമാസം കൊണ്ട് പൊളിഞ്ഞുതുടങ്ങി മൂന്നുവർഷം കൊണ്ട് ആയുസ്സൊടുങ്ങിയെന്നിടത്താണ് നമ്മുടെ സാങ്കേതികത്തികവിനെയും ആത്മാർത്ഥതയെയും അളക്കേണ്ടത്. ഇത്രയും കാലം കേടുകൂടാതിരിക്കാൻ എന്തു ടെക്നോളജിയാണ് ആ പലകകളിൽ സായിപ്പുപയോഗിച്ചിരുന്നതെന്ന് ആരും അന്വേഷിക്കുന്നില്ല. പിന്നെയല്ലേ ഈ കാലഘട്ടത്തിലെ ടെക്നോളജി പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതികളെപ്പറ്റി ആലോചിക്കുന്നത്!

                  പുനലൂർ തൂക്കുപാലം പലകപാകി മിനുക്കിയപ്പോൾ (ഫോട്ടോ അരുൺ പുനലൂർ)

                                     സായിപ്പിന്റെ കരവിരുത്, തെമ്മല റെയിൽ പാലം (അരുൺ പുനലൂർ)

   ഇതുപോലെതന്നെയാണ് മുമ്പു കമ്പ്യൂട്ടർ വന്നപ്പോഴും നമ്മൾ പ്രതികരിച്ചത്. കമ്പ്യൂട്ടർ എന്നാലെന്താണെന്നോ എങ്ങനെയാണ് അതു പ്രവർത്തിക്കുന്നതെന്നോ നാം അന്വേഷിച്ചില്ല. അതുകൊണ്ടുതന്നെ അതു തൊഴിൽ സംരംഭം വർദ്ധിപ്പിക്കുമെന്നോ ജനങ്ങളുടെ വിദ്യാഭ്യാസ-ജീവിത-സാമ്പത്തിക നിലവാരം തത്ഫലമായി ഉയരുമെന്നോ യഥാസമയം നമുക്കറിയാൻ കഴിഞ്ഞില്ല. ഏതു ടെക്നോളജി വന്നാലും നാം അതിനെക്കുറിച്ചു പഠിക്കാനോ നല്ലതെങ്കിൽ അംഗീകരിക്കാനോ നാം തയ്യാറാകുന്നില്ല. സാധാരണ നാട്ടുമ്പുറത്തെ പ്രേമത്തോട് വീട്ടുകാർക്കുള്ള നിലപാടുപോലെയാണിത്. തമ്മിൽ ചേർച്ചയുണ്ടോ ഒരുമിച്ചാൽ കുഴപ്പമുണ്ടോ തങ്ങളുടെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും നിരക്കുന്നതാണോ എന്നൊന്നും നോക്കാറില്ല. കേട്ടാൽ ആദ്യപടിതന്നെ എതിർക്കുക എന്നതാണ് പൊതുവേയുള്ള നയം. ഒരു ഗുണവുമില്ലെങ്കിൽ എതിർത്താൽപ്പോരേയെന്നു ചോദിക്കരുത്. അവകാശങ്ങളെ പിടിച്ചുവാങ്ങാനും അതിനുവേണ്ടി ഏതറ്റം വരെ എതിർക്കാനും ചെറുത്തു തോൽപ്പിക്കാനും മാത്രമാണ് നേതാക്കന്മാർ നമ്മളെ പഠിപ്പിക്കുന്നത്. കടമകളും കർത്യവ്യങ്ങളും സാമൂഹ്യപ്രതിബദ്ധതയോടെ സമൂഹത്തിൽ നടപ്പാക്കാൻ ആരും പഠിപ്പിക്കുന്നില്ല. അത്തരത്തിൽ ബോധം വികസിച്ച സമൂഹത്തിൽ ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് സ്ഥാനമുണ്ടാവില്ലെന്ന് അറിയേണ്ടവർക്കു നന്നായറിയാം. അതുകൊണ്ടാണ് സ്വാതന്ത്ര്യം നേടിയത് ഇവന്മാർക്ക് കട്ടുമുടിക്കാൻ മാത്രമേ ഉപകരിച്ചുള്ളൂവെന്നും അങ്ങനെ സംഭവിച്ചിരുന്നില്ലെങ്കിൽ ഈ രാജ്യവും ഇവിടത്തെ ജനസമൂഹവും ഇതിനെക്കാൾ എത്രയോ ഉയർന്ന നിലവാരത്തിൽ മെച്ചപ്പെട്ട സൗകര്യത്തോടെ കഴിയുമായിരുന്നുവെന്നും തോന്നിപ്പോകുന്നത്.

   അഭ്യസ്ഥവിദ്യരുടെ പർവ്വതശിഖരികൾ നിരന്തരം മുളച്ചുപൊങ്ങുന്ന നമ്മുടെ നാട്ടിൽ യഥാർത്ഥ വിദ്യാഭ്യാസം ആരും നേടുന്നില്ലെന്നതാണു വാസ്തവം ഇന്ത്യക്കാർ ഒരിക്കലും വിദ്യാഭ്യാസപരമായി നന്നാവുന്നത് ആർക്കൊക്കെയോ പ്രശ്നമുണ്ടാക്കുമെന്നു തോന്നുന്നു. ഇംഗ്ലീഷ് ബിരുദങ്ങൾ ഉയർന്നമാർക്കിൽ വിജയിച്ചവനും ഇംഗ്ലീഷിൽ സംസാരിക്കാൻ തപ്പിത്തടയുന്നവിധത്തിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ വികലീകരിച്ചു ക്രമപ്പെടുത്തിയിരിക്കുന്നതിനെപ്പറ്റി ആരും സംസാരിച്ചുകാണുന്നില്ല. സാംസ്കാരികമായ വിദ്യാഭ്യാസത്തിനുപകരം സംസ്കാരമില്ലാത്ത വിദ്യാഭ്യാസമാണു വലിയവിലകൊടുത്ത് നേടിയെടുക്കുന്നത്. ഇത്തരം തലതിരിഞ്ഞ കേവലം ഒരു ജോലിയെന്ന ലക്ഷ്യം മാത്രം പേറുന്ന വിദ്യാഭ്യാസം എല്ലാത്തരക്കാർക്കും നേടിക്കൊടുക്കുന്നതിൽ മാത്രം ശ്രദ്ധകാട്ടുന്ന കാശിന് ആർത്തിമൂത്ത കുത്തക മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഭരണാധികാരികളും സാമാന്യമനസ്സുകളെ മാസികമായും സാമുദായികമായും ഭിന്നിപ്പിച്ചു നിർത്താൻ കൂടി മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസമുള്ള "ഭീകരന്മാർ" കഴുത്തറുത്തു തുടങ്ങുന്നത് അങ്ങനെയാണ്. എന്തൊക്കെ അഴിമതിയും വൃത്തികേടും നടത്തിയാലും ഉദ്യോഗസ്ഥരെ താങ്ങിനിർത്തുന്ന ശാപയൂണിയനുകൾ കൂടിയാകുമ്പോൾ ചിത്രം ഏകദേശം പൂർത്തിയാവുന്നു. തൊഴിലെടുപ്പിക്കുന്നതിലല്ല തൊഴിൽ മുടക്കുന്നതിലാണ് ഇത്തരക്കാർക്കു കൂടുതൽ താൽപ്പര്യം.

   രാജ്യത്തിന്റെ പുരോഗതിയും നിലവിലെ സംവിധാനങ്ങളുടെ വികസനവും സ്വപ്നം പോലും കാണാത്ത ഭരണാധികളോട് ഇനിയുള്ള കാര്യങ്ങൾ ഇപ്പോൾ പറഞ്ഞാൽ എത്രകണ്ട് കാര്യമുണ്ടാവുമെന്ന് സംശയമുണ്ട്. ഭാഗ്യമെന്നു പറയട്ടെ കേരളത്തിലെ രണ്ടു മന്ത്രിമാർ ഇക്കാര്യങ്ങൾ കേൾക്കാനും അതിൽത്തന്നെ ഒരാൾ ഏതാണ്ട് പതിനഞ്ചു മിനിട്ടോളം സംസാരിക്കാനും തയ്യാറായി. ജനസമ്മതനായ അല്ലെങ്കിൽ അങ്ങനെ സ്വയം അവകാശപ്പെടുന്ന ഒരു മന്ത്രിയാവട്ടെ തിരക്കാണെന്നു പറഞ്ഞൊഴിഞ്ഞു. ഈ കാര്യങ്ങൾ ഇപ്പോൾ സംസാരിച്ചാൽ ശരിയാവില്ലെന്നു കരുതിക്കാണും. ശരിയാണ്, ഒരമ്പതുകൊല്ലം കഴിഞ്ഞ് പറയുന്നതാവും നല്ലത്.

   കന്യാകുമാരിമുതൽ മംഗലാപുരം വരെ നീണ്ടുകിടക്കുന്ന എട്ടുവരിപ്പാതയും മെട്രോറെയിലും സർക്കാർഖജനാവിൽനിന്ന് ഒരുരൂപാപോലും ചെലവഴിക്കാതെ പൊതുജനങ്ങളിൽ നിന്ന് ഒറ്റരൂപാ ടോൾപിരിക്കാതെ, ഒരാളുടെപോലും എതിർപ്പു നേരിടാതെ, ശ്രമിച്ചാൽ മൂന്നു വർഷത്തിനുള്ളിൽ നടപ്പിലാക്കാൻ കഴിയുമെന്ന് ഇപ്പോൾപ്പറഞ്ഞാൽ ചിലരെങ്കിലും ഭ്രാന്തനെന്നു വിളിച്ചേക്കാം. പക്ഷേ ലോകമെന്നാൽ കേരളം മാത്രമല്ലെന്ന് തിരിച്ചറിയുന്നവർക്കു പക്ഷേ വിശ്വസിക്കാൻ പ്രയാസമുണ്ടാവില്ല. റോഡുമാത്രമല്ല നഷ്ടത്തിലെന്ന് നമ്മൾ അവകാശപ്പെടുന്ന കെ.എസ്.ഇ.ബി.യും കെ എസ് ആർ ടി സി.യും എല്ലാം ലാഭകരമായി മാറ്റാൻ, ഇന്ത്യൻ രൂപയുടെ മൂല്യം അനുദിനം തകരുന്നതിൽ നിന്ന്  മൂല്യവളർച്ച നിഷ്പ്രയാസം നേടാൻ, അങ്ങനെ എല്ലാറ്റിനും ഒറ്റമൂലിയുള്ള നമ്മുടെ നാട്ടിൽ ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ഉണ്ടായാൽ മാത്രം മതി. ഒരുപകാരവുമില്ലാതെ ശകുനംമുടക്കിയായി നിൽക്കുന്ന ചില അനാവശ്യ നിയമങ്ങളിൽ ഭേദഗതി വരുത്തുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. അത്തരം ചില നിയമങ്ങൾ ഇത്തരം പദ്ധതികളെ ഗർഭത്തിൽത്തന്നെ കൊന്നുകളയുന്നുണ്ട്.

   സൗദി-ബഹറൈൻ പാലമുൾപ്പടെ (ആ പാലത്തിലൂടെ സഞ്ചരിച്ചിട്ടുള്ളവർക്ക് അതിലെ സൗകര്യങ്ങളെ കൂടുതൽ വിശദീകരിക്കാനാവും, കേവലം പതിട്ടുമാസം മാത്രമാണ് അതിന്റെ ഇലക്ട്രിക്കൽ ലേയൗട്ട് വർക്കുകളുൾപ്പടെ ആവശ്യമായി വന്നതെന്നുകൂടി ചേർത്തു വായിക്കുക) ഇരുപതോളം രാജ്യങ്ങളിലെ വൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ച ടി.കെ. രവിനാഥൻപിള്ള കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന കൈരളിനെറ്റ് എന്ന വാർത്താമാസികയിൽ ഇതേക്കുറിച്ച് വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. കന്യാകുമാരി മുതൽ മംഗലാപുരം വരെയുള്ള എട്ടുവരി കോൺക്രീറ്റുപാത നിർമ്മിക്കുക. അടുത്ത നൂറു വർഷത്തേക്ക് മെയിന്റനൻസ് ആവശ്യമുണ്ടാവില്ലെന്നു മാത്രമല്ല  നാലുവരികളെ വേർതിരിച്ചുകൊണ്ട് രണ്ടുവരി മെട്രോ റയിൽ പദ്ധതിയും നടപ്പിലാവും. അതതു ദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിന് ഇതു സഹായകമാകും. ഇതര ഗതാഗത, വ്യാപാര, ജീവിത സമ്പ്രദായങ്ങൾ പരസ്പരം ബന്ധിക്കപ്പെടും. ടയർ മൈലേജ് 50% കൂടും, വാഹനത്തിന്റെ കേടുപാടുകൾ കുറയും, ടയർബ്ലാസ്റ്റ് മൂലമുണ്ടാവുന്ന അപകടങ്ങൾ ഗണ്യമായി കുറയുകയും ചെയ്യും. ഹൈടെക് റോഡിൽ സ്ഥാപിക്കുന്ന 20000ത്തിലധികം വരുന്ന എൽ.ഇ.ഡി പരസ്യബോർഡുകൾ റോഡുനിർമ്മാണത്തിനാവശ്യമായ തുക സംഘടിപ്പിച്ചുതരും. അവയ്ക്കാവശ്യമായ വൈദ്യുതി സൗരോർജ്ജമുപയോഗിച്ച് ഉൽപ്പാദിപ്പിക്കും.

  പ്രധാനമായും ഇതിനൊക്കെ തടസ്സമാകുന്നത് സർക്കാരുകൾ കാലാകാലം ജനങ്ങൾക്കു നൽകിയ പാഴ്‌വാഗ്ദാനങ്ങളും ഉറപ്പുകളുമാണ്. ഓരോ പദ്ധതികളും നടപ്പിലാവുമ്പോൾ ഒഴിച്ചുമാറ്റപ്പെടുന്നവരുടെ അവസ്ഥ മനസ്സിലാക്കാതെ കണ്ണടക്കുന്ന ഭരണ സംവിധാനങ്ങൾ ശാപം തന്നെയാണ്. അതുകൊണ്ടുതന്നെ ആദ്യം നടപ്പിലാവേണ്ടതും തീരദേശത്തുള്ളവരുടെ പുനരധിവാസമാണ്. തീരത്തു നിന്ന് ഒരുകിലോമീറ്ററിനുള്ളിൽ ഹൈടെക് ഗ്രാമങ്ങൾ നിർമ്മിക്കണം. പൊളിഞ്ഞകൂരകളിൽ അന്തിയുറങ്ങുന്ന തൊഴിലാളികൾ ആ ഫ്ലാറ്റുകളിൽ സുരക്ഷിതരായിരിക്കും. അവരുടെ വള്ളവും വലയും മറ്റെല്ലാ സംവിധാനങ്ങളും റഡാർ സംവിധാനത്തിൽ സംരക്ഷിക്കപ്പെടും. കൂട്ടത്തിൽ കടലിൽ നിന്നുള്ള തീവ്രവാദ പ്രവർത്തനങ്ങളും തടയപ്പെടും. ഈ  താമസ സംവിധാനം ആദ്യംതന്നെ നടപ്പിലാക്കിയാൽ ഒരൊഴിപ്പിക്കലിന്റെ ആവശ്യം സ്വപ്നം മാത്രമാവും. പാത വികസനത്തിനായി തെക്കുവടക്ക് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾക്കുപയോഗിക്കുന്ന തുകയുടെ ചെറിയൊരു ശതമാനം മതി ഈ ഭവനപദ്ധതി നടപ്പിലാക്കാൻ.

  അൻപതു വർഷമെങ്കിലും പിന്നിൽ ജീവിക്കുന്ന നമ്മുടെ ഭരണാധികാരികൾക്ക് ഇതു സങ്കൽപ്പിക്കാൻ പോലും പ്രയാസം കാണും. പക്ഷേ വികസിത രാജ്യങ്ങൾ സമയബന്ധിതമായി ഇത്തരം ഹൈടെക് വിദ്യകൾ ഉദ്ദേശിക്കുന്ന തുകയിൽ തീരുമാനിച്ച വിധത്തിൽ പൂർത്തീകരിക്കുമ്പോൾ അവയിലെല്ലാം തന്നെ തലയുള്ള ഒരു മലയാളിമണമെങ്കിലും ഉണ്ടാവുമെന്നത് നാം ഓർക്കുന്നതു നന്നാവും.

Thursday

വീണ്ടും ഒരു മന്തു വിശേഷം

   മരുന്നുകമ്പനികൾക്ക് വീണ്ടുമൊരു മന്തിൻ വസന്തം! കുട്ടികളുടെ പരീക്ഷയൊക്കെക്കഴിഞ്ഞ് എല്ലാ കെട്ടുപാടുകളിൽ നിന്നും മാറിനിന്ന് രണ്ടാഴ്ച ചെലവിടാമെന്നു കരുതി  കെട്ടിയവളേം കുട്ടിയോളേം കൂട്ടി നാട്ടിലെത്തിയതാണ്. പടപേടിച്ചു പന്തളത്തു ചെന്നപ്പം പന്തം കൊളുത്തിപ്പട എന്നു പറഞ്ഞപോലെ തെരക്കോടു തെരക്ക്! ഇതിനാണെങ്കിൽ ഇങ്ങോട്ടു വരേണ്ടിയിരുന്നില്ലെന്നുതന്നെ തോന്നിപ്പോയി. ഒരു കല്യാണം കൂടിയിട്ട് വീട്ടിൽ വന്നുകേറിയപ്പൊ അവിടെയാണു വിശേഷം!

   അത്യാവശ്യം വലിപ്പമുള്ള ബാഗുകളും തൂക്കി വീടുവീടാന്തരം കയറിയിറങ്ങുന്ന രണ്ടു മഹിളാമണികൾ വീട്ടിലുമെത്തിയിരിക്കുന്നു. രണ്ടുകൊല്ലം മുമ്പ് മലപ്പുറത്തുവച്ചു പരിചയപ്പെട്ട സംഗതികളിൽ ഒരെണ്ണത്തെ പെട്ടെന്നുതന്നെ തിരിച്ചറിയാനായി. വായനക്കാർക്കു സംഗതി പിടികിട്ടിയില്ലെന്ന് എനിക്കറിയാം ചിലകാര്യങ്ങൾ രണ്ടാമതും പറയേണ്ടിവരുമ്പോൾ അൽപ്പം മുഖവുരയുണ്ടെങ്കിൽ നന്നാവുമെന്നുകരുതിയതാണ്. നമുക്കു വിഷയത്തിലേക്കു വരാം.

മോശമാണെന്നു ഞാൻ പറയില്ല. പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയിട്ട് തിന്നാൻ കൊടുത്താൽ പോരേ? അഥവാ പരിശോധിച്ചിട്ടുണ്ടെങ്കിൽ അതൊന്നു പരസ്യപ്പെടുത്തിക്കൂടേ..?

   2010ൽ വളരെ ആഘോഷപൂർവ്വം അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതിടീച്ചർ കഴിക്കാതെ മറ്റുള്ളവർക്കു കഴിക്കാൻ ഉദ്ഘാടനം ചെയ്തുകൊടുത്ത മന്തുഗുളികയെക്കുറിച്ചാണു പറഞ്ഞുവരുന്നത്. സംസ്ഥാനത്തെ കോടിജനങ്ങൾക്കു മന്തിനെതിരേ പ്രതിരോധമെന്നു പ്രചരിപ്പിച്ച് തിന്നാൻ കൊടുത്ത മന്തുഗുളികകൾ ഒരുകോടിയിലധികം ജനങ്ങൾ തിന്നുകഴിഞ്ഞപ്പോഴാണ് അവയ്ക്ക് ഗുണനിലവാരമുണ്ടോ എന്നു പരിശോധിക്കാൻ ആരോഗ്യവകുപ്പിനു തോന്നിയത്. ഗുണമേന്മയില്ലാത്ത തിന്നാൻ കൊള്ളാത്ത മരുന്നാണു വിതരണം നടത്തുന്നതെന്നു മനസ്സിലായതിൽ തുടർന്ന് ആ മരുന്നുകൾ പിൻവലിക്കാനും തയ്യാറായിരുന്നു (ഇതു സംബന്ധിച്ച് അന്നെഴുതിയത് ഇവിടെ വായിക്കാം).

  കേരളത്തിലെ "വിവരമില്ലാത്ത" ജനങ്ങൾക്കു തിന്നാൻ കൊടുക്കുന്നതിനു മുമ്പ് അവയ്ക്ക് ഉദ്ദേശിച്ച ഗുണമേന്മയുണ്ടായിരുന്നോ എന്ന്പരിശോധിക്കേണ്ടിയിരുന്നില്ലേയെന്നു ചോദിക്കരുത്. മരുന്നുകമ്പനികൾ പറയുന്നത് അപ്പടി വിശ്വസിക്കാൻ അധികാരികൾ തയ്യാറാവുമ്പോൾ, അല്ലെങ്കിൽ കണ്ണടച്ചിരുട്ടാക്കുമ്പോൾ ആ ചോദ്യത്തിനു പ്രസക്തിയില്ല. ആരോഗ്യമന്ത്രിക്ക് അന്നു സംശയമുണ്ടായിരുന്നതുകൊണ്ടായിരിക്കണം, അല്ലെങ്കിൽ അറിയാമായിരുന്നിരിക്കണം. അതുകൊണ്ടാവണം അന്ന് അവർ ഉദ്ഘാടനവേദിയിൽ ഒളിച്ചുകളിച്ചത്.

   തമിഴ്‌നാട് ഫോര്‍ട്സ് ഇന്ത്യാ ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നു വാങ്ങിയ എസ്.0042 ബാച്ചിലെയും, ഡീപ് ഇന്‍ ഫാര്‍മസ്യൂട്ടിയ്ക്കല്‍‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നു വാങ്ങിയ 8008,8009 ബാച്ചിലെയും മരുന്നുകളാണ് അന്നു കൂടുതലും പാവം ജനത്തിനു തിന്നാൻ കൊടുത്തതും അവതന്നെയാണ് ഡ്രഗ് ടെസ്റ്റിംഗ് ലാബിൽ യാതൊരു ഗുണവുമില്ലാത്തതെന്നു തെളിഞ്ഞതും പിൻവലിച്ചതും. ഫോർട്സ് ഇന്ത്യാ ലബോറട്ടറീസിന്റെ തന്നെ Diethylcarbamazine IP 100 mg. ടാബ്ലറ്റുകളാണ് ഇക്കുറി വിതരണം ചെയ്യുന്നത്. പ്രസ്തുത കമ്പനിയും ആരോഗ്യവകുപ്പും തമ്മിലെന്താണ് ഇത്ര ബന്ധമെന്ന് മനസ്സിലാവുന്നില്ല.

    കോടിയിലധികം ജനങ്ങൾ കഴിച്ചതിനു ശേഷം ഗുണമേന്മാ ടെസ്റ്റു നടത്തി കഴിച്ചവരെ പൊട്ടന്മാരാക്കുന്നതിനുമുമ്പ്, തിന്നാൻ കൊടുക്കുന്നതിനുമുമ്പ് പരിശോധിച്ച് അതിന്റെ ഗുണമേന്മ പൊതുജനത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്. മുമ്പുണ്ടായ അനുഭവം ജനം മറന്നുപോയിട്ടുണ്ടാവുമെന്നു കരുതുന്നുത് വിഡ്ഢിത്തരമാണ്. നേരത്തേ മോശം മരുന്നു വിതരണം ചെയ്ത കമ്പനിതന്നെ വീണ്ടും വിതരണം നടത്തുമ്പോൾ പ്രത്യേകിച്ചും. അല്ലെങ്കിൽ മരുന്നുകമ്പനിയുടെ കോടികൾക്കു വേണ്ടി കേരള ജനതയെ കുരുതികൊടുക്കുകയാണെന്നു പറയേണ്ടിവരും.

ഒരു സംശയം; പ്രതിരോധശേഷി സ്വയം ആർജ്ജിക്കുന്നതാണോ കൃത്രിമമായി ഉണ്ടാക്കിയെടുക്കേണ്ടതാണോ..? ഏതാണു ശരി...?

Monday

കോരനു കുമ്പിളും അന്യമാകുന്നു



   ലീഗൽ മെട്രോളജി വകുപ്പിനെതിരേയുള്ള അന്വേഷണ റിപ്പോർട്ട് സുതാര്യകേരളം ഓഫീസിൽ നിന്ന് അപ്രത്യക്ഷമായി

  2002ൽ മലപ്പുറം ജില്ലയിൽ നിന്നും ലീഗൽ മെട്രോളജി വകുപ്പ് കുടിശ്ശിഖ എന്ന പേരിൽ ഓട്ടോറിക്ഷാ തൊഴിലാളികളിൽനിന്ന് അനധികൃതമായി വൻതുക ഈടാക്കിയ നടപടിക്കെതിരേ ഡ്രൈവേഴ്സ് വെൽഫെയർ സൊസൈറ്റി സുതാര്യ കേരളത്തിനു നൽകിയ പരാതിയുടെ തുടർനടപടികളുടെ ഭാഗമായി സുതാര്യ കേരളത്തിന് ലീഗൽ മെട്രോളജി വകുപ്പ് നൽകിയ അന്വേഷണ റിപ്പോർട്ടാണ് സുതാര്യകേരളം ഓഫീസിൽ നിന്ന് അപ്രത്യക്ഷമായത്. 1992ലാണ് മലപ്പുറം ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ നിയമം മൂലം ഫെയർമീറ്റർ നിർബ്ബന്ധമാകുന്നതെങ്കിലും ഇതു നടപ്പിൽ വരുത്താൻ അധികാരികൾക്കു സാധിച്ചിരുന്നില്ല. 2002ൽ ഇതു കർശനമായി നടപ്പിൽ വരുത്തുന്നതിന് അധികാരികൾ തീരുമാനിച്ചതോടെയാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ തലതിരിഞ്ഞ കുടിശ്ശിഖ പിരിച്ചെടുക്കൽ നടന്നത്. പുതുതായി മീറ്റർ സ്ഥാപിച്ച ഓട്ടോറിക്ഷകളായാലും പെർമിറ്റ് ലഭ്യമായ കാലം മുതലുള്ള കുടിശ്ശിഖ അടക്കണമെന്നതായിരുന്നു ആവശ്യം. ഓട്ടോതൊഴിലാളികളിൽ നിന്ന് നിയമ വിരുദ്ധമായി പിഴ ഈടാക്കിയ ഈ സംഭവം അന്ന് വിവാദം സൃഷ്ടിച്ചിരുന്നു. കേവലം 45 രൂപമാത്രം ഈടാക്കേണ്ട സ്ഥാനത്ത് 200 മുതൽ 2000 രൂപവരെയാണ് അധികൃതർ അനധികൃതപിഴയായി ഈടാക്കിയത്.

  ജില്ലാ ട്രേഡ്‌യൂണിയൻ നേതാക്കന്മാരും ഭരണകർത്താക്കളും തമ്മിൽ നടത്തിയ ചർച്ചകൾക്കു ഫലം കണ്ടിരുന്നില്ല. പിഴയടക്കാനാവശ്യപ്പെട്ട സംഖ്യ തവണകളായി അടയ്ക്കാമെന്ന തീരുമാനമാണ് അന്നു ചർച്ചയ്ക്കിരുന്ന രാഷ്ട്രീയ നേതാക്കന്മാർ സമ്പാദിച്ചത്.  അന്യായമായാണ് തുകയീടാക്കിയതെന്നു സ്ഥാപിയ്ക്കാൻ അവർക്കു സാധിച്ചില്ല. തുടർന്ന് ഡ്രൈവേഴ്സ് വെൽഫെയർ സൊസൈറ്റി എന്ന സംഘടന ലീഗൽ മെട്രോളജി – മോട്ടോർവാഹന വകുപ്പുകളെ എതിർകക്ഷികളാക്കി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനെതുടർന്ന് 2009 ഫെബ്രുവരി 12ന് കുടിശ്ശിഖ ഈടാക്കാൻ പാടില്ലായെന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചു. തുടർന്ന് നിയമവിരുദ്ധമായി ഈടാക്കിയ പണം തിരികെനൽകണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സംഘടനാ പ്രസിഡന്റും ബ്ലോഗറുമായ മുജീബ്റഹ്മാൻ പത്തിരിയാൽ ലീഗൽ മെട്രോളജി കണ്ട്രോളർക്കു നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും മറുപടികാണാത്തതിനാൽ വിവരാവകാശ കമ്മീഷനിൽ അപ്പീൽ നകുകയും അപ്പീൽ പരിഗണിച്ച കമ്മീഷൻ 2009 ജൂലൈ 16ന് വിവരം നൽകാൻ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥന് 20000/ രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥൻ തന്നെയാണ് ഇപ്പോൾ ലീഗൽ മെട്രോളജി കണ്ട്രോളർ സ്ഥാനം അലങ്കരിക്കുന്നതെന്നതാണ് പുതിയ വിവരം.

 
  ജില്ലയിലെ ഓട്ടോ തൊഴിലാളികളിൽ നിന്ന് അധികം ഈടാക്കിയ പണം തിരികെ ലഭിക്കാനും ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാനും ലീഗൽ മെട്രോളജി വകുപ്പ് തുടർന്നും തയ്യാറാവാത്തതിനെത്തുടർന്ന് ശ്രീ മുജീബ്റഹ്മാൻ മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിലേക്കു പരാതിയയച്ചു. പരാതി പരിശോധിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ടവർ അതു ശ്രദ്ധിച്ചില്ല. അദ്ദേഹത്തിന്റെ വിവരാവകാശ നിയമപ്രകാരമുള്ള ഇടപെടലുകൾ കാരണമായി ആറുമാസങ്ങൾക്കു ശേഷം അന്വേഷണ റിപ്പോർട്ട് തയ്യാറായെങ്കിലും അതു പരാതിക്കാരന് അനുകൂലമായതിനാൽ മുഖ്യമന്ത്രിക്ക് നൽകിയിരുന്നില്ല. ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ ഘടിപ്പിക്കുമ്പോൾ അത് ലീഗൽ മെട്രോളജി ഓഫീസിൽ കൊണ്ടുവന്ന് ഒരു വർഷത്തേക്ക് സീൽ പതിക്കാറാണു പതിവെന്നും ഓരോ വർഷവും പുതുക്കി സീൽ ചെയ്യാത്തവർക്കാണു പിഴ ചുമത്തേണ്ടതെന്നും എന്നാൽ ഇക്കാര്യങ്ങളൊന്നും പ്രസ്തുത വിഷയത്തിൽ പാലിച്ചുകണ്ടില്ലെന്നും ഇതു തികച്ചും നിയമവിരുദ്ധവും ഒരുതരത്തിലും ന്യായീകരിക്കാൻ ആവാത്തതുമാണെന്ന് ലീഗൽ മെട്രോളജി ഉത്തരമേഖലാ ഡെപ്യൂട്ടി കണ്ട്രോളർ പി. ബാബുരാജ് സംസ്ഥാന കണ്ട്രോളർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടാണ് അന്ന് മുഖ്യമന്ത്രിക്ക് കൈമാറാതിരുന്നത്.

  വിവരാവകാശ നിയമപ്രകാരം പരാതിക്കാരൻ നേടിയെടുത്ത പ്രസ്തുത റിപ്പോർട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതിക്കാരൻ തന്നെ നേരിട്ട് അയച്ചുകൊടുക്കുകയും നടപടിയെടുക്കാനാവശ്യപ്പെടുകയും ചെയ്തിരുന്നു. 26585/2010 നമ്പരായി ഫയൽചെയ്ത അതിന്റെ തുടർ നടപടികളുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് നൽകിയ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ സുതാര്യകേരളം ഓഫീസിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 13ന് വിവരാവകാശ പ്രവർത്തകർ നടത്തിയ സുതാര്യകേരളം ഓഫീസിലെ നേരിട്ടുള്ള അന്വേഷണത്തിലാണ് റിപ്പോർട്ട് അപ്രത്യക്ഷമായതറിയുന്നത്. ഭരണമാറ്റമാണ് അതിനു കാരണമായി അവർ പറയുന്നത്.

  നിയമവിരുദ്ധമായി ഓട്ടോത്തൊഴിലാളികളിൽനിന്ന് ഈടാക്കിയ പിഴസംഖ്യ തിരിച്ചു നൽകാതിരിക്കാനും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കാനുമുള്ള ആസൂത്രിത ശ്രമമാണ് പ്രസ്തുത റിപ്പോർട്ടിന്റെ അപ്രത്യക്ഷമാകലിനു കാരണമായി കരുതുന്നത്. കേവലം പോസ്റ്റുമാന്റെ പണിയെടുക്കുന്ന ഓഫീസായി മാത്രം സുതാര്യകേരളം ഓഫീസ് മാറിപ്പോകുന്നുണ്ടോ എന്ന സംശയമാണ് ഈയുള്ളവനിപ്പോൾ. ഏതായാലും പൊതുജനങ്ങൾക്ക് ഏറെ ഉപകാരമാവും എന്നു കരുതി നടപ്പിൽ വരുത്തിയ വളരെ പ്രധാനപ്പെട്ടതെന്നു സർക്കാർ വിശേഷിപ്പിക്കുന്ന സുതാര്യകേരളം പദ്ധതിയാണ് ഉദ്യോഗസ്ഥലോബിയുടെ കെടുകാര്യസ്ഥതയിൽ മാനഹാനി നേരിടുന്നത്.

Tuesday

ബാക്കിപത്രം

ആത്മാവിനോടു പറഞ്ഞൂ ഞാനും
ആനന്ദിച്ചു നടന്നീടാൻ, പിന്നെ
ആലോചനാശേഷി നശിച്ചവർക്കും
ആലംബമറ്റവർക്കും ആധാരമാകാൻ
അതുകാരണമായെങ്കിലോ...

അഞ്ചാമനെക്കാത്തിരുന്നുഞാനും
അഞ്ചായറുത്ത നേരമോളം
ശേഷവും കാത്തിരിക്കയാണ്
തഞ്ചത്തിലൊത്തുവന്നെങ്കിലോ
അഞ്ചു തടഞ്ഞീടുമല്ലോ...

അറക്കപ്പെട്ടവന്റെ നിലവിളി
കൊലവിളിക്കുന്നവർക്കു ഹരമാവും
നേരേവിളികേൾപ്പാൻ സമയമില്ല
പിന്നെ, വിദൂരവിളിയാളം
കറക്കിയിട്ടെന്തുകാര്യം വ്യഥാ.....

ദൈവമുണ്ടോന്നു സംശയം ഇതു
ദൈവത്തിൻ നാട്ടിൽ നടപ്പതെങ്ങനെ?
അഞ്ചാമനിൽ മുങ്ങിയ രോദനത്തിലും
അലിയാമനമുള്ളവനോ, നിന്റെ
ജീവനെടുക്കാൻ കൂട്ടുനിൽക്കയോ...

ഇതു ദൈവത്തിന്റെ സ്വന്തം നാട്
ദൈവദൃഷ്ടി പതിയാത്തനാട്
പേരു മനുഷ്യൻ ! പക്ഷേ
സ്നേഹിക്കാൻ മനസ്സില്ലാത്തവൻ
ക്രൂരനെന്നു ചൊന്നാലും കുറച്ചിലാകും

നിന്റെ ജീവനിൽ വിലയിടാത്തവർ
നിനക്കുവേണ്ടി നിലവിളിക്കുമ്പോൾ
നീയതുകണ്ടു ചിരിക്കണം
കാലം ചെയ്ത നിലവിളിക്കെന്തർത്ഥം
കാര്യമില്ലാത്തൊരു ഭാഷണം മാത്രം...

നിന്റെ കഴുത്തിൽ കത്തിവച്ചവർ, സ്വന്തം
ചോരതൻ കഴുത്തിൽ ചുംബിക്കുമ്പോൾ
ചിന്തയിൽ പൊന്തുന്നതെന്താവാം
നിന്റെ രോദനം കേൾക്കാതെ പോയവർ
തൻ കുരുന്നിൻ കരച്ചിലാറ്റീടുമോ...

സ്നേഹിച്ചുപോയതാണു കുറ്റം
സ്നേഹിക്കാൻ മറന്നവർക്കെങ്കിലും
പാഴായ പോളപോൽ ജീവിതം, പിന്നെ
ജീവിച്ചുതീർക്കുവോർക്കെന്തു നേട്ടം
ജീവനെക്കാക്കാനോട്ടം മാത്രവും...

പേരുകൊണ്ടുത്തമനാണു താനും
പേരുമാത്രമാണുള്ളതെങ്കിലും
നേരൽപ്പമില്ലാത്തതു കഷ്ടമേലും
വീരനാണെന്നു ചൊല്ലും
ഞാനുമവനും പിന്നെയും...

തീരാദുരിതമാണവർക്കു സമ്മാനം
നീയോകയറും വിമാനം
അപരന്നുനൽകും സുഖവാസവും
ഇരന്നുവാങ്ങിയനാണയംകൊണ്ട്
പിന്നെയിരുന്നുണ്ണാൻ മടിയെന്തിന്...

കാലത്തെപ്പഴിവേണ്ടാ,
കണ്ണുതുറക്കാഞ്ഞാലിതുതാൻ പഥ്യം
കണ്ണടച്ചിരുട്ടാക്കുന്നതുമുഖ്യവും
തുറന്നിട്ടും കാര്യമില്ലല്ലോ
വല്ലതും കാണാനകക്കണ്ണുവേണ്ടേ...

കമ്മീഷണർ പദവിയ്ക്ക് അപ്പീലില്ല!

വിവരാവകാശ നിയമം നടത്താൻ വിവരമില്ലാത്ത നിയമനങ്ങൾ!!

   ഭരിക്കപ്പെടുന്ന ജനത്തോട് സമാധാനം പറയാൻ ബാധ്യതപ്പെട്ടതും പൊതുസ്ഥാപനങ്ങളിലെ അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ് വിവരാവകാശ നിയമം-2005.

   വിവരാവകാശപ്രവർത്തകരും വിവരം അന്വേഷിക്കുന്നവരും നീതിയും നിയമവും സത്യസന്ധമായി നടപ്പിൽ വരണമെന്നാഗ്രഹിക്കുന്നവരും ഏറ്റുപറയുന്ന വാചകമാണു മുകളിൽ കൊടുത്തിരിക്കുന്നത്. വിവരങ്ങൾ നൽകേണ്ടവരും നീതിനിയമങ്ങൾ നടപ്പിലാക്കേണ്ടവരും സൗകര്യപൂർവ്വം വിസ്മരിക്കുന്നതും കണ്ടില്ലെന്നു നടിക്കുന്നതും ഇതേ വാചകം തന്നെ. സാധാരണഗതിയിൽ സംഭവിക്കാറുള്ളതുപോലെ ഈ നിയമവും ഉണ്ടാകുന്നത് സുപ്രീം കോടതിയുടെ ഇടപെടൽ കൊണ്ടാണ്. അറിയാനും വിവരങ്ങൾ ശേഖരിക്കാനുമുള്ള അവകാശം (19(1)A) ഭരണഘടനാപരമായി പൗരന്റെ അവകാശങ്ങളിലൊന്നാണ്. ഇതുമായി ബന്ധപ്പെട്ട് 2002ൽ പാസ്സാക്കിയ വിവര സ്വാതന്ത്ര്യ നിയമത്തെ അന്നത്തെ രാഷ്ടസേവകർ ഗർഭഛിദ്രം ചെയ്തുകളഞ്ഞു. പിന്നെയാണ് വിവരാവകാശനിയമം 2005 മെയ് മാസത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ചേർന്ന് പാസ്സാക്കിയത്. 2005 ഒക്ടോബർ 12ന് പ്രാബല്യത്തിൽ വന്ന ഈ നിയമത്തെ (Right to Information Act 2005) ഗർഭവധം നടത്താൻ കഴിയാത്ത രാജ്യത്തെ ജനപാലകർ ശ്വാസംമുട്ടിച്ചും പട്ടിണിക്കിട്ടും കൊല്ലാക്കൊലചെയ്യുന്നുവെന്നത് ഇത്തരക്കാരുടെ സേവനമനസ്സിന്റെ നേർക്കാഴ്ചയെ തുറന്നുകാണിക്കുന്നു.

  സോണി തെങ്ങമം പാപ്പരാണെന്നു തെളിയിക്കുന്ന അദ്ദേഹത്തിന്റെതന്നെ സാക്ഷ്യം

   സർക്കരാപ്പീസുകൾ കയറിയിറങ്ങി ഉദ്യോഗസ്ഥപ്രഭുക്കളുടെ രൂക്ഷവും പരുഷവുമായ നോട്ടത്തിനും വാക്കുകൾക്കുമിടയിൽ വിയർത്തുകുളിച്ചുകൊണ്ടിരുന്ന സാധാരണക്കാരന് ഈ നിയമം ആശ്വാസക്കടലായിയെന്നത് നിഷേധിക്കാൻ കഴിയാത്തതാണ്. വിദ്യാസമ്പന്നരെന്നും ഭേദപ്പെട്ട ജനസേവകരെന്നും കേൾവികേട്ട കേരളസമൂഹത്തിലും ഉദ്യോഗസ്ഥരുടെ നിർഭാഗ്യം കൊണ്ട് ഈ നിയമം നടപ്പിലായിപ്പോയി. തങ്ങൾ കാണാനും കേൾക്കാനും കൈകാര്യം ചെയ്യാനും ഇഷ്ടപ്പെടാതെ ചുവപ്പുനാടയെന്ന സാങ്കേതികമുടക്കത്തിൽ തളച്ചിട്ട ഫയലുകൾ പൊടിതട്ടിയെടുക്കേണ്ടിവന്നു. അഴിമതി നടത്തുമ്പോൾ അവർക്ക് അൽപ്പം ആലോചിക്കേണ്ടതായും വന്നു. അതുകൊണ്ടുതന്നെ ഇന്ത്യകണ്ട ഏറ്റവും ജനോപകാരപ്രദമായ നിയമത്തെ കശാപ്പു ചെയ്യാനും വരിഞ്ഞുകെട്ടാനും കഴിയുമെങ്കിൽ കൊന്നുകളയാനും ഭരണസാരഥികളെത്തന്നെ കൂട്ടുപിടിച്ച് ഇവിടെയും ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിയമമനുശാസിക്കുന്ന യാതൊരു യോഗ്യതയുമില്ലാത്തവരെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ നിയമിയ്ക്കുന്നതിലൂടെ പ്രസ്തുത നിയമത്തെ വ്യഭിചരിച്ചുകൊണ്ട് നമ്മുടെ ഭരണാധികാരികൾ ആനന്ദനൃത്തം ചെയ്യുന്നു. ഭരിക്കപ്പെടുന്ന പൊതുജനത്തിന്റെ ആവലാതികൾക്ക് ഇവിടെ കാലണയുടെ വിലപോലും കൽപ്പിക്കപ്പെടുന്നില്ല.

   ഒന്നര ലക്ഷത്തോലം രൂപ മാസശമ്പളം കൈപ്പറ്റുന്ന ഇക്കൂട്ടർ ഒന്നര പരാതികൾപോലും പ്രതിമാസം തീർപ്പാക്കുന്നില്ലയെന്നിടത്താണ് ഇവരുടെ സേവനസന്നദ്ധത മനസ്സിലാക്കേണ്ടത്. കാലാവധി പൂർത്തിയാക്കുന്ന കർഷക കടാശ്വാസ കമ്മീഷൻ മാസംതോറും തീർപ്പാക്കിയിരുന്നത് അയ്യായിരത്തിലധികം പരാതികളായിരുന്നുവെന്നത് ഇതിനോടു ചേർത്തു വായിക്കാം. അതായത് പ്രതിദിനം 160നു മേലെ പരാതികൾക്ക് അവർ തീർപ്പു കൽപ്പിച്ചിരുന്നു. ഇവിടെയാണ് ഒന്നരലക്ഷം പറ്റുമ്പോൾ ഒന്നരപ്പരാതിപോലും സംസ്ഥാനവിവരാവകാശ കമ്മീഷണർമാർ തീർപ്പാക്കുന്നില്ലെന്നതിനു പ്രസക്തി വർദ്ധിക്കുന്നത്. നൂറുകണക്കിനു ഫയലുകളാണ് കമ്മീഷണർമാർ വശം കെട്ടിക്കിടക്കുന്നത്. . http://keralasic.gov.in എന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ വെബ് സൈറ്റിൽ ഓരോകമ്മീഷണർമാർ എത്രകേസുകൾ തീർപ്പാക്കിയെന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

   വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ബാലപാഠങ്ങൾപോലും വശമില്ലാത്തവരാണ് വിവരാവകാശ കമ്മീഷണർമാരിൽ ചിലരെങ്കിലും, മിക്കവരും ഈ പദവിയിൽ ഇരിക്കാൻ യോഗ്യതയില്ലാത്തവരും. രാഷ്ട്രീയക്കാരും ശാരീരികാസ്വസ്ഥതയുള്ളവരും (സെക്ഷൻ 17(3)b) പാപ്പരായവരുമൊന്നും (സെക്ഷൻ 17(3)a) വിവരാവകാശ കമ്മീഷണർമാരായി നിയമിക്കപ്പെടാൻ പാടില്ലെന്നതാണു നിയമം. സംസ്ഥാന വിവരാവകാശ കമ്മീഷണർ സോണി തെങ്ങമം പാപ്പരാണെന്ന് അദ്ദേഹംതന്നെന്നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പദവിയിലെത്തുമ്പോൾ ജോലി ചെയ്യാനാകാത്തവിധം അസുഖബാധിനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ പ്രതിമാസം ശമ്പള അലവൻസുകളുൾപ്പടെ ഒന്നര ലക്ഷത്തോളം രൂപ കൈപ്പറ്റുന്ന അദ്ദേഹം പലമാസങ്ങളിലും ഒരു കേസുപോലും തീർപ്പാക്കിയിരുന്നില്ല എന്നാണു രേഖകളിൽ. ഇപ്പോഴും തൽസ്ഥനത്തു തുടരുന്ന അദ്ദേഹത്തിന് അനാരോഗ്യാവസ്ഥയിൽ കൃത്യമായി ഓഫീസിൽ വരാൻ പോലും കഴിയുന്നില്ല. സി.പി.ഐ. കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാനസമിതിയംഗവുമായിരുന്നു കമ്മീഷ്ണറാകുന്നതിനു മുമ്പ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിയമനം അന്ന് വിവാദവുമായിരുന്നു.

   വിവരാവകാശനിയമം സാധാരണക്കാരനു സുതാര്യവും പ്രയോജനപ്രദവുമാവണമെങ്കിൽ അതു ഫലപ്രദമാക്കുന്നതിൽ അധികാരികൾ ശ്രദ്ധാലുക്കളായേ പറ്റൂ. വിവരങ്ങൾ നൽകുന്നതിലെ കാലതാമസം അടിയന്തിരമായി ഒഴിവാകണം. രണ്ടുദിവസം കൊണ്ട് നൽകാൻ കഴിയുന്ന വിവരങ്ങൾ നൽകാൻ മുപ്പതു ദിവസം കാത്തിരിക്കുന്നത് മതിയാക്കണം. വിവരാവകാശ കമ്മീഷണർ വിധിച്ചിട്ടുള്ള വിധികളിൽ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്നതാണു വസ്തുത. ഒരു വിധിയിൽ പറയുന്നു, “പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ ഫയൽ കണ്ടെത്താൻ കഠിനപ്രയത്നം നടത്തിയിട്ടുണ്ട്. എന്നിട്ടും അവർക്ക് കണ്ടെത്താനായില്ല. അതുകൊണ്ടുതന്നെ അത് PIOയുടെ കുറ്റമല്ല. അതിനാൽ അവർക്കെതിരേ നടപടിയെടുക്കുന്നില്ല!”. ഫയൽ പൂഴ്തിവയ്ക്കുന്നതും നശിപ്പിക്കുന്നതും കറ്റകരമല്ലെന്നു ദ്യോതിപ്പിയ്ക്കുന്ന വിധിയായിപ്പോയി അത്. ഫയൽ കണ്ടെത്തിയില്ലെങ്കിലും കുഴപ്പമില്ലല്ലോ. ഒന്നാം അപ്പീലും രണ്ടാം അപ്പീലുമെല്ലാം കൊടുത്ത് രണ്ടുവർഷത്തോളം കാത്തിരിയ്ക്കുന്നവരോടാണ് ഇതു പറയുന്നതെന്നോർക്കണം.
2010ൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് ഒരു വിവരം ചോദിച്ചിട്ട് കിട്ടാത്തതിന്റെ പേരിൽ അപ്പീൽ കൊടുത്തു. ആ വർഷം തന്നെ അതിന്റെ നമ്പരെടുത്ത് കമ്മീഷനിൽ പരാതികൊടുത്തു. രണ്ടുവർഷത്തോളമായ ഈ പരാതിയിൽ ഇതുവരെ തീർപ്പു കൽപ്പിച്ചിട്ടില്ല. ഇപ്പോൾ പുകഞ്ഞുകൊണ്ടിരിക്കുന്ന സമ്പത്തുവധക്കേസുമായി ബന്ധപ്പെട്ട വിവരമായിരുന്നു ചോദിച്ചിരുന്നത്. മിക്ക പരാതിയിലും ബാഹ്യശക്തികൾ ഇടപെടുന്നുണ്ടെന്നതിന് ഇതു തെളിവാകുമെന്നു കരുതാം. ജുഡീഷ്യൽ കപ്പാസിറ്റിയിൽ വരുന്ന വിവരമായതിനാൽ കൈമാറാനാവില്ലെന്ന ന്യായം നിരത്തിയ ബന്ധപ്പെട്ടവർ സക്കാരിന്റെ വിവിധ ഡിപ്പാർട്ടുമെന്റുകൾ തമ്മിൽ നൽകുന്ന ഉപദേശങ്ങൾ ജുഡീഷ്യൽ കപ്പാസിറ്റിയിൽ വരില്ലെന്നതു സൗകര്യപൂർവ്വം അവഗണിച്ചു. ഇതുവരെ ഇതേക്കുറിച്ച് അന്വേഷിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല.

    വിവരാവകാശ നിയമത്തിലെ 19, 20, 25 വകുപ്പുകളനുസരിച്ച് കമ്മീഷൻ ചീഫിനുള്ള അധികാരങ്ങൾ ബൃഹത്താണ്. വവരങ്ങൾ നൽകുന്നതു സംബന്ധിച്ച സർവ്വാധികാരങ്ങളും ചീഫിനാണ്. അദ്ദേഹത്തിന്റെ കീഴിൽ ജോലിചെയ്യുന്നവരാണ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ. സാമാന്യ ജനങ്ങൾക്കു വിവരങ്ങളും രേഖകളും ലഭ്യമാക്കാൻ ബാധ്യതപ്പെട്ട അവർ അതു നിർവ്വഹിക്കാതെ നിയമലംഘനം നടത്തുമ്പോൾ അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോൾ വിവരാവകാശ കമ്മീഷൻ കൈക്കൊള്ളുന്നത്. വിവരാവകാശ കമ്മീഷണറുടെ സർവ്വീസ് ബുക്കിന്റെ പകർപ്പിനപേക്ഷിച്ചപ്പോൾ അങ്ങനൊന്നില്ലെന്നു മറുപടികൊടുത്തവരെ പൂജിക്കേണ്ടതുണ്ട്. ഇല്ലാത്ത ഒരു വിവരം ഉള്ളിടത്തേക്ക് 6(3) പ്രകാരം അയച്ചുകൊടുത്ത് വിവരം ലഭ്യമാക്കണമെന്നത് ഒരുപക്ഷേ അറിയാഞ്ഞിട്ടാവും. ഇതേ ആവശ്യം പോലീസ്‌ഡിപ്പാർട്ടുമെന്റിനയച്ചപ്പോൾ കാലവിളംബം കൂടാതെ ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.

   സർക്കാരാപ്പീസിൽ പാചകക്കാരിയായി ജോലിക്കു കയറിയ കേരളത്തിലെ ഒരു മുന്മന്ത്രിയുടെ മരുമകൾ എങ്ങനെ ഗസറ്റഡ് ഓഫീസറായി എന്നതു പുറത്തുകൊണ്ടുവരാൻ പതിമൂന്നു വിവരാവകാശ അപേക്ഷകളാണ് ഉപയോഗിച്ചത്. കേരളാ ഗവണ്മെന്റിനുകീഴിൽ പ്രവർത്തിക്കുന്ന നോഡൽ ഡിപ്പാർട്ടുമെന്റായ ജനറൽ അഡ്മിനിസ്റ്റ്രേഷനിൽ നിന്ന് വിവരങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിന് അവർ വളരെ കൃത്യമായി മറുപടി നൽകി. വിവരാവകാശ കമ്മീഷനാവട്ടെ എങ്ങനെ വിവരങ്ങൾ കൊടുക്കാതിരിക്കാമെന്നാണു ശ്രദ്ധിക്കുന്നത്.

   വിവരങ്ങൾ നൽകാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരേ ശിക്ഷാനടപടികൾ സ്വീകരിക്കണം. താക്കീതു ചെയ്യാനും ശിക്ഷായിളവു ചെയ്യാനും നിയമത്തിൽ വ്യവസ്ഥയില്ല, ശിക്ഷിക്കണമെന്നു തന്നെയാണ് നിയമം പറയുന്നത്. പരാതികൾ സ്വീകരിക്കുന്നതിലെ അപാകതകൾക്ക് പരിഹാരമാവേണ്ടതുണ്ട്. വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടികൾക്ക് ശുപാർശചെയ്യണം. അപ്പീൽ നൽകുന്നവരെ ക്രിമിനലുകളെപ്പോലെ കാണുന്ന കാഴ്ചപ്പാട് നീതിവ്യവസ്ഥക്ക് ഭൂഷണമല്ല. എല്ലാ സർക്കാരാപ്പീസുകളിലും വിവരാവകാശനിയമത്തിലെ നാലാം വകുപ്പ് അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ട്. വിവരാവകാശ കമ്മീഷൻ ഓഫീസിൽത്തന്നെ ഇതു നടപ്പിലാക്കുന്നതിൽ അപാകത സംഭവിച്ചിരിക്കുന്നു എന്നത് ഈ നിയമത്തിന്റെയും അതുകൊണ്ടുദ്ദേശിക്കുന്ന ലക്ഷ്യങ്ങളുടേയും നല്ല ഉദ്ദേശത്തിനു നാണക്കേടാണ്.

Wednesday

നക്ഷത്രങ്ങളുടെ കൂട്ടുകാരിക്കൊരു ബ്ലോഗ്

പ്രിയപ്പെട്ടവരെ,
അകാലത്തിൽ നമ്മോടു വിടപറഞ്ഞു പറന്നകന്ന നക്ഷത്രങ്ങളുടെ കൂട്ടുകാരി ബ്ലോഗർ നീസ വെള്ളൂരിന്റെ ഇനിയും പ്രസിദ്ധീകരിക്കാത്ത രചനകളെ പരിചയപ്പെടുത്തുന്നതിനാണ് ഇതെഴുതുന്നത്. അവളെ ബൂലോകത്തേക്കു കൈപിടിച്ചു നടത്തുമ്പോൾ ഒരു നല്ല ലക്ഷ്യമുണ്ടായിരുന്നു. ലുക്കീമിയ ബാധിച്ചു ചികിത്സയിലായിരുന്നു ഏറെക്കാലം അവൾ. മുമ്പൊക്കെ വല്ലപ്പോഴും പനികൂടുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകലായിരുന്നു പതിവ്. ഇക്കാലത്താണ് വളരെ യാദൃശ്ചികമായി അവളുടെ കവിതചൊല്ലൽ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. പിന്നെ അവൾക്കു ബ്ലോഗു പരിചയപ്പെടുത്തുകയും നിലാമഴകൾ തുടങ്ങുകയും ചെയ്തു. കാണുന്ന അവസരങ്ങളിൽ അവൾ കവിതകൾ എന്നെ ഏൽപ്പിക്കുകയും ഞാനത് ബ്ലോഗിലിടുകയുമായിരുന്നു പതിവ്, അവൾക്ക് കമ്പ്യൂട്ടർ ഇല്ല്ലായിരുന്നു.

അവളുടെ വിയോഗ ശേഷമാണ് എന്നെ ഏൽപ്പിച്ചതിൽ കൂടുതൽ കവിതകൾ അവൾ എഴുതിക്കൂട്ടിയിരുന്നു എന്നു മനസ്സിലായത്. കവിതകൾ മാത്രമല്ല കഥകളും പതിനഞ്ച് അദ്ധ്യായങ്ങളിലായി "നിശാ ശലഭങ്ങൾ" എന്ന പേരിൽ ഒരു നോവലും അവൾ എഴുതിയിരുന്നു. എഴുതി സൂക്ഷിച്ചിരുന്ന കുറേയധികം കഥകളും കവിതകളും അവൾ ഉദ്ദേശിച്ചത്ര നന്നായില്ലെന്ന കാരണം പറഞ്ഞ് അവൾ നശിപ്പിച്ചു കളഞ്ഞിരുന്നു. ഒരു പക്ഷേ അവളുടെ രചനകൾക്ക് മറ്റുള്ളവർ വേണ്ടവിധം ശ്രദ്ധ കൊടുക്കുന്നില്ലെന്ന തോന്നലാവാം അങ്ങനെ ചെയ്തതിനു പിന്നിൽ. ബ്ലോഗിൽ തന്റെ കവിതയ്ക്കു വന്ന ആദ്യകമനു കണ്ടപ്പോഴുണ്ടായ സന്തോഷം നേരിട്ടറിഞ്ഞയാളെന്ന നിലയിൽ എനിക്ക് അങ്ങനെതന്നെയാണു തോന്നുന്നത്. കാരണം പിന്നെയൊരിക്കലും അവൾ എഴുതിയതു നശിപ്പിച്ചിട്ടില്ല.


അവളുടെ രോഗാവസ്ഥയുടെ സ്ഥിതിയനുസരിച്ച് അവളുടെ ബ്ലോഗിൽ പോസ്റ്റുകൾ തമ്മിലുള്ള സമയം വ്യത്യാസപ്പെട്ടിരുന്നു. തന്റെ രചനകൾ ബൂലോകത്തെത്തിക്കുന്നതിലും അവസരം കിട്ടുമ്പോഴൊക്കെ മറ്റുള്ളവരുടെ ബ്ലോഗുകൾ വായിക്കുന്നതിലും അവൾ വളരെ സന്തോഷം കണ്ടെത്തിയിരുന്നു. ആ സന്തോഷം അവൾക്ക് തുടർന്നു നൽകാനുംവളുടെ വ്യസനത്തിൽ പങ്കാളിയാകാനും അവളെ സഹായിക്കാനും അങ്ങനെ ലക്ഷ്യപ്രാപ്തിയിലെത്താൻ നമുക്കു കുറേയെങ്കിലും സാധിച്ചിട്ടുണ്ട്. കഥകളും നോവലും കവിതകളുമായി ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവൾ ആഗ്രഹിച്ചിരുന്ന സൃഷ്ടികൾ തുടർന്നും ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ ഞാൻ ശ്രമിക്കുകയാണ്. അതിനുവേണ്ടി "നിലാമഴകൾ" എന്നപേരിൽ മറ്റൊരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. നീസ വെള്ളൂരിന്റെ കഥകളും കവിതകളും ഇനി അവിടെ വായിക്കാം. "പറയാതെ ഒരു യാത്ര" എന്ന പേരിൽ അവൾ എഴുതിയ ഒരു കഥയാണ് ആദ്യപോസ്റ്റാക്കിയിരിക്കുന്നത്.

നമ്മോടു വിടപറയുമ്പോൾ അവൾ ഒമ്പതാം തരം വിദ്യാർത്ഥിയായിരുന്നു. ഏഴാം ക്ലാസിനു ശേഷം അവൾക്ക് കൃത്യമായി സ്കൂളിൽ പോകാൻ സാധിച്ചിട്ടില്ല. അവളുടെ ദുരിതവേദനകൾ മറക്കാൻ എഴുതിക്കൂട്ടിയ വേദനാ സംഹാരികളായി മാത്രമേ അവളുടെ രചനകളെ കാണാവൂ എന്നൊരു നിർദ്ദേശമുണ്ട്. വലിയ സാഹിത്യസൃഷ്ടിയുടെ കെട്ടും മട്ടും ഒരുപക്ഷേ അവയിൽ കണ്ടുകൊള്ളണമെന്നില്ല. എന്തുതന്നെയായാലും അവളുടെ പോസ്റ്റുകളിലെ കമന്റുകൾക്കു മറുപടിയുണ്ടാവില്ല. നിർദ്ദേശങ്ങളും വിമർശനങ്ങളും അവൾ അറിയുന്നുമുണ്ടാവില്ല. ആശംസകൾ വായിക്കാൻ അവൾ ഇന്നു ജീവിച്ചിരിപ്പില്ല. അവളുടെ ബ്ലോഗിലെ അവസാന പോസ്റ്റിലെ ആദ്യ കമന്റിനുണ്ടായ അവളുടെ പ്രതികരണം ഞാനറിഞ്ഞതാണ്. അതുകൊണ്ടുതന്നെ ആ ബ്ലോഗിന്റെ കമന്റുബോക്സ് ഞാൻ തുറന്നുതന്നെ വയ്ക്കുന്നു. ഒരുപക്ഷേ നമ്മൾ കാണാത്ത ലോകത്തിരുന്ന് അവൾ നമ്മളെഴുതുന്ന അഭിപ്രായങ്ങൾ വായിച്ചു സന്തോഷിക്കുന്നുണ്ടാവുമെങ്കിലോ... ബൂലോകത്തെ ഒരുപാടു സ്നേഹിച്ച അവളുടെ ആ വരികളിലും വാക്കുകളിലും കൂടിയാവട്ടെ ഇനി അവൾ നമ്മോടു സംവദിക്കുന്നത്.

Popular Posts

Recent Posts

Blog Archive