Wednesday

നമുക്ക് ഏകപക്ഷ നിലപാടെടുക്കാം


എന്താണ് നമ്മുടെ രാജ്യത്ത് സംഭവിക്കേണ്ടത്. ഒരു രാജ്യത്തെ പൗരന്മാർ  എന്തൊക്കെയാണ് അവരെ ഭരിക്കുന്ന സർക്കാരിൽ നിന്നും പ്രതീക്ഷിക്കേണ്ടത്. എന്റെ നിലപാടിൽ ഇന്നുപരിശോധിക്കുന്നത് അതാണ്.

ഇന്ത്യയിൽ എന്തു സംഭവിക്കുന്നു ഇന്ത്യയിലെ സർക്കാരുകൾ ഇന്ത്യൻ ജനതക്ക് എന്തൊക്കെ നൽകുന്നു എന്നു പരിശോധിക്കുന്നതിനു മുമ്പ് ലോകത്ത് വേറെയും രാജ്യങ്ങളുണ്ടെന്ന് ഓർമ്മയിൽ കൊണ്ടുവരണം. ആ രാജ്യങ്ങളിലും രാജ്യം ഭരിക്കുന്ന സർക്കാരും പൗരബോധമുള്ള ജനങ്ങളും അധിവസിക്കുന്നുണ്ടെന്ന് ഉൾക്കൊള്ളണം.

ലോകത്ത് നിലനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നു മാത്രമാണ് നമ്മുടെ രാജ്യമെന്നും, മറ്റു രാജ്യങ്ങളിലെ ജനങ്ങളെല്ലാം ജീവിക്കുന്നതുപോലെ നമ്മളും ഈ നൂറ്റാണ്ടിലാണു ജീവിക്കുന്നത് എന്നും ഉൾക്കൊണ്ടുകൊണ്ട്, തിരിച്ചറിഞ്ഞുകൊണ്ടാണ് ഇന്ത്യയിൽ എന്തു സംഭവിക്കണമെന്നും ഇന്ത്യക്കാർക്ക് ഭരണാധികാരികൾ എന്തൊക്കെ ചെയ്തുകൊടുക്കണമെന്നും ഒരു ഗവർമെന്റിന്റെ ഉത്തരവാദിത്വം എന്തൊക്കെയെന്നുമൊക്കെ ചിന്തിക്കേണ്ടത്.

രാജ്യത്തെ പൗരന്മാരുടെ സർവ്വോന്നമനവും രാഷ്ട്രപുരോഗതിയും ലക്ഷ്യമിട്ടുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരു ഭരണകൂടവും ഭരണം നടത്തിയിട്ടില്ലെന്നതാണ് വാസ്തവം. അതതു സർക്കാരുകളുടെ കാമധേനുക്കളായ കോർപ്പറേറ്റുകൾക്കും സ്വന്തം പാർട്ടിക്കും സ്വന്തം കുടുംബാംഗങ്ങൾക്കും മാത്രം ഉപയോഗപ്പെടും വിധമാണ് ഇതുവരെ ഇന്ത്യയിൽ സർക്കാരുകൾ ഭരിച്ചിട്ടുള്ളത്, ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുന്നത്. അതിന് ഓശാനപാടുന്നതിനും വഴികൾ വെടിപ്പാക്കുന്നതിനും ഉദ്യോഗസ്ഥ വിഭാഗത്തെ ഉപയോഗിക്കുന്നു.

അത് സംസ്ഥാന സർക്കാരുകളായാലും കേന്ദ്ര സർക്കാരുകളായാലും. അതിനു വേണ്ടിയുള്ള നിയമ നിർമ്മാണങ്ങളും ഭരണ പരിഷ്കാരങ്ങളും മാത്രമാണ് നാളിതുവരെ നടത്തിയിട്ടുള്ളതും. ഇന്ത്യയിലെ പൗരന്മാരുടേതെന്നു പറയാൻ ആകെയുള്ളത് ഇന്ത്യൻ ഭരണഘടന മാത്രമാണ്. അത് എങ്ങനെ വികലമാക്കാം എന്ന് ഗവർമെന്റുകൾ തന്നെ പരിശ്രമിക്കുന്നതും നമ്മൾ കാണുന്നുണ്ട്.

ഇന്ത്യക്കു സ്വതന്ത്രമായ ശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞ് സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ പോലും സാമ്പത്തികപരമായും സാംസ്കാരികപരമായും വിദ്യാഭ്യാസപരമായുമെല്ലാം അടുത്തെങ്ങും ഇന്ത്യക്കാർക്ക് എത്തിനോക്കാൻ പോലും കഴിയാത്തത്ര വളർന്നു കഴിഞ്ഞു. ഇന്ത്യൻ ജനത ലോകജനതക്ക് ഒപ്പമെത്തണമെങ്കിൽ ഇന്ത്യൻ ഭരണാധികാരികൾ ഇന്ത്യക്കു വേണ്ടി പണിയെടുക്കണം.

ലോകത്തെ രാജ്യങ്ങളിലെ ഭരണാധികാരികൾ തങ്ങളുടെ രാജ്യത്തെ പൗരന്മാർക്ക് അടിസ്ഥാന സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഉറപ്പുവരുത്തുകയും രാജ്യ പുരോഗതിക്കുവേണ്ടി നിയമനിർമ്മാണം നടത്തുകയും അവ നടപ്പിലാകുന്നതിന് അക്ഷീണം പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

മതവും, വിശ്വാസവും, തങ്ങൾ ഏതു പാർട്ടി, ഏതുകുലം എന്നതൊന്നും പൗരന്മാരുടെ വളർച്ചക്ക് തടസ്സമോ വളമോ ആകുന്നില്ല. രണ്ടും രണ്ടുവഴിക്കാണു നീങ്ങുന്നത്. രാജ്യത്തിന്റെ പുരോഗതിയുടെ കാര്യത്തിൽ ഭരണാധികാരികൾക്കും പൊതുജനത്തിനും അവിടങ്ങളിലെല്ലാം ഏകാഭിപ്രായമാണ്.

നമ്മുടെ പിടിയരികൊണ്ട് പട്ടിണിമാറ്റാൻ പരിശ്രമിച്ചിരുന്ന സമൂഹം പോലും നമ്മുടെ ഇന്നത്തെ അവസ്ഥ കണ്ട് പരിതപിക്കുകയാണ്. മതവും ആചാരങ്ങളും വിവിധ രാഷ്ട്രീയപ്പാർട്ടികളിലുള്ള വിശ്വാസങ്ങളുമൊന്നും രാഷ്ട്രപുരോഗതിക്കു തടസ്സമായിക്കൂടാ എന്ന് പഠിപ്പിക്കുന്നില്ല.

ആവശ്യത്തിനു വിദ്യാഭ്യാസമോ ജീവിത സാഹചര്യങ്ങളോ ഒരുക്കി ഈ നൂറ്റാണ്ടിലെ പൗരന്മാരായി ഉയർത്തിക്കൊണ്ടു വരുന്നതിനു പകരം അന്ധവിശ്വാസങ്ങളുടെയും അസമത്വത്തിന്റെയും അശാന്തിപടർത്തി വോട്ടുബാങ്കായി മാത്രം പൗരന്മാരെ തളച്ചിടുന്നു. അവർ സംസ്കാരസമ്പന്നരായി വളർന്നുവന്നാൽ തങ്ങളുടെ അധികാരം നഷ്ടപ്പെട്ടുപോകുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം അവകാശമായ നാട്ടിൽ ബഹുഭൂരിപക്ഷത്തിന് വിദ്യാഭ്യാസപരമായ വളർച്ച നിഷേധിക്കുന്നു.

വിവിധ ഭാഷാ സംസ്കാരങ്ങളിൽ അധിവസിക്കുന്ന സമൂഹങ്ങളിൽ അശാന്തി പടർത്തുന്ന നിയമങ്ങൾ പ്രാവർത്തികമാക്കുന്നു. ലോകം ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും ചിന്തിക്കുമ്പോൾ നമ്മൾ ചാണകത്തിന്റെയും മൂത്രത്തിന്റെയും ഔഷധഗുണത്തെപ്പറ്റിയാന് ചർച്ചചെയ്തു തുടങ്ങുന്നത്. ഭരണാധികാരികൾ തന്നെ അതിനു നേതൃത്വം കൊടുക്കുന്നു. ലോകത്തിനു മുമ്പിൽ നമ്മുടെ ഭരണാധികളെയോർത്ത് അവരുടെ പ്രസ്താവനകളെയും പ്രവൃത്തികളെയും കുറിച്ചോർത്ത് നമുക്ക് തലകുനിക്കേണ്ടിവരുന്നു.

പൗരന്മാരുടെ സമാധാനപൂർണ്ണമുള്ള ജീവിതമോ, രാജ്യത്ത് ലോക പുരോഗതിക്ക് അനുസരിച്ചുള്ള വളർച്ച സൃഷ്ടിക്കലോ, അതിനുവേണ്ടി നിയമങ്ങൾ നടപ്പിലാക്കുകയോ ചെയ്യുന്നില്ല. ഓരോ നിയമങ്ങളും പൗരന്മാരെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ അവസാനമായി ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ അതിന് ഒരുദാഹരണം മാത്രം.

 രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയപ്പാർട്ടികളെല്ലാം തങ്ങളുടെ പാർട്ടി വളരുന്നതിനും അധികാരം സ്ഥാപിക്കുന്നതിനും വേണ്ടി മാത്രമാണു പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. അതിനു വേണ്ടി മാത്രം പ്രത്യേക അജണ്ടകൾക്കു രൂപം കൊടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. അവ വിളിച്ചു പറയാതിരിക്കാനും അവയ്ക്കെ നേരേ പ്രതികരിക്കാതിരിക്കാനും അധികാരികൾ നൽകുന്ന അപ്പക്കഷണം പോലെ ജനങ്ങളിലേക്ക് ഇടക്കിടെ ചിലത് എറിഞ്ഞുകൊടുക്കുന്നു. ചിന്താശേഷിയില്ലാത്ത അണികൾ അതൊരു മഹാ സംഭവമാക്കി ആഘോഷിക്കുകയും ചെയ്യുന്നു.

സാംസ്കാരികവും സാമൂഹികവും ആയി വളർച്ച പ്രാപിക്കാതെ രാഷ്ട്രപുരോഗതിയുണ്ടാവില്ലെന്ന് ആലോചിക്കാനോ ഭാവനയിൽ കാണാനോ പോലും കഴിവില്ലാത്ത, പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്തവരെ നേതാക്കളായി തെരഞ്ഞെടുക്കുമ്പോൾ, അവർ നമ്മെ ഭരിക്കുമ്പോൾ അവരിൽ നിന്ന് നമ്മൾ പിന്നെ എന്താണു പ്രതീക്ഷിക്കേണ്ടത്?

ഇപ്പോഴത്തെ നിലയിൽ, ജനങ്ങൾ തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി പ്രതികരിച്ചില്ലെങ്കിൽ നമ്മുടെ രാജ്യവും അതിലെ ജനജീവിതവും അധികം വൈകാതെ പൂർണ്ണമായും അശാന്തിയുടെ വിളനിലമാവുകയും നശിച്ചുപോവുകയും ചെയ്യും. ഈ രാജ്യത്തെ രക്ഷപെടുത്താൻ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം ഒരുപക്ഷേ വേണ്ടിവന്നേക്കും. അതിന് രാജ്യത്തെ പൗരന്മാർ വിദ്യാഭ്യാസപരമായി വളരണം, ലോകം ജീവിക്കുന്ന അതേ നൂറ്റാണ്ടിലെ അടിസ്ഥാന സൗകര്യങ്ങളും പുരോഗതികളും തങ്ങൾക്കും യഥാകാലം അനുഭവിക്കണമെന്ന് ആഗ്രഹിക്കണം.

 അതിനുവേണ്ടി കളമൊരുക്കാനും പ്രവർത്തിക്കാനുമാണ് തങ്ങളുടെ പ്രതിനിധികളെ ഭരണമേൽപ്പിക്കുന്നതെന്ന് തിരിച്ചറിയണം. അവർ അതു ചെയ്യുന്നില്ലെങ്കിൽ അവർക്കെതിരേ ശബ്ദിക്കാൻ നമുക്കുതന്നെ നാവുയരണം. ജനങ്ങളെ തങ്ങൾക്കിഷ്ടമുള്ള വിധം ഭരിക്കാനുള്ള അധികാരമായാണ് ഇന്ന് ഭരണാധികാരികൾ തങ്ങളുടെ പദവിയെ ഉപയോഗിക്കുന്നത്.

അതിനു പകരം നമ്മുടെ രാജ്യത്തെ ലോക നിലവാരത്തിലെത്തിക്കുന്നതിനും പൗരന്മാരെ സമകാലികരായി ജീവിക്കാൻ അവസരമൊരുക്കുന്നതിനും രാജ്യത്തെ പ്രാപ്തമാക്കുകയായിരുന്നു അവർ ചെയ്യേണ്ടത്. അത് ഇനിയെങ്കിലും നമ്മെ ഭരിക്കുന്നവരോട് നമ്മൾ പറഞ്ഞുകൊടുക്കണം. നമ്മൾ വോട്ടുകൊടുത്ത് തെരഞ്ഞെടുത്ത് അധികാരം ഏറ്റുവാങ്ങിയവരാണവർ. അവർക്ക് മനസ്സിലാവുന്നില്ലെങ്കിൽ അധികാരക്കസേരകളിൽ നിന്നും നമ്മുടെ മനസ്സുകളിൽ നിന്നും പടിയിറക്കിവിടണം.

Monday

കേരള ജനതയെ കൂട്ടക്കൊല ചെയ്യരുത്

 


ഒരാറുമാസം കഴിയുമ്പോൾ നമ്മുടെ നാട്ടിലെ സാധാരണക്കാർ കൂട്ടമായി ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞാൽ ഒരുപക്ഷേ എന്നെ കളിയാക്കുമായിരിക്കും. പക്ഷേ അതാണു സംഭവിക്കാൻ പോകുന്നത്.

അൽപ്പം പോലും ദീർഘവീക്ഷണമോ സ്വന്തം ആലോചനാ ശേഷിയോ ഉപയോഗപ്പെടുത്താതെ സമൂഹത്തിലെ ആരോഗ്യ സാമൂഹ്യ വിചക്ഷണന്മാർ ചൊല്ലിക്കൊടുക്കുന്ന മന്ത്രങ്ങൾ അപ്പടി നടപ്പിലാക്കുമ്പോൾ അത് സമൂഹത്തെ എങ്ങനെയാണു സ്വാധീനിച്ചും സമൂഹം അനുഭവിച്ചും കൊണ്ടിരിക്കുന്നതുകൂടി നടപ്പിലാക്കുന്നവർ മനസ്സിലാക്കേണ്ടതുണ്ട്.

മറ്റുള്ളവരുടെ ബിൽഡിംഗുകളോ അല്ലെങ്കിൽ അവയിൽ ഏതാനും കടമുറികളോ അല്ലെങ്കിൽ ഒന്നോരണ്ടോ റൂമുകളെങ്കിലും വാടകക്കെടുത്തുകൊണ്ട് ലോണെടുക്കുകയോ പണയം വെക്കുകയോ പലിശക്കു കടം വാങ്ങിയോ ഒക്കെ ഉപജീവനത്തിനു മാർഗ്ഗം തേടിയവരാണ് സാധാരണക്കാർ.

എന്തിന്റെ പേരിലായാലും ആ മാർഗ്ഗങ്ങൾ മാസങ്ങൾ അടഞ്ഞുകിടക്കുമ്പോൾ സ്വന്തം വരുമാനം നിലക്കുക മാത്രമല്ല ചെയ്യുന്നത്. ഭീമമായ വാടകക്കുടിശ്ശിഖ എന്ന ബാധ്യതക്കുപുറമേ ഇതര ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള ബാധ്യതകൂടി പിന്നീട് പരിഹരിക്കാൻ കഴിയാത്ത വിധം പെരുകിവരുന്നുണ്ട്. ബിൽഡിംഗ് ഓണറെ സംബന്ധിച്ചിടത്തോളം വാടക ആവശ്യമാണ്. കച്ചവടക്കാരന്റെ സൗകര്യവും സാഹചര്യവും നോക്കിയല്ല ഇവിടുത്തെ വാടക സംവിധാനം നിലനിൽക്കുന്നത്. വാടക മുടങ്ങുമ്പോൾ സ്വാഭാവികമായും സ്ഥാപനം ഒഴിഞ്ഞുകൊടുക്കാൻ അവർ ആവശ്യപ്പെടും.

കൂടുതൽ വാടകൊടുത്തെടുക്കാൻ ആൾക്കാർ ക്യൂ നിൽക്കുന്നുണ്ട്. അവയെല്ലാം തുടങ്ങി എത്രകാലം നിലനിൽക്കുന്നു എന്നത് വേറേകാര്യം. ചെറിയ ആശ്വാസമെന്നു തോന്നിപ്പിക്കുന്ന താൽക്കാലിക നിലപാടുകൾക്കൊന്നും ഈ പ്രതിസന്ധി യെ പരിഹരിക്കാൻ സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. അങ്ങനെ ഒഴിയേണ്ട സാഹചര്യം ഉണ്ടാവുമ്പോൾ വീണ്ടും പലിശക്കെടുത്തോ ലോണെടുത്തോ കുടിശ്ശിഖ തീർത്ത് സ്ഥാപനം നിലനിർത്താൻ ശ്രമിക്കും. കാരണം അത്രത്തോള ചെലവാക്കിയായിരിക്കും തന്റെ വ്യാപാര സ്ഥാപനം ഓരോരുത്തരും സ്ഥാപിച്ചിട്ടുണ്ടാവുക.

മാത്രമല്ല തന്റെ ഭീമമായ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനുള്ള സാധ്യതയായി ഓരോ കച്ചവടക്കാരനും കരുതുന്നത് തന്റെ പ്രതീക്ഷയായ വ്യാപാര സ്ഥാപനത്തെത്തന്നെയാണ്. അത് വലുതായാലും ചെറുതായാലും. ബാധ്യതകൾ അതിനൊപ്പിച്ച അളവുകളിലായിരിക്കുമെന്നു മാത്രം. സമൂഹത്തിലെ സാമ്പത്തിക സുരക്ഷിതത്വം അനുഭവിക്കുന്നവരും സർക്കാർ ജോലിക്കാരും രാഷ്ട്രീയ നേതാക്കളുമെല്ലാം ഇത്തരം പ്രതിസന്ധികൾ തീരെയോ അല്ലെങ്കിൽ വേണ്ടത്രയോ അനുഭവിക്കുന്നവരല്ല.

അന്നന്നു ജോലിചെയ്തു വിശപ്പടക്കുന്നവർക്കും അവർക്കു കിട്ടുന്ന സഹായങ്ങളോ സൗജന്യ റേഷനോ ഒക്കെ കൊണ്ട് ഈ സാഹചരത്തെ അതിജീവിക്കാൻ പറ്റും. കാരണം നേരത്തേ പറഞ്ഞ ബാധ്യത അവരെ ബാധിക്കുന്നില്ല. പക്ഷേ സാധാരണക്കാരുടെയും കച്ചവടക്കാരായ ഇടത്തട്ടുകാരുടെയും സ്ഥിതി അതല്ല. എങ്ങനെ ഈ പ്രതിസന്ധിയെ അതിജീവിക്കും എന്ന അങ്കലാപ്പിലാണ് അവർ ജീവിക്കുന്നത്. കച്ചവടരംഗത്ത് വലിയ പ്രതിസന്ധികൂടിയാണു വരാൻ പോകുന്നത്. ഇപ്പോഴത്തെ എല്ലാ സാഹചരങ്ങളും ഓൺലൈൻ കുത്തകകളെ മാത്രമേ സഹായിക്കുന്നുള്ളൂ.

ജപ്തിനോട്ടീസായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സ്ഥാപനം ഒഴിവാകാനായി ബിൽഡിംഗ് ഓണർമാരിൽ നിന്നും ഭീഷണി വരുമ്പോൾ ജീവിതം വഴിമുട്ടുമെന്നറിയുന്ന ഏതൊരു സാധാരണക്കാരനും പകച്ചുപോകും. മുന്നിൽ തന്റെ കുടുംബത്തെ സംരക്ഷിക്കാൻ കഴിയാതെ വരുന്ന സാഹചര്യമുണ്ടാകുമ്പോൾ കൂട്ടത്തോടെ കയറെടുക്കുന്ന സാഹചര്യം വരും.

 ഒന്നാം ലോക്ഡൗൺ കാലത്തിനു ശേഷം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ കണ്ടതാണ് കടയുടമ കനിഞ്ഞാലും മേൽവാടകക്കാരൻ കനിയാത്തതുകൊണ്ട് കടയൊഴിയേണ്ടി വന്നതും ഉള്ള കിടപ്പാടം വിറ്റ് കടം തീർത്ത് വാടക വീട്ടിലേക്കു മാറേണ്ടി വന്നതുമെല്ലാം നാം കണ്ട ജീവിത യാഥാർത്ഥ്യങ്ങളാണ്. നമ്മുടെ ഭരണകൂടങ്ങളും അവർ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ വിഭാഗവും ഈ അവസ്ഥ മനസ്സിലാക്കേണ്ടതുണ്ട്. 

അടിയന്തിരമായി എല്ലാ രീതിയിലും ലോക്ഡൗൺ നിർത്തി ജനജീവിതം സാധാരണ നിലയിൽ കൊണ്ടുവരാൻ ശ്രമിക്കേണ്ടതുണ്ട്. മാസ്കും സാനിറ്റൈസറും സാമൂഹ്യ അകലവും ഇപ്പോഴത്തെ സാഹചര്യം പോലെ തുടരുകയും, ആവശ്യത്തിനല്ലാതെ പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരേ കർശന നടപടികളെടുക്കുകയും ചെയ്താൽ ഇപ്പോൾ ഉദ്ദേശിക്കുന്നതുപോലെ തന്നെ കൊറോണയെ പിടിച്ചുകെട്ടാൻ സാധിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ ഇനി വരാൻ പോകുന്ന ദുരന്തത്തെ നമുക്ക് മറികടക്കാനും സാധിക്കും.

അശാസ്ത്രീയ ലോക്ഡൗണുകളും സ്ഥാപനങ്ങൾ തുറക്കുന്ന സമയക്കുറവും നിയന്ത്രണങ്ങളും സ്ഥാപനങ്ങളുടെ മുമ്പിൽ വലിയ ജനക്കൂട്ടത്തെ സൃഷ്ടിക്കുകയാണിപ്പോൾ. ദിവസം മുഴുവൻ തുറന്നിരുന്നാൽ അല്ലെങ്കിൽ കൂടുതൽ സമയം തുറന്നിരുന്നാൽ എല്ലായിടത്തും തിരക്ക് ഒഴിവാവുകയായിരിക്കും ചെയ്യുക.

 ഇത്രയും കാലം ലോക്ഡൗൺ ഏർപ്പെടുത്തിയിട്ട് എന്തു സംഭവിച്ചു എന്നു ചിന്തിക്കാനും മനസ്സിലാക്കാനും ഭരണകൂടവും ഉദ്യോഗസ്ഥ വിഭാഗവും ആലോചിച്ചേ മതിയാവൂ. അതല്ല ഉള്ള അവസരം മുതലെടുത്തുകൊണ്ട് സാധാരണക്കാരുടെ ഉള്ളകാശും കൂടി പിടിച്ചു പറിച്ച് കൊള്ളയടിച്ച് ഖജനാവു നിറക്കാനാണ് ഇപ്പോഴത്തെ ഈ നടപടികളെങ്കിൽ കഷ്ടമെന്നേ പറയാനുള്ളൂ. ഇവിടെ ജീവിക്കേണ്ടി വരുന്ന സാധാരണക്കാരന്റെ ഗതികേട്.

വ്യാപാരികൾ ഇപ്പോൾ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് ലോക്ഡൗൺ വിജയിപ്പിക്കുന്നത്, ഗതികേടുകൊണ്ടാണെന്നും ഉദ്യോഗസ്ഥ നിയമ വിഭാഗങ്ങൾ ചുമത്താൻ സാധ്യതയുള്ള വൻ സാമ്പത്തിക ഭാരവും അപമാനവും താങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണെന്നുകൂടി മനസ്സിലാക്കുന്നതു നല്ലത്. കാരണം ഇപ്പോൾ കൊറോണയെക്കാൾ അത്രത്തോളം ഭീകരമാണ് സാധാരണക്കാരന്റെ ജീവിത സാഹചര്യം.

ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്. ചിന്തിക്കുന്നവനു മാത്രം....


Friday

സ്കൂളുകളിൽ കൗൺസിലിംഗ് അറിയുന്ന കൗൺസിലർമാരെ നിയമിക്കണം

   കുട്ടികള്‍ രാഷ്ട്രത്തിന്റെ സമ്പത്താണ്. നമ്മുടെ കുട്ടികള്‍ ഇന്ന് ധാരാളം പ്രശ്നങ്ങള്‍ക്കു നടുവിലാണ് ജീവിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ശാരീരികവും, മാനസികവും, സാമൂഹികപരമായ ഉന്നമനത്തിനും, അവര്‍ നേരിടുന്ന പീഡനങ്ങളില്‍ നിന്നും, ലൈംഗീക ചൂഷണങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാന്‍ വേണ്ടിയാണ് സ്കൂള്‍തലത്തില്‍ കൗണ്‍സിലിംഗ് സേവനം നൽകണമെന്നു പറയുന്നത്.

   നിങ്ങളുടെ സ്കൂൾ - കോളേജ് വിദ്യാഭ്യാസ ഘട്ടങ്ങളിലെ ഏതെങ്കിലും അദ്ധ്യാപകരെ ദിങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ടാകുമല്ലോ. എന്താണ് അവരെ അത്തരത്തില്‍ പ്രത്യേകതയുള്ളവരാക്കിയത്? മികച്ച അധ്യാപന പാടവവും നിങ്ങളുടെ ഉള്ളില്‍ ഉറപ്പിച്ച പാഠങ്ങളും കൊണ്ട് ഇപ്പോഴും നിങ്ങളുടെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന പലരും അവിടെയുണ്ടായിരുന്നിരിക്കാം,  എന്നാല്‍ അതുപോലെ  വാത്സല്യത്തോടെ പിന്തുണ നല്‍കിയ പെരുമാറ്റത്തിന്‍റെ പേരിലും വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളെ വളരെ അനുകമ്പാപൂര്‍വം കേട്ടതിന്‍റെ പേരിലും നിങ്ങളിപ്പോഴും സ്നേഹത്തോടെ ഓര്‍ക്കുന്ന അദ്ധ്യാപകരും അവിടെയുണ്ടായിട്ടുണ്ടാകാം. ഈ രണ്ട് ഗുണങ്ങളും ഒത്തു ചേര്‍ന്നിട്ടുള്ളയാളായിക്കും ഏറ്റവും നല്ല ടീച്ചര്‍.
   
   വിദ്യാര്‍ത്ഥികള്‍ അവരുടെ വളര്‍ച്ചയുടെ വര്‍ഷങ്ങളില്‍ പകുതിയും സ്കൂളിലും കോളേജിലുമായാണ് ചെലവഴിക്കുന്നത്. തങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ അദ്ധ്യാപകര്‍ക്ക് വളരെ നിര്‍ണായകമായ ഒരു പങ്കുവഹിക്കാനുണ്ട്.  സ്കൂള്‍ കൗണ്‍സിലര്‍മാര്‍ കുട്ടികളുടെ ബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ചകള്‍, മാതാപിതാക്കളുമായുള്ള ബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍, ആത്മാഭിമാനം, ശരീരരൂപത്തെക്കുറിച്ചുള്ള ആശങ്കകള്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയോടുള്ള അമിതാസക്തി (അഡിക്ഷന്‍), ആത്മഹത്യാ ചിന്ത, അല്ലെങ്കില്‍ ഭാവി കരിയറിനെ ചൊല്ലിയുള്ള വേവലാതി തുടങ്ങിയ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ തഴക്കം വന്നവരായിരിക്കുമ്പോള്‍ കുട്ടികളുമായി നിരന്തരം സമ്പര്‍ക്കപ്പെടുന്ന അദ്ധ്യാപകര്‍ക്ക് കുട്ടികളുമായി തുറന്ന സംസാരത്തിലേര്‍പ്പെടാനും മനസ് തുറക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും കഴിയും.  ഒരു അക്കാദമിക് സംവിധാനത്തില്‍ ഇത് ഒരു കൗണ്‍സിലറുടെ പങ്ക് അനുപേക്ഷ്യമായതാക്കുന്നു, ടീച്ചര്‍ക്ക്  കാമ്പസിനകത്ത്  വിദ്യാര്‍ത്ഥികള്‍ക്ക്  പിന്തുണ നല്‍കുന്ന പ്രാഥമിക സ്രോതസ്സായി മാറാനും കഴിയുന്നു.

 സ്കൂൾ എന്നത് അവിടെ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം സർവ്വതന്ത്ര സ്വതന്ത്രമായി ജീവിക്കാനും അതിലൂടെ വ്യക്തബോധമുള്ള വ്യക്തിത്വത്തെ നിർമ്മിച്ച് ജീവിതം ക്രമപ്പെടുത്താനും ഉപകരിക്കുന്ന ഒന്നാകണം. ബാല്യ കൗമാരങ്ങളിൽ ഒരു കുട്ടി തന്റെ കൂടുതൽ സമയവും ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. അതുകൊണ്ടുതന്നെ ഒരു പൗരന്റെ രൂപീകരണത്തിന്റെ കൂടുതൽ ഉത്തരവാദിത്വവും വഹിക്കുന്നത് വിദ്യാലയങ്ങളാണ്.

   ഇന്ത്യയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ) സ്കൂളുകളോട് ശുപാര്‍ശ ചെയ്തിരിക്കുന്നത് എല്ലാ സ്കൂളുകളിലും ഒരു മുഴുവന്‍ സമയ കൗണ്‍സിലറെ  നിയമിക്കണം എന്നാണെങ്കിലും മിക്കവാറും സ്കൂളുകളിലും ഇതുവരെ ഇതു നടപ്പിലാക്കിയിട്ടില്ല. ചിലപ്പോള്‍ ഇത് സ്കൂള്‍ മാനേജ്മെന്‍റിന്‍റെ താല്‍പ്പര്യക്കുറവാകാം, അല്ലെങ്കിൽ കൗൺസിലിംഗ് ചെയ്യാനറിയുന്ന കൗണ്‍സിലര്‍മാരെ തിരിച്ചറിയാതെ വരുന്നതുകൊണ്ടുമാകാം. കൗൺസിലിംഗ് ചെയ്യാൻ യോഗ്യതയുള്ള കൗൺസിലർമാരെ ലഭിക്കാത്തതുകൊണ്ടല്ല, കൗൺസിലിംഗിനുള്ള അവരുടെ കഴിവിനെ വകവെക്കാതെ കേവലം അക്കാദമിക് യോഗ്യതകളിൽ കൗൺസിലിംഗിനെ ആരുടെയൊക്കെയോ താല്പര്യങ്ങൾക്ക് അന്ധമായി അനുസരിച്ച് തളച്ചിട്ടിരിക്കുന്നതാണ് ഈ അപചയത്തിന്റെ ഒരു കാരണം. കൗൺസിലിംഗിനെ അതിൽ നിന്ന് മുക്തമാക്കേണ്ടതുണ്ട്. ലോകത്തൊരിടത്തും കൗൺസിലിംഗ് പഠിക്കാനോ പ്രവർത്തിക്കാനോ ഏതെങ്കിലും നിയമത്തിന്റെ നൂലാമാലകൾ കുറിച്ചിടാത്തത് നമ്മുടെ വിദ്യാഭ്യാസ വിചക്ഷണന്മാർ കണ്ടഭാവം നടിക്കുന്നില്ല. 

   ശരിയായി കൗൺസിലിംഗ് ചെയ്യാൻ അറിയുക എന്നതു മാത്രമാണ് ഒരു കൗൺസിലർക്കു വേണ്ട യോഗ്യത. അതിനെ ആക്കാദമിക് കടമ്പകളെന്ന ആവശ്യമില്ലാത്ത നൂലാമാലക്കിൽ നിന്ന് മോചിപ്പിച്ചെടുക്കേണ്ടതുണ്ട്. കൗൺസിലർക്ക് അക്കാഡമിക് യോഗ്യതകൾ നിർണ്ണയിച്ചു സ്ഥാപിച്ചുകൊടുക്കുന്നത് വിവാഹശേഷം കുട്ടികൾ വേണമെങ്കിൽ മാതാപിതാക്കൾക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യത വേണം എന്നു പറയുന്നതുപോലെയാണ്. ലോകത്ത് ഒരിടത്തുമില്ലാത്ത നിയമങ്ങൾ കൗൺസിലിംഗിനെക്കുറിച്ച് ഒന്നുമറിയാത്ത ഭരണാധികാരികളെയും ആരോഗ്യ വിഭാഗത്തെയും തെറ്റിദ്ധരിപ്പിച്ചു ചിലർ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നത് വിദ്യാഭ്യാസ - ആരോഗ്യ - മരുന്നു മാഫിയകളുടെ ഒത്താശമൂലമാവാനേ സാധ്യതയുള്ളൂ. മാനസികാരോഗ്യമില്ലാത്ത ഒരു തലമുറ ഉണ്ടായി വരേണ്ടത് അവരുടെ മാത്രം ആവശ്യമാണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ സൈക്കോതെറാപ്പിയാണു ചെയ്യേണ്ടത്, കൗൺസിലിംഗല്ല. പുറമേ കാണിക്കുന്ന ചേഷ്ടകൾ നോക്കിയല്ല കൗൺസിലിംഗ് ചെയ്യേണ്ടത്, എന്താണ് ഉള്ളിലെന്നു നോക്കിയാണ്. ഒന്നുകിൽ കൗൺസിലിംഗ് തിയറിയും ആവശ്യമായ കൗൺസിലിംഗ് ടൂളുകളും പഠിച്ച് കൗൺസിലിംഗ് ചെയ്യാൻ തയ്യാറാവണം, അല്ലെങ്കിൽ കൗൺസിലിംഗ് അതറിയുന്നവർക്ക് വിട്ടുകൊടുക്കണം. പൈലറ്റ് ലൈസൻസുണ്ടെങ്കിൽ ഓട്ടോറിക്ഷാ ഓടിക്കാൻ കഴിയില്ല, അതിന് ഓട്ടോറിക്ഷ ഓടിച്ചു പഠിക്കുകതന്നെ വേണം, അതു ചെയ്യാത്തതാണ് അപകടങ്ങൾ ഉണ്ടാവുന്നതിനു കാരണം.

Thursday

ഈ നാട് എങ്ങനെ പുരോഗതി പ്രാപിക്കും..

 ബന്ദ് നിരോധിച്ച ശേഷം കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ അതിക്രമങ്ങളാണ് ഇന്നത്തേത്. ബന്ദ് നിലവിലുണ്ടായിരുന്ന സമയത്ത് വേണ്ടപ്പെട്ട ആരെങ്കിലും മരണപ്പെട്ടാൽ നടത്തുന്ന ദുഃഖാചരണം മാത്രമായിരുന്നു ഹർത്താലെങ്കിൽ ഇന്ന് അന്നത്തെ ബന്ദിനെക്കാളും മാരകമായ സാമൂഹിക വിപത്തായി മാറിയിട്ടുണ്ട്. ഈ വിധത്തിൽ ഹർത്താലിനെ മാറ്റിയതിൽ എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും ഒരുപോലെ പങ്കുണ്ട്. ഫലത്തിൽ ബന്ദ് എന്ന വാക്കുമാത്രമാണു നിരോധിക്കപ്പെട്ടത്, പ്രവൃത്തിയല്ല. ബന്ദു നിരോധിക്കപ്പെട്ടപ്പോൾ അന്നു നടത്തിയിരുന്ന പ്രവൃത്തികളും എല്ലാരും ആ വാക്കിനൊപ്പം നിർത്തിയിരുന്നങ്കിൽ “നിരോധിച്ചു“ എന്ന് പറയാമായിരുന്നു.

 ഇന്നത്തെ സാഹചര്യത്തിൽ ഭക്തിയോ ആരാധനയോ പ്രതിഷേധമോ ഒന്നുമല്ല ഹർത്താൽ അക്രമങ്ങൾക്ക് കാരണമെന്നു നിസ്സംശയം പറയാം. ഏതുവിധേനയും ഈ സംസ്ഥാനത്തെ ജനജീവിതം അസ്വസ്ഥത നിറഞ്ഞതാക്കണം എന്നതു മാത്രമാണു ലക്ഷ്യം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിതച്ചു വിളവെടുത്ത അതേ വിത്തുകൾ തന്നെയാണ് കേരളത്തിലും വിതക്കുന്നത്. ഈ അസ്വസ്ഥതയിൽ നിന്ന് സ്ഥാനമോഹികളായ നേതാക്കന്മാരും ഒപ്പം അവരുടെ അണികളും തങ്ങളുടെ ചേരിയിൽ എത്തുമെന്ന് സംഘപരിവാർ ബിജെപി സഖ്യം പ്രതീക്ഷിക്കുന്നു. ആ ലഷ്യത്തിന് കേരളത്തിൽ നിന്നു അനുകൂല പ്രതികരണങ്ങൾ ഉണ്ടായിത്തുടങ്ങി എന്ന് സമീപകാലത്ത് രാഷ്ട്രീയ സിനിമാതലങ്ങളിൽ നിന്നും ഉദ്യോഗസ്ഥ തലങ്ങളിൽ നിന്നുമുള്ള പ്രതികരണങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും.

 സാമൂഹ്യബോധവും സഹവർത്തിത്വവും വച്ചുപുലർത്തുന്ന നല്ലൊരു വിഭാഗം ജനസമൂഹം ഇപ്പോഴും എല്ലാ പാർട്ടിയിലും അവശേഷിക്കുന്നതുകൊണ്ടു മാത്രമാണ് അതിക്രമങ്ങൾക്ക് ഇത്രയെങ്കിലും കുറവുള്ളത്. അതുപക്ഷേ അവരുടെ രാഷ്ട്രീയ നേതാക്കളുടെ കഴിവായി കണക്കാക്കേണ്ടതില്ല. പുര വേവുമ്പോൾ വാഴവെട്ടാൻ കൂട്ടാക്കി നിൽക്കുന്ന നേതാക്കൾ ഒരിക്കലും ഈ വിഭാഗം ജനങ്ങളുടെ നേതാക്കളോ മാതൃകകളോ ആകുന്നില്ല. നേതാക്കളെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടരും മറ്റൊരവസരത്തിൽ അക്രമത്തിനു കുടപിടിക്കുന്നുണ്ട് എന്നതുതന്നെയാണ് ഇങ്ങനെ ചിന്തിക്കാൻ കാരണം.

 ഹർത്താലിൽ ധനനഷ്ടമുണ്ടാക്കുന്നവർക്കുമേൽ കർശനമായ കോടതിനടപടികൾ നടപ്പിലാക്കാൻ ആർക്കും തന്നെ താല്പര്യമില്ല. സാധുക്കളായ ബഹുഭൂരിപക്ഷത്തിന്റെ ഉപജീവനമാർഗ്ഗം തടയുകമാത്രമല്ല എന്നേക്കുമായി അവസാനിപ്പിക്കാനാണ് ഹർത്താൽ അനുകൂലികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് നഷ്ടമുണ്ടാക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനോടൊപ്പം അക്രമത്തിന് ആഹ്വാനം ചെയ്യുന്നവരെക്കൂടി ബാധിക്കുന്ന വിധത്തിൽ നിയമനടപടികൾ ഉണ്ടായാലേ ഭാവിയിലെങ്കിലും അതിക്രമങ്ങൾ അവസാനിക്കൂ.

 ഓരോ പോലീസ് സ്റ്റേഷനിലും അക്രമികളായ പ്രവർത്തകരുടേയും അതിന് ആഹ്വാനം ചെയ്യുന്ന നേതാക്കന്മാരുടേയും പേരിൽ മിനിമം പത്തുവീതം പരാതികൾ കൊടുക്കാൻ അക്രമത്തെ എതിർക്കുന്നവർ, അല്ലെങ്കിൽ അനുകൂലിക്കാത്ത ഹർത്താലിന്റെ ഇരകളായവർ തയ്യാറായാൽ, ആ നടപടികളുമായി മുന്നോട്ടുപോകാൻ നിയമസംവിധാനം തയ്യാറായാൽ നിസ്സാരമായി അവസാനിപ്പിക്കാവുന്നതേയുള്ളൂ ഈ അതിക്രമങ്ങൾ. പക്ഷേ അക്രമികൾക്കും അതിക്രമങ്ങൾക്കും കൂട്ടുപിടിക്കുന്ന നേതാക്കൾ അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിന് അതീതമായി സമാധാനമാഗ്രഹിക്കുന്ന ജനങ്ങൾ മുന്നിട്ടിറങ്ങി പ്രവർത്തനങ്ങൾ തുടങ്ങേണ്ടതുണ്ട്. ഒപ്പം ഇനി അക്രമികൾക്കുവേണ്ടി വാർത്ത കൊടുക്കില്ലെന്ന് വാർത്താമാധ്യമങ്ങളും കൂടി തീരുമാനിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. ഈ ഹർത്താലിൽ ജനങ്ങളിലുടലെടുത്ത മനോഭാവം അതിന് തുടക്കം കുറിക്കുമെന്നു പ്രത്യാശിക്കാം.

Friday

നിയമത്തെ കൈയിലെടുത്തും ഇല്ലാക്കഥകൾ മെനഞ്ഞുമല്ല ചാനൽ റേറ്റിംഗ് കൂട്ടേണ്ടത്.

 പ്രിയ വായനക്കാരുടെ ശ്രദ്ധയെ മൂന്നുവർഷം പിറകിലേക്ക് കൊണ്ടുപോവുകയാണ്. ഡി വൈ എസ് പി രവീന്ദ്രൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ മാധ്യമങ്ങളും സോഷ്യൽമീഡിയയും ചേർന്ന് തൂക്കിക്കൊല്ലാൻ ശ്രമിച്ചിട്ട് മൂന്നു വർഷമാകുന്നു. വെളിച്ചം കാട്ടാനെന്ന വ്യാജേന മൊബൈൽ ഫ്ലാഷ് ഓണാക്കി മൊബൈൽഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോയായിരുന്നു അന്ന് ആയുധം. സമൂഹത്തിലെ സദാചാരത്തിന്റെ മൊത്തവ്യാപാരികൾ ചമഞ്ഞു പ്രചരിപ്പിച്ച വീഡിയോയിൽ പക്ഷേ തങ്ങളുടെ ഭാഗം തെളിയിക്കാൻ പോന്ന ഭാഷണം തരിമ്പുപോലും കണ്ടെത്താൻ സദാചാരവാദികൾക്ക് കഴിഞ്ഞില്ലെന്നത് വേറേകാര്യം. അന്ന് ആ കേസുമായി ബന്ധപ്പെടാനും ഡിവൈഎസ്‌പിക്കു വേണ്ടി ശബ്ദിക്കാനും അതിൽ വിജയിക്കാനും കഴിഞ്ഞയാളെന്ന നിലയിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ആ സംഭവത്തെക്കുറിച്ച് ഇവിടെ വായിക്കാം.  

  ഏറെക്കുറെ സമാന വിധിവിചാരണകളാണ് ആത്മഹത്യ ചെയ്ത ഡിവൈഎസ്‌പി ഹരികുമാറും നേരിട്ടത്. പോലീസുമായി സഹകരിച്ച് ഇടപെടുന്ന സാമാന്യ ബോധത്തിൽ നിന്ന് അകന്ന് പോലീസുമായി തർക്കിക്കാനും അവരെ മര്യാദ പഠിപ്പിക്കാനും ഇറങ്ങിപ്പുറപ്പെടുന്ന തലമുറ എവിടെയും സജീവമാണ്. മനഃസമാധാനത്തോടെ ജോലി നിർവ്വഹിക്കാൻ കഴിയാത്ത കേരളത്തിലെ ഏക ഉദോഗസ്ഥവിഭാഗം പോലീസുകാർ മാത്രമാണ്. എന്തെങ്കിലും അബദ്ധം സംഭവിച്ചാൽ സ്വന്തം സഹപ്രവർത്തകരുടെപോലും സഹായമോ സഹകരണമോ ലഭിക്കാത്ത മറ്റൊരു വിഭാഗവും ഇല്ല. എന്തെങ്കിലും കൈയബദ്ധം സംഭവിച്ചാൽ അതു തെളിയിക്കാൻ മിക്കവാറും സാധിക്കാറുമില്ല.

  ഏറ്റവും മാനസിക സമ്മർദ്ദം അദുഭവിക്കുന്ന വിഭാഗമായ പോലീസുകാരിൽ ആരോടെങ്കിലും മര്യാദക്കു നിരക്കാത്ത വിധത്തിൽ തർക്കിക്കാനും വാക്കേറ്റം നടത്താനുമൊക്കെ പൊതുജനം തയ്യാറാവുമ്പോൾ മിണ്ടാതെ വായും പൊത്തി ഇരിക്കാനുള്ള മനക്കരുത്തൊന്നും പോലീസ് സേനയിലെ ഉദ്യോഗസ്ഥന്മാരിൽ പലർക്കുമില്ല.. ഒന്നുപറഞ്ഞാൽ രണ്ടിനു തല്ലും വഴക്കും പരസ്പരമുണ്ടാക്കി കൊല്ലും കൊലയും നടത്തുന്ന അതേ മനോഭാവത്തോടെ പോലീസുകാരോടു പെരുമാറുമ്പോൾ സ്വാഭാവികമായും അവരും പ്രതികരിച്ചുപോകും. ഇവിടെയും അതുതന്നെയാണു സംഭവിച്ചിട്ടുള്ളതെന്ന് പകൽപോലെ വ്യക്തമാണ്. പോലീസുകാരോടു കയർത്താൽ കയർക്കുന്നയാളുടെ കോളറിനു പിടിക്കുന്നതും പിടിച്ചുന്തുന്നതും സ്വാഭാവിക സംഭവം മാത്രമാണ്.

  ഡിവൈഎസ്‌പി ഹരികുമാർ മനഃപൂർവ്വം സനൽ കുമാറിനെ വാഹനത്തിനു മുമ്പിലേക്ക് തള്ളിയിട്ടുകൊന്നു എന്ന പ്രചരണമാണ് മീഡിയകൾ നടത്തിയത്. വാഹനത്തിനു മുമ്പിലേക്കു വീഴുമെന്നോ മരണപ്പെടുമെന്നോ ഡിവൈഎസ്‌പിയോ സനൽകുമാറോ കരുതിയിട്ടുണ്ടാവില്ല. ഡിവൈഎസ്‌പിക്കു സംഭവിച്ച കൈയബദ്ധത്തിൽ സനൽകുമാറിന്റെ ജീവൻ പൊലിഞ്ഞു എന്നത് നിഷേധിക്കുകയോ ന്യായികരിക്കുകയോ ചെയ്യുന്നില്ല. പക്ഷേ അതൊരു കൈയബദ്ധമായിരുന്നെന്ന് സത്യസന്ധമായി ചിന്തിക്കുന്നവർക്കു തിരിച്ചറിയാൻ കഴിയും. അതനുസരിച്ചുള്ള നടപടികളാണ് ഉണ്ടാവേണ്ടിയിരുന്നത്. അല്ലാതെ ചാനൽ വ്യൂസ് ചവറുകളിൽ ചടഞ്ഞിരുന്ന് അർത്ഥശൂന്യവും അനാവശ്യവുമായ വയറ്റിപ്പിഴപ്പു ചർച്ചകൾ നടത്തുന്നവരുടെ താളത്തിനൊത്തു തുള്ളി അവരെ പ്രീതിപ്പെടുത്താനുള്ള നടപടികളായിരുന്നില്ല. ഈ ചവറുകൾ നിരോധിച്ചാൽ തീരാവുന്നതാണ് ഇന്ന് കേരളത്തിൽ നടക്കുന്ന മിക്ക പ്രശ്നങ്ങളും എന്നത് ബുദ്ധി മരവിക്കാത്തവർക്ക് ചിന്തിച്ചാൽ മനസ്സിലാവും.

  യാതൊരു സപ്പോർട്ടും കിട്ടാതെ സമ്മർദ്ദത്തിൽ കഴിയുന്നവരാണു പോലീസുകാരെന്നത് പച്ചയായ യാഥാർത്ഥ്യമാണ്. അത് ഏതൊരു പോലീസുകാരനോടും സ്വകാര്യമായി ചോദിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഡിവൈഎസ്‌പി ഹരികുമാറിനു നിയമത്തിനുമുമ്പിൽ സമാധാനത്തോടെ സുരക്ഷിതമായി ഹാജരാവാനും അദ്ദേഹത്തിന്റെ ഭാഗം കേൾക്കാൻ അവസരമൊരുങ്ങാതിരിക്കാനും മാധ്യമ വിധിയെഴുത്തുകളും പൊലീസിന് രാഷ്ട്രീയക്കാരിൽ നിന്നുള്ള അനാവശ്യ സമ്മർദ്ദവും കാരണമായെന്നു നിസ്സംശയം പറയാം. പക്ഷേ ഏതൊരു വിഷയത്തിലും ആദ്യം വിധിപറയലും പിന്നെ വിചാരണയും അതിനു ശേഷം അന്വേഷണങ്ങളും മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ ശരിയായ അന്വേഷണം സമയബന്ധിതമായി നടത്താൻ നിയമ സംവിധാനത്തിനു കഴിയുന്നില്ല.

കേസും അന്വേഷണവുമൊക്കെ നീതിന്യായവിഭാഗം ചെയ്യട്ടെ. കുറ്റവാളികൾ രക്ഷപ്പെടണമെന്നല്ലതെറ്റു ചെയ്തവന് അതിനനുസരിച്ചുള്ള ശിക്ഷയേ ലഭിക്കാവൂ. ഇവിടെ മരണപ്പെട്ട സനൽകുമാറും തുടർന്ന് ആത്മഹത്യ ചെയ്ത ഹരികുമാറും ആ സംഭവത്തിൽ ഒരുപോലെ കുറ്റക്കാരായിരുന്നെങ്കിൽ ഹരികുമാറിന്റെ മരണത്തിന് ഉത്തരവാദികൾ ഇവിടുത്തെ മീഡിയകളും ഒരുവിഭാഗം രാഷ്ട്രീയക്കാരുമാണ്. ഒറ്റ ദിവസം കൊണ്ടാണ് അവർ ഒരു പോലീസുദ്യോഗസ്ഥനെ കൊടും കുറ്റവാളിയും തീവ്രവാദിയുമൊക്കെയാക്കി ചിത്രീകരിച്ചു കൊലവിളി നടത്തിയത്. ഹരികുമാറും എല്ലാവരെയും പോലെ പച്ചയായ ഒരു മനുഷ്യ ജീവിയാണെന്ന് ആരും ഓർത്തതേയില്ല. പകരം പുതിയ കണ്ടുപിടുത്തങ്ങളും സൂചനകളും പടച്ചുണ്ടാക്കി കൊലവിളി നടത്തുകയായിരുന്നു.  അനാവശ്യ തർക്കമാണ് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. അത്തരം തർക്കങ്ങൾ ആരൊക്കെ നടത്തിയാലും ഇങ്ങനെയൊക്കെത്തന്നെയാണു സംഭവിക്കുക. അതിനെ അന്തിച്ചർച്ചയാക്കി മാറ്റുമ്പോൾ ചോർന്നുപോകുന്നത് ഈ ദേശത്തെ സമാധാനമാണെന്ന് മറന്നുപോകരുത്. നിയമത്തെ അതിന്റെ വഴിക്കു വിടുകയാണു വേണ്ടത്അത് മറ്റുള്ളവർ ഏറ്റെടുക്കേണ്ട കാര്യമേയില്ല. നിയമം കടലാസിൽ വരക്കുന്നതിനു പകരം ബാഹ്യ ഇടപെടലുകളില്ലാതെ സുഗമമായി നടമാടാനാണ് എല്ലാരും പരിശ്രമിക്കേണ്ടത്. അല്ലാതെ കേവലം ബ്രേക്കിംഗ് ന്യൂസുണ്ടാക്കാൻ കഥകൾ മെനഞ്ഞെടുക്കാനല്ല.

(DYSP ഹരികുമാർ ആത്മഹത്യ ചെയ്യുന്നതിനു മുമ്പാണ് ഇതിനു മുമ്പത്തെ പോസ്റ്റ് എഴുതിയത്. അദ്ദേഹം ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ പോസ്റ്റ് എഡിറ്റു ചെയ്ത് വീണ്ടും പോസ്റ്റു ചെയ്യുന്നു. പഴയ പോസ്റ്റ് ഇവിടെ വായിക്കാം)



Sunday

DySP ഹരികുമാർ - വിധി, വിചാരണ, പിന്നെ അന്വേഷണവും


  പ്രിയ വായനക്കാരുടെ ശ്രദ്ധയെ മൂന്നുവർഷം പിറകിലേക്ക് കൊണ്ടുപോവുകയാണ്. ഡി വൈ എസ് പി രവീന്ദ്രൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ മാധ്യമങ്ങളും സോഷ്യൽമീഡിയയും ചേർന്ന് തൂക്കിക്കൊല്ലാൻ ശ്രമിച്ചിട്ട് മൂന്നു വർഷമാകുന്നു. ഒളിക്യാമറ വീഡിയോയായിരുന്നു അന്ന് ആയുധം. വിവരവും ബോധവും കെട്ടവരാണ് പോലീസുകാർ എന്ന് ആരോപിച്ച് സമൂഹത്തിലെ സദാചാരവാദികൾ പ്രചരിപ്പിച്ച വീഡിയോയിൽ പക്ഷേ സദാചാരവാദികൾക്ക് തങ്ങളുടെ ഭാഗം തെളിയിക്കാൻ പോന്ന ഭാഷണം തരിമ്പുപോലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നത് വേറേകാര്യം. അന്ന് ആ കേസുമായി ബന്ധപ്പെടാനും ഡിവൈഎസ്‌പിക്കു വേണ്ടി ശബ്ദിക്കാനും അതിൽ വിജയിക്കാനും കഴിഞ്ഞയാളെന്ന നിലയിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ആ സംഭവത്തെക്കുറിച്ച് ഇവിടെ വായിക്കാം.

  ഏറെക്കുറെ സമാന വിധി വിചാരണകളാണ് ഡിവൈഎസ്‌പി ഹരികുമാറും നേരിട്ടുകൊണ്ടിരിക്കുന്നത്. പോലീസുമായി സഹകരിച്ച് ഇടപെടുന്ന സാമാന്യ ബോധത്തിൽ നിന്ന് അകന്ന് പോലീസുമായി തർക്കിക്കാനും അവരെ മര്യാദ പഠിപ്പിക്കാനും ഇറങ്ങിപ്പുറപ്പെടുന്ന തലമുറ എവിടെയും സജീവമാണ്. മനഃസമാധാനത്തോടെ ജോലി നിർവ്വഹിക്കാൻ കഴിയാത്ത കേരളത്തിലെ ഏക ഉദോഗസ്ഥവിഭാഗം പോലീസുകാർ മാത്രമാണ്. എന്തെങ്കിലും അബദ്ധം സംഭവിച്ചാൽ സ്വന്തം സഹപ്രവർത്തകരുടെപോലും സഹായമോ സഹകരണമോ ലഭിക്കാത്ത മറ്റൊരു വിഭാഗവും ഇല്ല. സംഭവിച്ചത് കൈയബദ്ധമാണെങ്കിൽക്കൂടി അതു തെളിയിക്കാൻ മിക്കവാറും സാധിക്കാറില്ല.

  ഡിവൈഎസ്‌പി ഹരികുമാർ മനഃപൂർവ്വം സനൽ കുമാറിനെ വാഹനത്തിനു മുമ്പിലേക്ക് തള്ളിയിട്ടുകൊന്നു എന്ന പ്രചരണമാണ് മീഡിയകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും മാനസിക സമ്മർദ്ദം അദുഭവിക്കുന്ന വിഭാഗമായ പോലീസുകാരിൽ ആരോടെങ്കിലും മര്യാദക്കു നിരക്കാത്ത വിധത്തിൽ തർക്കിക്കാനും വാക്കേറ്റം നടത്താനുമൊക്കെ പൊതുജനം തയ്യാറാവുമ്പോൾ മിണ്ടാതെ വായും പൊത്തി ഇരിക്കാനുള്ള മനക്കരുത്തൊന്നും പോലീസ് സേനക്കു കിട്ടുന്നില്ല. ഒന്നുപറഞ്ഞാൽ രണ്ടിനു തല്ലും വഴക്കും പരസ്പരമുണ്ടാക്കി കൊല്ലും കൊലയും നടത്തുന്ന അതേ മനോഭാവത്തോടെ പോലീസുകാരോടു പെരുമാറുമ്പോൾ സ്വാഭാവികമായും അവരും പ്രതികരിച്ചുപോകും. ഇവിടെയും അതുതന്നെയാണു സംഭവിച്ചിട്ടുണ്ടാവുക. പോലീസുകാരോടു കയർത്താൽ കയർക്കുന്നയാളുടെ കോളറിനു പിടിക്കുന്നതും പിടിച്ചുന്തുന്നതും സ്വാഭാവിക സംഭവം മാത്രമാണ്. വാഹനത്തിനു മുമ്പിലേക്കു വീഴുമെന്നോ മരണപ്പെടുമെന്നോ ഡിവൈഎസ്‌പിയോ സനൽകുമാറോ കരുതിയിട്ടില്ല. ഡിവൈഎസ്‌പിക്കു സംഭവിച്ച കൈയബദ്ധത്തിൽ സനൽകുമാറിന്റെ ജീവൻ പൊലിഞ്ഞു എന്നത് നിഷേധിക്കുകയോ ന്യായികരിക്കുകയോ ചെയ്യുന്നില്ല. പക്ഷേ അതൊരു കൈയബദ്ധമായിരുന്നെന്ന് സത്യസന്ധമായി ചിന്തിക്കുന്നവർക്കു തിരിച്ചറിയാൻ കഴിയും. അതനുസരിച്ചുള്ള നടപടികളാണുണ്ടാവേണ്ടത്.

  യാതൊരു സപ്പോർട്ടും കിട്ടാതെ സമ്മർദ്ദത്തിൽ കഴിയുന്നവരാണു പോലീസുകാരെന്നത് സത്യമെന്ന് ഏതൊരു പോലീസുകാരനോടും സ്വകാര്യമായി ചോദിച്ചാൽ മനസ്സിലാവും. ഡിവൈഎസ്‌പി ഹരികുമാറിനു നിയമത്തിനുമുമ്പിൽ സുരക്ഷിതമായി ഹാജരാവാനും അദ്ദേഹത്തിന്റെ ഭാഗം കേൾക്കാനും അവസരമൊരുങ്ങേണ്ടതുണ്ട്. അതിനുമുമ്പ് വിധിയും വിചാരണയും മറ്റുള്ളവർ നടത്തരുതെന്നേ പറയുന്നുള്ളൂ. അത് നീതിന്യായവിഭാഗം ചെയ്യട്ടെ. കുറ്റവാളികൾ രക്ഷപ്പെടണമെന്നല്ല, തെറ്റു ചെയ്തവന് അതിനനുസരിച്ചുള്ള ശിക്ഷയേ ലഭിക്കാവൂ. ഇവിടെ മരണപ്പെട്ട സനൽകുമാറും കുറ്റക്കാരനാണെന്നാണ് മനസ്സിലാകുന്നത്. അനാവശ്യ തർക്കമാണ് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. അത്തരം തർക്കങ്ങൾ ആരൊക്കെ നടത്തിയാലും ഇങ്ങനെയൊക്കെത്തന്നെയാണു സംഭവിക്കുക. അതിനെ അന്തിച്ചർച്ചയാക്കി മാറ്റുമ്പോൾ ചോർന്നുപോകുന്നത് ഈ ദേശത്തെ സമാധാനമാണെന്ന് മറന്നുപോകരുത്. നിയമത്തെ അതിന്റെ വഴിക്കു വിടൂ, അത് മറ്റുള്ളവർ ഏറ്റെടുക്കേണ്ടതില്ല.

Popular Posts

Recent Posts

Blog Archive