Saturday

വിവാഹപ്രായം കീറാമുട്ടിയാണോ...?


 പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കണോ പതിനാറാക്കണൊ അതല്ല മറ്റെന്തെങ്കിലുമൊക്കെ ആക്കണോയെന്ന് തീരുമാനിക്കാനെന്നമട്ടിൽ വിവാദങ്ങൾ പടച്ച് മറഞ്ഞെങ്കിലും തെളിഞ്ഞുനിൽക്കുന്ന തങ്ങളുടെ മനോധാരയെ സമ്പുഷ്ടീകരിക്കുന്ന നിർഭാഗ്യ വാദഗതികൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായിട്ടില്ല. വാർത്താക്കച്ചവടങ്ങൾക്ക് പുതിയ ഇരയെത്തിയെങ്കിലും പ്രസ്തുത വിചാരണകൾക്ക് ഒരു ചിന്ത കൊടുക്കുന്നത് നല്ലതാണെന്നു തോന്നുന്നു.

 പെൺകുട്ടികൾക്ക് വിവാഹപ്രായം നിജപ്പെടുത്തി നിയമം വരുന്നതിനോട് ഒരുതരത്തിലും യോജിക്കാൻ കഴിയുന്നില്ല. വിവാഹം കഴിക്കാനും കുടുംബജീവിതം നയിക്കാനും പ്രപ്തിനേടുന്നതെന്നോ അന്ന് അവളും അവനും അതിനു തയ്യാറാകുന്നതായിരിക്കും ഉചിതം. ഇന്നത്തെ വാദവിവാദഗതികൾ അരക്ഷിതാവസ്ഥക്കു വഴിവെക്കാനല്ലാതെ മറ്റൊരു സംഭവവും സൃഷ്ടിക്കാൻ പോകുന്നില്ല. വിദ്യാഭ്യാസം പൂർത്തിയാക്കി വിവാഹം കഴിച്ചാൽ മതിയെന്നുവെച്ചാൽ അവർക്ക് വിവാഹം കഴിക്കാതെ ജീവിക്കേണ്ടിവരും. അല്ലെങ്കിൽ ഇന്ത്യാക്കാർക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാനും കാലയളവു നിശ്ചയിക്കേണ്ടി വരും.

 പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം പതിനെട്ടാക്കണമെന്ന് ശക്തിയുക്തം വാദിക്കുന്ന വാഗ്ധോരണിയുടെ യോദ്ധാക്കൾ മിനിമം തങ്ങളുടെ മാതാപിതാക്കളുടെയെങ്കിലും വിവാഹവേളയിലെ പ്രായം അന്വേഷിക്കുന്നത് നന്നായിരിക്കും. പതിമൂന്നിലും പതിനാലിലും വിവാഹം കഴിഞ്ഞ തങ്ങളുടെ മാതാക്കൾക്കു പിറന്ന തങ്ങളോരോരുത്തരും മന്ദബുദ്ധികളും ചിന്താശേഷി നശിച്ചവരും അനാരോഗ്യത്തിന്റെ വന്മലകൾ ചുമക്കുന്നവരും സർവ്വോപരി ഒന്നിനും കഴിവില്ലാത്തവരുമാണെന്ന് സ്വയം സമ്മതിക്കേണ്ടി വരും. അതല്ല തങ്ങളെല്ലാം സദ്ഗുണ സമ്പന്നന്മാരാണെന്നും പൂർണ്ണ ആരോഗ്യമുള്ളവരാണെന്നും ഒരു സമൂഹത്തിന്റെ തന്നെ വക്താക്കളാകാൻ പ്രാപ്തിനേടിയവരും തങ്ങളുടെ സമൂഹത്തിന്റെ സമഗ്ര ഉന്നമനത്തിനു നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരുമാണെന്നും അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തിൽത്തന്നെ ഇത്രയധികം ശ്രദ്ധലുക്കളാകുന്നതെന്നും സമ്മതിച്ചാൽ സർവ്വമേഖലയിലും ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് വിവാഹപ്രായം ഒരു പ്രശ്നമേയല്ലെന്നും സമ്മതിക്കേണ്ടിവരും.

 ജീവിതത്തിന്റെ പ്രാഥമിക പാഠം അക്ഷരാർത്ഥത്തിൽ സ്വായത്തമാക്കി സംരക്ഷിച്ചുപോന്ന പഴയ തലമുറക്ക് മതവും പ്രായവും ഒരു പ്രശ്നമല്ലായിരുന്നു. എല്ലാ വിഭാഗങ്ങളും അതിൽ ഒരുപോലെ പങ്കാളികളായിരുന്നു. ആധുനിക ചികിത്സാ സമ്പ്രദായങ്ങളോ വിവരവിതരണ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. മികച്ച യാത്രാ മാർഗ്ഗങ്ങളോ സിസേറിയൻ കച്ചവടമോ ആശുപത്രിവാസമോ ഇല്ലായിരുന്നു. സർവ്വോപരി പ്രസവം ഒരസുഖമേ അല്ലായിരുന്നു. മണ്മറഞ്ഞുപോയ സംസ്കാര സമ്പന്നരായിരുന്ന നമ്മുടെ മുൻ തലമുറകൾക്ക് വിവാഹപ്രായമെന്നത് നമ്മുടെ വിവാദംപെറ്റ കീറാമുട്ടി അല്ലായിരുന്നുവെന്നു കാണാം. വളരെ വ്യക്തമായ കാരണങ്ങളും അതിനുണ്ടായിരുന്നു.

 നമ്മുടെ മുൻതലമുറക്കാർ നമുക്കു സമ്മാനിച്ച സംസ്കാരത്തിന്റെയും ജീവിതരീതിയുടേയും അംശമെങ്കിലും നമ്മുടെ കുഞ്ഞുങ്ങൾക്ക് പകർന്നുനൽകാൻ കഴിയുന്നില്ലെങ്കിൽ, അച്ചടക്കവും സാമൂഹ്യബോധവുമുള്ള ആരോഗ്യമുള്ള കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ പ്രാപ്തിനേടിയ സമൂഹത്തെ സൃഷ്ടിക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ സമൂഹത്തെ മാനസികമായി ഷണ്ഡീകരിക്കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനു മറ്റെന്തൊക്കെയോ പോരായ്മകൾ കൂടി ഉണ്ടെന്നു മനസ്സിലാക്കണം. സർവ്വ മേഖലകളിലും ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തുണ്ടാക്കാനാണു വിദ്യാഭ്യാസം, മറിച്ച് പേരിനൊപ്പം വാലുകൂട്ടി സമൂഹത്തെ കൊള്ളയടിക്കാനുള്ളതല്ല. മുൻകാലങ്ങളിൽ സാമൂഹിക വിദ്യാഭ്യാസത്തിനായിരുന്നു പ്രാധാന്യം. കൂട്ടുകുടുംബങ്ങളിൽ വളരെ ശ്രദ്ധയോടെ നടന്ന് അന്നത്തെ വിവാഹങ്ങൾക്ക് ആയുസ്സും ആരോഗ്യവുമുണ്ടായിരുന്നു. ആ ജീവിതത്തിലുണ്ടാകാവുന്ന അസ്വാരസ്യങ്ങൾക്ക് കൃത്യമായ പരിഹാരവും ലഭിച്ചിരുന്നു. അതിലുണ്ടായ പുതിയ തലമുറകൾക്ക് ഇന്നുള്ളതിലും നല്ല പരിചരണവും ലഭിച്ചിരുന്നു. അവർക്കുവേണ്ടി കൃത്യമായ പാത വെട്ടിത്തെളിച്ചുകൊടുക്കാൻ ആ പഴയ തലമുറക്കു കഴിഞ്ഞിരുന്നു. ഇന്നുള്ളവർക്ക് ആധുനിക വിദ്യാഭ്യാസം അഭിമാനമാകുമ്പോൾ ആ വിദ്യാഭാസത്തിലൂടെ ഒപ്പം കരസ്ഥമാകുന്ന മാനസിക വിദ്യാഭ്യാസം അന്യമായിപ്പോകുന്നു. ഇതിനാണു മാറ്റം വരേണ്ടത്.

 ആധുനിക സാങ്കേതികവിദ്യകളും മെച്ചപ്പെട്ട ജീവിത സാമ്പത്തിക സാഹചര്യങ്ങളും പ്രയോജനപ്പെടുത്തി ജീവിക്കുന്നതിനൊപ്പം സമൂഹത്തെ പ്രതിബദ്ധതയോടെ നോക്കാനും സഹജീവികളെ സഹോദരങ്ങളായിക്കാണാനും പെരുമാറാനും ഉതകുന്ന മാനസിക നിലവാരം സമ്മാനിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരാനും സംസ്കാരസമ്പന്നരാകാനുമാണ് ഇവിടെ ശബ്ദമുയർത്തേണ്ടത്. അല്ലാതെ കിട്ടുന്നതെന്തും ഒരു സമുദായത്തെ തല്ലാനും മാനസികമായി പീഢിപ്പിക്കാനും ഉപയോഗിക്കാമെന്ന ഗൂഢലക്ഷ്യത്തോടെ സാമൂഹിക കപടപ്രതിബദ്ധത കാണിക്കാനല്ല.

Popular Posts

Recent Posts

Blog Archive