Latest Posts

Friday

മനോരാജ് കഥാസമാഹാര പുരസ്കാരം


  ഈ വർഷത്തെ മനോരാജ് പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്നതിനുള്ള പുസ്തകങ്ങൾ സ്വീകരിച്ചു തുടങ്ങി. 2014, 2015, 2016 വർഷങ്ങളിൽ ആദ്യപതിപ്പായി ഇറങ്ങിയ കഥാസാമാഹാരങ്ങളുടെ മൂന്നു കോപ്പികൾ വീതം ആണ് അയക്കേണ്ടത്. 33,333രൂപയും ശില്പവും പ്രശസ്തിപത്രവും ആണ് സമ്മാനം.


Thursday

ചെറായി സൗഹൃദ സംഗമം ഒക്ടോബർ 16ന്

പ്രിയ സുഹൃത്തുക്കളെ,

 ബൂലോകത്തിന്റെ പ്രിയമിത്രം മനോരാജിന്റെ ഓർമ്മ നിലനിർത്താൻ നമ്മൾ നടപ്പിലാക്കിയ മലയാളം കഥാസമാഹാര പുരസ്കാരം “മനോരാജ് പുരസ്കാര”മെന്ന് ഭൂലോകത്ത് ഒരു പുതിയ ഉണർവ്വു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. വരുന്ന പതിനാറിന് ചെറായിയിൽ നടക്കുന്ന ചടങ്ങിൽ ഈവർഷത്തെ പുരസ്കാര ജേതാവിന് അതു സമ്മാനിക്കുകയും ചെയ്യുന്നു.ഈ വർഷംമുതൽ ബൂലോകത്ത് തുഞ്ചൻപറമ്പിലടക്കം മീറ്റുകൾ സംഘടിപ്പിക്കുന്നതിൽ നിന്ന് ഞാൻ പിന്മാറുകയാണ്. പകരം ഒരു പുതിയ സംവിധാനമാണു നല്ലതെന്നു തോന്നുന്നു. ഇതാകുമ്പോൾ മീറ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഇതരരാജ്യബൂലോകവാസികൾക്കുകൂടി ഒരു വർഷം മുന്നേ തയ്യാറെടുക്കാൻ സാധിക്കുമെന്ന മെച്ചം ഞാൻ കാണുന്നു.

 എല്ലാവർഷവും മനോരാജ് പുരസ്കാരം സമ്മാനിക്കുന്നതിന്റെ ഭാഗമായി ചെറായിയിൽത്തന്നെ ബൂലോകമീറ്റും സംഘടിപ്പിക്കുകയാണ്. ഒപ്പം മീറ്റിന് ഒരു പുതിയ മുഖം കൂടി ഒരുക്കാൻ ആഗ്രഹിക്കുന്നു. സാധാരണ മീറ്റുകളിൽ പങ്കെടുക്കുന്നവർക്ക് മീറ്റിന്റെ ആദ്യാവസാനം പങ്കെടുക്കാനോ മീറ്റിലെത്തുന്നവരെ മുഴുവൻ പരിചയപ്പെടാനോ പരിചയം പുതുക്കാനോ സാധിക്കാറില്ല. ഈ വർഷം മുതൽ അതിന് ഒരു മാറ്റം തുടങ്ങുകയാണ്.ഒക്ടോബർ പതിനാറിനാണ് അവാർഡ് ഫങ്ഷൻ. അന്നേദിവസം നമ്മൾ ചെറായിയിൽ ഉച്ചക്കുശേഷം ഒരുമിച്ചുകൂടുന്നു (രാവിലേ വരുന്നവർക്ക് അങ്ങനെയുമാകാം).

അവാർഡ് ചടങ്ങിനു ശേഷം നിരക്ഷരന്റെ റിസോർട്ടിൽ (മുസ്‌രീസ് ഹാർബർ വ്യൂ) ഒരുമിച്ചു കൂടാം. മനോഹരമായ പശ്ചാത്തലത്തിൽ സന്തോഷത്തോടെ നമുക്ക് ഒരുമിക്കാം. ചുടാനും തിന്നാനുമൊക്കെ സൗകര്യമുള്ളതുകൊണ്ട് അങ്ങനെ ചുലതുകൂടി നമുക്ക് ഒരുക്കാം. എല്ലാർക്കും കൂടി ഒരു മനോഹര സായാഹ്നം ഒരു അനുഭവമാക്കാം. റിസോർട്ടിൽ എല്ലാർക്കും ഉറങ്ങാനുള്ള സൗകര്യമുണ്ട്. രാവിലേ നല്ലൊരു സംഗമത്തിന്റെ ഓർമ്മകളുമായി അടുത്തവർഷം കാണാമെന്നു നിശ്ചയിച്ച് മടങ്ങാം.ഈ വർഷം മുതൽ മുസ്‌രീസ് ഹാർബർ വ്യൂവിൽ മാത്രമാണ് സംഗമം ഒരുക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ സമയം ചെലവഴിക്കുക, നല്ലബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക, സൗഹൃദങ്ങൾ പുതുക്കുക എന്നതൊക്കെയാണു ലക്ഷ്യം. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

കൂട്ടിച്ചേർത്തത്.

മീറ്റിൽ രാത്രിയിൽ കൂടാൻ താല്പര്യപ്പെടുന്നവരുടെ ഒരു വിവരവും ഇല്ലാത്തതിനാൽ രാവിലേ 9 മുതൽ വൈകിട്ട് 7 വരെയായ്യി മീറ്റ് സമയക്രമം തീരുമാനിച്ചിരിക്കുന്നു. എല്ലാവരും രാവിലേതന്നെ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

Tuesday

ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വായിച്ചറിയുവാൻ....

ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിക്ക്

ചാലക്കുടി ഡിവൈഎസ്‌പി കെ. കെ. രവീന്ദ്രനെ പാലിയേക്കര ടോൾ പ്ലാസയിലുണ്ടായ സംഭവങ്ങളെത്തുടർന്ന് സ്ഥലം മാറ്റിയ നടപടി സംശയമുയർത്തുന്നതാണ്. ടോൾ കമ്പനിക്കാരെ സഹായിക്കാൻ യാത്രക്കാരെ ടോൾ നൽകി യാത്രചെയ്യാൻ നിർബ്ബന്ധിക്കുന്നതായി ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കുന്ന വ്യക്തമായ രേഖകൾ വിവരാവകാശ നിയമപ്രകാരം എനിക്കു കിട്ടിയിട്ടുണ്ട്.

നാഷനൽ ഹൈവേ അതോറിറ്റിക്കും ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനും കളക്ടറുൾപ്പടെ തന്റെ മേലുദ്യോഗസ്ഥർക്കും നാഷനൽ ഹൈവേയുടേയും ടോൾപ്ലാസയുടേയും സുരക്ഷിതത്വമില്ലായ്മയും ആവശ്യമായ നടപടികളും ചൂണ്ടിക്കാട്ടി അഞ്ചു റിപ്പോർട്ടുകൾ ഡിവൈഎസ്‌പി സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കാതിരുന്നാൽ അപകടമുണ്ടാകുന്ന പക്ഷം ടോൾകമ്പനിയെയും ബന്ധപ്പെട്ട എഞ്ചിനീയർമാരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും 2015 സെപ്തംബർ 20ന് സമർപ്പിച്ച അഞ്ചാമതു റിപ്പോർട്ടിൽ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഈ റിപ്പോർട്ട് യഥാസമയം പരിഗണിക്കാതിരുന്നതിലാണ് നവംബർ ആറിന് ആറുപേരുടെ മരണമുൾപ്പെട്ട നന്ദിക്കര അപകടമുണ്ടായത്.

ടോൾ പ്ലാസയിൽ എപ്പോഴും പോലീസുകാരുള്ളതിനാൽ ക്രിമിനലുകൾ സമാന്തരപതയാണ് തെരഞ്ഞെടുക്കാറ്. പുതുക്കാട്, വരന്തരപ്പാറ സ്റ്റേഷനുകളിലെ ആദ്യ കേസുകൾ (ക്രൈം 1/2016) ഈ പാതയിലെ ക്രിമിനൽ സഞ്ചാരവുമായി ബന്ധപ്പെട്ടതാണ്. ഡിസംബർ 25ന് ടോൾപ്ലാസക്കടുത്ത് രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇതുൾപ്പടെയുള്ള കേസുകളന്വേഷിക്കുന്നത് ഇദ്ദേഹത്തിന്റെ നേരിട്ടുള്ള മേൽ നോട്ടത്തിലാണ്.

ടോൾ പ്ലാസയിൽ രണ്ട് ട്രാക്ക് അത്യാവശ്യ സർവ്വീസിനായി മാറ്റിവെച്ചത് ഇദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ടാണ്. വാഹനങ്ങൾ കൂട്ടമായി വരുമ്പോഴും അഞ്ചോ അധികമോ വാഹനങ്ങൾ ട്രാക്കിൽ നിറഞ്ഞാലും ടോൾപ്ലാസ തുറന്ന് ബ്ലോക്കൊഴിവാക്കണമെന്ന് നിർദ്ദേശിച്ചതും ഇദ്ദേഹമാണ്. അതുകൊണ്ടുതന്നെ ടോൾ കമ്പനിക്കും അതിന്റെ ആനുകൂല്യം പറ്റുന്നവർക്കും ഡിവൈഎസ്‌പിയോടുള്ള നീരസം സുവ്യക്തമാണ്. ടോൾ കേന്ദ്രത്തിൽ അദ്ദേഹം ഏർപ്പെടുത്തിയ സൗകര്യങ്ങളും ടോൾ കളക്ഷൻ മാനേജർ, നാഷനൽ ഹൈവേ അതോറിറ്റി എന്നിവർക്കെതിരേ എടുത്ത കേസിന്റെ തുടർ നടപടികളുമാണ് ഡിവൈഎസ്‌പിയുടെ സ്ഥലം മാറ്റത്തോടെ മറഞ്ഞുപോകുന്നത്.

ടോൾ പ്ലാസാ കരാർ കമ്പനിയുടെ ജനദ്രോഹ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ച തൃശൂർ ജില്ലാ കളക്ടർ ഡോ. എ. കൗശികനെയും കഴിഞ്ഞയാഴ്ച സ്ഥലം മാറ്റിയിരുന്നു. ഡിവൈ എസ്പിയെക്കൂടി സ്ഥലം മാറ്റിയപ്പോൾ ഞങ്ങൾ സാധാരണക്കാർക്ക് അങ്ങയിൽപ്പോലും സംശയങ്ങൾ ഉയർത്തേണ്ടിവരുന്നു.

വിവാദ പാരലൽ റോഡുമായി ബന്ധപ്പെട്ട് അപകടങ്ങളും ഗതാഗത തടസ്സങ്ങളും തുടർന്ന സാഹചര്യത്തിൽ പ്രസ്തുത റോഡ് അടച്ചുപൂട്ടാൻ ഹൈക്കോടതി 2012ൽ ഉത്തരവിട്ടിരുന്നു എന്നകാര്യം താങ്കൾ ഓർക്കുമല്ലോ. ഈ ഉത്തരവ് പാലിക്കാൻ ബാധ്യതപ്പെട്ടവരിൽ ഡി.വൈ.എസ്.പിയും സ്വാഭാവികമായും ഉണ്ടാവുമല്ലോ. സ്ഥലം എം എൽ എയും മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരുമായുള്ള ധാരണയിൽ പൂർണ്ണമായും അടക്കുന്നതിനു പകരം ഇരുചക്ര മുച്ചക്ര വാഹനങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുകയും പ്രവേശനകവാത്തിന്റെ വീതി കുറക്കുകയുമാണ്ചെയ്തത്.

ഈ പാരലൽ റോഡിലേക്കാണ് നിരോധിച്ച സ്ഥലത്തു യുടേൺ ചെയ്ത് വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുന്നത്. കാറുകൾക്കു കടന്നുപോകാൻ പ്രയാസമായ ഈ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുമ്പോൾ രൂക്ഷമായ ട്രാഫിക് ബ്ലോക്കുണ്ടാവുന്നുണ്ട്. ഇതുമൂലം എസ്കോർട്ട് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് മന്ത്രിമാരെപ്പോലും മിസ്സായ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പോലീസുകാരനെ ഇല്ലാത്ത നിയമം പഠിപ്പിക്കുന്ന ആരോടും കേരളത്തിലെ ഒരു പോലീസുകാരൻ മോശമായ ഭാഷയാണ് പ്രയോഗിക്കുന്നത്. ടോൾ പ്ലാസാ സംഭവത്തിൽ ഡി.വൈ.എസ്.പി മോശമായ ഭാഷ എവിടെയും ഉപയോഗിച്ചതായി കാണുന്നില്ല. . യാത്രക്കാരനും ഡിവൈഎസ്‌പിയുമായി ഉണ്ടായ സംസാരത്തെ പർവ്വതീകരിച്ചുകാണിച്ചതിലും വിശദീകരണം ചോദിക്കാതെ പെട്ടെന്നുതന്നെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും ജനങ്ങൾക്കു വേണ്ടിയാനെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല.

ഒരു എസ്.സി-എസ്.ടി പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയെ പിടിക്കാനുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സമാന്തരപാതയിൽ നിരീക്ഷണം ശക്തമാക്കിയിരുന്ന അദ്ദേഹം വിവാദ സംഭവത്തിന്റെ പിറ്റേന്നുതന്നെ പ്രതിയെ അറസ്റ്റു ചെയ്തിരുന്നു വെന്നത് താങ്കൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ഈ കേസിന്റെ തുടർപ്രവർത്തനങ്ങളും ശ്രീ കെ.കെ.രവീന്ദ്രന്റെ സ്ഥലം മാറ്റത്തോടെ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട്.
ആയതിനാൽ അവിചാരിതമായി ആരും തമ്മിൽ പരസ്പരം സംഭവിച്ചുപോകാവുന്ന തർക്ക വർത്താനങ്ങൾ മാത്രമേ ടോൾ പ്ലാസയിലെ സമാന്തര റോഡിലും സംഭവിച്ചിട്ടുള്ളൂ എന്ന് ഉൾക്കൊണ്ട് ഡി.വൈ.എസ്.പിയെ സ്ഥലം മാറ്റിയ നടപടി പുനഃപരിശോധിക്കുകയും ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിന്റെ ശിക്ഷയായി, ശുദ്ധചിന്തയുള്ള പൊതുജനങ്ങളും അവരെ സംരക്ഷിക്കേണ്ട നിയമപാലകരും ഈ സ്ഥലം മാറ്റ നടപടിയെ കാണുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Monday

പ്രിയപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥാ..


 അതാ നോക്കൂ.. നിങ്ങളുടെ ഓഫീസിനു പുറത്ത്‌ ഒരു പാവം മനുഷ്യന്‍ എന്തോ ആവശ്യത്തിനായി വന്നിരിക്കുന്നത് കാണുന്നില്ലേ..? എന്തു തിരക്കിലായാലും നിങ്ങള്‍ ഒന്നു തല ഉയര്‍ത്തി അയാളെ നോക്കൂ.. ഒന്നു പുഞ്ചിരിച്ച് സ്വാഗതം ചെയ്യൂ.. ഇപ്പോള്‍ നിങ്ങളുടെ ഓഫീസിനകത്തു കടക്കാന്‍ അറച്ചുനില്‍ക്കുന്ന അയാള്‍ക്ക് നിങ്ങളുടെ പുഞ്ചിരി പോലും എന്തൊരാശ്വാസമായിരിക്കുമെന്നോ..!
അതാ നോക്കൂ.. സര്‍ക്കാര്‍ ഓഫീസില്‍ കയറിയ അയാള്‍ക്ക് പതിവില്ലാതെ ഒരു ചിരി കിട്ടിയതു കൊണ്ടാവണം സന്തോഷത്തോടെ നിങ്ങളുടെ മേശക്കരികില്‍ എത്തിയിരിക്കുന്നത്.. ഇനി ഒന്നു ഹൃദയം തുറന്നു സംസാരിക്കൂ.. ചോദിക്കൂ.. അയാളോട്.. എന്തു സേവനമാണ് അയാള്‍ക്ക് വേണ്ടതെന്ന്.. ചിലപ്പോള്‍ നിങ്ങളുടെ ഓഫീസിലേ വരേണ്ട ആളായിരിക്കില്ല അയാള്‍.എന്നാലും അയാള്‍ക്ക് ശരിക്കും പോകേണ്ട ഓഫീസ്‌ ഏതാണെന്ന് കഴിയുമെങ്കില്‍ പറഞ്ഞു കൊടുക്കുക.. ചിലപ്പോള്‍ നിങ്ങളുടെ ഓഫീസില്‍ നിന്നും പെട്ടെന്ന് ശരിയാക്കാന്‍ പറ്റാത്തതോ തീരെ ശരിയാക്കാന്‍ പറ്റാത്തതോ ആയ കാര്യമായിരിക്കും അയാളുടേത്.. എന്നാലും ഒരു "നോ" പറയുമ്പോള്‍ പോലും വിശദീകരിച്ച്.. വളരെ മധുരമായി സംസാരിക്കുക..!
ഇനി അയാള്‍ തനിക്ക് ആവശ്യമായ സേവനം ലഭിച്ചിട്ടായാലും അല്ലെങ്കിലും എന്താണ് സുഹൃത്തുക്കളോട് നിങ്ങളുടെ ഓഫീസിനെക്കുറിച്ചു പറയുക..? "എന്തൊരു നല്ല ഓഫീസ്‌..! എന്തു നല്ല ആത്മാര്‍ഥതയുള്ള ഉദ്യോഗസ്ഥന്‍.." അല്ലേ..? ഇനി നിങ്ങള്‍ ശമ്പളപരിഷ്കരണത്തിനായി സമരം നടത്തുന്ന വാര്‍ത്ത വായിക്കുമ്പോള്‍ അയാളും സുഹൃത്തുക്കളും എന്താണു പറയുക..? "പാവങ്ങള്‍.. അവരുടെ സമരം ന്യായമാണ്.. മെച്ചപ്പെട്ട വേതനം അവര്‍ക്കും വേണം.." എന്നാവില്ലേ..?!
ഇനി ഒന്നു തിരിഞ്ഞു തന്നിലേക്ക് നോക്കൂ സര്‍ക്കാര്‍ ഉദ്യോഗസ്ഥാ.. ഇപ്പോള്‍ എന്താണു നടന്നു കൊണ്ടിരിക്കുന്നത്..? ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റി അവരുടെ കേവലം ദാസനായി ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട താങ്കള്‍, സാര്‍.. സാര്‍.. എന്ന വിളികളുമായി നൂറു തവണ അവര്‍ നിങ്ങള്‍ക്കരികില്‍ എത്തുമ്പോഴും ആ ആവലാതി കേള്‍ക്കാന്‍, അതൊന്നു എളുപ്പം പരിഹരിക്കാന്‍, എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നു ചിന്തിക്കാന്‍ എന്തിന്.. ചെലവില്ലാത്ത ഒരു ചിരി സമ്മാനിക്കാന്‍ തയ്യാറാവുന്നുണ്ടോ..?
"ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു പാട് മാറി,വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ് കൂടുതല്‍.. അവര്‍ കേമന്‍മാരാണ്" എന്നൊക്കെയായിരിക്കും നിങ്ങളുടെ വാദം. ആ വാദത്തിന്‍റെ പൊള്ളത്തരമറിയാന്‍ ചെറിയൊരു പരീക്ഷണം പറഞ്ഞു തരാം.. നിങ്ങളുടെ എന്തെങ്കിലും കാര്യമായ ആവശ്യത്തിന് മറ്റൊരു സര്‍ക്കാര്‍ ഓഫീസില്‍, അതൊരു പഞ്ചായത്ത്‌ ഓഫീസോ, താലൂക്ക്‌ ഓഫീസോ, സപ്ലൈ ഓഫീസോ, ആര്‍.ടി ഓഫീസോ ആവട്ടെ.. ഒന്നു പോയി നോക്കുക.. അവിടെ ചെന്ന് ഒരിക്കലും നിങ്ങള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് പറയരുത്.. ആരുടെ കെയറോഫും പറയരുത്.. ഒരു പാവം പൊതുജനമായി വേണം കാര്യം നടത്താന്‍.. മനം മടുത്തു നിങ്ങള്‍ തന്നെ പറഞ്ഞുപോകും പൊതുജനം പതിവായി പറയുന്ന ആ അഭിപ്രായം..!
യഥാര്‍ത്ഥത്തില്‍ പൊതുജനം പതിവായി നിങ്ങളുടെ ഓഫീസില്‍ നിന്ന് ആരെയൊക്കെയോ ശപിച്ചു കൊണ്ടു ഇറങ്ങിപ്പോകുകയാണ്. പോരാത്തതിന് എത്ര കിട്ടിയാലും മുഖം തെളിയാത്ത കൈക്കൂലിക്കാരുടെ നീരാളിക്കൈകള്‍ ഒരു വശത്ത്.. എത്ര കൈക്കൂലി കൊടുത്താലും നടക്കാത്ത കാര്യങ്ങള്‍ മറുവശത്ത്‌..! ഇതൊക്കെ അനുഭവിക്കുന്ന അവര്‍ നിങ്ങള്‍ ശമ്പളപരിഷ്കരണത്തിനായി സമരം നടത്തുന്ന വാര്‍ത്ത വായിക്കുമ്പോള്‍ എന്താണ് പറയുക..? "എല്ലാത്തിനേം പിരിച്ചു വിടണം.. കഴിയുമെങ്കില്‍ ഇവന്‍മാരുടെ ശമ്പളം വെട്ടിക്കുറക്കണം.." എന്നായിരിക്കില്ലേ..?! എന്തു കൊണ്ടാണ് നിങ്ങളുടെ സമരങ്ങള്‍ ന്യായമാണെങ്കില്‍ പോലും ആരുടേയും പിന്തുണ കിട്ടാതെ പരാജയപ്പെട്ടു പോകുന്നത്..? എരിതീയില്‍ എണ്ണ ഒഴിക്കും പോലെ ഇല്ലാത്ത ശമ്പളവര്‍ദ്ധന പെരുപ്പിച്ചു കാട്ടി മാധ്യമങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരന്‍റെ എണ്ണിച്ചുട്ട അപ്പത്തെ പൊലിപ്പിക്കുമ്പോള്‍ ജനം സപ്പോര്‍ട്ട് ചെയ്യുന്നത്‌ എന്തു കൊണ്ടാണ്..?
ഉത്തരം ഒന്നേയുള്ളൂ പ്രിയപ്പെട്ട ഉദ്യോഗസ്ഥാ.. നിങ്ങളുടെ പെരുമാറ്റം ശരിയല്ല..! സേവനം പോര..! സര്‍വ്വോപരി പൊതുജനത്തിന്‍റെ മുന്നില്‍ വിനീതവിധേയരായി ഇരിക്കുന്നതിനു പകരം യജമാനന്‍മാരെ പോലെയുള്ള നിങ്ങളുടെ ഇരുത്തം ഉണ്ടല്ലോ.. അതും ശരിയല്ല..!!
ഹൃദ്യമായ ഒരു ചിരിയില്‍ തീരുമായിരുന്ന എത്രയെത്ര പ്രശ്നങ്ങളാണ് വിവരാവകാശനിയമത്തിന്‍റെ സാധ്യതകള്‍ ഉപയോഗിച്ച് നിങ്ങളെ കോടതി വരെ കേറ്റാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കിയത്..!
അതുകൊണ്ട്..
പ്രിയപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥാ..
ഇനിയെങ്കിലും നന്നാവുക.. അതാ നോക്കൂ.. നിങ്ങളുടെ ഓഫീസിനു പുറത്ത്‌ ഒരു പാവം പൊതുജനം വന്നിരിക്കുന്നത് കാണുന്നില്ലേ..? എന്തു തിരക്കിലായാലും നിങ്ങള്‍ ഒന്നു തല ഉയര്‍ത്തി അയാളെ നോക്കൂ.. ഒന്നു പുഞ്ചിരിച്ച് സ്വാഗതം ചെയ്യൂ..!!

(വിവരാവകാശികളോടു കടപ്പാട്)

Wednesday

ചാണ്ടിച്ചാണ്ടി ഇനി നൂറു ദിനങ്ങൾ..!!


 ഉമ്മൻചാണ്ടി സർക്കാർ അധികാരമേൽക്കുമ്പോൾ പ്രഖ്യാപിച്ച നൂറുദിന കർമ്മ പദ്ധതിയിൽ വിവരാവകാശ നിയമം സംബന്ധിച്ച് ഒരു വാഗ്ദാനമുണ്ടായിരുന്നു, വിവരാവകാശ ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ കഴിഞ്ഞ ഗവൺമെന്റ് കൊണ്ടുവന്ന വലയ്ക്കുന്ന വ്യവസ്ഥകൾ ഉപേക്ഷിക്കുമെന്നാണ് അന്ന് പറഞ്ഞത്. കേരളത്തിൽ സർക്കാർ ഇതര വകുപ്പുകളിലും സ്ഥാപനങ്ങളിലും വിവരങ്ങൾ ലഭ്യമാക്കാൻ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നേരിട്ട് ഫീസ് അടയ്ക്കണം. അല്ലെങ്കിൽ ഡിമാൻറ് ഡ്രാഫ്റ്റ് (ഡി.ഡി) വഴി പണം അടയ്ക്കണം. പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഈ നിയമത്തിൽ ഇളവ് വരുത്തുമെന്നാണ് യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. നാലര വർഷം കഴിഞ്ഞു, സർക്കാർ അധികാരമൊഴിയാൻ ഇനി ഏതാണ്ട് നൂറുദിനം മാത്രം. പക്ഷേ, ഈ വാഗ്ദാനം കടലാസിൽ ഉറങ്ങുകയാണ്.

  കേരള വിവരാവകാശ ഫീസ് ചട്ടങ്ങളിൽ 2007 ൽ ഇടതു സർക്കാർ കൊണ്ടുവന്ന ഭേദഗതിയാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഭേദഗതി പ്രകാരം കേരളത്തിൽ സർക്കാർ ഇതര വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഫീസടയ്ക്കാൻ മണിഓർഡർ, പോസ്റ്റൽ ഓർഡർ, ചലാൻ, കോർട്ട്ഫീ സ്റ്റാമ്പ് എന്നിവ സ്വീകാര്യമല്ല. പകരം വിവരങ്ങൾ ലഭ്യമാക്കാൻ പണം സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നേരിട്ട് ചെന്ന് അടക്കണം. അല്ലെങ്കിൽ ഡിമാന്റ് ഡ്രാഫ്ട് (ഡി.ഡി) വഴി ഫീസ് അടച്ച് അപേക്ഷിക്കാം. ദൂരെയുള്ള ഓഫീസുകളിൽ നേരിട്ട് ചെന്ന് പണമടക്കുക സാധാരണക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു. അല്ലെങ്കിൽ, ചെറിയ ഫീസിന് പോലും ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കണം. 40 രൂപയോളം ഡി.ഡി കമ്മിഷനും പുറമെ തപാൽ ചിലവും നൽകണം. സാധാരണക്കാർക്കും വിവരാവകാശ പ്രവർത്തകർക്കുമാണ് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.

   സർക്കാർ ഇതര വകുപ്പുകളിലും സ്ഥാപനങ്ങളിലും വിവരാവകാശ അപേക്ഷകൾ നിരുത്സാഹപ്പെടുത്താൻ വേണ്ടിയാണ് ഇത്തരത്തിൽ നിയമം കൊണ്ടുവന്നത്. പലരും 10 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് ഒട്ടിച്ച് സാധാരണപോലെ അപേക്ഷ നൽകും. പക്ഷേ, നിരസിക്കപ്പെട്ട അപേക്ഷ തിരികെ ലഭിക്കുമ്പോഴാണ് നേരിട്ടോ, ഡി.ഡിയായോ പണം അടക്കണമെന്ന് അറിയുക. സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിൽ വിവരാവകാശ ഫീസ് മണിഓർഡറായും പോസ്റ്റൽ ഓർഡറായും സ്വീകരിക്കുവാനും ഇതുവരെ നടപടിയില്ല. എല്ലാ ഓഫീസുകളിലും വിവരാവകാശ ഫീസ് മണി ഓർഡറായും പോസ്റ്റൽ ഓർഡറായും സ്വീകരിക്കുവാൻ നടപടിയെടുക്കുമെന്നത് ഈ സർക്കാറിന്റെ നൂറുദിന പരിപാടിയിലെ മറ്റൊരു വാഗ്ദാനമായിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ക്രമക്കേടുകൾക്ക് വഴിവെക്കുമെന്ന കാരണം പറഞ്ഞ് ഇത് നടപ്പാക്കിയില്ല. അതേസമയം, കേന്ദ്ര സർക്കാർ വകുപ്പുകളിലും കേന്ദ്ര സ്ഥാപനങ്ങളിലും പോസ്റ്റൽ ഓർഡർ സ്വീകരിക്കുന്നുണ്ട്.

   സംസ്ഥാന ഹൈകോടതിയിൽ അപ്പീലിന് 50രൂപ ഫീസ് ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് 2012ൽ അത് പിൻവലിച്ചിരുന്നു. ഫീസടക്കുന്നതിന്റെ പേരിൽ അപേക്ഷകരെ പീഡിപ്പിക്കരുതെന്നും സംസ്ഥാനങ്ങളിൽ വിവരാവകാശ ഫീസ് അടക്കുന്നതിൽ ഏകീകരണം ഉണ്ടാക്കണമെന്നും നിർദ്ദേശിച്ച് കേന്ദ്രം ഏപ്രിലിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു. ഇതിന് കേരള വിവരാവകാശ നിയമം ഫീസടക്കൽ ചട്ടത്തിൽ ഭേദഗതി വരുത്തിയാൽ മതിയായിരുന്നു. എന്നാൽ വിവരം തേടുന്നവർക്ക് സഹായകരമാകുമായിരുന്ന ഇക്കാര്യത്തിലും നടപടിയുണ്ടായില്ല.

  സർക്കാറും ഉദ്യോഗസ്ഥരും വിവരാവകാശ നിയമത്തെ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് നിയമം ദുർബലപ്പെടുത്തുന്നതിന് പുതിയ ഭേദഗതികൾ കൊണ്ടുവരുന്നത്. സാധാരണക്കാർക്ക് വിവരാവകാശനിയമത്തിലെ ഭേദഗതി സംബന്ധിച്ച് കൃത്യമായ ബോധവൽക്കരണം നൽകുന്നതിലും സർക്കാർ സംവിധാനങ്ങൾ പരാജയമാണ്. കഴി‌ഞ്ഞ രണ്ട് സർക്കാരുകൾ ഭരിച്ച കാലത്തും ആർ.ടി.ഐ പ്രവർത്തകർ ഇത് സംബന്ധിച്ച് ഇടപെടൽ നടത്തിയിരുന്നു. നിയമം ദുർബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബി.പി.എൽ വിഭാഗത്തിന് സൗജന്യമായി ലഭിച്ചിരുന്ന വിവരം പരമാവധി 20 പേജ് വരെയായി നിജപ്പെടുത്തിയത്. 2015 ജനുവരിയിലാണ് ഈ നിയന്ത്രണം കൊണ്ടുവന്നത്. വിവരം ലഭ്യമാക്കുന്നതിനോട് അധികൃതർക്കുള്ള വിമുഖതയാണെന്നും ചൂണ്ടിക്കാണിക്കുന്നു. വിവരാവകാശ ഫീസ് ഓൺലൈൻ വഴി അടക്കാൻ 2014 ഡിസംബറിൽ ചട്ടത്തിൽ ഭേദഗതി വരുത്തിയെങ്കിലും പലവകുപ്പുകളിലും അതിനനുസരിച്ച് സംവിധാനം ഒരുക്കിയിട്ടില്ല.

തെറിക്കുത്തരം മുറിപ്പത്തല്   അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ അഹങ്കാര ലഹരിയിൽ എന്തു തോന്ന്യാസവും കാട്ടാമെന്നും അധികാരമെന്ന അപ്പക്കഷണത്തിന്റെ ഉന്മാദത്തിൽ ആരുടെ മേലും കുതിരകേറാമെന്നും തെളിയിച്ച് അതിവേഗം ബഹുദൂരം പായുകയാണു മുഖ്യമന്ത്രി. ഡി ജി പി ജേക്കബ് തോമസ്സിനെ ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി മലയാളികളുടെ ക്ഷമയും വിവേകവും പരീക്ഷിക്കുന്ന മുഖ്യമന്ത്രി കേന്ദ്രത്തിൽ കോൺഗ്രസ്സിനു സംഭവിച്ചതെന്തെന്ന് ചിന്തിക്കാത്തതിൽ അത്ഭുതമൊന്നും തോന്നേണ്ടതില്ല. ശതകോടികളുടെ തമ്പുരാക്കന്മാർക്കും ഫ്ലാറ്റ് മുതലാളിമാർക്കും ദാസ്യവേല ചെയ്യുന്ന വൃത്തികെട്ട തലത്തിലേക്ക് ഉമ്മൻ‌ചാണ്ടി നിലപതിക്കുമ്പോൾ വോട്ടുചെയ്ത് പ്രതിധിയാക്കിയ ജനം വീണ്ടും പരാജിതരാവുകയാണ്.

  ജനതാത്പര്യം മുൻനിർത്തിയാണ് ജേക്കബ് തോമസ്സിനെ മാറ്റിയതെന്ന് അച്ചായൻ അവകാശപ്പെടുമ്പോൾ ഏതു ജനമെന്നുകൂടി വെളിപ്പെടുത്തേണ്ടതുണ്ട്. ജേക്കബ് തോമസ്സിനെതിരെ കിട്ടിയ പരാതിയിൽ ഉമ്മൻ‌ചാണ്ടി നടത്തിയ അന്വേഷണ റിപ്പോർട്ട് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അത്യാവശ്യ സർവ്വീസ് വാഹനങ്ങൾ ആഘോഷങ്ങൾക്കു വിട്ടുകൊടുക്കുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കുലർ ഇറക്കിയതിൽ എന്താണ് തെറ്റ്? യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങൾക്കും ക്വാറികൾക്കും മണിമന്ദിരങ്ങൾക്കുമെല്ലാം നോട്ടുകെട്ടുകൾ കുത്തിനിറച്ച രാഷ്ട്രീയ ഇടപെടലുകളിൽ എൻ ഒ സി വാരിക്കോരിക്കൊടുക്കുന്ന സമ്പ്രദായത്തിന് കൂച്ചുവിലങ്ങിട്ടത് എങ്ങനെയാണ് ജനവിരുദ്ധമാകുന്നത്?

  അധികാര സ്ഥാനങ്ങൾക്കു വേണ്ടി ഒരുത്തന്റെയും കാലുപിടിക്കാത്തതും മുഖം നോക്കാതെയും ആരുടേയും പ്രേരണക്കു വഴങ്ങാതെയും തന്റെ ഉത്തരവാദിത്വം നടപ്പിലാക്കുമ്പോൾ അതൊക്കെ ജനവിരുദ്ധമായി ഉമ്മൻ‌ചാണ്ടിക്ക് തോന്നിയെങ്കിൽ കരണംനോക്കി നാലു പൊട്ടിച്ച് നിയമസഭാ മന്ദിരത്തിനു വെളിയിലേക്ക് കഴുത്തിനു പിടിച്ച് തൂക്കിയെറിയുകയാണ് വേണ്ടത്. അതിനുള്ള അധികാരം ജനങ്ങൾക്കുണ്ട്, ആ ‘കഴുത’കളുടെ പ്രതിധിയാണല്ലോ മുഖ്യമന്ത്രി.

  സംസ്ഥാനത്ത് മറ്റാർക്കും അവകാശപ്പെടനാവാത്ത യോഗ്യതകളും കാര്യ ശേഷിയുമുള്ള ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി ഫയർ ആൻഡ് സേഫ്റ്റി നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചതിന് ഉമ്മൻ‌ചാണ്ടിക്ക് പൊള്ളിയിട്ടുണ്ടെങ്കിൽ അതു നിയമമനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ച അറുപതു ഫ്ലാറ്റുകൾക്ക് എൻ ഒ സി നിഷേധിച്ചതുകൊണ്ടാവണം. എപ്പോഴും ജനകീയനെന്ന് ജനങ്ങളുടെ പേരുപറഞ്ഞ് “ജനകീയ”നാകുന്ന മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ജനങ്ങൾ വെറും പൊട്ടന്മാരല്ലെന്നുകൂടി മനസ്സിലാക്കുന്നതു നല്ലതാണ്.

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts