Showing posts with label മന:ശാസ്ത്രം. Show all posts
Showing posts with label മന:ശാസ്ത്രം. Show all posts

Thursday

ഓർമ്മശക്തി കൂട്ടാൻ ചില സൂത്രപ്പണികൾ

റിഫ്രെഷ് മെമ്മറി എന്ന ബ്ലോഗിനെ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്. 2009ലാണ് ഇത് ബൂലോകരിലെത്തിയത്. ഏതാനും അദ്ധ്യായങ്ങളിലായി വിദ്യാർത്ഥികൾക്കും അല്ലാത്തവർക്കുമായി ചില്ലറ മെമ്മറി ടിപ്സുകൾ  ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ബ്ലോഗിൽ പുതിയ പോസ്റ്റുകൾ വരാത്തതിനാൽ അഗ്രിഗേറ്ററുകളിൽ ലിസ്റ്റു ചെയ്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഈ ബ്ലോഗിനെ ഇപ്പോൾ പലർക്കും അറിയില്ല.

ഉപബോധ മനസ്സിനെ ഉപയോഗപ്പെടുത്തി ബോധ മനസ്സില്‍ നമുക്കാവശ്യമുള്ളവ ഓര്‍ത്തുവയ്ക്കാനും ആവശ്യത്തിന് ഉപയോഗിയ്ക്കാനും ചില നുറുങ്ങു വിദ്യകളാണ് ഈ ബ്ലോഗില്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നത്. സൈഡുബാറിലെ ലിങ്കുകളിലൂടെ അദ്ധ്യായങ്ങളിലേയ്ക്കു പ്രവേശിയ്ക്കാം. സംശയങ്ങൾക്ക് ബ്ലോഗിൽ കൊടുത്തിരിക്കുന്ന നമ്പരിലേക്കു വിളിച്ചോ കമന്റിൽ ചോദിച്ചോ നിവൃത്തിവരുത്താം.  ഒരുകാര്യം പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടത് ഇത് ഒരു പഠനസഹായി ആയതിനാല്‍ അദ്ധ്യായങ്ങള്‍ ക്രമപ്രകാരം മാത്രമേ പഠിയ്ക്കാവൂ എന്നതാണ്. അല്ലെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടിക്കൊള്ളണമെന്നില്ല. ചില അദ്ധ്യായങ്ങളില്‍ ചിഹ്നങ്ങളെയും രൂപങ്ങളെയും മറ്റും അദ്ധ്യയന സഹായികളായി ചേര്‍ത്തിട്ടുണ്ട്. ആശയം നന്നായി മനസ്സിലാകുന്നപക്ഷം കൂടുതല്‍ സൌകര്യമെന്നു തോന്നുന്നവ സ്വയം നിര്‍മ്മിയ്ക്കാവുന്നതാണ്.

അറിവ് എന്നത് ലോകത്ത് പരമപ്രധാനമായ ഒന്നുതന്നെയാണ് എന്നതിലാര്‍ക്കും തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. അറിയാവുന്നത് മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുക്കുന്നില്ലെങ്കില്‍ ആ അറിവുകൊണ്ട് പ്രയോജനമില്ലെന്ന അറിവാണ് ഇങ്ങനെ ഒരു സാഹസത്തിന് എന്നെ പ്രേരിപ്പിച്ചത്. ആത്മവിശ്വാസവും മനോഭാവവും മനുഷ്യജീവിതം മുന്നോട്ടുരുട്ടുന്നതില്‍ പരമപ്രധാനമായ രണ്ടു സംഗതികളാണല്ലോ. ഈ ശ്രമം അതിനു കുറച്ചെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. ഈ അറിവുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നു തോന്നിയാല്‍ ഇതിന്റെ ലിങ്ക് നിങ്ങളുടെ ബ്ലോഗിലും ചേര്‍ക്കുമല്ലോ. സൈഡ്ബാറില്‍ ഈ ബ്ലോഗിന്റെ ലോഗോയും അതിന്റെ html കോഡും ചേര്‍ത്തിട്ടൂണ്ട്. താല്പര്യമുള്ള കുറച്ചുപേര്‍ക്കെങ്കിലും അതുകൊണ്ട് ഉപകരിയ്ക്കുകയും ചെയ്യും.

ഇവിടെ ക്ലിക്കു ചെയ്ത് റിഫ്രെഷ് മെമ്മറിയിലെത്താം

Friday

നിങ്ങള്‍ക്കും സമ്പന്നരാകാം...


സമ്പന്നത എന്നത്‌ ലോകത്താകമാനം ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്‌.
അതിന്‍റെ പൊല്ലാപ്പുകള്‍ ദിനം പ്രതി കേള്‍ക്കുന്നുമുണ്ട്‌.
പക്ഷേ സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും സമ്പന്നരാകാന്‍
നാം എത്രകണ്ട്‌ ശ്രമിക്കുന്നുണ്ട്‌ എന്നു ചിന്തിക്കുന്നവര്‍ എത്രയുണ്ടാവും ?
ഏതുവിധത്തിലുള്ള സമ്പന്നതയായാലും അതു നമ്മുടെ കയ്യെത്തും ദൂരത്താണെന്നത്‌
ഒരു സത്യം മാത്രമായി അവശേഷിക്കരുത്‌.
നമുക്ക്‌ സമ്പന്നരാവാന്‍ കഴിയും, നാം ശ്രമിച്ചാല്‍ എല്ലാ അര്‍ത്ഥത്തിലും !

എല്ലാമേഖലയിലുംവളരെ താഴ്ന്ന നിലയില്‍ കഴിഞ്ഞിരുന്ന,
എന്നാല്‍ സ്വപ്രയത്നംകൊണ്ട്‌ സര്‍വ്വ മേഖലയിലും ഉയര്‍ന്ന
നിലയിലെത്തിയ ഒരാളെ പരിചയപ്പെടുത്താം.
"എം. ആര്‍. കുപ്മേയര്‍" (മെറിയാന്‍ റൂഡി കുപ്മേയര്‍).
അമേരിക്കയിലെ കെന്‍റിക്കിയില്‍ 1908-ല്‍ ജനനം.
പ്രസംഗം, അച്ചടി, മതം, മനശാസ്ത്രം, ബിസിനസ്‌ മാനേജുമണ്റ്റ്‌, എഴുത്ത്‌ എന്നുവേണ്ടസര്‍വ്വ മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ധനതത്വ ശാസ്ത്രജ്ഞന്‍ .
ഇന്‍റര്‍ നാഷണല്‍ ബയോഗ്രാഫിക്‌ സെന്‍റര്‍ - കേംബ്രിഡ്ജ്‌
"ഇന്‍റര്‍ നാഷണല്‍ ഹൂ ഓഫ്‌ ഇലക്ച്വറത്സ്‌" എന്ന പേരില്‍
ഒരു പുതകം തന്നെ അദ്ദേഹത്തെക്കുറിച്ച്‌ ഇറക്കിയിട്ടുണ്ട്‌.
ജീവിതത്തില്‍ നമുക്ക്‌ എങ്ങനെ വിജയിക്കാമെന്ന്‌ അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍
ഒന്നോടിച്ചു ചിന്തിച്ചുനോക്കാം.

എത്രത്തോളം ആഗ്രഹിക്കാമോ അത്രത്തോളം ആഗ്രഹിക്കുക, അതിനെക്കുറിച്ച്‌ സ്വപ്നം കാണുക.

എങ്ങനെയെന്നു മനസ്സിലാക്കുക അതിനുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുക.

അറിവ്‌ ശക്തിയല്ലെന്നും അതുപയോഗിക്കപ്പെടുമ്പോഴാണ്‌ അതിന്‌ ശക്തി കൈവരുന്നതെന്നും തിരിച്ചറിയുക

ചിന്തകള്‍ വര്‍ത്തമാനത്തില്‍ ചരിക്കുമ്പോള്‍ അതിനെ ഭാവിയിലേക്കു തിരിച്ചുവിടുക.

നിങ്ങള്‍ക്കു ചെയ്യാനുള്ള കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെടണതാവണമെന്നില്ല.
എന്നിരുന്നാലും ചെയ്യേണ്ടതാണെങ്കില്‍ അതു ചെയ്തു തീര്‍ക്കുക.

നിങ്ങള്‍ തൊഴിലന്വേഷകനാണെങ്കില്‍ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാവണം തിരഞ്ഞെടുക്കേണ്ടത്‌. സീനിയോറിറ്റി മാത്രം മാനദണ്ഡമാക്കി സ്ഥാനക്കയറ്റം നല്‍കുന്ന സ്ഥാപനങ്ങള്‍ പുരോഗതി പ്രാപിക്കില്ല.

നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നുവോ അതിനെക്കുറിച്ച്‌ ആവര്‍ത്തിച്ചു ചിന്തിച്ച്‌ അവയെ ഉപബോധമനസ്സിലെ പ്രോഗ്രാമാക്കുക. എങ്കില്‍ ആ ചിന്ത നിങ്ങളുടെ മനസ്സിനെ പ്രവര്‍ത്തിപ്പിച്ചുകൊള്ളും.

അവസരങ്ങള്‍ നമ്മെത്തേടി വരുമ്പോള്‍ അതിനെക്കുറിച്ച്‌ വിശദമായി ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക.
അതിനുശേഷം സ്വയം തീരുമാനിക്കുക. ആരു പറയുന്നു എന്നതിലല്ല എന്തിനെക്കുറിച്ചു പറയുന്നു എന്നതിനാണ്‌ ഇവിടെ പ്രസക്തി. കേള്‍ക്കാന്‍ മടിക്കണ്ട, അതു തികച്ചും സൌജന്യവുമാണല്ലോ.

ഒരാള്‍ നിങ്ങളെ വിമര്‍ശിക്കുമ്പോള്‍ അയാളോടു വിദ്വേഷം തോന്നേണ്ട കാര്യമില്ല.
അത്‌ അയാളുടെ അഭിപ്രായം മാത്രമാണല്ലോ, മാത്രമല്ല അതു നമുക്ക്‌ ഉപകാരപ്രദവുമാണ്‌.

മറ്റുള്ളവരെ ആക്ഷേപിക്കാതിരിക്കുക, അവര്‍ നമുക്കു തരുന്നതില്‍ ആവശ്യമുള്ളത്‌ ഉള്‍ക്കൊണ്ടാല്‍ മതിയാകും. ഒരാശയം തോന്നിയാല്‍ ഉടന്‍ അതിന്നുവേണ്ടി പരിശ്രമം തുടങ്ങുക.
സമയവും സ്ഥലവും കണ്ടെത്തിയിട്ടു തുടങ്ങാമെന്നാണെകില്‍ പിന്നെ നടന്നില്ലെന്നുവരും.

ഓരോരുത്തരെയും കുറിച്ച്‌ അവരവര്‍തന്നെ ആത്മാര്‍ത്ഥമായി വിലയിരുത്തുക.
അത്‌ അവരുടെ ജീവിതരീതി മാറ്റിമറിക്കും.

മറ്റുള്ളവരും തന്നെപ്പോലെ സ്വതന്ത്ര വ്യക്തികളാണെന്ന ബോധം എപ്പോഴും വേണം.
അത്‌ ഓര്‍ത്തുകൊണ്ടുവേണം അവരോട്‌ ഏതു രീതിയിലും ഇടപെടേണ്ടത്‌.

ചെലവാക്കുന്ന പണത്തിന്‍റെ കണക്ക്‌ ഒരു രൂപയായാലും എഴുതി സൂക്ഷിക്കുക.
ഇതു ശീലമാക്കിയാല്‍ സാമ്പത്തികസ്ഥിരത കൈവരും.

"അതെ"-യെന്നത്‌ ആലോചിച്ചുമാത്രം പറയുക, "അല്ല"-യെന്നത്‌ പെട്ടെന്നു പറയാം.
അതു നിങ്ങളെ "അറിവുള്ള വ്യക്തി" ആയിരിക്കാന്‍ പ്രാപ്തരാക്കും.

നിങ്ങളുടെ അഭിപ്രായം പറയുന്നതിനു മുമ്പ്‌ മറ്റുള്ളവര്‍ക്കു പറയാനുള്ളതു കേള്‍ക്കുക, അവര്‍ക്കു മുന്‍ഗണന കൊടുക്കുക.

മറ്റുള്ളവരെ പ്രശംസിക്കേണ്ട സന്ദര്‍ഭത്തില്‍ പിശുക്കു കാട്ടരുത്‌, അവരെ അംഗീകരിക്കാനും മടി വേണ്ട.

നിങ്ങള്‍ക്കു താല്‍പര്യം തീരെയില്ലാത്ത ജോലി തിരഞ്ഞെടുക്കരുത്‌. നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുന്ന കൂടുതല്‍ സമ്പത്തു തരുന്ന ജോലി നിങ്ങളെ കാത്തിരിക്കുന്നുണ്ട്‌.

ഏതെങ്കിലും ഒന്നിലുള്ള കുറവ്‌ നിങ്ങളുടെ വളര്‍ച്ചക്കു തടസ്സമാവില്ല (ഡാര്‍വിന്‍ നാഡീതളര്‍ച്ചയുള്ളയാളായിരുന്നു.അനശ്വര സിംഫണികള്‍ നമുക്കു സമ്മാനിച്ചു കടന്നുപോയ ബിഥോവന്‌ ചെവി കേള്‍ക്കില്ലായിരുന്നു. അന്ധയും ബധിരയും മൂകയുമായിരുന്നു ഹെലന്‍ കെല്ലര്‍. "പാരഡൈസ്‌ ലോസ്റ്റ്‌"ന്‍റെ സൃഷ്ടാവായ മില്‍ട്ടന്‍ അന്ധനായിരുന്നു").

പ്രശസ്തി കിട്ടാന്‍ വേണ്ടിമാത്രം ഒന്നും ചെയ്യാതിരിക്കുക. നിങ്ങള്‍ അര്‍ഹനെങ്കില്‍ അതു താനേ കൈവരും.

വിജയിക്കാന്‍ നാലു മാര്‍ഗ്ഗങ്ങളുണ്ട്‌- "ചിന്തിക്കുക, എഴുതിവക്കുക, മെച്ചപ്പെടുത്തുക, (കഠിനമായി)പ്രയത്നിക്കുക". നിങ്ങള്‍ പൂര്‍ണ്ണമായും സമ്പന്നനാവും.

"എന്‍റെ കഴിവില്‍ എനിക്കു വിശ്വാസമുണ്ട്‌, എനിക്ക്‌ അതിനു സാധിക്കും" എന്ന്‌ ഉറക്കെപ്പറഞ്ഞു മനസ്സിലുറപ്പിക്കുക.


പെട്ടെന്നു പണവും പ്രശസ്തിയും നേടാന്‍ ആഗ്രഹമില്ലാത്തവര്‍ ആരുമുണ്ടെന്നു തോന്നുന്നില്ല. അവര്‍ക്ക്‌ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്‌.
പരീക്ഷണം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ നിങ്ങള്‍ക്ക്‌ ജീവിതവിജയം സുനിശ്ചിതവുമാണ്‌.

Popular Posts

Recent Posts

Blog Archive