അരീക്കോടൻ മാഷിന് നാഷണൽ അവാർഡ്
നാഷണൽ സർവീസ് സ്കീമിന്റെ ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ഇന്ദിരാഗാന്ധി എൻ.എസ്.എസ് ദേശീയ പുരസ്കാരം രാജ്യത്തെ പ്രഗത്ഭരായ പത്തുപേർക്ക് സമ്മാനിച്ച വിവരം ഇതിനകം നമ്മൾ അറിഞ്ഞതാണ്. തെരഞ്ഞെടുത്ത ആ പത്തുപേരിൽ ഒരാൾ നമ്മുടെ സഹചാരിയും സുഹൃത്തും ബ്ലോഗ്‌ലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരനുമായ ആബിദ് അരീക്കോട് എന്ന അരീക്കോടൻ ആയിരുന്നു എന്നത് അധികം ആരും അറിഞ്ഞുകാണില്ല.
അദ്ദേഹം അവാർഡ് ഏറ്റുവാങ്ങുന്നതിന്റെ മനോഹര ദൃശ്യങ്ങൾ താഴെ
NSSന്റെ കേരളത്തിന്റെ പുരസ്കാരം ഇക്കഴിഞ്ഞ രണ്ടുപ്രാവശ്യവും അരീക്കോടൻ മാഷിനായിരുന്നു ലഭിച്ചിരുന്നത് എന്നത് നമുക്ക് ഏറെ സന്തോഷം പകർന്നിരുന്നല്ലോ. ഇപ്പോൾ രാജ്യത്തെ ഏറ്റവും പ്രഗത്ഭനുള്ള എൻ എസ് എസ് പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചിരിക്കുകയാണ്. ഇന്ദ്രപ്രസ്ഥത്തിന്റെ പ്രൌഢിയായ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ നവമ്പർ 19ന് നടന്ന ചടങ്ങിൽ ഇന്ത്യൻ പ്രസിഡണ്ട് ശ്രീ പ്രണബ്‌മുഖർജിയിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. മലയാളികളായ നമുക്കേവർക്കും നമ്മുടെ കൂട്ടത്തിലൊരാൾ നേടിയെടുത്ത ഈ അഭിമാനമോർത്ത് സന്തോഷിക്കാം. ആബിദ് അരീക്കോട് എന്ന ബ്ലോഗർ അരീക്കോടനെ നമുക്ക് അഭിനന്ദിക്കാം.