Showing posts with label ഒരു കൈ സഹായം. Show all posts
Showing posts with label ഒരു കൈ സഹായം. Show all posts

Friday

അവളെ ഇനിയും നമുക്ക് വേണം...

പ്രിയപ്പെട്ട ബൂലോക സുഹൃത്തുക്കളെ,

ഇനിപ്പറയുന്നത് അവിവേകമായിപ്പോയെങ്കിൽ സദയം എന്നോട് ക്ഷമിക്കുക. എനിക്കിത് പറയാതെ വയ്യ. മുമ്പ് പലവുരു ഒളിഞ്ഞും തെളിഞ്ഞും നിങ്ങളോട് പറഞ്ഞിരുന്നതാണെങ്കിലും വീണ്ടും നിങ്ങളുടെ മുമ്പിൽ സമർപ്പിയ്ക്കുകയാണ്.

ബൂലോകത്തെ ഏറെ സ്നേഹിയ്ക്കുകയും ബൂലോകരെ ഏറ്റവും ആദരിയ്ക്കുകയും തന്റെ മനസ്സിൽ തോന്നുന്ന കുഞ്ഞുവരികൾ നമുക്കു സമ്മാനിയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നീസ വെള്ളൂർ എന്ന കുട്ടി വീണ്ടും മെഡിയ്ക്കൽകോളേജിൽ അഡ്മിറ്റായിരിയ്ക്കുന്നു. ഈ പോസ്റ്റിലും ഈ പോസ്റ്റിലും അവളെക്കുറിച്ച് പറയുകയും നല്ലവരായ ഏതാനും സുഹൃത്തുക്കളുടെ സ്നേഹസഹായത്താൽ ചെറുതെങ്കിലും ഒരു സഹായം നമുക്ക് എത്തിയ്ക്കാൻ കഴിയുകയും ചെയ്തിരുന്നു. ലുക്കീമിയ ബാധിച്ച് അവശതയനുഭവിയ്ക്കുമ്പോഴും കടലാസുകളിൽ അവൾ വരികൾ കോറിക്കൊണ്ടേയിരിയ്ക്കുന്നു.അവളുടെ ഈ എഴുത്ത് ഒരു ഉത്തമ വേദനസംഹാരിയായി പ്രവർത്തിയ്ക്കുന്നുണ്ടെന്നാണ് എന്നോട് പറഞ്ഞത്. ബൂലോകർക്ക് സമ്മാനിയ്ക്കാൻ ഏതാനും ചില കവിതകൾ അവൾ എന്നെ ഏൽപ്പിച്ചു. ബ്ലോഗിൽ പോസ്റ്റണമെന്നു പ്രത്യേകം പറഞ്ഞു. ആ കവിതകൾ അവിടെ പോസ്റ്റുന്നതിനുമുമ്പ് ഈ കുറിപ്പ് ഇവിടെ കുറിയ്ക്കണമെന്നു തോന്നി.

ഈ അവശനിലയിലും തുടരുന്ന അവളുടെ ബൂലോകസ്നേഹം നമ്മൾ കണ്ടില്ലെന്നു നടിയ്ക്കരുതെന്ന് അപേക്ഷിയ്ക്കാനാണ് ഈ പോസ്റ്റ് എഴുതുന്നത്. അത്യാവശ്യമായി ഒരു ഓപ്പറേഷൻ ചെയ്യേണ്ടതുണ്ട്. അതിനുള്ള ആരോഗ്യസ്ഥിതി അവൾ ആർജ്ജിച്ചുവരുന്നുണ്ട്. നേരത്തേ ഇവിടെ കുറിച്ചിരുന്ന പോസ്റ്റിൽ വാഗ്ദാനങ്ങൾ ധാരാളം വന്നിരുന്നു. വന്ന സാമ്പത്തികം വളരെക്കുറവായിരുന്നു. ഒരുപക്ഷേ ഒരു നല്ല സഹായം നൽകാൻ നമുക്കു കഴിഞ്ഞിരുന്നെങ്കിൽ അവൾക്ക് ഇന്നത്തെ അവസ്ഥ വരുമായിരുന്നില്ലെന്നാണ് എനിയ്ക്കു തോന്നുന്നത്. അതിനാൽ ചെറുതെങ്കിലും നിങ്ങളാൽ കഴിയുന്ന സഹായം എത്രയും പെട്ടെന്ന് താഴെക്കാണുന്ന അക്കൗണ്ടിൽ എത്തിയ്ക്കണമെന്ന് അറിയിയ്ക്കുകയാണ്. രണ്ടുലക്ഷത്തിലധികം രൂപയുടെ അടിയന്തിര ആവശ്യമാണ് ഇപ്പോഴുള്ളത്. ചികിത്സയ്ക്ക് ഒരു പരിധിവരെ സഹായം മെഡിയ്ക്കൽ കോളേജിൽ നിന്ന് കിട്ടുന്നുണ്ട്. ബ്ലോഗിലുള്ളവരും അല്ലാത്തവരുമായ നല്ലവരായ ഏതാനും സുഹൃത്തുക്കൾ അവൾക്കാവശ്യമായ ബ്ലഡ് യഥാസമയം ലഭ്യമാക്കുന്നുണ്ട്. ആവശ്യമായതിൽ ഏതാണ്ട് അമ്പതിനായിരത്തിലധികം രൂപയുടെ സഹായം ഇതുവരെ സമാഹരിയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. അധികം വരുന്ന തുകയാണ് ഇനി കണ്ടെത്തേണ്ടത്. കടമായി നല്ലൊരു തുക ഇപ്പൊത്തന്നെ നിലവിലുണ്ട്.

മെച്ചപ്പെട്ട ചികിത്സ അവളെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പുണ്ട്. അതിന് നമ്മളാലാവുന്നവിധം ഒന്നു സഹായിച്ചാൽ വിലപ്പെട്ട ഒരുജീവനെ നമുക്കു സംരക്ഷിയ്ക്കാം. നേരത്തേ ചെയ്തിരുന്നതുപോലെ വാഗ്ദാനങ്ങളും പ്രാർത്ഥനകളും മാത്രമാണ് നൽകുന്നതെങ്കിൽ നമുക്ക് അവളെ എന്നേയ്ക്കുമായി നഷ്ടപ്പെട്ടേക്കാം. ജീവിതത്തിന്റെ വഴികളിൽ നാം ധാരാളിത്തത്തിനും വിനോദത്തിനും ചെലവഴിയ്ക്കുന്നതിൽ നിന്ന് ഒരു വിഹിതം നമുക്ക് എത്തിച്ചുകൊടുക്കാം. നമ്മുടെകുട്ടികൾ കുസൃതികാട്ടി പാഞ്ഞുനടക്കുമ്പോൾ അവൾ വേദനതിന്ന് നമുക്കുവേണ്ടി എഴുതുകയാണ്. സുഖമായി തിരിച്ചുവരുമ്പോൾ ബ്ലോഗിൽ കവിതകൾ കൊണ്ട് നിറയ്ക്കാൻ അവളുടെ ഭാവനകളും വേദനകളും അവൾ കുറിച്ചികൂട്ടുകയാണ്. ആ ശുഭപ്രതീക്ഷയെ നമുക്ക് കണ്ടില്ലെന്നു നടിയ്ക്കാനാവില്ലല്ലോ.

അവളുടെ ബ്ലോഗ് ഇവിടെയുണ്ട്.
താഴെക്കാണുന്ന അക്കൌണ്ടില്‍ സഹായം എത്തിയ്ക്കാവുന്നതാണ്.

Account No 31110163200 - Navas.
SBI Malappuram (IFSC - SBIN0008659).

സഹായം അയയ്ക്കുന്നവര്‍ sabukottotty@gmail.com എന്ന വിലാസത്തില്‍ വിശദവിവരങ്ങൾ അറിയിച്ചാല്‍ ഉപകാരമാവും.

തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ്മീറ്റിൽ കവിതചൊല്ലുന്ന നീസ

Tuesday

ബൂലോകരോട് നന്ദിപൂർവ്വം

പ്രിയപ്പെട്ടവരെ

     നീസ വെള്ളൂർ എന്ന കുട്ടിയുടെ അസുഖാവസ്ഥ അറിയിച്ചുകൊണ്ട് അവൾക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ എത്തുച്ചുകൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എഴുതിയിരുന്ന കഴിഞ്ഞപോസ്റ്റിന് വളരെയേറെ സുഹൃത്തുക്കൾ പ്രതികരിച്ചുകണ്ടതിൽ എനിയ്ക്കുള്ള സന്തോഷം ആദ്യമേതന്നെ അറിയിയ്ക്കട്ടെ. നമ്മുടെയൊക്കെ പ്രാർത്ഥനയുടേയും പ്രയത്നത്തിന്റേയും ഫലമായി അവൾക്കു അസുഖത്തിന് കാര്യമായ കുറവുണ്ടായി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്ജായി വീട്ടിലെത്തിയ വിവരം എല്ലാരെയും അറിയിയ്ക്കട്ടെ.

     ബൂലോകത്ത് നന്മകൾമാത്രമാണ് നിറഞ്ഞുനിൽക്കുന്നതെന്നതും ആ നന്മയ്ക്ക് ഒരുപാടുകാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടെന്നതും വളരെ ഫലപ്രദമായിത്തന്നെ ആ കടമകൾ ബൂലോകത്ത് നിർവ്വഹിയ്ക്കപ്പെടുന്നുണ്ടെന്നതും   അഭിമാനപൂർവ്വം ഭൂലോകത്തോടു വിളിച്ചുപറയാൻ നമുക്ക് ശങ്കിയ്ക്കേണ്ട ആവശ്യമില്ല. നീസയെന്ന പാവം കുട്ടിയ്ക്ക് ആവശ്യമായ രക്തം കൃത്യസമയങ്ങളിൽ ആവശ്യമായ അളവിൽ കൊടുക്കാൻ കഴിഞ്ഞതൊന്നുകൊണ്ടു മാത്രമാണ് ഇത്രപെട്ടെന്ന് അവൾക്ക് സുഖം പ്രാപിയ്ക്കാൻ കഴിഞ്ഞത്. നൂറിലേറെ ആൾക്കാർ നീസയുടെ പിതാവുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് എനിയ്ക്കറിയാൻ കഴിഞ്ഞത്. ബ്ലോഗിൽനിന്നു മാത്രമല്ല ഫേസ്ബുക്ക്, ബസ്സ് തുടങ്ങിയ മറ്റു നെറ്റുവർക്കുകളിൽ നിന്നുള്ളവരും ഈ ജീവൻരക്ഷാ പരിശ്രമത്തിൽ പങ്കാളികളായിരുന്നു. അവരുടെയെല്ലാം പേരുകൾ കുറിച്ച ഡയറി അവർ തികഞ്ഞ ബഹുമാനത്തോടെ സൂക്ഷിയ്ക്കുന്നുമുണ്ട്.

   മെഡിയ്ക്കൽകോളേജിൽ നീസയുടെ ചുറ്റും കിടന്നവരിൽ മിയ്ക്കവരും മരണം വരിയ്ക്കുന്നതുകണ്ട് അവൾ നിരാശയിലാണ്ടു കഴിയുന്ന വേളയിലാണ് ബൂലോകത്തിന്റെ ഇടപെടൽ ഉണ്ടായത്. അവരുമായി ഫോണിലും അല്ലാതെയും ബന്ധപ്പെട്ടവരെല്ലാം പകർന്നുനൽകിയ കരുത്തിന്റെയും സ്നേഹത്തിന്റെയും മരുന്ന് ഫലപ്രദമായി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്നു. നമ്മൾ പകർന്നു നൽകിയ ആത്മവിശ്വാസത്തിന്റെ ആ തിളക്കം എനിയ്ക്ക് ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞു. അവരുമായി ബന്ധപ്പെട്ടവരെല്ലാം ആ തിളക്കം ഇപ്പോൾ അനുഭവിയ്ക്കുന്നുണ്ടാവണം.

   ലുക്കീമിയ എന്ന രോഗമാണ് അവൾക്കു പിടിപെട്ടിരിയ്ക്കുന്നത്. ഇടയ്ക്കു പനി വരുമ്പോളാണ് അവളുടെ അസുഖം വർദ്ധിയ്ക്കുന്നത്. പെട്ടെന്ന് കൗണ്ടു കുറയുകയും പേറ്റ്‌ലറ്റുകളുടെ ഗുരുതരമായ അഭാവമുള്ള അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നതാണു പ്രശ്നം. പ്ലേറ്റ്‌ലറ്റുകൾ വർദ്ധിയ്ക്കാനുതകുന്ന ഭക്ഷണ രീതിയെക്കുറിച്ചും ആശ്വാസകരവും ഫലപ്രദവുമായ ചികിത്സകളെക്കുറിച്ചും അറിയാവുന്നവർ ആ വിവരം ഇവിടെ കമന്റായോ sabukottotty@gmail.com എന്ന മെയിലിലോ അറിയിക്കാൻ അറിയിയ്ക്കട്ടെ. നീസയുടെ പിതാവിന്റെ മൊബൈൽ കേടുവന്നതിനാൽ അവരെ തൽക്കാലം വിളിച്ചാൽ കിട്ടുകയില്ല. അധികം വൈകാതെതന്നെ  അദ്ദേഹവുമായി ബന്ധപ്പെടുവാൻ കഴിയും.

   ബൂലോകത്ത്  അർത്ഥസംപുഷ്ടിയുള്ള കവിതകൾക്കു ജീവൻ കൊടുക്കാൻ അവൾക്കു കഴിയട്ടെയെന്ന് നമുക്കാശംസിയ്ക്കാം. ജീവന്റെ സംരക്ഷണത്തിന്നായി നമ്മളുയർത്തുന്ന കൈത്താങ്ങിന് ബലക്ഷയം സംഭവിയ്ക്കാതിരിയ്ക്കാൻ നമുക്കു ശ്രമിയ്ക്കാം. മറ്റെങ്ങും കാണാത്ത ഈ ഒരുമ തന്നെയാണ് നമ്മുടെ അഭിമാനം. ഇനിയുള്ള മീറ്റുകള്‍ നന്മയുടെ സന്ദേശം നിറഞ്ഞതാവട്ടെ. ഓരോ മീറ്റുകളിലും ഇത്തരം കാര്യങ്ങൾ വിശകലനം ചെയ്യപ്പെടണം.

എല്ലാവർക്കും റംസാൻ ആശംസകൾ

Sunday

ഈ പുഞ്ചിരി മായാതിരിക്കാൻ നമുക്കു പ്രാർത്ഥിക്കാം

പ്രിയ ബൂലോക സുഹൃത്തുക്കളെ,
ഗുരുതരമായ പ്രശ്നങ്ങളുടെ നടുവിൽപ്പെട്ട് എന്തു ചെയ്യണമെന്ന് അറിയാതെ വല്ലാതെ ബുദ്ധിമുട്ടുകയാണു കുറച്ചു മാസങ്ങളായി ഞാൻ. ഈ ഓട്ടത്തിനിടയിലും ബൂലോകത്തെ സുഹൃത്തുക്കളുമായി സംവദിക്കാനും മീറ്റുകളിൽ പങ്കെടുക്കാനും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബൂലോകത്തെ ഓരോ സ്പന്ദനവും അറിയാറുമുണ്ട്. സൗഹൃദത്തിനു വിലകൽപ്പിക്കുന്ന ബൂലോകസമൂഹം എന്റെ ഈപോസ്റ്റിനും പ്രതികരിക്കുമെന്ന് വിശ്വാസമുണ്ട്.

വേദനയുടെ വിഷമക്കിടക്കയിൽ ഒരു മൂന്നാം ജന്മം തേടുന്ന, നമ്മളിൽ പലരും കൈഅറിഞ്ഞു സാമ്പത്തികമായി സഹായിക്കുകയും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും നേരിട്ട് വിളിച്ച് ആശ്വസിപ്പിക്കുകയുമൊക്കെ ചെയ്ത നീസവെള്ളൂർ കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും അഡ്മിറ്റായിരിക്കുകയാണ്. മുമ്പ് ഈ ബ്ലോഗിൽത്തന്നെ നീസയെ ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്. നമ്മുടെയൊക്കെ സഹായവും പ്രാർത്ഥനയും കൊണ്ട് ഒരു വിധം സുഖം പ്രാപിച്ച അവൾ തുഞ്ചൻപറമ്പിലെ മീറ്റിൽ പങ്കെടുക്കുകയും അവളുടേതന്നെ ഒരു കവിത നമുക്കു ചൊല്ലിത്തരികയും ചെയ്തത് എല്ലാരും ഓർക്കുന്നുണ്ടാവുമെന്നു കരുതുന്നു. മലപ്പുറം പൂക്കോട്ടൂർ PKMIC സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് നീസ.

കഴിഞ്ഞതവണ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റായപ്പോൾ

നമ്മുടെ പ്രാർത്ഥനയാണ് ഇനി അവൾക്ക് ആവശ്യം. അതുമാത്രമേ ഇനി അവൾക്ക് ആവശ്യമുള്ളൂ എന്ന് നിങ്ങളെ അറിയിക്കേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട്. കൗണ്ടും പ്ലേറ്റ്‌ലറ്റുകളും വളരെക്കുറഞ്ഞ് അത്യന്തം ഗുരുതരാവസ്ഥയിലാണ് അവളുള്ളത്. അവളുടെ ബ്ലോഗ് ഇവിടെയുണ്ട്. തുഞ്ചൻപറമ്പിൽ പ്രകാശനം നിർവ്വഹിച്ച കവിതാസമാഹാരമായ "കാ വാ രേഖ?"യിൽ നീസയുടെ കവിതയും ഉൾപ്പെട്ടിട്ടുണ്ട്.

തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ്മീറ്റിൽ കവിതചൊല്ലുന്ന നീസ

ഭൂമിയുടെ അവകാശികള്‍

അശരണര്‍ക്കും ആലംബമറ്റവര്‍ക്കും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന അനവധി സംഘടനകളേയും സന്നദ്ധപ്രവര്‍ത്തകരെയും നമുക്കറിയാം. ബൂലോരായ നമ്മുടെയിടയിലും സേവനതല്‍പരരായ അനവധി നല്ലമുഖങ്ങള്‍ ഉണ്ടെന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്നതാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ നന്മയുടെ പ്രവര്‍ത്തനമേഖലകള്‍ക്ക് തടസ്സമാവില്ലെന്നു തെളിയിച്ചുകൊണ്ട് ജീവിതത്തില്‍ കഷ്ടതയനുഭവിയ്ക്കുന്ന നൂറുകണക്കിന് ജീവിതങ്ങളില്‍ ആശ്വാസവചനമാവാന്‍ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ശ്രദ്ധചെലുത്തുന്നവരില്‍ ഒരാളായ ബ്ലോഗര്‍ ഷബ്‌ന പൊന്നാടിനെ തീര്‍ച്ചയായും നമ്മള്‍ മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനു മുമ്പ് ഒറ്റയ്ക്കും കൂട്ടായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഷബ്‌ന ഒരു ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് രൂപീകരിച്ച് തന്റെ പ്രവര്‍ത്തനമേഖല വിപുലീകരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു.

മലപ്പുറത്ത് എടവണ്ണപ്പാറയില്‍ കഴിഞ്ഞ മെയ് 11ന് ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും സഹായവിതരണവും വിവിധ കലാ പരിപാടികളും നടക്കുകയുണ്ടായി. ഏതെങ്കിലും തരത്തില്‍ ശാരീരിക വൈകല്യം അനുഭവിക്കുന്ന നൂറുകണക്കിന് ആളുകളും അവരുടെ കുടുംബാംഗങ്ങളുമാണ് പ്രധാനമായും ചടങ്ങില്‍ പങ്കെടുത്തത്. സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളേയും ചടങ്ങില്‍ കാണാന്‍ സാധിച്ചു. ജില്ലാകളക്ടര്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംഗമത്തിലെത്തിയവര്‍ക്കൊപ്പം കോഴിക്കോട് ആകാശവാണിയിലെ ആര്‍ കെ മാമന്‍


കൂട്ടായ്മയില്‍ പങ്കെടുത്തവരുടെ നിര, ചിത്രം അപൂര്‍ണ്ണമാണ്


"കണ്ണീരില്‍ മുങ്ങി ഞാന്‍ കൈകള്‍ നീട്ടുന്നു...." ആര്‍ കെ മാമന്‍ പാടിയപ്പോള്‍ അതു സദസ്സിനൊരു അനുഭവമായി. നീല കള്ളി ഷര്‍ട്ടും മുണ്ടും ധരിച്ചു നില്‍ക്കുന്നത് ബ്ലോഗര്‍ ഫൈസു മദീന.


എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഷബ്‌നയുടെ പിതാവ് മുഹമ്മദ് (കുഞ്ഞൂട്ടി).


സദസ്സില്‍ നിന്നും... (വീഡിയോഗ്രാഫറുടെ തൊട്ടടുത്തായി ചുവന്ന ഷര്‍ട്ടു ധരിച്ചിരിക്കുന്നത് ബ്ലോഗര്‍ മുസ്തഫ. ചിത്രത്തിന്റെ മധ്യഭാഗത്ത് ചുവന്ന കുപ്പായക്കാരന്‍ ബ്ലോഗര്‍ ഷിഹാബ് പൂക്കോട്ടൂര്‍).


സംഘാടനത്തിന്റെ നിര്‍വൃതിയില്‍ ഷബ്‌ന പൊന്നാട് കൂട്ടായ്മയിലെത്തിയവരോടൊപ്പം...

ചടങ്ങില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കെല്ലാം ഉപഹാരങ്ങള്‍ നല്‍കാന്‍ സംഘാടകര്‍ മറന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാംതന്നെ ഇങ്ങനെ ഒരു കൂട്ടായ്‌മയുടെ പ്രസക്തിയെപ്പറ്റി വിശദീകരിക്കുന്നുണ്ടായിരുന്നു. അവരെ കുറ്റംപറയാനല്ല, ചിലരെങ്കിലും കാണാതെയും പരാമര്‍ശിയ്ക്കാതെയുംപോയ പ്രധാനകാര്യം ഒന്നു സൂചിപ്പിയ്ക്കട്ടെ. പ്രതിമാസം വലിയ ഒരു സംഖ്യ ഷ‌ബ്‌ന ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് ചെലവാകുന്നുണ്ട്. ചുരുക്കം ചില സഹജീവിസ്നേഹികളില്‍ നിന്നു ലഭിയ്ക്കുന്ന സഹായം ആവശ്യമായ കാര്യങ്ങള്‍ക്കു തികയുന്നില്ല. ഇവിടെയാണ് നമ്മള്‍ക്ക് റോളുള്ളത്. സമയമില്ലായ്മയാണ് നമ്മളില്‍ പലര്‍ക്കും ഇതുപോലുള്ളകാര്യങ്ങള്‍ക്കു തടസ്സം നില്‍ക്കുന്നത്. വിവിധ രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ബൂലോകര്‍ക്ക് ഇക്കാര്യത്തില്‍ ഒരുപാടു ചെയ്യാന്‍ കഴിയുമെന്നാണ് എനിയ്ക്കു തോന്നുന്നത്. പ്രതിമാസം ഒരു നിശ്ചിത സംഖ്യ അതെത്രതന്നെ ചെറുതായാലും എത്തിച്ചുകൊടുക്കാന്‍ പറ്റിയാല്‍ അത് ഏറ്റവും വലിയ പുണ്യമാകും. ദിവസവും വലിയൊരു സംഖ്യ മരുന്നിന് ആവശ്യമുള്ളവരും ഒരു നേരത്തെ ആഹാരത്തിനുള്ള വകയില്ലാത്തവരും സ്വന്തമായി ഒരു ജോലിയും ചെയ്യാന്‍ സാധിക്കാത്തവരുമായ നിരവധി ജന്മങ്ങള്‍ക്ക് ഷബ്‌നാസ് ചാരിറ്റബിള്‍ ട്രസ്റ്റ് തുണയാവുന്നുണ്ട്. അവരില്‍ തീരെ കിടപ്പിലായവരൊഴികെയുള്ളവരെല്ലാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. ശാരീരിക വൈകല്യങ്ങളുള്ള എന്നാല്‍ നല്ല സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുറച്ചുപേരും അവിടെ എത്തിയിരുന്നു. തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം അശരണരിലേയ്ക്ക് എത്തിയ്ക്കാന്‍ ഉത്സാഹപൂര്‍വ്വം അവര്‍ പ്രവര്‍ത്തിയ്ക്കുന്നതു കണ്ടു. നമുക്കതു കണ്ടുപഠിയ്ക്കാം. തീരാ ദുരിതത്തില്‍ നിന്നും അല്‍പമെങ്കിലും ആശ്വാസം നമുക്കു കൊടുക്കാന്‍ തടസ്സമില്ലെങ്കില്‍ അതു ചെയ്യുന്നതല്ലേ നല്ലത്. പ്രതിമാസം നമ്മളാല്‍ കഴിയുന്ന ഒരു തുക നല്‍കി ഈ സല്‍ക്കര്‍മ്മത്തില്‍ നമുക്കും പങ്കാളിയാകാം. ബൂലോകത്ത് നമ്മുടെ സഹജീവികള്‍ മനസ്സറിഞ്ഞു പരിപാലിയ്ക്കുന്ന ജീവിതത്തിന്റെ പുതുനാമ്പുകള്‍ വാടാതെ നമുക്കു സംരക്ഷിയ്ക്കാം.

Wednesday

നീസാമോള്‍ക്കു വേണ്ടി

പ്രിയ സുഹൃത്തുക്കളെ,

ബൂലോകത്ത് പലവിധത്തില്‍, കഴിയാവുന്നതരത്തില്‍ പല സഹജീവികളേയും അകമഴിഞ്ഞു സഹായിച്ചിട്ടുള്ള നിങ്ങളോട് ഒരു സഹജീവന്‍ നിലനിര്‍ത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഇതു കുറിയ്ക്കുന്നത്. ഏറെക്കാലമായി നമ്മുടെയൊക്കെ ബ്ലോഗുകള്‍ വായിയ്ക്കുന്ന, എന്നാല്‍ ബ്ലോഗ് എഴുതുന്നത് എങ്ങനെയെന്നറിയാത്തതിനാല്‍ ബൂലോകത്തു വരാന്‍ വൈകിയ മലപ്പുറം പൂക്കോട്ടൂര്‍ PKMIC സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നീസ വെള്ളൂര്‍ എന്ന കുട്ടി ബ്ളഡ് ക്യാന്‍സര്‍ ബാധിച്ച് കോഴിക്കോട് മെഡിയ്ക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രക്തത്തില്‍ പ്ളേറ്റ്ലറ്റുകളുടെ ഗുരുതര അഭാവം നേരിട്ടുകൊണ്ടിരിയ്ക്കുന്ന ഈ കുട്ടിയുടെ സാമ്പത്തികശേഷി പരിതാപകരവുമാണ്. ഭാരിച്ച ചികിത്സാ ചെലവു താങ്ങാന്‍ കഴിവില്ലാത്ത കുടുംബത്തിന് ഈ കുട്ടിയ്ക്ക് മെച്ചപ്പെട്ട ചികിത്സനല്‍കാന്‍ കഴിയുന്നില്ല. വളരെ പ്രതീക്ഷ നല്‍കുന്നതാണ് ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍, പക്ഷേ അതിനുള്ള സാമ്പത്തികം കണ്ടെത്താന്‍ കഴിയാതെ അവര്‍ വിഷമിയ്ക്കുകയാണ്.

ബൂലോകത്തിന് അകത്തും പുറത്തുമായി അനവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രിയപ്പെട്ട ബ്ലോഗര്‍സമൂഹത്തിനു മുന്നില്‍ ഞാന് ഈ പ്രശ്നം വയ്ക്കുകയാണ്. എത്രയും പെട്ടെന്ന് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ നമുക്കു സഹായിയ്ക്കാം.

PKMIC സ്കൂളില്‍ സംഘടിപ്പിച്ച കലാമത്സരങ്ങളില്‍ രണ്ടാംക്ളാസ്സില്‍ പഠിയ്ക്കുന്ന എന്റെ രണ്ടാമത്തെ മകന്റെ മത്സരങ്ങളും ഉള്‍പ്പെട്ടിരുന്നു. അതില്‍ പങ്കടുക്കാന്‍ ചെന്നപ്പോള്‍ റഹ്‌മത്തുന്നീസ എന്ന ഈ കുട്ടിയുടെ കവിത കേള്‍ക്കാനിടയായി. തുടര്‍ന്നുള്ള പരിചയപ്പെടലിലാണ് അവളുടെ ബ്ലോഗു വായനയെക്കുറിച്ചറിഞ്ഞത്. ഗൂഗിളിന്റെ സൌജന്യ സേവനമാണെന്ന് അവള്‍ക്കു മനസ്സിലാക്കി കൊടുത്തതും ഞാന്‍ തന്നെയാണ്. തുടര്‍ന്ന് അവളുടെ ആവശ്യാര്‍ത്ഥം ഒരും ബ്ലോഗും തുടങ്ങാന്‍ സഹായിച്ചു.

കൃതി പബ്ളിക്കേഷന്‍സ് അടുത്തു പുറത്തിറക്കുന്ന കവിതാ സമാഹാരത്തില്‍ നീസാ വെള്ളൂരിന്റെ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ നല്ല കവിതകള്‍ അവള്‍ എഴുതിയിട്ടുണ്ട്. ചിലതെല്ലാം എന്റെ കയ്യിലുമുണ്ട്. ബൂലോകത്ത് നമുക്ക് ഒരുപാടു പ്രതീക്ഷിയ്ക്കാവുന്ന അവള്‍ ഇനി ഭൂലോകത്തു തുടരണമോയെന്നു തീരുമാനിയ്ക്കേണ്ടത് നമ്മളൊക്കെത്തന്നെയാണ്. ഭീമമായ ചികിത്സാചെലവു തരണംചെയ്യാന്‍ ബൂലോകവാസികള്‍ സഹായിയ്ക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം. ബൂലോകത്ത് അവള്‍ അവസാനമിട്ട കവിത അറംപറ്റാതിരിയ്ക്കാന്‍ നമുക്കു ശ്രമിയ്ക്കാം.

പൂക്കോട്ടൂരിനടുത്ത് വെള്ളൂര്‍ പാലേങ്ങല്‍ വീട്ടില്‍ അബ്ദുസ്സലാമിന്റെ മകളാണ് നീസ. അവളുടെ ബ്ലോഗ് ഇവിടെയുണ്ട് താഴെക്കാണുന്ന അക്കൌണ്ടില്‍ സഹായം എത്തിയ്ക്കാവുന്നതാണ്. Account No 31110163200 - Navas. SBI Malappuram (IFSC - SBIN0008659).
സഹായം അയയ്ക്കുന്നവര്‍ sabukottotty@gmail.com എന്ന വിലാസത്തില്‍ ആ വിവരം അറിയിച്ചാല്‍ ഉപകാരമാവും.

Thursday

ജീവിതം മരീചികപോലെ...

വളരെക്കാലത്തിനു ശേഷമാണ് ഇത്രയധികം ദൂരം ബസ്‌യാത്ര നടത്തുന്നത്. നല്ലപാതിയും കുട്ടികളും നാട്ടിലാണ്. അവരെ കൂട്ടി വരാനുള്ള യാത്ര മറ്റു പലതിനും വേണ്ടിക്കൂടിയാക്കിയതാണ്. ഒന്‍പതു മണിക്ക് ഗുരുവായൂരില്‍ മീറ്റിംഗു വച്ചിരുന്നു. അതിരാവിലേ യാത്രതിരിച്ചു. മീറ്റിംഗിനു ശേഷം കമ്പനിയുടെ ഫ്രാഞ്ചസിയിലും ഒന്നുകയറി നേരേ ഇടപ്പള്ളിയിലേക്ക് ബ്ലോഗര്‍ യൂസുഫ്പയുമായി ഒരുമണിക്കൂര്‍ ചെലവിട്ട് നേരേ കോട്ടയത്തേക്ക്. രാജേഷിനെ കാണണം, അടുത്ത ലക്ഷ്യം അതായിരുന്നു.

കോട്ടയത്തേയ്ക്കാ‍ണു ടിക്കറ്റെടുത്തത്. കിടങ്ങൂരിലെത്താന്‍ ഏറ്റുമാരില്‍ ഇറങ്ങുതാണു നല്ലതെന്ന് യാത്രയ്ക്കിടയിലാണറിഞ്ഞത്. യാത്ര ഏറ്റുമാരിലൊതുക്കിയപ്പോള്‍ രാത്രി ഒന്‍പതുമണി. രാത്രിയില്‍ രാജേഷുമായുള്ള കൂടികാഴ്ച വേണ്ടെന്നു വച്ച് ഹോട്ടലില്‍ റൂമെടുത്തു.

രാവിലേ ഒന്‍പതുമണിക്ക് യാത്ര പുറപ്പെട്ടു. കിടങ്ങൂരില്‍ ബസ്സിറങ്ങിയപ്പോള്‍ രാജേഷിന്റെ അച്ഛന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പ്രായത്തിന്റെയും ദാരിദ്ര്യത്തിന്റെയും ക്ഷീണം ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന രൂപം. ഓട്ടോക്കാരനു കാശും കൊടുത്ത് തിരികെപ്പോകുമ്പോള്‍ വിളിക്കാന്‍ നമ്പരും വാങ്ങി നടന്നു. നാട്ടുപാതയില്‍ നിന്നും ഏതാണ്ട് എഴുപത്തഞ്ചു മീറ്റര്‍ ഉള്ളിലാണ് രാജേഷിന്റെ വീട്. അല്ല, അങ്ങനെ പറയുന്ന എന്തോ ഒന്ന്. നല്ലൊരു മഴപെയ്താല്‍ രാജേഷിന്റെ രണ്ടൂനില വീടിന്റെ താഴത്തെ നില വെള്ളത്തിനടിയിലാവും. ഇപ്പൊ സംശയമായി അല്ലേ? രാജേഷിന് രണ്ടുനില വീടോ?

വര്‍ഷക്കാലമായാല്‍ വെള്ളത്തിനടിയിലാകുന്ന സ്ഥലത്താണ് ആകെയുള്ള രണ്ടൂ സെന്റ് സ്ഥലം. അവിടെയായിരുന്നു രാജേഷിന്റെ കുടില്‍. മഴയായാല്‍ ഭാഗികമായും വര്‍ഷക്കാലത്ത് പൂര്‍ണ്ണമാ‍യും ആ കുടില്‍ വെള്ളത്തിനടിയിലാവും. ഈ സന്ദര്‍ഭത്തിലെല്ലാം രാജേഷിന്റെ വൃദ്ധപിതാവ് മകനെ താങ്ങിയെടുത്ത്. വെള്ളമെത്താത്ത എവിടെയെങ്കിലും വയ്ക്കും. മറ്റുവീട്ടുകാര്‍ക്ക് ബുദ്ധിമുട്ടു തുടങ്ങിയപ്പോള്‍ സുമനസ്സുകളുടെ സഹായമായെത്തിയതാണ് ഇപ്പോഴുള്ള വീട്. വെള്ളമുയരുന്ന ഉയരത്തില്‍ ചുമരുപൊന്തിച്ച് മുകളില്‍ ഒരു ഒറ്റമുറി തീര്‍ത്തുകൊടുത്തു. താഴേക്കിറങ്ങാന്‍ കോണിപ്പടിയും. ആ കോണിപ്പടി ഇന്ന് രാജേഷിനെയും അച്ഛനെയും വളരെയധികം വിഷമിപ്പിയ്ക്കുന്നുണ്ട്. അസാധാരണ ഭാരമുള്ള രാജേഷിനെ താങ്ങിയെടുത്ത് ആ കോണിപ്പടികള്‍ കയറിയിറങ്ങാന്‍ ആ വൃദ്ധന് ശേഷി കുറഞ്ഞു വരുന്നു. നിത്യാഭ്യാസി ആനയെ എടുക്കുമെന്ന് കേട്ടിട്ടുണ്ട്. നിത്യം എടുക്കുന്നതു കൊണ്ടുമാത്രമാണ് ആ അച്ഛന് അതു സാധിയ്ക്കുന്നത്.

മൂന്നു മീറ്റര്‍ നീളവും രണ്ടുമീറ്ററിനടുത്ത് വീതിയുമുള്ള ഒറ്റമുറി. അതാണ് രാജേഷിന്റെ വീട്. അടുക്കളയും എല്ലാം അതുതന്നെ. രാജേഷിന്റെയും കുടുംബത്തിന്റെയും അവരുടെ വീടിന്റെയും ചിത്രങ്ങളെടുത്ത് ഇവിടെ പതിയ്ക്കണമെന്നു കരുതി ക്യാമറ കരുതിയിരുന്നെങ്കിലും ഫോട്ടോ എടുക്കാനുള്ള ശേഷി എനിയ്ക്കു നഷ്ടപ്പെട്ടിരുന്നു ആ സമയം.

ഒരു തുണയായി മിനി വന്നെങ്കിലും കേവലം ആശ്വാസം മാത്രമായി മാത്രമേ അതനുഭവപ്പെടുന്നുള്ളൂ. ജീവിയ്ക്കാനുള്ള സാഹചര്യം അത്രയ്ക്കു മോശമാണ്. മൂന്നുവശം മാത്രം കെട്ടിമറച്ച ആ മുറിയില്‍‌വച്ച് അര ഗ്ലാസ് കട്ടന്‍ ചായ ഇട്ടുതരാന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ സമയമെടുത്തു. മണ്ണെണ്ണതീര്‍ന്നതിനാല്‍ സ്റ്റൌ മൂലയില്‍ വിശ്രമിയ്ക്കുന്നു. വിറകു കത്തിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ കെട്ടി മറയ്ക്കാത്ത വശത്തുകൂടി വരുന്ന കാറ്റ് അതിനെക്കെടുത്തുന്നു. അന്നവിടെ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്നു മനസ്സിലാക്കാന്‍ അധികം ചിന്തിയ്ക്കേണ്ടിവന്നില്ല. അതു ഞാനറിഞ്ഞെന്ന് അവരെ അറിയ്ക്കാതിരിയ്ക്കുന്നതില്‍ ഞാന്‍ വിജയിച്ചു.

വെള്ളം കടന്നുവരുന്ന ദിവസങ്ങളില്‍ രാജേഷ് ഒന്നും കഴിയ്ക്കാറില്ല. പ്രാഥമിക കാര്യങ്ങള്‍ ആദിവസങ്ങളില്‍ അസാധ്യമായതാണു കാരണം. ആ ദിവസങ്ങളില്‍ ചെലവിന് കുറച്ച് ആശ്വാസമുണ്ടെന്ന് രാജേഷിന്റെ ഭാഷയില്‍ പറയും. ഹാറൂണ്‍‌മാഷിന്റെ പോസ്റ്റില്‍ വിശദീകരിയ്ക്കുന്നതിനെക്കാള്‍ വിശദീകരിയ്ക്കാനാവാത്ത വിധം ബുദ്ധിമുട്ടിലാണ് ആകുടുംബം ജീവിയ്ക്കുന്നത്. നേരിട്ടു കണ്ടാല്‍ മാത്രം അതു മനസ്സിലാവും. സ്വന്തം കൈകൊണ്ട് ഒരു തുള്ളി വെള്ളം കുടിയ്ക്കാന്‍ രാജേഷിനു കഴിയുന്നില്ല. ശരീരത്തിന്റെ സ്ഥിതി അങ്ങനെയാണ്.

യാത്ര പറഞ്ഞ് നേരേ കിടങ്ങൂര്‍ പഞ്ചായത്താപ്പീസിലെത്തി. രണ്ടുസെന്റു സ്ഥലം കൈവശമുള്ളതിനാല്‍ സ്ഥലം കിട്ടാന്‍ വകുപ്പില്ലെന്നു പറഞ്ഞു, വീടുള്ളതിനാല്‍ അതിനും. അശരണര്‍ക്കു കിട്ടാനുള്ള അരിയും പയറുമെങ്കിലും കൊടുക്കാന്‍ പഞ്ചായത്തു മെമ്പറോടു പറഞ്ഞു. കണ്ണടച്ചിരുട്ടാക്കുന്ന ജനപ്രതിനിധികള്‍. എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യാമെന്ന് ഭംഗിവാക്കായെങ്കിലും പറയാന്‍ അവര്‍ക്കുകഴിഞ്ഞതിനാല്‍ അല്‍പ്പം നീരസം കുറഞ്ഞു. രാജേഷ് ഇപ്പോഴുപയോഗിയ്ക്കുന്ന “വീടും പറമ്പും” നമ്മെ സംബന്ധിച്ചുനോക്കിയാല്‍ വിറകുപുരയായി പോലും നാമുപയോഗിയ്ക്കാന്‍ മടിയ്ക്കും.

നിരാശയോടെ SBT കിടങ്ങൂര്‍ ബ്രാഞ്ചിലേയ്ക്ക്. അവിടെ പക്ഷേ നിരാശപ്പെടേണ്ടിവന്നില്ല. കഴിയും വിധം ബാങ്കിലെ കുടിശ്ശിഖ തീര്‍ക്കാന്‍ ശ്രമിച്ചാല്‍ ബാങ്കിനാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാമെന്ന് അവര്‍ ഉറപ്പുതന്നു. അവിടെനിന്നുതന്നെ കൂടല്ലൂര്‍ ബ്രാഞ്ചിലെ കുടിശ്ശിഖയെക്കുറിച്ച് അന്വേഷിയ്ക്കാനും അവര്‍ മടിച്ചില്ല. അവിടത്തെ ലോണ്‍ കുടിശ്ശിക എഴുതിത്തള്ളിയതായി അറിയാന്‍ കഴിഞ്ഞു. ഒരുപക്ഷേ ഇവിടെയും അതാവര്‍ത്തിയ്ക്കാമെന്ന് അവര്‍ പ്രത്യാശിച്ചു.

രാജേഷിനു കൂട്ടിനായെത്തിയ മിനി അങ്കമാലി സ്വദേശിനിയാണ്. ഈ കൂടിച്ചേരലിന് മിനിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് എനിയ്ക്കു തോന്നുന്നത്. അമ്പലത്തില്‍ വച്ച് വിവാഹം കഴിച്ചെങ്കിലും വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്ക്കാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മിനിയുടെ ജനനത്തീയതി രേഖകള്‍ കയ്യിലില്ലാത്തതാണു കാരണം. അത് അവര്‍ക്ക് ലഭിയ്ക്കുമെന്നുതന്നെ കരുതാം.

വെള്ളം കയറാത്ത ഏതെങ്കിലും സ്ഥലത്ത് ഒരു ചെറ്റക്കുടില്‍ മാത്രമാണ് അവര്‍ ആഗ്രഹിയ്ക്കുന്നത്. സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം സംരക്ഷിതനായ രാജേഷിനും കുടുംബത്തിനും ആത്മഹത്യയില്‍ നിന്നു മാറിനില്‍ക്കാന്‍ അതുമാത്രമാണു പോംവഴി. രാജേഷിന്റെ വൃദ്ധപിതാവിന്റെ കൈകള്‍ക്ക് ശക്തികുറയരുതേ എന്നു പ്രാര്‍ത്ഥിയ്ക്കാം. മൂന്നുനേരവും പട്ടിണിയായ ഈ കുടുംബത്തിനെ മുഖ്യധാരാ മാധ്യമങ്ങളേതെങ്കിലും സുമനസ്സുകള്‍ക്കു പരിചയപ്പെടുത്തിയിരുന്നെങ്കില്‍ സഹജീവികളെ സ്നേഹിയ്ക്കുന്ന ആരെങ്കിലുമൊക്കെ എന്തെങ്കിലും ചെയ്തേനെ.

ദൈവം കൊടുത്ത ആയുസ്സിന്റെ അന്ത്യ നിമിഷം വരെ അവര്‍ക്കു ജീവിയ്ക്കാന്‍ കഴിയട്ടെയെന്നുമാത്രം പ്രാര്‍ത്ഥിയ്ക്കുന്നു... വെള്ളം കയറാത്തിടത്ത് തറനിറപ്പില്‍ ഒരു കുടില്‍ അത് അവര്‍ക്കു ലഭിയ്ക്കട്ടെയെന്നും. ആരെങ്കിലുമൊക്കെ അതിനുവേണ്ടി മുന്നിട്ടിറങ്ങുമെന്നു ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. രാജേഷിന്റെ മൊബൈല്‍‌നമ്പര്‍ ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു, 9744120828. ബൂലോകത്തെ ഒരു സഹജീവി സമ്മാനിച്ചതാണ് ആ മൊബൈല്‍ഫോണ്‍. എന്തെങ്കിലും അത്യാവശ്യം നേരിട്ടാല്‍ വിളിയ്ക്കാന്‍ വേണ്ടി. പക്ഷേ അതു ചെവിയോടു ചേര്‍ത്തുപിടിയ്ക്കാ‍ന്‍ പരസഹായം വേണം. മാധ്യമങ്ങളിലോ മറ്റുമാര്‍ഗ്ഗങ്ങളിലൂടെയോ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിവുള്ളവര്‍ ബൂലോകത്തുണ്ടെങ്കില്‍ ഈ വിഷയത്തിലും അവര്‍ അതിനു ശ്രമിയ്ക്കണമെന്ന് അഭ്യര്‍ത്ഥിയ്കുന്നു.

ഹാറൂണ്‍‌മാഷിന്റെ പോസ്റ്റ്

Friday

ജീവിയ്ക്കാന്‍ കൊതിയോടെ...

“സാറ് വിളിച്ച സമയം ഇവിടെ വീട്ടിലാരും ഇല്ലാരുന്ന്, ഒരുപാട് ദുഷിച്ച ചിന്തകള്‍ എന്‍റെ മനസ്സിന്‍റെ സന്തുലിതത്വം ചോര്‍ത്തിക്കളഞ്ഞു.... ഇങ്ങിനെ ഞാനെത്ര കാലം ജീവിക്കും... ഈ ജീവനങ്ങ് അവസാനിപ്പിച്ച് കളഞ്ഞേക്കാം എന്ന ഒരൊറ്റ ചിന്ത...ഒരു ഭാരമായി ഞാനെന്തിനു കാലം കഴിക്കണം...പക്ഷെ ആത്മഹത്യക്കുള്ള കഴിവു പോലുമില്ലല്ലൊ.... ഒരു തുണ്ട് ബ്ലേഡ് ലഭിച്ചെങ്കിലോന്ന് ആലോചിച്ച നേരം, അതും കയ്യെത്താവുന്ന അകലത്തിലുമല്ല...!! അന്നങ്ങിനെ വല്ല ദൌര്‍ബല്യവും സംഭവിച്ചുപോയെങ്കില്‍, ഇന്ന് ഞാനിങ്ങനെ നിങ്ങളുമായി സംസാരിക്കാന്‍ ബാക്കിയാവില്ലായിരുന്നു....”

മസ്ക്കുലര്‍ ഡിസ്റ്റ്രോഫി രോഗം ബാധിച്ച് ശരീരം തളര്‍ന്നുപോയ കോട്ടയം കിടങ്ങൂര്‍ സ്വദേശി രാജേഷ് എന്ന മുപ്പത്തെട്ടുകാരന്‍ ബ്ലോഗര്‍ ഹാറൂണു(ഒരു നുറുങ്ങ്)മായി സംസാരിച്ചതില്‍നിന്നുള്ള ഭാഗമാണു മേലുദ്ധരിച്ചത്. പ്രതീക്ഷകളറ്റ ജീവിതത്തില്‍ ആത്മഹത്യമാത്രം പോം‌വഴിയായിക്കാണുന്ന മനുഷ്യജന്മത്തിന് അതിനുപോലും കഴിയാത്തവിധം നരകയാതന അനുഭവിയ്ക്കുമ്പോള്‍ ആശ്വാസത്തിന്റെ ഒരു തിരിനാളമാവാനെങ്കിലും നമുക്കുകഴിഞ്ഞാല്‍ അതിലും വലിയ പുണ്യകര്‍മ്മം വേറെയെന്താണ്... കൂടുതല്‍ വായനയ്ക്ക് ഹാറൂണ്‍ മാഷിന്റെ ബ്ലോഗിലേയ്ക്കു പോകാം. അപ്ഡേറ്റുചെയ്ത അദ്ദേഹത്തിന്റെ പോസ്റ്റ് ഇവിടെയുണ്ട്. സഹജീവികളുടെ സങ്കടം കാണുന്ന ബ്ലോഗര്‍മാരുടെ ശ്രദ്ധ ഇതുവഴികൂടി കടന്നുപോകണമെന്ന് അപേക്ഷിയ്ക്കുന്നു.

ഹാറൂണ്‍‌മാഷിന്റെ പോസ്റ്റിലേയ്ക്ക് ഇതുവഴി പോകാം

ഹാറൂണ്‍‌മാഷിന്റെ പോസ്റ്റില്‍ രാജേഷിന്റെ അക്കൌണ്ട്നമ്പര്‍ പലരും അന്വേഷിച്ചിരുന്നു. അവിടെ ചേര്‍ത്തിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്കുവേണ്ടി ഇവിടെയും ചേര്‍ക്കുന്നു.

RAJESH C
SB A/C 13030100067968
FEDERAL BANK,
KIDANGOOR.
KOTTAYAM.

Thursday

ശലഭത്തിന്റെ കൂട്ടുകാര്‍...

പ്രിയ സുഹൃത്തുക്കളെ,
ബൂലോകത്ത് തമാശയും ചെറിയ തല്ലുകളും കവിതകളും കഥകളും അനുഭവക്കുറിപ്പുകളുമൊക്കെ പങ്കുവക്കുമ്പോള്‍ ഒരു വല്ലാത്ത ബന്ധമാണ് നമ്മില്‍ ഉടലെടുക്കുന്നതും തുടരുന്നതുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. ഈ ഒരുമ പല സന്ദര്‍ഭങ്ങളിലും വലിയ വിഷമങ്ങള്‍ക്കു പരിഹാരവും സഹായകവുമാകാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് നമുക്ക് അഭിമാനിയ്ക്കാനും അളവറ്റു സന്തോഷിയ്ക്കാനും ഉള്ള വക നല്‍കിയിട്ടുണ്ട്. അര്‍ഹതയുള്ള കരങ്ങളില്‍ അവ എത്തിച്ചേരുമ്പോള്‍ നമുക്കു കിട്ടുന്ന സംതൃപ്തി എത്ര വലുതാണ്! നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യാം, അതു വാക്കുകൊണ്ടാണെങ്കിലും. അനവസരത്തില്‍ വിലപിയ്ക്കാനല്ല അവസരത്തില്‍ സഹായ്ക്കാന്‍ നമുക്കെല്ലാം ശ്രമിയ്ക്കാം.

നമ്മുടെ ഒരു സഹോദരി നമ്മുടെ സഹായത്തിനായി കാത്തിരിയ്ക്കുന്നു. ഇതിനു മുമ്പും ആവശ്യമായി വന്ന സന്ദര്‍ഭത്തില്‍ ബൂലോകത്തെ നല്ല സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ അവളുടെ ജീവിതം നമ്മുടെ മാത്രം കൈകളിലാണ്. തല്‍ക്കാലം അത്യാവശ്യത്തിനുള്ള കുറച്ചു തുക കൂട്ടം സുഹൃത്തുക്കളും ബൂലോകത്തെ ചില സുഹൃത്തുക്കളും ചേര്‍ന്നു സംഘടിപ്പിച്ചിട്ടുണ്ട്. ഒരു വലിയ തുക ഇനിയും ആവശ്യമായുണ്ട്. സഹായിയ്ക്കാന്‍ നമ്മളല്ലാതെ മറ്റാരുമില്ലാത്ത ‍അവസ്ഥയില്‍ കണ്ണടച്ചു കടന്നുപോകുവാന്‍ നമുക്കാവുമോ? ഡോക്ടര്‍ ജയന്‍ ഏവൂരിന്റെ ഈ പോസ്റ്റും നമ്മുടെ ബൂലോകവും ഈ വീഡിയോയും ദയവായി ഒന്നു കാണുക.

ഇപ്പോള്‍ രമ്യ ആശുപത്രിയില്‍ അഡ്മിറ്റാണ്. ഇപ്പോള്‍ സംസാരിയ്ക്കാനും ഭക്ഷണം കഴിയ്ക്കാനും കഴിയാത്ത നിലയിലാണ് രമ്യ. ഭക്ഷണത്തിന് ട്യൂബ് ഇട്ടിരിയ്ക്കുന്നു. നമ്മുടെയൊക്കെ സഹായവും പ്രാര്‍ത്ഥനയും ഇപ്പോഴാണു വേണ്ടത്...

(ഫെബ്രുവരി 24ന് കൂട്ടിച്ചേര്‍ത്തത്..)

ശലഭത്തിന്റെ കൂട്ടുകാര്‍...

പ്രിയ സുഹൃത്തുക്കളെ,
ബൂലോകത്ത് തമാശയും ചെറിയ തല്ലുകളും കവിതകളും കഥകളും അനുഭവക്കുറിപ്പുകളുമൊക്കെ പങ്കുവക്കുമ്പോള്‍ ഒരു വല്ലാത്ത ബന്ധമാണ് നമ്മില്‍ ഉടലെടുക്കുന്നതും തുടരുന്നതുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. ഈ ഒരുമ പല സന്ദര്‍ഭങ്ങളിലും വലിയ വിഷമങ്ങള്‍ക്കു പരിഹാരവും സഹായകവുമാകാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് നമുക്ക് അഭിമാനിയ്ക്കാനും അളവറ്റു സന്തോഷിയ്ക്കാനും ഉള്ള വക നല്‍കിയിട്ടുണ്ട്. അര്‍ഹതയുള്ള കരങ്ങളില്‍ അവ എത്തിച്ചേരുമ്പോള്‍ നമുക്കു കിട്ടുന്ന സംതൃപ്തി എത്ര വലുതാണ്! നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യാം, അതു വാക്കുകൊണ്ടാണെങ്കിലും. അനവസരത്തില്‍ വിലപിയ്ക്കാനല്ല അവസരത്തില്‍ സഹായ്ക്കാന്‍ നമുക്കെല്ലാം ശ്രമിയ്ക്കാം.

നമ്മുടെ ഒരു സഹോദരി നമ്മുടെ സഹായത്തിനായി കാത്തിരിയ്ക്കുന്നു. ഇതിനു മുമ്പും ആവശ്യമായി വന്ന സന്ദര്‍ഭത്തില്‍ ബൂലോകത്തെ നല്ല സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ അവളുടെ ജീവിതം നമ്മുടെ മാത്രം കൈകളിലാണ്. തല്‍ക്കാലം അത്യാവശ്യത്തിനുള്ള കുറച്ചു തുക കൂട്ടം സുഹൃത്തുക്കളും ബൂലോകത്തെ ചില സുഹൃത്തുക്കളും ചേര്‍ന്നു സംഘടിപ്പിച്ചിട്ടുണ്ട്. ഒരു വലിയ തുക ഇനിയും ആവശ്യമായുണ്ട്. സഹായിയ്ക്കാന്‍ നമ്മളല്ലാതെ മറ്റാരുമില്ലാത്ത ‍അവസ്ഥയില്‍ കണ്ണടച്ചു കടന്നുപോകുവാന്‍ നമുക്കാവുമോ? ഡോക്ടര്‍ ജയന്‍ ഏവൂരിന്റെ ഈ പോസ്റ്റും നമ്മുടെ ബൂലോകവും ഈ വീഡിയോയും ദയവായി ഒന്നു കാണുക.

ഇപ്പോള്‍ രമ്യ ആശുപത്രിയില്‍ അഡ്മിറ്റാണ്. ഇപ്പോള്‍ സംസാരിയ്ക്കാനും ഭക്ഷണം കഴിയ്ക്കാനും കഴിയാത്ത നിലയിലാണ് രമ്യ. ഭക്ഷണത്തിന് ട്യൂബ് ഇട്ടിരിയ്ക്കുന്നു. നമ്മുടെയൊക്കെ സഹായവും പ്രാര്‍ത്ഥനയും ഇപ്പോഴാണു വേണ്ടത്...

(ഫെബ്രുവരി 24ന് കൂട്ടിച്ചേര്‍ത്തത്..)

Popular Posts

Recent Posts

Blog Archive