Saturday

പഴശ്ശിരാജയും യഥാര്‍ത്ഥ വസ്തുതകളും...


ചരിത്രത്തെ എത്രത്തോളം വളച്ചൊടിയ്ക്കാം..?

യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ച് സൌകര്യം‌പോലെ കൂട്ടിച്ചേര്‍ത്ത് തോന്നുംപടി സിനിമകളിലും പുസ്തകങ്ങളിലും ആവിഷ്കരിയ്ക്കുന്നത് നടാടെയല്ല. നീതിനന്മകള്‍ക്കെതിരെ നിന്നവരെ അവയുടെ കാവലാളുകളായും നേരേതിരിച്ചും അവതരിപ്പിയ്ക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ട്. ഇത്തരത്തില്‍ ചരിത്രത്തെ വളച്ചൊടിച്ച് എത്രത്തോളം വികലമാക്കാമെന്നതിന് അവസാനം വന്ന ഉദാഹരണമാണ് പഴശ്ശിരാജാ എന്ന സിനിമ. സിനിമാക്കഥ ഇങ്ങനെ...

“ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് നൂറ്റിഅന്‍പതോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടീഷുകാരെ എതിര്‍ത്ത ആദ്യകാല സ്വാതന്ത്ര്യ സമര പങ്കാളികളില്‍ ഒരാളായിരുന്നു പഴശ്ശിരാജാ. ബ്രിട്ടീഷ് പട്ടാളത്തെ അദ്ദേഹം പതിനഞ്ചു വര്‍ഷക്കാലം വാള്‍മുനയില്‍ നിര്‍ത്തുകയും അവര്‍ ഏര്‍പ്പെടുത്തിയ നികുതി വ്യവസ്ഥയെ എതിര്‍ത്തു യുദ്ധംപ്രഖ്യാപിയ്ക്കുകയും ചെയ്തു...”

ബ്രിട്ടീഷുകാര്‍ക്കുവേണ്ടി അവര്‍ ഏര്‍പ്പെടുത്തിയ “ജെമ” എന്ന നികുതിപ്പണത്തെ പിരിച്ചെടുത്തു കൊടുക്കുന്ന ഒരു നാട്ടു പ്രമാണി മാത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ പഴശ്ശിരാജാ. അതുകൊണ്ടുതന്നെ നമ്മള്‍ ഇപ്പൊ പഠിയ്ക്കുന്ന പഴശ്ശിചരിത്രവുമായി യഥാര്‍ത്ഥ ചരിത്രത്തിനു ബന്ധമില്ല. നികുതിപ്പിരിവിന്റെ പത്തു ശതമാനം ബ്രിട്ടീഷുകാര്‍ പഴശ്ശിരാജയ്ക്ക് കൊടുത്തിരുന്നു. പഴശ്ശി പിരിയ്ക്കുന്ന നികുതിപ്പണത്തെക്കാള്‍ കൂടുതല്‍ പിരിച്ചു നല്‍കാന്‍ അദ്ദേഹത്തിന്റെ അമ്മാവന്‍ വീരവര്‍മ്മ തയ്യാറായി മുന്നോട്ടു വന്നപ്പോള്‍ പഴശ്ശിരാജയ്ക്കു സ്ഥാനവും കമ്മീഷനും നഷ്ടപ്പെട്ടു. സ്വാഭാവികമായും അമ്മാവനോടും ബ്രിട്ടീഷുകാരോടും അദ്ദേഹത്തിന് ദേഷ്യവും വൈരാഗ്യവും തോന്നി . ഇതാണ് പഴശ്ശി-ബ്രിട്ടീഷ് കലാപത്തിന്റെ മൂല രഹസ്യം.

ബ്രിട്ടീഷുകാര്‍ക്കെതിരെ നിരന്തരം പോരാട്ടം നടത്തിയിരുന്ന ടിപ്പുസുല്‍ത്താനെ നശിപ്പിയ്ക്കാന്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുത്തിരുന്നത് പഴശ്ശിരാജയായിരുന്നു. ടിപ്പുവിനെ നശിപ്പിയ്ക്കാന്‍ പറ്റിയാല്‍ മലബാറിനെ ബ്രിട്ടീഷുകാര്‍ക്കു സ്വന്തമാക്കാമല്ലോ. അതിനാല്‍ കാര്യമായിത്തന്നെ അയാള്‍ ബ്രിട്ടനെ സഹായിച്ചുകൊണ്ടിരുന്നു. ഇതിനു പ്രതിഫലമായാണ് കോട്ടയത്തു നികുതി പിരിയ്ക്കുവാനുള്ള അവകാശം പഴശ്ശിരാജയ്ക്ക് ബ്രിട്ടീഷുകാര്‍ കൊടുത്തത്. 1792ലെ ശ്രീരംഗം ഉടമ്പടിപ്രകാരം മലബാര്‍പ്രദേശം ബ്രിട്ടീഷ് ആധിപത്യത്തിന്‍‌ കീഴില്‍ വന്ന സാമയത്താണ് വീരവര്‍മ്മയുടെ രംഗ പ്രവേശം. കോട്ടയം, കതിരൂര്‍, പഴശ്ശി, താമരശ്ശേരി, കുമ്പ്രനാട്, കുറ്റിയാടി, പരപ്പനാട് തുടങ്ങിയ പ്രദേശങ്ങളിലെ നികുതി പിരിവ് അവകാശം വീരവര്‍മ്മയ്ക്കു ലഭിച്ചപ്പോള്‍ ജനങ്ങളുടെ മേല്‍ അധിക നികുതി ഏര്‍പ്പെടുത്തിയെന്നാരോപിച്ച് ജനപിന്തുണ നേടി ബ്രിട്ടീഷുകാരെ എതിര്‍ക്കുകയാണ് പഴശ്ശിരാജ ചെയ്തത്. ഇത് അസൂയകൊണ്ടുണ്ടായതാണ്, രാജ്യസ്നേഹം കൊണ്ടല്ല.

ചരിത്രത്തെ തിരുത്താന്‍ ആര്‍ക്കൊക്കെയോ പ്രത്യേക താല്‍പ്പര്യമുള്ളതുപോലെയാണു തോന്നുന്നത്. അല്ലെങ്കില്‍ ടിപ്പുവിന്റെ ചരിത്രത്തെ കഥയാക്കിയ ചലച്ചിത്രത്തെ കെട്ടുകഥയെന്നു രേഖപ്പെടുത്തി പുറത്തിറക്കേണ്ടി വരില്ലായിരുന്നു. ഒരുകാലത്ത് ഒരു മഹാ ഭൂരിപക്ഷത്തെ അടക്കി ഭരിച്ചിരുന്ന (അങ്ങനെ ഭരിച്ചിരുന്നവരെ മാത്രം) ജാതി-വര്‍ണ്ണ-ജന്മി-നടുവാഴി സംഘങ്ങളെ സ്വാതന്ത്ര സമരത്തിന്റെ ധീരയോദ്ധാക്കളായി ചിത്രീകരിയ്ക്കുന്നതിലെ ഔചിത്യം എന്തെന്നു മനസ്സിലാവുന്നില്ല.

Sunday

ഇതു ദൈവഹിതമോ..

അവര്‍ ഇണകളായൊഴുകി
അവര്‍ ഇണകളായ് മാത്രമൊഴുകി

സൂക്ഷ്മകണങ്ങളായ്
ഉണര്‍ന്നൂര്‍ന്ന്
ചെറിയനീര്‍ച്ചാലുകളായ്
അരുവികളായ്
കൈവഴികളായ് ചെറുതോടായ്
പിന്നെ പുഴയായ് വളരുന്ന
ദീര്‍ഘയാത്രയായിരുന്നില്ല

സൂക്ഷ്മകണങ്ങളായ്
തുള്ളിയുണര്‍ന്ന്
വളര്‍ന്നുറവകെട്ടിയ കടലായ്
പിന്നെപൊട്ടിത്തകര്‍ന്ന്
കുലംകുത്തിയൊഴുകി
പുഴയായ് ചെറുതോടായ്
ഉപ്പുമാത്രമവശേഷിപ്പിച്ച്
അപ്രത്യക്ഷമാവുകയായിരുന്നു

ഉറവയായൂറുമ്പോള്‍ത്തന്നെ
ഇണകളായ്ക്കഴിഞ്ഞവര്‍
അവര്‍ ഇണകളായൊഴുകി
അവര്‍ ഇണകളായ് മാത്രമൊഴുകി

വിവരമുള്ള വിവരാവകാശം...


* നിങ്ങള്‍ക്ക് ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും ന്യായമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കപ്പെടാതെ കിടക്കുന്നുണ്ടോ ?

* കൈക്കൂലി ലഭിയ്ക്കാത്തതിന്റെ പേരില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടതു ചെയ്യാതിരിയ്ക്കുകയോ, നിയമങ്ങളും വ്യവസ്ഥയും പറഞ്ഞ് ഭീഷണിപ്പെടുത്തി ബുദ്ധിമുട്ടിയ്ക്കുകയോ ചെയ്യുന്നുണ്ടോ ?

* നിങ്ങള്‍ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിലേയ്ക്കു നല്‍കിയ സങ്കട ഹര്‍ജിയിലോ നിവേദനത്തിലോ യാതൊരു നടപടിയും സ്വീകരിയ്ക്കാതെ കിടക്കുന്നുണ്ടോ ?

* ഏതെങ്കിലും തെറ്റായ നടപടിയ്ക്കെതിരേ, അല്ലെങ്കില്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരേ പരാതി ചെയ്യേണ്ടിടത്തു പരാതി നല്‍കിയിട്ട് ഒരനക്കവും ഇല്ലാതിരിയ്ക്കുന്നുണ്ടോ ?

* ഏതെങ്കിലും പൊതു സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സ്വന്തം ചുമതലകള്‍ നിര്‍വ്വഹിയ്ക്കാത്തതു കൊണ്ട് നിങ്ങള്‍ക്കോ സമൂഹത്തിനോ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ടോ ?

* നിങ്ങളുടെ നികുതിപ്പണമായ സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിയ്ക്കുന്നതു കണ്ടിട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരവസ്ഥ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ ?

വിവരാവകാശനിയമം വെറും വിവരങ്ങള്‍ നേടാന്‍ മാത്രമുള്ളതല്ല. റേഷന്‍, ഗ്യാസ്, വെള്ളം, കറന്റ്, ആശുപത്രി, യൂണിവേഴ്സിറ്റി, പോലീസ് സ്റ്റേഷന്‍ തുടങ്ങി സക്രട്ടറിയേറ്റു വരെ നീണ്ടു കിടക്കുന്ന നൂറുകണക്കിനു സ്ഥാപനങ്ങളില്‍ നിന്നും പരിഹരിയ്ക്കപ്പെടേണ്ട പ്രശ്നങ്ങള്‍ സ്വയം പരിഹരിയ്ക്കുന്നതിനുള്ള എറ്റവും ലളിതമായ മാര്‍ഗ്ഗമാണ്.

സുപ്രീം കോടതിയ്ക്കു സാധിയ്ക്കാതെ വന്നത് വിവരാവകാശം കൊണ്ട് നടപ്പിലാകുന്നു..!


ഇന്ത്യയിലെ പരമോന്നത കോടതിയായ സുപ്രീം കോടതി 1997ല്‍ റയില്‍‌വേജീവനക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിന് വിധിച്ചു. പ്രസ്തുത വിധി നടപ്പാക്കേണ്ട റയില്‍‌വേ പത്തു വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കിയില്ല. 2007ല്‍ പത്തു രൂപയുടെ ഒരു വിവരാവകാശ അപേക്ഷ നല്‍കിയപ്പോഴാണ് റയില്‍‌വേ വിധി നടപ്പിലാക്കിയത്.

വിവരാവകാശ നിയമ പ്രകാരം കേരളത്തില്‍ ഇതുവരെ ശിക്ഷിയ്ക്കപ്പെട്ടവര്‍


അഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി, തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, മെഡിയ്ക്കല്‍കോളേജ് സൂപ്രണ്ട് , DMO, വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, തഹസില്‍ദാര്‍, DEOമാര്‍ (4), വില്ലേജ് ഓഫീസര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗ്രാമ പഞ്ചായത്തു സെക്രട്ടറിമാര്‍ (20) തുടങ്ങി 81പേര്‍ പിഴ ശിക്ഷയ്ക്കു വിധേയരാ‍യി. വകുപ്പുതല നടപടികള്‍ക്കു വിധേയരായവര്‍ എട്ടുപേരാണ്. അപേക്ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ ശിക്ഷിയ്ക്കപ്പെട്ടവര്‍ നാലുപേരാണ്.

(ആവശ്യമെങ്കില്‍ തുടരും)

ജപ്തി...


ജപ്തിയെക്കുറിച്ച് ഒരു വഴികാട്ടി പുസ്തകത്തില്‍ വന്ന വരികളാണ്.
കിടക്കട്ടെ ഇതും കൂടി. ഇനി ഇതിന്റെ കുറവു വേണ്ട...

കാശുകിട്ടാന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍
അതുകൊടുത്തവന്‍ ചെയ്യുന്ന മഹാകര്‍മ്മമാണല്ലോ ജപ്തി.
കുടിശ്ശികക്കാരന്റെ വസ്തുവകകള്‍ പെറുക്കിയെടുക്കുന്ന കടുത്ത നടപടി
റവന്യൂ അധികൃതരാണു ചെയ്യുന്നതെന്ന് ആര്‍ക്കാണറിയാത്തത്.
പക്ഷേ ജപ്തിചെയ്യുമ്പോള്‍ കര്‍ശനമായി പാലിയ്ക്കേണ്ട
ചില നിയമങ്ങള്‍ ഒന്ന് ഓര്‍മ്മിപ്പിയ്ക്കണമെന്നു തോന്നി.
ഒരുപക്ഷേ അതവര്‍ മറന്നുപോയാലോ...
(കാശു വാങ്ങിയവന്‍ എല്ലാം ഓര്‍ത്താല്‍ നന്നായി)

സൂര്യന്‍ എത്തിനോക്കുന്നതിനു മുമ്പോ അയാള്‍ കടലില്‍ മുങ്ങിയതിനു ശേഷമോ ജപ്തി നടപടികള്‍ നടത്താന്‍ പാടില്ല.
കടക്കാരനോ അയാളുടെ കുടുംബാംഗങ്ങളോ ധരിച്ചിരിയ്ക്കുന്ന വസ്ത്രമോ (മഹാഭാഗ്യം) താലി, മതാചാരപ്രകാരം നീക്കം ചെയ്യാന്‍ പാടില്ലാത്ത ആഭരണങ്ങള്‍, വിവാഹമോതിരം, ആരാധനയ്ക്കുപയോഗിയ്ക്കുന്ന ചുരുങ്ങിയ സാധനങ്ങള്‍, കൃഷിയാവശ്യത്തിനുള്ള പമ്പുസെറ്റും മറ്റുപകരണങ്ങളും, കൃഷിയായുധങ്ങള്‍, രണ്ട് ഉഴവുമാടുകള്‍, കൈത്തൊഴില്‍ ആയുധങ്ങള്‍ എന്നിവയും ജപ്തിചെയ്യാന്‍ പാടില്ല.
സ്ത്രീകളുടെ വാസസ്ഥലത്ത് അതിക്രമിച്ചു കടക്കുകയോ ബലം പ്രയോഗിച്ചു തുറപ്പിയ്ക്കുകയോ ചെയ്യാന്‍ പാടില്ല.
ഇനി അങ്ങോട്ടു കടന്നേ പറ്റൂന്ന് നിര്‍ബ്ബന്ധമുണ്ടെങ്കില്‍ നിയമാനുസൃതമായി അവരെ മാറ്റിയതിനു ശേഷം കടക്കാം.

ജപ്തിസാധനങ്ങള്‍ അനുവാദം കൂടാതെ ആരെങ്കിലും മാറ്റിയാല്‍ മേലാവിയ്ക്കു റിപ്പോര്‍ട്ടു നല്‍കാം.
ജപ്തി നടക്കുമ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥരല്ലാത്ത രണ്ടുപേര്‍ സാക്ഷ്യം വഹിയ്ക്കണം.
ജപ്തിചെയ്ത സാധനങ്ങളുടെ ലിസ്റ്റ് കടക്കാരനു നല്‍കുകയോ ആ സ്ഥലത്തു പതിയ്ക്കുകയോ ചെയ്യണം.
ജപ്തി സാധനങ്ങള്‍ മാറ്റാനോ കളക്ടറുടെ അനുവാദമില്ലാതെ മാറ്റാനോ പാടില്ല.
നാല്‍ക്കാലികളെ ജപ്തിചെയ്യുന്ന ഇരുകാലികള്‍ അവയ്ക്കു തിന്നാന്‍ കൊടുക്കേണ്ടതാണ്.
പക്ഷേ അവയ്ക്കു തിന്നാന്‍ കൊടുക്കുന്നതിന്റെ ചെലവ് കടക്കാരന്‍ തന്നെ കൊടുക്കണം!

ജപ്തിസാധനങ്ങള്‍ ലേലം ചെയ്യുന്നതിനു മുമ്പ് കുടിശ്ശികയും ജപ്തിച്ചെലവും കൊടുത്തു തീര്‍ത്താല്‍ എല്ലാം തിരിച്ചു കൊടുക്കാം.

(സമാധാനം, നടക്കുമോ എന്തൊ)

Thursday

വാക്കു മാറാതെ...


വാക്കിനെക്കുറിച്ച് ഇവിടെ വന്ന പോസ്റ്റിന് , വാക്കിന്റെ ഉദ്ദേശശുദ്ധിയും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചുകൊണ്ട് വാക്കിന്റെ ശില്‍പ്പികളിലൊരാളായ Laju G Nair നല്‍കുന്ന മറുപടിയാണ് താഴെച്ചേര്‍ക്കുന്നത്.

വാക്ക് ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആണ്. അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മ്മ. ശ്രദ്ധിക്കാതെ പോകുന്ന പല നല്ല ബ്ലോഗര്‍മാരെയും അവരുടെ ബ്ലോഗുകളെയും പരിചയപ്പെടാന്‍ ഉള്ള ഒരു വേദി. ബ്ലോഗ്‌ സ്പോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിനുള്ള വ്യത്യാസം, നേരിട്ടുള്ള സംവദനത്തിനു ഇത് കൂടുതല്‍ സൗകര്യം ഒരുക്കുന്നു എന്നതാണ്. പോസ്റ്റുകളെ കുറിച്ചല്ലാതെ സൌഹൃദപരമായ സംഭാഷണങ്ങള്‍ക്ക് കമന്റ് വാള്‍ വേറെ തന്നെ ഉണ്ട്. ഇവിടെയുള്ള സുഹൃത്തുക്കളോട് സ്വകാര്യ വിനിമയത്തിന് മെയില്‍ അയക്കാനുള്ള സംവിധാനവും ഉണ്ട്. ബ്ലോഗുകള്‍ക്ക് പുറമേ ഗൌരവപരമായ ചര്‍ച്ചകള്‍ക്കും ഇവിടെ ഇടം ഉണ്ട്. പിന്നെ അല്‍പ്പം സംഗീതം. കവിതകള്‍, ഗസലുകള്‍, നാടക ഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍, താരാട്ട് പാട്ടുകള്‍ തുടങ്ങി ഏതും ഇതിലെ അംഗങ്ങള്‍ക്ക്‌ അപ്‌ലോഡ് ചെയ്യാനും കേള്‍ക്കാനും സൌകര്യമുണ്ട്. ഓരോരുത്തരുടെയും താല്പര്യത്തിനു അനുസരിച്ച് വേറെ വേറെ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനും, മുന്‍പേ ഉള്ള ഗ്രൂപ്പുകളില്‍ ചേരാനും ആര്‍ക്കും സാധിക്കുന്നതാണ്. ഏത് ചര്‍ച്ചയിലും ഏതൊരു അംഗത്തിനും പങ്കെടുക്കാവുന്നതും പുതിയ ചര്‍ച്ചകള്‍ തുടങ്ങാവുന്നതുമാണ്. സാങ്കേതികമായ ഏത് സംശയങ്ങള്‍ക്കും സഹായിക്കാന്‍ പത്തുപേര്‍ അടങ്ങുന്ന ഒരു അട്മിനിസ്ട്രടിവ്‌ ടീം ഉണ്ട്. അംഗങ്ങളുടെ പേജുകളില്‍ പോസ്റ്റ്‌ ചെയ്യുന്ന ബ്ലോഗുകള്‍, ആഡ് ചെയ്യുന്ന വീഡിയോ ചിത്രങ്ങള്‍, നിശ്ചല ചിത്രങ്ങള്‍, മ്യൂസിക്‌ ഫയലുകള്‍ എന്നിവ കണ്ടെത്താന്‍ വളരെ എളുപ്പവുമാണ്. മെയിന്‍ പേജില്‍ ഇരുപതു ബ്ലോഗുകള്‍ വരെ ഫീച്ചര്‍ ചെയ്യാന്‍ പറ്റും. ഫീച്ചര്‍ ചെയ്യുന്ന ബ്ലോഗുകള്‍ രണ്ടു ദിവസം മെയിന്‍ പേജില്‍ തന്നെ കാണും. അത് പോലെ തന്നെ വീഡിയോ, സ്റ്റില്‍ ഫോട്ടോ തുടങ്ങിയവയും.
വാക്കിലെ ബ്ലോഗര്‍മാരുടെ ബൂലോകത്തെ താളിലേക്ക് ഉള്ള ലിങ്കുകള്‍ സ്വന്തം പേജില്‍ തന്നെ കൊടുക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. അതിനു പുറമേ വാക്കിലെ അംഗങ്ങള്‍ പരിചയപ്പെടുത്തുന്ന ബ്ലോഗുകളിലേക്ക് എല്ലാം തന്നെ ബന്ധിപ്പിക്കുന്ന ലിങ്കുകളും ചേര്‍ത്തിട്ടുണ്ട്. ഈ ഒരു സംരംഭം ബൂലോകത്തെയും വാക്കിനെയും കൂടുതല്‍ അടുപ്പിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. തുടങ്ങി മൂന്നു മാസത്തിനുള്ളില്‍ ഇപ്പോള്‍ വാക്കില്‍ ഉള്ളത് ഏകദേശം
ആയിരത്തോളം അംഗങ്ങള്‍
ആയിരത്തി മുന്നൂറോളം ബ്ലോഗുകള്‍
നൂറിലേറെ ചര്‍ച്ചകള്‍
ആയിരത്തി മുന്നൂറോളം ഫോട്ടോകള്‍
ഇരുപതില്‍ അധികം ഗ്രൂപ്പുകള്‍,
നൂറിലധികം വീഡിയോ എന്നിങ്ങനെ.
വീഡിയോ ചിത്രങ്ങള്‍ അഡ്മിന്‍ അപ്പ്രൂവ്‌ ചെയ്തു കഴിഞ്ഞാല്‍ മാത്രമേ പേജില്‍ വരികയുള്ളൂ.. അത് പോലെ ഈ സൈറ്റിന്റെയും അതിലെ പ്രോഫിലുകളുടെയും സുരക്ഷിതത്വത്തിനായി ആണ് ഇതില്‍ കയറുമ്പോള്‍ തന്നെ യൂസര്‍ നെയിമും പാസ്‌വേഡും ചോദിക്കുന്നത്. അത് പോലെ തന്നെ ഫെയിക്‌ പ്രൊഫൈല്‍ ഉണ്ടാക്കി അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന പ്രൊഫൈലുകള്‍ വേറെ അറിയിപ്പുകള്‍ ഒന്നും ഇല്ലാതെ തന്നെ ബാന്‍ ചെയ്യാനുള്ള സംവിധാനവും ഉണ്ട്.
വാക്കിനെ കുറിച്ച് കൂടുതല്‍ അറിയണം എന്നുണ്ടെങ്കില്‍ വാക്കുമായി ഒന്ന് പരിചയപ്പെടണം. കൂടുതല്‍ എന്തൊക്കെ വിവരങ്ങളാണ് വേണ്ടത് എന്ന് അറിയിക്കുമല്ലോ.
ജോലി തിരക്കുകള്‍ക്കിടയിലും ഒരിത്തിരി സമയം കണ്ടു പിടിച്ചു അക്ഷരങ്ങളോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രം കുറച്ചു സ്നേഹിതര്‍ യാതൊരു കച്ചവട ഉദ്ദേശവും ഇല്ലാതെ തുടങ്ങിയ ഒരു സംരംഭം ആണിത്. കുറ്റങ്ങളും കുറവുകളും കണ്ടേക്കാം. തിരുത്തി തരിക. അക്ഷരങ്ങളെ സ്നേഹിക്കുന്ന കുറെ മനസ്സുകളുടെ ഒരു പങ്കു വെക്കല്‍... അതെന്താ തരുന്നത്, ഇത് കൊണ്ട് എന്ത് ഗുണം എന്നൊക്കെ ചോദിച്ചാല്‍, സത്യമായും ആ ഉത്തരങ്ങള്‍ അറിയില്ല... ഇങ്ങനെ ഒക്കെ ചെയ്യുന്നു, അത്രമാത്രം....
സ്നേഹം, ശുഭദിനം.

Tuesday

മണ്ട ശിരോമണി...

കടിച്ചിട്ടങ്ങട്ട് പൊട്ടണില്ലാ
പൊട്ടിക്കിട്ട്ണില്ലാ
ഇനിയിപ്പൊ എന്താ ചെയ്ക
ചുറ്റിക വേണ്ടിവരും
ഒന്നു വാങ്ങിയേക്കാം

പൊട്ടാത്തതു കാരിരുമ്പോ
അതിനെക്കാള്‍ കാഠിന്യമേറിയ
എന്റെ മനസ്സോ, ഹൃദയമോ
തിരിയുന്നില്ലൊട്ടും
തല തിരിഞ്ഞതു കൊണ്ടാവാം

കാണാത്തതിനെക്കുറിച്ച്
അകക്കണ്ണില്‍ തെളിഞ്ഞുകണ്ടു
കവികള്‍ പാടും,
എനിയ്ക്കതു കാണാന്‍ പറ്റാത്തത്
കവിയുടെ കുറ്റമല്ലല്ലോ

കുറ്റിപ്പുറത്തിന്റെ കവിതകള്‍ക്ക്
കുറ്റിപോലുറപ്പുണ്ടായേക്കാം
മനസ്സിന്റെ കോടാലിയ്ക്ക്
മൂര്‍ച്ച വീണ്ടും കൂട്ടിവയ്ക്കാം
വല്ലതും തിരിഞ്ഞേക്കും

പഴയതാണു പത്തരമാറ്റെന്ന്
അറിഞ്ഞുതന്നെ വായിച്ചതാണ്
കാമ്പുള്ള കവിതകള്‍
കടിച്ചാല്‍ പൊട്ടണമെന്നില്ലല്ലോ...
ഞാനെന്തൊരു തിരുമണ്ടന്‍!

Sunday

Saturday

ഹൃദയമുള്ളവര്‍ കാണട്ടെ....


ഭൂലോകത്തു നന്മയുള്ളവര്‍ ഇനിയും ശേഷിയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ബൂലോകത്തും ഭൂലോകത്തുമുള്ള ചിലരുമായുള്ള ചങ്ങാത്തം കൊണ്ട് മനസ്സിലായി. സംശയമായല്ലേ...? അപ്പൊ നമ്മളെല്ലാം വല്ലപ്പോഴുമെങ്കിലും ചെയ്യുന്ന കാര്യങ്ങളെല്ലാം നന്മയല്ലെന്നാണോ കൊട്ടോട്ടി പറയുന്നത് എന്ന സംശയം വരുന്നുണ്ടോ?

പ്രിയപ്പെട്ടവരേ...
ബൂലോകത്തും ഭൂലോകത്തുമുള്ള ഈ മനുഷ്യജന്മങ്ങള്‍ സഹജീവികളുടെ കണ്ണീരൊപ്പുന്നതു കാണുമ്പോള്‍ നമ്മള്‍ ചെയ്യുന്നതെല്ലാം എത്ര നിസ്സാരമെന്നു തോന്നി. ഇതു പോസ്റ്റാക്കരുതെന്നു പറഞ്ഞതാണ്. അതുകൊണ്ടുതന്നെ ഈ നന്മയുടെ പിറകില്‍ ആരെല്ലാമാണെന്നു വെളിപ്പെടുത്താന്‍ വയ്യ. പക്ഷേ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു മാതൃകയാവണമെങ്കില്‍, മറ്റുള്ളവര്‍ക്കും സഹജീവികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തോന്നണമെങ്കില്‍ ഇത് പറയാതെ കഴിയില്ലയെന്നതിനാല്‍ ഇവിടെ കോറിയിടുന്നു.

ഫോണില്‍ ഒരുപാടുതവണ ബന്ധപ്പെട്ടിരുന്നെങ്കിലും സുഹൃത്തിനെ നേരില്‍ക്കാണുന്നത് അന്നായിരുന്നു. വൈകുന്നേരം ആറുമണിയോടെ കാവസാക്കി കാലിബര്‍ ചങ്ങാതിയുടെ വീട്ടിലേയ്ക്കുരുണ്ടു. നല്ല മഴയായിരുന്നാതിനാല്‍ അവിടെയെത്താന്‍ അല്‍പ്പം ബുദ്ധിമുട്ടി. മഴക്കോട്ടെടുക്കാതെ ആശാനായി ചമഞ്ഞതിന്റെ സുഖം നന്നായി ആസ്വദിച്ചു. ഇടയ്ക്കു മഴ തോരുന്ന സമയം നോക്കി ബൈക്കോടിച്ച് ഒരുവിധം അദ്ദേഹത്തിന്റെ വീട്ടിലെത്തി. ചൂടു ചായയും കുശലാന്വേഷണവും കഴിഞ്ഞ് സംസാരം ബ്ലോഗിലേയ്ക്കും നീണ്ടു. ഏതാണ്ട് എല്ലാ ബ്ലോഗരെയും തിന്നുകഴിഞ്ഞപ്പോള്‍ അദേഹം പറഞ്ഞതിനനുസരിച്ച് ആ സസ്പെന്‍സ് സന്ദര്‍ശിയ്ക്കാന്‍ പുറപ്പെട്ടു.

ബ്ലോഗില്‍ അത്യാവശ്യം പുലിയായ അദ്ദേഹം യഥാര്‍ത്ഥത്തില്‍ സ്നേഹസമ്പന്നനായ ഒരു പൂച്ചക്കുട്ടിയാണെന്ന് നേരിട്ടു കണ്ടപ്പോള്‍ എനിയ്ക്കു ബോധ്യപ്പെട്ടു. അനേകരെ സംരക്ഷിയ്ക്കുന്ന സ്നേഹസമ്പന്നരില്‍ ഒരുവന്‍. ഇവയ്ക്കെല്ലാ പിന്തുണയുമായി ഒപ്പം അദ്ദേഹത്തിന്റെ കുടുംബവുമുണ്ട്. തങ്ങളുടെ സമൂഹത്തില്‍ ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക് അവരുടെ വിഷമങ്ങള്‍ ഒന്നു തുറന്നു പറയാന്‍ സന്ദര്‍ഭമൊരുക്കുന്ന അവരുടെ സെന്ററിന്റെ മുന്നില്‍ കാര്‍ നിന്നു.

ഇതാണ് നമ്മുടെ “സെന്റര്‍”

ഞാന്‍ അകത്തേയ്ക്കു പ്രവേശിച്ചു. സെന്ററിന്റെ ഓരോ ഭാഗങ്ങളെ അദ്ദേഹം എനിയ്ക്കു പരിചയപ്പെടുത്തി. ഹാളിലേയ്ക്കാണ് ആദ്യം കടന്നത്.

ഇവിടെ എല്ലാ ഞായറാഴ്ച്ചയും അവര്‍ ഒത്തുകൂടുന്നു. രാവിലെ ഏഴുമണിമുതല്‍ ഒന്‍പതുമണിവരെ മീറ്റിംഗ്. ആ ആഴ്ചയിലെ കര്‍മ്മങ്ങള്‍ എന്തൊക്കെയെന്നും കൂടുതലായി എന്തെങ്കിലും ആര്‍ക്കെങ്കിലും ചെയ്യേണ്ടതുണ്ടോയെന്നുമൊക്കെ തീരുമാനിയ്ക്കുന്നത് ഈ സമയത്താണ്. തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ദിവസങ്ങള്‍ ചുമരില്‍ ചാര്‍ട്ടായി തൂക്കിയിടുന്നു. മറ്റുള്ളവര്‍ക്ക് സൌകര്യപൂര്‍വ്വം ആ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ ഇതുപകാരപ്പെടുന്നു. ഒന്‍പതുമണിമുതല്‍ രണ്ടുമണിയ്ക്കൂറോളം ഖുര്‍‌ആന്‍ ക്ലാസ്സാണ് ഒരു ഗ്രൂപ്പിലും പെടാതെ ആരുടെയും ആശയങ്ങള്‍ പ്രചരിപ്പിയ്ക്കാത്ത ഖുര്‍‌ആന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഇവിടെനിന്നു പഠിയ്ക്കാം. തുടര്‍ന്ന് മറ്റുള്ളവരുടെ വിഷമങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ അവരുടെ വിഷമങ്ങള്‍ കേള്‍ക്കുന്ന സമയമാണ്.

തുടര്‍ന്ന് സ്റ്റോറിലേയ്ക്കു നടന്നു. ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള അരിയും മറ്റുസാധനങ്ങളും ഇവിടെ സൂക്ഷിച്ചിരിയ്ക്കുന്നു. ഓരോവീട്ടിലേയ്ക്കും വിതരണം ചെയ്യേണ്ട സാ‍ധനങ്ങളുടെ ലിസ്റ്റ് അവിടെയും ചുമരില്‍ തൂക്കിയിരിയ്ക്കുന്നു. സംഘത്തിന്റെ പ്രവര്‍ത്തര്‍ അവരുടെ സമയത്തിനനുസരിച്ച് പായ്ക്കറ്റിലാക്കാന്‍ ഇത് അവരെ സഹായിയ്ക്കുന്നു. സംഘത്തിന്റെ സംരക്ഷണത്തില്‍ കഴിയുന്ന മുന്നൂറിലധികം കുടുംബങ്ങളില്‍ ജാതി മത ഭേദമന്യേ യഥാസമയം ഇവയെത്തിയ്ക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് ക്ലിനിക്കിലേയ്ക്കാണു നടന്നത്. ഞായറാഴ്ചകളില്‍ ഇവിടെ സൌജന്യ പരിശോധനയും മരുന്നു വിതരണവും നടക്കുന്നു. പരിശോധിയ്ക്കുന്ന ഡോക്ടറും ഈ സംഘത്തിലെ അംഗം തന്നെ. ഇവിടെ എത്തുന്ന മരുന്നുകളില്‍ ഇവിടെ ആവശ്യമില്ലാത്ത മരുന്നുകള്‍ മെഡിയ്ക്കല്‍ കോളേജിലെ ഫ്രീ മെഡിസിന്‍ വിഭാഗത്തിലേയ്ക്കു കൊണ്ടുപോകുന്നു.

പിന്നെ ബുക്ക്സ്റ്റാളിലേയ്ക്കു പോയി, ജീവിതത്തെ നല്ല മാര്‍ഗ്ഗത്തിലേയ്ക്കു നയിയ്ക്കാനുതകുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശംനല്‍കുന്ന പുസ്തകങ്ങള്‍ പലരും അച്ചടിച്ചു നല്‍കുന്നത് സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു. ആവശ്യക്കാര്‍ക്ക് അവകൊണ്ടുപോകാം. മതിയായ സ്റ്റാമ്പയയ്ക്കുന്നവര്‍ക്ക് അവ തപാലിലും ലഭിയ്ക്കും. മൂന്നു പുസ്തകങ്ങള്‍ ഞാനുമെടുത്തു.

പിന്നെ ടെക്സ്റ്റയില്‍ സെക്ഷനിലേയ്ക്ക്. പലയിടത്തുനിന്നും സംഘടിപ്പിച്ച എല്ലാത്തരക്കാര്‍ക്കുമുള്ള വസ്ത്രങ്ങള്‍ തുണുക്കടയിലേതുപോലെ സൂക്ഷിച്ചിരിയ്ക്കുന്നു. അര്‍ഹതയുള്ളവര്‍ക്ക് അവരുടെ അളവിനുള്ളവ തെരഞ്ഞെടുക്കാം. അരച്ചാക്കരിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ ഈ മഹാ പ്രസ്ഥാനം ഇന്നു വളരെ വളര്‍ന്നത് നല്ലവരായ ഒരു ജനവിഭാഗത്തിന്റെ പിന്തുണയുടെ ബലത്തിലാണെന്നതു വിസ്മരിയ്ക്കുന്നില്ല.

സംഘത്തിലെ ഓരോ അംഗങ്ങളും നിശ്ചിത വീടുകളുടെ സംരക്ഷണം ഏറ്റെടുത്തിരിയ്ക്കുന്നു. സ്വന്തം വീടുപോലെതന്നെയാണ് ഈ വീടുകളെ അവര്‍ കാണുന്നതും സ്വന്തം കുടുംബാംഗങ്ങളോടെന്നപോലെ തന്നെയാണ് ആ വീട്ടുകാരോടു പെരുമാറുന്നതും. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു കുറവും വരാതിരിയ്ക്കാന്‍ ഓരോരുത്തരും ശ്രദ്ധിയ്ക്കുന്നു. തങ്ങളുടെ ഏരിയയില്‍ വിഷമിയ്ക്കുന്ന മറ്റു കുടുംബങ്ങളുണ്ടോയെന്നും അവര്‍ അന്വേഷിയ്ക്കുന്നു. ആത്മഹത്യയുടെ വക്കില്‍നിന്ന് ഒരുപാടു കുടുംബങ്ങളെ ഇവര്‍ കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്.

സമൂഹത്തില്‍ എല്ലാവരാലും അവഗണിയ്ക്കപ്പെട്ട് ആരുടെയും സഹായമില്ലാതെ കഷ്ടപ്പെടുന്ന, വളരെയേറെ ദുരിതമനുഭവിയ്ക്കുന്ന സഹജീവികളെപ്പറ്റി വിവരം ലഭിച്ചാല്‍ അവര്‍ കുടുംബസമേതമാണ് അവിടം സന്ദര്‍ശിയ്ക്കുന്നത്. അതുകൊണ്ടുതന്നെ അവിടെയുള്ള എല്ലാപ്രശ്നങ്ങളും മനസ്സിലാക്കാന്‍ അവര്‍ക്കു സാധിയ്ക്കുന്നു. ഉചിതമായ പരിഹാരമാര്‍ഗ്ഗം കണ്ടെത്താന്‍ ഇത് അവരെ വളരെയേറെ സഹായിയ്ക്കുകയും ചെയ്യുന്നു. മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെയും പഞ്ചായത്തു ഭരണാധികാരികളുടെയും കണ്ണുകള്‍ ഈ പാവങ്ങളുടെ മേല്‍ പതിയുന്നില്ല. ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇവരുടെ അപേക്ഷകള്‍ തള്ളിപ്പോകുന്നിടത്ത് ഇവര്‍ അത്താണിയാകുന്നു. അര്‍ഹതയുള്ളവര്‍ക്കു മാത്രമാണ് ഇവര്‍ അത്താണിയാവുന്നത് എന്നത് മറ്റുള്ളവരില്‍ നിന്ന് ഇവരെ വേറിട്ടു നിര്‍ത്തുന്നു.

അന്തിയുറങ്ങാന്‍ കൂരയില്ലാത്തവര്‍ക്ക് വൃത്തിയും വെടിപ്പുമുള്ള വീട്, കക്കൂസ്, കിണര്‍, രോഗം കൊണ്ട് അവശതയനുഭവിയ്ക്കുന്നവര്‍ക്ക് ആശ്രയം, മനോരോഗികളെ സ്നേഹപൂര്‍ണ്ണമായ പരിചരണവും ഉചിതമായ ചികിത്സയും നല്‍കി ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്ന സ്തുത്യര്‍ഹമായ സേവനം, ഇവരുടെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന മെച്ചപ്പെട്ടെ വിദ്യാഭ്യാസം എന്നുവേണ്ട സമസ്ത മേഖലയിലും ഈ സംഘം ശ്രദ്ധചെലുത്തുന്നു. ഇവരുടെ സേവനമേഖലയുടെ ആത്മാര്‍ത്ഥതകണ്ട് മെഡിയ്ക്കല്‍ സ്റ്റോറുകള്‍, സ്കാനിംഗ് സെന്ററുകള്‍, നിര്‍മ്മാണത്തൊഴിലാളികള്‍, ആശാരിമാര്‍ ഇങ്ങനെ മിയ്ക്ക മേഖലയിലും പ്രവര്‍ത്തിയ്ക്കുന്നവര്‍ ഇവരോടു സഹകരിയ്ക്കുന്നുണ്ട്. അടുത്തുള്ള ഒരു പ്രമുഖ ചെരുപ്പു നിര്‍മ്മാണക്കമ്പനി അത്യാവശ്യം പാദരക്ഷകളും നല്‍കി സഹകരിയ്ക്കുന്നു.

ഈ മഹാ പ്രസ്ഥാനം നിലനിലാനുള്ള ചെലവിലേയ്ക്കായി ഇവിടെ ലഭിയ്ക്കുന്ന സംഭാവനകളില്‍നിന്ന് ഒരു രൂപപോലും ചിലവാക്കുന്നില്ലായെന്നത് ഒരു വേറിട്ട സംഗതിയായിത്തോന്നി. കുറി (ചിട്ടി) നടത്തിക്കിട്ടിയ സംഖ്യകൊണ്ട് സെന്ററും അതിനോടനുബന്ധിച്ച് രണ്ടു വാടക കോട്ടേഴ്സുകളും നിര്‍മ്മിച്ചു. കോട്ടേഴ്സിന്റെ വാടകയാണ് ഈ പ്രസ്ഥാനത്തിന്റെ ദൈനംദിന ചെലവുകള്‍ക്കുതകുന്നത്. എല്ലാം എല്ലാവര്‍ക്കും എത്തിയ്ക്കാനുള്ള ആള്‍ബലമാണ് ഇപ്പോഴില്ലാത്തത്. ഉത്തരവാദിത്വങ്ങള്‍ കൂടിവരുന്നു. ഓണത്തിനും സംക്രാന്തിയ്ക്കും പെരുന്നാളിനും മാത്രം എന്തെങ്കിലും കൊടുത്ത് ബാദ്ധ്യത ഒഴിവാക്കലല്ല സഹജീവിസ്നേഹമെന്നുള്ള തിരിച്ചറിവു മാത്രമാണിപ്പോള്‍ ഇവരുടെ ശക്തി സ്രോതസ്സ്. പിതാവു നഷ്ടപ്പെട്ട കുരുന്നുകളെ അനാഥാലയത്തിലും യത്തീംഖാനയിലും കൊണ്ടുചെന്നാക്കി മാതാവിനെക്കൂടി നഷ്ടമാക്കുന്ന പ്രവണതയെ ഇവര്‍ നിരുത്സാഹപ്പെടുത്തുന്നു. പകരം സാധാരണ കുടുംബങ്ങളിലെന്നപോലെ മാതാവിനൊപ്പം കഴിയാനാവശ്യമായ സാഹചര്യമൊരുക്കുന്നു. ഇവരുടെ സംരക്ഷണയില്‍ കഴിയുന്ന, ഇവരുടെ ശ്രമ ഫലമായുണ്ടായ വീട്ടില്‍ താമസിയ്ക്കുന്ന ഒരു കുടുംബത്തെ ഞങ്ങള്‍ സന്ദര്‍ശിച്ചു. ആ വീട്ടുകാരുടെ മുഖത്തുണ്ടായ സന്തോഷം നേരിട്ടുകണ്ടു. അവരുടെ കുട്ടികള്‍ ഒരു ജ്യേഷ്ഠനോടെന്നപോലെയാണ് എന്റെ സുഹൃത്തിനോടു പെരുമാറിയത്. അതില്‍നിന്നും ഈ സംഘത്തിന് ആകുടുംബത്തിനോടുള്ള സമീപനവും എനിയ്ക്കു മനസ്സിലായി. തങ്ങളുടെ സമൂഹത്തില്‍ കഷ്ടതയനുഭവിയ്ക്കുന്നവര്‍ക്ക് സഹായമെത്തിയ്ക്കുമ്പോഴുള്ള മാനസികസംതൃപ്തി മാത്രമാണ് ഇവര്‍ക്കുള്ള പ്രതിഫലം.

പറയാന്‍ ഒരുപാടുണ്ട്, ഇപ്പോള്‍ത്തന്നെ വല്ലാതെ വലിച്ചുനീട്ടി. ഇത്രയെങ്കിലും എഴുതിയില്ലെങ്കില്‍ ശരിയാവില്ലെന്നു തോന്നി. കഴിയുമെങ്കില്‍ നമുക്കും അവരോടു ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാം, നമ്മുടെ സഹോദരങ്ങള്‍ക്ക് ജീവശ്വാസമാകാം...

Popular Posts

Recent Posts

Blog Archive