Showing posts with label ബ്ലോഗ്. Show all posts
Showing posts with label ബ്ലോഗ്. Show all posts

Tuesday

തൃക്കാക്കരയിലെ വണ്ടിതള്ളലും ഉപതെരഞ്ഞെടുപ്പും...

  ഫേസ്‌ബുക്ക് വാട്സാപ്പ് മുതലായവയുടെ തള്ളലിൽ ബ്ലോഗ് അൽപ്പം പിന്നോട്ടു പോയെന്നു പരിതപിക്കുമ്പോഴും ഒരു റഫറൻസ് പോലെ എളുപ്പത്തിൽ തപ്പിയെടുക്കാൻ കഴിയുന്നതും ഭാവിയിൽ നൊസ്റ്റാൾജിയ പോലെ വായിച്ച ആസ്വദിക്കാൻ കഴിയുന്നതും ബ്ലോഗ് ആയതുകൊണ്ടുതന്നെ ഈ കുറിപ്പും ബ്ലോഗിലാകാമെന്നു വച്ചു.

  തൃക്കാക്കര ഇലക്ഷന്റെ ചൂടിന്റെ നടുവിലൂടെയാണു യാത്ര. എന്നോടൊപ്പം പ്രിയ സുഹൃത്ത് ബി.ടി.വി. ലബീബ്, ഫ്രെയും 24 ചെയർമാൻ ബിനു വണ്ടൂർ എന്നിവരുമുണ്ട്. ഇടക്ക് വികസനങ്ങൾക്കു പേരുകേട്ട 20 ട്വന്റിയുടെ കിഴക്കമ്പലം നാട്ടിലൂടെയും സഞ്ചരിച്ചു. കിഴക്കമ്പലത്തിന്റെ എല്ലാ മേഖലകളിലും ഒരു പോപോലെ സമൃദ്ധിയെത്തിയിട്ടുണ്ടാവും എന്ന എന്റെ മുൻകാല കാഴ്ചപ്പാടുകളെ നിരാശയിലാക്കും വിധം കുണ്ടും കുഴിയും നിറഞ്ഞതും സാധാരണ നാട്ടും പുറം പോലെയുള്ള റോഡുകളുമാണ് എനിക്കു കാണാൻ കഴിഞ്ഞത്. മറ്റു ചില മേഖലകളിൽ ശരിയായി കാര്യങ്ങൾ എത്തിയിട്ടുണ്ടാവാം.

  സിനിമാ മേഖലയിലെ ചിലരെ കാണാനാണു യാത്ര, ഒപ്പം ചില രാഷ്ട്രീയ നേതാക്കളെയും. അത് ആദ്യം എത്തി നിന്നത് നിർമ്മാതാവും സിനിമയുടെ ശക്തനായ പിന്നണിക്കാരനുമായ അലിക്കയുടെ അടുത്താണ്. ഇന്ദ്രൻസ് എന്ന നടന് ഒരു ബ്രേക് ത്രൂ സമ്മാനിക്കുന്നതിൽ പ്രധാനി. ഏറെ നേരം സംസാരിക്കുകയും ഒരു സൗഹൃദച്ചായ കുടിക്കുകയും ചെയ്ത ശേഷം താൽക്കാലികമായി ഞങ്ങൾ പിരിഞ്ഞു. അടുത്ത ദിവസം വീണ്ടും തമ്മിൽ കാണുകയും ചെറിയ ചില യാത്രകളും അനിവാര്യമായ ചില കൂടിക്കാഴ്ചകളും നടത്തുകയും ചെയ്തു.

അലിക്കയും ഞാനും

  അക്കാർഡിയ ഹോട്ടലിൽ നിന്ന് ഇന്നും എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു സഞ്ചരിക്കുകയാണ്. നേരേ പോയത് വീണ്ടും അലിക്കായുടെ അടുത്തേക്കാണ്. ഇന്ന് തിരക്കിട്ട ചില കാര്യങ്ങൾ തീർക്കേണ്ടതുണ്ട്. അലിക്കായെയും കൂട്ടി നേരേ ഷെരീഫിന്റെ അടുത്തേക്ക്. എം‌പി ബന്നി ബഹനാനോട് അടുത്ത വ്യക്തിയാണ് ഷെരീഫ് ബന്നിബഹനാനെ കാണുകയാണു ലക്ഷ്യം. 

ഷെരീഫും ഞാനും

 കാത്തിരിപ്പിനു വിരാമമിട്ട് ശ്രീ ബന്നി ബഹനാൻ എത്തി. എറണാകുളത്തെ ചില പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരക്കിനിടയിലാണ് ഞങ്ങൾക്കു വേണ്ടി അല്പസമയം ചെലവഴിച്ചത്. ഞങ്ങൾ ഉദ്ദേശിച്ച വിഷയങ്ങളും അല്പം ഇലക്ഷൻ കാര്യങ്ങളും അദ്ദേഹവുമായി സംസാരിച്ചതിനു ശേഷം ഞങ്ങൾ അവിടെനിന്ന് യാത്രയായി.

MP ബന്നി ബഹനാൻ, അലിക്ക, ഷെരീഫ്

 അലിക്ക ഞങ്ങളോട് യാത്രപിറഞ്ഞു പിരിഞ്ഞു. ഇനി മന്ത്രി പി, രാജീവിനെ കാണാനുള്ള ശ്രമമാണ്. എറണാകുളത്തെ സി പി എം ഓഫീസിലെത്തിയെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കായതിനാൽ ഓഫീസിൽ കാര്യങ്ങൾ ധരിപ്പിച്ച് ഞങ്ങൾ ഹോട്ടലിലേക്കു മടങ്ങി. 

ബിജു ചാലക്കുടിയും ഷിഹാബും

രാവിലേതന്നെ ഷിഹാബ് ഞങ്ങളോടൊപ്പം ചേർന്നു. ഇന്നത്തെ ലക്ഷ്യം സ്ഥലം എം എൽ എയും അജ്മൽ ബിസ്മിയും നിർമ്മാതാവ് ബാദുഷയുമടക്കം ചിലരെ കാണുക എന്നതാണ്. ഇതിനിടയിൽ ചാലക്കുടിയിൽ നിന്നു വന്ന് ബിജുവും ഞങ്ങളോടൊപ്പം ചേർന്നു. അജ്മൽ ബിസ്മിയുടെ ഓഫീസ് സന്ദർശനവും കഴിഞ്ഞ് നാടൻ ഭക്ഷണവും കഴിച്ച് നേരേ ബാദുഷായെ കാണാൻ പോയി.

നിർമ്മാതാവ് ബാദുഷ

വഴിതെറ്റി അദ്ദേഹത്തിന്റെ വർക്ക് സൈറ്റിലേക്കാണ് എത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ ഓഫീസിലെത്തി. ഓഫീസിൽ തന്നെ ഒരു പ്രൊജക്ടറും സ്ക്രീനും ഒരു മ്യൂസിക് കീബോർഡും സെറ്റു ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വീകരണവും പൂർണ്ണ സഹകരണവും ഞങ്ങൾക്കു കിട്ടി.

 അദ്ദേഹത്തിന്റെ സഹായിയും ഒപ്പമുണ്ടായിരുന്നു. എല്ലാവരും ബാദുഷയുമായുള്ള ഫോട്ടോയെടുക്കലിൽ വ്യാപൃതരായപ്പോൾ അദ്ദേഹത്തിന്റെ സഹായിയെക്കൂടി ഞാൻ ഫ്രെയിമിലാക്കി അവിടെ നിന്നു യാത്രതിരിച്ചു. തുടർന്ന് ഒരു സ്വകാര്യ വിസിറ്റിന്റെ ഊഴമായിരുന്നു. അതിനു വേണ്ടി ലബീബും ബിനുവും ഷിഹാബും പോയപ്പോൾ ഞാനും ബിജു ചാലക്കുടിയും കാർ പാർക്കിൽ വിശ്രമിച്ചു.

ഏസി ഓണാക്കാൻ വണ്ടി സ്റ്റാർട്ടു ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരുതരത്തിലും വണ്ടി സ്റ്റാർട്ടാവുന്നില്ല. ഒടുവിൽ വണ്ടി തള്ളുന്ന ജോലി പാവം സിനിമാനടന്റെ തലയിലായി. തുടർന്ന് അവിടെയെത്തിയ മറ്റൊരാളുടെ സഹായത്തോടെ വണ്ടി സ്റ്റാർട്ടാക്കി. പിന്നെ ഹോട്ടലിലെത്തുവോളം ഓഫാക്കിയില്ലെന്നതാണു സത്യം.

 ഇതിനിടയിൽ തൃക്കാക്കര ഇലക്ഷൻ അവലോകനങ്ങളും ഞങ്ങൾ നടത്തുന്നുണ്ടായിരുന്നു. കുന്നത്തുനാടുൾപ്പടെ തൃക്കാക്കരയുടെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഞങ്ങൾ ഇലക്ഷനു വേണ്ടിയല്ലെങ്കിലും യാത്ര നടത്തി. ആ യാത്രകളും വിവിധ രാഷ്ട്രീയ നേതാക്കളും അണികളുമായുള്ള ക്ഷണ നേരത്തേക്കെങ്കിലുമുള്ള സംസർഗ്ഗവും ഞാനും ബിജുവുമടക്കമുള്ളവരുടെ വിലയിരുത്തലുകളും ഒരു പ്രവചനത്തിനു പ്രേരിപ്പിക്കുന്നു.

  ഒരു രാഷ്ട്രീയപ്പാർട്ടിയോടും പ്രത്യേകിച്ച് അനുഭാവമില്ലെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യൂ.ഡി.എഫ് സ്ഥാനാർത്ഥി ഉമാതോമസ് പതിനായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് എന്റെ വിലയിരുത്തൽ.

  ഒരുപക്ഷേ എന്റെ തോന്നലാവാം. യാതൊരു മുൻകാഴ്ചപ്പാടുകളുമില്ലാതെ അനുഭവത്തിന്റെ വെളിച്ചത്തിൽ മാത്രം പറയുന്നതുകൊണ്ടും രാഷ്ട്രീയമായ വകതിരിവുകളില്ലാത്തതുകൊണ്ടും ഈ പ്രവചനം ഒരു അഹങ്കാരമായതാവാം അബദ്ധവുമാവാം. എന്നാലും ബ്ലോഗുവായന മരവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അധികമാരും പൊങ്കാലയിടാൻ വരില്ല എന്ന സമാധാനത്തോടെ എഴുതിയിടുന്നു എന്നു മാത്രം.

ഇന്നുതന്നെ അക്കാർഡിയയിൽ നിന്നു യാത്രതിരിക്കണം, അതിനുവേണ്ടി ബാഗൊരുക്കുകയാണ്. കാർ സ്റ്റാർട്ടാവുമെന്നുതന്നെ പ്രതീക്ഷിക്കാം...

Thursday

ചെറായി സൗഹൃദ സംഗമം ഒക്ടോബർ 16ന്

പ്രിയ സുഹൃത്തുക്കളെ,

 ബൂലോകത്തിന്റെ പ്രിയമിത്രം മനോരാജിന്റെ ഓർമ്മ നിലനിർത്താൻ നമ്മൾ നടപ്പിലാക്കിയ മലയാളം കഥാസമാഹാര പുരസ്കാരം “മനോരാജ് പുരസ്കാര”മെന്ന് ഭൂലോകത്ത് ഒരു പുതിയ ഉണർവ്വു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. വരുന്ന പതിനാറിന് ചെറായിയിൽ നടക്കുന്ന ചടങ്ങിൽ ഈവർഷത്തെ പുരസ്കാര ജേതാവിന് അതു സമ്മാനിക്കുകയും ചെയ്യുന്നു.ഈ വർഷംമുതൽ ബൂലോകത്ത് തുഞ്ചൻപറമ്പിലടക്കം മീറ്റുകൾ സംഘടിപ്പിക്കുന്നതിൽ നിന്ന് ഞാൻ പിന്മാറുകയാണ്. പകരം ഒരു പുതിയ സംവിധാനമാണു നല്ലതെന്നു തോന്നുന്നു. ഇതാകുമ്പോൾ മീറ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഇതരരാജ്യബൂലോകവാസികൾക്കുകൂടി ഒരു വർഷം മുന്നേ തയ്യാറെടുക്കാൻ സാധിക്കുമെന്ന മെച്ചം ഞാൻ കാണുന്നു.

 എല്ലാവർഷവും മനോരാജ് പുരസ്കാരം സമ്മാനിക്കുന്നതിന്റെ ഭാഗമായി ചെറായിയിൽത്തന്നെ ബൂലോകമീറ്റും സംഘടിപ്പിക്കുകയാണ്. ഒപ്പം മീറ്റിന് ഒരു പുതിയ മുഖം കൂടി ഒരുക്കാൻ ആഗ്രഹിക്കുന്നു. സാധാരണ മീറ്റുകളിൽ പങ്കെടുക്കുന്നവർക്ക് മീറ്റിന്റെ ആദ്യാവസാനം പങ്കെടുക്കാനോ മീറ്റിലെത്തുന്നവരെ മുഴുവൻ പരിചയപ്പെടാനോ പരിചയം പുതുക്കാനോ സാധിക്കാറില്ല. ഈ വർഷം മുതൽ അതിന് ഒരു മാറ്റം തുടങ്ങുകയാണ്.ഒക്ടോബർ പതിനാറിനാണ് അവാർഡ് ഫങ്ഷൻ. അന്നേദിവസം നമ്മൾ ചെറായിയിൽ ഉച്ചക്കുശേഷം ഒരുമിച്ചുകൂടുന്നു (രാവിലേ വരുന്നവർക്ക് അങ്ങനെയുമാകാം).

അവാർഡ് ചടങ്ങിനു ശേഷം നിരക്ഷരന്റെ റിസോർട്ടിൽ (മുസ്‌രീസ് ഹാർബർ വ്യൂ) ഒരുമിച്ചു കൂടാം. മനോഹരമായ പശ്ചാത്തലത്തിൽ സന്തോഷത്തോടെ നമുക്ക് ഒരുമിക്കാം. ചുടാനും തിന്നാനുമൊക്കെ സൗകര്യമുള്ളതുകൊണ്ട് അങ്ങനെ ചുലതുകൂടി നമുക്ക് ഒരുക്കാം. എല്ലാർക്കും കൂടി ഒരു മനോഹര സായാഹ്നം ഒരു അനുഭവമാക്കാം. റിസോർട്ടിൽ എല്ലാർക്കും ഉറങ്ങാനുള്ള സൗകര്യമുണ്ട്. രാവിലേ നല്ലൊരു സംഗമത്തിന്റെ ഓർമ്മകളുമായി അടുത്തവർഷം കാണാമെന്നു നിശ്ചയിച്ച് മടങ്ങാം.ഈ വർഷം മുതൽ മുസ്‌രീസ് ഹാർബർ വ്യൂവിൽ മാത്രമാണ് സംഗമം ഒരുക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ സമയം ചെലവഴിക്കുക, നല്ലബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക, സൗഹൃദങ്ങൾ പുതുക്കുക എന്നതൊക്കെയാണു ലക്ഷ്യം. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

കൂട്ടിച്ചേർത്തത്.

മീറ്റിൽ രാത്രിയിൽ കൂടാൻ താല്പര്യപ്പെടുന്നവരുടെ ഒരു വിവരവും ഇല്ലാത്തതിനാൽ രാവിലേ 9 മുതൽ വൈകിട്ട് 7 വരെയായ്യി മീറ്റ് സമയക്രമം തീരുമാനിച്ചിരിക്കുന്നു. എല്ലാവരും രാവിലേതന്നെ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

Sunday

ഒരിക്കൽക്കൂടി സ്വാഗതം

  2007ലാണ് ആദ്യമായി ഒരു കമ്പ്യൂട്ടറിൽ കൈ വെക്കുന്നത്. ഇന്റെർനെറ്റ് എന്ന് വല്ലാത്ത നെറ്റ് ഉപയോഗിച്ചു തുടങ്ങിയതും അന്നാണ്. തുടർന്ന് എന്റെ സുഹൃത്തിന്റെ സഹായത്താൽ ബ്ലോഗുകളും വായിക്കാൻ തുടങ്ങി. ബെർളിതോമസിന്റെ പോസ്റ്റുകളാണ് ആദ്യം വായിച്ചത്. തുടർന്ന് സമകാല ബ്ലോഗർമാരുടെ പോസ്റ്റുകളും യഥേഷ്ടം വായിച്ചു തുടങ്ങി.

  രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് ബ്ലോഗ് എന്ന സംഗതി ആർക്കും തുടങ്ങാൻ പറ്റുന്ന വളരെ സാധ്യതയുള്ള മാധ്യമമാണെന്നതു മനസ്സിലായത്. തുടർന്നുള്ള സംഗതികൾ ഇവിടെ എഴുതിയിട്ടുള്ളതിനാൽ വിശദീകരിക്കുന്നില്ല. ഇതുവരെയുള്ള ബൂലോക സഞ്ചാരത്തിൽ അനുഭവസമ്പന്നമായ ഒരു ഭൂതകാലമാണ് എനിക്കു കിട്ടിയതെന്ന് പറയാതെ വയ്യ. ബൂലോകത്ത് ഒരുപക്ഷേ ഏറ്റവും കൂടുതൽ സുഹൃത്തുക്കളുള്ള ബ്ലോഗർ ഞാനായിരിക്കും. ഞാനതിൽ അളവറ്റ് സന്തോഷിക്കുന്നു.

  ഇക്കാലത്തിനിടക്ക് നിരവധി ബ്ലോഗേഴ്സ് മീറ്റുകളിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആദ്യമായി തൊടുപുഴയിലും കഴിഞ്ഞ വർഷം കണ്ണൂരിലും നടന്ന രണ്ടു മീറ്റുകളിലൊഴികെ കേരളത്തിൽ നടന്ന എല്ലാ മീറ്റുകളിലും എനിക്കു പങ്കെടുക്കാൻ കഴിഞ്ഞു. ബ്ലോഗ് സൗഹൃദങ്ങളിലെ ആത്മാർത്ഥതയും ബ്ലോഗർമാരുമായുള്ള ചങ്ങാത്തവുമാണ് 2011 ഏപ്രിൽ 17ന് തിരൂർ തുഞ്ചൻ പറമ്പിലെ മീറ്റു സംഘടിപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചത്. മീറ്റുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ സൈബർ ലോകത്തുനിന്നും പുറത്തുനിന്നും പങ്കെടുത്ത ആ മീറ്റിൽ   ഡോ. ആർ.കെ. തിരൂർ, നന്ദു, ഡോ. ജയൻ ഏവൂർ, ഷെരീഫ് കൊട്ടാരക്കര തുടങ്ങിയ നല്ലൊരു നിരയുടെ നേതൃത്വവും കൂടെയുണ്ടായിരുന്നു. ശിൽപ്പശാലകളും ഇതര പരിപാടികളും നിറഞ്ഞു നിന്ന ആ മീറ്റിൽ എന്റെ അറിവിൽത്തന്നെ 60നു മുകളിൽ പുതിയ ബ്ലോഗർമാരുണ്ടായി എന്നത് അഭിമാനിക്കാവുന്നതാണ്. കൂട്ടത്തിൽ സൂഫിയുടെ കഥാകാരനും ബൂലോകത്തേക്കു കടന്നുവന്നു.

                                ബ്ലോഗർ നന്ദുവിന്റെ സംഭാവനകളിലൊന്ന്

  ആദ്യമായി അച്ചടി-ദൃശ്യമീഡിയകളെ സ്വാഗതം ചെയ്ത ആ മീറ്റിന്റെ ബാക്കിയായി നിരവധിപേർക്ക് അച്ചടിമേഖലയുടെ ഭാഗമാകാനും കഴിഞ്ഞു. ബ്ലോഗുകളെ ഒരു നാലാംകിട മാധ്യമമായി കണ്ടിരുന്ന ഭൂലോകത്തെ ചില പ്രസാധകർ ബ്ലോഗിലെ എഴുത്തുകാരെ തങ്ങളുടെ ഭാഗമാക്കുന്നതും ഭൂലോകത്തു വിരാചിച്ചിരുന്ന ചിലരെങ്കിലും ബൂലോകത്തേക്ക് കടന്നുവരുന്നതും നമുക്ക് കാണാൻ കഴിഞ്ഞു. എല്ലാം ആ മീറ്റിന്റെ ഫലമാണെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും നിലവിലുള്ള സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്ഥമായ ഒരോളമുണ്ടാക്കാൻ ആ മീറ്റിനു കഴിഞ്ഞു എന്നതിൽ രണ്ടുപക്ഷമില്ല. ആ മീറ്റിൽ പങ്കെടുത്തും മനസ്സുകൊണ്ടു പിന്തുണ നൽകിയും മീറ്റിനെ വിജയിപ്പിച്ച ബൂലോകസുഹൃത്തുക്കൾക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു. 

  ഈ വരുന്ന ഏപ്രിൽ 21ന് തുഞ്ചൻപറമ്പിൽ ഒരിക്കൽക്കൂടി ഒരുമിച്ചുകൂടാൻ തീരുമാനിച്ചിരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. കഴിഞ്ഞ മീറ്റിൽ നിന്നു വ്യത്യസ്ഥമായി ഇത്തവണ ബ്ലോഗർമാർ മാത്രമാണ് ഒരുമിച്ചുകൂടാൻ തീരുമാനിച്ചിരിക്കുന്നത്. നമുക്ക് പരിചയപ്പെടാനും പരിചയം പുതുക്കാനും നമ്മുടെ കലാവാസനകൾ പങ്കുവെക്കാനും യഥേഷ്ടം സമയമുണ്ടാവും. തുഞ്ചൻ പറമ്പിലെ ഈ രണ്ടാം ബ്ലോഗർസംഗമം എല്ലാം കൊണ്ടും ബൂലോകർക്ക് നല്ലൊരനുഭവവും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരേടുമായിരിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഏവരേയും തുഞ്ചൻപറമ്പിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

  ഇനിയും വരവറിയിക്കാത്ത സുഹൃത്തുക്കൾ മീറ്റ്ബ്ലോഗിൽ തങ്ങളുടെ ബ്ലോഗ്പ്രൊഫൈലിൽ നിന്ന് സംഗമത്തിൽ പങ്കെടുക്കുന്ന വിവരം രേഖപ്പെടുത്തുമല്ലോ. ബൂലോകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ അത് അത്യാവശ്യമാണ്. സംഗമത്തിന്റെ ലോഗോ ബ്ലോഗിൽ പ്രദർശിപ്പിച്ചാൽ ആ ലോഗോയിൽ ക്ലിക്കി മറ്റുള്ളവർക്ക് മീറ്റ്ബ്ലോഗിലേക്ക് എളുപ്പത്തിലെത്തിച്ചേരാൻ കഴിയും. ബ്ലോഗർസംഗത്തിന്റെ വിവരമറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് നിങ്ങളുടെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചാൽ നിങ്ങളുടെ വായനക്കാരായ ബ്ലോഗർമാരെയും  ഈ വിശേഷം അറിയിക്കാൻ സാധിക്കും.  ഏപ്രിൽ 21നു നടക്കുന്ന ഈ സംഗമത്തിൽ പല അത്ഭുതങ്ങളും നിങ്ങൾക്കായി ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ മീറ്റ്ബ്ലോഗിൽ വൈകാതെ പ്രസിദ്ധീകരിക്കുന്നതാണ്. ചർച്ചകൾക്കുവേണ്ടി നിങ്ങളെ ഏവരേയും മീറ്റ്ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു

Friday

എല്ലാർക്കും ഹാർദ്ദമായ സ്വാഗതം

2012 ഡിസംബർ 30 ഞായറാഴ്ച തെന്മലയിലെ പ്രകൃതി രമണിയമായ വനസീമയിൽ വെച്ച് പ്രകൃതിയോട് രമിച്ചും, മതിച്ചും ഈ എഴുത്ത് മേഖലയിലെ സമാനമാനസർ ഒത്തുചേരുന്നു. പ്രകൃതിയെ സംരക്ഷിക്കുകയാണു ഏറ്റവുംവലിയ ജീവകാരുണ്യപ്രവർത്തനം എന്ന മഹത്തായ സന്ദേശമാണ് ഈ ഒത്തുചേരലിലൂടെ പ്രചരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്. ഈ ഒത്തുചേരലിലേക്ക് ഇ-എഴുത്തുമേഖലയിലെ എല്ലാസുമനസ്സുകൾക്കും ഹാർദ്ദമായ സ്വാഗതം.

കേരളത്തിലെ ഏറ്റവും സുന്ദരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ടൂറിസ്റ്റു കേന്ദ്രമാണു തെന്മല. സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്ന കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണിത് . ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ്‌ ഇത് . സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും കുളിമ്മയുള്ള അന്തരീക്ഷവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

  ചിത്രത്തിൽ ക്ലിക്കിയാൽ തെന്മലയെക്കുറിച്ചുള്ള ഏകദേശ ധാരണ കിട്ടും

ചിത്രശലഭങ്ങളുടെ വൈവിദ്ധ്യമാർന്ന കൂട്ടങ്ങളോടൊത്ത് കൂട്ടുകൂടി പ്രകൃതിയുടെ ശീതളസ്പർശമേറ്റ് വൻവൃക്ഷങ്ങളുടെ തളിർ നാമ്പുകളെത്തലോടി ആകാശത്തെത്തൊട്ടുരുമ്മി മേഘങ്ങളോടു സല്ലപിച്ചു നടക്കാം... അങ്ങനെയങ്ങനെ ബ്ലോഗുലോകത്തിന് പുത്തൻ ഉണർവ്വും ഒരുമയും ഒരിക്കൽക്കൂടി പങ്കുവയ്ക്കാം. അകലങ്ങളിൽ അക്ഷരലോകത്തുകൂടി മാത്രം സംവദിക്കുന്ന സ്നേഹസമ്പന്നരുടെ ഒരുമ ഭൂലോകസമക്ഷം പങ്കുവയ്ക്കാം. നവ എഴുത്തുകാരെ അക്ഷരലോകത്തേക്കു കൈപിടിച്ചുയർത്തുന്ന പ്രചോദനമാവാം. വിനോദത്തിനും വിജ്ഞാനത്തിനും സർവ്വോപരി ബൂലോകർക്ക് ഉന്മേഷപൂർവ്വം ഒരുമിക്കാൻ 2012 ഡിസംബർ 30 ഞായറാഴ്ച പ്രിയ ബൂലോക സുഹൃത്തുക്കളെ തെന്മലയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

ബൂലോകത്തെ ഏറ്റവും മനോഹരമായ ബ്ലോഗേഴ്സ് മീറ്റിൽ പങ്കെടുക്കാൻ ഇതുവഴി പോകാം.

Wednesday

ബ്ലോഗ് പോസ്റ്റുകൾക്ക് മാന്ദ്യമോ..!

  ഇ. എ. സജിം തട്ടത്തുമലയുടെ ബ്ലോഗിലെ മാന്ദ്യത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇങ്ങനെയൊരു പോസ്റ്റെഴുതുന്നതിനു കാരണം. ബൂലോകം ബ്ലോഗർമാരുടെ മാത്രം ലോകമാണെന്നും വായനക്കാർ ബ്ലോഗർമാർ മാത്രമാണെന്നും ബ്ലോഗർമാർക്കു തോന്നുന്നതുകൊണ്ടാണ് ബ്ലോഗലിനു മാന്ദ്യം സംഭവിക്കുന്നതായി നമുക്കു തോന്നുന്നതെന്നാണ് എനിക്കു തോന്നുന്നത്. കഴിഞ്ഞ മൂന്നുനാലു വർഷങ്ങളിലായി ബൂലോകത്തു സജീവമായി നിലനിന്ന കുറേയധികമാളുകൾ ഇപ്പോൾ ബൂലോകത്തു നിന്നും അപ്രത്യക്ഷമായിരിക്കുന്നു എന്നതു സത്യം തന്നെയാണ്. പക്ഷേ അതിനു വ്യക്തമായ കാരണങ്ങളുണ്ടെന്നുള്ളത് നമ്മൾ കാണാതെ പോകുന്നതു ശരിയല്ല.  ഞാൻ ബ്ലോഗിൽ വരുന്ന സമയത്ത് അതിശക്തമായി ബ്ലോഗെഴുതുകയും ചർച്ചകൾ ഉണ്ടാവുകയും ചെയ്തിരുന്നു. പക്ഷേ ഞാൻ മനസ്സിലാക്കിയിടത്തോളം കേരള രാഷ്ട്രീയത്തിലുള്ളതിനേക്കാൾ ഭീകരമായ ഗ്രൂപ്പുകളുയും തെറിവിളികളും കൂടി അതിനനുബന്ധമായുണ്ടായിരുന്നു എന്നതാണു വാസ്തവം.

 ബ്ലോഗിൽ നല്ലൊരു വിഭാഗവുമായി നേരിട്ടു സംസാരിക്കുകയും നല്ലൊരു സുഹൃദ്ബന്ധം സ്ഥാപിച്ചെടുക്കുകയും അതു നിലനിർത്തിപ്പോരുകയും ചെയ്യുന്നയാളെന്ന നിലക്ക് ഒന്നും മിണ്ടാതെ  പോകാൻ സാധിക്കുന്നില്ല. ചാണക്യൻ, കാപ്പിലാൻ, ഹരീഷ് തൊടുപുഴ, നന്ദകുമാർ, ജോ, നാട്ടുകാരൻ, വാഴക്കോടൻ, ജി. മനു, മാണിക്യം, ഡോക്ടർ നാസ്, അനിൽ@ബ്ലോഗ്, എഴുത്തുകാരി തുടങ്ങിയ നല്ലൊരു നിര ബ്ലോഗെഴുത്തുകാർ ബൂലോകം അടക്കിവാണിരുന്ന നാളുകളിലാണ് ഞാനും ബൂലോകത്തേക്കു വന്നത്. ഇവരിൽ ഭൂരിഭാഗവും ഇപ്പോഴും ബൂലോകത്ത് തുടരുന്നുമുണ്ട്. പക്ഷേ ഞാനടക്കമുള്ള ബ്ലോഗാസ്വാദർ ബ്ലോഗിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടു ജീവിക്കുന്നവരല്ല എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ട ആദ്യത്തെ ഒന്ന്. പ്രവാസികളായ ബ്ലോഗർമാരെ പ്രധാനമായും ഉദ്ദേശിച്ചാണ് ഇതു പറയുന്നത്. വാഴക്കോടൻ, ഹംസ തുടങ്ങിയവരെ ഉദാഹരണത്തിനു നിരത്തുന്നു. ഇവർ പ്രവാസ ജീവിതത്തിന്റെ വിശ്രമവേളകൾ നാടും നാട്ടുകാരും സ്മരണയിൽ നിൽക്കാൻ, അകലങ്ങളിൽ ഒറ്റപ്പെടലിന്റെ വേദനമാറ്റാൻ, ഒരു തൽക്കാല ആശ്വാസം കിട്ടാൻ തങ്ങളുടെ ഭാവനകളെ ബ്ലോഗിലെത്തിച്ചിരുന്നു എന്നു പറയുന്നതാവും ശരി. സീരിയസ്സായി ബ്ലോഗെഴുത്ത് നടത്തുകയായിരുന്നു എന്നു പറയുക വയ്യ, അത് അവർക്ക് ഒരുതരത്തിൽ ആശ്വാസം നൽകിയിരുന്നു എന്നു പറയുന്നതാവും ശരി. അതുകൊണ്ടാണ് കൂടും കുടുംബവും കൂടെയുണ്ടായപ്പോൾ അറിയാതെയെങ്കിലും ബ്ലോഗിനെ ശ്രദ്ധിക്കാതാവുന്നത്. ഒരു ആശ്വാസത്തിനായി ബ്ലോഗെഴുതിയിരുന്ന അത്തരക്കാർ ബ്ലോഗെഴുത്തു നിർത്തിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം അകലങ്ങളിലെ ആശ്വാസം മാത്രമായിരുന്നു അവർക്കു ബ്ലോഗെഴുത്ത്. ഇന്ന് നാട്ടിൽ സെറ്റിലായി ഓരോ സംരംഭങ്ങൾ നടത്തുന്ന ഇക്കൂട്ടർ അവരുടെ വരുമാന മാർഗ്ഗങ്ങൾ സംരക്ഷിക്കാൻ പാടുപെടുന്നതിനിടയിൽ സമയം കണ്ടെത്താൻ കഴിയുന്നില്ല എന്നതു കൂട്ടി വായിക്കാം.

 രണ്ടാമത്തെ കൊഴിഞ്ഞുപോക്കിനു കാരണമായി പറയാവുന്നത് രാഷ്ട്രീയത്തെക്കാൾ നാറിയ ചില ഗ്രൂപ്പുകളികളും തെറിവിളിയും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ആ സമയങ്ങളിൽ നിലനിന്നിരുന്നു എന്നതാണ്. ഒരുകൂട്ടർ എഴുതുന്നതിലെ തമാശ പോലും പ്രശ്നമായിക്കാണാൻ മാത്രം മറ്റൊരു കൂട്ടർ ശ്രമിക്കുകയും പ്രസ്തുത പോസ്റ്റുകളിലെയും കമന്റുകളിലെയും ആന്തരിക നർമ്മത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്തതിന്റെ പേരിൽ, തങ്ങളുടെ സ്നേഹിതരായിരുന്നവരിൽ നിന്നുണ്ടായ വേദനാപൂർവ്വമായ സാഹചര്യങ്ങളിൽ മനം മടുത്ത് ഒരു കൂട്ടർ ബ്ലോഗെഴുത്തിൽ നിന്ന് പിൻവലിഞ്ഞു. അതോടുകൂടി എതിർ ഗ്രൂപ്പുകളും ബ്ലോഗെഴുത്തിൽ ഭംഗം വരുത്തി. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇക്കൂട്ടരുടെ തല്ലും ബഹളവുമാണ് അക്കാലത്ത് മലയാള ബ്ലോഗിനെ സജീവമായി നിലനിർത്തിയിരുന്നത്. തമാശയ്ക്കു ഞാനും കാപ്പിലാനും തല്ലുകൂടിയിട്ടുണ്ട്. അതിനെച്ചൊല്ലി ചില്ലറ തർക്കങ്ങളും  ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും അതുമായി ബന്ധപ്പെട്ടവരെയെല്ലാം നല്ല സുഹൃത്തുക്കളായി നിലനിർത്താൻ കഴിഞ്ഞു എന്നതാണ് എന്റെ വിജയം. അതായത് ബ്ലോഗെഴുത്തിൽ വ്യക്തിപരമായി ആരെയും ശത്രുക്കളായി കാണാൻ പാടില്ലെന്നു സാരം. അങ്ങിനെ ആരെയെങ്കിലും കണ്ടാൽ അതു നമ്മുടെ ബ്ലോഗെഴുത്തിനെത്തന്നെയാവും ബാധിക്കുക. പല ഗ്രൂപ്പുകളായി നിന്നു തല്ലിയവരാരും ഇന്ന് ബ്ലോഗിൽ സജീവമായി നിലകിൽക്കുന്നില്ല എന്നത് ഇതിന്റെ യാഥാർത്ഥ്യമായി കാണാം.

കമന്റുകളിലെ എണ്ണക്കുറവുകണ്ടു നിരാശരായി വായനക്കാരില്ലെന്നു കരുതി ബ്ലോഗെഴുത്തു നിർത്തിയ ഒരു ചെറിയ വിഭാഗത്തെയും എനിക്കറിയാം. ബ്ലോഗെഴുത്തിന്റെയും വായനയുടെയും ആധുനിക സാഹചര്യങ്ങൾ മുതലെടുക്കാൻ, അതേക്കുറിച്ചു തിരിച്ചറിഞ്ഞു മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞില്ലെന്നതാണവരുടെ പരാജയം. മുമ്പ് എപ്പോഴെങ്കിലും കമ്പ്യൂട്ടറിനു മുമ്പിൽ വന്ന് പോസ്റ്റുകൾ വായിച്ചു കമന്റിയിടത്തു നിന്ന് യാത്രാ വേളകളിലും മറ്റും മൊബൈലിൽ ഒപേരയിൽ ബ്ലോഗുവായിക്കുന്നതിലാണു കൂടുതലാൾക്കാരും സമയം ക്രമപ്പെടുത്തുന്നത് എന്നതിനാൽ പോസ്റ്റുകളിൽ കമന്റിന്റെ എണ്ണം കുറഞ്ഞു വന്നു. അരുൺ കായംകുളത്തിന്റെ പഴ പോസ്റ്റുകളിലും പുതിയപോസ്റ്റുകളിലും വന്നിട്ടുള്ള കമന്റുകളുടെ എണ്ണം നോക്കിയാൽ കുറേയൊക്കെ മനസ്സിലാവും. അതിനർത്ഥം ബ്ലോഗുവായന കുറഞ്ഞുവെന്നല്ല. വായന കൂടുതലും മൊബൈലിൽക്കൂടിയാക്കി എന്നതാണ്. മാത്രമല്ല ബ്ലോഗർമാർ മാത്രമല്ല നമ്മുടെ ബ്ലോഗുകൾ വയിക്കുന്നത്. സ്വന്തമായി ബ്ലോഗില്ലാത്ത, സ്വന്തമായി ബ്ലോഗുണ്ടാക്കാൻ കഴിയുമെന്നുപോലുമറിയാത്ത നല്ലൊരു കൂട്ടം നമ്മുടെ ബ്ലോഗുകൾ വായിക്കുന്നുണ്ട്. 2011 ഏപ്രിൽ 11ന് തുഞ്ചൻ പറമ്പിൽ നടന്ന ബ്ലോഗേഴ്സ് മീറ്റിൽ അറുപതിനു മുകളിൽ ബ്ലോഗെഴുതാത്ത വായനക്കാരായി മാത്രം നിലനിൽക്കുന്നവർ പങ്കെടുത്തു. തങ്ങൾ വായിക്കുന്നവരെ ഒന്നു കാണാൻ മാത്രം വന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരക്കാർ ഇവിടെ ഉള്ളിടത്തോളം അതു തിരിച്ചറിഞ്ഞ് എല്ലാവരും എഴുതണമെന്നാണ് എന്റെ അഭിപ്രായം.

ചാണക്യനെപ്പോലെയുള്ള ചിലർ ബ്ലോഗെഴുത്തു നിർത്തിയതെതിനെന്നു മാത്രം ഇതുവരെ പിടികിട്ടിയിട്ടില്ല. തോന്ന്യാസി എഴുതാത്തത് തല്ലുകൊള്ളാത്തതിന്റെ കുഴപ്പമായിട്ടാണ് എനിക്കു തോന്നുന്നത്. എന്നിരുന്നാലും ബൂലോകത്തു നടക്കുന്ന മീറ്റുകളിലെല്ലാം തന്റെ സാന്നിദ്ധ്യമറിയിച്ചും കുറേയൊക്കെ വായിച്ചും ഇങ്ങനെ ചിലർ ഇവിടെയൊക്കെയുണ്ടെന്നതും കാണാതെ പോകാൻ വയ്യ.

ബ്ലോഗെഴുത്തിന്റെ സാധ്യതകളെ മുതലെടുക്കാനും തങ്ങളുടെ സൃഷ്ടികളെ മറ്റുള്ളവരിലെത്തിക്കാനും ഏതു തിരക്കിനിടയിലും അൽപ്പം സമയം കണ്ടെത്തുന്ന നല്ലൊരു ശതമാനം ബ്ലോഗർമാരുണ്ട്. അരീക്കോടൻ, ഷെരീഫ് കൊട്ടാരക്കര മുതലായവർ ഇതിനുദാഹരണങ്ങളാണ്. ബ്ലോഗെഴുതാൻ ആഗ്രഹിക്കുന്ന ബ്ലോഗർമാർ സ്ഥിരമായി എഴുതിക്കൊണ്ടിരിക്കും. അല്ലാത്തവർ വന്നും പോയുമിരിക്കും, ഒരുകൂട്ടർ കൊഴിഞ്ഞുപോകുമ്പോൾ പുതിയൊരു കൂട്ടർ വരുന്നുണ്ട്. അവരെ തങ്ങളുടെ കൂടെ കൂട്ടാനും അവരെ പ്രോത്സാഹിപ്പിക്കാതും നാം ശ്രമിക്കുന്നുണ്ടോ എന്നാണ് ആലോചിക്കേണ്ടത്. സ്വന്തം പരിചയത്തിൽപ്പെടുന്നവരുടെ പോസ്റ്റുകൾ മാത്രം വായിച്ചു പോകുന്നവർക്കു ബൂലോക പോസ്റ്റു മാന്ദ്യം കൂടുതൽ അനുഭവപ്പെട്ടേക്കാം. താൽക്കാലികമായി വരുന്നവരെ അവർ നിൽക്കുന്നിടത്തോളം വായിക്കാം. അവർ എഴുത്തു നിർത്തിയാൽ നമ്മൾ വായന നിറുത്തേണ്ടതില്ലല്ലോ. നമുക്കു വായിക്കാനും നമ്മളെ വായിക്കാനും ധാരാളം പേർ ബാക്കിയുണ്ട്. ജാലകം, ചിന്ത തുടങ്ങിയ അഗ്രിഗേറ്ററുകളിൽ മിനുട്ടുവച്ചു പോസ്റ്റുകൾ അപ്ഡേറ്റു ചെയ്യപ്പെടുന്നുണ്ട്. അപ്പോൾ എവിടെയാണു പോസ്റ്റുകൾക്കു മാന്ദ്യം? നിലവിൽ ഇവിടെ നിൽക്കുന്നവർക്ക് ഏതാനും പേരിലേക്ക് ചുരുങ്ങാതെ  കഴിയുന്നത്ര ബ്ലോഗുകളിലേക്ക് വികസിക്കാൻ കഴിഞ്ഞാൽ ഇവിടെ മാന്ദ്യം അനുഭവപ്പെടില്ല. ജനനവും മരണവും സത്യവും അനിവാര്യവുമാണെന്നിരിക്കെ അതേക്കുറിച്ച് വേവലാതിപ്പെടാതെ എഴുതാൻ ശ്രമിക്കൂ. മറ്റുള്ളവർ എഴുതുന്നുണ്ടോ എന്നുള്ളതിലല്ല നമ്മൾ എഴുതുന്നുണ്ടോ എന്നതിലാണു നമുക്കു കാര്യം, അതുപോലെതന്നെ വായനയിലും.

ഇത്രയൊക്കെ വായിച്ചു തളർന്ന നിലക്ക് വാഴക്കോടൻ പാടിയ ഈ പാട്ടു കേട്ടു അൽപ്പം ക്ഷീണം തീർത്തോളൂ...

നമ്മുടെ ബ്ലോഗ്‌പോസ്റ്റുകൾ അച്ചടിമേഖലയിലേക്ക് മുന്നേറുമ്പോൾ

ബ്ലോഗ് സാഹിത്യവും ചിലരുടെ രോദനവും

  2011 ഏപ്രിൽ 17 എന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ദിനമാണ്. തിരൂർ തുഞ്ചൻ പറമ്പിൽ ബൂലോകരുടെ നിറഞ്ഞ മനസ്സുകൾ പളുങ്കുമണികൾ കൊരുത്ത പാലരുവിപോലെ തെളിമയിലും പരിശുദ്ധിയിലും തീർത്ത കൂട്ടായ്മയായി ഒരുമിച്ചുകൂടിയ ദിനമായിരുന്നു അന്ന്. ബൂലോകത്ത് അന്നുവരെയും അതിനു ശേഷവും ബ്ലോഗെഴുത്തുകാരും വായനക്കാരും ഇതര സോഷ്യൽ നെറ്റ്‌വർക്കിന്റെ ഉപയോക്താക്കളുമായി അത്രയധികം പങ്കാളിത്തമുണ്ടായ മറ്റൊരു സംഗമം ഉണ്ടായിട്ടില്ലെന്നുകൂടി പറയുമ്പോഴാണ് തുഞ്ചൻ പറമ്പ് ബ്ലോഗേഴ്സ് മീറ്റിന്റെ മുഖ്യ സംഘാടകനെന്ന നിലയിൽ എന്റെ സന്തോഷം അധികരിക്കുന്നത്. സാഹോദര്യത്തിന്റെ മാധുര്യമറിയാവുന്ന സ്നേഹസമ്പന്നരായ ഒരുകൂട്ടം സഹായത്തിനുണ്ടായിരുന്നു എന്നത് പ്രസ്തുത മീറ്റിന്റെ വൻ വിജയത്തിനു മുന്നിട്ടുനിന്ന സംഗതിയാണ്. ആ മീറ്റിനുശേഷം സൂഫിയുടെ കഥാകാരനുൾപ്പടെ അൻപതോളം പുതിയ ബ്ലോഗെഴുത്തുകാർ മീറ്റിന്റെ ബാക്കിപത്രങ്ങളിലൊന്നായി ഉണ്ടായി എന്നതുതന്നെ ബ്ലോഗിനേയും ബ്ലോഗെഴുത്തിനേയും സ്നേഹിക്കുന്നവർ ഭൂലോകത്ത് നമ്മൾ കരുതുന്നുന്നതിനെക്കാൾ ഏറെയുണ്ടെന്നത് വെളിവാക്കുന്നു. മാത്രമല്ല ബ്ലോഗെഴുത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന ഒരുപക്ഷേ അച്ചടി മാധ്യമങ്ങൾ ടോയ്‌ലറ്റ് സാഹിത്യമെന്ന് എഴുതിത്തള്ളിയ ബൂലോകരിൽ ചിലരുടേയെങ്കിലും രചനകളിൽ മഷിപുരണ്ടുതുടങ്ങുകയും ഇതര മാധ്യമലോകം ബ്ലോഗുകളെ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു എന്നത് നമുക്ക് അഭിമാനിക്കാനുള്ള വക അല്പമെങ്കിലും തരുന്നുണ്ട്.

  ഏതാനും മാസങ്ങൾക്കു ശേഷം നടന്ന തുഞ്ചനോത്സവത്തിലെ ചർച്ചകളിൽ മലയാളത്തിന്റെ സാഹിത്യമൂത്താപ്പമാരെന്നവകാശപ്പെടുന്ന ചിലർ പുതിയ തലമുറ വായനയിൽ നിന്ന് അകന്നു പോകുന്നതിൽ പരിതപിച്ചു നിലവിളിക്കുന്നതു കേട്ടു. രാമനുണ്ണിമാഷിനെ കാണാനുള്ള ആവശ്യവുമായി അവിടെയെത്തിയ എനിക്ക് നിർഭാഗ്യവശാൽ പ്രസ്തുത ചർച്ചയിൽ പങ്കെടുക്കേണ്ടിവന്നു. ഇവരുടെ പുസ്തകങ്ങൾ വായിക്കാനാളെക്കിട്ടുന്നില്ലെന്നതാണ് അവർ ആവലാതിപ്പെടുന്നതിന്റെ രത്നച്ചുരുക്കം. അവർ പറയുന്നു വായന മരിക്കുന്നുവെന്ന്. കിട്ടിയ അവസരം അൽപ്പമെങ്കിലും മുതലാക്കുന്നതിൽ ഞാൻ വിജയിച്ചു എന്നുതോന്നുന്നു. വായന മരിക്കുന്നില്ലെന്നും ബൂലോകത്ത് വായന അധികരിച്ചുകൊണ്ടിരിക്കുന്നുവെന്നും മാറിയ ഇന്നത്തെ പുരോഗമന സമൂഹത്തിൽ ഏറ്റവും കൂടുതൽ വായന നടക്കുന്നത് ഇന്റർ‌നെറ്റിലൂടെയാണെന്നും വായനക്കാരിൽനിന്ന് അകന്നുപോകുന്ന അച്ചടിരംഗത്തെ സൂപ്പർ സാഹിത്യകാരന്മാരാണ് അവരുടെ ശവക്കുഴി തോണ്ടുന്നതെന്നും അതുകൊണ്ടുതന്നെ "ടോയ്‌ലറ്റു സാഹിത്യ"മെന്ന് കപട സാഹിത്യനിപുണന്മാർ ആക്ഷേപിക്കുന്ന ബൂലോകസാഹിത്യത്തെ ഉൾക്കൊള്ളാനും സ്വന്തം സൃഷ്ടികളെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിമിഷനേരം കൊണ്ട് അറിയാനാകുന്ന സംവിധാനങ്ങളെ ഇനിയെങ്കിലും മനസ്സിലാക്കി അംഗീകരിക്കാനും തയ്യാറാവണമെന്ന് ആവശ്യപ്പെടാൻ കഴിഞ്ഞു. അതിദ്രുതം മുന്നേറുന്ന ഈ സമാന്തര എഴുത്തും വായനയും അധികം വൈകാതെ തങ്ങളെയും കടന്ന് മുന്നോട്ടുപോകും. പുതിയ എഴുത്തുകാരെ ഉൾക്കൊള്ളാൻ അവർ തയ്യാറാകാത്തതും തങ്ങൾ പടച്ചുവിടുന്നവ മാത്രമേ ശുദ്ധ വിശ്വസാഹിത്യമായുള്ളതെന്ന മിഥ്യാ ബോധം പേറുന്നതും അതുമാത്രമേ വായനക്കാർ വായിക്കാവൂ എന്ന തരത്തിലുള്ള ചിലരുടെയെങ്കിലും പെരുമാറ്റവും അവരുടെ പുസ്തകങ്ങളിൽനിന്ന് സാധാരണക്കാരെ അകറ്റിനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നുതന്നെ പറയേണ്ടിവന്നു.  നായിന്റെ വാല് പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും നിവരില്ലെന്നിള്ള ബാലപാഠം അന്വർത്ഥമാക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ തന്നെയാണ് അവർ തുടർന്നും നടത്തുന്നതെന്നു തോന്നുന്നു. ബ്ലോഗിലെ കാമ്പുള്ള രചനകളെയും രചയിതാക്കളെയും മാധ്യമഭീമന്മാരും അവയിലെഴുതുന്ന നല്ലൊരു ശതമാനവും കണ്ണടച്ചു കാണാൻ തുടർന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നത് ഉദാഹരണമാണ്.

  ഈ കാലാവസ്ഥയിലാണ് വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന ഒരു അച്ചടിമാധ്യമത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ബൂലോകരുടെ സൃഷ്ടികളെ അനുവാദമില്ലാതെ യാതൊരുളുപ്പുമില്ലാതെ കട്ടെടുത്തു വിളമ്പുന്ന വൃത്തികെട്ട പ്രവൃത്തികളിൽ നിന്നകന്ന് നമ്മുടെ രചനകൾ നന്നായി വായിച്ച് ആസ്വദിച്ച് വിലയിരുത്തി അവയുടെ രചയിതാക്കളുടെ അനുമതികിട്ടിയാൽ മാത്രം പ്രസിദ്ധീകരിക്കുന്ന മാഗസിനെക്കുറിച്ചുതന്നെയാണു പറയുന്നത്. ബ്ലോഗർ ഷെരീഫ് കൊട്ടാരക്കര അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രസ്തുത മാഗസിനെ നന്നായി പരിചയപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന കൈരളിനെറ്റ് എന്ന സാംസ്കാരിക വാർത്താ മാസികയെക്കുറിച്ചാണ് ഇവിടെപ്പറയുന്നത്.

നാട്യങ്ങളില്ലാത്ത വാര്‍ത്തകളും സാഹിത്യവും തേടി കൈരളിനെറ്റ് മാഗസിന്‍

  പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സംസ്കാര സമ്പന്നമായി പ്രസിദ്ധീകരണം വായനക്കാരിലെത്തിക്കാൻ എഡിറ്റർ സുനിൽ ഷാ വിട്ടുവീഴ്ചയില്ലാതെ ശ്രമിക്കുന്നു. സംസ്കാരത്തിനു നിരക്കാത്ത ചിത്രങ്ങളോ സഭ്യമല്ലാത്ത പദപ്രയോഗങ്ങളോ അതിൽ കാണാനാവില്ല. അതുകൊണ്ടുതന്നെ തീവണ്ടിയിലും ഇതര വാഹനങ്ങളിലും വിയർക്കാതെ, മറ്റുള്ളവർ കണ്ടാലെന്തുകരുതുമെന്ന സങ്കോചമില്ലാതെ നിവർത്തിപ്പിടിച്ചിരുന്നു വായിക്കാം. സാംസ്കാരികവും സാമ്പത്തികപരവുമായ ദേശവളർച്ചയ്ക്കാവശ്യമായ വാർത്തകളും മറ്റു വിഭവങ്ങളും വിരസത തോന്നാത്തവിധത്തിൽ ക്രമീകരിച്ചിരിക്കുന്നു എന്നതുതന്നെയാണ് ഏറ്റവും നല്ല മേന്മ. മികവാർന്ന കടലാസിൽ മിഴിവൊത്ത അച്ചടികൂടിയാവുമ്പോൾ അതിന് ഒരു പൂർണ്ണത കൈവരുന്നുണ്ട്. ആരോഗ്യരംഗം, വിദ്യാഭ്യാസം, കായികം, പൊതുവായ സംശയ നിവാരണങ്ങൾ, പ്രമുഖ വ്യക്തിത്വങ്ങളുമയുള്ള അഭിമുഖം, കേരളത്തിലെ വിവിധ ദേശങ്ങളെയും പ്രത്യേഗതകളേയും പരിചയപ്പെടുത്തൽ, നാടിന്റെ എല്ലാത്തരത്തിലുമുള്ള നല്ല വികസനങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങുന്ന മികച്ച ലേഖനങ്ങൾ, കാർഷിക മേഖല തുടങ്ങിയവ ഇതിന്റെ വിഭവങ്ങളിൽ ചിലതു മാത്രമാണ്. മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ച (സമകാലത്തിൽ ജീവിക്കുന്നവരാണെങ്കിൽ മാത്രം മനസ്സിലാവുന്ന) ടി. കെ. രവിനാഥൻ പിള്ളയുടെ  "കേരളവികസനം ചില വേറിട്ട ചിന്തകൾ" എന്ന ലേഖനം ഈ മാസികയുടെ ഉദ്ദേശ ലക്ഷ്യങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും ഒരുദാഹരണമാണ്.

കൈരളിനെറ്റ് വാർത്താ മാസികയുടെ പ്രകാശനകർമ്മം പ്രശസ്ത സാഹിത്യകാരൻ കാക്കനാടൻ അദ്ദേഹത്തിന്റെ വസതിയായ അർച്ചനയിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽവച്ച് യുവകവി ഗണപൂജാരിക്ക് മാഗസിൻ നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു

   പുതിയ എഴുത്തുകാരുടെ മികച്ച രചനകൾ വെളിച്ചം കാണിക്കാൻ മറ്റുള്ളവർ തയ്യാറാകാതിരിക്കുമ്പോൾ, ചുമരിന്മേൽ പന്തടിച്ചതുപോലെ അവർക്കയച്ചവ തിരിച്ചുവരുമ്പോൾ ഇവിടെ അവ പരിഗണിക്കപ്പെടുന്നു. തിരുത്തേണ്ടതുണ്ടെങ്കിൽ ആവശ്യമുള്ള നിർദ്ദേശം തരുന്നു. അങ്ങനെ മികവുറ്റതാക്കിയ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിക്കപ്പെടുന്നു. ഈ സാധ്യതയാണ് നമ്മൾ ബൂലോകർക്ക് ഗുണമാകുന്നത്. സ്വന്തം ബ്ലോഗുസൃഷ്ടികളിൽ അച്ചടിമഷിപുരളണമെന്ന് ആഗ്രഹിക്കാത്തവരായി ബ്ലോഗർമാർ ആരെങ്കിലും ഉള്ളതായി തോന്നുന്നില്ല. അഥവാ ആരെങ്കിലും താല്പര്യമില്ലെന്നു പറഞ്ഞാൽ അത് ആത്മാർത്ഥമായണെന്നും തോന്നുന്നില്ല. ഈ കാരണത്താലാണ് കൈരളിനെറ്റ് മാഗസിനെക്കുറിച്ച് എഴുതാൻ തീരുമാനിച്ചത്. നൗഷാദ് അകമ്പാടം, ഷെരീഫ് കൊട്ടാരക്കര, രമേശ് അരൂർ, നീസ വെള്ളൂർ, സങ്, മനോരാജ് തുടങ്ങി ധാരാളം ബ്ലോഗെഴുത്തുകാരുടെ രചനകൾ ഇതുവരെയിറങ്ങിയ ലക്കങ്ങളിലെല്ലാം അലങ്കാരങ്ങളായി നിൽക്കുന്നു. ഇനിയും ബൂലോകത്തെ ഉദാത്തമായ രചനകളെ അതിന്റെ പ്രസാധകർ കാത്തിരിക്കുകയും ചെയ്യുന്നു. നല്ല ചിന്തോദ്ദീപകങ്ങളായ ലേഖനങ്ങളും വ്യത്യസ്ഥ അനുഭൂതി പകരുന്ന യാത്രാ വിവരണങ്ങളും  ബൂലോകത്തുനിന്നും അവർ പ്രതീക്ഷിക്കുന്നുണ്ട്. നമ്മളന്വേഷിച്ചിട്ടു കാണാത്തത് നമ്മെയന്വേഷിച്ചു വരുമ്പോൾ അത് തട്ടിക്കളയേണ്ട ആവശ്യമില്ലെന്നാണ് എനിക്കു തോന്നുന്നത്, പ്രത്യേകിച്ച് നമുക്ക് നഷ്ടമൊന്നുമില്ലാത്തപ്പോൾ, ലാഭം ബാക്കിയാകുമ്പോൾ. അതുകൊണ്ടുതന്നെ പ്രസക്തമായ വ്യത്യസ്ഥ വിഷയങ്ങളിലുള്ള കാമ്പുള്ള ലേഖനങ്ങൾ നമുക്കയച്ചുകൊടുക്കാം. പുതുമയുള്ള കഥകളും കഥകളും കവിതകളും നമുക്ക് ഭൂലോകത്തും പങ്കുവയ്ക്കാം.

  മാധ്യമ ഭീമന്മാരോടു പടവെട്ടി മുന്നോട്ടു സഞ്ചരിക്കാനുള്ള അസാമാന്യ കഴിവൊന്നും കൈരളി നെറ്റിനുണ്ടെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ ഇതുവരെ അതു വായിച്ചവരൊന്നും കുറ്റം പറയാത്ത നിലക്ക് പതിയെയെങ്കിലും അതു മുൻനിരയിലെത്തുമെന്നു കരുതാം. നമ്മളാവശ്യപ്പെടാതെതന്നെ നമ്മെ സഹായിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്കും പ്രത്യുപകാരം ചെയ്യാം. കൈരളിനെറ്റ് മാഗസിൻ ലഭിക്കാത്ത പ്രദേശങ്ങളിൽ അവയെത്താൻ  നമുക്കു സഹായിക്കാം. നമ്മുടെ ബ്ലോഗുകൾ നമുക്ക് കൈരളിനെറ്റിൽക്കൂടിയും വായിക്കാൻ ശ്രമിക്കാം. മാസത്തിൽ പത്തുരൂപകൂടി  മറ്റു പ്രസിദ്ധീകരണങ്ങൾക്കു ചെലവാക്കുന്നതിന്റെകൂട്ടത്തിൽ നമുക്കു മാറ്റിവയ്ക്കാമെന്നു തോന്നുന്നു. അല്ലെങ്കിൽ നൂറ്റിയിരുപതുരൂപ വർഷത്തിൽ മാറ്റിവയ്ക്കാമെന്നു തോന്നുന്നു. കൈരളിനെറ്റ് വളരുമ്പോൾ നമ്മിൽ കുറച്ചുപേരെങ്കിലും ഒപ്പം വളരുമെന്നതിൽ സംശയമുണ്ടാവില്ല. നിത്യവും നാം വാങ്ങി വായിച്ചുകൂട്ടുന്ന മാഗസിനുകളിൾ നമ്മുടെ രചനകൾ ടോയ്‌ലറ്റ് സാഹിത്യമായി അധ:പതി(പ്പി)ക്കുന്നതുകൂടി നമ്മൾ കാണണം. അതിനെക്കാളുപരി നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന കൈരളിനെറ്റ് മാഗസിനെയും. നമ്മുടെ വിലപ്പെട്ട സൃഷ്ടികൾ (മുഖ്യമായും ലേഖനങ്ങളും ഫീച്ചറുകളും യാത്രാ വിവരണങ്ങളും) ബ്ലോഗിലിടുന്നതിനുമുമ്പ് അയച്ചുകൊടുത്താൽ കൂടുതൽ നന്നാവും. ഒരു പാസ്പോർട്ട് സൈസ് തലകൂടിയുണ്ടെങ്കിൽ ഉഷാറായി.

രചനകൾ ഇ-മെയിലായി  KRNETKLM@GMAIL.COM എന്ന വിലാസത്തിൽ അയക്കാം.

മേൽവിലാസം
കൈരളിനെറ്റ് മാഗസിൻ
ഇരവിപുരം പി. ഒ.
കൊല്ലം-11

Saturday

ബൂലോകസാഹിത്യവും അച്ചടിപ്പച്ച പിടിക്കുന്നു

നക്ഷത്രങ്ങളുടെ കൂട്ടുകാരിക്കൊരു ബ്ലോഗ്

പ്രിയപ്പെട്ടവരെ,
അകാലത്തിൽ നമ്മോടു വിടപറഞ്ഞു പറന്നകന്ന നക്ഷത്രങ്ങളുടെ കൂട്ടുകാരി ബ്ലോഗർ നീസ വെള്ളൂരിന്റെ ഇനിയും പ്രസിദ്ധീകരിക്കാത്ത രചനകളെ പരിചയപ്പെടുത്തുന്നതിനാണ് ഇതെഴുതുന്നത്. അവളെ ബൂലോകത്തേക്കു കൈപിടിച്ചു നടത്തുമ്പോൾ ഒരു നല്ല ലക്ഷ്യമുണ്ടായിരുന്നു. ലുക്കീമിയ ബാധിച്ചു ചികിത്സയിലായിരുന്നു ഏറെക്കാലം അവൾ. മുമ്പൊക്കെ വല്ലപ്പോഴും പനികൂടുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകലായിരുന്നു പതിവ്. ഇക്കാലത്താണ് വളരെ യാദൃശ്ചികമായി അവളുടെ കവിതചൊല്ലൽ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. പിന്നെ അവൾക്കു ബ്ലോഗു പരിചയപ്പെടുത്തുകയും നിലാമഴകൾ തുടങ്ങുകയും ചെയ്തു. കാണുന്ന അവസരങ്ങളിൽ അവൾ കവിതകൾ എന്നെ ഏൽപ്പിക്കുകയും ഞാനത് ബ്ലോഗിലിടുകയുമായിരുന്നു പതിവ്, അവൾക്ക് കമ്പ്യൂട്ടർ ഇല്ല്ലായിരുന്നു.

അവളുടെ വിയോഗ ശേഷമാണ് എന്നെ ഏൽപ്പിച്ചതിൽ കൂടുതൽ കവിതകൾ അവൾ എഴുതിക്കൂട്ടിയിരുന്നു എന്നു മനസ്സിലായത്. കവിതകൾ മാത്രമല്ല കഥകളും പതിനഞ്ച് അദ്ധ്യായങ്ങളിലായി "നിശാ ശലഭങ്ങൾ" എന്ന പേരിൽ ഒരു നോവലും അവൾ എഴുതിയിരുന്നു. എഴുതി സൂക്ഷിച്ചിരുന്ന കുറേയധികം കഥകളും കവിതകളും അവൾ ഉദ്ദേശിച്ചത്ര നന്നായില്ലെന്ന കാരണം പറഞ്ഞ് അവൾ നശിപ്പിച്ചു കളഞ്ഞിരുന്നു. ഒരു പക്ഷേ അവളുടെ രചനകൾക്ക് മറ്റുള്ളവർ വേണ്ടവിധം ശ്രദ്ധ കൊടുക്കുന്നില്ലെന്ന തോന്നലാവാം അങ്ങനെ ചെയ്തതിനു പിന്നിൽ. ബ്ലോഗിൽ തന്റെ കവിതയ്ക്കു വന്ന ആദ്യകമനു കണ്ടപ്പോഴുണ്ടായ സന്തോഷം നേരിട്ടറിഞ്ഞയാളെന്ന നിലയിൽ എനിക്ക് അങ്ങനെതന്നെയാണു തോന്നുന്നത്. കാരണം പിന്നെയൊരിക്കലും അവൾ എഴുതിയതു നശിപ്പിച്ചിട്ടില്ല.

അവളുടെ രോഗാവസ്ഥയുടെ സ്ഥിതിയനുസരിച്ച് അവളുടെ ബ്ലോഗിൽ പോസ്റ്റുകൾ തമ്മിലുള്ള സമയം വ്യത്യാസപ്പെട്ടിരുന്നു. തന്റെ രചനകൾ ബൂലോകത്തെത്തിക്കുന്നതിലും അവസരം കിട്ടുമ്പോഴൊക്കെ മറ്റുള്ളവരുടെ ബ്ലോഗുകൾ വായിക്കുന്നതിലും അവൾ വളരെ സന്തോഷം കണ്ടെത്തിയിരുന്നു. ആ സന്തോഷം അവൾക്ക് തുടർന്നു നൽകാനുംവളുടെ വ്യസനത്തിൽ പങ്കാളിയാകാനും അവളെ സഹായിക്കാനും അങ്ങനെ ലക്ഷ്യപ്രാപ്തിയിലെത്താൻ നമുക്കു കുറേയെങ്കിലും സാധിച്ചിട്ടുണ്ട്. കഥകളും നോവലും കവിതകളുമായി ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവൾ ആഗ്രഹിച്ചിരുന്ന സൃഷ്ടികൾ തുടർന്നും ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ ഞാൻ ശ്രമിക്കുകയാണ്. അതിനുവേണ്ടി "നിലാമഴകൾ" എന്നപേരിൽ മറ്റൊരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. നീസ വെള്ളൂരിന്റെ കഥകളും കവിതകളും ഇനി അവിടെ വായിക്കാം. "പറയാതെ ഒരു യാത്ര" എന്ന പേരിൽ അവൾ എഴുതിയ ഒരു കഥയാണ് ആദ്യപോസ്റ്റാക്കിയിരിക്കുന്നത്.

നമ്മോടു വിടപറയുമ്പോൾ അവൾ ഒമ്പതാം തരം വിദ്യാർത്ഥിയായിരുന്നു. ഏഴാം ക്ലാസിനു ശേഷം അവൾക്ക് കൃത്യമായി സ്കൂളിൽ പോകാൻ സാധിച്ചിട്ടില്ല. അവളുടെ ദുരിതവേദനകൾ മറക്കാൻ എഴുതിക്കൂട്ടിയ വേദനാ സംഹാരികളായി മാത്രമേ അവളുടെ രചനകളെ കാണാവൂ എന്നൊരു നിർദ്ദേശമുണ്ട്. വലിയ സാഹിത്യസൃഷ്ടിയുടെ കെട്ടും മട്ടും ഒരുപക്ഷേ അവയിൽ കണ്ടുകൊള്ളണമെന്നില്ല. എന്തുതന്നെയായാലും അവളുടെ പോസ്റ്റുകളിലെ കമന്റുകൾക്കു മറുപടിയുണ്ടാവില്ല. നിർദ്ദേശങ്ങളും വിമർശനങ്ങളും അവൾ അറിയുന്നുമുണ്ടാവില്ല. ആശംസകൾ വായിക്കാൻ അവൾ ഇന്നു ജീവിച്ചിരിപ്പില്ല. അവളുടെ ബ്ലോഗിലെ അവസാന പോസ്റ്റിലെ ആദ്യ കമന്റിനുണ്ടായ അവളുടെ പ്രതികരണം ഞാനറിഞ്ഞതാണ്. അതുകൊണ്ടുതന്നെ ആ ബ്ലോഗിന്റെ കമന്റുബോക്സ് ഞാൻ തുറന്നുതന്നെ വയ്ക്കുന്നു. ഒരുപക്ഷേ നമ്മൾ കാണാത്ത ലോകത്തിരുന്ന് അവൾ നമ്മളെഴുതുന്ന അഭിപ്രായങ്ങൾ വായിച്ചു സന്തോഷിക്കുന്നുണ്ടാവുമെങ്കിലോ... ബൂലോകത്തെ ഒരുപാടു സ്നേഹിച്ച അവളുടെ ആ വരികളിലും വാക്കുകളിലും കൂടിയാവട്ടെ ഇനി അവൾ നമ്മോടു സംവദിക്കുന്നത്.

Popular Posts

Recent Posts

Blog Archive