Thursday

വിതരണ വൈശിഷ്ട്യം

ഭക്ഷണക്കാര്യത്തില്‍ ഒരുഗതിയും പരഗതിയുമില്ലാത്ത ഇന്ത്യയിലെ നാല്‍പ്പത്തഞ്ചുകോടിയിലധികം വരുന്ന പട്ടിണിപ്പാവങ്ങളുടെ കണ്ണുകളെ ചൂഴ്‌ന്നുകൊല്ലുന്ന കാഴ്ചകള്‍ക്ക് അറുതിയുണ്ടാക്കില്ലെന്നു വിളിച്ചു പറയുന്നതില്‍ നമ്മുടെ രാജ്യത്തെ ഭക്ഷ്യ പൊതുമേഖലാ സ്ഥാപനങ്ങളും ഭരണാധികാരികളും ഒരിയ്ക്കല്‍ക്കൂടി വിജയിച്ചിരിയ്ക്കുന്നു. വിലക്കയറ്റം വിഷമിപ്പിയ്ക്കുന്ന പാവങ്ങളുടെ നാട്ടില്‍ ചീഞ്ഞു കേടായ ഭക്ഷ്യ ധാന്യത്തിന്റെ അളവുകേട്ടാല്‍ ഇന്ത്യയില്‍ ഒരു പൊതുവിതരണ സമ്പ്രദായം നിലവിലുണ്ടോയെന്നു സംശയിച്ചുപോകും. രാജ്യത്തെ ഒന്നരക്കോടി ജനങ്ങള്‍ക്ക് ഒരു വര്‍ഷത്തിലധികം സുഭിക്ഷമായി ഭക്ഷിയ്ക്കാമായിരുന്ന നൂറ്റി‌എണ്‍പതുലക്ഷം ടണ്‍ ഭക്ഷ്യധാന്യം കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സര്‍ക്കാര്‍‌ ഗോഡൌണുകളില്‍ ചീഞ്ഞു നശിച്ചതായി കണ്ടെത്തിയിരിയ്ക്കുന്നു. ഒരു നേരത്തെ ഭക്ഷണം‌പോലും നേരേ ലഭിയ്ക്കാത്ത പാവങ്ങള്‍ക്ക് ഇതു സമയത്തിനു വിതരണം ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. മതിയായ സംരക്ഷണം ഇല്ലാത്ത കാരണത്താല്‍ ഈ വര്‍ഷവും ഭീമമായ അളവില്‍ ഭക്ഷ്യധാന്യം കേടുവരുമെന്ന് എഫ്‌സി‌ഐ അറിയിച്ചിരിയ്ക്കുന്നു. കാലിത്തീറ്റയ്ക്കുപോലും ഉപയോഗിയ്ക്കാന്‍ കഴിയാതെ കുഴിച്ചുമൂടിയ ഭക്ഷ്യധാന്യത്തിന്റെ വിശദ വിവരങ്ങള്‍ നമ്മെ ഞെട്ടിപ്പിയ്ക്കുന്ന വിധത്തിലുള്ളതാണ്.

നെല്ലും അരിയും ഗോതമ്പും ചോളവുമുള്‍പ്പടെ 61,000 ടണ്‍ ഭക്ഷ്യധാന്യം ഈ വര്‍ഷവും ഇതിനകം തന്നെ ചീഞ്ഞുനശിച്ചു കഴിഞ്ഞുവത്രെ. ടാര്‍പോളിന്‍ പോലും മൂടാതെ വെയിലും മഴയുമേറ്റ് പഞ്ചാബിലെ എഫ്‌സി‌ഐ ഗോഡൌണുകളില്‍ കിടക്കുന്ന ഭക്ഷ്യ ധാന്യങ്ങല്‍ പുഴുതിന്നും ചിഞ്ഞും നശിച്ചുകഴിഞ്ഞു. കേടുവരുന്നതിനുമുമ്പ് പരമാവധി വിലകുറച്ച് ഇതു വിതരണം ചെയ്തിരുന്നെങ്കില്‍ രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധിയ്ക്ക് അല്‍പ്പമെങ്കിലും കുറവു കണ്ടേനെ. നിര്‍ഭാഗ്യവശാല്‍ അങ്ങനെ വിതരണം നടത്താനുള്ള എഫ്‌സി‌ഐയുടെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ലോകത്തെ പട്ടിണിപ്പാവങ്ങളില്‍ പകുതിയും ഇന്ത്യയിലാണെന്നാണു കാഴ്ചപ്പാട്. കാര്യങ്ങള്‍ അങ്ങനെയായിരിയ്ക്കെ ഭക്ഷ്യധാന്യം ഇങ്ങനെ കേടുവന്നു നശിയ്ക്കുന്നതില്‍ സര്‍ക്കാരിനെ അഭിനന്ദിയ്ക്കാതെ വയ്യ. വിലക്കയറ്റത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരുടെ ശ്രദ്ധ ഈ ദിശയിലേയ്ക്കു കൂടി സഞ്ചരിയ്ക്കേണ്ടിയിരിയ്ക്കുന്നു. വളരെ ശക്തമായിത്തന്നെ പ്രതികരിയ്ക്കേണ്ടിയിരിയ്ക്കുന്നു. വെറുതേ നശിച്ചുപോകുന്ന ഭക്ഷ്യധാന്യം പാവങ്ങള്‍ക്കു വിതരണം നടത്തുന്നതിനു പ്രവര്‍ത്തനങ്ങളുണ്ടാവണം. ഒരുവശത്തു വിശപ്പിന്റെ വിളിയുയരുമ്പോള്‍ മറുഭാഗത്ത് ഭക്ഷണം നശിയ്ക്കുന്ന അവസ്ഥ അത്യന്തം സങ്കടകരമാണ്. പോഷകാഹാരം അന്യമായ ജനവിഭാഗങ്ങളില്‍ ഇരുപതു ശതമാനവും ഇന്ത്യയിലാണെന്നത് ഓര്‍ക്കണം. മാത്രമല്ല, ആ വിഭാഗത്തിലെ 43% കുട്ടികളും ഇന്ത്യയില്‍ത്തന്നെയാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യധാന്യം ഇങ്ങനെ നശിയ്ക്കുന്നതിനു എന്തുകാരണം പറഞ്ഞാലും അതിനെ ന്യായികരിയ്ക്കാനാവില്ല. രാജ്യത്തെ ജനങ്ങള്‍ക്കു ഭക്ഷണം എത്തിയ്ക്കേണ്ട ബാധ്യത ഭരണാധികാരികള്‍ക്കു തന്നെയാണ്. അതു നശിയ്ക്കാതെ സൂക്ഷിയ്ക്കലും അവരുടെ ബാധ്യതയാണ്. നാലുപേരറിയുമ്പോള്‍ രണ്ടാളെ സസ്പെന്റുചെയ്ത് മാനം കാക്കാന്‍ ശ്രമിയ്ക്കുന്ന നടപടികള്‍ മലര്‍ന്നുകിടന്നു തുപ്പുന്നതിനു സമമാണ്.

പഞ്ചാബിലെ ജലന്തറില്‍ എഫ്‌സി‌ഐ ഗോഡൌണില്‍ മഴയും വെയിലുമേറ്റു നശിയ്ക്കുന്ന ഗോതമ്പു ചാക്കുകള്‍. (ചിത്രം മാധ്യമത്തില്‍ നിന്ന്)

രാജ്യത്തെ അഞ്ചു മേഖലകളിലായി 257 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന സംവിധാനം എഫ്‌സി‌ഐയ്ക്കുണ്ട്. പലയിടത്തും സംഭരണശേഷി കവിഞ്ഞിട്ടില്ലെന്നതാണു സത്യവും. ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ ഇത്രയധികം കരുതല്‍ ശേഖരം നമുക്കുണ്ടായിരിയ്ക്കെ എത്രയും പെട്ടെന്ന് അര്‍ഹതയുള്ളവര്‍ക്കു വിതരണം ചെയ്യാന്‍ എന്തിനു മടിയ്ക്കണം? ലോകത്തിലെ ഏറ്റവും വലുതെന്നവകാശപ്പെടുന്ന നമ്മുടെ രാജ്യത്തിന്റെ പൊതുവിതരണ രംഗത്തിന്റെ ഭാഗമായ റേഷന്‍ കടകളുടെ ഇന്നത്തെ ശോചനീയമാ‍യ സ്ഥിതിയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസം സംഭവിയ്ക്കുമെങ്കില്‍ അതു സംഭവിയ്ക്കട്ടെ. ഇങ്ങനെ അറുത്തകൈയ്ക്ക് ഉപ്പിടാത്ത പുണ്യവാളന്മാരായി നമ്മുടെ ഭരണ വിതരണ സംവിധാനം തുടരുന്നത് അപമാനം തന്നെയാണ്. ഭക്ഷണത്തെ ദൈവത്തിനു സമം നിര്‍ത്തുന്ന സമൂഹത്തില്‍ തന്നെ ഇങ്ങനെ സംഭവിയ്ക്കുന്നതാണ് അത്ഭുതം!

ഇന്നു പെയ്ത മഴയില്‍...


കഴിഞ്ഞ രാത്രിമുതല്‍ തുടരുന്ന മഴയില്‍ കടലുണ്ടിപ്പുഴയുടെ ഉള്ളം കുളിപ്പിച്ചുകൊണ്ട് വെള്ളം നിറഞ്ഞൊഴുകുന്നു. മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ നിന്ന് കടലുണ്ടിപ്പുഴയുടെ ഒരു കാഴ്ച...

Tuesday

ഐഡന്റിറ്റി ക്രൈസിസ്

ഞാന്‍ ഹിന്ദു
ഞാന്‍ മുസ്ലിം
ഞാന്‍ ക്രിസ്ത്യാനി...
അങ്ങനെയങ്ങനെ നീളെ നീളെ...
ഇവിടെ ദൈവത്തിനാണു കണ്‍ഫ്യൂഷന്‍
താനാരാണെന്ന്..!

കത്തിയും വടിവാളും ബോംബും
കുത്തിയും വെട്ടിയും നേടുന്നവര്‍ക്കു പക്ഷേ
കണ്‍ഫ്യൂഷനില്ല
താനാരെയാണു കൊല്ലുന്നതെന്ന്..

ഇവിടെ ഞങ്ങള്‍ക്കാണു കണ്‍ഫ്യൂഷന്‍
എന്തിനാണു കൊല്ലുന്നതെന്ന്
എന്തിനാണു കൊല്ലപ്പെടുന്നതെന്ന്

വികലമായ മനസ്സിന്റെയുടമകള്‍
സകലമായ് ചൊല്ലുന്ന വാക്കുകള്‍
തേന്മൊഴികളാണവര്‍ക്ക്

അനുസരണയില്ലാത്ത ജന്മങ്ങളുടെ
അനുസരണകണ്ട്
ദൈവത്തിനുപോലുമസൂയ തോന്നിയിട്ടുണ്ടാവും

കുരുടന്മാരവര്‍ പൊട്ടനും
മൂക്കാണേല്‍ പണ്ടേയില്ല
ആയതുകൊണ്ടാവാം
നിലവിളി കേള്‍ക്കാത്തത്
ചെന്നിറം കാണാത്തത്
വെന്ത മാംസത്തിന്‍ മണമറിയാത്തത്...

ഹൃദയശൂന്യര്‍ക്ക്
മറ്റെന്തുണ്ടെങ്കിലെന്ത്..

കൂട്ടി
പിന്നെ കിഴിച്ചു
ഉത്തരം പൂജ്യമായതെന്ത്..

എങ്ങനെ കൂട്ടിയാലും
പൂജ്യമല്ലാതെ
മറ്റെന്തു വരാനാണ്...

Monday

കുമാരന്‍ ഒരു സംഭവം

കോഴിക്കോട് ജയില്‍‌വാര്‍ഡനാണു ചിത്രത്തില്‍. യാത്രയില്‍ വായിയ്ക്കാമെന്നു കരുതി കൂടെക്കരുതിയതാണ്. പുസ്തകം കണ്ടപ്പൊ അതൊന്നു നോക്കാന്‍ ചങ്ങാതിയ്ക്കൊരു പൂതി. പിന്നെ തിരികെത്തന്നത് കൊല്ലം ജംഗ്ഷനില്‍ എത്തിയപ്പഴാ

കൊട്ടാരക്കര പൂരക്കാഴ്‌ച

കൊട്ടാരക്കര വഴി ഒരുയാത്ര പോകാനിടയായി.ബ്ലോഗര്‍ ഷെരീഫ് കൊട്ടാരക്കരയെ കണ്ടുപോകാമെന്നു കരുതി അവിടെയിറങ്ങിയതാ. മുന്നില്‍ മൂന്നു കൊമ്പന്മാര്‍. കയ്യിലുള്ളത് Tataയുടെ Huawei CDMA ഫോണ്‍. എന്തായാലും വേണ്ടില്ല ഒരു ക്ലിക്കങ്ങു ക്ലിക്കി.


തെളിച്ചമില്ലെന്നു കണ്ട് നൈറ്റ് മോഡില്‍ ഒന്നുകൂടി ക്ലിക്കി.



കൊമ്പന്മാര്‍ മോശക്കാരല്ലെന്നു തോന്നി. പിറ്റേന്ന് ഉദ്ഘാടനം ചെയ്യുന്ന ഷോപ്പിന്റെ പരസ്യബോര്‍ഡ് ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്തുകൊണ്ടിരിയ്ക്കുന്നു ഒരു കൊമ്പന്‍. മറ്റു രണ്ടുപേരുമാകട്ടെ നല്ല ഒന്നാംതരം മുല്ലമാല ഉയര്‍ത്തിക്കാണിയ്ക്കുന്നു, അവിടെ കൂടിയവരെയെല്ലാം ആശീര്‍വ്വദിയ്ക്കുന്നതുപോലെ. രണ്ടു ക്ലിക്കും കഴിഞ്ഞ് കരിവീരന്മാരെയും അനുബന്ധ സംഭവങ്ങളെയും വീക്ഷിച്ചു നിന്നപ്പഴാണ് എന്റെ മണ്ടത്തരം എനിയ്ക്കു പടികിട്ടിയത്. ഒര്‍ജിനലിനെ വെല്ലുന്ന ഡമ്മികളായിരുന്നു അവ. ആനകള്‍ മാത്രമല്ല അടുത്തു നില്‍ക്കുന്നവരും ചാമരക്കാരുമെല്ലാം. അതിന്റെ നിര്‍മ്മാണ ചാതുരിയില്‍ എനിയ്ക്ക് അത്ഭുതം തോന്നി. പിറ്റേന്ന് അതിന്റെ ഫോട്ടോയെടുക്കാന്‍ വേണ്ടിമാ‍ത്രം കൊട്ടാരക്കരയിലെത്തി. ഫോട്ടോയ്ക്ക് എന്റെ ലോക്കല്‍ മൊബൈലിന്റെ പവറേ ഉള്ളൂ, ക്ഷമിയ്ക്കണേ... ആ കൊമ്പന്മാരുടെയും പരിവാരങ്ങളുടെയും പകല്‍ വെളിച്ചത്തിലെടുത്ത ചിത്രങ്ങളാണു താഴെ.



Popular Posts

Recent Posts

Blog Archive