Monday

മമ്മൂട്ടിയോ ബെര്‍ളിയോ...?


സ്നേഹപൂര്‍വ്വം മമ്മൂട്ടി

ഈ ബ്ലോഗിന്റെ യഥാര്‍ത്ഥ ഉടമ ആരാണ്?

മമ്മൂട്ടിയാണെങ്കില്‍ Feed burner email subscriptions ല്‍
നോക്കുമ്പോള്‍ ബെര്‍ളിതോമസ്സിന്റെ വിവരങ്ങളും ചിത്രവുമാണല്ലോ തെളിയുന്നത് !
ഇതിനെ എന്തു പേരു വിളിയ്ക്കണം? ബൂലോക തട്ടിപ്പെന്നോ ?
അതോ ഒരു പ്രമാണിയുടെ നാലാംകിട നമ്പരെന്നോ ?
അതോ ഇത് എന്റെ വെറും സംശയം മാത്രമോ ?
ബൂലോകത്താരെങ്കിലും ഇതിനൊരു മറുപടിതന്ന് ഈയുള്ളവന്റെ സംശയം തീര്‍ത്തു തരണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു...

Friday

ഓണമുണ്ടായിരുന്നു...

ഓണം...
കുട്ടിക്കാലമാണ് ഓര്‍മ്മ വരുന്നത്...
കൊട്ടോട്ടിയെന്ന കുഞ്ഞു ഗ്രാമത്തിലെ മഹാ സംഭവമായിരുന്ന
ഞങ്ങളുടെ വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്ന
ഓണാഘോഷ പരിപാടികള്‍ മനസ്സിലേയ്ക്ക് ഒഴുകിയെത്തുന്നു.

കിളിത്തട്ട്, കുട്ടിയും കോലും, കുറ്റിപ്പന്ത്, ചേനപ്പന്ത്, കബഡി തൂടങ്ങിയ
മത്സരയിനങ്ങളില്‍ ഇന്നു പേരിലെങ്കിലും അറിയുന്നത് കബഡിമാത്രമാണെന്നു
തോന്നുന്നു. കുട്ടികള്‍ക്കായുള്ള ബിസ്കറ്റുകടി, ചാക്കിലോട്ടം, കസേരകളി,
പാട്ട്, പടംവര മുതലായവയ്ക്കു പുറമേ മുതിര്‍ന്നവര്‍ക്കായുള്ള മുളയില്‍ക്കയറ്റം,
ഉറിയടി, വടംവലി മുതലായ മത്സരങ്ങളുമുണ്ടായിരുന്നു.

ഉത്രാടത്തിനു രാവിലേതന്നെ മൈക്കുകെട്ടിപ്പാട്ട് ആരംഭിയ്ക്കുന്നു.
അങ്ങാടിയുടെ മൂലയില്‍ കെട്ടിയുയര്‍ത്തിയ സ്റ്റേജില്‍
കുട്ടികളുടെ കലാമത്സരങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
സ്റ്റേജില്‍നിന്ന് അല്‍പ്പം മാറി ബിസ്കറ്റുകടി, ചാക്കിലോട്ടം
പെണ്‍കുട്ടികള്‍ക്കായുള്ള കസേരകളി മുതലായവ നടക്കുന്നു.

നാലുമണിയ്ക്കു ശേഷം നടക്കുന്ന രസകരമായ മത്സരമാണു
മുളയില്‍ക്കയറ്റം. ചെത്തി വെടിപ്പാക്കി വൃത്തിയായി പോളീഷ് ചെയ്ത
എതാണ്ട് മൂന്നര മീറ്റര്‍ നീളമുള്ള മുള കുഴിച്ചിട്ടിരിയ്ക്കുന്നു.
നല്ല വഴുക്കുള്ള നെയ്യ് മുളയില്‍ പൊതിഞ്ഞിരിയ്ക്കും.
മുളയുടെ മുകളില്‍ വടിയില്‍ ചുറ്റിവച്ചിരിയ്ക്കുന്ന തോര്‍ത്തുമുണ്ട്
എടുക്കുക എന്നതാണു ദൌത്യം. എണ്ണയും നെയ്യും
പൊതിഞ്ഞിരിയ്ക്കുന്ന മുളയില്‍ കയറുക അത്ര എളുപ്പമല്ല.
കയറുന്നതിനെക്കാള്‍ വേഗത്തില്‍ താഴേയ്ക്കുള്ള വരവു രസകരം തന്നെ.
താഴേയ്ക്കുള്ള ഓരോ വരവിലും കാണികളുടെ കളിയാക്കല്‍ ഉണ്ടാവും.
ഇതൊക്കെ അതിജീവിയ്ക്കാന്‍ കുറച്ചു ബുദ്ധിമുട്ടും.
ഈ മത്സരത്തോടെ ഒന്നാം ദിനം അവസാനിയ്ക്കും.

രണ്ടാം ദിനം ഉറിയടിയോടെ ആരംഭിയ്ക്കുന്നു.
അമ്മച്ചിപ്ലാവെന്നു ഞങ്ങള്‍ വിളിയ്ക്കുന്ന പ്ലാവു മുത്തശ്ശിയുടെ കൊമ്പില്‍
ഉറപ്പിച്ചിരിയ്ക്കുന്ന കപ്പി(pulley)യിലൂടെ പായുന്ന കയറിന്റെയറ്റത്ത്
പിരമിഡുരൂപത്തിലുള്ള ഉറി ആടിക്കളിയ്ക്കുന്നു.
അലങ്കരിച്ച ഉറിയുടെയുള്ളില്‍ മണ്‍കുടത്തില്‍ പാലുംപഴവും നിറച്ചു വച്ചിരിയ്ക്കും.
കഷ്ടിച്ചു രണ്ടടിമാത്രം നീളമുള്ള വടികൊണ്ട് കുടം കുത്തിപ്പൊട്ടിയ്ക്കുക
എന്നത് അത്ര എളുപ്പമല്ല കാര്യമല്ല. മാത്രവുമല്ല ആടിവരുന്ന ഉറിയില്‍
കുത്താനായുമ്പോള്‍ മഞ്ഞള്‍ കലക്കിയ വെള്ളമൊഴിച്ചു തടസ്സപ്പെടുത്തും.
ചെണ്ടമേളത്തിനനുസരിച്ച് മത്സരിയ്ക്കുന്നയാള്‍ നൃത്തം ചെയ്യണമെന്നത്
ഇതിന്റെ നിയമാവലികളില്‍ ഒന്നുമാത്രം.

പിന്നെ വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വടംവലി നടക്കും.
ഇതും രസകരം തന്നെ, ഇതോടുകൂടി മത്സരവിഭാഗങ്ങള്‍ അവസാനിയ്ക്കും.
പിന്നെ രാത്രി പത്തുമണിവരെ സാംസ്കാരിക സമ്മേളനവും
മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവുമാണ്.
ഈസമയം മാത്രമാണ് അങ്ങാടിയില്‍ ആളൊഴിയുന്നത്.

തുടര്‍ന്ന് ഏതെങ്കിലും നാടകമോ കഥാപ്രസംഗമോ ഉണ്ടാവും.
ഒരു നാടുമുഴുവന്‍ അതുകാണുവാനും ഉണ്ടാവും.

കിളിത്തട്ടുകളിയും പന്തുകളിയുമൊന്നുമില്ലാത്ത ഓണമാണ്
ഇന്നവിടെ നടക്കുന്നത്. ആര്‍ക്കും തന്നെ ഒന്നും സംഘടിപ്പിയ്ക്കാന്‍ നേരമില്ല.
ആമ്മച്ചിപ്ലാവുള്‍പ്പടെ വലിയമരങ്ങളെല്ലാം തന്നെ വെട്ടിമാറ്റപ്പെട്ടു.
മരങ്ങള്‍ വെട്ടിനശിപ്പിയ്ക്കുന്നതു കൊണ്ടുമാത്രം ഓര്‍മ്മയായിമാറിയ
ഒരു കലാരൂപമാണ് ഉറിയടി.
പുതിയ തലമുറകള്‍ക്ക് മുളയില്‍ക്കയറ്റവും ഉറിയടിയും അന്യം.
പഴയ ഒരുമ തീരെയില്ലെന്നുതന്നെ പറയാം...

ജയചന്ദ്രന്‍ പാടിയ വരികളാണ് ഓര്‍മ്മവരുന്നത്.

“അന്നത്തെയോണം പൊന്നോണം
ഇന്നത്തെയോണം കുഞ്ഞോണം
പൊന്നോണപ്പൂ പറനിറയെ പറനിറയെ
കുഞ്ഞോണപ്പൂ കുമ്പിള്‍ മാത്രം...”

എല്ലാവര്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ഓണാശംസകള്‍...

Wednesday

Saturday

ദൈവവും നമ്മളും...

രാവിന്നു കൂരിരുളു നല്‍കീ ദൈവം
പകലിന്നു പ്രഭ തോന്നുവാന്‍


ഇലകള്‍ കൊഴിഞ്ഞു ശിഖ നഗ്നമാക്കീടുന്നു

പൂക്കാലമെത്തീടുവാന്‍


ഇരുളേറ്റി കാര്‍മുകില്‍ വാനില്‍ നിറയ്ക്കുന്നു

തൂവര്‍ഷമിറ്റീടുവാന്‍

കൂടു വിടുന്നൊരു നേരത്തിതൊക്കെയും

കൂട്ടിപ്പറന്നീടുവാന്‍


പൊരുളറിയാതെ ചരിയ്ക്കുന്നു നമ്മളും

തമ്മില്‍ നശിച്ചീടുവാന്‍


ഭൂമി പിരാന്തിന്റെ കൂട്ടമാക്കീടുന്നു

സ്വന്തം തളര്‍ന്നീടുവാന്‍

Friday

പന്നിപ്പനി, ഒരു അമേരിയ്ക്കന്‍ ഗൂഢാലോചന..?


 ഇന്തോനേഷ്യയെയും ഇന്ത്യയെയുമൊക്കെ ഞെട്ടിച്ച് പതിനായിരങ്ങളുടെ ജീവന്‍ കവര്‍ന്ന സുനാമി ഇന്ത്യന്‍ മഹാ സമിദ്രത്തിലുണ്ടായിരുന്ന അമേരിയ്ക്കന്‍ ബുദ്ധിയുടെ സൃഷ്ടിയായിരുന്നുവെന്ന് മുമ്പ് ഒരു പ്രമുഖ ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു. സെന്റീമീറ്റര്‍ക്യൂബില്‍ ലക്ഷക്കണക്കിനു ടണ്‍ പ്രഹരശേഷി പ്രയോഗിച്ചപ്പോള്‍ (സത്യമോ മിത്ഥ്യയോ) അതിന്റെ ഫലം നാമറിയുകയും ചെയ്തു. ഇപ്പോള്‍ പന്നിപ്പനിയുടെ ഉറവിടവും മറ്റൊരിടമല്ലെന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ശരിയായാലും തെറ്റായാലും അതേക്കുറിച്ച് ഒന്നു ചിന്തിയ്ക്കുന്നത് നല്ലതുതന്നെ.

ഇറാക്കില്‍ അത്യന്താധുനിക കൂട്ട നശീകരണായുധങ്ങള്‍ കുമിഞ്ഞു കൂടിക്കിടക്കുന്നെന്നു പറഞ്ഞതും ആ രാജ്യത്തിന്റെ സമാധാനം തകര്‍ത്ത് അരക്ഷിതാവസ്ഥയിലെത്തിച്ചതും അമേരിയ്ക്ക തന്നെ. ഇതില്‍ മുന്‍ അമേരിയ്ക്കന്‍ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് എച്ച് റംസ്‌ഫെള്‍ഡിന്റെ പങ്ക് വളരെ വലുതായിരുന്നു. ആ പദവിയില്‍ എത്തുന്നതിനു മുമ്പ് അദ്ദേഹം കാലിഫോര്‍ണിയ പ്രധാന കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ജലീഡ് സയന്‍സസ് (Gilead sciences) എന്ന മരുന്നു നിര്‍മ്മാണക്കമ്പനിയുടെ ചെയര്‍മാനായിരുന്നു. ഏതാണ്ട് രണ്ടുകോടി ഡോളറിന്റെ ഓഹരി അദ്ദേഹത്തിന് ഈ കമ്പനിയില്‍ ഉണ്ടായിരുന്നു. 2001ല്‍ 7.5 ഡോളര്‍ ഓഹരിവില ഉണ്ടായിരുന്നത് ഇപ്പോള്‍ 51 ഡോളറിലെത്തി നില്‍ക്കുന്നു. അപ്പോള്‍ റംസ്‌ഫെല്‍ഡിന്റെ ലാഭക്കണക്ക് ഊഹിയ്ക്കാമല്ലോ.

അദ്ദേഹം പ്രതിരോധ സെക്രട്ടറി ആയിരിയ്ക്കുമ്പോഴാണ് പകര്‍ച്ചവ്യാധികള്‍ക്കുള്ള മരുന്നു വികസിപ്പിയ്ക്കുന്നതിനുള്ള പദ്ധതി അമേരിയ്ക്കയില്‍ രൂപം കൊള്ളുന്നതും അതിനു വേണ്ടി 750 കോടി ഡോളറിന്റെ ധനസഹായം പ്രസിഡന്റ് ബുഷ് പ്രഖ്യാപിയ്ക്കുന്നതും. ഇതില്‍ നല്ലൊരു സംഖ്യ എത്തിച്ചേര്‍ന്നത് ജലീഡ് സയന്‍സിലാണ്.വൈറസ് ഉണ്ടാക്കുന്ന പകര്‍ച്ചവ്യാധികള്‍ ഇല്ലായിരുന്നെന്നു പറയാമായിരുന്ന അക്കാലത്തു തന്നെയാണ് ഇവയ്ക്ക് ഇപ്പോഴുപയോഗിയ്ക്കുന്ന മരുന്നായ തമിഫ്ലൂ വികസിപ്പിച്ചെടുത്തത്. രോഗമില്ലാതെ മരുന്നെന്തിന്..? ഇവിടെയാണ് നാം പക്ഷിപ്പനിയുടെയും പന്നിപ്പനിയുടെയും ഉറവിടം തിരയേണ്ടത് !

 പക്ഷിപ്പനി റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ പല രാജ്യങ്ങളും ഈ മരുന്ന് വന്‍‌തോതില്‍ ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോള്‍ മൂന്നാം ലോകരാജ്യങ്ങള്‍ വൈറല്‍‌പനിയില്‍ വിറയ്ക്കുമ്പോള്‍ വിറ്റഴിയ്ക്കപ്പെടുന്നതും ഈ മരുന്നുതന്നെ ! ചെറുകിട മരുന്നുല്‍പ്പാദനക്കമ്പനിയായിരുന്ന ജലീഡിന്റെ ഇപ്പോഴത്തെ മൂലധനം 2250 കോടി ഡോളറാണ്. ഇനിപ്പറയൂ പന്നിപ്പനി ലോകത്തു യാദൃശ്ചികമായി ഉണ്ടായതാണോ..?

ഗവണ്മെന്റും ബന്ധപ്പെട്ടവരും ഡോക്ടര്‍മാരും കമ്മീഷനില്‍ മാത്രം കണ്ണുവച്ചു മരുന്നു കുറിയ്ക്കുമ്പോള്‍ H1N1 വൈറസ്സിനെ ചെറുക്കാന്‍ തമി ഫ്ലൂവിനു കഴിയുമോ എന്നു ചിന്തിയ്ക്കേണ്ടതില്ലല്ലോ. ഒരു സര്‍ക്കാരും എതിരും നില്‍ക്കില്ല. H1N1 ന് മരുന്നുണ്ടാക്കുന്ന ബ്രിട്ടീഷ് കമ്പനിയായ ഗ്ലാക്സോ സ്മിത്‌ക്ലൈനു പക്ഷേ റംസ്‌ഫെഡിനെപ്പോലെയുള്ള പ്രഗത്ഭര്‍ താങ്ങാനില്ലാത്തതിനാല്‍ ശോഭിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ കമ്മീഷന്‍ വാഗ്ദാനം ചെയ്യാന്‍ ഇവര്‍ തയ്യാറായിട്ടുള്ളതിനാല്‍ ജലീഡിന്റെ പ്രസക്തി മങ്ങും. അതുകൊണ്ടുതന്നെ വിപണിയില്‍ കടുത്ത പരീക്ഷണങ്ങള്‍ ഉണ്ടാവും. താമസിയാതെ അടുത്ത പകര്‍ച്ചവ്യാധി നമുക്കു പ്രതീക്ഷിയ്ക്കാമെന്നതിനു ഇനിയും തെളിവു വേണ്ടല്ലോ.

 H1N1 കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളും അതിനുപയോഗിയ്ക്കേണ്ട മരുന്നും നിര്‍മ്മിയ്ക്കപ്പെട്ടതിനു ശേഷമാണ് ഈ വൈറല്‍‌പ്പനി പ്രത്യക്ഷപ്പെട്ടിട്ടുള്ളതെന്നു ശ്രദ്ധിച്ചല്‍ മനസ്സിലാവും. അതുകൊണ്ട് പക്ഷിയും പന്നിയും കഴിഞ്ഞ് ഒരു പട്ടിപ്പനിയെ നമുക്കു പ്രതീക്ഷിയ്ക്കാം...!

Monday

ബൂലോകരോട്...


സുഹൃത്തുക്കളെ,
ഫ്രീ സാമ്പിള്‍ എന്ന ബ്ലോഗ് കയ്യില്‍ കിട്ടുന്ന ഫോട്ടോകള്‍ പോസ്റ്റാന്‍ തുടങ്ങിയതാണ്. ഒന്നുരണ്ടെണ്ണം പോസ്റ്റുകയും ചെയ്തു. അപ്പോഴാണ് റിഫ്രഷ് മെമ്മറി തുടങ്ങിയാലോന്ന് തോന്നിയത്. തുടങ്ങിക്കഴിഞ്ഞപ്പോഴാന് വിചാരിച്ചയത്ര എളുപ്പത്തില്‍ കാര്യങ്ങള്‍ നടക്കില്ലെന്നു ബോധ്യമായത്. വിഷ്വലൈസേഷന്‍ ആവശ്യമായ ഈ സംഗതി കൂടുതല്‍ വിശദീകരിയ്ക്കേണ്ടി വരുന്നു. അങ്ങനെ വിശദീകരിച്ചാല്‍ പോസ്റ്റുകള്‍ നീളം കൂടുകയും ചെയ്യും. നീളം പരമാവധി കുറയ്ക്കാനാണു ശ്രമിച്ചിട്ടുള്ളത്. ഇപ്പോള്‍ ഒന്നാം പാര്‍ട്ട് കഴിയുകയും ചെയ്തു. ഇതിന്റെ ബാക്കികൂടി പോസ്റ്റി ബൂലോകത്ത് സ്വതന്ത്രമായി വിടാനാണ് ഇപ്പോള്‍ ഉദ്ദേശിയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഫ്രീ സാമ്പിള്‍ എന്ന പേരു മാറ്റാനും ഈ വിഷയവുമായി ബന്ധപ്പെട്ട ഏതെങ്കിലും പേരിടാനും ആലോചിയ്ക്കുന്നു.

ഓരോ പാര്‍ട്ടും വേര്‍തിരിച്ചു മനസ്സിലാക്കാനുള്ള സൌകര്യവും ചെയ്യുന്നുണ്ട്. പോസ്റ്റുകളില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവും. പോസ്റ്റിക്കഴിഞ്ഞ ഒന്നാം പാര്‍ട്ടില്‍ (അഞ്ച് അദ്ധ്യായങ്ങള്‍) ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അറിയിയ്ക്കാനപേക്ഷ, ഒപ്പം ഫ്രീ സാമ്പിള്‍ എന്നതിനു പകരം ബ്ലോഗിലെ വിഷയത്തിനു യോജിച്ച ഒരു പേരും. രണ്ടാം ഭാഗം സംഖ്യകള്‍ ഓര്‍ക്കാന്‍ വേണ്ടിയുള്ളതാണ്. നല്ല പരിശീലനം ഇതിന്നാവശ്യമാണ്. മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഉപയോഗിയ്ക്കാന്‍ വളരെ എളുപ്പവുമാണ്. ഇതിന്നാവശ്യമായ പ്രതീകങ്ങള്‍ പഠിതാക്കള്‍ തന്നെയാണ് ഉണ്ടാക്കുന്നത്.

 കമ്പ്യൂട്ടര്‍ കേടുവന്നില്ലെങ്കില്‍ ഇനി തുടര്‍ച്ചയായി പോസ്റ്റുകള്‍ പ്രതീക്ഷിയ്ക്കാം. ഇപ്പോള്‍ വല്ലാതെ കേടു വരുന്നുണ്ട്. ഒന്നാം പാര്‍ട്ട് ഫലപ്രദമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് തുടര്‍ന്നുള്ള ഭാഗങ്ങള്‍ വളരെ എളുപ്പമായിരിയ്ക്കും. വേണ്ട സമയത്ത് ഉപദേശങ്ങള്‍ തന്നുകൊണ്ടിരിയ്ക്കുന്ന ചാണക്യനും അരുണ്‍ കായംകുളത്തിനും എന്റെ പ്രത്യേക നന്ദിയും അറിയിയ്ക്കുന്നു. ഒപ്പം മൂന്നാമദ്ധ്യായത്തിലെ ഗുരുതരമായ ഒരു തെറ്റു ചൂണ്ടിക്കാണിച്ചുതന്ന ചാര്‍ളിയ്ക്കും. നിര്‍ദ്ദേശങ്ങള്‍ക്കയി കാത്തിരിയ്ക്കുന്നു...

സ്നേഹപൂര്‍വ്വം,
സാബു കൊട്ടോട്ടി...

Saturday

ഇനിയും മറന്നവരുണ്ടെങ്കില്‍....


സജ്ജീവേട്ടന്റെ ഒരു അഭ്യര്‍ത്ഥന...

സുഹൃത്തുക്കളെ,
കമ്പ്യൂട്ടര്‍ പണിമുടക്കിയതിനാലാണ് ഇതു പോസ്റ്റാന്‍ ഇത്രയും വൈകിയത്. അപ്പു പറഞ്ഞത് അപ്പടിതന്നെ പോസ്റ്റുന്നു... ചെറായിയില്‍ വന്നു കൂടിയ എല്ലാവരോടുമായി ഉള്ളത് പ്രസിദ്ധീകരിക്കുവാന്‍ കൂടിയാണ് ഈ പോസ്റ്റ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ ശ്രദ്ധിക്കൂ:

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യർത്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്. ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693

അതുകൊണ്ട്, ഈ പോസ്റ്റ് കാണുന്ന എല്ലാ ചെറായിക്കൂട്ടുകാരും താന്താങ്ങള്‍ക്കു വരച്ചുകിട്ടിയ കാരിക്കേച്ചറിന്റെ ഒരു ഫോട്ടോ അല്ലെങ്കില്‍ സ്കാന്‍ കോപ്പി സജ്ജീവേട്ടനു എത്രയും വേഗം മെയില്‍ അറ്റാച്ച്മെന്റായി അയച്ചുകൊടുക്കുവാന്‍ താല്പര്യപ്പെടുന്നു....കേട്ടോ.

Sunday

ഓര്‍മ്മകള്‍ ബാക്കിയാക്കി...മുഖവുരയില്ല,
എനിയ്ക്കു പറയാനുള്ളത് ഒരു പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചല്ല. മറിച്ച് ഓരോരോ പ്രശ്നങ്ങള്‍കൊണ്ടു ബുദ്ധിമുട്ടുന്ന എല്ലാവിഭാഗം ജനങ്ങളും അവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടിയിരുന്ന കൊടപ്പനയ്ക്കല്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചാണ്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ പ്രതീക്ഷകളും പേറി വന്നിരുന്ന സഹോദരങ്ങളെ ഈ ചിന്തകളൊന്നുമില്ലാതെ തന്നെയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഇവിടെ എന്റെ ഒരു അനുഭവം പറയാം.

രണ്ടുവര്‍ഷം മുമ്പാണു സംഭവം
എന്റെ താമസസ്ഥലത്തിനടുത്തു എറണകുളം സ്വദേശികളായ ദമ്പതികള്‍ താമസിച്ചിരുന്ന. മലപ്പുറം പൂക്കോട്ടൂര്‍ ഓള്‍ഡ് എല്‍ പി സ്കൂളിലെ ടീച്ചറായ ജീനയും ഭര്‍ത്താവ് റോയി ആംബ്രോസും. അര്‍ഹതപ്പെട്ട അനിവാര്യമായ സ്ഥലം മാറ്റം പലതവണ നിഷേധിയ്ക്കപ്പെടുകയും അധികം പണം അതിനുവേണ്ടി ചെലവിട്ടിട്ടും ഫലമില്ലാതാവുകയും ചെയ്തു വിഷമിയ്ക്കുന്ന സമയത്താണു പാണക്കാട്ടു പോയി ഒന്നു പറഞ്ഞാലോ എന്നു തോന്നിയത്. ഒരു ദിവസം രാവിലേതന്നെ പാണക്കാട്ടേയ്ക്ക് തിരിച്ചു. ഏതാണ്ടൂ പന്ത്രണ്ടു കിലോമീറ്ററേ ദൂരമുള്ളൂ അതിനാല്‍ യാത്ര ഓട്ടോയിലാക്കി. കുടപ്പനയ്ക്കലെത്തിയ ഞങ്ങളുടെ പ്രതീക്ഷ പോലെതന്നെ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. സ്വീകരണമുറിയില്‍ ഒരു പാത്രം നിറയെ ഈത്തപ്പഴം വച്ചിരിയ്ക്കുന്നു. രണ്ടെണ്ണം എടുത്തുകൊണ്ട് ഞങ്ങള്‍ കാത്തിരുന്നു.

അകത്ത് ആരുമായോ ചര്‍ച്ച നടത്തുന്നു. അര മണിയ്ക്കൂര്‍ കാത്തിരുന്നു. ഞങ്ങളുടെ ഊഴമെത്തി

“ഇരിയ്ക്കൂ.., എവിടുന്നാ...?”

“പൂക്കോട്ടൂരു നിന്നാ... ഈ ടീച്ചറുടെ ഒരു കാര്യത്തിനാ”

“എന്താ പ്രശ്നം..”

“ടീച്ചറുടെ അമ്മയ്ക്കു സുഖമില്ല, കുട്ടിയെ നോക്കാന്‍ ആളുമില്ല, പറവൂരേയ്ക്കു സ്ഥലം മാറ്റത്തിനു പലതവണ ശ്രമിച്ചിരുന്നു. ഒരു ഫലവും കാണാത്തതിനാലാണ് ഇവിടെ വന്നത്..”

“എത്ര വര്‍ഷമായി..?”

“പന്ത്രണ്ടു വര്‍ഷമായി ഈ സ്കൂളില്‍...”

‘അപ്പൊ കിട്ടണമല്ലോ... ബഷീറേ ഇങ്ങട് വന്നാ...”
അദ്ദേഅഹത്തിന്റെ മകന്‍ അകത്തുനിന്നു വന്നു.

“ ജ്ജ് ബഷീറിനെ വിളിച്ചാ..., ന്നിട്ട് ഇങ്ങട്ട് താ...”

ഞങ്ങള്‍ അത്ഭുതപ്പെട്ടു ! ആദ്യമായി പാണക്കാട്ടെത്തുന്നതാണ്. അപേക്ഷിച്ച് ഉടന്‍ തീരുമാനം അനുകൂലമായി വരുന്നത് ആദ്യ അനുഭവം ! വിദ്യാഭ്യാസ മന്ത്രിയെ വിളിയ്ക്കാനാണു നിര്‍‌ദ്ദേശിച്ചിരിയ്ക്കുന്നത് ! പാണക്കാട്ടുനിന്ന് ഇ. ടി യ്ക്ക് ഫോണ്‍ പോയി.

“ ബഷീര്‍ക്ക ഏഷ്യാനെറ്റില്‍ ലൈവു പരിപാടിയിലാ ഇപ്പ വിളിയ്ക്കാന്നു പറഞ്ഞു...”

“നിങ്ങളിരിയ്ക്കീ... ഓനിപ്പം വിളിയ്ക്കും...”

ഞങ്ങള്‍ കാത്തിരുന്നു. ഇതിനിടയില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ വന്നു പോകുന്നതു കണ്ടു. അര മണിയ്ക്കൂര്‍ കഴിഞ്ഞില്ല. അകത്തുനിന്നു വിളിവന്നു...

“ബഷീറ് ഫോണിലുണ്ട്... ങ്ങളുതന്ന നേരിട്ടു പറഞ്ഞാളാ..”

ഞങ്ങള്‍ക്ക് അമ്പരപ്പു മാറിയിരുന്നില്ല. ഒരു ശുപാര്‍ശക്കത്തു മാത്രം മോഹിച്ചെത്തിയപ്പോള്‍ മന്ത്രിയെത്തന്നെ വിളിച്ചുതരുന്നു ! ടീച്ചറില്‍നിന്ന് വിശദമായിത്തന്നെ മന്ത്രി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അര്‍ഹമായ സ്ഥലം മാറ്റം ഉറപ്പാക്കിയാണ് ഞങ്ങള്‍ തങ്ങളോടു യാത്രപറഞ്ഞു പിരിഞ്ഞത്. തിരികെ ഓട്ടോയിലേയ്ക്കു കയറുമ്പോള്‍ സന്തോഷം കൊണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞിരിയ്ക്കുന്നതു ഞാന്‍ കണ്ടു.

ഇത് എന്റെ ഒരനുഭവം മാത്രം. പിന്നെയും പാണക്കാട്ടേയ്ക്ക് പലതവണ പോയി. അനുഭവങ്ങള്‍ ഒരുപാടുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും ഹോബിയുണ്ടായിരുന്നെങ്കില്‍ അതു ക്ലോക്കുകളോടു മാത്രമായിരുന്നു. അവിടെ വരുന്നവരില്‍ മിക്കപേരും ഒരു ചെറു ഘടികാരമെങ്കിലും കരുതുകയും ചെയ്തിരുന്നു. സഹായം ചോദിച്ചു വരുന്നവരെ വേര്‍തിരിച്ചുകാണാത്ത വ്യക്തിത്വം മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വേര്‍തിരിച്ചു നിര്‍ത്തുന്നു. അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് ഈ വേര്‍പാട് ഉണ്ടാക്കുന്ന വിഷമം വിവരിയ്ക്കാനാവില്ല. അവരുടെ മനസ്സില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മായാതെ നില്‍ക്കും...

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive