Showing posts with label അനുസ്മരണം. Show all posts
Showing posts with label അനുസ്മരണം. Show all posts

Thursday

പ്രഥമ മനോരാജ് കഥാസമാഹാര പുരസ്ക്കാരം ഇ.പി.ശ്രീകുമാറിന്


  കഥാകൃത്തും ഓൺലൈൻ എഴുത്തിടങ്ങളിൽ സജീവ സാന്നിധ്യവും   നമ്മുടെ ബൂലോകം പത്രാധിപ സമിതി  അംഗവും ആയിരുന്ന  കെ.ആർ.മനോരാജിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഈ വർഷം മുതൽ ഏർപ്പെടുത്തിയിരിക്കുന്ന ‘മനോരാജ് കഥാസമാഹാര പുരസ്ക്കാര‘ത്തിന്  ഇ.പി.ശ്രീകുമാർ  അർഹനായി.  മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘കറൻസി’ എന്ന കഥാസമാഹാരമാണ് പുരസ്ക്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.



കെ.യു.മേനോൻ, എസ്.രമേശൻ, എം.വി.ബെന്നി, പി.യു.അമീർ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡിനർഹമായ കഥാസമാഹാരം തിരഞ്ഞെടുത്തത്. 'സമകാലിക ജീവിത സന്ധികളുടെ വേവും ചൂടും അനുഭവിപ്പിക്കുന്ന ഇ.പി.ശ്രീകുമാറിന്റെ കഥകൾ അവയുടെ ആവിഷ്ക്കാര ചാരുതകൊണ്ടും ശ്രദ്ധേയമാകുന്നു' എന്ന് ജൂറി അഭിപ്രായപ്പെട്ടു.

33,333 രൂപയും ശിൽ‌പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം മനോരാജിന്റെ ഒന്നാം ചരമവാർഷിക ദിനമായ സെപ്റ്റംബർ 26ന് ചെറായി സർവ്വീസ് സഹകരണസംഘം ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും.



ഓണ്‍ ലൈൻ  സൌഹൃദ സമ്മേളനം

   ഉച്ചയ്ക്ക് ശേഷമായിരിക്കും പുരസ്ക്കാര സമ്മേളനം. അന്നേ ദിവസം രാവിലെ  9  മണി മുതൽ ഒത്തുകൂടാൻ താൽ‌പ്പര്യമുള്ള ഓൺലൈൻ / ഓഫ്‌ലൈൻ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒരു ചെറിയ മീറ്റ് സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചനയുണ്ട്.ഓണ്‍ ലൈൻ  സൌഹൃദ സമ്മേളനം   ഉച്ചയ്ക്ക് ശേഷമായിരിക്കും പുരസ്ക്കാര സമ്മേളനം. അന്നേ ദിവസം രാവിലെ  9  മണി മുതൽ ഒത്തുകൂടാൻ താൽ‌പ്പര്യമുള്ള ഓൺലൈൻ / ഓഫ്‌ലൈൻ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒരു ചെറിയ മീറ്റ് സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചനയുണ്ട്.



പുരസ്ക്കാര സമ്മേളനം നടക്കുന്ന ചെറായിയിൽ നിന്നും 4 കിലോമീറ്റർ മാറി, മുനമ്പം എന്ന സ്ഥലത്തുള്ള ‘മുസ്‌രീസ് ഹാർബർ വ്യൂ’ ഹോം സ്റ്റേയിൽ ആയിരിക്കും മീറ്റ് നടക്കുക. പങ്കെടുക്കാൻ താൽ‌പ്പര്യമുള്ളവർ ഇവിടെ ക്ലിക്കുചെയ്ത്  അറിയിക്കുക.  ഉച്ചഭക്ഷണത്തിന്റെ ചെലവ് മാത്രം എല്ലാവരും പങ്കുവെച്ചാൽ മതിയാകും.

Tuesday

നീസ, മരണമില്ലാത്ത സ്നേഹസുഗന്ധം




















കവിതകളുടെ കൂട്ടുകാരി


".....ഇന്ന്
ജീവിതമെന്ന മരീചികയെ
കാൽക്കീഴിലൊരുക്കാൻ
ദു:ഖത്തിൻപാഴ്‌വീണയെ
പുച്ഛത്തിൻ ആവനാഴിയിൽവിട്ട്
വിധിയെന്നക്രൂരനുനേരേ
അമ്പെയ്തുകൊണ്ടിരിക്കുന്നു."

നീസ വെള്ളൂർ അവസാനമായെഴുതിയ വരികളാണിത്. ആ ശ്രമത്തിൽ അവൾ ഇത്രപെട്ടെന്നു പരാജപ്പെടുമെന്ന് സ്വപ്നേപി നിനച്ചിരുന്നില്ലല്ലോ. ബൂലോകത്തു സുഗന്ധം പകർത്താൻ അളവറ്റ് ആഗ്രഹിച്ചിരുന്ന അവൾ നമുക്ക് ഒരു തീരാനഷ്ടമായതും ആ സ്നേഹ സുഗന്ധം ഓർമ്മകളിലെ വേദനയായി മാത്രം മാറിയതും വിശ്വസിക്കാൻ പ്രയാസമാകുന്നതും അതുകൊണ്ടുതന്നെയാണ്.

കഴിഞ്ഞ ഫെബ്രുവരി പത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എന്റെ മൊബൈലിലേക്ക് ഒരു ഫോൺ വന്നു. എടപ്പലം യത്തീംഖാന ഹയർ സെക്കൻഡറി സ്കൂളിലെ ഉർദു അദ്ധ്യാപകനായ വെള്ളൂർ പാലേങ്ങര അബ്ദുറഹ്‌മാൻ മാസ്റ്ററായിരുന്നു മറുവശത്ത്. ആളെ മനസ്സിലായില്ലെന്ന് എനിയ്ക്കറിയാം. കവിതകളുടെ കൂട്ടുകാരിയായിരുന്ന നീസ വെള്ളൂർ എന്നപേരിൽ ബ്ലോഗെഴുതുന്ന റഹ്‌മത്തുന്നീസ എന്ന പതിനഞ്ചുകാരിയുടെ പിതാവ്. "അത്യാവശ്യമായി ഒന്നു കാണണം, കോഴിക്കോടുവരെ ഒന്നു വരണം.." അതായിരുന്നു ആവശ്യം. അത്രമാത്രമേ പറഞ്ഞുള്ളൂ. ഫോൺ ഡിസ്‌കണക്റ്റു ചെയ്തു. അദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നു സംസാരത്തിൽ നിന്നു മനസ്സിലായി. കൂടുതൽ ആലോചിച്ചില്ല, നേരേ മെഡിയ്ക്കൽ കോളേജിലെത്തി. എന്തെങ്കിലും അത്യാവശ്യമില്ലാതെ അദ്ദേഹം ഈ വിധത്തിൽ വിളിയ്ക്കില്ലെന്നുറപ്പായിരുന്നു.

വാതിൽക്കൽത്തന്നെ അദ്ദേഹം കാത്തുനിന്നിരുന്നു. പ്രായത്തിന്റെ തളർച്ചയിൽക്കവിഞ്ഞ് നീസയുടെ അവസ്ഥയിൽ മനസ്സുതകർന്ന് പടുവൃദ്ധനായ ഒരു മനുഷ്യക്കോലമായി അദ്ദേഹം മാറിയിരിയ്ക്കുന്നു.

എന്താ അത്യാവശ്യം വല്ലതും..?
ഒരു കടലാസ് അദ്ദേഹം എന്റെ നേരേ നീട്ടി.
ഇത് ഇന്നുതന്നെ അവളുടെ ബ്ലോഗിലിടണമെന്നു പറഞ്ഞു. ഇതിനു മുമ്പു തന്നതല്ല ഇതുതന്നെ ഇടണമെന്നു വാശിപിടിച്ചു. ഇന്നുതന്നെ താങ്കളോടു പറയണമെന്നും പറഞ്ഞു.
അസുഖത്തിന്റെ അവസ്ഥ എന്താണ്?
കൗണ്ട് വല്ലാതെ കുറഞ്ഞിട്ടുണ്ട്. പനിയും ഷുഗറും കൂടുതലാണ്, വേദനയും കൂടിയിട്ടുണ്ട്.
സാധാരണഗതിയിൽ ഇങ്ങനെ കൂടിയും കുറഞ്ഞും കാണുന്നതുകൊണ്ട് പ്രത്യേകിച്ച് എനിക്കൊന്നും തോന്നിയില്ല. പനി കുറയുമ്പോൾ കൗണ്ട് കൂടുകയും അസുഖത്തിന് ആശ്വാസമുണ്ടായി ഡിസ്ചാർജ്ജാവുകയുമാണ് ചെയ്യാറ്. ഇവിടെയും ഞാൻ അങ്ങനെതന്നെ കരുതി.
അവളെ ഒന്നു കാണണമല്ലോ
വേദന കൂടിയപ്പോൾ ഒരിഞ്ചക്ഷൻ കൊടുത്തിരിയ്ക്കുകയാണ്, ഇപ്പോൾ ആർക്കും കാണാൻ പറ്റില്ലെന്നു പറഞ്ഞു. മാത്രമല്ല സംസാരിയ്ക്കരുതെന്നും പൂർണ്ണ വിശ്രമം വേണമെന്നും പറഞ്ഞിരിയ്ക്കുകയാണ്.

ആശുപത്രിയിൽ എത്തിയിട്ടും അവളെ ഒന്നു കാണാനോ സംസാരിയ്ക്കാനോ കഴിയാത്ത വേദനയോടെ ഞാൻ മടങ്ങി നീസയോടുള്ള ആ പിതാവിന്റെ ആ സ്നേഹത്തിൽ അനുസരിച്ച് ഒരു കവിത പോസ്റ്റുചെയ്യുന്നതുകൊണ്ട് അവൾക്ക് അൽപ്പമെങ്കിലും സന്തോഷവും അതിലൂടെ അൽപ്പം ആശ്വാസവും അദ്ദേഹം ആഗ്രഹിച്ചെങ്കിൽ അത് മറ്റെന്തിനേക്കാളും വലിയ അത്യാവശ്യമായിത്തന്നെ എനിയ്ക്കു തോന്നി.. അന്നുതന്നെ അവളുടെ ബ്ലോഗിൽ അതു പോസ്റ്റുചെയ്തു. അതാണ് നിലാമഴകളിലെ അവസാല കവിതാശകലങ്ങൾ. അതു പോസ്റ്റുചെയ്തു മണിയ്ക്കൂറുകൾ കഴിയുന്നതിനു മുമ്പ് അവൾ ഈ ലോകം വിട്ടു പോയി. ഓരോ പോസ്റ്റിലും സന്തോഷിയ്ക്കുന്ന അവൾ അവസാനപോസ്റ്റും ബൂലോകത്തെത്തിയതറിഞ്ഞ്  വേദനയ്ക്കിടയിലും അളവറ്റു സന്തോഷിച്ചിരുന്നുവെന്ന് അവളുടെ ഉപ്പാപറഞ്ഞ് ഇന്നു ഞാനറിഞ്ഞു. പേരറിയാത്ത ഏതോ ബ്ലോഗ് സുഹൃത്ത് ആദ്യകമന്റും അവൾക്കെത്തിച്ചുകൊടുത്തു.

ആദ്യ കൂടിക്കാഴ്ച

മലപ്പുറം പൂക്കോട്ടൂർ പി കെ എം ഐ സി സ്കൂളിൽ പഠിയ്ക്കുന്ന എന്റെ രണ്ടാമത്തെ മകന്റെ സ്കൂൾ വിശേഷങ്ങൾ തിരക്കാനും മകൻ ഉൾപ്പെട്ട കലാമത്സരങ്ങൾ കാണാനുമാണ് ഞാൻ ആ സ്കൂളിലെത്തിയത്. അന്ന് സ്കൂളിൽ കലാമത്സരങ്ങൾ നടക്കുന്നുണ്ടായിരുന്നു. കവിതയെഴുത്തിൽ സമ്മാനം വാങ്ങി അതു പാരായണം ചെയ്യുന്ന നീസയുടെ ശബ്ദമാണ് എന്നെ സ്വാഗതം ചെയ്തത്. വരികളുടെ ആകർഷണീയതയോ ആലാപന ശൈലിയോ ഏതെന്നറിയില്ല എന്നെ ആകൃഷ്ടനാക്കിയത്. അവളെ പരിചയപ്പെട്ടപ്പോഴാണ് അവൾ ഞാനറിയുന്ന ഉർദുമാസ്റ്ററുടെ മകളാണെന്നതു മനസ്സിലായത്. ധാരാളം കവിതകൾ എഴുതുന്നുണ്ടെന്നു മനസ്സിലായതുമപ്പോഴാണ്. അവളെ ബൂലോകത്തിനു പരിചയപ്പെടുത്തണമെന്നും അവളുടെ വരികൾ ബൂലോകത്തും വിരാചിയ്ക്കണമെന്നും തോന്നിയതും അങ്ങനെയാണ്. അന്നുതന്നെ അവളുടെ വീട്ടിലെത്തി. ബ്ലോഗിനെയും ബ്ലോഗിങ്ങിനെയും കുറിച്ച് പറഞ്ഞുകൊടുത്തപ്പോൾ സ്കൂളിൽ ചൊല്ലിയതടക്കം നാലു കവിതകൾ സന്തോഷത്തോടെ അവൾ എന്നെ ഏൽപ്പിച്ചു.

കുശല സംഭാഷണങ്ങൾക്കിടയിലാണ് നീസയുടെ അസുഖ വിവരം ഞാനറിഞ്ഞത്. പക്ഷേ അസുഖത്തിന്റെ ഗുരുതരവാസ്ഥ അവൾക്കോ അദ്ദേഹത്തിനോ എനിയ്ക്കോ അപ്പോൾ അറിയുമായിരുന്നില്ല. ഇടയ്ക്ക് മെഡിയ്ക്കൽ കോളേജിൽ പോകും, ചിലപ്പോഴൊക്കെ അഡ്‌മിറ്റാവും കുറയുമ്പോൾ തിരിച്ചുപോരും. ലാപ്ടോപ്പും നെറ്റും കരുതിയിരുന്നതുകൊണ്ട് അപ്പോൾത്തന്നെ ബ്ലോഗുതുടങ്ങി. ആദ്യകവിത പോസ്റ്റുചെയ്ത് അവളെക്കാണിച്ചപ്പോൾ ആ മുഖത്തുണ്ടായ സന്തോഷം പറഞ്ഞറിയിയ്ക്കാൻ കഴിയില്ല.

ഈ സമയത്താണ്   കൃതി പബ്ലിക്കേഷൻസ് "കാ വാ രേഖ?" എന്ന പേരിൽ കവിതാ സമാഹാരം പുറത്തിറക്കുന്നവിവരം മനോരാജ് പറഞ്ഞ് ഞാനറിഞ്ഞത്. നീസയുടെ ഒരു കവിത അയച്ചുകൊടുക്കുകയും അവർ അതു പരിഗണിയ്ക്കുകയും തുഞ്ചൻ‌പറമ്പ് ബ്ലോഗേഴ്സ് മീറ്റിൽ വച്ച്  ശ്രീ കെ.പി. രാമനുണ്ണി അതിന്റെ പ്രകാശനകർമ്മം നടത്തുകയും ചെയ്തു. ആ മീറ്റിൽ അവൾ പങ്കടുക്കുകയും ആശുപത്രിക്കിടക്കയിൽ അവളെ പരിചരിയ്ക്കുന്ന പ്രിയപ്പെട്ട ഉമ്മയെക്കുറിച്ച് കവിത ചൊല്ലുകയും ചെയ്തിരുന്നു. 

ബൂലോക സാന്ത്വനം

നീസയുടെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് ഭീമൻ ബാധ്യത നിലനിൽക്കുന്നുണ്ടെന്നും തുടർ ചികിത്സയെ അതു ബാധിയ്ക്കുന്നുണ്ടെന്നും മനസ്സിലായപ്പോൾ അതു ബൂലോകരെ അറിയിച്ചിരുന്നു. തുടർന്ന് കഴിയുന്ന സഹായങ്ങൾ അവളുടെ ചികിത്സാ ചെലവിലേയ്ക്ക് എത്തിച്ചു കൊടുക്കാൻ ബൂലോകത്തെ ധാരാളം സുമനസ്സുകൾ തയ്യാറായി. ചെറുതല്ലാത്ത സംഖ്യ പലപ്പോഴായി നേരിട്ടും അല്ലാതെയും എത്തിച്ചുകൊടുക്കാൻ നമുക്ക് സാധിച്ചു. ആശുപത്രിയിൽ അഡ്‌മിറ്റായിരുന്ന സമയത്തെല്ലാം അവൾക്ക് ആവശ്യമായ രക്തം ആവശ്യമുള്ള സമയത്തുതന്നെ എത്തിച്ചുകൊടുക്കാൻ ഇ‌-മലയാളക്കൂട്ടായ്മ വഹിച്ച പങ്ക് ചെറുതല്ല. മാനസികമായും സാമ്പത്തികമായും എല്ലാം അവൾക്കും കുടുംബത്തിനും ദേശഭേദമന്യേ ബൂലോകർ നൽകിയ പിന്തുണയും സ്നേഹവും അവർക്ക് ആശ്വാസകരമായിരുന്നു എന്നത് നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങളുടെ ഫലപ്രാപ്തി വിളിച്ചു പറയുന്നുണ്ട്.

             തുഞ്ചൻപറമ്പ് ബ്ലോഗേഴ്‌സ് മീറ്റിൽ നീസയും ഷെരീഫ് കൊട്ടാരക്കരയും
 ബൂലോകത്തുനിന്നും അവളെ സന്തോഷിപ്പിയ്ക്കുന്ന ധാരാളം വിളികളും കവിതയെഴുത്തിനുള്ള നിർദ്ദേശവും നിത്യവും ചെന്നിരുന്നു. നമ്മൾ പകർന്നു നൽകിയ ആ സ്നേഹം കൊണ്ടുതന്നെയാവണം അവളുടെ വിയോഗ വാർത്ത ആദ്യം ബൂലോകത്തെത്തന്നെ അറിയിച്ച് ഒന്നു പൊട്ടിക്കരയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സാധാരണപോലെയുള്ള വിളി പ്രതീക്ഷിച്ച് ഫോൺ അറ്റന്റു ചെയ്ത എനിയ്ക്ക് മറുതലയ്ക്കലെ തേങ്ങൽ കേട്ടു പകച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ.

നീസ വെള്ളൂരിന്റെ മുപ്പതു കവിതകൾ "വിരഹബാഷ്പം" എന്നപേരിൽ ഒരു വർഷം മുമ്പ് പുറത്തിറങ്ങിയിട്ടുണ്ട്. കൂടാതെ അവളുടെ കവിതയുൾപ്പെട്ട "കാ വാ രേഖ"യും.

എനിയ്ക്കുള്ള സ്നേഹോപഹാരമായി അവളുടെ ഹൃദയത്തിൽത്തൊട്ട് എനിയ്ക്കുമാത്രമായി അവളെഴുതി എന്നെയേൽപ്പിച്ച കവിത എന്നിൽ ഒരു നൊമ്പരമാകുന്നു. ബൂലോകർക്ക് സമ്മാനമായി തരാൻ എന്നെ ഏൽപ്പിച്ച കവിതകൾക്കൊപ്പം അതു കൈകളിൽ വിറകൊള്ളുന്നു. സ്കാനിംഗിനായി എടുത്തുകൊണ്ടുവന്നപ്പോൾ എന്റെ ചെറിയ മകന്റെ കുസൃതിയിൽ നനഞ്ഞുപോയ ഈ കടലാസുതുണ്ടുകൾ ഉണക്കിയെടുക്കുമ്പോൾ അവളെക്കുറച്ചുള്ള ഓർമ്മകളെ മിനുക്കുകകൂടിയാണു ഞാൻ ചെയ്യുന്നത്. അതിലെ അക്ഷരങ്ങൾക്കു സംഭവിച്ച അവ്യക്തത പൂർത്തിയാക്കാൻ കഴിയാതെ പോയ അവളുടെ സ്നേഹസമ്മാനങ്ങളായി ഞാൻ കാണുന്നു. അക്ഷരങ്ങൾ അവ്യക്തമായെങ്കിലും വ്യക്തമായ പ്രശോഭിതമുഖം അവളെ ഇഷ്ടപ്പെട്ടിരുന്നവരിൽ എക്കാലവും ഉണ്ടാവും. ഒപ്പം ഇ-ലോകത്ത് ആലേഖനം ചെയ്ത അവളുടെ ശബ്ദവും ആ വരികളും...

Monday

അങ്കിളിന് ആദരാഞ്ജലികള്‍



സര്‍ക്കാര്‍ കാര്യം, ഉപഭോക്താവ് എന്നീ ബ്ലോഗുകളിലൂടെ നാടിന്റെ സാര്‍വത്രിക വികസനത്തിന് പ്രയത്നിയ്ക്കുകയും അഴിമതിയ്ക്കെതിരേ നിരന്തരം പോരാടുകയും ചെയ്തുകൊണ്ടിരുന്ന നമ്മുടെ പ്രിയപ്പെട്ട അങ്കിള്‍ നമ്മെ വിട്ടുപിരിഞ്ഞിരിയ്ക്കുന്നു.

ചെറായി ബ്ലോഗേഴ്‌സ് മീറ്റില്‍ വച്ചാണ് അദ്ദേഹത്തെ നേരില്‍ പരിചയപ്പെടുന്നത്. തുടര്‍ന്നങ്ങോട്ട് നിരന്തരം ബന്ധപ്പെടാനും സാമൂഹിക സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം തേടാനും ഞങ്ങള്‍ക്ക് അത്താണിയായിരുന്നു അങ്കിള്‍. ഞങ്ങളുടെ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് സഹായകമാവും വിധത്തില്‍ വിവരാവകാശ മനുഷ്യാവകാശ കൂട്ടായ്‌മ എന്ന പേരില്‍വിവരാവകാശത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന കൂട്ടായ്മ രൂപപ്പെടുത്താന്‍ ഞങ്ങള്‍ക്കു പ്രചോദനമായതും അതിനു ഞങ്ങളെ സഹായിച്ചു കൊണ്ടിരുന്നതും അങ്കിളായിരുന്നു. ഈമെയില്‍ കൂട്ടായ്മയിലൂടെ നടന്ന ചര്‍ച്ചകള്‍ക്ക് ഇന്ന് നാഥനില്ലാതെയായിരിയ്ക്കുന്നു. പകരം വയ്ക്കാനില്ലാത്ത നികത്താന്‍ കഴിയാത്ത ആ നഷ്ടത്തിനുമുന്നില്‍ ഞങ്ങള്‍ ശിരസ്സു നമിയ്ക്കുന്നു...

ബൂലോകരുടെ ഹൃദയങ്ങളില്‍ അങ്കിളിന്റെ ഓര്‍മ്മകള്‍ എക്കാലവും മരിയ്ക്കാതെ നിലനില്‍ക്കും...
അങ്കിളിന് ആദരാഞ്ജലികള്‍...

Saturday

ജ്യോനവന്‍ പോയിട്ട് ഒരു വര്‍ഷം...



ബൂലോകത്ത് ഏറെചിന്തിപ്പിയ്ക്കുന്ന ചെറുതും വലുതുമായ കവിതകള്‍ സമ്മാനിച്ച് നമ്മളെ സന്തോഷിപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ചങ്ങാതിയും യുവകവിയുമായ ജ്യോനവന്‍ നമുക്കാസ്വദിയ്ക്കാന്‍ ഒരു പൊട്ടക്കലം ബാക്കിവച്ചു നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാവുന്നു. അകാലത്തില്‍ നമ്മെ വിട്ടുപോയ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഒരായിരം അശ്രുകണങ്ങള്‍....

Sunday

ലാല്‍‌സലാം...

ജ്യോതിബസു
23 വര്‍ഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. സി. പി. ഐ. എമ്മിന്റെ സ്ഥാപക പോളിറ്റ് ബ്യൂറോ അംഗങ്ങളിലെ അവസാന കണ്ണി. മുഖ്യമന്ത്രി, തൊഴിലാളി നേതാവ്, രാഷ്ട്ര തന്ത്രജ്ഞന്‍, വിപ്ലവകാരി തുടങ്ങിയ മേഖലകളില്‍ കഴിവു തെളിയിച്ച ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉയര്‍ന്ന രാഷ്ട്രീയ വ്യക്തിത്വം....
അദ്ദേഹത്തിന് ആദരാഞ്ജലികള്‍...

ഓര്‍മ്മകള്‍ ബാക്കിയാക്കി...



മുഖവുരയില്ല,
എനിയ്ക്കു പറയാനുള്ളത് ഒരു പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചല്ല. മറിച്ച് ഓരോരോ പ്രശ്നങ്ങള്‍കൊണ്ടു ബുദ്ധിമുട്ടുന്ന എല്ലാവിഭാഗം ജനങ്ങളും അവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടിയിരുന്ന കൊടപ്പനയ്ക്കല്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചാണ്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ പ്രതീക്ഷകളും പേറി വന്നിരുന്ന സഹോദരങ്ങളെ ഈ ചിന്തകളൊന്നുമില്ലാതെ തന്നെയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഇവിടെ എന്റെ ഒരു അനുഭവം പറയാം.

രണ്ടുവര്‍ഷം മുമ്പാണു സംഭവം
എന്റെ താമസസ്ഥലത്തിനടുത്തു എറണകുളം സ്വദേശികളായ ദമ്പതികള്‍ താമസിച്ചിരുന്ന. മലപ്പുറം പൂക്കോട്ടൂര്‍ ഓള്‍ഡ് എല്‍ പി സ്കൂളിലെ ടീച്ചറായ ജീനയും ഭര്‍ത്താവ് റോയി ആംബ്രോസും. അര്‍ഹതപ്പെട്ട അനിവാര്യമായ സ്ഥലം മാറ്റം പലതവണ നിഷേധിയ്ക്കപ്പെടുകയും അധികം പണം അതിനുവേണ്ടി ചെലവിട്ടിട്ടും ഫലമില്ലാതാവുകയും ചെയ്തു വിഷമിയ്ക്കുന്ന സമയത്താണു പാണക്കാട്ടു പോയി ഒന്നു പറഞ്ഞാലോ എന്നു തോന്നിയത്. ഒരു ദിവസം രാവിലേതന്നെ പാണക്കാട്ടേയ്ക്ക് തിരിച്ചു. ഏതാണ്ടൂ പന്ത്രണ്ടു കിലോമീറ്ററേ ദൂരമുള്ളൂ അതിനാല്‍ യാത്ര ഓട്ടോയിലാക്കി. കുടപ്പനയ്ക്കലെത്തിയ ഞങ്ങളുടെ പ്രതീക്ഷ പോലെതന്നെ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. സ്വീകരണമുറിയില്‍ ഒരു പാത്രം നിറയെ ഈത്തപ്പഴം വച്ചിരിയ്ക്കുന്നു. രണ്ടെണ്ണം എടുത്തുകൊണ്ട് ഞങ്ങള്‍ കാത്തിരുന്നു.

അകത്ത് ആരുമായോ ചര്‍ച്ച നടത്തുന്നു. അര മണിയ്ക്കൂര്‍ കാത്തിരുന്നു. ഞങ്ങളുടെ ഊഴമെത്തി

“ഇരിയ്ക്കൂ.., എവിടുന്നാ...?”

“പൂക്കോട്ടൂരു നിന്നാ... ഈ ടീച്ചറുടെ ഒരു കാര്യത്തിനാ”

“എന്താ പ്രശ്നം..”

“ടീച്ചറുടെ അമ്മയ്ക്കു സുഖമില്ല, കുട്ടിയെ നോക്കാന്‍ ആളുമില്ല, പറവൂരേയ്ക്കു സ്ഥലം മാറ്റത്തിനു പലതവണ ശ്രമിച്ചിരുന്നു. ഒരു ഫലവും കാണാത്തതിനാലാണ് ഇവിടെ വന്നത്..”

“എത്ര വര്‍ഷമായി..?”

“പന്ത്രണ്ടു വര്‍ഷമായി ഈ സ്കൂളില്‍...”

‘അപ്പൊ കിട്ടണമല്ലോ... ബഷീറേ ഇങ്ങട് വന്നാ...”
അദ്ദേഅഹത്തിന്റെ മകന്‍ അകത്തുനിന്നു വന്നു.

“ ജ്ജ് ബഷീറിനെ വിളിച്ചാ..., ന്നിട്ട് ഇങ്ങട്ട് താ...”

ഞങ്ങള്‍ അത്ഭുതപ്പെട്ടു ! ആദ്യമായി പാണക്കാട്ടെത്തുന്നതാണ്. അപേക്ഷിച്ച് ഉടന്‍ തീരുമാനം അനുകൂലമായി വരുന്നത് ആദ്യ അനുഭവം ! വിദ്യാഭ്യാസ മന്ത്രിയെ വിളിയ്ക്കാനാണു നിര്‍‌ദ്ദേശിച്ചിരിയ്ക്കുന്നത് ! പാണക്കാട്ടുനിന്ന് ഇ. ടി യ്ക്ക് ഫോണ്‍ പോയി.

“ ബഷീര്‍ക്ക ഏഷ്യാനെറ്റില്‍ ലൈവു പരിപാടിയിലാ ഇപ്പ വിളിയ്ക്കാന്നു പറഞ്ഞു...”

“നിങ്ങളിരിയ്ക്കീ... ഓനിപ്പം വിളിയ്ക്കും...”

ഞങ്ങള്‍ കാത്തിരുന്നു. ഇതിനിടയില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ വന്നു പോകുന്നതു കണ്ടു. അര മണിയ്ക്കൂര്‍ കഴിഞ്ഞില്ല. അകത്തുനിന്നു വിളിവന്നു...

“ബഷീറ് ഫോണിലുണ്ട്... ങ്ങളുതന്ന നേരിട്ടു പറഞ്ഞാളാ..”

ഞങ്ങള്‍ക്ക് അമ്പരപ്പു മാറിയിരുന്നില്ല. ഒരു ശുപാര്‍ശക്കത്തു മാത്രം മോഹിച്ചെത്തിയപ്പോള്‍ മന്ത്രിയെത്തന്നെ വിളിച്ചുതരുന്നു ! ടീച്ചറില്‍നിന്ന് വിശദമായിത്തന്നെ മന്ത്രി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അര്‍ഹമായ സ്ഥലം മാറ്റം ഉറപ്പാക്കിയാണ് ഞങ്ങള്‍ തങ്ങളോടു യാത്രപറഞ്ഞു പിരിഞ്ഞത്. തിരികെ ഓട്ടോയിലേയ്ക്കു കയറുമ്പോള്‍ സന്തോഷം കൊണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞിരിയ്ക്കുന്നതു ഞാന്‍ കണ്ടു.

ഇത് എന്റെ ഒരനുഭവം മാത്രം. പിന്നെയും പാണക്കാട്ടേയ്ക്ക് പലതവണ പോയി. അനുഭവങ്ങള്‍ ഒരുപാടുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും ഹോബിയുണ്ടായിരുന്നെങ്കില്‍ അതു ക്ലോക്കുകളോടു മാത്രമായിരുന്നു. അവിടെ വരുന്നവരില്‍ മിക്കപേരും ഒരു ചെറു ഘടികാരമെങ്കിലും കരുതുകയും ചെയ്തിരുന്നു. സഹായം ചോദിച്ചു വരുന്നവരെ വേര്‍തിരിച്ചുകാണാത്ത വ്യക്തിത്വം മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വേര്‍തിരിച്ചു നിര്‍ത്തുന്നു. അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് ഈ വേര്‍പാട് ഉണ്ടാക്കുന്ന വിഷമം വിവരിയ്ക്കാനാവില്ല. അവരുടെ മനസ്സില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മായാതെ നില്‍ക്കും...

സാഹിത്യലോകത്തിന്‍റെ തീരാനഷ്ടം...


മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി കമലാസുറയ്യ
ഈ ലോകംവിട്ട്‌ നമ്മെ ഏവരെയും വിട്ടു പോയി.

ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ പൂനെ
ജഹാംഗീര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ശ്വാസകോശ രോഗബാധയാണ്‌ കാരണം.
ഏറെനാളായി കടുത്ത പ്രമേഹരോഗത്തിനു ചികിത്സയിലായിരുന്നു.
സഹായി അമ്മുവും മകന്‍ ജയസൂര്യയും മരണസമയത്ത്‌അടുത്തുണ്ടായിരുന്നു.

പുന്നയൂര്‍കുളത്ത്‌ നാലപ്പാട്ട്‌ തറവാട്ടില്‍, എ. വി. നായരുടെയും
കവയിത്രി ബാലാമണിയമ്മയുടെയും മകളായി 1934 മാര്‍ച്ച്‌ 31 ജനനം.
ഭര്‍ത്താവ്‌ മാധവദാസ്‌ നേരത്തേ മരണപ്പെട്ടു.
എം. ഡി. നാലപ്പാട്‌, ചിന്നന്‍ ദാസ്‌ എന്നിവരും മക്കളാണ്‌.

മലയാളത്തില്‍ മാധവിക്കുട്ടിയെന്നും ഇംഗ്ളീഷില്‍ കമലാദാസെന്നും
സാഹിത്യ ലോകത്ത്‌ അറിയപ്പെട്ടു. 1999ല്‍ മതം മാറി കമലാസുറയ്യ
ആയപ്പോള്‍ കുറച്ചു വിവാദവും ഉണ്ടായിരുന്നു. 1955ല്‍
പുറത്തിറങ്ങിയ "മതിലുകള്‍" ആയിരുന്നു ആദ്യ കഥാസമാഹാരം.

തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, ചുവന്ന പാവാട,
തണുപ്പ്‌, പക്ഷിയുടെ മണം, എന്‍റെ സ്നേഹിത അരുണ,
തെരഞ്ഞെടുത്ത കഥകള്‍, മാനസി, വര്‍ഷങ്ങള്‍ക്കുമുമ്പ്‌, എന്‍റെ കഥ,
മനോമി, നീര്‍മാതളം പൂത്ത കാലം, ചന്ദനമരങ്ങള്‍, ഡയറിക്കുറിപ്പുകള്‍,
വണ്ടിക്കാളകള്‍, ബാല്യകാല സ്മരണകള്‍ ഇങ്ങനെ മലയാളത്തിലും
കളക്റ്റഡ്‌ പോയംസ്‌, സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്സ്‌ ഓഫ്‌ ല സ്റ്റ്‌,
ദ ഡിസ്റ്റന്‍സ്‌, ഓള്‍ഡ്‌ പ്ളേ ഹൌസ്‌ ഇങ്ങനെ ഇംഗ്ളീഷിലും പ്രധാന കൃതികള്‍.

ഇലസ്ട്രേറ്റഡ്‌ വീക്ക്‌ ലി ഓഫ്‌ ഇന്ത്യയുടെ പൊയട്രി എഡിറ്റര്‍ ആയിരുന്നു.
ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പോയട്രി പ്രൈസ്‌,
എഴുത്തച്ഛന്‍ പുരസ്ക്കാരം, കെന്‍
ഡ്‌ അവാര്‍ഡ്‌,
സാഹിത്യ അക്കാദമി പുരസ്ക്കാരം, വയലാര്‍ അവാര്‍ഡ്‌
മുതലായ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

മലയാളത്തിന്‍റെ പ്രിയ കഥാകാരി കമലാസുറയ്യക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ബ്ളോഗ്‌ കുടുംബത്തില്‍ നിന്നും കൊട്ടോട്ടിക്കാരനും...

Popular Posts

Recent Posts

Blog Archive