Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts

Monday

ഓര്‍മ്മയില്‍ ഒരു ഗാനമേള..

കല്ലെടുത്തു കീച്ചരുതേ നാട്ടാരേ....
എല്ലുവലിച്ചൂരരുതേ നാട്ടാരേ, അയ്യോ
കല്ലെടുത്തു കീച്ചരുതേ നാട്ടാരേ....

റിഹേഴ്സല്‍ തുടങ്ങിയിട്ട് മണിയ്ക്കൂര്‍ രണ്ടു കഴിഞ്ഞിരിയ്ക്കുന്നു. തുടര്‍ച്ചയായുള്ള ഗിറ്റാര്‍ വായന കഴിഞ്ഞ് ഒന്നു നടു നിവര്‍ക്കാന്‍ കോലായിലേയ്ക്കിറങ്ങിയതാണ്. മൂലയിലിരുന്ന നാഷണല്‍ പാനസോണിക്കിന്റെ തിരുമണ്ടയില്‍ ഒന്നു ഞെക്കിനോക്കിയപ്പോഴാണ് കാഥികന്‍ വി.ഡി. രാജപ്പന്റെ മുകളില്‍ കുറിച്ചിട്ട വരികള്‍ നെഞ്ചത്തുകൂടി പടപടാന്ന് ഉരുണ്ടിറങ്ങിയത്. ഗാനമേള നടക്കുമ്പോഴും ഇങ്ങനെ പാടേണ്ടിവരുമോന്നുള്ള സന്ദേഹം മനസ്സില്‍ തോന്നിയോ..?

സോറി...
കാര്യം പറയാന്‍ മറന്നു.
പ്രതിഷ്ഠയില്ലാത്ത വളരെ പ്രസിദ്ധിയുള്ള ഭദ്രകാളീ ക്ഷേത്രമാണ് കടയ്ക്കല്‍ ഭദ്രകാളീ ക്ഷേത്രം. കുംഭമാസത്തിലെ തിരുവാതിര നാളിലാണ് പ്രധാന ഉത്സവം അന്ന് എടുപ്പുകുതിരയും കുത്തിയോട്ടക്കളിയും മറ്റു വര്‍ണ്ണക്കാഴ്ച്ചകളും ധാരാളമുണ്ടാവും. അതേക്കുറിച്ച് മറ്റൊരവസരത്തില്‍ പറയാം. പത്തുപതിനഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഇവിടെ ആഘോഷിയ്ക്കുന്നത്. നാടകവും ബാലെയും കഥകളിയും കഥാപ്രസംഗവും ഗാനമേളയുമൊക്കെയായി ഒരു മഹാ ഉത്സവം. ദിവസം മിനിമം രണ്ടു പ്രൊഫഷണല്‍ പരിപാടികള്‍ ഉണ്ടാവും.

എല്ലാ വര്‍ഷവും കുംഭമാസത്തിലെ മകയിരം നാളില്‍ ഈ ക്ഷേത്രവളപ്പില്‍ മങ്കമാര്‍ പൊങ്കാലയിടുന്നു. ഈ സമയത്തു നടത്താനുള്ള ഗാനമേളയുടെ റിഹേഴ്സലാണ് നേരത്തേ കണ്ടത്. രണ്ടര മൂന്നുമണിയ്ക്കൂര്‍ ഗാനമേള. പൂര്‍ണ്ണമായും കടയ്ക്കല്‍ ദേവീഭക്തിഗാനങ്ങളാണ് ഈ സമയം പാടുന്നത്. കൈയിലെ സിഗരറ്റ് എരിഞ്ഞുകഴിഞ്ഞു. ഒരു ക്ലാസിയ്ക്കല്‍ സോംഗാണ് പാടിക്കൊണ്ടിരുന്നത്. ഗിറ്റാറിന്റെ പണി അതിലില്ലാത്തതിനാല്‍ കോലായിലിറങ്ങിയതാണ്. അതു കഴിഞ്ഞിരിയ്ക്കുന്നു. ഹാളിലേയ്ക്കു കയറി ഗിറ്റാറു കയ്യിലെടുത്തു. സംഗീത പാടിത്തുടങ്ങി....

“അത്താഴപ്പാട്ടിന്‍ അകത്തളത്തില്‍....”

വളരെ മനോഹരമായിത്തന്നെ ട്രയല്‍ അവസാനിച്ചു. പിറ്റേന്ന് എല്ലാവര്‍ക്കും വിശ്രമമായതിനാല്‍ ഉപകരണങ്ങളെല്ലാമൊതുക്കി പായ്ക്കുചെയ്ത് പുറത്തിറങ്ങി.

നാലരയോടെതന്നെ എല്ലാരും സ്റ്റേജില്‍ ഹാജരായി. മുറ്റത്തു പൊങ്കാലയിടാനുള്ളതിരക്ക് ഒരിടത്ത്, പാട്ടുകേള്‍ക്കാനുള്ളതിരക്ക് മറ്റൊരിടത്ത്. സംഗീതോപകരണങ്ങള്‍ യഥാസ്ഥാനങ്ങളില്‍ വച്ചു സാമ്പ്ലിത്തുടങ്ങി.

പ്രൌഢഗംഭീരമായ സ്വരത്തില്‍ ബാബുമാഷ് അനൌണ്‍സ് ചെയ്തു...

“പരമാനന്ദസംഗീതം...
കടയ്ക്കല്‍ ഷാര്‍പ്പ് മ്യൂസിക്സ് അവതരിപ്പിയ്ക്കുന്ന കടയ്ക്കല്‍ ദേവീ സ്തുതിഗീതങ്ങള്‍, ഭക്തിഗാനമേള ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വേദിയില്‍ ആരംഭിയ്ക്കുന്നു....”

അല്‍പ്പം കഴിഞ്ഞ് വീണ്ടും ആരംഭിയ്ക്കുന്നു...! വീണ്ടും... വീണ്ടും...!!

ഇങ്ങനെ കുറേ ആരംഭിച്ചപ്പോള്‍ അതിരാവിലേതന്നെ രണ്ടെണ്ണം വിട്ടുവന്ന ചേട്ടന്മാരിലൊരാള്‍ക്കു ദേഷ്യം വന്നു...

“നിങ്ങള്‍ ആരംഭിയ്ക്കുന്നോ അതോ ഞാന്‍ ആരംഭിയ്ക്കണോ...?”

അപ്പോഴാണ് “ആരംഭി”യ്ക്കുന്നതിന്റെ പൊരുള്‍ മനസ്സിലായത്. ഉപകരണങ്ങളെല്ലാം നിരത്തി, പാടാന്‍ പാട്ടുകാരും റെഡി, ഓര്‍ക്കസ്ട്രക്കാര്‍ക്കും പാട്ടുകാര്‍ക്കുമുള്ള നൊട്ടേഷന്‍ സ്റ്റാന്റുകള്‍ ട്രയല്‍ ചെയ്ത ഹാളിലാണ്. ഗാനമേളതുടങ്ങാനുള്ള സമയം അതിക്രമിച്ചിരിയ്ക്കുന്നു.


സ്റ്റേജിന്റെ മൂലയില്‍ അടുക്കിവച്ചിരുന്ന ഇരുമ്പുകസേരകള്‍ രണ്ടെണ്ണം പെട്ടെന്നുതന്നെ പാട്ടുകാരന്‍ സനലിന്റെ നൊട്ടേഷന്‍ സ്റ്റാന്റായി! ഫ്ലൂട്ട് വായിയ്ക്കുന്ന സുരേഷ്‌കുറുപ്പും ഒന്നെടുത്ത് ഫിറ്റുചെയ്തു. നേരത്തെ വീ.ഡി. രാജപ്പന്റെ പാട്ടുകേട്ടത് ഓര്‍മ്മവന്നതിനാല്‍ ഒരെണ്ണം ഞാനും മുന്നില്‍ വച്ചു. ആവശ്യം വന്നാല്‍ കൊണ്ടിടംകൊണ്ട് തടുക്കണ്ടല്ലോ...

വീണ്ടും ബാബുമാഷിന്റെ സ്വരമുണര്‍ന്നു...

“പരമാനന്ദ സംഗീതത്തിലെ അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയത്... ചടയമംഗലം എന്‍.എസ്. ഹരിദാസ്, സാബു കൊട്ടോട്ടി..
സംഗീതം... വര്‍ക്കല ജി മുരളീധരന്‍...
ആലാപനം... കെ.ജെ. സനല്‍ കുമാര്‍, സംഗീതാ ബാലചന്ദ്രന്‍, പദ്മകുമാര്‍, പ്രവീണ...
പിന്നണിയില്‍..........
അവതരണം... ഷാര്‍പ്പ് മ്യൂസിക്സ് കടയ്ക്കല്‍...”

മായാമാളവഗൌള രാഗത്തില്‍, ആദി താളത്തില്‍ സനല്‍ പാടിത്തുടങ്ങി...

“ദേവീ പ്രസാദം മമ സംഗീത ജ്ഞാനം......”

നാലുകൊല്ലം ആ കടയ്ക്കല്‍ ദേവീ സന്നിധിയില്‍ ദേവീസ്തുതിഗീതങ്ങള്‍ക്കു ഗിറ്റാര്‍ വായിയ്ക്കാന്‍ എനിയ്ക്കു ഭാഗ്യം കിട്ടി. അന്നു പാടുകയും ഓര്‍ക്കസ്ട കൈകാര്യം ചെയ്യുകയും ചെയ്ത മിയ്ക്കവരും ഇന്ന് ആ രംഗത്തുതന്നെ പ്രശസ്ഥരാണ്. പക്ഷേ പലരും ഷാര്‍പ്പ് മ്യൂസിക്സിന്റെ ഈ വേദിയിലാണു തുടക്കമിട്ടതെന്നു മറന്നിരിയ്ക്കുന്നു.
കൊട്ടോട്ടിയാകട്ടെ ബൂലോകര്‍ക്ക് ഒരു ബാധ്യതയായും...

ഗിറ്റാറില്‍ വായിച്ച പാട്ടുകള്‍ കയ്യിലില്ല. താമസിയാതെ റെക്കോഡ് ചെയ്യാമെന്നു കരുതുന്നു. തല്‍ക്കാലം കരോക്കെയിട്ട് ഓടക്കുഴലില്‍ വായിച്ച ഒരുഗാനം ചേര്‍ക്കുന്നു.

ഈ ശബ്ദം ഇവിടെക്കൊളുത്തുവാന്‍ എന്നെ സഹായിച്ച മുള്ളൂക്കാരനു നന്ദി...

Sunday

രണ്ടു താരാട്ടു പാട്ടുകള്‍


ഏതാണ്ട് ഒന്നര വയസ്സു പൂര്‍ത്തിയായപ്പോഴാണ് എനിയ്ക്ക് പിതാവിനെ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടതോ മറ്റുള്ളവര്‍ നഷ്ടപ്പെടുത്തിയതോ എന്ന് അറിയില്ല. ഇതു കുറിയ്ക്കുന്ന സമയത്ത് അദ്ദേഹം ജീവനോടെയുണ്ടോയെന്നും... കാണണമെന്ന് ആഗ്രഹത്തോടെ മുതിര്‍ന്നതിനു ശേഷം പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്. ഏതാണ്ട് പന്ത്രണ്ടുകൊല്ലം മുമ്പാണ് അവസാനം കണ്ടത്. അക്കഥ പിന്നെപ്പറയാം. ഉമ്മയുടെ ബാപ്പ, അതായത് ഉപ്പാപ്പ ഒരു ബാപ്പയുടെ സ്നേഹം കിട്ടാത്തതിന്റെ കുറവു പരിഹരിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം ഞങ്ങള്‍ ചെറുമക്കളെ തറയില്‍ വച്ചല്ല നോക്കിയിരുന്നത് എന്നു പറയുന്നതാണു ശരി.

വായുവിന്റെ അസുഖം അദ്ദേഹത്തിന് വളരെക്കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം വായു അലിയാര്‍ എന്നാ‍ണ് അറിയപ്പെട്ടിരുന്നത്. അതിന് മരുന്നും അദ്ദേഹം തന്നെ കണ്ടുപിടിച്ചിരുന്നു. അത് എത്രകണ്ടു ഫലപ്രദമായിരുന്നു എന്ന് എനിയ്ക്കറിയില്ല. ചില്ലുകുപ്പിയില്‍ അപ്പക്കാരം (സോഡാപ്പൊടി) വെള്ളമൊഴിച്ചു കുലുക്കി കൂടെക്കൊണ്ടു നടന്നിരുന്നു, ഇടയ്ക്കിടയ്ക്കു ഓരോ കവിള്‍ കുടിയ്ക്കുകയും. എന്റെ ജീവിതത്തെ സ്വാധീനിച്ച എന്റെ കുടുംബത്തിലെ ഏക വ്യക്തിയായിരുന്നു അദ്ദേഹം.

അദ്ദേഹം കുട്ടികളെ പാടിയുറക്കുമായിരുന്ന രണ്ടു താരാട്ടു പാട്ടുകള്‍ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റിലൂടെ ശ്രമിയ്ക്കുന്നത്. ഏതു മാപ്പിളപ്പാട്ടിന്റെയും ഈണത്തിലും ഈ പാട്ടുകള്‍ പാടാന്‍ കഴിയും. ബൂലോകത്തു വന്നതിനു ശേഷം ആദ്യമായി മീറ്റിയ ചെറായിയില്‍ എന്റെ ബൂലോക സുഹൃത്തുക്കളില്‍ ചിലരെങ്കിലും ഈ പാട്ടുകളിലൊന്നു കേട്ടിട്ടുണ്ടാവും. കൊട്ടോട്ടി സൂപ്പര്‍ ജൂനിയറിന്റെ കരച്ചിലടക്കാന്‍ ഞാന്‍ പാടിയതു കേട്ട് അവര്‍ മൂക്കത്തു വിരല്‍ വച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇന്ന് ഈപാട്ടുകള്‍ എനിയ്ക്കു മാത്രമേ അറിയാവൂ എന്നാണു തോന്നുന്നത്. പതിമൂന്നുകാരന്‍ മുഹമ്മദ് അസ്ലവും ആറുവയസ്സുകാരന്‍ മുസ്ഫറുല്‍ ഇസ്ലാമും കേട്ടു വളര്‍ന്നതും, ഇപ്പോള്‍ ആറുമാസക്കാരന്‍ മുര്‍ഷിദ് ആലം കേട്ടുറങ്ങുന്നതും ഈ താരാട്ടു പാട്ടുകള്‍ മാത്രമാണ്. നിങ്ങള്‍ക്കിഷ്ടമുള്ള താളത്തിലും രാഗത്തിലും ഇവപാടിനോക്കൂ...

ചായക്കടക്കാരോ
ചായ ഒന്നു തായോ
തിന്നാനൊന്നും വേണ്ടേ
ഓഹോ ഓഹോ ഓഹോ

ഇതായിരുന്നു ചെറായി താരാട്ടു പാട്ട്. അടുത്തതു താഴെ...

പാട്ടു പാടെടാ പണ്ടാരാ
എങ്ങനെ പാടണം വീട്ടിലമ്മോ
കാശിയ്ക്കു പോയവന്‍ വരാതെ പോണേ
അങ്ങനെ പാടെടാ പണ്ടാരാ...

രണ്ടാമതെഴുതിയ പാട്ട് മിയ്ക്കവാറും എല്ലാ പാട്ടിന്റെ രീതിയിലും ഞാന്‍ പാടാറുണ്ട്. സത്യത്തില്‍ എന്റെ ഉപ്പുപ്പായുടെ ഓര്‍മ്മ എന്നില്‍ മായാതെ നിര്‍ത്തുന്നത് ഈ പാട്ടുകള്‍ മാത്രമാണെന്നു പറയാം. ഇത് പാട്ടുകളാണോ എന്നും ആരാണ് ഇവ എഴുതിയതെന്നും എനിയ്ക്കറിയില്ല. ഇവ രണ്ടും പാടാത്ത ഒരു ദിവസവും എന്റെ ജീവിതത്തിലില്ല.

Tuesday

ഒരു ഹിമകണം പോലെ അവള്‍....

റിഫ്രെഷ് മെമ്മറിയുടെ പുതിയ അദ്ധ്യായം എഴുതാന്‍ ഡയറി എടുത്തതാണ്. അതിനടുത്തുള്ള പുസ്തകം ഒന്നു മറിച്ചുനോക്കി. ഞാന്‍ വായിച്ചിട്ടുള്ള നോവലുകളില്‍ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആ പുസ്തകത്തിന് എന്നെ വേദനിപ്പിച്ച ഒരു കഥകൂടി പറയാനുണ്ട്.

1988ല്‍ പത്താം തരം കഴിഞ്ഞതിനു ശേഷം തുടര്‍ന്നു പഠിയ്ക്കാന്‍ എനിയ്ക്കു തോന്നിയില്ല. എം എ എക്കണോമിക്സും എട്ടാം ക്ലാസ്സു തോറ്റതും തൊഴില്‍ രഹിതരായ കൂട്ടുകാരായി കൂടെയുള്ളപ്പോള്‍ ഒരു കൈത്തൊഴില്‍ പഠിച്ചു ജീവിതം മെച്ചപ്പെടുത്താനാണ് എനിയ്ക്കു തോന്നിയത്. കൊട്ടോട്ടിയെന്ന എന്റെ ഗ്രാമത്തില്‍ നിന്നും ഇരുപത്തിനാലു കിലോമീറ്റര്‍ ദൂരെയുള്ള കൊട്ടാരക്കരയ്ക്കടുത്ത് ആയൂരിലുള്ള സ്മിതാ എഞ്ചിനീയറിങ് ഇന്‍ഡസ്ട്രീസില്‍ ഞാന്‍ തൊഴില്‍ പഠനം ആരംഭിച്ചു. രാവിലെ എട്ടുമണിയ്ക്കുള്ള ആനവണ്ടിയില്‍ കടയ്ക്കല്‍, നിലമേല്‍ വഴി ആയൂര്‍. വൈകിട്ട് ചടയമംഗലം വെള്ളാര്‍വട്ടം ചിങ്ങേലിവഴി തിരികെയാത്ര. വൈകിട്ടുള്ള ഗംഗ ട്രാവത്സ് എന്ന ബസ്സിലെയും സ്ഥിരം കുറ്റിയായിരുന്നു ഞാന്‍. ഡ്രൈവറുടെ ക്യാ‍ബിനിലെ നീണ്ട സീറ്റായിരുന്നു ഞാന്‍ സ്ഥിരമായി റിസര്‍വു ചെയ്തിരുന്നത്.

പതിവുപോലെ ഗംഗ ഷോപ്പിനു മുന്നില്‍ നിര്‍ത്തി, ഞാന്‍ റിസര്‍വു സീറ്റില്‍ സ്ഥാനവും പിടിച്ചു. വെള്ളാര്‍വട്ടത്തെത്തിയപ്പോള്‍ തിളങ്ങുന്ന പട്ടു പാവാടയും തൂവെള്ള കുപ്പായവുമിട്ട ഒന്‍പതു വയസ്സുകാരി സുന്ദരിക്കുട്ടിയുടെ കൈപിടിച്ചുകൊണ്ട് ഒരു മദ്ധ്യവയസ്കന്‍ ബസ്സില്‍ കയറി. സീറ്റില്‍ എന്റെ അടുത്തായി ഇരുപ്പുമുറപ്പിച്ചു. ഒരു മൂകത അദ്ദേഹത്തിന്റെ മുഖത്തു തെളിഞ്ഞിരിയ്ക്കുന്നതു ഞാന്‍ കണ്ടു. സുന്ദരിക്കുട്ടിയാകട്ടെ നിര്‍ത്താതെ സംസാരിയ്ക്കുന്നുമുണ്ട്. വല്ലാത്ത തിളക്കമായിരുന്നു ആ കണ്ണുകളില്‍. തുടര്‍ന്ന് ആഴ്ച്ചയില്‍ രണ്ടു പ്രാവശ്യം ഞാന്‍ അവരുടെ സഹയാത്രികനായി. കൂടുതല്‍ തവണ കണ്ടതിനാലാവണം അവള്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഞാനും ഒരു ചിരി പാസാക്കി.

“എന്താ മോളുടെ പേര്....?”

“ഹിമ”

“നല്ല പേരാണല്ലോ... ആരാ മോള്‍ക്ക് ഈ പേരിട്ടത്...?”

“ഇച്ചാച്ചനാ.....” അവളുടെ അച്ഛനെ അവള്‍ അങ്ങനെയാണു വിളിച്ചിരുന്നത്.

“ആട്ടെ ഇച്ചാച്ചനും മോളും കൂടി...?”

“ഇച്ചാച്ചന്‍ എനിയ്ക്കു വള വേടിച്ചു തരാമെന്നു പറഞ്ഞു. അതു വാങ്ങാന്‍ പോവുകാ...”

അന്നത്തെ സംസാരം അവിടെ അവസാനിച്ചു. എനിയ്ക്കിറങ്ങേണ്ട സ്ഥലമെത്തിയിരുന്നു. ഇനി അടുത്ത ബസ്സില്‍ നാലു കിലോമീറ്റര്‍...

തുടര്‍ന്നും ആഴ്ച്ചയില്‍ രണ്ടുപ്രാവശ്യം വീതം ഞങ്ങള്‍ കണ്ടുമുട്ടി. അവരോടൊന്നിച്ചുള്ള യാത്ര വളരെ രസകരമായിരുന്നു. അവളുടെ കൊച്ചുകൊച്ചു തമാശകളും മണ്ടത്തരങ്ങളും ഞങ്ങളുടെ യാത്ര ആനന്ദകരമാക്കി. അവള്‍ക്കുമുണ്ടായിരുന്നു അല്ലറചില്ലറ സംശയങ്ങള്‍. അതു ചോദിയ്ക്കാന്‍ അവള്‍ ഒരു മടിയും കാട്ടിയിരുന്നില്ല. വയസ്സ് ഒന്‍പതേ ആയിരുന്നുള്ളൂവെങ്കിലും അതിനേക്കാള്‍ പാകത അവളുടെ വാക്കുകള്‍ക്കുണ്ടായിരുന്നു.

അക്കാലത്ത് സോവിയറ്റു യൂണിയനുമായി എനിയ്ക്ക് ചെറിയ ബന്ധമുണ്ടായിരുന്നു. ആ കഥ മറ്റൊരവസരത്തില്‍ പറയാം. ആ ബന്ധത്തില്‍ എനിയ്ക്കു കിട്ടിയ ചിംഗീസ് ഐത്മാത്തൊവിന്റെ “മലകളുടെയും സ്റ്റെപ്പിയുടെയും കഥകള്‍” എന്ന നാലു നോവലുകളുടെ സമാഹാരം ഒരു യാത്രയില്‍ എന്റെ കയ്യിലുണ്ടായിരുന്നു. നല്ല വായനക്കാരികൂടിയായിരുന്ന നമ്മുടെ കൊച്ചു ഹിമയ്ക്ക് ഈ പുസ്തകം വായിയ്ക്കാന്‍ വേണമെന്നായി. എനിയ്ക്ക് ആ പുസ്തകം അന്നു കിട്ടിയിട്ടേ ഉള്ളൂ. പിന്നെ കൊടുക്കാമെന്നു പറഞ്ഞപ്പോല്‍ അവള്‍ സമ്മതിച്ചില്ല. ഒടുവില്‍ അടുത്ത യാത്രയില്‍ തിരികെത്തരാമെന്നു പറഞ്ഞ് പുസ്തകം അവള്‍ കൊണ്ടുപോയി. പക്ഷേ അടുത്ത കണ്ടുമുട്ടലില്‍ എനിയ്ക്കു പുസ്തകം കിട്ടിയില്ല.

“ഇച്ചാട്ടാ, നാലുകഥകളാ മൊത്തത്തില്‍. രണ്ടെണ്ണമേ വായിയ്ക്കാന്‍ പറ്റിയുള്ളൂ. ന്നി വരുമ്പൊ ഞാന്‍ കൊണ്ടു വരാം...”

ഇതിനിടയില്‍ ഞാനവള്‍ക്ക് ഇച്ചാട്ടനായിരുന്നു. പുസ്തകം കിട്ടാത്തതില്‍ നിരാശയുണ്ടായെങ്കിലും അവളുടെ നിഷ്കളങ്കമായ വാക്കുകളില്‍ അത് അലിഞ്ഞില്ലാതായി...




അടുത്ത തവണ അവള്‍ പുസ്തകം തന്നു. അതിലുണ്ടായിരുന്ന ചിത്രങ്ങള്‍ക്ക് അവള്‍ മനോഹരമായി നിറം കൊടുത്തിരിയ്ക്കുന്നു. ഓരോ ചിത്രത്തിനും അടിയില്‍ ഹിമ എന്നു രേഖപ്പെടുത്തിയിരിയ്ക്കുന്നു. എഴുത്തുകളെ ബാധിയ്ക്കാതിരുന്നതിനാല്‍ എനിയ്ക്കതില്‍ നീരസം തോന്നിയില്ല. നാലാമത്തെ നോവലായ “ചുവന്ന തൂവാലയണിഞ്ഞപോപ്ലാര്‍ തൈ” അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. അദ്ധ്യായത്തിനു മുകളില്‍ അവള്‍ എഴുതിയിരിയ്ക്കുന്നു...

“അസേല്‍... ചുവന്ന തൂവാലയണിഞ്ഞ എന്റെ പോപ്ലാര്‍ തൈ....” തുടര്‍ന്ന് രണ്ടുപ്രാവശ്യമേ തമ്മില്‍ കണ്ടുള്ളൂ.

ഏതാണ്ട് ആറുമാസം കഴിഞ്ഞുകാണും. അഞ്ചലില്‍ വന്നു മടങ്ങുന്ന വഴിയ്ക്ക് വഴിയരികില്‍ ഹിമയുടെ ഇച്ചാച്ചന്‍ നില്‍ക്കുന്നതുകണ്ടു. പെട്ടെന്നു പോയിട്ടു വലിയ തിരക്കില്ലാത്തതിനാല്‍ ഞാന്‍ അവിടെയിറങ്ങി....



“ഹ... സാബൂ... എന്തുണ്ട് വിശേഷങ്ങള്‍...?” അദ്ദേഹം എന്റെ വിളിപ്പേരു മറന്നിട്ടില്ല.

“ നല്ല വിശേഷം... താങ്കളെക്കണ്ടിട്ട് ഒരുപാടുനാളായല്ലോ... എന്താ ഹിമയുടെ വിശേഷം...?”

അതിനുത്തരം ഒരു വിങ്ങിക്കരച്ചിലായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എനിയ്ക്കാകെ വിഷമമായി, എന്തോ സംഭവിച്ചിരിയ്ക്കുന്നു... എന്തു ചോദിയ്ക്കണമെന്ന് എനിയ്ക്കറിയാതായി.

“പോയി...” നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു.

ഗുരുതരമായ ഏതോ അസുഖം ഹിമക്കുട്ടിയ്ക്കുണ്ടായിരുന്നെന്നും ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഡോക്ടറെക്കാണാനാണ് അവര്‍ സഞ്ചരിച്ചിരുന്നതെന്നും ആയാത്രയ്ക്കിടയിലായിരുന്നു ഞങ്ങളുടെ പരിചയപ്പെടലെന്നും എനിയ്ക്കു മനസ്സിലായി. എന്തായിരുന്നു അസുഖമെന്ന് ഞാന്‍ ചോദിച്ചില്ല. പിന്നെ ഇതുവരെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുമില്ല.

ഇന്നും ഞാനെടുത്തു നോക്കിയ “മലകളുടെയും സ്റ്റപ്പിയുടെയും കഥക”ളില്‍ അവള്‍ കൊടുത്ത നിറങ്ങളും അവളുടെ പേരും മായാതെ കിടക്കുന്നു.അല്‍പ്പം മങ്ങിയ നിറങ്ങള്‍ക്കുള്ളില്‍ അവളുടെ തിളങ്ങുന്ന കണ്ണുകള്‍ ഞാന്‍ കാണുന്നു. എന്നെപ്പോലെ അവളെ ഇഷ്ടപ്പെട്ടിരുന്ന ഒട്ടനവധി പേരുണ്ടാവാം.

എന്റെ കൊച്ചു സുന്ദരിക്കുട്ടിയുടെ, എന്റെ ചുവന്ന തൂവാലയണിഞ്ഞ പോപ്ലാര്‍ തൈയുടെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഇച്ചാട്ടന്റെ ഒരായിരം അശ്രുകണങ്ങള്‍....

Friday

ഓണമുണ്ടായിരുന്നു...

ഓണം...
കുട്ടിക്കാലമാണ് ഓര്‍മ്മ വരുന്നത്...
കൊട്ടോട്ടിയെന്ന കുഞ്ഞു ഗ്രാമത്തിലെ മഹാ സംഭവമായിരുന്ന
ഞങ്ങളുടെ വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്ന
ഓണാഘോഷ പരിപാടികള്‍ മനസ്സിലേയ്ക്ക് ഒഴുകിയെത്തുന്നു.

കിളിത്തട്ട്, കുട്ടിയും കോലും, കുറ്റിപ്പന്ത്, ചേനപ്പന്ത്, കബഡി തൂടങ്ങിയ
മത്സരയിനങ്ങളില്‍ ഇന്നു പേരിലെങ്കിലും അറിയുന്നത് കബഡിമാത്രമാണെന്നു
തോന്നുന്നു. കുട്ടികള്‍ക്കായുള്ള ബിസ്കറ്റുകടി, ചാക്കിലോട്ടം, കസേരകളി,
പാട്ട്, പടംവര മുതലായവയ്ക്കു പുറമേ മുതിര്‍ന്നവര്‍ക്കായുള്ള മുളയില്‍ക്കയറ്റം,
ഉറിയടി, വടംവലി മുതലായ മത്സരങ്ങളുമുണ്ടായിരുന്നു.

ഉത്രാടത്തിനു രാവിലേതന്നെ മൈക്കുകെട്ടിപ്പാട്ട് ആരംഭിയ്ക്കുന്നു.
അങ്ങാടിയുടെ മൂലയില്‍ കെട്ടിയുയര്‍ത്തിയ സ്റ്റേജില്‍
കുട്ടികളുടെ കലാമത്സരങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
സ്റ്റേജില്‍നിന്ന് അല്‍പ്പം മാറി ബിസ്കറ്റുകടി, ചാക്കിലോട്ടം
പെണ്‍കുട്ടികള്‍ക്കായുള്ള കസേരകളി മുതലായവ നടക്കുന്നു.

നാലുമണിയ്ക്കു ശേഷം നടക്കുന്ന രസകരമായ മത്സരമാണു
മുളയില്‍ക്കയറ്റം. ചെത്തി വെടിപ്പാക്കി വൃത്തിയായി പോളീഷ് ചെയ്ത
എതാണ്ട് മൂന്നര മീറ്റര്‍ നീളമുള്ള മുള കുഴിച്ചിട്ടിരിയ്ക്കുന്നു.
നല്ല വഴുക്കുള്ള നെയ്യ് മുളയില്‍ പൊതിഞ്ഞിരിയ്ക്കും.
മുളയുടെ മുകളില്‍ വടിയില്‍ ചുറ്റിവച്ചിരിയ്ക്കുന്ന തോര്‍ത്തുമുണ്ട്
എടുക്കുക എന്നതാണു ദൌത്യം. എണ്ണയും നെയ്യും
പൊതിഞ്ഞിരിയ്ക്കുന്ന മുളയില്‍ കയറുക അത്ര എളുപ്പമല്ല.
കയറുന്നതിനെക്കാള്‍ വേഗത്തില്‍ താഴേയ്ക്കുള്ള വരവു രസകരം തന്നെ.
താഴേയ്ക്കുള്ള ഓരോ വരവിലും കാണികളുടെ കളിയാക്കല്‍ ഉണ്ടാവും.
ഇതൊക്കെ അതിജീവിയ്ക്കാന്‍ കുറച്ചു ബുദ്ധിമുട്ടും.
ഈ മത്സരത്തോടെ ഒന്നാം ദിനം അവസാനിയ്ക്കും.

രണ്ടാം ദിനം ഉറിയടിയോടെ ആരംഭിയ്ക്കുന്നു.
അമ്മച്ചിപ്ലാവെന്നു ഞങ്ങള്‍ വിളിയ്ക്കുന്ന പ്ലാവു മുത്തശ്ശിയുടെ കൊമ്പില്‍
ഉറപ്പിച്ചിരിയ്ക്കുന്ന കപ്പി(pulley)യിലൂടെ പായുന്ന കയറിന്റെയറ്റത്ത്
പിരമിഡുരൂപത്തിലുള്ള ഉറി ആടിക്കളിയ്ക്കുന്നു.
അലങ്കരിച്ച ഉറിയുടെയുള്ളില്‍ മണ്‍കുടത്തില്‍ പാലുംപഴവും നിറച്ചു വച്ചിരിയ്ക്കും.
കഷ്ടിച്ചു രണ്ടടിമാത്രം നീളമുള്ള വടികൊണ്ട് കുടം കുത്തിപ്പൊട്ടിയ്ക്കുക
എന്നത് അത്ര എളുപ്പമല്ല കാര്യമല്ല. മാത്രവുമല്ല ആടിവരുന്ന ഉറിയില്‍
കുത്താനായുമ്പോള്‍ മഞ്ഞള്‍ കലക്കിയ വെള്ളമൊഴിച്ചു തടസ്സപ്പെടുത്തും.
ചെണ്ടമേളത്തിനനുസരിച്ച് മത്സരിയ്ക്കുന്നയാള്‍ നൃത്തം ചെയ്യണമെന്നത്
ഇതിന്റെ നിയമാവലികളില്‍ ഒന്നുമാത്രം.

പിന്നെ വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വടംവലി നടക്കും.
ഇതും രസകരം തന്നെ, ഇതോടുകൂടി മത്സരവിഭാഗങ്ങള്‍ അവസാനിയ്ക്കും.
പിന്നെ രാത്രി പത്തുമണിവരെ സാംസ്കാരിക സമ്മേളനവും
മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവുമാണ്.
ഈസമയം മാത്രമാണ് അങ്ങാടിയില്‍ ആളൊഴിയുന്നത്.

തുടര്‍ന്ന് ഏതെങ്കിലും നാടകമോ കഥാപ്രസംഗമോ ഉണ്ടാവും.
ഒരു നാടുമുഴുവന്‍ അതുകാണുവാനും ഉണ്ടാവും.

കിളിത്തട്ടുകളിയും പന്തുകളിയുമൊന്നുമില്ലാത്ത ഓണമാണ്
ഇന്നവിടെ നടക്കുന്നത്. ആര്‍ക്കും തന്നെ ഒന്നും സംഘടിപ്പിയ്ക്കാന്‍ നേരമില്ല.
ആമ്മച്ചിപ്ലാവുള്‍പ്പടെ വലിയമരങ്ങളെല്ലാം തന്നെ വെട്ടിമാറ്റപ്പെട്ടു.
മരങ്ങള്‍ വെട്ടിനശിപ്പിയ്ക്കുന്നതു കൊണ്ടുമാത്രം ഓര്‍മ്മയായിമാറിയ
ഒരു കലാരൂപമാണ് ഉറിയടി.
പുതിയ തലമുറകള്‍ക്ക് മുളയില്‍ക്കയറ്റവും ഉറിയടിയും അന്യം.
പഴയ ഒരുമ തീരെയില്ലെന്നുതന്നെ പറയാം...

ജയചന്ദ്രന്‍ പാടിയ വരികളാണ് ഓര്‍മ്മവരുന്നത്.

“അന്നത്തെയോണം പൊന്നോണം
ഇന്നത്തെയോണം കുഞ്ഞോണം
പൊന്നോണപ്പൂ പറനിറയെ പറനിറയെ
കുഞ്ഞോണപ്പൂ കുമ്പിള്‍ മാത്രം...”

എല്ലാവര്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ഓണാശംസകള്‍...

Popular Posts

Recent Posts

Blog Archive