Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Tuesday

ബാക്കിപത്രം

ആത്മാവിനോടു പറഞ്ഞൂ ഞാനും
ആനന്ദിച്ചു നടന്നീടാൻ, പിന്നെ
ആലോചനാശേഷി നശിച്ചവർക്കും
ആലംബമറ്റവർക്കും ആധാരമാകാൻ
അതുകാരണമായെങ്കിലോ...

അഞ്ചാമനെക്കാത്തിരുന്നുഞാനും
അഞ്ചായറുത്ത നേരമോളം
ശേഷവും കാത്തിരിക്കയാണ്
തഞ്ചത്തിലൊത്തുവന്നെങ്കിലോ
അഞ്ചു തടഞ്ഞീടുമല്ലോ...

അറക്കപ്പെട്ടവന്റെ നിലവിളി
കൊലവിളിക്കുന്നവർക്കു ഹരമാവും
നേരേവിളികേൾപ്പാൻ സമയമില്ല
പിന്നെ, വിദൂരവിളിയാളം
കറക്കിയിട്ടെന്തുകാര്യം വ്യഥാ.....

ദൈവമുണ്ടോന്നു സംശയം ഇതു
ദൈവത്തിൻ നാട്ടിൽ നടപ്പതെങ്ങനെ?
അഞ്ചാമനിൽ മുങ്ങിയ രോദനത്തിലും
അലിയാമനമുള്ളവനോ, നിന്റെ
ജീവനെടുക്കാൻ കൂട്ടുനിൽക്കയോ...

ഇതു ദൈവത്തിന്റെ സ്വന്തം നാട്
ദൈവദൃഷ്ടി പതിയാത്തനാട്
പേരു മനുഷ്യൻ ! പക്ഷേ
സ്നേഹിക്കാൻ മനസ്സില്ലാത്തവൻ
ക്രൂരനെന്നു ചൊന്നാലും കുറച്ചിലാകും

നിന്റെ ജീവനിൽ വിലയിടാത്തവർ
നിനക്കുവേണ്ടി നിലവിളിക്കുമ്പോൾ
നീയതുകണ്ടു ചിരിക്കണം
കാലം ചെയ്ത നിലവിളിക്കെന്തർത്ഥം
കാര്യമില്ലാത്തൊരു ഭാഷണം മാത്രം...

നിന്റെ കഴുത്തിൽ കത്തിവച്ചവർ, സ്വന്തം
ചോരതൻ കഴുത്തിൽ ചുംബിക്കുമ്പോൾ
ചിന്തയിൽ പൊന്തുന്നതെന്താവാം
നിന്റെ രോദനം കേൾക്കാതെ പോയവർ
തൻ കുരുന്നിൻ കരച്ചിലാറ്റീടുമോ...

സ്നേഹിച്ചുപോയതാണു കുറ്റം
സ്നേഹിക്കാൻ മറന്നവർക്കെങ്കിലും
പാഴായ പോളപോൽ ജീവിതം, പിന്നെ
ജീവിച്ചുതീർക്കുവോർക്കെന്തു നേട്ടം
ജീവനെക്കാക്കാനോട്ടം മാത്രവും...

പേരുകൊണ്ടുത്തമനാണു താനും
പേരുമാത്രമാണുള്ളതെങ്കിലും
നേരൽപ്പമില്ലാത്തതു കഷ്ടമേലും
വീരനാണെന്നു ചൊല്ലും
ഞാനുമവനും പിന്നെയും...

തീരാദുരിതമാണവർക്കു സമ്മാനം
നീയോകയറും വിമാനം
അപരന്നുനൽകും സുഖവാസവും
ഇരന്നുവാങ്ങിയനാണയംകൊണ്ട്
പിന്നെയിരുന്നുണ്ണാൻ മടിയെന്തിന്...

കാലത്തെപ്പഴിവേണ്ടാ,
കണ്ണുതുറക്കാഞ്ഞാലിതുതാൻ പഥ്യം
കണ്ണടച്ചിരുട്ടാക്കുന്നതുമുഖ്യവും
തുറന്നിട്ടും കാര്യമില്ലല്ലോ
വല്ലതും കാണാനകക്കണ്ണുവേണ്ടേ...

Monday

നിസ്സഹായൻ

മഴയാണ്
കറുത്ത മനസ്സിന്നകത്തും
കനിവുതേടുന്ന
മനസ്സിൻപുറത്തും
പിടയുന്നജീവനിൽ
ചിതറുംനിണത്തിലും
പതറുന്നകാറ്റിലും
കല്ലച്ചൊരീമഴ

ശ്രുതിയാണ്ചുറ്റിലും
കാണുംചെവികളിൽ
കേൾവിവറ്റിയ
വരണ്ടപുടത്തിലും
തെരയുന്ന വീചികൾ
തറയ്ക്കുംശിരസ്സിലും
കരയും ശിശുവിലും
അപരാഗമായ് ശ്രുതി

കിരീടമാണ്
സ്വപ്നത്തിലും പ്രധി
ചേർന്ന സാധുവിലും
ലക്ഷ്യമില്ലെങ്കിലും
അലക്ഷ്യമല്ല തെല്ലും
ചോകവൃത്തിയിൽ
സുഖംനിറയെനേടിയും
കനക്കെമുള്ളെങ്കിലും

ആഗ്രഹമാണ്
പാതയല്ലമുഖ്യമെന്ന്
ചൊല്ലിപ്പഠിപ്പിച്ചു
പഠിച്ചുംതിമൃത്തിടും
വഴിതടഞ്ഞും തന്റെ
വഴിതെളിച്ചും പിന്നെ
കണ്ണടച്ചുമലയുമെന്നും
ദുരാഗ്രഹചിത്തരായോർ


സ്നേഹമാണ് കനിവു
തേടുന്നവർക്കുപഥ്യം-വ്യഥാ,
അനർഹമാണവന്
മിഴിവാർന്നശ്രുതികൾ!
ചാക്കാലവീട്ടിലും
കപ്പരയേന്തിയോൻ
ജീവന്റെമന്ത്രവും
മറക്കാൻവിധിച്ചവൻ...

Tuesday

വിഷവര്‍ഷത്തിന്റെ ലാഭം കൊയ്യുന്നവര്‍









കാലങ്ങളായി നടക്കുവോന്‍ വിഭ്രാന്തന്‍
മിഴികളോ ചെന്നിണമാര്‍ന്നവര്‍ണ്ണം
വേരറ്റ ബന്ധങ്ങള്‍ക്കധിപതി, തേങ്ങിടും
കബന്ധ പാഴ്മനങ്ങള്‍ക്കധികാരിയും

ചിതല്‍ കൂടുകൂട്ടിയ തൂണുകള്‍ വീടുകള്‍
പുള്ളികള്‍ കോലച്ചാര്‍ത്തണിയിച്ച മേല്‍ക്കൂരകള്‍
വിണ്ണില്‍ ചിതറുന്ന വെള്ളിമേഘങ്ങളാല്‍
തഴപ്പായിലും ചിത്രംവരയുന്ന കാഴ്ചകള്‍

തെളിവുള്ളമിഴികള്‍ക്കുടമകള്‍ചുറ്റിലും
തെളിവില്ലയൊട്ടുമാചിന്തയിലിറ്റുപോലും
തെളിവുകള്‍ ദ്രുതംനിരത്തുവോരെങ്കിലും
തെളിവില്ലാതലയുന്നു പശിയടങ്ങാക്കൂടുകള്‍

കണ്ണടച്ചാര്‍ക്കുമധികാരികൾ, ചുറ്റിലും
തിണ്ണമിടുക്കിനാലനുചരന്മാരും
തൊണ്ടാട്ടംപൂണ്ടവര്‍പാഴ്മനംപേറുവോര്‍
മിണ്ടാട്ടമില്ലാതലയുംവിധിപ്പഴികളും

കളിചിരിമഹിമയില്‍വിലസേണ്ടബാല്യവും
കചേലംപൊട്ടിച്ചിതറിയചീളുകള്‍
നീളേകിടക്കുന്നു കങ്കാളങ്ങളവരോ
നീരുവറ്റിയമാനുജക്കോലങ്ങളാണുപോലും

അനന്തരം തന്നിലെയാശയും സകലവും
ആയോരാണവരെന്നറിവുണ്ടെങ്കിലും
കതിര്‍വെളിച്ചം കണ്ണിനുകാട്ടില്ലൊരുത്തനും
കനിവിനായ് കേഴും പതിരില്ലാകുരുന്നുകള്‍

ഉള്ളകംപൊള്ളിയോര്‍കാഴ്ചയാക്കും തന്റെ
പൂങ്കുരുന്നിനാല്‍നാലണവന്നുചേർന്നെങ്കിലോ
നാലുനാളായടുപ്പുപുകഞ്ഞീലാ നാലു
വറ്റാണുമുഖ്യം നാലാളറിഞ്ഞെങ്കില്‍

പിണഞ്ഞകാലുകള്‍ കൈകളും ദുരിത-
ഭാരമേറുംപേക്കോലങ്ങള്‍ചുറ്റിലും
കനിവറ്റടര്‍ന്നോരുതെയ്യശാപത്തിന്റെ
നിനവില്‍മൃതിയില്‍ചരിക്കുന്നകോലങ്ങള്‍

ഉള്ളുവെന്തുയിര്‍ക്കുന്നരോദനം കേള്‍ക്കുവാന്‍
ഉള്‍ക്കാഴ്ചവേണമെന്നില്ലയെന്നാകിലും
ഉള്ളിലുവാര്‍പ്പുഹനിക്കുക കേവലം
മാനവര്‍സോദരരുള്ളൊത്തപാമരര്‍

Sunday

ഒരു ബ്ലോഗറുടെ ആത്മഹത്യാ കുറിപ്പ്

സ്വനലേഖയോടു ക്ഷമ പറയും ഞാന്‍
സ്നേഹിച്ചു തുടങ്ങിയ നാളുകള്‍
അധികമായില്ലായിരുന്നു

വരമൊഴിക്കവധികൊടുത്ത്
കീമാന്റെ കൈയുംപിടിച്ച്
ബൂലോകം കറങ്ങിഞാന്‍

തലതാഴ്ത്തി പമ്മിയിരിക്കുന്നതെന്താവാം
ചോദിച്ചില്ലാരും
മരുന്നു തീര്‍ന്നെന്നു തോന്നിക്കാണും

കമന്റുഭരണി കാലിയായി
ഹിറ്റ്‌കൌണ്ടറുകള്‍ ഹാന്‍ഡ് ബ്രേക്കിട്ടു
അഗ്രികള്‍ക്കും മറവിബാധിച്ചു

എന്തെങ്കിലും എഴുതിവിടണ്ടേ
എവിടെയെങ്കിലും പോയി നോക്കണ്ടേ
എന്തെങ്കിലും മിണ്ടേംവേണ്ടേ..?

ന്യായമായ ചോദ്യങ്ങള്‍
ന്യായ വിധിക്കു കാത്തു നില്‍ക്കുന്നു
ന്യായം മാത്രം കണ്ടെത്തിയില്ല

വിണ്ടു വരണ്ട മനസ്സും
വരണ്ട കണ്‍കോണുകളും
വറ്റിവരണ്ട പേനയും ബാക്കിയാവാം

പാതിമുറിഞ്ഞ മനസ്സുകളില്‍
പാഴ്‌മുള്ളുകളും കളകളും
പാലരുവികള്‍ സ്വപ്നമായ് മാറി

വെള്ളമാണു ചുറ്റും, അലിവിന്റെ
വെറും തുള്ളിമാത്രം തേടി
വെറും വ്യാമോഹം ബാക്കി

ഒരിറ്റു ദാഹനീര്
ഒരിക്കല്‍ക്കൂടിയേറ്റുവാങ്ങാന്‍
ഒരുമോഹം വ്യഥാ

കലുഷിതമായ മനസ്സിലേക്ക്
കലക്കവെള്ളമായ്
കവിതവരുമെന്നറിയുന്നു ഞാന്‍

കനിവുവറ്റിയ മനമാണു ചുറ്റും
കാണുന്നതു ഞാനെന്റെ
കാവ്യാംശുവില്‍പോലും

ഹൃദയത്തിലെ കനല്‍ കെടുത്താന്‍
ഹൃദയംഗമായൊരുവാക്ക്, ഏതെങ്കിലും
ഹൃത്തടം തുറന്നിരുന്നെങ്കില്‍

പ്രതീക്ഷകള്‍ തുരുമ്പെടുത്തു
മതിഭ്രമം ബാധിക്കുംവരേയും
സതീര്‍ത്ഥ്യനെക്കാത്തിരുന്നേക്കാം

കാലത്തിന്നു മുമ്പേ ചരിക്കുവോര്‍
കാത്തവഴികളില്‍
കത്തും കാരിരുമ്പാവാതിരിക്കാം

വിടപറയുംമുമ്പേ വീണ്ടും
വിരഹഗാനം പാടാം ചിലര്‍ക്ക്
വിധിവിലക്കില്ലായിരിക്കാം

അക്ഷരങ്ങള്‍ക്കു വിരാമം കുറിക്കാം
ആശ്രയമറ്റവനത്താണിയില്ലെങ്കില്‍
ആത്മഹത്യ പാപപായിരിക്കില്ല

Tuesday

എന്റെ നീതി

എന്തൊരു രുചിയാണ്
നിന്റെ നിണം കുടിയ്ക്കുന്നത്

എന്തൊരു രസമാണ്
നിന്റെ മാംസം ഭുജിയ്ക്കുന്നത്

എന്തൊരു ഹരമാണ്
നിന്റെ വേദന കാണുന്നത്

എന്തൊരാനന്ദമാണ്
നിന്റെ നാശം കേള്‍ക്കുന്നത്

നിന്റെ വ്രണത്തില്‍ കുത്തല്‍
എനിയ്ക്കനുഭൂതി പകരുന്നു

നിന്റെ കുടുംബം കുളംതോണ്ടിയാല്‍
എനിയ്ക്കു നഷ്ടമില്ലല്ലോ

നിനക്കു നഷ്ടപ്പെടുന്നതൊന്നും
എനിയ്ക്കു ബാധകമല്ലല്ലോ

നീയൊരു മനുഷ്യനെന്നത്
ഞാനോര്‍ക്കേണ്ടതില്ലല്ലോ

നിന്റെ മക്കള്‍ അനാഥരായാല്‍
എനിയ്ക്കെന്താണു നഷ്ടം

നിന്റെ പത്നി വിധവയായാല്‍
ഞാനെന്തിനു ഖേദിയ്ക്കണം

നിന്റെ സുരക്ഷിതത്വം
എന്റെ ബാധ്യതയല്ലല്ലോ

നിന്റെ ജീവിതംതകരുന്നതുകണ്ട്
ഞാനാനന്ദനൃത്തം ചവിട്ടും

നിന്റെ ജീവന്‍ നശിയ്ക്കുന്നതുകണ്ട്
ഉന്മാദാഘോഷം നടത്തും

നിന്റെ രക്തവും മാംസവും കഴിഞ്ഞ്
എല്ലുകള്‍ ബാക്കിയായാല്‍

തന്നിടാം നിനക്കൊരുഹാരം
നഷ്ടപരിഹാരമായിത്തന്നെ

വേണമെങ്കിലെനിയ്ക്കന്നതൊരു
കുമ്പസാരവുമായിക്കാണാം

Friday

യാത്രാമൊഴി...










ഒരിക്കല്‍ മണ്ണായി തീരാന്‍ മാത്രം...
മണ്ണാകുവാന്‍ തന്നെ തുടക്കം
മണ്ണിലേയ്ക്കു തന്നെ മടക്കം

സ്വപ്നങ്ങള്‍ പോലെ
ചിന്തകള്‍ക്കു വിരാമമിട്ട്
ഓര്‍മ്മകള്‍ക്കു മഞ്ചല്‍ പണിത്

കിളിക്കൊഞ്ചല്‍ തലോടിയ
തേന്മൊഴികള്‍ ഓര്‍ത്തെടുക്കുന്നു
കാതുകള്‍ മര്‍മ്മരം പോലെ

ആത്മവിശ്വാസത്തിന്റെ സൂത്രങ്ങള്‍
ഏറ്റുവാങ്ങിയവേളയിലവളില്‍
പൊന്തിവന്ന സന്തോഷം
ഞാനുമേറ്റുവാങ്ങി, ഇന്നോര്‍മ്മയില്‍
വിങ്ങലും തേങ്ങലും ബാക്കി - ഞങ്ങളെ
മൂക നിശ്വാസത്തില്‍ മുക്കി

ഇനി, നീയൊരു മിന്നാമിനുങ്ങായ്
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്
ഞങ്ങളിലേയ്ക്കു പറന്നു വരൂ

മതില്‍ക്കെട്ടുകളില്ലാത്ത
മനക്കോട്ടകളില്ലാത്ത നന്മയുടെ
നക്ഷത്രലോകത്തുനിന്നും

അറിഞ്ഞുതന്നെ കുറിച്ച വാക്കുകള്‍
ദ്രുതം വൃദ്ധി നേടുമ്പോള്‍
രണ്ടിറ്റു കണ്ണുനീര്‍ത്തുള്ളികള്‍ തരാം

മറവിയുടെ മാറാപ്പിലേയ്ക്കു
മൌനങ്ങളെ മാറ്റിവയ്ക്കാന്‍ മറക്കാന്‍
രണ്ടുവരി തന്നിട്ടുണ്ടല്ലോ...

“വരുമൊരിക്കല്‍,
എന്‍റെയാ നിദ്ര നിശബ്ദമായി...
മണ്ണായി തീരാന്‍ മാത്രം....”

Tuesday

ഐഡന്റിറ്റി ക്രൈസിസ്

ഞാന്‍ ഹിന്ദു
ഞാന്‍ മുസ്ലിം
ഞാന്‍ ക്രിസ്ത്യാനി...
അങ്ങനെയങ്ങനെ നീളെ നീളെ...
ഇവിടെ ദൈവത്തിനാണു കണ്‍ഫ്യൂഷന്‍
താനാരാണെന്ന്..!

കത്തിയും വടിവാളും ബോംബും
കുത്തിയും വെട്ടിയും നേടുന്നവര്‍ക്കു പക്ഷേ
കണ്‍ഫ്യൂഷനില്ല
താനാരെയാണു കൊല്ലുന്നതെന്ന്..

ഇവിടെ ഞങ്ങള്‍ക്കാണു കണ്‍ഫ്യൂഷന്‍
എന്തിനാണു കൊല്ലുന്നതെന്ന്
എന്തിനാണു കൊല്ലപ്പെടുന്നതെന്ന്

വികലമായ മനസ്സിന്റെയുടമകള്‍
സകലമായ് ചൊല്ലുന്ന വാക്കുകള്‍
തേന്മൊഴികളാണവര്‍ക്ക്

അനുസരണയില്ലാത്ത ജന്മങ്ങളുടെ
അനുസരണകണ്ട്
ദൈവത്തിനുപോലുമസൂയ തോന്നിയിട്ടുണ്ടാവും

കുരുടന്മാരവര്‍ പൊട്ടനും
മൂക്കാണേല്‍ പണ്ടേയില്ല
ആയതുകൊണ്ടാവാം
നിലവിളി കേള്‍ക്കാത്തത്
ചെന്നിറം കാണാത്തത്
വെന്ത മാംസത്തിന്‍ മണമറിയാത്തത്...

ഹൃദയശൂന്യര്‍ക്ക്
മറ്റെന്തുണ്ടെങ്കിലെന്ത്..

കൂട്ടി
പിന്നെ കിഴിച്ചു
ഉത്തരം പൂജ്യമായതെന്ത്..

എങ്ങനെ കൂട്ടിയാലും
പൂജ്യമല്ലാതെ
മറ്റെന്തു വരാനാണ്...

Wednesday

മാണിക്യദര്‍ശനം

എനിയ്ക്കേറ്റവുമിഷ്ടമായിരുന്നു...

എന്റെ അക്ഷരക്കുറിപ്പുകളില്‍
മനസ്സിലും കടലാസിലും
എന്റെ ചിന്തകളിലും
എനിയ്ക്കു തണലേകിയമാണിക്യം...

എന്റെ വരകളിലും
സംഗീതത്തിലും
എനിയ്ക്കേറ്റവും പ്രചോദനം
അതേ മാണിക്യമായിരുന്നു

ഓരോ പടവിലും
സമ്മാനപ്പൊതിയുമായ്
എന്റെയുയര്‍ച്ചയെ കാംക്ഷിച്ച്
എന്നെ വളര്‍ത്തിയ മാണിക്യം

***********************

ഏറ്റം വിഷമമുണ്ട്
ഉപേക്ഷിച്ചു പോരുവാനെങ്കിലും
മനസ്സില്‍ വരച്ചിട്ടൊരുരൂപം
സല്‍ക്കാഴ്ചയായീടുവാന്‍...

അത്രയും വേദനയുണ്ട്
തെറ്റുഞാന്‍ ചെയ്തതില്ലെങ്കിലും
ഉള്ളില്‍ത്തട്ടിയ പിന്‍‌വിളി
വേദനയില്‍നിന്നുയിര്‍കൊണ്ടതാവാം

നേരറിയാതെ ശാസിപ്പതു
കേട്ടിരിയ്ക്കാന്മനസ്സില്ലാത്തൊരു
ധിക്കാരിയുടെ ധിക്കാരമായ്
മനസ്സിലോര്‍ത്താല്‍ മതി

കാലചക്രത്തിനാല്‍ മാറ്റം ഭവിയ്ക്കാതെ
എഴുത്തിന്‍വഴികളിലുള്‍ക്കാഴ്ചയായിടാന്‍
അഴകേറിയ മാണിക്യം
അനുഗ്രഹിയ്ക്കുമായിരിയ്ക്കണം...

Sunday

ആര്‍ദ്രരാഗം

എന്നോ ഓര്‍മ്മയില്‍
ഒഴുകിയെത്തിയ ശീലുകള്‍
ഗൌള രാഗത്തിലുള്ളതായിരുന്നു

നാരായ മുനകൊണ്ട്
അതിന്റെ നനുത്ത ആര്‍ദ്ര ഭാവം
എഴുത്തോലയിലും കാത്തു വച്ചിരുന്നു,

ഉഷസ്സുണരുന്നത്
ഗൌളയില്‍ ബഹിര്‍ഗ്ഗമിച്ച
ആത്മാവിന്‍ പാട്ടുകള്‍ കേട്ടായിരുന്നു

തീര്‍ച്ചയില്ലായ്മയിലും
ചീഞ്ഞ മിത്തുകളിലും വരെ
അതു പ്രതിഫലിക്കുന്നുണ്ടായിരുന്നു

ഈണത്തില്‍ ചില്ലകള്‍
അന്നു മൂളിയ മര്‍മ്മരങ്ങളും
ഗൌള രാഗഭാവം കാത്തിരുന്നു

നശ്വരമായ ഞാനും
കരിപുരണ്ട കുത്തിവരകളും
ആര്‍ദ്രം അനശ്വരമെന്നറിഞ്ഞിരുന്നു

ആത്മത്തുടിപ്പുകളില്‍
അന്തര്‍ലീനമായ ഭാവങ്ങള്‍
ഭക്തിസാന്ദ്രങ്ങള്‍ മാത്രമായിരുന്നു

കലുഷിതമനസ്സുകള്‍ക്ക്
സാന്ത്വനമായിമ്പത്തിന്‍
ചന്തം ഉള്‍ക്കാമ്പില്‍ തന്നിരുന്നു

കല്ലിന്റെ മനസ്സിന്
ഉടമകളായവര്‍ക്കു പക്ഷേ
തുടിപ്പുകള്‍ക്ക് സംഗതി പോരായിരുന്നു

ഇതു ദൈവഹിതമോ..

അവര്‍ ഇണകളായൊഴുകി
അവര്‍ ഇണകളായ് മാത്രമൊഴുകി

സൂക്ഷ്മകണങ്ങളായ്
ഉണര്‍ന്നൂര്‍ന്ന്
ചെറിയനീര്‍ച്ചാലുകളായ്
അരുവികളായ്
കൈവഴികളായ് ചെറുതോടായ്
പിന്നെ പുഴയായ് വളരുന്ന
ദീര്‍ഘയാത്രയായിരുന്നില്ല

സൂക്ഷ്മകണങ്ങളായ്
തുള്ളിയുണര്‍ന്ന്
വളര്‍ന്നുറവകെട്ടിയ കടലായ്
പിന്നെപൊട്ടിത്തകര്‍ന്ന്
കുലംകുത്തിയൊഴുകി
പുഴയായ് ചെറുതോടായ്
ഉപ്പുമാത്രമവശേഷിപ്പിച്ച്
അപ്രത്യക്ഷമാവുകയായിരുന്നു

ഉറവയായൂറുമ്പോള്‍ത്തന്നെ
ഇണകളായ്ക്കഴിഞ്ഞവര്‍
അവര്‍ ഇണകളായൊഴുകി
അവര്‍ ഇണകളായ് മാത്രമൊഴുകി

Tuesday

മണ്ട ശിരോമണി...

കടിച്ചിട്ടങ്ങട്ട് പൊട്ടണില്ലാ
പൊട്ടിക്കിട്ട്ണില്ലാ
ഇനിയിപ്പൊ എന്താ ചെയ്ക
ചുറ്റിക വേണ്ടിവരും
ഒന്നു വാങ്ങിയേക്കാം

പൊട്ടാത്തതു കാരിരുമ്പോ
അതിനെക്കാള്‍ കാഠിന്യമേറിയ
എന്റെ മനസ്സോ, ഹൃദയമോ
തിരിയുന്നില്ലൊട്ടും
തല തിരിഞ്ഞതു കൊണ്ടാവാം

കാണാത്തതിനെക്കുറിച്ച്
അകക്കണ്ണില്‍ തെളിഞ്ഞുകണ്ടു
കവികള്‍ പാടും,
എനിയ്ക്കതു കാണാന്‍ പറ്റാത്തത്
കവിയുടെ കുറ്റമല്ലല്ലോ

കുറ്റിപ്പുറത്തിന്റെ കവിതകള്‍ക്ക്
കുറ്റിപോലുറപ്പുണ്ടായേക്കാം
മനസ്സിന്റെ കോടാലിയ്ക്ക്
മൂര്‍ച്ച വീണ്ടും കൂട്ടിവയ്ക്കാം
വല്ലതും തിരിഞ്ഞേക്കും

പഴയതാണു പത്തരമാറ്റെന്ന്
അറിഞ്ഞുതന്നെ വായിച്ചതാണ്
കാമ്പുള്ള കവിതകള്‍
കടിച്ചാല്‍ പൊട്ടണമെന്നില്ലല്ലോ...
ഞാനെന്തൊരു തിരുമണ്ടന്‍!

Saturday

ദൈവവും നമ്മളും...

രാവിന്നു കൂരിരുളു നല്‍കീ ദൈവം
പകലിന്നു പ്രഭ തോന്നുവാന്‍


ഇലകള്‍ കൊഴിഞ്ഞു ശിഖ നഗ്നമാക്കീടുന്നു

പൂക്കാലമെത്തീടുവാന്‍


ഇരുളേറ്റി കാര്‍മുകില്‍ വാനില്‍ നിറയ്ക്കുന്നു

തൂവര്‍ഷമിറ്റീടുവാന്‍

കൂടു വിടുന്നൊരു നേരത്തിതൊക്കെയും

കൂട്ടിപ്പറന്നീടുവാന്‍


പൊരുളറിയാതെ ചരിയ്ക്കുന്നു നമ്മളും

തമ്മില്‍ നശിച്ചീടുവാന്‍


ഭൂമി പിരാന്തിന്റെ കൂട്ടമാക്കീടുന്നു

സ്വന്തം തളര്‍ന്നീടുവാന്‍

Monday

യാത്ര

'പോകന്‍ സമയമായി
വരൂ പോകാം...'
എന്നോടാണത്രേ !
ആരാണതു പറഞ്ഞത്‌ ?
ഭൂമിയോ ?
നിങ്ങളോ ?
അമ്മയോ ?
അതോ ഞാന്‍ തന്നെയോ !
ആരോ പറഞ്ഞു
ഈ മരത്തണലിലെത്തിയിട്ട്‌
അധികനേരമായില്ലായിരുന്നു
ഒന്നും കണ്ടില്ലായിരുന്നു
ഒന്നും കേട്ടില്ലായിരുന്നു
ഒന്നും അറിഞ്ഞില്ലായിരുന്നു
ഒന്നും ചെയ്തിട്ടുമില്ലായിരുന്നു
ഇത്തിരിനേരമിരുന്നു അത്രമാത്രം !
'വരൂ പോകാം'
വീണ്ടും ആ ശബ്ദം
എഴുന്നേറ്റു കൂടെ നടന്നു
തിരിഞ്ഞു നോക്കി
ദൂരെ മരത്തണലില്‍
എന്‍റെ ശരീരം കിടക്കുന്നു
ആര്‍ക്കും വേണ്ടാതെ
എനിക്കുപോലും
എങ്ങോട്ടാണീയാത്ര ?
ആവോ ആര്‍ക്കറിയാം.. !
ഒന്നും മനസ്സിലാവുന്നില്ല
എന്നാലും യാത്ര തുടരുന്നു !
അടുത്ത തണല്‍ വൃക്ഷം തേടി
അങ്ങോട്ട്‌....



( 1989 ല്‍ കുറിച്ചതാണ്‌.
പുനലൂരില്‍ നിന്ന്‌ എന്‍റെ സുഹൃത്ത്‌ അച്ചടിച്ചിരുന്ന
"ലക്‌ഷ്യ ഭൂമി" മാസികയില്‍ ഇതിനു മഷിപുരണ്ടു.
കുറച്ചു മാസങ്ങള്‍ക്കു ശേഷം അപ്പനേറെയുള്ള ചിലര്‍
വേറേ ചില മാഗസിനുകളില്‍ക്കൂടി തന്തയെ മാറ്റി മഷിപുരട്ടി.
മാന്യവായനക്കാര്‍ ക്ഷമിക്കുക,
ഇതിനെ ഒരിക്കല്‍ക്കൂടി പുറത്തേയ്ക്കെടുത്തതിന്‌. )

Saturday

ആഗ്രഹങ്ങള്‍ വഴിമാറുമ്പോള്‍....

പാതിമയക്കം കണ്‍കളിലുണരും
നേരത്തേതു മരം ചൊല്ലി...
പാതിമുറിഞ്ഞ ശിരസ്സും കൊണ്ടൊരു
പാവം നാട്ടു മരം ചൊല്ലി


നാലുവരിക്കു വകഞ്ഞു പകുത്തി-
ട്ടോരം നീളേ മഞ്ഞവര
നടവഴില്ലാപ്പെരുവഴിയില്‍- ചെറു
തരുനിരയില്ലാ തണല്‍ വഴിയില്‍


പൊരിവെയിലൂറ്റം കൊള്ളുന്നിവിടെ
പൊരിവയറേറ്റും പാവങ്ങള്‍
വഴിനടയെന്നതു കഠിനം- നേരേ
പായ്‌വതു കണ്ടാലാശ്ചര്യം !


ഉച്ചിയിലുച്ചയ്ക്കര്‍ക്കന്‍ തന്നുടെ
നോട്ടം പേറി നടന്നു വരുമ്പോള്‍
കൂട്ടീലണഞ്ഞാലാശ്വാസം
തന്നുണ്ണിയെ കണ്ടാല്‍ നിശ്വാസം


വീതികുറഞ്ഞ നിരത്താണിവിടെ
കാണുന്നുണ്ട്‌ വെളുത്തവര
നേരം കളയാന്‍ നോക്കിയിരിക്കാം
അരികില്‍ കാണും മഞ്ഞവര


സമയം തീരെ കുറവാണിവിടെ
ക്ഷമയതുമല്‍പ്പം കുറവുണ്ട്‌
ഇടതട നോക്കാന്‍ തരമില്ലാ
ക്ഷണമെത്ര നിശബ്ദതയറില്ല...


കണ്ണു കലങ്ങിയ മാതാക്കള്‍- പതി
പാതിയിലറ്റൊരു പനിമതികള്‍
ചുറ്റും ചിതറും കൂരിരുളില്‍- സ്മൃതി
വിണ്ണില്‍ തിരയും ചെറു മിഴികള്‍


‍ദിനവും ചുറ്റും കാണുന്നുണ്ടിതു
മാറ്റാനൊരു മനമിന്നില്ലാ.
സമയം തീരെ കുറവാണിവിടെ
ക്ഷമയതുമല്‍പ്പം കുറവുണ്ട്‌ !


കൂടുതെരഞ്ഞു വരുന്ന പ്രവാസിയും
പാതിവഴിക്കു മടങ്ങുന്നു,
ഇണയോ തലതല്ലുന്നുണ്ടുണ്ണികള്‍
കഥയറിയാതെ മയങ്ങുന്നു...


പാതി മരിച്ചൊരു മാതാവിന്‍- വ്യഥ
മുറ്റിയ രോദനമീവഴിയില്‍,
അരികിലൊരുണ്ണിത്തരു ചിതറി
ചെറു കയ്യില്‍ കണ്ടു കളിപ്പാട്ടം...


കത്തിക്കാളും ചുടുനിണമാര്‍ന്നൊരു
ചിത്രം മുന്നില്‍തെളിയുമ്പോള്‍
നട്ടുനനച്ചു വളര്‍ത്തിയ പൂച്ചെടി
പാഴ്ത്തടിയായിത്തീരുമ്പോള്‍


കിട്ടും വല്ലാതുള്ളൊരു നൊമ്പര-
മുള്ളില്‍ത്തട്ടിച്ചിതറുമ്പോള്‍
കാണും വഴിയോരത്തിനി വീണ്ടും
പുള്ളി പുരണ്ടൊരു വെണ്‍ശീല


കുത്തിനിറയ്ക്കുക ത്വരിതം
സ്മശാനങ്ങള്‍ നീളേ തുറക്കുക
അല്ലെങ്കില്‍ മറക്കുക സമയം
കണ്ണുതുറന്നു ചരിക്കുക
കണ്ണുമടച്ചു ചിരിച്ചീടുക

കണ്ണുതുറന്നു ചരിക്കുക നമ്മള്‍
കണ്ണുമടച്ചു ചിരിക്കുക വീണ്ടും...

Sunday

പൊട്ടന്റെ ചിന്തപോലെ...

കാത്തിരുന്നു ഞാനേറെ നാളുകള്‍
‍പാത്തു ചിന്തകള്‍ കൂട്ടിനേറെയും
കാറ്റിലൂറിടും കുളിരു കോരുവാന്‍
‍ഊറ്റമോടേറെ നോക്കിനില്‍ക്കവെ

വിണ്ടു കീറിയ മനസ്സുകള്‍
തണ്ടു വാടിയ ചിന്തുകള്‍
‍കണ്ടു നീറിയ വാര്‍ത്തകള്‍ - കൂടെ
പണ്ടു പാടിയ ശീലുകള്‍

‍കാട്ടുചെമ്പകപ്പൂ പറിച്ചുനാം
കൂട്ടുകൂടിയൊരുമിച്ചു പോയതും
എട്ടുകെട്ടിലെ പൊട്ടറാന്തലും
കട്ടുകൊണ്ടു ഞാന്‍ ചൂണ്ടലിട്ടതും

ചിന്തകള്‍ കാടു കയറുന്നു
അന്തികള്‍ക്കുഷ്ണമേറുന്നു
കൃഷ്ണമണികള്‍ ചുരുങ്ങുന്നു - നെഞ്ചിലും
തീച്ചൂള കത്തിയെരിയുന്നു

ആശിച്ചുപോയി ഞാന്‍ തേടിയാശ്വാസത്തി-
നൊരുതുള്ളി നേടുവാന്‍ മൂകമായെങ്കിലും
ഏറ്റം വിഷമമാണെങ്ങുമതിനാല്‍ ഞാന്‍
‍ആശ്വാസംകൊള്ളുന്നെനിക്കാണേറ്റം സുഖം

Popular Posts

Recent Posts

Blog Archive