Sunday

രക്ഷിക്കേണ്ടവർ കൊള്ളക്കാരാകുമ്പോൾ



 ഒരു വിളിപ്പാടകലെ എന്തിനുമുണ്ടാകുമെന്നു വിശ്വസിച്ചാണ് പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടു ചെയ്യുന്നത്. സമാധാനത്തോടെ സന്തോഷത്തോടെ സംതൃപ്തിയോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്നു വിശ്വസിച്ചാണ് അസംബ്ലി ഇലക്ഷനിൽ ഓരോരുത്തരും വോട്ടു ചെയ്യുന്നത്. അതിനു വേണ്ടി സാഹചര്യമൊരുക്കുമെന്നും സുരക്ഷിതമായി രാജ്യത്തെ എല്ലായിടത്തും നോട്ടമെത്താനാണ് പാർലിമെന്റു തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നത്.

നമ്മളെ സംബന്ധിച്ചിടത്തോളം നിയമസഭാ ഇലക്ഷനാണു പ്രധാനം. ഇന്നത്തെ സാഹചര്യത്തിൽ അവരെല്ലാം എന്താണെന്നു നോക്കിയാൽ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയതെറ്റും അബദ്ധവുമായാണ് ഇന്ന് കേരളത്തിലെ സാധാരണക്കാരെല്ലാം കരുതുന്നത്. കാരണം അവരുടെ ജീവിതം അത്രത്തോളം ദുരിതത്തിലാണിപ്പോൾ അവർക്ക് ഒരു ജീവനോപാധി കാണിച്ചുകൊടുക്കാൻ ഒരു ഭരണ സംവിധാനവും ജന പ്രതിനിധികളും ഇന്നില്ല. പകരം അവർ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് കൊണ്ടുവരുന്നത് പിടിച്ചുപറിക്കുന്ന സർക്കാർ നയമാണുള്ളത്, അതിനു സപ്പോർട്ടു ചെയ്യുന്ന ജനപ്രതിനിധികളും.

ജനങ്ങൾക്കു ജീവനോപാധിയുണ്ടാകുമ്പോൽ അതിലൊരുഭാഗം നികുതിയായി സർക്കാർ സംവിധാനങ്ങളെ നിലനിർത്തും. ഭരണാധികാരികൾ അതിൽ നിന്നു മിച്ചം പിടിച്ച് ജനജീവിതത്തിനു കൂടുതൽ സൗകര്യങ്ങളൊരുക്കും, അങ്ങനെ സംസ്ഥാനത്തു വികസനം വരും, അതിനനുസരിച്ചു ജനങ്ങൾക്കു വരുമാനവും കൂടും, സർക്കാരിനും. അതിനുവേണ്ടിയാണ് നമ്മൾ വോട്ടുചെയ്ത് നിയമസഭയിലേക്കു പറഞ്ഞുവിടുന്നത്, പക്ഷേ അവരെല്ലാം ചെയ്യുന്നത് നേരേ തിരിച്ചാണ്. സ്വന്തം ബാങ്കക്കൗണ്ടും വേണ്ടപ്പെട്ടെവരുടെ ജീവിതസുരക്ഷിതത്വവും മാത്രമാണു ശ്രദ്ധ. അതുകൊണ്ടുതന്നെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാവും

സാധാരണക്കാരുടെ വരുമാനമാർഗ്ഗം ഒന്നൊന്നായി അടഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സർക്കാരിലേക്കും വരുമാനമില്ലാതാകുന്നു. ജനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം ഭരണാധികാരികൾ അവരുടെ കാര്യം മാത്രം ശ്രദ്ധിക്കുന്നു. അവർ ജനങ്ങളെ കൊള്ളയടിക്കാനിറങ്ങുന്നു, ഇപ്പോൾ നടക്കുന്നത് കൊള്ള മാത്രമാണ്. നികുതിയായും അധിക നികുതിയായും പല പേരുകളിൽ സമ്പാദ്യം മുഴുവൻ കൊള്ളയടിക്കുന്നു. വരുമാനത്തിന് ആനുപാധികമായ നികുതി കൃത്യമായി കൊടുക്കുന്നുണ്ട്. ബാക്കിയുള്ള പണം ചെലവാക്കി ഒരു വാഹനം വാങ്ങിയാൽ അതിനു നികുതി കൊടുക്കണം. അതു നിരത്തിലിറക്കാൻ റോഡ് ടാക്സ് വേറേ വേണം. പെട്രോളിനു രണ്ടുരൂപ അധികം കൊടുക്കണം. ഇൻഷുറൻസിനും സർവ്വീസിനുമെല്ലാം വീണ്ടും നികുതികൊടുക്കണം.

ഒരു സ്ഥലമാണു വാങ്ങുന്നതെങ്കിൽ അതിനു നികുതി വേറേ കൊടുക്കണം. അതിൽ ഒരു വീടു വെക്കണമെങ്കിൽ അപേക്ഷാഫീസ് വേറേ, അതിനു പുറമേ പതിനായിരങ്ങൾ കൊടുത്താണു പെർമിറ്റ് നേടുന്നത്. നികുതികൊടുത്തശേഷം ബാക്കിവന്ന പണത്തിൽ നിന്നാണ് വീണ്ടും നികുതിയും ഫീസും കൊടുക്കുന്നതെന്നോർക്കണം. വീടുവെക്കാനുള്ള പണം കഷ്ടപ്പെട്ടാണുണ്ടാക്കുന്നത്, സർക്കാർ ഒരു സഹായവും ചെയ്യുന്നില്ല. നിർമ്മാണസാമഗ്രികൾക്കുള്ള നികുതിയും പണിക്കാർക്കുള്ള കൂലിയും ചെലവും കൃത്യമായി ജനം കൊടുക്കുന്നുണ്ട്. പണിയെല്ലാം കഴിഞ്ഞ് കീശ കാലിയാകുമ്പോൾ തൊഴിലാളിക്ഷേമമെന്ന ഭീമമായ സർക്കാർ കൊള്ള വീണ്ടും വരും.

ആഡംബര നികുതി നിരോധിച്ചതുകൊണ്ട് അധികനികുതിയെന്നു പേരുമാറ്റി കനത്തതുക വേറേയുമടക്കേണ്ടിവരും. വൈദ്യുതിക്കും വെള്ളത്തിനുമെല്ലാം വിവിധ സർച്ചാർജ്ജ് കൊള്ളകൾ, ചുരുക്കം പറഞ്ഞാൽ കൊള്ളക്കാരായ ഭരണകർത്താക്കൾക്കു സുഖിക്കാൻ മൂന്നരക്കോടി മൂക്കറ്റം മുങ്ങിക്കഴിഞ്ഞു. അല്പമെങ്കിലും ജീവിത സാഹചര്യം ബാക്കിയുള്ളവർ ജീവിക്കാൻ നാടുവിടുന്നു. സാധാരണക്കാരായ ജനകോടികൾ ഒരുവഴിയും പരഗതിയുമില്ലാതെ നരകിക്കുന്നു. ഇനി നിങ്ങൾതന്നെ പറയൂ, എന്തിനാണ് ഇവനെയൊക്കെ ജയിപ്പിച്ചു കേറ്റുന്നത്. അധികാരത്തിന്റെ ചെങ്കോൽ കൊടുത്ത് കുടിയിരുത്തുന്നത്. ജയിപ്പിച്ചു കയറ്റുന്നപോലെ തിരിച്ച് വലിച്ചു താഴെയിടാനും അവസരം വേണ്ടേ?

Popular Posts

Recent Posts

Blog Archive