Sunday

ഭീകരവാദത്തെ കച്ചവടം ചെയ്യുന്നവര്‍ (2)

ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ!
വളരെ അര്‍ത്ഥവത്തായി പലരും ചിന്തിയ്ക്കുന്ന ഈ പഴമൊഴിയില്‍നിന്ന് നാം ഏറെ മുന്നേറിയിരിയ്ക്കുന്നു. സ്ഫോടനമാണോ എങ്കില്‍ മുസ്ലിം തീവ്രവാദി തന്നെ എന്ന നിലയിലെത്തി നില്‍ക്കുന്നു. വിശിഷ്യാ ഇന്ത്യയിലെവിടെയെങ്കിലും ഒരു സ്ഫോടനം നടന്നാല്‍ അടുത്ത സെക്കന്റില്‍ത്തന്നെ ഒരു മുസ്ലിം തീവ്രവാദ സംഘടനയും കുറെ മുസ്ലിം ചെറുപ്പക്കാരും കഥാപാത്രങ്ങളാവും. അല്ലെങ്കില്‍ അങ്ങനെ കല്‍പ്പിച്ചുകൊടുക്കും. നമ്മുടെ മുഖ്യധാരാമാധ്യമങ്ങള്‍ സര്‍വ്വ പിന്തുണയും അതിനു നല്‍കും. വേണമെങ്കില്‍ അവര്‍ തന്നെ പോലീസിന്റെ പണിചെയ്യും, അത്യാവശ്യം കോടതിയുടെയും. പക്ഷെ ആരോപിയ്ക്കപ്പെടുന്ന ഭീകര സംഘടനകള്‍ ഒന്നുംതന്നെ ഇതു സ്വീകരിയ്ക്കാറില്ല. സംഘപരിവാറിനും RSSനും രാഷ്ട്രീയമായും സാമൂഹികമായും ക്ഷീണം തട്ടിയിട്ടുള്ള സന്ദര്‍ഭങ്ങളിലെല്ലാം, അന്വേഷണത്തിന്റെ വിരല്‍ തങ്ങള്‍ക്കു നേരെ നീണ്ട സന്ദര്‍ഭങ്ങളിലെല്ലാം ഇവിടെ സ്ഫോടനങ്ങള്‍ നടക്കുന്നു. അതിനു ശേഷം പൂര്‍വ്വാധികം ശക്തിയോടെ ജനശ്രദ്ധ തിരിയുന്ന സന്ദര്‍ഭം മുതലാക്കി അവര്‍ തിരിച്ചുവരവ് ആഘോഷിയ്ക്കുന്നു. ഇന്ത്യയില്‍ നടന്ന രണ്ടു സ്ഫോടങ്ങളുടെ സാഹചര്യം പരിശോധിയ്ക്കാനാണ് ഇവിടെ ശ്രമിയ്ക്കുന്നത്.

ഇന്ത്യന്‍ പാര്‍‌ലിമെന്റ് ആക്രമണം


ഇന്ത്യകണ്ട ഏറ്റവും വൃത്തികെട്ട, കാര്‍ഗില്‍ ശവപ്പെട്ടി അഴിമതിയില്‍ കുളിച്ച് ബി.ജെ.പി. മുങ്ങിത്താഴുന്ന സന്ദര്‍ഭത്തില്‍ നടന്ന ഒരു ആസൂത്രിത നാടകമാണ് പാര്‍ലിമെന്റ് ആക്രമണം. അതുമാത്രമല്ല, ഇന്ത്യയിലെ ദളിത് മുസ്ലിം വിഭാഗങ്ങളെ ഏറ്റവും ബാധിയ്ക്കുന്ന വിധത്തില്‍ വലിച്ചു പിരിച്ച് പാര്‍ലിമെന്റില്‍ പോട്ടാനിയമം അവതരിപ്പിയ്ക്കാനുള്ള അദ്വാനിയുടെ ശ്രമം എന്‍.ഡി.എ. സഖ്യകക്ഷികളില്‍ ഭൂരിഭാഗവും എതിര്‍ത്തിരുന്ന സമയത്താണ് പാര്‍ലിമെന്റ് ആക്രമണം. ഈ ആക്രമണത്തോടെ സംഘപരിവാറിന്റെയും RSSന്റെയും മുഖത്തിനു ശോഭകൂടിയത് ശ്രദ്ധിച്ചാല്‍ മനസ്സിലാവും. പോലീസും മാധ്യമങ്ങളും പ്രചരിപ്പിയ്ക്കുന്നതില്‍ നിന്ന് വിപരീദമായി ചിന്തിച്ചുകൊണ്ട് ഇന്ത്യയിലെ പേരെടുത്ത രണ്ടു സാമൂഹ്യ പ്രവര്‍ത്തകര്‍ അവരുടെ പുസ്തകങ്ങളിലൂടെ വളരെ പ്രസക്തിയുള്ള ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് മുന്നോട്ടു വന്നിരിയ്ക്കുന്നു.

ഇന്ദിരാ ഗാന്ധിയുടെ അടുത്ത അനുയായിയായ പി.എ. ഹക്സറിന്റെ മകള്‍ നന്ദിതാ ഹക്സറാണ് ഒരാള്‍. ലോകം അറിയുന്ന സാമൂഹ്യപ്രവര്‍ത്തക. പാര്‍ലിമെന്റ് ആക്രമണത്തെക്കുറിച്ച് പോലീസും മാധ്യമങ്ങളുമെല്ലാം പറഞ്ഞതു നുണയാണെന്നും ഇന്റലിജന്‍സ് ബ്യൂറോ നടത്തിയ നാടകമാണതെന്നും ഫ്രൈമിംഗ് ഗീലാനിയില്‍ അവര്‍പറയുന്നു. അതുപോലെ അരുന്ധതിറോയ് സമാഹരിച്ച് പെന്‍‌ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിച്ച ദി സ്ടെയ്ഞ്ച് കേയ്സ് ഓഫ് ദി അറ്റാക്ക് ഓണ്‍ ദി ഇന്‍ഡ്യന്‍ പാര്‍ലിമെന്റ് എന്ന പുസ്തകത്തില്‍ പാര്‍ലിമെന്റ് ആക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണങ്ങളെ പുച്ഛിച്ചു തള്ളുന്നു. പ്രസക്തിയുള്ള ഒട്ടനവധി ചോദ്യങ്ങള്‍ അവര്‍ ചോദിയ്ക്കുന്നു.

പാര്‍ലിമെന്റ് ആക്രമണത്തില്‍ പകെടുത്തവരുടെ പേര് ?
അവരുടെ മേല്‍‌വിലാസം?

ഫോട്ടോ?

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍?

അവരാരാണ്, എവിടെനിന്നു വന്നു?

അവരുടെ ശരീരം എവിടെ മറവുചെയ്തു?


ഇത്രയും നാള്‍ കഴിഞ്ഞിട്ടും ഈ വിവരങ്ങള്‍ പുറത്തു വിടാത്തതിന്റെ കാരണം എന്താണെന്നുള്ള ചോദ്യത്തിനു പ്രസക്തിയില്ലെന്നാണോ? ഉത്തരവാദപ്പെട്ടവരും മാധ്യമങ്ങളും ഈ ചോദ്യങ്ങളെ മന:പൂര്‍വ്വം അവഗണിയ്ക്കുന്നു. വധശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട് പിന്നീടു വിട്ടയയ്ക്കപ്പെട്ട ഗീലാനിയ്ക്കു ശേഷം മറ്റൊരാള്‍ ശിക്ഷയും കാത്തു കഴിയുന്നു. പാര്‍ലിമെന്റ് ആക്രമണത്തില്‍ പങ്കെടുത്തെന്ന് ആരോപിയ്ക്കുന്ന മുഹമ്മദ് യാസീന്‍ എന്നയാളെ കാശ്മീരില്‍‌നിന്ന് ഡല്‍ഹിയിലെത്തിച്ചു എന്ന കുറ്റം പേറുന്ന അഫ്സല്‍ ഗുരുവാണ് ആ ഹതഭാഗ്യന്‍. അയാളാകട്ടെ ആ കുറ്റം നിഷേധിയ്ക്കുന്നില്ലെന്നു മാത്രമല്ല യാസീനെ ഡല്‍ഹിയിലെത്തിച്ചത് താനാണെന്ന് ആണയിട്ടു പറയുന്നു. പക്ഷേ മുഹമ്മദ് യാസിനെ ഡല്‍ഹിയിലെത്തിയ്ക്കാന്‍ തന്നെ ഏല്‍പ്പിച്ചത് കാശ്മീരിലെ ഒരു പട്ടാള ജനറലായ ദവീന്ദര്‍സിംഗാണെന്നും അദ്ദേഹം ചേര്‍ത്തു പറയുന്നുണ്ട്. ആ വര്‍ത്തമാനം പക്ഷേ ആരും ചെവിക്കൊണ്ടില്ല. പാര്‍ലിമെന്റ് ആക്രമണത്തിന് ഒരുവര്‍ഷം മുമ്പ് ബോബെ താനെ പോലീസ് പിടിച്ച് കാശ്മീര്‍ പോലീസിനു കൈമാറിയ മുഹമ്മദ് യാസീന്‍ എന്നയാള്‍ എങ്ങനെ ദവീന്ദര്‍‌സിംഗിന്റെ പക്കലെത്തിയെന്നും എന്തിനാണ് അയാളെ ഡല്‍ഹിയിലെത്തിയ്ക്കാന്‍ അഫ്സല്‍ഗുരുവിനെ ഏല്‍പ്പിച്ചതെന്നും ആരും അന്വേഷിച്ചില്ല. ദവീന്ദര്‍‌സിംഗിനെതിരേ ആരും ശബ്ദിച്ചുകണ്ടില്ല.

മുംബൈ ആക്രമണം

രാജ്യത്തെ നടുക്കുന്ന സംഭവ വികാസങ്ങളെ അന്വേഷിയ്ക്കാന്‍ നിയോഗിയ്ക്കപ്പെട്ട സത്യസന്ധനായ പോലീസ് ഓഫീസര്‍ ഹേമന്ദ് കാര്‍ക്കറെയെ ലക്ഷ്യം വച്ചുനടത്തിയതാണ് ബോംബേ ആക്രമണം. സംഝോതാ എക്സ്പ്രസ്, മലേഗാവ് തുടങ്ങിരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്ഫോടനങ്ങളുടെ യഥാര്‍ത്ഥ ഉത്തരവാദികള്‍ RSSഉം സംഘപരിവാറുമാണെന്നു ചൂണ്ടിക്കാണിയ്ക്കപ്പെടുന്ന സ്ഥിതി വന്നപ്പോള്‍ പെട്ടെന്നുണ്ടായതാണ് ബോംബെ അക്രമണം. അതിന്റെ ആദ്യത്തെ ഇരതന്നെ കാര്‍ക്കറെയും കൂട്ടരുമായതില്‍ അത്ഭുതപ്പെടാനില്ല. കാരണം അവരെ ലക്ഷ്യം വച്ചു സൃഷ്ടിച്ചതായിരുന്നു ബോംബെ അക്രമണം.

മഹാരാഷ്ട്ര കര്‍ണ്ണാടക സര്‍ക്കാരുകളെ വിറപ്പിച്ച, രാജ്യത്തിനുതന്നെ അപമാനമായ കോടിക്കണക്കിനു രൂപയുടെ വ്യാജ മുദ്രപ്പത്രക്കേസായ അബ്ദുല്‍ കരിം തെല്‍ഗി കേസ് വെളിച്ചത്തു കൊണ്ടുവന്ന ഐ.ജി. റാങ്കില്‍ മഹാരാഷ്ട്രയില്‍ നിന്നു റിട്ടയര്‍ ചെയ്ത എസ്.എം.മുഷ്‌രിഫ് എഴുതിയ കാര്‍ക്കറയെ കൊന്നതാര് (ഹു കില്‍ഡ് കാര്‍ക്കറെ) എന്ന പുതകത്തില്‍ ഇന്റലിജന്‍സ് ബ്യൂറോവിലുള്ള സവര്‍ണ്ണ താല്‍പ്പര്യക്കാരാണ് കാര്‍ക്കറെയെ കൊന്നതെന്നു പറയുന്നു. കാര്‍ക്കറെയ്ക്കൊപ്പം കൊല്ലപ്പെട്ട അഷോക് കാംതെയുടെ വിധവ എഴുതിയ ടു ദി ലാസ്റ്റ് ബുള്ളറ്റ് എന്നപുസ്തകത്തിലും ഈ വിവരം വിളിച്ചു പറയുന്നു.

ഒരുസമൂഹത്തെ ആകമാനം നശിപ്പിയ്ക്കാന്‍ പോന്നവിധത്തില്‍ പ്രചരണങ്ങളും അക്രമങ്ങളും അഴിച്ചുവിടാന്‍ ഒരു വിഭാഗം ഒരുങ്ങി നില്‍ക്കുമ്പോള്‍ അതു മനസ്സിലാക്കാനെങ്കിലും ശ്രമിയ്ക്കണമെന്ന് ആഗ്രഹിച്ചു പോകുന്നു. തെറ്റുചെയ്യുന്നവര്‍ ആരായാലും ശിക്ഷിയ്ക്കപ്പെടണം. പക്ഷേ അതു മതം നോക്കിയാവുമ്പോള്‍ കഷ്ടം തന്നെയാണ്.

(ഭാഗം 1 ഇവിടെ)      (ഭാഗം 3 ഇവിടെ)

  12 comments:

  1. ചിന്തിക്കുന്നവന് സത്യം മനസ്സിലാവും.
    അതിന് മെനക്കേടാതെ കിട്ടിയ ഗ്യാപ്പില്‍ ഒരു വിഭാകത്തിന്റെ തോളില്‍ കെട്ടി വക്കാന്‍ വേണ്ടി എല്ലായിടങ്ങളിലും തിരക്കഥകള്‍ രചിക്കപ്പെടുന്നു!

    അതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് വാര്‍ത്താ മാധ്യമങ്ങല്‍ തന്നെ.

    നിങ്ങള്‍ ബ്ലോഗിലെ കാര്‍ക്കരെ ആവാതെ നോക്കുക..

    ReplyDelete
  2. ഈ സത്യങ്ങള്‍, ചിന്ത പണയപ്പെടുത്താത്തവരും കണ്ണിന് തിമിരം ബാധിക്കാത്തവരും മാത്രം വായിച്ചേക്കും ‍.

    ReplyDelete
  3. അങ്ങിനെയെങ്കിലും കുറച്ചു സത്യങ്ങള്‍ മാലോകര്‍ അറിയട്ടെ! അരീക്കോടന്‍ മാഷ് പറഞ്ഞപോലെ ഇതു വായിക്കാന്‍ പലര്‍ക്കും മനസ്സു വരില്ലായിരിക്കും.

    ReplyDelete
  4. കൊട്ടോട്ടിക്കാരൻ,
    താങ്കളുടെ ലോജിക്‌ അത്രയ്ക്കങ്ങ്‌ ശരിയാവുന്നില്ലല്ലൊ.

    ഒരു സംഭവം നടന്നതിനുശേഷം അതിൽ നിന്നും ഒരു വ്യക്തിയോ സംഘടനയോ സ്വന്തം ലാഭത്തിനുവേണ്ടി മുതലെടുപ്പ്‌ നടത്തുന്നു എന്നു പറയുന്നതിനും ആ സംഭവം ആ വ്യക്തി/സംഘടന ആസൂത്രണം ചെയ്യുന്നു എന്നു പറയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്‌. ഇതല്ല താങ്കൾ ഉദ്ദേശിച്ചതെങ്കിൽ പറയൂ.

    മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്നാരോപിച്ച്‌ വ്യാജ ഏറ്റുമുട്ടലുകൾ ഉൽപാദിപ്പിക്കുന്ന അത്ര എളുപ്പമല്ല താങ്കൾ പറഞ്ഞ സംഭവങ്ങൾ ആസൂത്രണം ചെയ്യാൻ. അവയിൽ പങ്കുള്ള വ്യക്തികൾ പലരേയും സ്വാധീനിക്കാൻ RSS ഇത്തിരിയിലധികം പണിപ്പെടേണ്ടിവരും. താങ്കൾ പറഞ്ഞതുപോലെ തന്നെ ഇതിൽ ഹിന്ദുക്കളും ഉൾപ്പെട്ടിരിക്കാം (സാമൂഹ്യവിരുദ്ധതയ്ക്ക്‌ മതം ഒരു ഘടകമേയല്ല), പക്ഷെ അതെല്ലാം RSS നടത്തുന്ന ഗൂഢാലോചനയുടേയും ആസൂത്രണത്തിന്റേയും ഫലമാണെന്ന്‌ പറയുന്നതിൽ അൽപമല്ലാത്ത പിശകുണ്ട്‌. ഈ തീവ്രവാദികളെയൊക്കെ ഇന്ത്യയ്ക്ക്‌ പുറത്തുനിന്ന്‌ ഇന്ത്യയിൽ കൊണ്ടുവന്ന്‌ ഒരു ആക്രമണം നടത്തിയ്ക്കാൻ തക്ക കഴിവൊന്നും ആർഎസ്‌എസിന്‌ ഉണ്ടെന്ന്‌ കരുതാൻ നിർവ്വാഹമില്ല.

    കാർക്കരെയെ വധിച്ചത്‌, ഒരുപക്ഷെ, ആർഎസ്‌എസ്‌ അനുഭാവികൾ തന്നെയായിരിക്കാം (എനിക്കറിഞ്ഞുകൂടാ), പക്ഷെ അതും ഒരു സംഭവത്തിൽ നിന്നുള്ള മുതലെടുപ്പ്‌ മാത്രമായേ കാണാനാവൂ. ഒത്തുകിട്ടിയപ്പോൾ തട്ടി, അത്രതന്നെ. കാർക്കരെ എന്നൊരാളെ വധിക്കാൻ വേണ്ടിമാത്രം കുറേയാളുകളെ അത്യന്താധുനിക ആയുധങ്ങളുമായി വിടേണ്ട ആവശ്യമെന്ത്‌? ഒരു സാദാ വാടകക്കൊലയാളിയ്ക്ക്‌ കുറച്ചൊന്ന് ബുദ്ധിമുട്ടിയാലെങ്കിലും ചെയ്യാവുന്ന കാര്യമല്ലേയുള്ളു? അതിനായി ഇത്രയ്ക്ക്‌ പണം ചെലവാക്കണോ?

    NDA ഭരണകാലത്ത്‌ തന്നെയായിരുന്നല്ലൊ കാർഗിൽ യുദ്ധവും. സാമാന്യം മോശമല്ലാത്ത ഒരു പ്രതിച്ഛായ ബിജെപിയ്ക്ക്‌ അതിലൂടെ ലഭിച്ചിട്ടുമുണ്ട്‌. അതും ഒരുതരത്തിൽ മുതലെടുപ്പ്‌ രാഷ്ട്രീയം തന്നെയല്ലെ. അവിടെയും താങ്കൾക്ക്‌ ഈ ലോജിക്‌ പ്രയോഗിക്കാനാവുമോ? Meaning, പാക്കിസ്ഥാൻ സൈന്യാധിപരിൽ സ്വാധീനം ചെലുത്തി ഇന്ത്യയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കാനുള്ള വല്ല ഗൂഢാലോചനയും?

    അത്രയ്ക്കൊന്നും സ്വാധീനം ആർഎസ്‌എസിനില്ല.

    ധാരാളം അക്രമസംഭവങ്ങൾ ലോകത്ത്‌ നടക്കുന്നുണ്ട്‌. പല സാമൂഹ്യവിരുദ്ധരും അത്‌ മുതലെടുക്കുന്നുമുണ്ട്‌. പക്ഷെ അവർ പോലും ചെയ്യുന്നത്‌ സാഹചര്യം ഉപയോഗിക്കുക മാത്രമാണ്‌, ആ സാഹചര്യം സൃഷ്ടിക്കുകയല്ല.
    കൂടെ പറയട്ടെ, ഞാൻ ഒരു ബിജെപി/ആർഎസ്‌എസ്‌ അനുഭാവിയല്ല, അവരോട്‌ വിയോജിപ്പുകളാണ്‌ ഉള്ളതും. എന്റെ താൽപര്യം താങ്കളുടെ ലോജിക്‌ മാത്രമാണ്‌.

    ReplyDelete
  5. ഭീകരവാദത്തെ കച്ചവടമാക്കുന്ന പോലെ തന്നെയാണ് ഭീകരവാദം എങ്ങനെ ഉണ്ടാകുന്നു എന്ന ചിന്തയും.അപ്പോള്‍ മുന്നില്‍ വന്നു പെടുന്നത് പ്രഥമവും പ്രധാനമായും ഭരകൂടവും മീഡിയയുമാണ്.പൌരര്ക്ക് തുല്യനീതിഎന്ന പ്രതിജ്ഞഎടുത്തു കസേരയില്‍ ഇരിക്കുന്ന ഭരണകര്ത്താൊക്കളും നിഷ്പക്ഷരെന്നു പേര്ത്തും ആണയിടുന്ന മാധ്യമങ്ങളും കൊടിയ അപരാധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്.
    ഇരട്ടനീതി: ഇവിടെ ആപേക്ഷികമാണ്. ഒരേ തെറ്റ് പലനാമധാരികള്‍ ചെയ്യുമ്പോള്‍ പലതരം വിധി നടപ്പാക്കപ്പെടുന്നു.നിരവധി നിരപരാധികളെ നിര്ദ്ദ്യം കൊന്നുകളഞ്ഞുവെന്നു 'ആണത്തത്തോടെ' മീഡിയക്ക് മുന്നില്‍ ചര്ദ്ദിംച്ച്ചവരും പരസ്യമായി സ്റ്റേജില്‍, ആയിരങ്ങളെ സാക്ഷി നിര്ത്തി അതിമാരകവിഷം തുപ്പിയവരും നമ്മുടെ ഇന്ത്യയില്‍ സസുഖം വിലസിനടക്കുന്നു. എന്നാല്‍ പെറ്റിക്കെസുകളും ഗൂഡാലോചനയും കാരണം അനേകര്‍ നിര്ദനയം അഴിക്കുള്ളില്‍ അടച്ചിടപ്പെടുന്നു.ഇതിനു ഒട്ടനവധി ഉദാഹരങ്ങള്‍... ഒരാള്‍ പടക്കം പൊട്ടിച്ചാല്‍ ആറ്റംബോംബ് ,തീവ്രവാദി! വേറൊരാള്‍ ബോംബ്‌ പൊട്ടിച്ചാല്‍ അത് ഓലപ്പടക്കം,മന്ദബുദ്ധി!!ഭരണതലത്തിലെയും ഉദ്യോഗസ്ഥതലത്തിലെയും വിഷവിത്തുകളെ കണ്ടെത്തി പരിഹരിക്കുകയാണ് പ്രധാന പോംവഴി.തീര്ച്ചളയായും തീവ്രവാദം ഉന്മൂലനം ചെയ്യപ്പെടെണ്ടാതാണ്. അതിനു വേണ്ടത് തലവേദന വന്നാല്‍ തല വെട്ടുകയല്ല,കാരണം കണ്ടെത്തി ചികിത്സിക്കുകയാണ്. മറ്റൊരു തരത്തിലുള്ള ഉന്മൂലന സിദ്ധാന്തം വര്ഗീ്യ ശക്തികള്‍ പണ്ട് മുതലേ പരീക്ഷിക്കുന്നുണ്ട്.ജൈന-ബുദ്ധ മതങ്ങളുടെ ഇന്ത്യയിലെ ചരിത്രം അവര്‍ ഓര്ക്കുംന്നുണ്ടാവാം .

    മീഡിയയുടെ നിഷ്പക്ഷത :ഇതിലും കഷ്ടമാണ് മാധ്യമങ്ങളുടെ അവസ്ഥ!സത്യത്തില്‍ നിഷ്പക്ഷത എന്നാല്‍ എന്താണ്?തെറ്റിന്റെയും ശരിയുടെയും ഇടയില്‍ ഒരു ന്യൂട്ടര്‍ 'ഹിജഡ'തത്വമോ? അതോ ശരിയുടെ പക്ഷ്ത്ത് നിന്നുള്ള പത്ര ധര്മ്മ്മോ? നിര്ഭാചഗ്യവശാല്‍ പതിറ്റാണ്ടുകളായി ഈ രംഗത്ത് കാണുന്നത് അങ്ങേയറ്റത്തെ ജീര്ണ്ണ്തയാണ്.പണ്ട് ഒരു പിശക് വന്നു പോയാല്‍ ഒരു തിരുത്തെന്കിലും കൊടുക്കാനുള്ള സന്മനസ്സ് ഉണ്ടായിരുന്നു. ഇപ്പോള്‍ അത് പോലുമില്ല.ചാരക്കേസുമുതല്‍ കളമശ്ശേരി വരെ നിരവധി ഉദാഹരണങ്ങള്‍...ബന്ദിന്റെ പേര് പറഞ്ഞു യാത്രക്കാരടക്കം ബസ്സ് കത്ത്തിച്ചു കൊന്നോടുക്കിയാലും അത് തീവ്രവാദമല്ലപോല്‍! കളമശ്ശേരി ബസ്‌ മാത്രം അണയാതെ നില്ക്കു ന്നു.ഇവിടെ ഏതെന്കിലും ഈര്ക്കി്ലി പാര്ട്ടി യുടെ നേതാവ് വിചാരണ കൂടാതെ അഞ്ചു കൊല്ലം ഉള്ളില്‍ കിടന്നാല്‍ കേരളത്തില്‍ എന്ത് സംഭവിക്കും എന്ന് ആരെങ്കിലും ചിന്തിച്ചോ?അതെല്ലാം തീവ്രവാദമാകുമോ? എസ് കത്തിയുടെ പിന്നാമ്പുറം investigation journalism ചെയ്തു കണ്ടു പിടിച്ചവര്‍ ഈ വക അനേകം കേസുകളില്‍ പോലീസിന്റെ ഇരട്ടത്താപ്പിന് ഒപ്പം നിലകൊള്ളുന്നു.അവരുടെ തിരുമൊഴികള്‍ അപ്പടി സത്യം. സംശയമില്ല ,ചോദ്യമില്ല, ഏറ്റുപറച്ചില്‍ മാത്രം!
    ചുരുക്കത്തില്‍ സമൂഹത്തിലെ തീവ്രവാദം തുടച്ചുനീക്കാന്‍ പ്രഥമമായി പ്രയത്നിക്കേണ്ടത് ഈ രണ്ടു കൂട്ടരുമാണ്.എല്ലാവര്ക്കും തുല്യ നീതി കരഗതമാകുന്നതോടെ തീരുന്ന പ്രശ്നമേഉള്ളു അധികവും. അതിന്നായി മത വര്ഗ്ഗn വര്ണ്ണല ദേശ ഭേദമന്യേ നമുക്കൊരുമിക്കാം.ജയ് ഹിന്ദ്‌ .

    ReplyDelete
  6. അപ്പൂട്ടാ,
    ചെറായിയില്‍ പരിചയപ്പെടാന്‍ സാധിച്ചില്ല...

    തുടന്നുള്ള പോസ്റ്റുകളില്‍ വിശദീകരണമുണ്ടാവും. ഇന്റലിജന്‍സ് ബ്യൂറോ RSSനെ സഹായിയ്ക്കാന്‍ കാരണമുണ്ട്. അടുത്ത പോസ്റ്റില്‍ വിശദീകരിയ്ക്കാം.

    ReplyDelete
  7. തണല്‍, പോസ്റ്റിനെക്കാള്‍ വലിയ വിശദീകരണക്കുറിപ്പെഴുതിയതിന് നന്ദി... ഭീകരത ആരു ചെയ്താലും എതിര്‍ക്കപ്പെടണം, പക്ഷേ അതു ചെയ്യുന്നവര്‍ പിടിയ്ക്കപ്പെടുന്നത് ഇന്നപൂര്‍വ്വമാണ്.

    ReplyDelete
  8. കഷ്ടം തന്നെ കൊണ്ടോട്ടി...
    ജോണീക്കുട്ടി

    ReplyDelete
  9. കണ്ണടച്ച് ഇരുട്ടാക്കാത്തവരെങ്കിലും കഥയറിയട്ടെ.
    വളരെ പ്രസക്തമായ പോസ്റ്റ്.
    നന്ദി.

    ReplyDelete
  10. സത്യം സത്യം സത്യം

    ReplyDelete
  11. എത്ര മൂടിവെച്ചാലും ഒരു നാൾ സത്യം മറ നീക്കി പുറത്ത് വരിക തന്നെ ചെയ്യുമെന്ന് കരുതാം.

    മുൻ വിധിയോടെയാണിപ്പോൾ കാര്യങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നത് എന്നത് എല്ലാ സാധാരണക്കാരായ മനുഷ്യരെയും ദു:ഖിപ്പിക്കുന്നു

    ReplyDelete
  12. ഇന്ത്യന്‍ നിയമവ്യവസ്ഥികളെയും രാഷ്ട്രിയത്തോടുമുള്ള വെറുപ്പെരുകയാണ്....

    ReplyDelete

Popular Posts

Recent Posts

Blog Archive