Sunday

ഒരു ബ്ലോഗറുടെ ആത്മഹത്യാ കുറിപ്പ്

സ്വനലേഖയോടു ക്ഷമ പറയും ഞാന്‍
സ്നേഹിച്ചു തുടങ്ങിയ നാളുകള്‍
അധികമായില്ലായിരുന്നു

വരമൊഴിക്കവധികൊടുത്ത്
കീമാന്റെ കൈയുംപിടിച്ച്
ബൂലോകം കറങ്ങിഞാന്‍

തലതാഴ്ത്തി പമ്മിയിരിക്കുന്നതെന്താവാം
ചോദിച്ചില്ലാരും
മരുന്നു തീര്‍ന്നെന്നു തോന്നിക്കാണും

കമന്റുഭരണി കാലിയായി
ഹിറ്റ്‌കൌണ്ടറുകള്‍ ഹാന്‍ഡ് ബ്രേക്കിട്ടു
അഗ്രികള്‍ക്കും മറവിബാധിച്ചു

എന്തെങ്കിലും എഴുതിവിടണ്ടേ
എവിടെയെങ്കിലും പോയി നോക്കണ്ടേ
എന്തെങ്കിലും മിണ്ടേംവേണ്ടേ..?

ന്യായമായ ചോദ്യങ്ങള്‍
ന്യായ വിധിക്കു കാത്തു നില്‍ക്കുന്നു
ന്യായം മാത്രം കണ്ടെത്തിയില്ല

വിണ്ടു വരണ്ട മനസ്സും
വരണ്ട കണ്‍കോണുകളും
വറ്റിവരണ്ട പേനയും ബാക്കിയാവാം

പാതിമുറിഞ്ഞ മനസ്സുകളില്‍
പാഴ്‌മുള്ളുകളും കളകളും
പാലരുവികള്‍ സ്വപ്നമായ് മാറി

വെള്ളമാണു ചുറ്റും, അലിവിന്റെ
വെറും തുള്ളിമാത്രം തേടി
വെറും വ്യാമോഹം ബാക്കി

ഒരിറ്റു ദാഹനീര്
ഒരിക്കല്‍ക്കൂടിയേറ്റുവാങ്ങാന്‍
ഒരുമോഹം വ്യഥാ

കലുഷിതമായ മനസ്സിലേക്ക്
കലക്കവെള്ളമായ്
കവിതവരുമെന്നറിയുന്നു ഞാന്‍

കനിവുവറ്റിയ മനമാണു ചുറ്റും
കാണുന്നതു ഞാനെന്റെ
കാവ്യാംശുവില്‍പോലും

ഹൃദയത്തിലെ കനല്‍ കെടുത്താന്‍
ഹൃദയംഗമായൊരുവാക്ക്, ഏതെങ്കിലും
ഹൃത്തടം തുറന്നിരുന്നെങ്കില്‍

പ്രതീക്ഷകള്‍ തുരുമ്പെടുത്തു
മതിഭ്രമം ബാധിക്കുംവരേയും
സതീര്‍ത്ഥ്യനെക്കാത്തിരുന്നേക്കാം

കാലത്തിന്നു മുമ്പേ ചരിക്കുവോര്‍
കാത്തവഴികളില്‍
കത്തും കാരിരുമ്പാവാതിരിക്കാം

വിടപറയുംമുമ്പേ വീണ്ടും
വിരഹഗാനം പാടാം ചിലര്‍ക്ക്
വിധിവിലക്കില്ലായിരിക്കാം

അക്ഷരങ്ങള്‍ക്കു വിരാമം കുറിക്കാം
ആശ്രയമറ്റവനത്താണിയില്ലെങ്കില്‍
ആത്മഹത്യ പാപപായിരിക്കില്ല

മാരിയത്തെന്ന മരതകമുത്ത്

സംഭവബഹുലമായ പല പ്രശ്നങ്ങളിലും കൂടി ഏതാണ്ട് അവിയലു പരുവത്തില്‍ കുഴഞ്ഞുമറിഞ്ഞു നടത്തം തുടങ്ങിയിട്ട് കുറേ നാളുകളായി. ഒരാഴ്ചമുമ്പ് എന്റെ ലാപ്ടോപ്പും ആത്മഹത്യ ചെയ്തു. തുഞ്ചന്‍പറമ്പിലെ മീറ്റിനെക്കുറിച്ചും സോവനീറിനെക്കുറിച്ചും ഈമെയില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുമ്പോള്‍ കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും അഭാവം വല്ലാതെ ഉലച്ചു. വിവരാവകാശപ്രവര്‍ത്തകനെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്ന വേളയില്‍ അവിചാരിതമായി ഞങ്ങളില്‍ വന്നുപെട്ട ഒരു പ്രശ്നത്തിനു പരിഹാരം തേടി ഷെരീഫ് കൊട്ടാരക്കരയെ വിളിയ്ക്കുമ്പോഴാണ് ആ സന്തോഷ വര്‍ത്തമാനം ഞാനറിഞ്ഞത്. ബൂലോകത്തും ഭൂലോകത്തും തന്റെ സ്വതസിദ്ധമായ കഴിവുകളില്‍ ചാലിച്ച കഥകളും ചിത്രങ്ങളുമൊക്കെ നിറഞ്ഞപുഞ്ചിരിയോടെ നമുക്കു സമ്മാനിയ്ക്കുന്ന ബ്ലോഗിണിയും എഴുത്തുകാരിയുമായ മാരിയത്തിന്റെ പ്രിയചിത്രങ്ങള്‍ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിയ്ക്കുന്നു! ഫെബ്രുവരി 5, 6, 7, 8 തീയതികളില്‍ നടന്ന ആ സന്തോഷത്തില്‍ പങ്കെടുക്കാന്‍ ആ വാര്‍ത്ത എന്നെ സഹായിച്ചു.


മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ തന്റെ ചിത്രങ്ങള്‍ക്കൊപ്പം ബ്ലോഗര്‍ മാരിയത്ത്


ജീവന്റെയും ജീവിതത്തിന്റെയും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും പ്രതിഷേധത്തിന്റെയും എന്തൊക്കെ വികാരവിചിന്തനങ്ങള്‍ നമുക്കുണ്ടാവുമോ അതെല്ലാം തൊട്ടുപറയുന്ന കടലിരമ്പവും മാരുതമര്‍മ്മരവും അനുഭവമാക്കുന്ന സന്ദര്‍ഭങ്ങള്‍ വിളിച്ചോതുന്ന ഒരു കൂട്ടം കലാസൃഷ്ടികളുടെ മനോഹരകാഴ്ച കാണാന്‍ ഭാഗ്യമുണ്ടായതില്‍ ഞാന്‍ സന്തോഷിയ്ക്കുന്നു. അതു പകര്‍ന്നുതന്നത് നമ്മുടെ കൂട്ടത്തില്‍ ഒരാളായതില്‍ അഭിമാനിയ്ക്കുകയും ചെയ്യുന്നു. കോട്ടക്കുന്നിലെ ആര്‍ട്ട് ഗ്യാലറിയില്‍ മാരിയത്തിന്റെ ചിത്ര പ്രദര്‍ശനം കാണാന്‍ ദിനേന വന്നുപോയ നൂറുകണക്കിനുള്ള സഹജീവികളുടെ അഭിപ്രായവും മറ്റൊന്നാവാന്‍ തരമില്ല. ആര്‍ട്ട് ഗ്യാലറിയില്‍ ഫോട്ടോയെടുപ്പ് അനുവദനീയമല്ല. അതിനാല്‍ വര്‍ണ്ണങ്ങള്‍കൊണ്ടു പറഞ്ഞ മഹാസത്യങ്ങളെ ഇവിടെ അവതരിപ്പിയ്ക്കാന്‍ കഴിയുന്നില്ല. ആരും കാണാതെ എന്റെ പൊട്ട മൊബൈലിലെടുത്ത ഒരു ചിത്രം ഞാന്‍ ഇതോടൊന്നിച്ചു വയ്ക്കുന്നുണ്ട്. മാരിയത്തിന്റെ ചിത്രങ്ങളെ മൊബൈലിലാക്കുന്നതില്‍ എനിയ്ക്കു താല്പര്യം തോന്നിയില്ല. ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ചിത്രങ്ങളെ വികലമാക്കാനേ അതുതകൂ എന്നു ഞാന്‍ മനസ്സിലാക്കുന്നു. പോക്ക് ആര്‍ട്ട്‌ഗ്യാലറിയിലേയ്ക്കായതിനാല്‍ ക്യാമറ കരുതിയതുമില്ല.

മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറി

2010 മെയ് മുതല്‍ നാലു ലക്കങ്ങളിലായി മഹിളാചന്ദ്രികയില്‍ വന്ന “നിഴലറിയാതെ നിലാവു പെയ്യുന്നു” എന്ന കഥയാണ് മാരിയത്തിനെ എനിയ്ക്കു പരിചയമാക്കിത്തന്നത്. താമസിയാതെ മാരിയത്തിന്റെ ബ്ലോഗിലുമെത്തി. ആ കഥ ഇവിടെ പതിച്ചതും കണ്ടു. വിവിധവര്‍ണ്ണങ്ങള്‍ അവള്‍ ബ്ലോഗിലും ചാലിച്ചിരിയ്ക്കുന്നു. ആ ബ്ലോഗുകളിലൂടെ സഞ്ചരിയ്ക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. മാരിയത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആ ബ്ലോഗുകളിലൂടെ സഞ്ചരിയ്ക്കുന്നവര്‍ക്ക് എളുപ്പത്തില്‍ കിട്ടുമെന്നതിനാല്‍ ഇവിടെ വിശദീകരിയ്ക്കുന്നില്ല. ബൂലോകത്തിനും ഭൂലോകത്തിനും ഇനിയുമിനിയും സംഭാവനകള്‍ നല്കാന്‍ കഴിയാന്‍ മാരിയത്തിനു കഴിയട്ടെയെന്ന് നമുക്കാശംസിയ്ക്കാം.

Popular Posts

Recent Posts

Blog Archive