Wednesday

ഒരു കൊലപാതകം ലൈവ്

  അല്ലറ ചില്ലറ പ്രശ്നങ്ങളുമായി മുന്നോട്ടു നടക്കുന്ന തിരക്കിൽപ്പെട്ട് വല്ലാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞ കുറേ നാളുകൾ. രണ്ടാമത്തെ മകന്റെ സ്കൂളിൽ ഒന്നു പോകാമെന്നു വച്ചു. ഫീസ് കുടിശ്ശിക ആറുമാസത്തോളമായി വളർന്നിരിയ്ക്കുന്നു. അതൊന്നങ്ങട്ട് കൊടുത്താൽ അത്രകണ്ട് സമാധാനമാവുമല്ലോ. നാട്ടിൽ സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളിലെല്ലാം അംഗമായ എനിയ്ക്ക് ഒരിക്കലും യോജിക്കാൻ കഴിയാത്ത പ്രവൃത്തിയുടെ വേദനിപ്പിയ്ക്കുന്ന ദൃശ്യവുമായാണ് സ്കൂൾ എന്നെ സ്വാഗതം ചെയ്തത്. സ്കൂൾ സ്ഥാപനത്തിന്റെ സ്ഥപനത്തിനു മുന്നേ ആരോ നട്ടു പരിപാലിച്ചിരുന്ന വളരെ പ്രായം ചെന്ന നെല്ലിമരം വേരുപോലും ബാക്കിയാക്കാതെ വെട്ടി ഒഴിവാക്കുന്ന ആ കാഴ്ച നിങ്ങളെയും വേദനിപ്പിയ്ക്കാതിരിയ്ക്കില്ല.




മുറ്റത്തൊരു നെല്ലിമരം എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. അതിന്റെ ആനന്ദം പറഞ്ഞറിയിയ്ക്കാൻ കഴിയുന്നതുമല്ല. പലർക്കും മുറ്റത്തുപോയിട്ട് പറമ്പിൽത്തന്നെ ഒരു നെല്ലിത്തൈ പോലുമില്ല. അങ്ങനെയുള്ളപ്പോഴാണ് നറുകണക്കിനു കുരുന്നുകൾക്ക് ആനന്ദം പകർന്നിരുന്ന സ്കൂൾമുറ്റത്തെ അത്യാവശ്യം പ്രായമുള്ള നെല്ലിമരം സ്കൂൾ അധികൃതർ മുറിച്ചുമാറ്റിയത്. ഈ മരത്തെ വട്ടം ചുറ്റി കുട്ടികൾ ഓടിക്കളിയ്ക്കുന്നത് ഒരുപാടുതവണ ഞാൻ നോക്കി നിന്നിട്ടുണ്ട്. ഉണങ്ങിയ കൊമ്പോ കേടുവന്ന് അപകടം വരുത്താവുന്ന സാഹചര്യമോ ഈ മരത്തെ സംബന്ധിച്ച് ഇല്ലായിരുന്നു. മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂളിലെ കുട്ടികളെ ബോധവൽക്കരിച്ചിട്ട് മാസം തികഞ്ഞിരുന്നില്ല. മുറിക്കുന്നതിന്റെ അനൗചിത്യത്തെക്കുറിച്ച് വാതോരാതെ എല്ലാരും പ്രസംഗിച്ചു. വിദ്യാഭ്യാസത്തിൽ സ്കൂൾ പരിസരം വഹിയ്ക്കുന്ന മഹത്തായ പങ്കിനെക്കുറിച്ച് ഒരു ചർച്ചതന്നെ നടന്നു. എന്നിട്ടും സ്കൂൾ മുറ്റത്തെ നെല്ലിമരം മുറിയ്ക്കുന്നതിനെതിരേ ആരും ഒന്നും പറഞ്ഞതായി അറിഞ്ഞില്ല.  കുട്ടികളുടെ മനസ്സിൽ ആ മരത്തിന് ഏറെ പ്രസക്തിയുണ്ടായിരുന്നെന്ന് എനിയ്ക്ക് നന്നായറിയാം. ആ മരം വീഴുന്നതു നോക്കി കുട്ടികൾ വിഷാദവദനരാകുന്നത് ഞാൻ കണ്ടു.

വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള ഷെഡ് നിർമ്മിയ്ക്കാനാണു മുറിച്ചതെന്നാണ് എന്നോടു പറഞ്ഞത്. ഇതിലും അനുയോജ്യമായ വേറേ സ്ഥലമുണ്ടായിരുന്നല്ലോ എന്നു ചൂണ്ടിക്കാണിച്ചപ്പൊ മറുപടിയുണ്ടായില്ല. പത്രത്തിൽ കൊടുക്കരുതെന്ന് പ്രത്യേകം പറയാൻ പക്ഷേ അവർ മറന്നില്ല.

  8 comments:

  1. കഷ്ട്ടം!
    'മരം ഒരു വരം' എന്ന് പഠിപ്പിക്കുന്ന സ്കൂള്‍(അധികൃതര്‍) ഇങ്ങനെ കാണിച്ചത് വളരെ മോശമായിപോയി.

    ReplyDelete
  2. അധികൃതര്‍ കാണിച്ചത് വളരെ മോശമായി...

    ReplyDelete
  3. സർക്കാർ സ്കൂളോ മാനേജ്മെന്റോ? സർക്കാർ സ്കൂളാണെങ്കിൽ അവിടെ ചോദിക്കാനും പറയാനുമൊന്നും ആരുമില്ലെ? കാട്ടുനെല്ലിയല്ലേ? എന്തൊരു ഔഷധമാണെന്നറിയുമോ? ആ നെല്ലി അത്രത്തോളമാകൻ എന്തുവർഷമെടുക്കും! കഷ്ടം! ഇന്ന് ഈ നെല്ലികൾക്കൊക്കെ വംശനാശം വന്നുകൊണ്ടിരിക്കുകയാണ്. ഉള്ളതെങ്കിലും നിൽക്കുന്നിടത്തോളം നിൽക്കട്ടെ എന്നു വീചാരിക്കാമായിരുന്നു! (അയ്യോ വല്ല മാടമ്പിമാരുടെയും മാനേജ്മെന്റ് സ്കൂളാണോ? എങ്കിൽ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു!)

    ReplyDelete
  4. മരം മുറിക്കുന്നതിന്റെ വീഡിയോ എടുക്കുന്ന സമയം ആ മരത്തിന്റെ താഴെ നീണ്ട് നിവര്‍ന്ന് കിടന്ന് “ചുണയുണ്ടെങ്കില്‍ എന്റെ മുകളിലേക്ക് വെട്ടിയിട്“ എന്നും പറഞ്ഞ് പ്രതിഷേധിക്കാതിരുന്നതെന്തേ? കേസ് വരുന്നത് നിന്ന് പറയാമായിരുന്നല്ലോ, എന്നിട്ടിപ്പോള്‍ പാരാതൂരവും പറഞ്ഞോണ്ട് വന്നിരിക്കുന്നു....
    ആരു ഇത് ചെയ്താലും ശുദ്ധ അനാവശ്യമായി പോയി.ഈ ഫോട്ടോകള്‍ കണ്ടിട്ട് വേദന സഹിക്കാന്‍ കഴിയുന്നില്ല. ഏതൊരുവനും ബാല്യകാല സ്മരണകള്‍ അവന്റെ സ്വകാര്യ സമ്പത്താണ്. അതില്‍ തന്നെ പള്ളീക്കൂട ജീവിതം മധുരം നിറഞ്ഞ സ്വപ്നങ്ങള്‍ നിറഞ്ഞതും. പള്ളിക്കൂടവും അത് നില്‍ക്കുന്ന പറമ്പും, മരങ്ങളും, കിണറും എന്തിനു മൂത്രപ്പുരയിലെ ദുര്‍ഗന്ധം പോലും നമ്മുടെ മനസില്‍ എന്നും പച്ചപിടിച്ച് നില്‍ക്കും. അതില്‍ തന്നെ മുറ്റത്ത് നില്‍ക്കുന്ന നെല്ലിയും മാവും എപ്പോഴും പലവിധ സ്മരണകളുടെ കൂടാരവുമായിരിക്കും. അങ്ങിനെയുള്ള ഒരു നെല്ലി മരം ഒരു കാര്യവുമില്ലാതെ വെട്ടിക്കളഞ്ഞു എന്ന് കേല്‍ക്കുമ്പോള്‍ എങ്ങിനെ വേദനിക്കാതിരിക്കും.നാട്ടുകാരെ വിളിച്ചുകൂട്ടി ഒരെണ്ണത്തിനു പകരം 10 നെല്ലിമരം ആ പറമ്പില്‍ നടാന്‍ പ്രതിഷേധം സംഘടിപ്പിക്കുക. അതെല്ലാതെ ഇനി എന്ത് ചെയ്യാന്‍.
    ഒരു വട്ടം കൂടി എന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം
    തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം...
    ഇനി ആ മോഹമെങ്ങിനെ സഫലമാകും.
    ഓ.ടോ എന്റെ പ്രിയ സജീമേ മാടമ്പിമാരടുത്ത് കളിച്ചാല്‍ കമ്പിപ്പാര...സൂക്ഷിച്ചോ...ഞാന്‍ കൊട്ടാരക്കാരനാണേ.....

    ReplyDelete
  5. ഇത് നമ്മുടെ ബ്ലോഗര്‍ നീസ വെള്ളൂര്‍ പഠിയ്ക്കുന്ന മലപ്പുറം പൂക്കോട്ടൂര്‍ PKMIC (പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍ ഇസ്ലാമിക് സെന്റര്‍) എന്ന പേരുള്ള ഒരു മാടമ്പി സ്കൂളുതന്നാ.... പാതിയില്‍ കൂടുതല്‍ മുറിച്ചു കഴിഞ്ഞപ്പഴാ അവിടെയെത്തിയത്, അല്ലേല്‍ ഒന്നു ശ്രമിച്ചു നോക്കാമായിരുന്നു.

    ReplyDelete
  6. ദതാണ്. ഷെറീഫിക്ക പറഞ്ഞതാണ് ന്യായം. ആ വീഡിയോ എടുത്ത നേരം കൊണ്ട് അവിടെ മലര്‍ന്ന് കിടന്ന് ഒരു സത്യാഗ്രഹം വേണമെങ്കില്‍ നിരാഹാരം തന്നെ നടത്തി നോക്കാമായിരുന്നു. വൈകിയെത്തിയെന്നതൊന്നും ന്യായമല്ല മിസ്റ്റര്‍ സാബൂ.. :) (ഇനി ആ മരം മുറിച്ചതിന്റെ ഉത്തരവാദിത്വം താങ്കള്‍ക്കാണ്.. താങ്കള്‍ക്ക് മാത്രമാണ്.)

    ReplyDelete
  7. പണ്ട് മലയാള പാഠാവലിയില്‍ ‘മരം ഒരു വരം’ എന്ന പാഠമുണ്ടായിരുന്നു ഇപ്പോള്‍ അതും മുറിച്ചുമാറ്റിയോ എന്നറിയില്ല.. . :(

    ReplyDelete
  8. അസ്സൽ പോസ്റ്റ് കേട്ടൊ കൊട്ടോട്ടി.
    മരമെന്ന വരത്തിന്റെ ബോധവൽക്കരണം നടത്തേണ്ടവരുടെ തനി ബോധശൂന്യമായ വിവരക്കേടാണിത്...!

    ReplyDelete

Popular Posts

Recent Posts

Blog Archive