കവിതകളുടെ കൂട്ടുകാരി
".....ഇന്ന്
ജീവിതമെന്ന മരീചികയെ
കാൽക്കീഴിലൊരുക്കാൻ
ദു:ഖത്തിൻപാഴ്‌വീണയെ
പുച്ഛത്തിൻ ആവനാഴിയിൽവിട്ട്
വിധിയെന്നക്രൂരനുനേരേ
അമ്പെയ്തുകൊണ്ടിരിക്കുന്നു."
നീസ വെള്ളൂർ അവസാനമായെഴുതിയ വരികളാണിത്. ആ ശ്രമത്തിൽ അവൾ ഇത്രപെട്ടെന്നു പരാജപ്പെടുമെന്ന് സ്വപ്നേപി നിനച്ചിരുന്നില്ലല്ലോ. ബൂലോകത്തു സുഗന്ധം പകർത്താൻ അളവറ്റ് ആഗ്രഹിച്ചിരുന്ന അവൾ നമുക്ക് ഒരു തീരാനഷ്ടമായതും ആ സ്നേഹ സുഗന്ധം ഓർമ്മകളിലെ വേദനയായി മാത്രം മാറിയതും വിശ്വസിക്കാൻ പ്രയാസമാകുന്നതും അതുകൊണ്ടുതന്നെയാണ്.
കഴിഞ്ഞ ഫെബ്രുവരി പത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എന്റെ മൊബൈലിലേക്ക് ഒരു ഫോൺ വന്നു. എടപ്പലം യത്തീംഖാന ഹയർ സെക്കൻഡറി സ്കൂളിലെ ഉർദു അദ്ധ്യാപകനായ വെള്ളൂർ പാലേങ്ങര അബ്ദുറഹ്‌മാൻ മാസ്റ്ററായിരുന്നു മറുവശത്ത്. ആളെ മനസ്സിലായില്ലെന്ന് എനിയ്ക്കറിയാം. കവിതകളുടെ കൂട്ടുകാരിയായിരുന്ന നീസ വെള്ളൂർ എന്നപേരിൽ ബ്ലോഗെഴുതുന്ന റഹ്‌മത്തുന്നീസ എന്ന പതിനഞ്ചുകാരിയുടെ പിതാവ്. "അത്യാവശ്യമായി ഒന്നു കാണണം, കോഴിക്കോടുവരെ ഒന്നു വരണം.." അതായിരുന്നു ആവശ്യം. അത്രമാത്രമേ പറഞ്ഞുള്ളൂ. ഫോൺ ഡിസ്‌കണക്റ്റു ചെയ്തു. അദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നു സംസാരത്തിൽ നിന്നു മനസ്സിലായി. കൂടുതൽ ആലോചിച്ചില്ല, നേരേ മെഡിയ്ക്കൽ കോളേജിലെത്തി. എന്തെങ്കിലും അത്യാവശ്യമില്ലാതെ അദ്ദേഹം ഈ വിധത്തിൽ വിളിയ്ക്കില്ലെന്നുറപ്പായിരുന്നു.
വാതിൽക്കൽത്തന്നെ അദ്ദേഹം കാത്തുനിന്നിരുന്നു. പ്രായത്തിന്റെ തളർച്ചയിൽക്കവിഞ്ഞ് നീസയുടെ അവസ്ഥയിൽ മനസ്സുതകർന്ന് പടുവൃദ്ധനായ ഒരു മനുഷ്യക്കോലമായി അദ്ദേഹം മാറിയിരിയ്ക്കുന്നു.
എന്താ അത്യാവശ്യം വല്ലതും..?
ഒരു കടലാസ് അദ്ദേഹം എന്റെ നേരേ നീട്ടി.
ഇത് ഇന്നുതന്നെ അവളുടെ ബ്ലോഗിലിടണമെന്നു പറഞ്ഞു. ഇതിനു മുമ്പു തന്നതല്ല ഇതുതന്നെ ഇടണമെന്നു വാശിപിടിച്ചു. ഇന്നുതന്നെ താങ്കളോടു പറയണമെന്നും പറഞ്ഞു.
അസുഖത്തിന്റെ അവസ്ഥ എന്താണ്?
കൗണ്ട് വല്ലാതെ കുറഞ്ഞിട്ടുണ്ട്. പനിയും ഷുഗറും കൂടുതലാണ്, വേദനയും കൂടിയിട്ടുണ്ട്.
സാധാരണഗതിയിൽ ഇങ്ങനെ കൂടിയും കുറഞ്ഞും കാണുന്നതുകൊണ്ട് പ്രത്യേകിച്ച് എനിക്കൊന്നും തോന്നിയില്ല. പനി കുറയുമ്പോൾ കൗണ്ട് കൂടുകയും അസുഖത്തിന് ആശ്വാസമുണ്ടായി ഡിസ്ചാർജ്ജാവുകയുമാണ് ചെയ്യാറ്. ഇവിടെയും ഞാൻ അങ്ങനെതന്നെ കരുതി.
അവളെ ഒന്നു കാണണമല്ലോ
വേദന കൂടിയപ്പോൾ ഒരിഞ്ചക്ഷൻ കൊടുത്തിരിയ്ക്കുകയാണ്, ഇപ്പോൾ ആർക്കും കാണാൻ പറ്റില്ലെന്നു പറഞ്ഞു. മാത്രമല്ല സംസാരിയ്ക്കരുതെന്നും പൂർണ്ണ വിശ്രമം വേണമെന്നും പറഞ്ഞിരിയ്ക്കുകയാണ്.
ആശുപത്രിയിൽ എത്തിയിട്ടും അവളെ ഒന്നു കാണാനോ സംസാരിയ്ക്കാനോ കഴിയാത്ത വേദനയോടെ ഞാൻ മടങ്ങി നീസയോടുള്ള ആ പിതാവിന്റെ ആ സ്നേഹത്തിൽ അനുസരിച്ച് ഒരു കവിത പോസ്റ്റുചെയ്യുന്നതുകൊണ്ട് അവൾക്ക് അൽപ്പമെങ്കിലും സന്തോഷവും അതിലൂടെ അൽപ്പം ആശ്വാസവും അദ്ദേഹം ആഗ്രഹിച്ചെങ്കിൽ അത് മറ്റെന്തിനേക്കാളും വലിയ അത്യാവശ്യമായിത്തന്നെ എനിയ്ക്കു തോന്നി.. അന്നുതന്നെ അവളുടെ ബ്ലോഗിൽ അതു പോസ്റ്റുചെയ്തു. അതാണ്
നിലാമഴകളിലെ അവസാല കവിതാശകലങ്ങൾ. അതു പോസ്റ്റുചെയ്തു മണിയ്ക്കൂറുകൾ കഴിയുന്നതിനു മുമ്പ് അവൾ ഈ ലോകം വിട്ടു പോയി. ഓരോ പോസ്റ്റിലും സന്തോഷിയ്ക്കുന്ന അവൾ അവസാനപോസ്റ്റും ബൂലോകത്തെത്തിയതറിഞ്ഞ് വേദനയ്ക്കിടയിലും അളവറ്റു സന്തോഷിച്ചിരുന്നുവെന്ന് അവളുടെ ഉപ്പാപറഞ്ഞ് ഇന്നു ഞാനറിഞ്ഞു. പേരറിയാത്ത ഏതോ ബ്ലോഗ് സുഹൃത്ത് ആദ്യകമന്റും അവൾക്കെത്തിച്ചുകൊടുത്തു.
ആദ്യ കൂടിക്കാഴ്ച
മലപ്പുറം പൂക്കോട്ടൂർ പി കെ എം ഐ സി സ്കൂളിൽ പഠിയ്ക്കുന്ന എന്റെ രണ്ടാമത്തെ മകന്റെ സ്കൂൾ വിശേഷങ്ങൾ തിരക്കാനും മകൻ ഉൾപ്പെട്ട കലാമത്സരങ്ങൾ കാണാനുമാണ് ഞാൻ ആ സ്കൂളിലെത്തിയത്. അന്ന് സ്കൂളിൽ കലാമത്സരങ്ങൾ നടക്കുന്നുണ്ടായിരുന്നു. കവിതയെഴുത്തിൽ സമ്മാനം വാങ്ങി അതു പാരായണം ചെയ്യുന്ന നീസയുടെ ശബ്ദമാണ് എന്നെ സ്വാഗതം ചെയ്തത്. വരികളുടെ ആകർഷണീയതയോ ആലാപന ശൈലിയോ ഏതെന്നറിയില്ല എന്നെ ആകൃഷ്ടനാക്കിയത്. അവളെ പരിചയപ്പെട്ടപ്പോഴാണ് അവൾ ഞാനറിയുന്ന ഉർദുമാസ്റ്ററുടെ മകളാണെന്നതു മനസ്സിലായത്. ധാരാളം കവിതകൾ എഴുതുന്നുണ്ടെന്നു മനസ്സിലായതുമപ്പോഴാണ്. അവളെ ബൂലോകത്തിനു പരിചയപ്പെടുത്തണമെന്നും അവളുടെ വരികൾ ബൂലോകത്തും വിരാചിയ്ക്കണമെന്നും തോന്നിയതും അങ്ങനെയാണ്. അന്നുതന്നെ അവളുടെ വീട്ടിലെത്തി. ബ്ലോഗിനെയും ബ്ലോഗിങ്ങിനെയും കുറിച്ച് പറഞ്ഞുകൊടുത്തപ്പോൾ സ്കൂളിൽ ചൊല്ലിയതടക്കം നാലു കവിതകൾ സന്തോഷത്തോടെ അവൾ എന്നെ ഏൽപ്പിച്ചു.
കുശല സംഭാഷണങ്ങൾക്കിടയിലാണ് നീസയുടെ അസുഖ വിവരം ഞാനറിഞ്ഞത്. പക്ഷേ അസുഖത്തിന്റെ ഗുരുതരവാസ്ഥ അവൾക്കോ അദ്ദേഹത്തിനോ എനിയ്ക്കോ അപ്പോൾ അറിയുമായിരുന്നില്ല. ഇടയ്ക്ക് മെഡിയ്ക്കൽ കോളേജിൽ പോകും, ചിലപ്പോഴൊക്കെ അഡ്‌മിറ്റാവും കുറയുമ്പോൾ തിരിച്ചുപോരും. ലാപ്ടോപ്പും നെറ്റും കരുതിയിരുന്നതുകൊണ്ട് അപ്പോൾത്തന്നെ ബ്ലോഗുതുടങ്ങി. ആദ്യകവിത പോസ്റ്റുചെയ്ത് അവളെക്കാണിച്ചപ്പോൾ ആ മുഖത്തുണ്ടായ സന്തോഷം പറഞ്ഞറിയിയ്ക്കാൻ കഴിയില്ല.
ഈ സമയത്താണ് കൃതി പബ്ലിക്കേഷൻസ് "കാ വാ രേഖ?" എന്ന പേരിൽ കവിതാ സമാഹാരം പുറത്തിറക്കുന്നവിവരം മനോരാജ് പറഞ്ഞ് ഞാനറിഞ്ഞത്. നീസയുടെ ഒരു കവിത അയച്ചുകൊടുക്കുകയും അവർ അതു പരിഗണിയ്ക്കുകയും തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ് മീറ്റിൽ വച്ച്
ശ്രീ കെ.പി. രാമനുണ്ണി അതിന്റെ പ്രകാശനകർമ്മം നടത്തുകയും ചെയ്തു. ആ മീറ്റിൽ അവൾ പങ്കടുക്കുകയും ആശുപത്രിക്കിടക്കയിൽ അവളെ പരിചരിയ്ക്കുന്ന പ്രിയപ്പെട്ട ഉമ്മയെക്കുറിച്ച് കവിത ചൊല്ലുകയും ചെയ്തിരുന്നു.
ബൂലോക സാന്ത്വനം
നീസയുടെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് ഭീമൻ ബാധ്യത നിലനിൽക്കുന്നുണ്ടെന്നും തുടർ ചികിത്സയെ അതു ബാധിയ്ക്കുന്നുണ്ടെന്നും മനസ്സിലായപ്പോൾ അതു ബൂലോകരെ അറിയിച്ചിരുന്നു. തുടർന്ന് കഴിയുന്ന സഹായങ്ങൾ അവളുടെ ചികിത്സാ ചെലവിലേയ്ക്ക് എത്തിച്ചു കൊടുക്കാൻ ബൂലോകത്തെ ധാരാളം സുമനസ്സുകൾ തയ്യാറായി. ചെറുതല്ലാത്ത സംഖ്യ പലപ്പോഴായി നേരിട്ടും അല്ലാതെയും എത്തിച്ചുകൊടുക്കാൻ നമുക്ക് സാധിച്ചു. ആശുപത്രിയിൽ അഡ്‌മിറ്റായിരുന്ന സമയത്തെല്ലാം അവൾക്ക് ആവശ്യമായ രക്തം ആവശ്യമുള്ള സമയത്തുതന്നെ എത്തിച്ചുകൊടുക്കാൻ ഇ-മലയാളക്കൂട്ടായ്മ വഹിച്ച പങ്ക് ചെറുതല്ല. മാനസികമായും സാമ്പത്തികമായും എല്ലാം അവൾക്കും കുടുംബത്തിനും ദേശഭേദമന്യേ ബൂലോകർ നൽകിയ പിന്തുണയും സ്നേഹവും അവർക്ക് ആശ്വാസകരമായിരുന്നു എന്നത് നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങളുടെ ഫലപ്രാപ്തി വിളിച്ചു പറയുന്നുണ്ട്.
തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ് മീറ്റിൽ നീസയും ഷെരീഫ് കൊട്ടാരക്കരയും
ബൂലോകത്തുനിന്നും അവളെ സന്തോഷിപ്പിയ്ക്കുന്ന ധാരാളം വിളികളും കവിതയെഴുത്തിനുള്ള നിർദ്ദേശവും നിത്യവും ചെന്നിരുന്നു. നമ്മൾ പകർന്നു നൽകിയ ആ സ്നേഹം കൊണ്ടുതന്നെയാവണം അവളുടെ വിയോഗ വാർത്ത ആദ്യം ബൂലോകത്തെത്തന്നെ അറിയിച്ച് ഒന്നു പൊട്ടിക്കരയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സാധാരണപോലെയുള്ള വിളി പ്രതീക്ഷിച്ച് ഫോൺ അറ്റന്റു ചെയ്ത എനിയ്ക്ക് മറുതലയ്ക്കലെ തേങ്ങൽ കേട്ടു പകച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ.
നീസ വെള്ളൂരിന്റെ മുപ്പതു കവിതകൾ "
വിരഹബാഷ്പം" എന്നപേരിൽ ഒരു വർഷം മുമ്പ് പുറത്തിറങ്ങിയിട്ടുണ്ട്. കൂടാതെ അവളുടെ കവിതയുൾപ്പെട്ട "
കാ വാ രേഖ"യും.
എനിയ്ക്കുള്ള സ്നേഹോപഹാരമായി അവളുടെ ഹൃദയത്തിൽത്തൊട്ട് എനിയ്ക്കുമാത്രമായി അവളെഴുതി എന്നെയേൽപ്പിച്ച കവിത എന്നിൽ ഒരു നൊമ്പരമാകുന്നു. ബൂലോകർക്ക് സമ്മാനമായി തരാൻ എന്നെ ഏൽപ്പിച്ച കവിതകൾക്കൊപ്പം അതു കൈകളിൽ വിറകൊള്ളുന്നു. സ്കാനിംഗിനായി എടുത്തുകൊണ്ടുവന്നപ്പോൾ എന്റെ ചെറിയ മകന്റെ കുസൃതിയിൽ നനഞ്ഞുപോയ ഈ കടലാസുതുണ്ടുകൾ ഉണക്കിയെടുക്കുമ്പോൾ അവളെക്കുറച്ചുള്ള ഓർമ്മകളെ മിനുക്കുകകൂടിയാണു ഞാൻ ചെയ്യുന്നത്. അതിലെ അക്ഷരങ്ങൾക്കു സംഭവിച്ച അവ്യക്തത പൂർത്തിയാക്കാൻ കഴിയാതെ പോയ അവളുടെ സ്നേഹസമ്മാനങ്ങളായി ഞാൻ കാണുന്നു. അക്ഷരങ്ങൾ അവ്യക്തമായെങ്കിലും വ്യക്തമായ പ്രശോഭിതമുഖം അവളെ ഇഷ്ടപ്പെട്ടിരുന്നവരിൽ എക്കാലവും ഉണ്ടാവും. ഒപ്പം ഇ-ലോകത്ത് ആലേഖനം ചെയ്ത
അവളുടെ ശബ്ദവും ആ വരികളും...