Saturday

ചുമ്മാ ഒരു പ്രാന്തൻ വർത്താനം

കുമാരനു പ്രാന്താണെന്ന വിശേഷമാണ് നാടിലെത്തിയപ്പോൾ ആദ്യമായി കേട്ടത്.
നാട്ടിലെ ആകാശവാണികൾ പുതുതായി എത്തുന്നവരുടെ കാതുകളിൽ കൃത്യമായി എത്തിയ്ക്കുന്നുണ്ട്. ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല, പെട്ടെന്ന് പ്രാന്തൻ വാർത്ത കേട്ടപ്പോൾ മുഖം ചുളിഞ്ഞതും അതുകൊണ്ടുതന്നെയാണ്. കൂടുതൽ ചിന്തിച്ചാൽ നട്ടപ്പിരാന്തനാകുമെന്നറിയാമായിരുന്നതുകൊണ്ട് ചിന്തകളെ തൽക്കാലം അവധിയ്ക്കു വെച്ചു.

പാടവരമ്പത്തുകൂടി ഒന്നു നടക്കാം..
കവലയിലേയ്ക്ക് നാലഞ്ചു ഫർലോംഗ് കൂടുതൽ നടക്കേണ്ടി വരുമെങ്കിലും ചേറിന്റെ മണവും ശ്വസിച്ച് പച്ചപ്പിന്റെ ഭംഗിയും നുണഞ്ഞ് നനുത്ത കാറ്റിലലിഞ്ഞ് പതിയെ നടക്കാം... നാളെ അന്യവൽക്കരിക്കപ്പെടുന്ന ഹരിതഭംഗികളുടെ ഇന്നിന്റെ മിഥ്യാസാക്ഷികളാവാം... ഇങ്ങനെയും ഒരു ലോകമുണ്ടായിരുന്നെന്ന് പേരമക്കളോടു കഥപറയനുള്ള സാഹചര്യങ്ങൾ ഹൃദയത്തിൽ ഇൻസ്റ്റാൾ ചെയ്യാം... അങ്ങനെയങ്ങനെ....

നാലുംകൂട്ടി മുറുക്കി അരികു ചെത്തിയൊരുക്കിയ മടവയൊന്നു ചാടി വരമ്പത്തുകൂടി നടക്കുമ്പോൾ അൽപ്പം മുന്നിൽ ചിന്താവിശിഷ്ടനായ സാക്ഷാൽ കുമാരൻ!

"എന്താ കുമാരാ, രാവിലേതന്നെ...?"
"രണ്ടെണ്ണം വിട്ടോന്നാണോ...?"
"എന്ത്?!"
"പിരാന്തന് രാവിലെയെന്നോ വൈകിട്ടെന്നോ നട്ടപ്പാതിരായെന്നോ വ്യത്യാസമുണ്ടോന്ന്...?"
"എന്താ പരിപാടി?"
"ഒന്നുമില്ല, ചുമ്മാ..."
"എന്നാ വാ, നമുക്ക് സ്രാമ്പിക്കുളം വരെ ഒന്നു പോയി വരാം. എനിയ്ക്ക് ഒരു കമ്പനിയുമായി...."

കുമാരൻ കൂടെ നടന്നു. സ്വതവേ സംസാരപ്രിയനാണു കുമാരൻ. യാത്ര വിരസമാവില്ല.


"നാളെ ഈ പാടവും വരമ്പുമെല്ലാം ഓർമ്മമാത്രമാകുമോ കുമാരാ...?"
"നാളെയല്ല അതു ദാ ഇന്നുതനെ തുടങ്ങിയല്ലോ. പേരാപുറത്തെ സൈനുപ്പാന്റേം തെക്കേലെ ഷംസൂന്റെയുമൊക്കെ പാടങ്ങൾ പറമ്പായി മാറിക്കഴിഞ്ഞു. ഉണ്ണി നമ്പൂരിയും ഉടൻ പണിതുടങ്ങുമെന്നാ കേട്ടത്. ഒരു ഫോട്ടോയെടുത്തു ചില്ലിട്ടു വച്ചോ, ചിലപ്പം ഉപകാരപ്പെടും..."

ചുമ്മാതല്ല കുമാരനു പ്രാന്താണെന്നു പറയുന്നത്. ചുറ്റും നടക്കുന്നതെല്ലാം യാഥാർത്ഥ്യത്തോടെ കാണും. അന്യായമാണെങ്കിൽ ആരോടും തർക്കിയ്ക്കും. അങ്ങനെ അയാൾ ഉപദേശകനും വഴികാട്ടിയുമൊക്കെയായി, ഇപ്പൊ പ്രാന്തനും..! കാപട്യങ്ങളുടെ ലോകത്ത് ഭ്രാന്തുള്ളവർക്കു സമാധാനം! അല്ല, അവർക്കു മാത്രമാണു സമാധാനം!!

"ഇഞ്ചീയർ ബാപ്പൂന്റെ മോൾക്ക് നുണക്കുഴി വച്ചുപിടിപ്പിയ്ക്കാൻ ലക്ഷങ്ങൾ മുടക്കി ഓപ്പറേഷൻ നടത്തുന്നെന്ന്! ആ കുട്ടിയെ ഇന്നലെ അഡ്‌മിറ്റു ചെയ്തു. നാളെയോ മറ്റന്നാളോ ഓപ്പറേഷൻ നടക്കും.."

കാലം പോയൊരു പോക്കേ..!
നുണക്കുഴിമാത്രമാണത്രെ ശാലീനതയുടെ ലക്ഷണം! അതിനെ സൗന്ദര്യത്തിന്റെ പ്ലസ് പോയിന്റായി കാണുന്നവരുണ്ടാവാം. ഭാവിയിൽ കെട്ടിച്ചു വിടുമ്പോൾ മറ്റു കുറവുകൾ എന്തൊക്കെയായാലും, ഒന്നുമില്ലെങ്കിലും നുണക്കുഴീടെ കുറവുണ്ടാവില്ലല്ലോ. ഒറ്റമോളല്ലേ, ആവശ്യത്തിനു കാശും! ഒരു നുണക്കുഴി ഫിറ്റു ചെയ്തേക്കാമെന്നു കരുതുന്നതിൽ തെറ്റുകാണണ്ടാ...

ഇപ്പൊ നുണക്കുഴിയ്ക്കും കാറ്റലോഗുണ്ടത്രേ ആശുപത്രിയിൽ! ഐശ്വര്യാറായിയുടേതു വേണോ ഷാരൂഖാന്റെ വേണോ... ലോകത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റികളുടേയും നുണക്കുഴികൾ ആശുപത്രിയിൽ വിശ്രമിയ്ക്കുന്നുണ്ടെന്ന്!

" കഷ്ടം, നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു പോക്ക്..." കുമാരൻ ബുദ്ധിജീവിയായിത്തുടങ്ങിയിരിയ്ക്കുന്നു. ഇനിക്കുറച്ചു പൊതു വിജ്ഞാൻഅം കേൾക്കാം.

 "വിദ്യാഭ്യാസം ബിരുദങ്ങളുടെ പേരു ചേർക്കാൻ മാത്രമുള്ളതായി മാറിക്കൊണ്ടിരിയ്ക്കുന്നു. ഗതാഗത നിയമങ്ങൾ ലേണിംഗ് ടെസ്റ്റിനുള്ളതാണെന്നു പറയുന്നതു പോലെ! ചുറ്റുപാടുനിന്നും നമുക്കു സംഭാവനയായി കിട്ടുന്നതും വിഭിന്നമായതല്ലല്ലോ. നാലാൾക്കു ഗുണം കിട്ടുന്ന യാതൊന്നിനെപ്പറ്റിയും ആരും സംസാരിയ്ക്കുന്നില്ല. തങ്ങളെ ഭരണാധികാരികളാക്കിയ ജനസമൂഹത്തിനു വേണ്ടി നിലകൊള്ളാൻ ഭരണതേരാളികൾക്കു നേരമില്ല. സാമൂഹ്യ പ്രതിബദ്ധതയോടെ പദ്ധതികൾ ആസൂത്രണം ചെയ്യലും നടപ്പിലാക്കലും സർക്കാരിന്റെ പണിയല്ല. മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടെത്താനും വിളിച്ചുപറയാനും മാത്രം വേദികൾ ചെലവാക്കുന്ന പ്രസംഗ കലാകാരന്മാർ! ഇതൊക്കെ കണ്ടും കൊണ്ടും മനസ്സു നിറയ്ക്കുന്ന മഹാജനങ്ങൾക്ക് ഈ ലോകം വരും തലമുറകൾക്കു കൂടി അവകാശപ്പെട്ടതാണെന്നും അതിനുവേണ്ടി സംരക്ഷിയ്ക്കപ്പെടേണ്ടതാണെന്നും  ചിന്തിയ്ക്കാനുള്ള മാനസികനില എങ്ങനെ വരാനാണ്...!"

വെറുതേയല്ല കുമാരൻ പിരാന്തനായത്. ഇനി വരാനിരിയ്ക്കുന്ന എന്റെ തലമുറയ്ക്ക് ഞാനൊരുക്കി വയ്ക്കുന്ന വിഭവങ്ങളെക്കുറിച്ച് സത്യത്തിൽ ഞാൻ ചിന്തിച്ചു തുടങ്ങികത് അവന്റെ ഈ വർത്താനത്തിനു ശേഷമാണ്. ഇതു മനസ്സിലാക്കാനുതകുന്ന പാഠ്യപദ്ധതികൾകൊണ്ട് നമ്മുടെ വിദ്യാപീഠങ്ങൾ അലങ്കരിയ്ക്കനായെങ്കിൽ...

കവലയിൽനിന്ന് തിരികെ പോരുമ്പോഴും കുമാരൻ കൂടെയുണ്ടായിരുന്നു. ഈ ലോകത്ത് പിരാന്തില്ലാത്ത ഒരേയൊരാൾ കുമാരനാണെന്നു തോന്നി. പക്ഷേ അതു വിളിച്ചുപറയാനും കുമാരനെ അനുസരിയ്ക്കാനും എനിയ്ക്കു മനസ്സുവരുന്നില്ലല്ലോ..!

  13 comments:

 1. നമ്മുടെ ബ്ലോഗര്‍ കുമാരനാണോ :-)
  നന്നായി കൊട്ടോട്ടീ......

  ReplyDelete
 2. ഒട്ടും പ്രാന്തില്ലാത്ത വർത്തമാനങ്ങളാല്ലോ ഭായ് ഇത്.

  ReplyDelete
 3. നുണക്കുഴി ഫിറ്റ് ചെയ്തു തരുന്ന ആ ആശുപത്രി എവിടെയാണെന്ന് പറഞ്ഞ് തരാമോ? എന്റെ വീട്ട്കാരിക്ക് ഒരെണ്ണം ഫിറ്റ് ചെയ്താലോ എന്ന് ആലോചിക്കുകയാണ്.

  ReplyDelete
 4. ആരു സത്യം വിളിച്ചു പറഞ്ഞാലും ഉടനെ വന്നല്ലോ സര്‍ട്ടിഫിക്കറ്റ് അവനു വട്ടാണ് അല്ലെങ്കില്‍ പ്രാന്താണ് ....

  ReplyDelete
 5. സംഗതികളുടെ പോക്ക് അത്ര ശരിയല്ല്.

  ReplyDelete
 6. ഈ ലോകത്ത് പിരാന്തില്ലാത്ത ഒരേയൊരാൾ കുമാരനാണെന്നു തോന്നി.
  പക്ഷേ അതു വിളിച്ചുപറയാനും കുമാരനെ അനുസരിയ്ക്കാനും എനിയ്ക്കു മനസ്സുവരുന്നില്ലല്ലോ..!

  അതാണ് സത്യം. എല്ലാവരിലും ചെറിയ തോതില്‍ ഭ്രാന്തിന്‍റെ അംശം ഉണ്ട് എന്ന് മുമ്പ് ആരോ എഴുതിയത് വായിച്ചിട്ടുണ്ട്.

  ReplyDelete
 7. കുമാരനെ ഭ്രാന്തനെന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കൂല്ലാ..അതിലും കൂടിയതെന്തെങ്കിലും പറ കൊട്ടോട്ടീ.

  ReplyDelete
 8. നല്ല കുറിപ്പ്, കൊട്ടോട്ടീ.
  കുറെ ദിവസത്തിനു ശേഷം ഒന്ന് ബ്ലോഗ് വായനക്കിറങ്ങിയതാ, നല്ലൊരു കുറിപ്പ് കണ്ടതിന്റെ സന്തോഷം തോന്നുന്നു.

  ReplyDelete
 9. മനോഹരമായ ഒരു കുറിപ്പ്.. ഇപ്പോഴാ കണ്ടത്.

  ReplyDelete
 10. ഒരു ഫോട്ടോയെടുത്തു ചില്ലിട്ടു വച്ചോ, ചിലപ്പം ഉപകാരപ്പെടും veettukarku.

  ReplyDelete
 11. ശരിയാണ് സത്യം പറയുന്നവനെ ലോകമെന്നും ഭ്രാന്തനെന്നേ വിളിച്ചിട്ടുള്ളു....

  ReplyDelete
 12. ശരിയാണ് സത്യം പറയുന്നവനെ ലോകമെന്നും ഭ്രാന്തനെന്നേ വിളിച്ചിട്ടുള്ളു....

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive