Saturday

ഓരോ കോലമേ...

ഉപ്പേരിയുണ്ടാക്കാനെടുത്തതാ ഒരു ഉരുളക്കിഴങ്ങ്... അപ്പഴാ ഈ രൂപം ശ്രദ്ധയിൽപ്പെട്ടത്. ലോക്കൽ മൊബൈലൊരെണ്ണം കൈയിലുണ്ടായിരുന്നതുകൊണ്ട് ഇങ്ങനെ പകർത്തി വച്ചു.




Thursday

നാം പുരോഗതിയിലേക്കു മുന്നേറുന്നുണ്ടോ..?

  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സാമാന്യ വിവരം പോലുമില്ലാത്ത ഒരു ഭരണകൂടത്തിന്റെയും അതിന്റെ ഭാഗമായ നീതി നിർവ്വഹണ സംവിധാനത്തിന്റെയും നേരം വെളുക്കാത്ത വിവരം കെട്ട തീരുമാനങ്ങൾ കൊണ്ട് അന്തംവിട്ടിരിക്കുന്ന പൗരജനങ്ങളുടെ നിസ്സഹായാവസ്ഥയാണ് കുറേ നാളുകളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. കാലാനുസൃതമായി കുറ്റമറ്റ ആധുനിക വളർച്ചകൾ കൈവരിച്ച് അതതു മേഖലകളിലെ സേവനസംവിധാനങ്ങളും ഭരണ സംവിധാനവും സമകാലത്തിൽ ലോകത്തിന്റെ ഇതരഭാഗങ്ങളുടൊപ്പം എല്ലാ മേഖലകളുടേയും വളർച്ചയ്ക്കൊത്ത് ഉയരാൻ ശ്രമിക്കാതെ പഴകിപ്പൊളിഞ്ഞ നിയമനിർവ്വഹണ വ്യവസ്ഥിതിയും ഭരണ നിർവ്വഹകണവും നീതിപാലനവുമെല്ലാം സാമാന്യജനസമൂഹങ്ങളുടെ തലയിൽ അടിച്ചിറക്കി അവരുടെ മണ്ടപൊളിക്കുന്ന വർത്തമാനകാല രീതി അങ്ങേയറ്റം അപമാനവും ഏറ്റവും വലിയ വിവരക്കേടും അല്ലാതെന്താണ്!

പ്രീപെയ്ഡുകാർ വിദേശത്തേക്കു വിളിച്ചാൽ ആകാശമിടിയും

  ലോട്ടറിതട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച വിചിത്രമായ ഉത്തരവാണ് ആദ്യം ഓർമ്മയിൽ വരുന്നത്. അന്താരാഷ്ട്ര ലോട്ടറി തട്ടിപ്പുകാർ ഐ. എസ്. ഡി. കോളുകളാണ് വിളിക്കുന്നത് അതുകൊണ്ട് ഇന്ത്യയിൽ ഇനിമുതൽ പ്രീപെയ്ഡിൽ പ്രസ്തുത വിളികൾ പാടില്ലെന്നു തീരുമാനിക്കുന്ന നടപടി വിവരക്കേടല്ലാതെ മറ്റെന്താണ്? ആവശ്യക്കാർക്ക് ആവശ്യപ്പെട്ടാൽ പ്രസ്തുത സംവിധാനം പുന:സ്ഥാപിച്ചു കൊടുക്കും എന്നുള്ളതുകൊണ്ടുതന്നെ ഈ നിരോധനം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ലെന്നു വ്യക്തമാണ്. തട്ടിപ്പു നടത്തുന്നവർക്കും അനുമതി ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ. ഇന്ത്യൻ സമൂഹത്തിലെ തീരെച്ചെറിയതെന്നുപോലും അവകാശപ്പെടാനാവാത്തത്ര എണ്ണമില്ലാത്ത ഒരു വിഭാഗം നടത്തുന്ന കുറ്റകൃത്യങ്ങളെ തടയാനും അത്തരക്കാരെ കണ്ടുപിടിച്ച് ശിക്ഷ നടപ്പാക്കാനുമുള്ള പ്രാപ്തിനേടാൻ ഇന്ത്യയിലെ കുറ്റാന്വേഷണ വിഭാഗങ്ങളെ പ്രാപ്തരാക്കുന്നതിനു പകരം ലോകം നൂതന സാങ്കേതിക വിദ്യകളെ ഉള്ളം കൈയിലൊതുക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക സംവിധാനങ്ങളെ അപ്പാടെ ഉള്ളം കൈയിലാക്കുന്ന അഴിമതി വീരന്മാരിൽ നിന്ന് ഇത്തരത്തിലുള്ള മണ്ടത്തരങ്ങളല്ലാതെ എന്തെങ്കിലും പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തരമാണ്.

  പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് നിലവിൽ ഐ. എസ്. ഡി. അന്യമാണ്. അഥവാ ആർക്കെങ്കിലും അത് ആവശ്യമുണ്ടെങ്കിൽ അവർ വലിയൊരു തുക ഡിപ്പോസിറ്റു ചെയ്യേണ്ട അവസ്ഥയുമാണ്. അതുകൊണ്ടുതന്നെ എണ്ണത്തിൽ കൂടുതലുള്ള പ്രീപെയ്ഡ് ഉപയോക്താക്കൾ ആവശ്യമുള്ളപ്പോൾ മാത്രം ആവശ്യമായ സംഖ്യ റീചാർജ്ജു ചെയ്ത് ഐ.എസ്.ഡി ഉപയോഗിക്കുകയാണു ചെയ്യാറ്. തീരെച്ചെറിയ തുകയ്ക്ക് പ്രതിമാസം സംസാരസമയം ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഉപഭോക്താക്കൾ പോസ്റ്റ്പെയ്ഡിലേക്കു മാറുമ്പോൾ താളം തെറ്റുന്നത് അവരുടെ കുടുംബ ബജറ്റു കൂടിയാണ്. ഒരു നിശ്ചിത സംഖ്യ അവർക്കു നീക്കിവക്കേണ്ടിവരും. പരമാവധി അൻപതു രൂപവരെ ചെലവാക്കുന്ന ഇക്കൂട്ടർക്ക് ഇരുന്നൂറിനു മുകളിൽ വരുന്ന തുക വാടകയിനത്തിൽ മാത്രം ഒടുക്കേണ്ടിവരും. കോൾ നിരക്കുകളിൽ വരുന്ന സ്ഥിരമായ വ്യത്യാസമാണ് മറ്റൊന്ന്. അതിനും പുറമേയാണ് അപൂർവ്വം അവസരങ്ങളിൽ മാത്രം ഉപയോഗിക്കുന്ന വിദേശ വിളികൾക്കുവേണ്ടി വലിയൊരു സംഖ്യ ഡിപ്പോസിറ്റ് ചെയ്യേണ്ടി വരുന്നത്.

ഇന്ത്യയിൽ യൂടൂബ് വീഡിയോകൾ കാണുന്നതും കുറ്റം

   ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയുടെ വ്യാജ വീഡിയോ യൂടൂബില്‍ അപ്‌ലോലോഡ് ചെയ്തവര്‍ക്കെതിരേയും അത് ഡൌണ്‍ ലോഡ് ചെയ്തവര്‍ക്കും അതു കണ്ടവർക്കെതിരേയും പോലീസ് കേസെടുക്കുന്നു എന്ന വാർത്തയാണു മറ്റൊന്ന്. സിനിമയുടേതെന്നല്ല യാതൊന്നിന്റെയും വീഡിയോകളുടേയും വ്യാജ നിക്ഷേപങ്ങൾ യൂടൂബിലും മറ്റെവിടെയും നടത്തരുതെന്ന പക്ഷക്കാരാണു ഭൂരിഭാഗവും. യൂടൂബിൽ വീഡിയോ കാണാത്തവരായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ ആരും തന്നെ ഉണ്ടാവില്ല. മേല്‍പ്പറഞ്ഞ ചിത്രത്തിന്റെ തന്നെ ട്രയലറുകളും പാട്ടുകളും ഇതിന്റെ നിർമ്മാതാക്കളുടെ അനുമതിയോടെ നമുക്ക് കാണാമെന്നിരിക്കേ വീഡിയോകൾ കാണുന്നവർക്കെതിരേ കേസെടുക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. വ്യാജനോ ഒർജിനലോ എന്ന് പ്ലേബട്ടണിൽ ക്ലിക്കാതെ അറിയാൻ കഴിയുമോ..? 

  യൂ ടൂബില്‍ നല്‍കിയിരിക്കുന്ന ഒരു വീഡിയോ വ്യാജനാണൊ അല്ലയോ എന്ന്‍ നമ്മള്‍ എങ്ങിനെ തിരിച്ചറിയും? ഇതരനാമങ്ങളും വിശേഷണങ്ങളും കൊടുക്കുകയോ പഴയ വീഡിയോകളുടെയൊക്കെ പേരു കൊടുക്കുകയോ ചെയ്ത് ഏവർക്കും യൂടൂബിൽ അപ്‌ലോഡുചെയ്യാം. അനുവദിച്ചിട്ടുള്ള മറ്റേതെങ്കിലും വീഡിയോകളുടെ ഭാഗങ്ങൾ ആദ്യം ഉൾപ്പെടുത്തിയും അപ്‌ലോഡു ചെയ്യാം. ഇവയെല്ലാം കാണുമ്പോൾ മാത്രമാണ് നമുക്കു തിരിച്ചറിയാൻ കഴിയുന്നത്. ഇതൊന്നും ചിന്തിക്കാതെ ഒർജിനലോ വ്യാജനോ എന്നറിയാതെ പടം ഒന്നു ക്ലിക്കിപ്പോയ നിരപരാധികളെ വരെ കുടുക്കാന്‍ ഉള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നിത്യവും നമ്മൾ ക്ലിക്കിപ്പോകുന്ന വീഡിയോകളിൽ ഏതെങ്കിലുമൊക്കെ വ്യാജനുണ്ടാവും. അവയിൽ ക്ലിക്കിപ്പോയി എന്ന കാരണത്താൽ കേസെടുകാൻ തുടങ്ങിയാൽ യൂടൂബിൽ വീഡിയോകാണാൻ ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആരും ബാക്കിയുണ്ടാവില്ല. ഒർജിനലിനെയും വ്യാജനേയും തിരിച്ചറിയുന്ന വഴികൾ ഈ "വിദ്യാസമ്പന്നർ" നമുക്കു പറഞ്ഞുതരുന്നില്ല. അനധികൃതമായി അപ്‌ലോഡു ചെയ്യുന്നവരെ കണ്ടെത്തി അർഹമായി ശിക്ഷിക്കുന്നതിനു മെനക്കെടാതെ അതിനുള്ള സംവിധാനങ്ങൾ നമ്മുടെ നിയമപരിപാലകവൃന്ദം കൈവരിച്ചിട്ടില്ലെന്നതു മറച്ചുവച്ച് കാണുന്നവരെക്കൂടി കുറ്റവാളികളാക്കുന്ന പ്രവണ തുടർന്നാൽ ഇന്ത്യൻ കോടതികളിൽ സാക്ഷിപറയേണ്ട സാഹചര്യമുള്ളവരെല്ലാം പ്രതിസ്ഥാനത്തു നിൽക്കേണ്ടി വരുമെന്നതുകൂടി ഓർക്കേണ്ടതുണ്ട്. ഭാവിയിൽ ഒരു കൊലപാതകമോ അപകടമോ മറ്റോ കണ്ടാൽക്കൂടി നമ്മൾ പ്രതിയായേക്കാം.

നീതിയും നിയമവും പലർക്കും പലവിധത്തിൽ

   നിയമ-നീതി സംവിധാനങ്ങളും നിയമപാലകരും ഇന്ത്യയിലെ ഓരോ പൗരനും വ്യത്യസ്ഥമായ തലത്തിലും രൂപത്തിലും നടപ്പിലാക്കുന്നുവെന്ന ഭരണഘടനാ വിരുദ്ധമായ പ്രവൃത്തിയാണു എതിർക്കപ്പെടേണ്ട മറ്റൊന്ന്. ഇതാവട്ടെ കാലങ്ങളായി ഇന്ത്യയിൽ നടപ്പിലുണ്ടുതാനും. ഐബിയും നീതിന്യായ വ്യവസ്ഥയുടെ ബഹുഭൂരിഭാഗവും ഈ അനീതിയുടെ കൂടെയാണ് നിലകൊള്ളുന്നതെന്ന് നിത്യവും നാം അനുഭവിച്ചറിയുന്നുമുണ്ട്. പാര്‍ലിമെന്റ് ആക്രമണത്തില്‍ പങ്കെടുത്തെന്ന് ആരോപിയ്ക്കുന്ന മുഹമ്മദ് യാസീന്‍ എന്നയാളെ കാശ്മീരില്‍‌നിന്ന് ഡല്‍ഹിയിലെത്തിച്ചു എന്ന കുറ്റം പേറുന്ന അഫ്സല്‍ ഗുരു ഉൾപ്പെട്ട "ഫീകരർ" മുതൽ (അയാളാകട്ടെ ആ കുറ്റം നിഷേധിയ്ക്കുന്നില്ലെന്നു മാത്രമല്ല യാസീനെ ഡല്‍ഹിയിലെത്തിച്ചത് താനാണെന്ന് ആണയിട്ടു പറയുന്നു. പക്ഷേ മുഹമ്മദ് യാസിനെ ഡല്‍ഹിയിലെത്തിയ്ക്കാന്‍ പോലീസിന്റെ ഇഫോർമറായിരുന്ന തന്നെ ഏല്‍പ്പിച്ചത് കാശ്മീരിലെ ഒരു പട്ടാള ജനറലായ ദവീന്ദര്‍സിംഗാണെന്നും അദ്ദേഹം ചേര്‍ത്തു പറയുന്നുണ്ട്. അതിനെക്കുറിച്ച് മിണ്ടാട്ടമില്ല, അന്വേഷണവുമില്ല!) അശോകസ്തംഭം അച്ചടിച്ച ലറ്റർപാഡുപയോഗിച്ച് രാജ്യത്തെ വിൽക്കുകയും കട്ടുമുടിക്കുകയും ചെയ്യുന്ന ഭരണാധികളെന്ന രാജ്യദ്രോഹികൾക്കെതിരേ പ്രതികരിച്ചതിന് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ അസിം ത്രിവേദിവരെയുള്ളവർ ഇതിനുദാഹരണങ്ങളാണ്. 

  എണ്ണിപ്പറയാൻ നിരനിരയായി എണ്ണമറ്റ വിഷയങ്ങളുണ്ട്. നമുക്കു വേണ്ടത് ഇച്ഛാശക്തിയുള്ള രാജ്യപുരോഗതി ആഗ്രഹിക്കുന്ന ഒരു ഭരണ സംവിധാനമാണ്. ഇന്ന് വിദൂര സാധ്യതയിൽപ്പോലും നമുക്ക് അവകാശപ്പെടാനില്ലാത്തതും അതുതന്നെ. ലോകം അത്യന്താധുനിക സാങ്കേതിക വിദ്യകൾ കൈപ്പിടിയിലൊതുക്കി അവരുടെ പൗരന്മാരെ അതതു കാലഘട്ടങ്ങളിൽ ജീവിക്കാൻ പ്രാപ്തരാക്കുമ്പോൾ അതു കണ്ടു നിൽക്കാൻ പോലുമുള്ള മാനസിക വളർച്ച നേടാത്ത നമ്മുടെ ഭരണാധികാരികൾക്കെതിരെ പ്രതികരിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണ്. 

  അടിസ്ഥാന സൗകര്യങ്ങളും വിശപ്പടങ്ങാനുള്ള ഭക്ഷണവും സ്വപ്നം കാണുന്ന രാജ്യത്തെ ബഹുകോടികളെ മെച്ചപ്പെട്ട ജീവിത നിലവാരത്തിലെത്തിച്ചുകൊണ്ടാവണം എമർജിംഗ് കേരള അടക്കമുള്ളവ പൂർത്തീകരിക്കേണ്ടത്. അല്ലാതെ വാഗ്ദാനങ്ങൾ ബാക്കിയാക്കി അവരെ നിഷ്കരുണം ആട്ടിയോടിച്ചിട്ടല്ല, മാതൃരാജ്യത്തെ വിൽക്കാൻ മാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നവർ അറിയാൻ ശ്രമിക്കാത്തതും ഇതൊക്കെത്തന്നെയാണ്. ആരുടെയും അടിമയാകാതെയും ആരെയും ആട്ടിയോടിക്കാതെയും നമുക്കും എല്ലാമേഖലകളിലും പുരോഗമിക്കാമെന്നതും ഈ രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുമാറ്റാൻ കഴിയുമെന്നതും അതു സാധ്യമാക്കാനുള്ള കഴിവും പ്രാപ്തിയും ഇച്ഛാശക്തിയുമുള്ളവർ നമ്മുടെ രാജ്യത്തുതന്നെ ഉണ്ടെന്നതും മന:പൂർവ്വമാണ് അധികാരികൾ സ്വപ്നത്തിൽ പോലും കാണാത്തത്. സംസ്കാരസമ്പന്നരും വിവേകശാലികളും വിദ്യാസമ്പന്നരുമായ ഒരു വിഭാഗം വളർന്ന് ഈ സമൂഹം ഭൂരിപക്ഷമായി വികസിച്ചാൽ ഇവരുടെ കപടവിലാസങ്ങൾക്ക് അന്ത്യമാവുമെന്നത് അവർ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ ആജ്ഞാനുവർത്തികളും അനുയായികളുമായി നിലനിർത്താൻ നിരക്ഷരകുക്ഷികളും വംശീയ വാദികളുമാക്കി അവരുടെ ഉന്നമനം തടഞ്ഞുകൊണ്ടേയിരിക്കുന്നു. ഫലമോ, വംശീയ കലാപങ്ങളും ഭീകരപ്രവർത്തനങ്ങളും കൊണ്ട് നമ്മുടെ നമ്മുടെ രാജ്യം സമ്പന്നമാകുന്നു. മറ്റുള്ളവർ വലിച്ചെറിയുന്ന വിഴുപ്പുകൾ വിലകൊടുത്തു വാങ്ങാനും രാജ്യത്തെ ജനങ്ങളെ ഗിനിപ്പന്നികളാക്കി പരീക്ഷണത്തിനു വിട്ടുകൊടുക്കാനും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പട്ടിണിപ്പാവങ്ങളുടേയും മറ്റ് ന്യൂനപക്ഷ പിന്നാക്കക്കാരുടേയും ഉറക്കം കെടുത്താനും സർവ്വോപരി ഇന്ത്യാ മഹാരാജ്യം സാ‌മ്രാജ്യത്വ ശക്തികളുടെ മുന്നിൽ അടിയറവുവെക്കാനും പണയപ്പെടുത്താനും വിൽക്കാനും ഇടതടവില്ലാതെ അവർ ശ്രദ്ധിക്കുന്നുണ്ട്, അതുമാത്രമാണ് അവർ ശ്രദ്ധിക്കുന്നതും.അത്തരക്കാരെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകൾ നമ്മൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു.

  ആധുനിക സാങ്കേതിക വിദ്യകൾ അന്യമാക്കിയതിന്റെ ഒരു ഉദാഹരണമാണ് കണ്ണൂരിലെ ടാങ്കർ ദുരന്തത്തിന്റെ ഇരകൾ. ജീവന് അപകടമെന്നുറപ്പാകുന്ന സന്ദർഭത്തിലും എന്തു ചെയ്യണമെന്നു മനസ്സിലാവാതെ പകച്ചു നിൽക്കുന്ന സാങ്കേതിക വിദ്യയാണു നമ്മുടേത്. നവീന സാങ്കേതിക വിദ്യകളും സംരക്ഷണോപാധികളും കൊണ്ട് സമ്പന്നമായ ഒരു രാജ്യം നമുക്ക് സ്വപ്നം മാത്രമാണ്. കാലത്തിനനുസരിച്ച് മെച്ചപ്പെട്ട ജീവനോപാധികളും ഗതാഗത സൗകര്യവും പരിരക്ഷയും ഉറപ്പുവരുത്തേണ്ടവർ അതിനെതിരേ മുഖം തിരിച്ചു നിൽക്കുന്നു. ലോകം പുരോഗമിച്ചുകൊണ്ടിരിക്കുന്നത് അവർ അറിയുന്നതേയില്ല. കാരണം കണ്ടെത്തി കാരണക്കാരെ ശിക്ഷിക്കുന്നതിനു പകരം കാടടച്ചു വെടിവെക്കുന്നു. ആരെങ്കിലും എസ്.എം.എസ് അയച്ചാലോ മറ്റുസൗകര്യങ്ങൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ ചെയ്താലോ ആ സംവിധാനത്തെ അപ്പാടെ ഒഴിവാക്കുന്ന രീതി പ്രാകൃതമാണ്. നാണവും മാനവും ഉള്ളവരാണ് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾ. അതുകൊണ്ടുതന്നെ ധരിച്ചിരിക്കുന്ന വസ്ത്രമുപയോഗിച്ച് ആരെങ്കിലും കുറ്റകൃത്യത്തിലേർപ്പെടുന്നത് നമ്മുടെ ഭരണ സംവിധായകർ അറിയരുതേയെന്ന്  നമുക്ക് പ്രാർത്ഥിച്ചുകൊണ്ടേയിരിക്കാം...

Popular Posts

Recent Posts

Blog Archive