Sunday

വഞ്ചിക്കപ്പെട്ട ഫലസ്തീൻ


(കൈരളിനെറ്റ് മാഗസിൻ, ഫെബ്രുവരി)

  മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഒരു സമൂഹത്തെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിശേഷിപ്പിച്ച് ഉന്മൂലനാശം വരുത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന സയണിസ്റ്റുകളുടെയും അവരുടെ കൊലവെറിയെ നാലുകൈകൊണ്ടും ഉന്തിവിടുന്ന അമേരിക്കൻ മേലാളത്വത്തിന്റെയും സമകാലിക ചെയ്തികൾ ലോകത്തെ എല്ലാ വിഭാഗങ്ങൾക്കും പച്ചവെള്ളം പോലെ മനഃപാഠമായിരിക്കെ ഈ യഥാർത്ഥ ഭീകരതയ്ക്കെതിരേ പ്രതികരിക്കാതെ പഞ്ചപുച്ഛമടക്കി നിലകൊള്ളുന്ന മൂടുതാങ്ങി രാഷ്ട്രങ്ങളുടെ നിലപാട് അപലപനീയമാണ്. നാളെ തങ്ങൾക്കും വരാനിരിക്കുന്ന അനുഭവങ്ങളായിരിക്കും ഇതെന്ന് ഇവർ ഓർക്കുക. അറബികളും ഇസ്രായേല്യരും തമ്മിലുള്ള കേവലം കുടുംബവഴക്കുപോലെ ഫലസ്തീനിലെ സിയോണിസ്റ്റ് അധിനിവേശം നിസ്സാരവൽകരിച്ചു കാണുന്ന രാഷ്ട്രങ്ങളിൽ ചില പ്രമുഖ അറബിരാഷ്ട്രങ്ങളെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ളതു വസ്തുതയാണ്.

 ക്രമേണ  ഫലസ്തീൻ പൂർണ്ണമായി ഇല്ലാതാക്കി ആ രാജ്യത്തെ ജനങ്ങളെ അവർ പിറന്ന നാട്ടിൽ നാട്ടിൽ അടിമകളാക്കി ജൂതരാഷ്ട്രം നിർമ്മിച്ചെടുക്കാൻ ഇസ്രായേലിനു പൂർണ്ണ പിന്തുണയും സൈനിക സഹായവും ആയുധങ്ങളും നൽകുന്നത് അമേരിക്കയാണ്. എന്നിട്ടും ഭീകരവാദത്തിനെതിരേ യുദ്ധം നടത്തുന്ന മൂപ്പനായി അമേരിക്ക വാഴ്‌ത്തപ്പെടുന്നു! ഫലസ്തീനികൾക്ക് ഉറക്കെത്തുമ്മാനും മൂത്രമൊഴിക്കാനും പോലും ഇസ്രായേലിന്റെ അനുമതിയില്ലാതെ പറ്റില്ലെന്നു വരുമ്പോൾ അവർ മാതൃരാജ്യം വിടുമെന്നും അതോടെ തങ്ങൾക്കുമാത്രം അധീശത്വമുള്ള സമ്പൂർണ്ണ "വിശുദ്ധ രാജ്യം" ഉണ്ടാക്കാമെന്നും ഇസ്രായേലികൾ കണക്കുകൂട്ടുന്നു.

    നൂറ്റാണ്ടുകളോളം സ്വന്തം നാട്ടിൽ അന്യരായിക്കഴിയേണ്ടിവന്ന നമുക്ക് ഫലസ്തീനികളുടെ വിമോചന സമരത്തെ തിരിച്ചറിയാൻ സധിക്കേണ്ടതല്ലേ? നമ്മൾ നടത്തിയ സ്വാതന്ത്ര്യ പോരാട്ടങ്ങളെ തീവ്രവാദമെന്നും ഭീകരവാദമെന്നും വിളിക്കാൻ നാമിഷ്ടപ്പെടുന്നില്ല എന്നോർക്കണം. വംശീയ ഉന്മൂലനം എന്ന ലക്ഷ്യ പൂർത്തീകരണത്തിനു വേണ്ടി ഇസ്രായേൽ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന കുത്സിത പ്രവൃത്തികൾ തന്നെയാണ് ഇന്നും തുടരുന്നത്. ഫലസ്തീനിന്റെ യഥാർത്ഥ ചരിത്രം അറിഞ്ഞാൽ മാത്രമേ ഇന്നുള്ള പ്രശ്നങ്ങളുടെ വസ്തുത സത്യസന്ധമായി മനസ്സിലാക്കാനാവൂ.

    തുർക്കിയിലെ ഒട്ടോമാൻ സുൽത്താന്മാരുടെ കീഴിലുള്ള അറബിസാംരാജ്യത്തിന്റെ ഭാഗമായിരുന്നു എ. ഡി. 1500-1800 കാലഘട്ടങ്ങളിൽ ഫലസ്തീൻ പ്രദേശം. ചരിത്ര രേഖകൾ ഇതു വ്യക്തമാക്കുന്നു. ഇക്കാലഘട്ടത്തിനു ശേഷമാണ് ഫലസ്തീന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. ഒട്ടോമാൻ സുൽത്താന്റെ ജനറലായിരുന്ന മുഹമ്മദലി എന്ന ഈജിപ്ഷ്യൻ ഭരണാധികാരിയാണ് അതിനു തുടക്കം കുറിച്ചത്. 1840നു മുമ്പുതന്നെ അദ്ദേഹത്തിന്റെ മകൻ ഇബ്രാഹിം പാഷ ആധുനിക ലോകചരിത്രത്തിലെ നാഴികക്കല്ലായി ഭരണസമിതികൾ ഉണ്ടാക്കിയിരുന്നു. അക്കാലത്ത് നിലവിലുണ്ടയിരുന്ന എല്ലാ മത സമൂഹങ്ങളേയും ഏകോപിപ്പിച്ച് നിയമാധിഷ്ടിത നികുതിസംവിധാനവും അദ്ദേഹം നടപ്പിൽ വരുത്തിയിരുന്നു. തുടർന്ന് പാഷക്ക് അധികാരം നഷ്ടപ്പെടുകയും ഒട്ടോമാൻ ഭരണം നിലവിൽ വരികയും ചെയ്തു.

    ഏകദേശം ആറു ലക്ഷത്തോളം വരുന്ന അറബി സംസാരിക്കുന്ന ജനങ്ങളായിരുന്നു ഫലസ്തീനിലുണ്ടായിരുന്നത്. ഭൂരിപക്ഷം വരുന്ന മുസ്ലീംകളും ചെറിയ ഒരു വിഭാഗം കൃസ്ത്യാനികളും അതിലും വളരെക്കുറച്ച് ജൂത വിഭാഗക്കാരും അയ്യായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള യൂറോപ്യന്മാരും ഒട്ടോമാൻ പടയാളികളുമടങ്ങുന്നതായിരുന്നു ഫലസ്തീൻ ജനത.1800നു ശേഷം യൂറോപ്പിൽ നിന്ന് ഫലസ്തീനിലേക്ക് ജൂതക്കുടിയേറ്റത്തിന്റെ വമ്പൻ ഒഴുക്കുതന്നെയുണ്ടായി. അതിനുമുമ്പുതന്നെ ഇന്നത്തെ ടെൽ അവീവിനു സമീപം ഫലസ്തീനിലെ ആദ്യ ജൂത കോളനി സ്ഥാപിക്കപ്പെട്ടു. കാർഷിക കോളനിയെന്ന പേരിട്ടാണ് ജൂതന്മാർ ഇതിനെ വിളിച്ചിരുന്നത്. ഇങ്ങനെ കുടിയേറിയവർക്കുവേണ്ടി മൊറീസ് ഡി ഹെർസിന്റെ (ജർമ്മൻ ജൂതൻ) നേതൃത്വത്തിൽ ജെ. സി. എ. (Jewish Colonization Association) എന്ന ആദ്യ സംഘടന 1891ൽ നിലവിൽ വന്നു. ജൂതർക്കായി ഒരു വിശുദ്ധ രാജ്യം എന്നതായിരുന്നു അവരുടെ ലക്ഷ്യം. തുടർന്ന്  ജൂതർക്കായി ഫലസ്തീനിൽ സ്ഥലം കണ്ടെത്താൻ Jewish National Fund എന്ന പേരിൽ സ്വിറ്റ്സർലന്റിലെ ജൂത സംഘടന ശ്രമമാരംഭിച്ചു. തുടർന്ന് 1904നു ശേഷം കൂടുതൽ ജൂതന്മാർ ഫലസ്തീനിലേക്ക് കുടിയേറി. അപ്പോഴേക്കും ഫലസ്തീൻ ജനതയുടെ ഏഴു ശതമാനത്തോളം ജൂതന്മാരായിക്കഴിഞ്ഞിരുന്നു. തദ്ദേശീയരുമായി ഇടക്കിടെ സംഘർഷമുണ്ടാകുന്നത് ഇക്കാലത്ത് പതിവായി. 1917ൽ ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറി "ജൂതന്മാർക്ക് ഒരു രാഷ്ട്രം" എന്ന വാഗ്ദാനം നല്കി.

  ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞതോടെ ജോർദ്ദാനും വെസ്റ്റ്ബാങ്കും ഇസ്രായേലുമുൾപ്പടെയുള്ള ഒട്ടോമാൻ സാംരാജ്യത്തിന്റെ തെക്കുഭാഗം ഫ്രാൻസിനും ബ്രിട്ടനും അധീനതയിലാക്കി. ഫലസ്തീനെ ജൂതന്മാർക്കു സമ്മാനിക്കാൻ ഫലസ്തീനികളെ കുടിയൊഴിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്ന് സയണസ്റ്റുകളുടെ ഉറ്റതോഴനായിരുന്ന ഇംഗ്ലണ്ടിന്റെ പിൻബലത്തിൽ സയണിസ്റ്റ് കമ്മീഷൻ അംഗങ്ങൾ പാരീസ് സമ്മേളനത്തിൽ അട്ടഹസിച്ചു. അതു തങ്ങൾ വാഗ്ദത്തം ചെയ്തിരിക്കുന്നുവെന്ന് വിൻസ്റ്റൻ ചർച്ചിൽ എഴുതിയിരുന്നത് ഈ അവസരത്തിൽ ചേർത്തു വായിക്കാം. തുടർന്ന് 1923ൽ ഫലസ്തീൻ രണ്ടായി മുറിക്കപ്പെടുകയും ബ്രിട്ടീഷ് അധിനിവേശത്തിലായ ഫലസ്തീന്റെ പടിഞ്ഞാറേ അറ്റം ജൂതന്മാർക്കു കിട്ടുകയും ചെയ്തു.

   ഇക്കാലത്ത് വിദൂര രാജ്യങ്ങളിൽ നിന്നുവരെ ഫലസ്തീനിലേക്ക് ജൂതന്മാർ കുടിയേറുകയായിരുന്നു. 1922ലെ കാനേഷുമാരി കണക്കുപ്രകാരം പന്ത്രണ്ടു ശതമാനത്തിൽ താഴെയായിരുന്ന ജൂതന്മാർ ഫലസ്തീൻ പ്രദേശത്തിന്റെ അഞ്ചു ശതമാനത്തോളം കയ്യടക്കി. 1928 ആയപ്പോഴേക്കും ജനസംഖ്യയുടെ 17 ശതമാനമാനത്തോളമായി ഇതു വർദ്ധിച്ചു. പാശ്ചാത്യ ശക്തികളുടെ ഫലസ്തീൻ ഉന്മൂലന സിദ്ധാന്തം എത്രമാത്രം ലക്ഷ്യം നേടി എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഈ അന്യായ കുടിയേറ്റം. കൂടാതെ ഹിറ്റ്‌ലറുടെ അധികാര ആരോഹണത്തെ തുടർന്ന് ജൂതന്മാർ വേട്ടയാടപ്പെടുന്ന സന്ദർഭത്തിൽത്തന്നെ ബ്രിട്ടന്റെ പിന്തുണയോടെ ഫലസ്തീനിൽ ജൂതന്മാർ നരനായാട്ടു നടത്തുന്നുണ്ടായിരുന്നു. ഇതേ കാലയളവിൽ യൂറോപ്പിൽ നിന്ന് ഫലസ്തീനിലേക്ക് ജൂതന്മാരുടെ വലിയ പ്രവാഹം തന്നെയുണ്ടായി.

  ഈ സാഹചര്യത്തിലാണ് ഫലസ്തീൻ സ്വാതന്ത്ര്യ സംഘടനയായ 'ഹിസ്ബുൽ ഇസ്തിക്‌ലാൽ' രൂപം കൊണ്ടത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അനുകരിച്ച് പലസ്തീൻ പോരാളികൾ നടത്തിവന്നിരുന്ന സമരങ്ങൾ ഭീകര പ്രവർത്തനങ്ങളായാണ് ഇപ്പോൾ വിവക്ഷിക്കപെടുന്നത്. 1932ൽ നിലവിൽ വന്ന ഈ സംഘടന ആദ്യകാലത്ത് പൂർണ്ണമായും ഗാന്ധിയൻ സമരമുറകളാണ് ബ്രിട്ടനെതിരേ സ്വീകരിച്ചതെന്ന് എടുത്തു പറയേണ്ടതുണ്ട്. ക്രമേണ ആയുധമെടുക്കേണ്ട അവസ്ഥയിലെത്തിച്ചതിന് കാരണക്കാർ അധിനിവേശ ശക്തികളല്ലാതെ മറ്റാരുമല്ല. ബ്രിട്ടനെ നാടുകടത്തുന്നതിന്റെയും ചെറുത്തു നിൽപ്പിന്റെയും ഭാഗമായി ഫലസ്തീനികൾ സായുധ സമരങ്ങളിലേക്കു കടന്നതോടെ സയണിസ്റ്റ് തീവ്രവാദ സംഘത്തിന്റെ ആക്രമണങ്ങൾ വന്യമായി മാറി. നൂറുകണക്കിന് ഫലസ്തീനികൾക്ക് ജീവഹാനി സംഭവിച്ചപ്പോൾ ജൂത ഭീകരരെ നേരിടാൻ കുഴി ബോംബുകൾ സ്ഥാപിക്കുകയും വിവിധ വിമോചന സംഘടനകൾക്ക് അവർ രൂപം കൊടുക്കുകയും ചെയ്തു. അതോടെ ഫലസ്തീൻ വിമോചന സമര നേതാക്കളെ നാടുകടത്തുകയോ കൊല്ലുകയോ ചെയ്തു. തുടർന്ന് 1937ലെ പീൽ കമ്മീഷൻ ഫലസ്തീൻ പ്രദേശത്തിന്റെ 33 ശതമാനം ജൂതരാഷ്ട്രമുണ്ടാക്കാനും പ്രദേശത്തുനിന്ന് ഫലസ്തീനികളെ ഒഴിവാക്കാനും ബ്രിട്ടനോട് നിർദ്ദേശം വച്ചു. 1942 ആയപ്പോഴേക്കും പലസ്തീനികളുടെ പ്രതിരോധ ശേഷിയെ ദുർബ്ബലപ്പെടുത്തി മുഴുവൻ ഫലസ്തീൻ പ്രദേശവും ജൂരാഷ്ട്രമാക്കുന്നതിനു വേണ്ടി ഇസ്രായേൽ യുദ്ധസന്നദ്ധമാകുകയായിരുന്നു.

   1949 ആകുമ്പോഴേക്കും ഫലസ്തീനു സ്വാതന്ത്യം കൊടുക്കാമെന്നും അതുവരെ വർഷംതോറും 15000 ജൂതന്മാരെ ഫലസ്തീനിലേക്ക് പ്രവേശിപ്പിക്കണമെന്നും പ്രസ്താവിച്ച് ബ്രിട്ടൻ പുറത്തിറക്കിയ ധവളപത്രത്തിൽ ലോകത്തെ അറിയിച്ചു. പിന്നീട്  കുടിയേറ്റ കാലാവധി ബ്രിട്ടൻ തന്ത്രപൂർവ്വം വർദ്ധിപ്പിച്ചു. ഇതിനിടയിൽ പ്രശ്നത്തിലിടപെടാൻ ഐക്യരാഷ്ട്രസഭയെ ബ്രിട്ടൻ ക്ഷണിച്ചിരുന്നു. അങ്ങനെയാണ് 1947 നവംബർ 27ന് ഫലസ്തീനെ വിഭജിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ക്രിസ്തീയ രാജ്യങ്ങളുടെ സമ്മർദ്ദ ഫലമായി ജറുസലേമിനെ സ്വതന്ത്രമാക്കി നിർത്തി ഫലസ്തീന്റെ 56 ശതമാനം ഭൂമി ജനസംഖ്യയുടെ നാലിലൊന്നു വരുന്ന ജൂതസമൂഹത്തിനു കൈമാറാനാണു തീരുമാനമായത്. തുടർന്ന് കൈവശക്കാർക്ക് പ്രദേശങ്ങളിൽ സ്വാതന്ത്ര്യം നൽകി നാടുവിടാനുള്ള ബ്രിട്ടന്റെ തീരുമാനം ഭീകര കലാപങ്ങൾക്കുള്ള തുടക്കമായി മാറി. വർഗ്ഗീയ വിഷം കുത്തിവച്ച വിഭാഗീയത സൃഷ്ടിച്ച് ഇന്ത്യവിട്ടുപോയ ബ്രിട്ടന്റെ അതേ നിലപാടുതന്നെയാണ് ഫലസ്തീനിലും കൈക്കൊണ്ടത്. ഇന്ത്യയിൽ നാമിന്നനുഭവിക്കുന്ന ദുരിതങ്ങളുടെ ഉദ്ഭവം ബ്രിട്ടൻ ഇന്ത്യയിൽ കൈക്കൊണ്ട തന്ത്രപരമായ വിത്തെറിയലായിരുന്നുവെന്ന് കുട്ടികൾക്കു പോലും അറിയവുന്നതാണല്ലോ.

   ജൂതന്മാർ പട്ടാള റിക്രൂട്ട്മെന്റ് ആരംഭിച്ചതോടെ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി ട്രൂമാന്റെ പരസ്യ പിന്തുണയോടെ അറബ് മുസ്ലിങ്ങളെ വ്യാപകമായി കശാപ്പു ചെയ്യാൻ തുടങ്ങി. അതോടെ നാടുകടത്തപ്പെട്ടിരുന്ന ഫലസ്തീൻ നേതാവ് അബ്ദുൽ ഖാദിർ അൽ ഹുസൈനി മടങ്ങിയെത്തുകയും ഫലസ്തീൻ വിമോചനപ്പോരാട്ടങ്ങൾക്ക്  നേതൃത്വം കൊടുക്കുകയും ചെയ്തു. തുടർന്നു നടന്ന യുദ്ധത്തിൽ ഏതാണ്ട് മൂന്നുലക്ഷം അറബികളാണ് പലസ്തീനിൽ നിന്നും തുടച്ചു നീക്കപ്പെട്ടത്. ജൂതന്മാർക്ക് യൂറൊപ്യൻ രാജ്യങ്ങളുടെ സഹായം ലഭ്യമായിരുന്നു.

 1948 മെയ് പതിനഞ്ചിന് ഇസ്രായേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നപ്പോൾ അത് ആദ്യം അംഗീകരിച്ചത് അമേരിക്കയാണെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. തുടർന്നാണ് ഒന്നാം അറബ് - ഇസ്രായേൽ യുദ്ധം ആരംഭിക്കുന്നത്. പലസ്തീന്റെ അനുമതിയില്ലാതെ പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനെ അറബ് സമൂഹം ഒന്നടങ്കം എതിർത്തു. തങ്ങൾ ന്യൂനപക്ഷമാണെന്നു വ്യക്തമായി ബോധ്യമുള്ള ഇസ്രായേല്യർ ആസൂത്രിതമായി ഫലസ്തീനിൽ വംശഹത്യ നടത്തിത്തുടങ്ങി. 

   തൽഫലമായി ബഹുഭൂരിപക്ഷം വരുന്ന ഫലസ്തീനികൾക്ക് തങ്ങളുടെ വാസസ്ഥലം നഷ്ടമായി സ്വന്തം മണ്ണിൽ അഭയാർത്ഥികളായി.  ഇടതടവില്ലാത്ത ഇസ്രായേൽ അതിക്രമങ്ങൾ തടയിടാൻ ഇതര വിഭാഗങ്ങളിൽ സായുധസംഘങ്ങളുടെ പിറവിക്കു ജന്മം നൽകി. തുടർന്ന് 1953ൽ ഒരു പൊതു പാർട്ടി എന്നതിനെക്കുറിച്ച് ആലോചിക്കുകയും തൊട്ടടുത്ത വർഷം  തന്നെ "ഫത്താ പാർട്ടി" നിലവിൽ വരികയും ചെയ്തു. പിന്നീട് സായുധ പോരാട്ടം കൊണ്ടുമാത്രമേ തങ്ങൾക്കു നിലനിൽപ്പുള്ളൂവെന്ന തിരിച്ചറിവിൽ ഫലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷൻ (PLO) ജന്മമെടുത്തു. ഫലസ്തീനികൾ ഭീകരന്മാരാണെന്നു വിളിച്ചു പറയുന്നവർ അവരുടെ ഇന്നത്തെ അവസ്ഥ എങ്ങനെയുണ്ടായി എന്നതു കൂടെ ഒന്നു പഠിക്കുന്നതു നല്ലതാണ്.

   ഇസ്രായേൽ - ഫലസ്തീൻ സംഘർഷത്തിൽ ഇരു ഭാഗത്തുനിന്നും ഉപയോഗിക്കപ്പെടുന്ന ആയുധങ്ങളും ഇരു ഭാഗത്തുമുള്ള നാശനഷ്ടങ്ങളും കണക്കാക്കിയാൽ നാം അത്ഭുതപ്പെടും. അത്യന്താധുനിക ആയുധങ്ങളുപയോഗിച്ച് യാതൊരു തത്വദീക്ഷയുമില്ലാതെ ഫലസ്തീൻ ജനത കൂട്ടമായി നശിപ്പിക്കപ്പെടുന്നത് നമുക്ക് കാണാനാകും. ജൂത കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽത്തന്നെ അവർ ലക്ഷ്യം വച്ചിരുന്ന ഫലസ്തീൻ ഉന്മൂലനം അക്ഷരാർത്ഥത്തിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നു. പിഞ്ചു കുട്ടികളേയും സ്ത്രീകളേയും കൂട്ടമായി നശിപ്പിക്കുന്നത് അതുകൊണ്ടാണ്. പലസ്തീനിൽ ഇനിയൊരു തലമുറ ഉണ്ടായ്‌വരാൻ അവർ അനുവദിക്കില്ല. അതാണ് വെടി നിർത്തൽ പ്രഖ്യാപനത്തിനു ശേഷവും അവർ കാരണമില്ലാതെ അതിക്രമങ്ങൾ കാട്ടുന്നത്.

  ലോകം കണ്ടതിൽ വച്ച് ഏറ്റവും കിരാതമായ ഭരണമാണ് ഇസ്രായേൽനടത്തുന്നത്. ഫലസ്തീനികൾക്കിന്ന് സ്വന്തം മണ്ണിലൂടെ സഞ്ചരിക്കണമെങ്കിൽ ഇസ്രായേലിന്റെ അനുമതി വേണം. ഛിന്നഭിന്നമാക്കപ്പെട്ട ഫലസ്തീൻ ജനതക്ക് പരസ്പരം ബന്ധപ്പെടാൻ ഇസ്രായേലിന്റെ അവഹേളനങ്ങൾ ഏറെ സഹിക്കേണ്ടതുണ്ട്. വസ്ത്രാക്ഷേപ പരിശോധനകൾ ഉൾപ്പടെ സകല മനുഷ്യാവകാശ ധ്വംസനങ്ങൾക്കും അവർ ദിനേന ഇരയാക്കപ്പെടുന്നു. ദിവസത്തിൽ ഏതാനും മിനിട്ടുമാത്രം തുറന്നിരിക്കുന്ന ചെക്ക് പോയിന്റുകൾ കടന്നുവേണം സ്കൂൾ, ആശുപത്രി, തൊഴിൽ, കൃഷി തുടങ്ങി എന്തിനും ഏതിനും സഞ്ചരിക്കേണ്ടത്. അല്പസമയം വൈകിയാൽ എല്ലാം അന്ന് ഉപേക്ഷിക്കേണ്ടിവരും. അധിനിവേശം നടത്തിയവർ അവിടെ സ്ഥിരതാമസം പാടില്ല എന്ന ജനീവ കരാറിന്റെ പച്ചയായ ലംഘനമാണ് ഫലസ്തീനിൽ നടക്കുന്നത്. ജൂതർർക്കുമാത്രം സഞ്ചരിക്കാനുള്ള നിരത്തുകളിൽ ഒരു ചെക്ക്പോയിന്റുകളും കാണാനാവില്ല.

  "വൈകാതെ ഒരു പൂര്‍ണ ഫലസ്‌തീന്‍ രാഷ്‌ട്രമായി മാറാവുന്നവിധത്തില്‍ ഫലസ്‌തീന്‍ അതോറിറ്റി രൂപീകരിക്കുക.  ഈ അതോറിറ്റിക്ക്‌ ക്രമേണ വെസ്റ്റ്‌ബാങ്കിന്റെ പൂർണ്ണ നിയന്ത്രണം കൈമാറുക. വെസ്റ്റ്‌ബാങ്കിലെ ജൂതകുടിയേറ്റ കേന്ദ്രങ്ങൾ ഒഴിവാക്കുക. ജറുസലേമിന്റെ പദവിയും അഭയാര്‍ഥികള്‍ക്ക്‌ തിരിച്ചുവരാനുള്ള അവകാശവും തുടർന്നുള്ള ചർച്ചകളിൽ ഉൾപ്പെടുത്തുക" എന്നിങ്ങനെ യാസർ അരഫാത്തുമായി നടത്തിയ ഓസ്‌ലോ ഒത്തുതീർപ്പിനു നേർ വിപരീദമായി ഫലസ്തീൻ രാഷ്ട്രത്തെ നിഷേധിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഇസ്രായേൽ കൈക്കൊള്ളുന്നത്. 

  ഫലസ്തീനെ മൂന്നുകഷണങ്ങളാക്കാനുള്ള പദ്ധതിയാണ് ഇസ്രായേലിന്റെ അജണ്ട. വെസ്റ്റ്ബാങ്കിന്റെ അമ്പത്തഞ്ചു ശതമാനം ചുറ്റി മതിൽ നിർമ്മിക്കുക എന്നതാണ് അതിൽ ഒന്ന്. ബാക്കിവരുന്ന 45ശതമാനം കൈവശപ്പെടുത്തി അതിൽ നിന്ന് പന്ത്രണ്ടു ശതമാനം മാത്രം പൂർണ്ണമായി ഇസ്രായേൽ പട്ടാളനിയന്ത്രണത്തിലുള്ള പലസ്തീൻ പ്രദേശമാക്കുക. ഇതിനാണ് അമേരിക്കയും മറ്റു പാശ്ചാത്യ ശക്തികളും ഓശാനപാടുന്നത്. 

   മേൽപ്പറഞ്ഞ വസ്തുതകൾ നിക്ഷ്പക്ഷ വിശകലനത്തിനു വിധേയമാക്കി, ഫലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലനത്തിനു തടയിടുന്നതിനും മേഖലയിൽ സമാധാനം പുലരുന്നതിനും ലോക ശ്രദ്ധ തിരിയണം. അതിനായി അടിയന്തിരമായി ശബ്ദിക്കുകയും പ്രയത്നിക്കുകയും ചെയ്യേണ്ടതുണ്ട്.


Popular Posts

Recent Posts

Blog Archive