Tuesday

ശ്രീശാന്ത് കുറ്റക്കാരനല്ല


 ലയാളികളായ ചെറുപ്പക്കാരെ കള്ളക്കേസിൽ കുടുക്കി ഭീകര നിയമങ്ങൾ ചാർത്തി ജാമ്യമില്ലാതെ ജയിലിലടക്കുന്ന പ്രവണതയുടെ അവസാന ഉദാഹരണമാണ് ശ്രീശാന്ത്. ഇതുവരെ ഒരു പ്രത്യേക വിഭാഗത്തെ മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെങ്കിൽ ശ്രീശാന്തിന്റെ അറസ്റ്റോടെ അതിനു പുതിയൊരു മുഖം വന്നെന്നു മാത്രം.

  ശ്രീശാന്തിനെ ജീവനോടെ കുഴിച്ചുമൂടാൻ മാത്രം മലയാളത്തിലെ മാധ്യമങ്ങളോട് എന്തു പരാക്രമമാണ് അയാൾ കാട്ടിയതെന്നുമാത്രം മനസ്സിലായില്ല. കളിക്കളത്തിൽ കാണിക്കുന്ന ശൗര്യത്തിന്റെ അളവുകോലാണെങ്കിൽ അതു നിയന്ത്രിക്കാനും പിഴയിടാനുമൊക്കെ അവിടെത്തന്നെ ആളുണ്ടല്ലോ. കേരളത്തിന്റെ ക്രിക്കറ്റു മുതലാളിമാരും ഒരു നല്ല വാക്ക് ആശ്വാസമായി പറഞ്ഞു കേട്ടില്ല. ആപത്തിൽ സത്യമറിയാതെ ക്രൂശിക്കാൻ മലയാളിസമൂഹം മത്സരിച്ചു മുന്നേറുന്ന കാഴ്ച കാണാൻ അത്രക്കു സുഖമില്ലായിരുന്നുവെന്നു പറയാതെ വയ്യ.

 ശ്രീശാന്തിനെതിരേ  ഡൽഹി പോലീസും മലയാള മാധ്യമങ്ങളടക്കമുള്ള സംസ്കാരം വിളമ്പുന്ന സമൂഹവും പടച്ചുവിട്ട നുണക്കഥകൾ ഒന്നൊന്നായി ഉടഞ്ഞു വീഴുന്ന കാഴ്ചകളാണു പിന്നീടുകണ്ടത്. ശ്രീശാന്തിനെ അറസ്റ്റു ചെയ്യുമ്പോൾ കൂടെ കാറിലുണ്ടായിരുന്നുവെന്ന് പറഞ്ഞ പെണ്ണുങ്ങൾ ആദ്യമായി ആവിയായിപ്പോയി. ശ്രീ കൈപ്പറ്റിയ നാൽപ്പതുലക്ഷത്തിൽ മുപ്പതുലക്ഷം തുടർന്ന് ആവിയായി. പിന്നീടുള്ള പത്തിൽ അഞ്ചും പോയി. ബാക്കി അഞ്ചാവട്ടെ എവിടെയാണെന്നതിന് ഒരെത്തുംപിടിയും കിട്ടുന്നുംഇല്ല. ലോകമപ്പാടെ നശിപ്പിക്കാൻ കഴിവുള്ള മൂന്നു കൂട്ട നശീകരണയുധങ്ങളായ ലാപ്ടോപ്പും മൊബൈലും ഐപാഡും അരിച്ചു പീറുക്കിയിട്ടും പോലീസിന് ഒന്നും കിട്ടിയില്ല. പുതുതായി കണ്ടുപിടിച്ച മൊബൈൽ ഫോണിനെക്കുറിച്ചും ഇപ്പോൾ വിവരമില്ല.

 ഇന്ത്യകണ്ട മഹാത്ഭുതമായ പി.ടി. ഉഷയെ തമസ്കരിക്കാൻ മടികാണിക്കാതിരുന്ന മലയാളി മാമന്മാരുടെ വിഖ്യാത സ്വഭാവഗുണത്തിന് ശ്രീശാന്തും ഇപ്പോൾ ഉദാഹരണമായി. ശ്രീക്കു വേണ്ടി ഇപ്പോൾ മുതലക്കണ്ണിരൊഴുക്കുന്നവർ കപടസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാരാണെന്നേ പറയാനുള്ളൂ.

ഇന്ത്യയിലെ മർദ്ദിത വിഭാഗങ്ങളെ അടിച്ചമർത്താൻ നിർമ്മിക്കപ്പെട്ട കാടൻ നിയമങ്ങളിൽ ഒരെണ്ണത്തിനെക്കൂടി ജനസാമാന്യത്തിനു മനസ്സിലാക്കിക്കൊടുക്കാൻ ഈ സംഭവം നിമിത്തമായെന്നതാണ് ഡൽഹിപോലീസിനു പറ്റിയ തിരക്കഥയിലെ പിഴവ്. അതെന്തുതന്നെയായാലും അവരുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും തൽക്കാലത്തേക്കെങ്കിലും തലയൂരാൻ അവർക്കു സാധിച്ചുവെന്നുതന്നെ കരുതണം.

 നിരപരാധിത്വം തെളിയിച്ച് ശ്രീശാന്ത് തിരികെയെത്തുമെന്നുതന്നെ കരുതുന്നു. കെട്ടിച്ചമയ്ക്കപ്പെട്ട കള്ളത്തെളിവുകൾക്ക് ഭീകര നിയമത്തിന്റെ പിൻബലം ചർത്തിക്കൊടുത്തിട്ടും ശ്രീശന്തിന് ജാമ്യം കിട്ടിയെന്ന യാഥാർത്ഥ്യം അതാണു തെളിയിക്കുന്നത്. ഭീകര നിയമത്തിന്റെ ബലിയാടുകളാക്കി ജയിലിലടക്കപ്പെട്ട നിരപരാധികൾക്ക് നിതി ഇപ്പോഴും അകലെയാണ്. വർഷങ്ങളുടെ നീതി നിഷേധങ്ങളിലെങ്കിലും മൗനം വെടിയാൻ നമ്മുടെ മാധ്യമ സമൂഹം ഇനിയും തയ്യാറവുമെന്നു കരുതുന്നില്ല. അതുകൊണ്ടുതന്നെ പുതിയ "ഭീകരവാദി"കൾ കേരളത്തിൽ നിന്ന് ഉണ്ടായിക്കൊണ്ടേയിരിക്കും...

(ശ്രീശാന്ത്, നഷ്ടം ആർക്ക്)

Monday

ജനമൈത്രി പോലീസ്


 മാന്ത്രികനായ മാൻഡ്രേക്കിന്റെ കഥയിലെ "ർതലോ"യെയും "ക്ക്ഡ്രേൻമാ"യെയും വെല്ലുന്ന ക്രിമിനലുകളായി നമ്മുടെ പോലീസുകാർ മാറിക്കൊണ്ടിരിക്കുന്ന കഥകളാണ് ഇപ്പോൾ കൂടുതലും കേൾക്കുന്നത്. സമൂഹത്തിലെ മാന്യന്മാരായ ക്രിമിനലുകലായി പോലീസുകാർ മാറുന്നതിന്റെ കാരണം കണ്ടെത്താൻ ഹിമാലയം താണ്ടേണ്ടി വരില്ല.

  മാധ്യമപ്രവർത്തകരെ വളഞ്ഞിട്ടു തല്ലുന്ന പ്രവണത അടുത്തകാലത്തായി കൂടിവരുന്നു. കഴിഞ്ഞ ദിവസവും ക്രൂരമായ ആക്രമണം നടന്നു. തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് മൂന്നുവലത്തു കറങ്ങി മർദ്ദനപാലനം നടത്താൻ കൂടി അവർ പ്രത്യേകം ശ്രദ്ധിച്ചു. സമൂഹത്തിലെ ഏറ്റവും ഭീകരരയ ഗുണ്ടാ സമൂഹമായി ജനമൈത്രി പോലീസ് മാറിക്കൊണ്ടിരിക്കുന്നതിന്റെ ഒരുദാഹരണം മാത്രം.

പ്രകോപനം സൃഷ്ടിച്ച് പൊതുസമൂഹത്തെ ക്രിനലുകളാക്കുകയാണ് മിക്കപ്പോഴും ഇവർ ചെയ്യുന്നത്. സത്യസന്ധരായ നിയമപാലകർ ഇലെന്നല്ല, അത്തരക്കാർ തുലോം കുറവാണ്. കസ്റ്റഡിയിലെടുക്കുന്നവരോടോ ചോദ്യം ചെയ്യപ്പെടുന്നവരോടോ സഭ്യമായി സംസാരിക്കുന്നില്ലെന്നതു കൂടാതെ വാഹന പരിശോധനയിൽ പിടിടിക്കപ്പെടുന്നവരോടുപോലും പൂവും കായും പ്രയോഗിക്കാതെ ഇവർക്കു പറ്റില്ലെന്നായിരിക്കുന്നു. ഏറ്റവും വലിയ നിയമ നിഷേധികളും പോലീസുകാർ തന്നെയെന്ന് പറയേണ്ടിയിരിക്കുന്നു.

 കഴിഞ്ഞദിവസം എന്റെ വീടിനടുത്തു നടന്ന വാഹന പരിശോധനയിൽ മത്സ്യം വങ്ങാൻ അങ്ങടിയിലെത്തിയ ഞാനും കുടുങ്ങി. ഹെൽമറ്റുതന്നെ വില്ലൻ. അസഭ്യ വർഷം സഹിക്കാനാവാതെ ചെവി പൊത്തിപ്പോയി. അവസാനം നല്ലൊരുപദേശം കിട്ടി, "ഇനി ചെക്കിങ്ങുള്ളിടത്ത് ഹെൽമെറ്റില്ലാതെ വരരുത്"! ഹെൽമെറ്റില്ലാതെ യാത്ര ചെയ്യരുതെന്നല്ല!! മുമ്പ് സുൽത്താൻ ബത്തേരിയിൽ നിന്ന് പുൽപ്പള്ളിയിലേക്കുള്ള വഴി ചോദിച്ച എനിക്ക് മൈസൂർ റോഡു കാണിച്ചുതന്നതും കേരളാ പോലീസുതന്നെയാണ്. അൻപതു കിലോമീറ്ററാണ് അന്ന് എനിക്ക് അധികം സഞ്ചരിക്കേണ്ടിവന്നത്.

 ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രതിമാസം നിശ്ചിത ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കണമെന്ന വൃത്തികെട്ട വ്യവസ്ഥിതി ഇവിടെ ക്രിമിനൽ വൽക്കരണമാണു നടപ്പിലാക്കുന്നത്. കുറ്റകൃത്യങ്ങൾ നടക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഇതിനർത്ഥം. അതായത് കുറ്റകൃത്യങ്ങളും കുറ്റവാളികളുമില്ലാത്ത ഒരു സമൂഹത്തെ സ്വപ്നം കാണാൻ പോലും നിയമപാലക വിഭാഗം തയ്യാറല്ല. ഒരിക്കൽ തെറ്റു ചെയ്തുപോയെന്ന കാരണത്താൽ ഒരു വിഭാഗത്തെ കാലാകാലം കുറ്റവാളികളാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടരുടെ വ്യഗ്രത പ്രത്യേകം ഓർക്കേണ്ടതാണ്.


Popular Posts

Recent Posts

Blog Archive