Thursday

പുന്നക്കുരുവിന് ഓട്ടാമ്പുളി മന്ത്രി


    ഹരിതസമയം ജൂൺ ആറാം തീയതി 10:30 മുതൽ 11:30 വരെയെന്ന് മുഖ്യമന്തിയുടെ തലവച്ച പരസ്യം കണ്ടു. അത് മുഖ്യമന്ത്രി അറിഞ്ഞാണേലും അല്ലെങ്കിലും അദ്ദേഹം ഈ സമയത്തെങ്കിലും നിർബ്ബന്ധമായി ഓർത്തിരിക്കേണ്ടതും അടിയന്തിരമായി നടപ്പിലാക്കേണ്ടതുമായ സുപ്രധാനമായ ഹരിത വിപ്ലവത്തെക്കുറിച്ച് എവിടെയും പരാമർശം കാണാത്തതിനാൽ ഒന്ന് ഓർമ്മിപ്പിക്കാമെന്നു വച്ചു. ഭാവിയിൽ മന്ത്രിസഭ രൂപീകരിക്കുന്നവർക്ക് ഒരു വകുപ്പും അതിനൊരു മന്ത്രിയും നടപ്പിനാക്കാനും ഇത് ഒരുപക്ഷേ സഹായിച്ചേക്കും.

 വംശനാശ ഭീഷണി നേരിടുന്ന പുന്നമരം കേരളമാകെ നട്ടുപിടിപ്പിക്കാൻ ഇനിയും വൈകരുത്. ഇനി ഒരു പുന്നക്കുരു വിപ്ലവം എത്രയും പെട്ടെന്ന് ഇവിടെ വരണം. വൈദ്യുതി വന്നതോടെ ഉപയോഗം നിലച്ചെങ്കിലും മാറിയ സാഹചര്യത്തിൽ പുന്നക്കുരു ഉല്പാദനം അടിയന്തിരമായി തുടങ്ങേണ്ടതുണ്ട്.

 ലോകമുണ്ടായിട്ട് 2000 കോടി വർഷങ്ങളായീന്നു പലരും പറയുന്നുണ്ടെങ്കിലും വൈദ്യുതിയുണ്ടായിട്ട് നൂറ്റിച്ചില്ല്വാനം വർഷങ്ങളേ ആയിട്ടുള്ളൂവെന്ന് ഏകദേശം ഉറപ്പിച്ചു പറയാം. ഈ നൂറ്റിച്ചില്ല്വാനം വർഷങ്ങൾക്കപ്പുറവും ഭൂമിയിൽ വിശിഷ്യാ ഇന്ത്യയിൽ അതിവിശിഷ്യാ കേരളത്തിൽ ജനങ്ങൾ വസിച്ചിരുന്നു എന്നതു മറക്കരുത്. കേരളമക്കൾ പുന്നക്കുരുവെളിച്ചത്തിൽ കാര്യങ്ങൾ ഭലപ്രദമായി നടത്തിയിരുന്നുവെന്നതും പുന്നക്കുരുവെളിച്ചം പോലെ സത്യമാണ്.

 അതുകൊണ്ടുതന്നെ, പണ്ട് ഇടതുപക്ഷ സഹയാത്രികനായിരുന്ന പൗലോസ് മാർ പൗലോസ് തിരുമേനി എൽ ഡി എഫിന്റെ കാലത്ത് ഇൻവെർട്ടർ, ബാറ്ററി കമ്പനികളുടെ കമ്മീഷൻ പറ്റാനായി മനഃപൂർവ്വം കറണ്ടുകട്ട് ഉണ്ടാക്കുന്നുവെന്ന് പച്ചയായി പറഞ്ഞതുപോലെ ചാണ്ടിച്ചന്റെ കാലത്ത് അരയെ മുക്കാലാക്കിയും അറിയാതെ കട്ടും ചിലതൊക്കെ നേടാൻ ശ്രമിക്കുന്നുവെന്ന് ചുമ്മാ ആരോപിക്കേണ്ടതില്ല.

 കഴിഞ്ഞ വർഷം ഈ സമയത്ത് വൈദ്യുതിയുടെ മൊത്തക്കച്ചവടക്കാരായിരുന്നത് ഒരു വർഷം കഴിഞ്ഞപ്പോൾ കിട്ടാക്കനിയായ അവസ്ഥയായെങ്കിൽ എവിടെയൊക്കെയോ പ്രശ്നങ്ങളുണ്ടെന്നുതന്നെ മനസിലാക്കണം. എന്തുതന്നെ ആയാലും പുന്നക്കുരുവും ഓട്ടാംപുളി(ഓട്ടാമ്പൊളി)യും ഉള്ളിടത്തോളം കേരളമക്കൾ വെളിച്ചം കണ്ടുതന്നെ പഠിക്കുമെന്ന് മിനിമം വൈദ്യുത മന്ത്രിയെങ്കിലും ഓർക്കണം.

Popular Posts

Recent Posts

Blog Archive