Sunday

Friday

വാരംകോരി കൃഷി അഥവാ ഓർഗാനോ പൂണിക്കോസ്

   
    കേട്ടുപഠിച്ചതും കണ്ടുപഠിച്ചതും പ്രായോഗികതലത്തിൽ കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവനാണ് ഒരു യഥാർത്ഥ പ്രൊഫണൽ എന്നതാണ് പൊതുവേ കരുതുന്നത്. ധനകാര്യത്തിൽ ഡോ. തോമസ് ഐസക് ഒരു പ്രൊഫഷണലാണെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം അനുഭവ സാക്ഷ്യമാണ്. അദ്ദേഹത്തിന് തെറ്റുപറ്റിയില്ലായെന്ന് കേരളത്തിന്റെ ധനസ്ഥിതി പഠിക്കുന്ന ഏതൊരു വിദഗ്ധനും മനസ്സിലാകും. മാലിന്യ സംസ്കരണക്കാര്യത്തിൽ അദ്ദേഹം ഒരു പ്രൊഫഷണൽ അല്ലായെന്നാണ് അദ്ദേഹത്തിന്റെ പ്രായോഗിക തലത്തിലെ ഉറവിട മാലിന്യ പദ്ധതി വീണ്ടും തെളിയിച്ചു തരുന്നത്. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേഖനത്തിനു മറുപടിയായി പ്രകൃതിയുടെ നിലനില്പ്പിന്റെ അടിസ്ഥാനമായ നൈട്രജൻ സൈക്കിൾ ചൂണ്ടിക്കാട്ടി ഉറവിട മാലിന്യസംസ്ക്കരണ പദ്ധതി ജനങ്ങൾക്ക് ശിക്ഷയെന്ന 5-2-2013ലെ മാതൃഭൂമിയിൽ വന്ന സുധീഷ് മേനോന്റെ ലേഖനം വീണ്ടും വായിക്കാം.

 പ്രകൃതിയുടെ നിലനിൽപ്പിനാധാരമായ നൈട്രജൻ സൈക്കിളിന്റെ തുടർച്ചയില്ലായ്മ, കേരളത്തിന്റെ കുടിവെള്ളം 90 ശതമാനവും ഇക്കോളി രോഗാണു മൂലം നശിപ്പിച്ചു. ഉറവിടമാലിന്യ നിർമ്മാർജ്ജന പദ്ധതിയുമായി എന്നിട്ടും അദ്ദേഹം മുന്നോട്ടുപോവുകയാണെന്ന്. ദേശാഭിമാനി ദിനപത്രത്തിൽ 1-09-2014ലെ വാർത്ത കണ്ടപ്പോൾ വ്യക്തമായി. എ.കെ.ജി.സെന്ററുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ 27-09-2014ൽ നടത്തുന്ന ഉറവിടമാലിന്യ സംസ്ക്കരണ സെമിനാറിന്റെ സഹകാരിയായ ശ്രീ രാജഗോപാലുമായി 2-09-2014ന് ശ്രീ സുധീഷ് മേനോൻ സംസാരിക്കുകയുണ്ടായി. ഉറവിടമാലിന്യ സംസ്ക്കരണത്തിന്റെ അശാസ്ത്രീയത വ്യക്തമാക്കുന്ന പഠന റിപ്പോർട്ടുകൾ അയച്ചുകൊടുക്കുതിനുവേണ്ടി അദ്ദേഹത്തിന്റെ ഇമെയിൽ വിലാസം ആവശ്യപ്പെട്ടു. ഇതുവരെ അദ്ദേഹം നല്കിയിട്ടില്ല.

   ഓർഗാനോ പൂണിക്കോസിനെ കുറിച്ചുള്ള മാതൃഭൂമിയിലെ കഴിഞ്ഞ ദിവസത്തെ ലേഖനം വായിച്ചുകഴിഞ്ഞപ്പോൾ ശ്രീ തോമസ് ഐസക്കിനു മാലിന്യ സംസ്ക്കരണത്തെക്കുറിച്ചു മാത്രമല്ല കൃഷിയെക്കുറിച്ചും വ്യക്തതയില്ലെന്നും കേട്ടുകേൾവിക്കരൻ മാത്രമാണെന്നും വ്യക്തമായി. ചാണകവും മറ്റ് ജൈവവസ്തുക്കളും, മണ്ണും ചേർത്ത് വാരംകോരിയിട്ട് ഒരു മാസത്തെ സൂര്യപ്രകാശ സംസ്ക്കരണത്തിനുശേഷം കപ്പയും ചേമ്പും കൂർക്കയും നടുന്ന നമ്മുടെ നാടൻ രീതിയെ ആണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് രാജ്യനാമമായ ഓർഗാനോപൂണിക്കോസ് എന്ന് വിശേഷിപ്പിച്ചത്. 

    കേരളത്തിനുപുറത്ത് ചാണകവും, മനുഷ്യ വിസർജ്ജ്യവും ജൈവവസ്തുക്കളോടുമൊപ്പം കലർത്തി പ്രകൃതിയുടെ നിലനിൽപ്പിന് ആധാരമായ നൈട്രജൻ സൈക്കിൾ  പൂർത്തീകരിക്കുന്ന വാരംകോരിയുള്ള കൃഷി ഇന്ത്യയിൽ എല്ലായിടത്തുമുണ്ട്. ഒരു മാസത്തെ സൂര്യ പ്രകാശത്തിൽ നിന്നും ലഭിക്കുന്ന അൾട്രാവയലറ്റ് രശ്മികളെകൊണ്ട് ഇക്കോളി പോലെയുള്ള രോഗാണുക്കൾ നശിക്കുന്നതിനാൽ ജലമലിനീകരണം ഉണ്ടാകുന്നില്ല.

 ഓർഗാനോപൂണിക്കോസ് എന്ന കൃഷി രീതി ക്യൂബയിൽ ആരംഭിച്ചത് 1987ലാണ്. അല്ലാതെ ശ്രീ. തോമസ് ഐസക് വ്യക്തമാക്കും പോലെ 1998ൽ അല്ല. നമ്മുടെ നാട്ടിലെപോലെ പാസ്ച്ചറൈസർ ഇല്ലാത്ത, രോഗാണുക്കൾ നിറഞ്ഞ ജൈവവളം നല്കുന്ന പൈപ്പ് കമ്പോസ്റ്റിങ്ങ് സംവിധാനവും ബയോഗ്യാസ് പ്ലാന്റും ക്യൂബയിലോ മറ്റു വിദേശരാജ്യങ്ങളിലോ കാണാൻ കിട്ടില്ല. അതുകൊണ്ടുതന്നെ ഫലപ്രദമായതെന്ന് മനസ്സിലാക്കി സ്വന്തം നാട്ടിൽ അവ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ പൂർണ്ണമായും മനസ്സിലാക്കി നടപ്പിലാക്കുന്നതാവും നമ്മുടെ നാടിനു നല്ലത്.

Popular Posts

Recent Posts

Blog Archive