കൊടുങ്ങല്ലൂർ - മാലിന്യമില്ലാത്ത മാലിന്യസംസ്കരണ പ്ലാന്റ്
കൊടുങ്ങല്ലൂർ മാലിന്യ സംസ്കരണ പ്ലാന്റിനെക്കുറിച്ച് കഴിഞ്ഞ പല അദ്ധ്യായങ്ങളിലും ഫേസ്‌ബുക്ക് പേജിലും പലയിടത്തും ചർച്ച ചെയ്തിട്ടുണ്ട്. ആ പ്ലാന്റ് പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും ഇടക്ക് അറ്റകുറ്റപ്പണി നടക്കുമ്പോഴും പ്ലാന്റ് സന്ദർശിക്കാനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ നാലിന് കൊടുങ്ങല്ലൂർ പോലീസ് മൈതാനിയിൽ വച്ചു നടന്ന മാലിന്യ സംസ്കരണ സർവ്വകക്ഷി ചർച്ചയിൽ പങ്കെടുക്കാൻ കൊടുങ്ങല്ലൂരെത്തിയപ്പോൾ ഒരിക്കൽക്കൂടി അവിടം സന്ദർശിച്ചു.
മുമ്പത്തേതിൽ നിന്നു വ്യത്യസ്തമായി നഗരത്തിന്റെ
പല ഭാഗങ്ങളിലും മാലിന്യം കൂടിക്കിടക്കുന്നത് അരോചകമയിത്തോന്നി. നഗരങ്ങളിലെ ഓടകളുടെ
ദുർഗ്ഗന്ധം കൊടുങ്ങല്ലൂരിലും പൂർവ്വാധികം ശക്തിപ്രാപിച്ചിട്ടുണ്ട്. ഇടക്ക് ഒരിടത്ത് “തുമ്പൂർമൂഴി പ്ലാന്റ്” സ്ഥാപിച്ചിരിക്കുന്നതും
കണ്ടു. ശരിയാം വണ്ണം പ്രവർത്തിപ്പിച്ചാൽ മലിന്യ സംസ്കരണത്തിന് ഈ മോഡലും ഫലപ്രമാണെങ്കിലും
നഗരങ്ങളിൽ ശരിയാം വണ്ണം സംസ്കരണം നടക്കില്ലെന്നു തെളിയിച്ച് പ്ലാസ്റ്റിക് കവറുകളിൽ
കെട്ടിയ മാലിന്യം തുമ്പൂർ മൂഴിയിൽ നിക്ഷേപിച്ചിരിക്കുന്നതും കണ്ടു.
നഗരത്തിൽ ദിനംപ്രതി ഉല്പാദിപ്പിക്കുന്ന മൂന്നുടൺ
ഖരമാലിന്യം സംസ്കരിക്കാൻ 2.75 കോടി മുടക്കി തുമ്പൂർ മൂഴി നടപ്പിലാക്കുന്നതിനു പകരം,
ഇത് ഇടക്കിടെ മാറ്റി പുതിയതു സ്ഥാപിക്കേണ്ട ചെലവും സംസ്കരണത്തിനുവേണ്ട ചാണകമടക്കമുള്ളവയുടെ
ലഭ്യതയില്ലായ്മ കൂടി കണക്കിലെടുത്ത് നിലവിലുള്ള പ്ലാന്റിന്റെ പോരായ്മകൾ തീർത്ത് പ്രവർത്തിപ്പിച്ചാൽ
എക്കാലത്തേക്കും അതാവും നല്ലത് എന്ന അഭിപ്രായമാണ് ചർച്ചയിൽ പ്രധാനമായും ഉരുത്തിരിഞ്ഞു
വന്നത്. നിലവിലുള്ള പോരായ്മകൾ തീർത്താൽ മാലിന്യ സംസ്കരണത്തിന് ഇത്രയും നല്ല മതൃക ഇന്ത്യയിൽ
മറ്റെവിടെയും ഉണ്ടാവില്ല എന്നകാര്യം ഉറപ്പാണ്. കൊടുങ്ങല്ലൂർ പ്ലാന്റ് സന്ദർശിക്കുന്ന
ബോധമുള്ള ആർക്കും ഇത് മനസ്സിലാകുന്നതുമാണ്.
പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനെതിരേ ഒരു വിഭാഗം
സമരം ചെയ്യുന്നുണ്ട്. ഇവരുടെ ആവശ്യങ്ങൾകൂടി കണക്കിലെടുത്ത് പ്ലാന്റ് പ്രവർത്തിച്ചാൽ
തൃശൂർ ജില്ലയിലെ മുഴുവൻ മാലിന്യവും ഒരു പരാതിക്കും ഇടവരുത്താതെ സംസ്കരിക്കാൻ ഇവിടെ
സംസ്കരിക്കാൻ സാധിക്കും. താഴെ കൊടുത്തവയാണ് സമരക്കാരുടെ പരാതികളെന്നാണ് ചർച്ചയിൽ പങ്കെടുത്ത
എനിക്ക് മനസ്സിലാക്കാനായത്.
1, അറ്റകുറ്റപ്പണി നടക്കുന്ന
സാഹചര്യങ്ങളിൽ കൂട്ടിയിടുന്ന മാലിന്യത്തിന്റെ രൂക്ഷഗന്ധം ബുദ്ധിമുട്ടുണ്ടാക്കുന്നു.
2, പ്ലാന്റിൽ നിന്നും മലിനജലം
ഒലിച്ചിറങ്ങി കുടിവെള്ളം നശിച്ചുകൊണ്ടിരിക്കുന്നു.
3, ഇപ്പോൾ പ്ലാന്റിൽ കൂട്ടിയിട്ടിരിക്കുന്ന
മാലിന്യം നീക്കം ചെയ്യാത്തത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു.
4, പ്ലാന്റിന്റെ പ്രവർത്തനം
കൊണ്ട് പരിസരത്ത് ക്യാൻസറടക്കമുള്ള രോഗങ്ങൾ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു.
ഇതിനൊക്കെ ഉപപരാതികളും അവർക്ക് നിരത്താനുണ്ട്. ഇതിൽ
ഒന്നാമത്തെ പരാതിയിൽ മാത്രമാണ് അല്പമെങ്കിലും വാസ്തവമുള്ളത്. മറ്റുള്ളവ കേവലം ആരോപണങ്ങൾ
മാത്രമാണെന്ന് അവിടം സന്ദർശിക്കുന്നവർക്ക് മനസ്സിലാവും. എന്നിരുന്നാലും ചില കാര്യങ്ങൾ
കൂടി ശ്രദ്ധിച്ചാൽ ശുചിത്വമിഷനും അവരുടെ ഉപചാപക വൃന്ദങ്ങളും ഒഴികെയുള്ളവർക്ക് ഏറ്റവും
നല്ല മാലിന്യ സംസ്കരണ പ്ലാന്റായി ഇതിനെ അംഗീകരിക്കാൻ പ്രയാസമുണ്ടാവില്ല.
1, അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യങ്ങളിൽ മാലിന്യം
കൂടിക്കിടക്കാതിരിക്കാൻ ഒരു സ്പെയർ മെഷീൻ കൂടി അവിടെ സ്ഥാപിക്കുക. ഇതിന് പ്രത്യേകം
സ്ഥലം കണ്ടെത്തേണ്ട ആവശ്യമില്ല. ഇതിനുള്ള ചെലവിന് കരാറുകാരനുമായി ധാരണയെത്തിയാൽ മതിയാവും,
അല്ലെങ്കിൽ നഗരസഭക്കും വഹിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഒരു സന്ദർഭത്തിലും മാലിന്യം
കൂടിക്കിടക്കുന്ന അവസ്ഥ ഉണ്ടാവില്ല.
2, പ്ലാന്റു മുഴുവൻ കോൺക്രീറ്റു
ചെയ്ത് ബലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചരിവ് പ്ലാന്റിന്റെ മദ്ധ്യഭാഗത്തു നിർമ്മിച്ചിട്ടുള്ള
രണ്ടൂ ടാങ്കുകളിലേക്കാണ്. അതിനാൽ ഒരുതുള്ളി മലിനജലം പോലും പുറത്തേക്ക് ഒഴുകുന്നില്ല.
ഈ ജലം തന്നെയണ് വീണ്ടും ഉപയോഗിക്കുന്നത്. അതിനാൽ അധികമായി ആവശ്യമുള്ള ജലം പ്ലാന്റിലേക്ക്
എത്തിക്കുന്നതല്ലാതെ പ്ലാന്റിൽ നിന്ന് പുറത്തേക്കൊഴുക്കിവിടാൻ ഇവിടെ ജലമില്ല. അതിനാൽ
മലിനജലം പുറത്തേക്കൊഴുകുന്നു എന്നത് തീർത്തും അടിസ്ഥാനമില്ലാത്ത ആരോപണമാണ്.
3, ഇപ്പോൾ പ്ലാന്റിൽ കൂട്ടിയിട്ടിരിക്കുന്നത്
മാലിന്യമല്ല, അതിനു ദുർഗ്ഗന്ധവുമില്ല. വളമായി മാറിയ ഖരമാലിന്യവും അതിൽ പെട്ടുപോയിട്ടുള്ള
പ്ലാസ്റ്റിക്കുമാണത്. വളം അരിച്ചുമാറ്റി ചാക്കിലാക്കുന്നതോടെ അതിനും തീരുമാനമാകും.
ഇപ്പോൾ കൂട്ടിയിട്ടിരിക്കുന്ന മുന്നൂറോളം ടൺ വളത്തിനും പ്ലാസ്റ്റിക്കിനും ഇടയിലിരുന്ന്
ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയാത്ത വിധമുള്ള അലോസരപ്പെടുത്തലുകൾ ഒന്നുമില്ലെന്ന് നേരിട്ടുകണ്ടാൽ ബോധ്യപ്പെടും.
4. ഈ പ്ലാന്റ് ഒരു തലവേദനപോലും
ആർക്കും ഉണ്ടാക്കുന്നില്ല. ശബ്ദമോ പൊടിയോ ഈച്ചയോ അവിടം സന്ദർശിക്കുന്നവർക്ക് അനുഭവപ്പെടില്ല.
നിത്യവും പ്ലാന്റിൽ തൊഴിലെടുക്കുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഇതുവരെ വന്നതായി
അറിയാൻ കഴിഞ്ഞില്ല.
(#). പ്ലാന്റിന്റെ ഫലപ്രദമായ
ദൈനംദിന പ്രവർത്തനത്തിന് പരിസരവാസികളെ ഉൾപ്പെടുത്തിയ കമ്മിറ്റി രൂപീകരിച്ച് പ്ലാന്റിന്റെ
പ്രവർത്തനങ്ങളെ ക്രമപ്പെടുത്തിക്കൊണ്ടിരിക്കണം.
(#). അവിടെ യൂറോസ്റ്റാൻഡേർഡ്
ബയോഗ്യാസ് പ്ലാന്റ് അടിയന്തിരമായി സ്ഥാപിക്കണം.
(#). പ്ലാസ്റ്റിക് സംസ്കരിക്കാൻ
അവിടെ സ്ഥാപിച്ചിട്ടുള്ള യന്ത്രസംവിധനങ്ങൾ ഉടൻ പ്രവർത്തിപ്പിക്കണം.
(#). നിലവിൽ പ്ലാന്റിൽ സൂക്ഷിച്ചിട്ടുള്ള
3500 ചാക്കോളം വരുന്ന സംസ്കരിച്ച ഉല്പന്നം അരിച്ചു വിൽപ്പന നടത്തണം.
(#). ടാങ്കിനു ചോർച്ചയുണ്ടാവാൻ സാധ്യതയില്ലെങ്കിലും ഇടക്കിടെ
അതു പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കണം.
(#). പ്ലാന്റിനു ചുറ്റും ഗ്രീൻബെൽറ്റ്
സ്ഥാപിക്കണം.
അന്നന്നുള്ള മാലിന്യം രാത്രിതന്നെ പ്ലാന്റിലെത്തിച്ചാൽ
രാത്രിതന്നെ സംസ്കരിക്കാൻ കഴിയുന്നതോടെ ഫ്രഷ് വേസ്റ്റിന്റെ മണംകൂടി ഒഴിവാക്കാനും സാധിക്കും.
കമ്പോസ്റ്റിൽ ബാക്കിവരുന്ന പ്ലാസ്റ്റിക് അരിച്ചുമാറ്റൽ, പ്ലാസ്റ്റിക് സംസ്കരണം എന്നിവ
യഥാസമയം നടത്തുന്നതോടെ മലിന്യമില്ലാത്ത മാലിന്യസംസ്കരണ പ്ലാന്റായി കൊടുങ്ങല്ലൂർ പ്ലാന്റ്
മാറുകയും ചെയ്യും.. ഇതൊന്നുമില്ലാതെതന്നെ കൊടുങ്ങല്ലൂരിനെ മാലിന്യമുക്തമക്കിയിരുന്ന
പ്ലാന്റ് അകാരണമായി പൂട്ടിയിട്ടതിലെ ദുരൂഹത അവിടം സന്ദർശിക്കുന്നവർക്ക് പരസ്യമായ രഹസ്യമായി
മനസ്സിലാക്കാവുന്നതേ ഉള്ളൂ..