Wednesday

തെറിക്കുത്തരം മുറിപ്പത്തല്



   അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ അഹങ്കാര ലഹരിയിൽ എന്തു തോന്ന്യാസവും കാട്ടാമെന്നും അധികാരമെന്ന അപ്പക്കഷണത്തിന്റെ ഉന്മാദത്തിൽ ആരുടെ മേലും കുതിരകേറാമെന്നും തെളിയിച്ച് അതിവേഗം ബഹുദൂരം പായുകയാണു മുഖ്യമന്ത്രി. ഡി ജി പി ജേക്കബ് തോമസ്സിനെ ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി മലയാളികളുടെ ക്ഷമയും വിവേകവും പരീക്ഷിക്കുന്ന മുഖ്യമന്ത്രി കേന്ദ്രത്തിൽ കോൺഗ്രസ്സിനു സംഭവിച്ചതെന്തെന്ന് ചിന്തിക്കാത്തതിൽ അത്ഭുതമൊന്നും തോന്നേണ്ടതില്ല. ശതകോടികളുടെ തമ്പുരാക്കന്മാർക്കും ഫ്ലാറ്റ് മുതലാളിമാർക്കും ദാസ്യവേല ചെയ്യുന്ന വൃത്തികെട്ട തലത്തിലേക്ക് ഉമ്മൻ‌ചാണ്ടി നിലപതിക്കുമ്പോൾ വോട്ടുചെയ്ത് പ്രതിധിയാക്കിയ ജനം വീണ്ടും പരാജിതരാവുകയാണ്.

  ജനതാത്പര്യം മുൻനിർത്തിയാണ് ജേക്കബ് തോമസ്സിനെ മാറ്റിയതെന്ന് അച്ചായൻ അവകാശപ്പെടുമ്പോൾ ഏതു ജനമെന്നുകൂടി വെളിപ്പെടുത്തേണ്ടതുണ്ട്. ജേക്കബ് തോമസ്സിനെതിരെ കിട്ടിയ പരാതിയിൽ ഉമ്മൻ‌ചാണ്ടി നടത്തിയ അന്വേഷണ റിപ്പോർട്ട് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അത്യാവശ്യ സർവ്വീസ് വാഹനങ്ങൾ ആഘോഷങ്ങൾക്കു വിട്ടുകൊടുക്കുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കുലർ ഇറക്കിയതിൽ എന്താണ് തെറ്റ്? യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങൾക്കും ക്വാറികൾക്കും മണിമന്ദിരങ്ങൾക്കുമെല്ലാം നോട്ടുകെട്ടുകൾ കുത്തിനിറച്ച രാഷ്ട്രീയ ഇടപെടലുകളിൽ എൻ ഒ സി വാരിക്കോരിക്കൊടുക്കുന്ന സമ്പ്രദായത്തിന് കൂച്ചുവിലങ്ങിട്ടത് എങ്ങനെയാണ് ജനവിരുദ്ധമാകുന്നത്?

  അധികാര സ്ഥാനങ്ങൾക്കു വേണ്ടി ഒരുത്തന്റെയും കാലുപിടിക്കാത്തതും മുഖം നോക്കാതെയും ആരുടേയും പ്രേരണക്കു വഴങ്ങാതെയും തന്റെ ഉത്തരവാദിത്വം നടപ്പിലാക്കുമ്പോൾ അതൊക്കെ ജനവിരുദ്ധമായി ഉമ്മൻ‌ചാണ്ടിക്ക് തോന്നിയെങ്കിൽ കരണംനോക്കി നാലു പൊട്ടിച്ച് നിയമസഭാ മന്ദിരത്തിനു വെളിയിലേക്ക് കഴുത്തിനു പിടിച്ച് തൂക്കിയെറിയുകയാണ് വേണ്ടത്. അതിനുള്ള അധികാരം ജനങ്ങൾക്കുണ്ട്, ആ ‘കഴുത’കളുടെ പ്രതിധിയാണല്ലോ മുഖ്യമന്ത്രി.

  സംസ്ഥാനത്ത് മറ്റാർക്കും അവകാശപ്പെടനാവാത്ത യോഗ്യതകളും കാര്യ ശേഷിയുമുള്ള ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി ഫയർ ആൻഡ് സേഫ്റ്റി നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചതിന് ഉമ്മൻ‌ചാണ്ടിക്ക് പൊള്ളിയിട്ടുണ്ടെങ്കിൽ അതു നിയമമനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ച അറുപതു ഫ്ലാറ്റുകൾക്ക് എൻ ഒ സി നിഷേധിച്ചതുകൊണ്ടാവണം. എപ്പോഴും ജനകീയനെന്ന് ജനങ്ങളുടെ പേരുപറഞ്ഞ് “ജനകീയ”നാകുന്ന മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ജനങ്ങൾ വെറും പൊട്ടന്മാരല്ലെന്നുകൂടി മനസ്സിലാക്കുന്നതു നല്ലതാണ്.

  3 comments:

  1. നാം പെട്ടെന്ന് മറക്കുന്നവര്‍ ആണെന്ന് അവര്‍ക്കെല്ലാവര്‍ക്കും നല്ലോണം അറിയാം

    ReplyDelete
  2. അടുത്ത തെരെഞ്ഞെടുപ്പിൽ ഈ ജനകീയന്റെ വിധി നടപ്പാക്കപ്പെടും..!

    ReplyDelete
  3. എന്തൊക്കെ കാട്ടിയാലും അഞ്ചു വര്ഷം കൂടുമ്പോള്‍ ഭരണം മാറി വരുമെന്ന ധാര്‍ഷ്ട്യവും കൊട്ടോട്ടി പറഞ്ഞപോലെ ഉപ തെരഞ്ഞെടുപ്പുകളിലെ വിജയ ലഹരിയുടെ ഉണ്മാധാവസ്ഥയും ആകാം ഇത്തരം അഹങ്കാരം നിറഞ്ഞ പ്രവര്‍ ത്തികള്‍ക്ക് ധൈര്യം നല്കുന്നത്..കള്ളനും കള്ളനു കഞ്ഞി വച്ചവനുമായ മുക്കിയ മന്ത്രി

    ReplyDelete

Popular Posts

Recent Posts

Blog Archive