Friday

സ്കൂളുകളിൽ കൗൺസിലിംഗ് അറിയുന്ന കൗൺസിലർമാരെ നിയമിക്കണം

   കുട്ടികള്‍ രാഷ്ട്രത്തിന്റെ സമ്പത്താണ്. നമ്മുടെ കുട്ടികള്‍ ഇന്ന് ധാരാളം പ്രശ്നങ്ങള്‍ക്കു നടുവിലാണ് ജീവിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ശാരീരികവും, മാനസികവും, സാമൂഹികപരമായ ഉന്നമനത്തിനും, അവര്‍ നേരിടുന്ന പീഡനങ്ങളില്‍ നിന്നും, ലൈംഗീക ചൂഷണങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാന്‍ വേണ്ടിയാണ് സ്കൂള്‍തലത്തില്‍ കൗണ്‍സിലിംഗ് സേവനം നൽകണമെന്നു പറയുന്നത്.

   നിങ്ങളുടെ സ്കൂൾ - കോളേജ് വിദ്യാഭ്യാസ ഘട്ടങ്ങളിലെ ഏതെങ്കിലും അദ്ധ്യാപകരെ ദിങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ടാകുമല്ലോ. എന്താണ് അവരെ അത്തരത്തില്‍ പ്രത്യേകതയുള്ളവരാക്കിയത്? മികച്ച അധ്യാപന പാടവവും നിങ്ങളുടെ ഉള്ളില്‍ ഉറപ്പിച്ച പാഠങ്ങളും കൊണ്ട് ഇപ്പോഴും നിങ്ങളുടെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന പലരും അവിടെയുണ്ടായിരുന്നിരിക്കാം,  എന്നാല്‍ അതുപോലെ  വാത്സല്യത്തോടെ പിന്തുണ നല്‍കിയ പെരുമാറ്റത്തിന്‍റെ പേരിലും വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളെ വളരെ അനുകമ്പാപൂര്‍വം കേട്ടതിന്‍റെ പേരിലും നിങ്ങളിപ്പോഴും സ്നേഹത്തോടെ ഓര്‍ക്കുന്ന അദ്ധ്യാപകരും അവിടെയുണ്ടായിട്ടുണ്ടാകാം. ഈ രണ്ട് ഗുണങ്ങളും ഒത്തു ചേര്‍ന്നിട്ടുള്ളയാളായിക്കും ഏറ്റവും നല്ല ടീച്ചര്‍.
   
   വിദ്യാര്‍ത്ഥികള്‍ അവരുടെ വളര്‍ച്ചയുടെ വര്‍ഷങ്ങളില്‍ പകുതിയും സ്കൂളിലും കോളേജിലുമായാണ് ചെലവഴിക്കുന്നത്. തങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ അദ്ധ്യാപകര്‍ക്ക് വളരെ നിര്‍ണായകമായ ഒരു പങ്കുവഹിക്കാനുണ്ട്.  സ്കൂള്‍ കൗണ്‍സിലര്‍മാര്‍ കുട്ടികളുടെ ബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ചകള്‍, മാതാപിതാക്കളുമായുള്ള ബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍, ആത്മാഭിമാനം, ശരീരരൂപത്തെക്കുറിച്ചുള്ള ആശങ്കകള്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയോടുള്ള അമിതാസക്തി (അഡിക്ഷന്‍), ആത്മഹത്യാ ചിന്ത, അല്ലെങ്കില്‍ ഭാവി കരിയറിനെ ചൊല്ലിയുള്ള വേവലാതി തുടങ്ങിയ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ തഴക്കം വന്നവരായിരിക്കുമ്പോള്‍ കുട്ടികളുമായി നിരന്തരം സമ്പര്‍ക്കപ്പെടുന്ന അദ്ധ്യാപകര്‍ക്ക് കുട്ടികളുമായി തുറന്ന സംസാരത്തിലേര്‍പ്പെടാനും മനസ് തുറക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും കഴിയും.  ഒരു അക്കാദമിക് സംവിധാനത്തില്‍ ഇത് ഒരു കൗണ്‍സിലറുടെ പങ്ക് അനുപേക്ഷ്യമായതാക്കുന്നു, ടീച്ചര്‍ക്ക്  കാമ്പസിനകത്ത്  വിദ്യാര്‍ത്ഥികള്‍ക്ക്  പിന്തുണ നല്‍കുന്ന പ്രാഥമിക സ്രോതസ്സായി മാറാനും കഴിയുന്നു.

 സ്കൂൾ എന്നത് അവിടെ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം സർവ്വതന്ത്ര സ്വതന്ത്രമായി ജീവിക്കാനും അതിലൂടെ വ്യക്തബോധമുള്ള വ്യക്തിത്വത്തെ നിർമ്മിച്ച് ജീവിതം ക്രമപ്പെടുത്താനും ഉപകരിക്കുന്ന ഒന്നാകണം. ബാല്യ കൗമാരങ്ങളിൽ ഒരു കുട്ടി തന്റെ കൂടുതൽ സമയവും ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. അതുകൊണ്ടുതന്നെ ഒരു പൗരന്റെ രൂപീകരണത്തിന്റെ കൂടുതൽ ഉത്തരവാദിത്വവും വഹിക്കുന്നത് വിദ്യാലയങ്ങളാണ്.

   ഇന്ത്യയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ) സ്കൂളുകളോട് ശുപാര്‍ശ ചെയ്തിരിക്കുന്നത് എല്ലാ സ്കൂളുകളിലും ഒരു മുഴുവന്‍ സമയ കൗണ്‍സിലറെ  നിയമിക്കണം എന്നാണെങ്കിലും മിക്കവാറും സ്കൂളുകളിലും ഇതുവരെ ഇതു നടപ്പിലാക്കിയിട്ടില്ല. ചിലപ്പോള്‍ ഇത് സ്കൂള്‍ മാനേജ്മെന്‍റിന്‍റെ താല്‍പ്പര്യക്കുറവാകാം, അല്ലെങ്കിൽ കൗൺസിലിംഗ് ചെയ്യാനറിയുന്ന കൗണ്‍സിലര്‍മാരെ തിരിച്ചറിയാതെ വരുന്നതുകൊണ്ടുമാകാം. കൗൺസിലിംഗ് ചെയ്യാൻ യോഗ്യതയുള്ള കൗൺസിലർമാരെ ലഭിക്കാത്തതുകൊണ്ടല്ല, കൗൺസിലിംഗിനുള്ള അവരുടെ കഴിവിനെ വകവെക്കാതെ കേവലം അക്കാദമിക് യോഗ്യതകളിൽ കൗൺസിലിംഗിനെ ആരുടെയൊക്കെയോ താല്പര്യങ്ങൾക്ക് അന്ധമായി അനുസരിച്ച് തളച്ചിട്ടിരിക്കുന്നതാണ് ഈ അപചയത്തിന്റെ ഒരു കാരണം. കൗൺസിലിംഗിനെ അതിൽ നിന്ന് മുക്തമാക്കേണ്ടതുണ്ട്. ലോകത്തൊരിടത്തും കൗൺസിലിംഗ് പഠിക്കാനോ പ്രവർത്തിക്കാനോ ഏതെങ്കിലും നിയമത്തിന്റെ നൂലാമാലകൾ കുറിച്ചിടാത്തത് നമ്മുടെ വിദ്യാഭ്യാസ വിചക്ഷണന്മാർ കണ്ടഭാവം നടിക്കുന്നില്ല. 

   ശരിയായി കൗൺസിലിംഗ് ചെയ്യാൻ അറിയുക എന്നതു മാത്രമാണ് ഒരു കൗൺസിലർക്കു വേണ്ട യോഗ്യത. അതിനെ ആക്കാദമിക് കടമ്പകളെന്ന ആവശ്യമില്ലാത്ത നൂലാമാലക്കിൽ നിന്ന് മോചിപ്പിച്ചെടുക്കേണ്ടതുണ്ട്. കൗൺസിലർക്ക് അക്കാഡമിക് യോഗ്യതകൾ നിർണ്ണയിച്ചു സ്ഥാപിച്ചുകൊടുക്കുന്നത് വിവാഹശേഷം കുട്ടികൾ വേണമെങ്കിൽ മാതാപിതാക്കൾക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യത വേണം എന്നു പറയുന്നതുപോലെയാണ്. ലോകത്ത് ഒരിടത്തുമില്ലാത്ത നിയമങ്ങൾ കൗൺസിലിംഗിനെക്കുറിച്ച് ഒന്നുമറിയാത്ത ഭരണാധികാരികളെയും ആരോഗ്യ വിഭാഗത്തെയും തെറ്റിദ്ധരിപ്പിച്ചു ചിലർ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നത് വിദ്യാഭ്യാസ - ആരോഗ്യ - മരുന്നു മാഫിയകളുടെ ഒത്താശമൂലമാവാനേ സാധ്യതയുള്ളൂ. മാനസികാരോഗ്യമില്ലാത്ത ഒരു തലമുറ ഉണ്ടായി വരേണ്ടത് അവരുടെ മാത്രം ആവശ്യമാണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ സൈക്കോതെറാപ്പിയാണു ചെയ്യേണ്ടത്, കൗൺസിലിംഗല്ല. പുറമേ കാണിക്കുന്ന ചേഷ്ടകൾ നോക്കിയല്ല കൗൺസിലിംഗ് ചെയ്യേണ്ടത്, എന്താണ് ഉള്ളിലെന്നു നോക്കിയാണ്. ഒന്നുകിൽ കൗൺസിലിംഗ് തിയറിയും ആവശ്യമായ കൗൺസിലിംഗ് ടൂളുകളും പഠിച്ച് കൗൺസിലിംഗ് ചെയ്യാൻ തയ്യാറാവണം, അല്ലെങ്കിൽ കൗൺസിലിംഗ് അതറിയുന്നവർക്ക് വിട്ടുകൊടുക്കണം. പൈലറ്റ് ലൈസൻസുണ്ടെങ്കിൽ ഓട്ടോറിക്ഷാ ഓടിക്കാൻ കഴിയില്ല, അതിന് ഓട്ടോറിക്ഷ ഓടിച്ചു പഠിക്കുകതന്നെ വേണം, അതു ചെയ്യാത്തതാണ് അപകടങ്ങൾ ഉണ്ടാവുന്നതിനു കാരണം.

Popular Posts

Recent Posts

Blog Archive